ഏഴാം ബഹർ: ഭാഗം 68

ezhambahar

രചന: SHAMSEENA FIROZ

"റമിയുടെ ജീവന് പകരമായി നിന്റെ ജീവൻ വേണം എനിക്ക്.. നിന്റെ ജീവനും ജീവിതവും എനിക്ക് തരണം നീ.. എന്റേതായി മാറണം നീ.. പറ്റുമോ നിനക്കതിന്....? " അവൾ ഒട്ടും പ്രതീക്ഷിക്കാത്തതായിരുന്നു അവൻ പറഞ്ഞത്.ഞെട്ടി തരിച്ചു അവന്റെ മുഖത്തേക്ക് നോക്കി.. "പറയെടി..പറ്റുമോ നിനക്ക് അതിന്..എന്ത് ശിക്ഷ തന്നാലും സ്വീകരിച്ചോളാമെന്നു പറഞ്ഞവൾ അല്ലേ.. ഇത് സ്വീകരിക്കാൻ പറ്റുമോ നിനക്ക്..? " "അ..അമൻ..ഞാൻ... " അവൾക്ക് ഉത്തരം ഇല്ലായിരുന്നു.. വാക്കുകൾക്ക് വേണ്ടി പരതി. "വേണ്ടാ..എത്രവട്ടം പറഞ്ഞിട്ടുണ്ട് എന്റെ മുന്നിൽ നിന്നു ഇങ്ങനെ വാക്കുകൾക്ക് വേണ്ടി ബുദ്ധിമുട്ടരുത് എന്ന്... ഇങ്ങനെയൊരു ലൈലയെ കാണാൻ ഞാൻ ആഗ്രഹിക്കുന്നില്ല എന്നും പറഞ്ഞത് അല്ലെ.. നീ എന്നോട് പറഞ്ഞത് മാത്രം അല്ല ലൈല..ഞാൻ നിന്നോടും പറഞ്ഞതും എനിക്ക് ഓർമ്മയുണ്ട്..ഞാൻ എന്ത് ശിക്ഷ തന്നാലും സ്വീകരിച്ചോളാമെന്നു നീ എന്നോട് പറയുന്നതിന് മുന്നേ നിനക്ക് ഞാൻ ഒരു വാക്ക് തന്നിരുന്നു..നിനക്ക് ഇഷ്ടം അല്ലാത്ത ഒന്നിനും നിന്നെ ഞാൻ നിർബന്ധിക്കില്ലന്ന് പറഞ്ഞിരുന്നു ഞാൻ..അത് നീ ഓർക്കുന്നുണ്ടോന്ന് എനിക്ക് അറിഞ്ഞൂടാ..നൽകിയ വാക്ക് ഞാൻ തെറ്റിക്കില്ല..സോ നിനക്ക് പോകാം.ഞാൻ തടയില്ല..

ഞാനോ ഡാഡോ ഇവിടെ തന്നെ നിൽക്കെന്നും പറഞ്ഞു നിന്നെ നിർബന്ധിക്കയുമില്ല..പൊക്കോ.. " അവൻ പിടയുന്ന മനസ്സോടെ പറഞ്ഞു..മറുപടിയായി അവൾക്ക് ഇപ്പോഴും വാക്കുകൾ ഇല്ലായിരുന്നു.കഴുത്തിലെ മഹർ മാലയിലേക്ക് നോക്കി.ശേഷം അവനെയും. "ബന്ധം ഒഴിഞ്ഞു പോകുന്ന നാൾ കെട്ടിയ ഞാൻ തന്നെ ഊരി എടുത്തോന്നാ നീ അന്ന് പറഞ്ഞത്.. എനിക്ക് പറ്റില്ല..നീ തന്നെ ഊരി താ.." പറയുമ്പോൾ അവന്റെ ശബ്ദത്തിനു ഇടർച്ച സംഭവിച്ചിരുന്നു.അത് അവൾ അറിഞ്ഞു.പക്ഷെ കൂടുതൽ നേരം അവന്റെ മുഖത്തേക്ക് നോക്കാനോ ഒന്നും ചിന്തിക്കാനോ നിന്നില്ല അവൾ.രണ്ടും തന്റെ കണ്ണുകളെ പെയ്യിക്കുമെന്നു അവൾക്ക് അറിയാമായിരുന്നു.. വേഗം മഹർ അഴിച്ചു എടുത്തു.. നെഞ്ച് പിളർന്നു പോകുന്നതായും കൈകൾ വിറക്കുന്നതായും തോന്നി അവൾക്ക്.. അപ്പോൾ താൻ ഇത് കൈ വിടാൻ ആഗ്രഹിക്കുന്നില്ലേ..? ഉണ്ട്..ആഗ്രഹിക്കുന്നുണ്ട്.. അവൾ മനസ്സിനെ കരുത്തുറ്റതാക്കി. അവൾ നീട്ടി പിടിച്ച മഹർ വാങ്ങിക്കാൻ അവന്റെ കൈകൾ അനങ്ങിയില്ല.. പക്ഷെ വാങ്ങിക്കാതെ ഇരുന്നിട്ടു എന്തിന്..? വെറുതെ അവൾക്ക് ഒരു ഭാരവും വേദനയും ആകാമെന്നേയുള്ളൂ.. അവൻ മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു..

ഒട്ടും മടി കാണിച്ചില്ല.വേഗം കൈ നീട്ടി വാങ്ങിച്ചു.. "പോട്ടേ.. " അവളുടെ ചുണ്ടുകളിൽ നിന്നും വരണ്ട് ഉണങ്ങിയ ഒരു പുഞ്ചിരി പൊഴിഞ്ഞു... "മ്മ്..പൊക്കോ..എന്നെങ്കിലും ഈ മഹർ വേണമെന്ന് തോന്നിയാൽ വരണം ഇങ്ങോട്ട്..എന്റെ കൈകളിൽ ഉണ്ടാകും ഇത് ഭദ്രമായിട്ട്..ഈ മനസ്സും ഉണ്ടാകും നിനക്ക് വേണ്ടി..അതിനി എത്ര കാലം കഴിഞ്ഞാലും..എന്നേലു വേണമെന്ന് തോന്നുവാണേൽ വാ.. അന്നും ഇവിടെ നിനക്കായ്‌ ഇതുപോലെ തന്നെ ഉണ്ടാകും എല്ലാം..പൊക്കോ.. " കൂടുതൽ ഒന്നും പറഞ്ഞില്ല അവൻ.. പെട്ടെന്ന് മുറി വിട്ടിറങ്ങി.. അരികിൽ നിന്നാൽ ഒരുപക്ഷെ പോകണ്ടന്ന് പറഞ്ഞു തടഞ്ഞു പോകും അവളെ..ആ ഭയമായിരുന്നു അവന്.. ** "അമൻ..ഇനിയും വാശി കാണിച്ചു നിൽക്കരുത്.ബാംഗ്ലൂർക്ക് പോകണം.ഉമ്മാനെ കാണണം.ഇങ്ങോട്ട് കൂട്ടി കൊണ്ട് വരണം. " ഇറങ്ങുന്നതിനു മുന്നേ അവൾ പറഞ്ഞു.. "പോകാം..പോകുന്നതിനു മുന്നേ ഞാൻ വരും നിന്നെ കൂട്ടാൻ..നീ വരണം എന്റൊപ്പം..അല്ല..നിന്റെ ഒപ്പമാ ഞാൻ ബാംഗ്ലൂർക്ക് പോകുന്നത്.ഇന്ന് ഞാനും ഡാഡും എല്ലാ കാര്യങ്ങളും അറിയാനും എന്നോ മറന്ന് കളഞ്ഞ മമ്മയെ ഞാൻ വീണ്ടും ഓർക്കാനും കാരണം നീയാ..

റമിയുടെ ആഗ്രഹവും എന്റെ കടമയുമാണ് മമ്മയെ ഞാൻ ഈ വീട്ടിലേക്ക് കൂട്ടി കൊണ്ട് വരുക എന്നത്. അതിനേക്കാൾ ഏറെ നിന്റെ ലക്ഷ്യവും.അത് കൊണ്ട് ആ ദിവസം നീ വേണം എന്റെ ഒന്നിച്ച്..." "മ്മ്..ഞാൻ വരാം.." "എനിക്കൊരു ഗിഫ്റ്റ് തരുമെന്ന് പറഞ്ഞിരുന്നു..അത് ഇനി ഉണ്ടാകുമോ..? " അവൻ ചോദിച്ചു..അന്നേരമാ അവൾക്ക് അങ്ങനൊരു കാര്യം ഓർമ്മ വന്നത്.എന്ത് പറയണമെന്നറിഞ്ഞില്ല.അല്ലെങ്കിലും ഇന്നലെ തൊട്ടു അവനോട് എന്ത് പറയണമെന്നോ എന്ത് സംസാരിക്കണമെന്നോ എങ്ങനെ അരികിൽ നിൽക്കണമെന്നോ എന്നൊന്നും അറിയില്ലായിരുന്നു അവൾക്ക്. "ഉണ്ടാകില്ല..അത് നിന്റെ ഈ മൗനം പറയുന്നു.വേണ്ടാ..തരണ്ട.പക്ഷെ പോകുന്നതിനു മുൻപേ അത് എന്താണെന്ന് പറയുകയെങ്കിലും ചെയ്.." "ഇല്ല അമൻ..അത് നീ അറിയണ്ട.. കാരണം എനിക്ക് ഒരിക്കലും ആ ഗിഫ്റ്റ് നിനക്ക് തരാൻ കഴിയില്ല.. അത് കൊണ്ട് അത് എന്താണെന്ന് നീ അറിയാതെ ഇരിക്കുന്നതാ നല്ലത്.. " "ശെരി..അത് വിട്ടേരെ..വാ..ഞാൻ കൊണ്ട് വിടാം.. " "വേണ്ടാ..ഞാൻ പൊക്കോളാം.." പിന്നെ അവൻ ഒന്നും പറഞ്ഞില്ല.. "പോട്ടേ.. " അവൾ പൗലോസ് ചേട്ടനെ നോക്കി പുഞ്ചിരിച്ചു.അയാൾക്ക്‌ തടയാനുള്ള അധികാരം ഇല്ലായിരുന്നു.വേദനയോടെ താജ്നെ നോക്കി..

പക്ഷെ അവനു വലുത് അവളുടെ സന്തോഷമായിരുന്നു. ഒരു നോട്ടം കൊണ്ട് പോലും തടഞ്ഞില്ല അവളെ.താജ്ന്റെയും പൗലോസ് ചേട്ടന്റെയും അടുത്ത് നിൽക്കുന്ന ഉപ്പയിലേക്ക് അറിയാതെ പോലും അവളുടെ കണ്ണുകൾ ചെന്നില്ല. കാരണം ആ മുഖത്തേക്ക് നോക്കാനുള്ള കെല്പ് ഇല്ലായിരുന്നു അവൾക്ക്.കാലുകൾ മുന്നിലേക്ക് ചലിച്ചു.. ** "നിക്കടി അവിടെ...എങ്ങോട്ടാ ഈ കയറി പോകുന്നോ..? അന്ന് തോന്നിയത് പോലെ ഏതോ ഒരുത്തന്റെയൊപ്പം പോയവളാ.. എന്നിട്ടിപ്പോ കയറി വന്നത് കണ്ടില്ലേ..എന്ത് ധൈര്യത്തിലാടി നീ ഈ വീടിന്റെ പടി ചവിട്ടിയത്.. പണ്ടേ ഞാൻ പറഞ്ഞിട്ട് ഉള്ളതാ നിന്റെ തോന്നിവാസങ്ങൾ ഇവിടെ നടക്കില്ലന്ന്..നീയും നിന്റെ മറ്റവനും കൂടി എന്റെ മോനെ ജയിലിൽ ആക്കിയില്ലേ ടീ..അതിന്റെ സന്തോഷം ആഘോഷിക്കാൻ വന്നത് ആയിരിക്കും.അവൻ ഇല്ലാത്തോണ്ട് ഇവിടെ സുഖിച്ചു വാഴാമെന്നു കരുതിയിട്ട് ഉണ്ടാകും..അല്ലേടി ഒരുമ്പട്ടവളെ.." അകത്തേക്ക് കയറി സ്റ്റെയറിൽ കാലു വെക്കുമ്പോൾ തന്നെ ഉയർന്നു ആ സ്ത്രീയുടെ ഗർജനം..

അത് അവളിൽ അരോചകത്വം സൃഷ്ടിച്ചു. പക്ഷെ സംസാരിക്കാൻ താല്പര്യം ഇല്ലായിരുന്നു.മനസ്സ് ആകെ കലങ്ങി മറിഞ്ഞിരിക്കുന്ന നേരമാണ്.അല്പ നേരം തനിച്ചിരിക്കണം.ആ സ്ത്രീയെ പാടെ അവഗണിച്ചു കൊണ്ട് മുകളിലേക്ക് പോകാൻ തുടങ്ങി.. "എന്താടി ചോദിച്ചത് കേട്ടില്ലേ നിനക്ക്..അഹങ്കാരത്തിനു ഇപ്പോഴും ഒരു കുറവും ഇല്ലല്ലേ.. അല്ല..പെട്ടിയും കിടക്കയുമൊക്കെ ആയിട്ടാണല്ലോ വരവ്.. എന്തെടി..നിന്റെ സ്വത്തും മുതലും മാത്രമേ അവന് വേണ്ടത് ഉള്ളു..എല്ലാം കയ്യിൽ ആയപ്പോൾ നിന്നെ അവിടെന്ന് ചവിട്ടി പുറത്താക്കിയോ.. ആ.. അല്ലേലും ഇനി അവനൊക്കെ എന്തിന് വേണം നിന്നെ പോലെ ഒരുത്തിയെ.. ആവശ്യം എല്ലാം കഴിഞ്ഞു കാണും...അവന് ബുദ്ധിയുണ്ട്.. ദേ..നിന്നോട് ഒരു കാര്യം പറഞ്ഞേക്കാം..കണ്ടവൻറെയൊക്കെ വിഴുപ്പിനെ ഇവിടെ പെറ്റു കൂട്ടാമെന്ന വല്ല വിചാരവും ഉണ്ടേൽ അതിപ്പോഴേ അങ്ങ് നുള്ളി കളഞ്ഞേക്ക്..എന്റെ ആസിഫ്നെ പറ്റില്ല അവൾക്ക്..കാര്യം കഴിയുമ്പോൾ വലിച്ചെറിയുന്ന ആ ജന്തുവിനെയൊക്കെ പറ്റും.. " കുരച്ചു തീർന്നില്ല ആ സ്ത്രീ..അതിന് മുന്നേ ഇറങ്ങി വന്നു മുഖം അടക്കി ഒന്ന് പൊട്ടിച്ചു അവൾ.. "എടീ...നീയെന്നെ.. " അവൾ തല്ലിയെന്നു അവർക്ക് വിശ്വസിക്കാൻ ആയില്ല.കവിളത്തു കൈ വെച്ചു കത്തുന്ന കണ്ണുകളോടെ അവളെ നോക്കി..

"അതേ..ഞാൻ തന്നെയാ..ലൈല.. ലൈല ജബീൻ..ഒന്നല്ല ഒരു നൂറു വട്ടം പറഞ്ഞിട്ട് ഉള്ളതാ.. നിങ്ങളുടെ ഈ പിഴച്ച നാവു എന്റെ നേരെ പ്രയോഗിക്കരുത് എന്ന്..സ്വത്തും മുതലുമൊക്കെ കിട്ടുമ്പോൾ എന്നെ നിഷ്ടുരമായി ചവിട്ടി പുറത്താക്കാൻ നിങ്ങളെന്ന വേശ്യയുടെ വയറ്റിൽ ഉണ്ടായത് അല്ല അവൻ..അന്തസും അഭിമാനവും ഉള്ള സ്ത്രീക്ക് പിറന്നതാ..ഒറ്റ തന്തയ്ക്ക് ഉണ്ടായവനാ..എന്നെയോ അവനെയോ പറയാൻ എന്ത് യോഗ്യതയാ നിങ്ങൾക്ക് ഉള്ളത്.. അരിഞ്ഞു കളയും ഇനിയൊരു വട്ടം അവനെ പറയാൻ നിങ്ങളുടെ നാവു ഉയർന്നാൽ..അട്ടഹസിച്ചു പറഞ്ഞല്ലോ നിങ്ങളുടെ പുന്നാര മകനെ ഞാനും എന്റെ മറ്റവനും കൂടി ജയിലിൽ ആക്കിയെന്ന്... അതിന്റെ കാരണം എന്താണെന്ന് അറിഞ്ഞില്ലേ നിങ്ങൾ..ഇന്നലെ കഴിഞ്ഞ ദിവസം ഏതാണെന്ന് അറിയുമോ നിങ്ങൾക്ക്..ഞാനീ ഭൂമിയിലേക്ക് പിറന്നു വീണു ഇരുപത്തി ഒന്ന് വർഷങ്ങൾ പൂർത്തിയായ ദിവസമാ..ഞാൻ കാത്തിരുന്ന ദിവസം...എല്ലാം നിങ്ങളുടെ കൈകളിൽ നിന്നും നഷ്ടമായിരിക്കുന്നു..

ഇപ്പൊ എല്ലാം എന്റെ ഭർത്താവിന്റെ അധീനതയിലാ..അവൻ എന്നെ പുറത്താക്കിയിട്ടില്ല.ഞങ്ങൾ തമ്മിലുള്ള ബന്ധവും വേർപിരിഞ്ഞിട്ടില്ല..അതായത് എല്ലാത്തിനും അവകാശി അവന്റെ ഭാര്യയായ ഈ ഞാൻ ആണെന്ന്.. കയറി വരുമ്പോൾ തന്നെ ചോദിച്ചല്ലോ എന്ത് ധൈര്യത്തിലാ ഞാൻ ഈ വീടിന്റെ പടി ചവിട്ടിയതെന്ന്..എന്റേത് ആണെന്ന ധൈര്യത്തിലാ..എന്റെ വീട്ടിലേക്ക് കയറി വരാൻ എനിക്ക് ഒരു വൃത്തികെട്ടവളുമാരുടെയും സമ്മതം വേണ്ടാ..ഈ നിമിഷം എനിക്ക് നിങ്ങളെ പിടിച്ചു പുറത്താക്കാം.പക്ഷെ ഞാനത് ചെയ്യില്ല..എനിക്ക് വേണം നിങ്ങളെ എന്റെ കാൽ ചുവട്ടിൽ..." അവൾ നിന്നു ജ്വലിക്കുകയായിരുന്നു.. "എന്ത് പറഞ്ഞെടീ ചൂലേ..എന്നെ പുറത്താക്കുമെന്നോ...? നിന്റെ മനസ്സിൽ ഇരുപ്പ് ഒക്കെ കൊള്ളാം.. പക്ഷെ അതിന് നീയിവിടെ ഉണ്ടായിട്ട് വേണ്ടേ...ഈ കാണുന്ന ആസ്തി മുഴുവനും കൈക്കലാക്കാൻ വേണ്ടി നിന്റെ ഉപ്പനെയും ഉമ്മനെയും കൊന്നൊടുക്കിയവരാ ഞാനും എന്റെ മോനും..ആ ഞങ്ങൾക്ക് ആണോടീ ഇന്നലെ കിളിർത്ത നിന്നെ ഇല്ലാണ്ട് ആക്കാൻ പ്രയാസം.. ഞങ്ങൾക്ക് കിട്ടാത്തത് ഒന്നും നിനക്കും വേണ്ടടി..

നിന്നെ മാത്രം അങ്ങനെ സുഖിക്കാൻ അനുവദിക്കില്ല ഞാൻ.. " അവർ അവളുടെ മുടി കുത്തിനു പിടിക്കാൻ വേണ്ടി കൈ ഉയർത്തിയതും അവൾ ഇടത്തെ കൈ കൊണ്ട് തടഞ്ഞു വലത്തേ കൈ കൊണ്ട് വീണ്ടും കൊടുത്തു ഒരെണ്ണം ചെകിടു പൊട്ടാൻ പാകത്തിന്.. "ഒരിക്കലും നന്നാവില്ലന്ന് തീരുമാനിച്ചുറപ്പിച്ചാൽ പിന്നെ ഞാൻ എന്താ ചെയ്യുക..നേരത്തെ തന്നത് ഇത്രേം നാളും എന്റെ നേർക്ക് നാവും കൈയും ഉയർത്തിയതിന്..ഇപ്പൊ തന്നത് ഞാൻ ഇവിടെ കയറി വന്നപ്പോ തൊട്ടു ഗർജിക്കാൻ തുടങ്ങിയതിനും ഇപ്പൊ ഈ കൈ ഉയർത്തിയതിനും.. ഇനി തരുന്നത് ഇനി ഒരിക്കലും ഈ കയ്യും നാവും എന്റെ മാത്രമല്ല, ഒരൊറ്റ ഒരാളുടെയും നേർക്ക് പൊങ്ങാതെ ഇരിക്കാൻ വേണ്ടി.. " എന്നും പറഞ്ഞിട്ട് കൊടുത്തു ഒന്ന് കൂടെ അതേ ചെകിടത്തേക്ക് തന്നെ.. "നോക്കി ദഹിപ്പിച്ചിട്ട് ഒന്നും കാര്യമില്ല..ഇത്രേം നാളും നിങ്ങൾക്ക് ഒക്കെ മുന്നിൽ എല്ലാം സഹിച്ചു നിന്ന ആ പെണ്ണല്ല ഞാൻ ഇന്ന്.. എല്ലാത്തിനെയും ചുട്ടെരിക്കാനാ വന്നത്..അല്ലാതെ കണ്ണീർ വാർക്കാൻ അല്ല... പണ്ടേയ്ക്ക് പണ്ടേ ചവിട്ടി മെതിക്കണ്ടതാ..എന്റെ സനുവിനെ ഓർത്തിട്ടാ വിട്ടു കളഞ്ഞത്.പക്ഷെ ഇനി അത് ഉണ്ടാകില്ല..

എന്റെ ഉപ്പനെയും ഉമ്മനെയും റമിയെയും മരണത്തിലേക്ക് പറഞ്ഞയച്ചതു പോലെ തന്നെ എന്നെയും പറഞ്ഞയക്കാമെന്ന നിങ്ങളുടെ വ്യാമോഹം ഉണ്ടല്ലോ..അതൊക്കെ അങ്ങ് കാറ്റിൽ പറത്തിയേക്ക്..ഒരു ചെറു വിരൽ പോലും അനക്കാൻ സമ്മതിക്കില്ല നിങ്ങളെ ഞാൻ. അടങ്ങി ഒതുങ്ങി നിന്നാൽ നിങ്ങൾക്ക് കൊള്ളാം.ഇല്ലേൽ നിങ്ങടെ ആ ജാര സന്തതിക്കും മരുമോനുമൊപ്പം ഇരുമ്പഴിക്കുള്ളിൽ കിടക്കാം... തീരുന്നില്ല ഇവിടം കൊണ്ടൊന്നും.. തുടങ്ങിയിട്ടേ ഉള്ളു ഞാൻ.. ഒറ്റയടിക്ക് കൊല്ലില്ല..ഇഞ്ചിഞ്ചായി ഭൂമിയിലെ നരകം കാണിച്ചു തന്നിട്ടേ കൊന്നൊടുക്കൂ ഞാൻ.. എന്റെ മുന്നിൽ കിടന്നു ജീവന് വേണ്ടി പിടയും നിങ്ങൾ.. ലൈലയാ പറയുന്നത്..ഓർത്ത് വെച്ചോ ഇതെല്ലാം.. " അവളുടെ ശബ്ദം ഉറച്ചതായിരുന്നു. അതാ വീടിനെ ആകെ പ്രകമ്പനം കൊള്ളിച്ചു കളഞ്ഞു..ആ സ്ത്രീ നിന്നിടത്തുന്നു തന്നെ ഒന്ന് വിറച്ചു. ഉള്ളിൽ ഭയം ഉണർന്നിരുന്നു. അവൾ തന്റെ അന്ത്യം കുറിക്കാൻ വേണ്ടി പൂർവ്വാധികം ശക്തിയോടെയാണ് വന്നിരിക്കുന്നതെന്ന് അവർക്ക് മനസ്സിലായി.ഉമിനീർ ഇറക്കിക്കൊണ്ട് അവൾ കയറി പോകുന്നതും നോക്കി നിന്നു.. ഒപ്പം മനസ്സിൽ അവളെ ഉന്മൂലനം ചെയ്യാനുള്ള വഴികളും ആലോചിക്കാൻ തുടങ്ങിയിരുന്നു. **

മുകളിലേക്ക് എത്തിയപ്പോൾ തന്നെ കണ്ടത് സ്റ്റെയർൻറെ കൈ വരിയിൽ പിടിച്ചു താഴേക്ക് നോക്കി നിൽക്കുന്ന സനുവിനെയാണ്.. "സനൂ..നീ ഇവിടെ ഉണ്ടായിരുന്നോ.." അവൾ അരികിലേക്ക് ചെന്നു.. "നിന്റെ പെർഫോമൻസ് സൂപ്പർ.. എനിക്കിഷ്ടപ്പെട്ടു..പക്ഷെ നീ ഇവിടേക്ക് വന്നത് എനിക്കിഷ്ടപ്പെട്ടില്ല.. " സനു ഗൗരവത്തിൽ ആയിരുന്നു. രണ്ടു കയ്യും കെട്ടി നിന്നവളോട് പറഞ്ഞു.. "അതെന്തെ ടാ..ഞാൻ ഇവിടേക്ക് വരാൻ പാടില്ലേ.. " "വരാൻ പാടില്ലന്ന് പറഞ്ഞില്ലല്ലോ ഞാൻ..ഇത് നിന്റെ വീടാ...നിനക്ക് എപ്പോ വേണേലും വരാം ഇവിടേക്ക്.അത് പക്ഷെ താജ്നെ ഉപേക്ഷിച്ചിട്ട് ആവരുതായിരുന്നു.." "അത് നീയെങ്ങനെ അറിഞ്ഞു..? " "പിന്നെ ഈ ബാഗും തൂക്കിയുള്ള വരവിൽ നിന്നും ഞാൻ എന്താ മനസ്സിലാക്കേണ്ടത്..എന്താ നിന്റെ ഈ വരവിന്റെ ഉദ്ദേശം.. " "സനു.. ഞാൻ... " അവൾക്ക് വയ്യായിരുന്നു അവന്റെ കുറ്റപ്പെടുത്തലുകൾ കേൾക്കാൻ.. ഉള്ളം അത്രക്കും പിടയുന്നുണ്ടായിരുന്നു..മനസ്സിന്റെ എല്ലാ വ്യഥകളും സനുവിനെ അറിയിച്ചു.. "എനിക്ക് നേരത്തെ അറിയാമായിരുന്നു ഇതെല്ലാം.." "എന്താ...? അറിയാമായിരുന്നെന്നോ..? " അവൾ ഞെട്ടലോടെ ചോദിച്ചു.. "മ്മ്..നമ്മൾ മൂന്ന് പേരും അന്ന് ബീച്ചിൽ പോയില്ലേ..അന്ന് താജ് എന്നോട് എല്ലാം പറഞ്ഞിരുന്നു.. "

"അപ്പൊ.. അപ്പൊ ഞാൻ മാത്രമായിരുന്നു അറിയാത്തത്.. എന്നോട് മാത്രം പറഞ്ഞില്ല.. ഞാൻ അവനെ തേടുകയാണെന്ന് അറിഞ്ഞിട്ടും അവൻ എന്നോട് പറഞ്ഞില്ല.. എല്ലാം മറച്ചു വെച്ചു. " അവളുടെ ചുണ്ടുകൾ വിറക്കുന്നുണ്ടായിരുന്നു.. "മറച്ചു വെച്ചത് എന്തിനാണെന്ന് താജ് പറഞ്ഞില്ലേ.. നിനക്ക് വേണ്ടിയാ.. നീ തളർന്നു പോകാതെ ഇരിക്കാൻ വേണ്ടിയാ.. " "എന്നിട്ടിപ്പോ എന്തുണ്ടായി.. പറയാനും അറിയാനും വൈകിയത് കാരണം എന്റെ ശക്തി വർധിച്ചോ.. ഞാൻ തളരാതെ ഇരുന്നോ.. തളർന്നു ഞാൻ.. പൂർണമായും തളർന്നു പോയി.. " "നീ താജ്നെ കുറ്റപ്പെടുത്തുകയാണോ ലൈലൂ..സത്യം ഇത് തന്നെയാണ്. നമുക്ക് വിശ്വസിക്കാനും ഇഷ്ടപ്പെടാനും ആകുന്നില്ലന്ന് കരുതി സത്യം സത്യമല്ലാതെ ആകുന്നില്ല..നീ ഇത്രക്ക് വേദനിക്കുന്നുണ്ടെങ്കിൽ അപ്പൊ താജ് എത്ര വേദനിക്കുന്നുണ്ടാകും.. റമി നിനക്ക് കാമുകൻ മാത്രമായിരുന്നു..വെറും ഒന്നോ രണ്ടോ വർഷത്തെ പരിചയം.. കൂടി പോയാൽ സുന്ദരമായ ചില നിമിഷങ്ങളും ഓർമ്മകളും.. അത്രമാത്രേ നിങ്ങൾക്ക് ഇടയിൽ ഉള്ളു..

എന്നിട്ടും നിന്റെ അവസ്ഥ ഇത്..അപ്പൊ താജ്ൻറെ അവസ്ഥ എന്തുമാത്രം വേദനയാണ്..താജുo റമിയും തമ്മിലുള്ള ബന്ധം എന്താണെന്ന് നിനക്ക് അറിയാമല്ലോ ഇപ്പോൾ.ഒരു വട്ടം..ഒരേ ഒരു വട്ടം ചിന്തിച്ചു നോക്ക് നീ അവർക്ക് ഇടയിലുള്ള രക്ത ബന്ധത്തെ കുറിച്ച്..അപ്പൊ മനസ്സിലാകും നിനക്ക് താജ്ൻറെ അവസ്ഥ.. അത് മാത്രം പോരാ..റമി താജ്ൻറെ ആരാണെന്ന് ചിന്തിച്ചാൽ മാത്രം പോരാ.. നീ താജ്ൻറെ ആരാണെന്ന് കൂടി ചിന്തിച്ചു നോക്ക്.. അപ്പോഴേ നിനക്ക് പൂർണമായും താജ്ൻറെ ഇപ്പോഴത്തെ അവസ്ഥ എന്തെന്ന് മനസ്സിലാക്കാൻ കഴിയുള്ളൂ ലൈലൂ... " "നീ..നീയെന്നെ കുറ്റ പെടുത്തുവാണോ.. " അവളുടെ മിഴികൾ കര കവിയാൻ തുടങ്ങി.. "അല്ല ലൈലൂ.ഞാൻ നിന്നെ കുറ്റപെടുത്തുകയല്ല..നീ നിന്റെ ഭാഗം മാത്രമേ ചിന്തിച്ചുള്ളൂ..താജ് പോട്ടേ..ഉപ്പാനെ കുറിച്ച് ആലോചിച്ചോ നീ..നിന്നെ തടഞ്ഞോ ഇല്ലയോ എന്നൊന്നും എനിക്ക് അറിഞ്ഞൂടാ..ഉണ്ടാകില്ല..തടഞ്ഞു കാണില്ല.. താജ്നെ എനിക്കറിയാം.. ഒന്നിനും നിന്നെ നിർബന്ധിക്കില്ലന്ന് എന്നോട് പറഞ്ഞിരുന്നു.. താജ് വാക്ക് പാലിച്ചു.. നിന്നെ നിന്റെ സന്തോഷത്തിനു വിട്ടു..

അതാണ് താജ്.. പക്ഷെ ഇപ്പോ അവിടെ ഇരുന്നു കരയുന്നുണ്ടാകും.. അന്ന് ഇതൊക്കെ പറയുമ്പോൾ ഞാൻ താജ്നോട് പറഞ്ഞത് എന്താണെന്നോ,, എല്ലാത്തിനും ഒടുക്കം ലൈലു No എന്നൊരു തീരുമാനം എടുക്കില്ലന്നാ..താജ്നെ സന്തോഷിപ്പിക്കുന്നൊരു തീരുമാനമേ കൈ കൊള്ളൂന്നാ.. എനിക്ക് തെറ്റിപ്പോയി ലൈലൂ.. ഞാൻ മനസ്സിലാക്കിയതിനും ഒരുപാട് അപ്പുറത്താ എന്റെ ലൈലൂ.. കരയണ്ട..കരയാൻ ആണേൽ ഇവിടെ നിക്കണ്ട..എനിക്ക് കാണണ്ട ഇതൊന്നും.. " സനു താഴേക്ക് ഇറങ്ങിപ്പോയി.. അവൾ ആകെ തകർന്നവളെ പോലെ നിലത്തേക്ക് ഊർന്നു.. ** "ലൈല പോയെന്നോ..? എന്താ നുസ്ര നീ ഈ പറയുന്നത്..? " "അതേ മുന്ന..സത്യമാ ഞാൻ പറഞ്ഞത്..വൈകുന്നേരം ഞാൻ അവിടെ പോയിരുന്നു..അപ്പൊ പൗലോസ് ചേട്ടനാ പറഞ്ഞത് ലൈല പോയെന്ന്..ഇപ്പൊ ഇങ്ങനെ പോകാൻ മാത്രം എന്താ ഉണ്ടായേന്ന് ചോദിച്ചു..കാര്യവും കാരണമൊന്നും പൗലോസ് ചേട്ടനു അറിയില്ല..പക്ഷെ ഇന്നലെ തൊട്ടു അവിടത്തെ അവസ്ഥ ആകെ ശോക മൂകമാണെന്ന് പറഞ്ഞു.. എന്തായിരിക്കും അവിടെ സംഭവിച്ചിട്ട് ഉണ്ടാകുക.. എനിക്കൊന്നും മനസ്സിലാകുന്നില്ല ടാ.. " നുസ്രയുടെ ശബ്ദത്തിൽ ആധി നിറഞ്ഞിരുന്നു.. "നീ താജ്നെ കണ്ടില്ലേ..? "

"ഇല്ല..പൗലോസ് ചേട്ടനോട് ചോദിക്കുമ്പോൾ അവൻ റൂമിൽ ആണെന്ന് പറഞ്ഞു..താഴെ എവിടേലും കണ്ടിരുന്നെങ്കിൽ ഞാൻ ചോദിച്ചേനെ അവനോട് പ്രശ്നം എന്താണെന്ന്..ഇതിപ്പോ റൂമിൽ ആയോണ്ട് ഞാൻ കയറാൻ ഒന്നും നിന്നില്ല..മേയർ അങ്കിളും ഇല്ലായിരുന്നു വീട്ടിൽ..അല്ലെങ്കിൽ അങ്കിൾനോട് എങ്കിലും ചോദിക്കാമായിരുന്നു..അത് മാത്രമോ, ഫോൺ വിളിച്ചിട്ട് കിട്ടുന്നില്ല..രണ്ടാളെയും മാറി മാറി വിളിക്കാൻ തുടങ്ങിട്ട് നേരം കുറച്ചായി..താജ്ന്റെ ഫോൺ സ്വിച്ച് ഓഫ്..അവൾ ആണേൽ ഫോൺ എടുക്കുന്നില്ല..ആകെ ടെൻഷൻ കയറിയപ്പോഴാ നിന്നെ വിളിച്ചത്.. എനിക്കൊരു സമാധാനവും ഇല്ലടാ.. ഇപ്പൊ ഇത്ര പെട്ടന്ന് അവിടെന്ന് ഇങ്ങനെ ഇറങ്ങി പോകാൻ മാത്രം എന്താ ഉണ്ടായിട്ട് ഉണ്ടാവുക അവൾക്ക്..? ഒന്നും പറഞ്ഞില്ലല്ലോ അവൾ.. ഇനി ഡിവോഴ്സ് എങ്ങാനും ആയിരിക്കുമോ ടാ.. " "ഏയ്‌..അങ്ങനൊന്നും ആവില്ല.. നീ ചുമ്മാ ടെൻഷൻ ആവണ്ട..വെച്ചോ.. ഞാൻ ഒന്ന് വിളിച്ചു നോക്കട്ടെ അവരെ.. " മുന്ന നുസ്രയുടെ കാൾ കട്ട്‌ ചെയ്തു താജ്ൻറെ നമ്പറിലേക്ക് വിളിച്ചു.. നുസ്ര പറഞ്ഞത് പോലെത്തന്നെ അത് സ്വിച്ച് ഓഫ് ആയിരുന്നു.ഉടനെ ലൈലയുടെ ഫോണിലേക്ക് വിളിച്ചു..അതും നുസ്ര പറഞ്ഞത് പോലെത്തന്നെ ആയിരുന്നു.റിങ് പോകുന്നുണ്ട്.പക്ഷെ എടുക്കുന്നില്ല..

ആ വീട്ടിൽ അവർക്ക് ഇടയിൽ സംഭവിച്ചത് എന്താണെന്ന് മുന്നയ്ക്ക് ഊഹിക്കാവുന്നതേ ഉണ്ടായിരുന്നുള്ളൂ..അത് അറിയാൻ വേണ്ടി ലൈലയെയോ താജ്നെയോ ഫോൺ ചെയ്യേണ്ട ആവശ്യമില്ല.. പക്ഷെ ലൈല താജ്നെ വിട്ടു പോയെന്ന് അറിഞ്ഞോണ്ട് ഒരു സമാധാനവും ഇല്ലായിരുന്നു അവന്.. ഒരാളെയെങ്കിലും ഫോണിൽ കിട്ടണേന്ന് കരുതി വീണ്ടും വീണ്ടും ട്രൈ ചെയ്തു കൊണ്ടിരുന്നു..നിരാശയായിരുന്നു ഫലം..എത്രേം പെട്ടന്ന് ഒന്ന് ലീവ് കിട്ടിയാൽ മതി എന്നായി മുന്നയുടെ പ്രാർത്ഥന മുഴുവനും.. ** രാത്രി മുറിയിൽ കയറുമ്പോൾ തന്നെ അവനു ആകെയൊരു ശൂന്യത അനുഭവപ്പെട്ടു.നോക്കുന്ന ഇടത്തൊക്കെ അവളെ കാണുന്നു.. കാതോർക്കുന്നിടത്തൊക്കെ അവളുടെ കുപ്പിവള കിലുക്കം പോലുള്ള പൊട്ടിച്ചിരി കേൾക്കുന്നു..ഏറ്റവും മിസ്സിംഗ്‌ ആ കണ്ണ് കൂർപ്പിച്ചുളള നോട്ടവും വായിൽ തോന്നിയത് ഒക്കെ നല്ല വെടിക്കെട്ട് പോലെ വിളിച്ചു പറയുന്ന ലൈസെൻസ് ഇല്ലാത്ത ആ നാവും ആയിരുന്നു..മുറിയിലെ സാധനങ്ങൾക്ക് മാത്രമല്ല, കാറ്റിനു പോലും അവളുടെ ഒലിവിന്റെ ഗന്ധമായിരുന്നു..അത് അവന്റെ കണ്ണുകളെ നനയിച്ചു കളഞ്ഞു.. ഇത്രേം നാളും പ്രണയം മാത്രമേ ഉണ്ടാരുന്നുള്ളൂ.ഇന്ന് വിരഹം കൂടെ അവനെ പിടി കൂടിയിരിക്കുന്നു..

അവൻ പതിയെ കട്ടിലിലേക്ക് കയറി.കിടക്കാൻ തോന്നിയില്ല.. ചാഞ്ഞിരുന്നു..അവൻ ഓർക്കുകയായിരുന്നു ആദ്യമായി അവളെ കണ്ടു മുട്ടിയത് മുതൽ ഇന്നീ നിമിഷം വരെയുള്ള കാര്യങ്ങൾ.. ഒട്ടും പ്രതീക്ഷിക്കാത്ത ഒരു നേരത്ത് ജീവിതത്തിലേക്ക് കടന്നു വന്നവൾ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു നേരത്ത് ഇറങ്ങി പോയിരിക്കുന്നു.. അതിനിടയിൽ മറ്റുചില കഥകൾ.. ആദ്യമൊക്കെ അവിശ്വസനീയമായി തോന്നിയിരുന്നു.എന്നിട്ടും സത്യത്തെ ഉൾകൊണ്ടു. എല്ലാം കൂട്ടി വായിച്ചപ്പോൾ ഇടയിൽ എപ്പോഴോ അറിയാതെ കരുതിപ്പോയി തനിക്ക് ആയി പിറന്ന പെണ്ണാണ് അവൾ എന്ന്.. പക്ഷെ അല്ല..അവൾ റമിയുടെതാണ്. എന്റെ റമിയുടെത്.അങ്ങനെ വിശ്വസിക്കാനാ ഇഷ്ടം..അവൾ നുള്ളിയും മാന്തിയും പറിച്ചും ചവിട്ടിയും കുത്തിയുമൊക്കെ കളിച്ച ആ മുറിയും തന്റെ നെഞ്ചോടു ചാഞ്ഞു കിടന്ന ആ കട്ടിലുമൊക്കെ അവന്റെ നെഞ്ചിലെ നോവ് കൂട്ടിക്കൊണ്ടിരുന്നു.. ഹൃദയം പൊട്ടി പോകുമെന്ന് തോന്നി അവന്. എഴുന്നേറ്റു ബാൽക്കണിയിലേക്ക് നടന്നു..

കൈ വരിയിലെ മുല്ലവള്ളികളിൽ വിരലുകൾ സഞ്ചരിക്കുമ്പോൾ അവന്റെ മനസ്സിൽ അവളെക്കാൾ കൂടുതലായി റമിയുടെ മുഖമായിരുന്നു.. എന്തിനാടാ എന്നെ വിട്ടു പോയത്.എന്തിനാ ഒരു ദൈവത്തെ പോലെ എവിടെയോ മറഞ്ഞു നിന്നു അവളെ എന്നിലേക്ക്‌ എത്തിച്ചു തന്നത്..നിന്റെ ആഗ്രഹം പോലെ മമ്മയെ ഞാൻ ഇവിടേക്ക് കൊണ്ട് വരാം.നിനക്ക് വേണ്ടി തോറ്റു കൊടുത്തോളം ഞാൻ മമ്മയ്ക്ക് മുന്നിൽ.പക്ഷെ നീ അതിനേക്കാളൊക്കെ ആഗ്രഹിച്ച മറ്റൊരു കാര്യം ഉണ്ടല്ലോ.. ലൈലയ്ക്ക് ഞാനൊരു ജീവിതം നൽകണമെന്ന്..അതൊരിക്കലും ഉണ്ടാകില്ലടാ..എനിക്ക് ഇഷ്ടമല്ലാത്തത് കൊണ്ടല്ല.. അവളെന്റെ ജീവൻ ആണെടാ. പക്ഷെ അവളുടെ ജീവൻ നീയാ..ആ നെഞ്ചിൽ നിന്നും നിന്നെ പറിച്ചു മാറ്റാൻ എനിക്ക് കഴിയില്ല.. കഴിയുന്നില്ല അതിന്.. വേണ്ടടാ..നീ ജീവിക്കുന്ന ഹൃദയമാ അത്..അവിടെ ഞാൻ വേണ്ടടാ.. എന്റെ പ്രണയം എനിക്ക് നഷ്ടമാകുന്നതിനേക്കാളും നിന്റെ ആഗ്രഹം നിറവേറ്റാൻ കഴിയാതെ പോകുന്നതിനേക്കാളും എനിക്ക് വേദന അവളിൽ നിന്നും നിന്റെ ഓർമ്മകളെ കൊന്നു കളയുന്നതാ.. അതുകൊണ്ട് വേണ്ടാ..ഇനിയൊരു ശ്രമം പോലും ഞാൻ നടത്തില്ല.. നിന്റെ ഓർമ്മകളിൽ തന്നെ ജീവിക്കട്ടെ അവൾ..

അവന്റെ കണ്ണുകളിൽ നിന്നും രണ്ടു തുള്ളി അടർന്നു ആ മുല്ലവള്ളിയിൽ പതിച്ചു.. ** ലൈലയുടെ അവസ്ഥയും മറ്റൊന്ന് അല്ലായിരുന്നു..എന്നും കിടക്കാൻ വേണ്ടി വരുമ്പോൾ കാണുന്നത് ബെഡിൽ മലർന്നിട്ട് ഉണ്ടാകുന്ന താജ്നെയാണ്.ഇന്നതില്ല.. സനുവാണ് മുന്നിൽ ഉള്ളത്.. ധരിച്ചിരിക്കുന്ന ഡ്രസ്സ്‌നു മാത്രം അല്ല, തന്റെ ശരീരത്തിനു പോലും അവന്റെ ഗന്ധമാണെന്ന് അറിഞ്ഞു അവൾ.. സനു പറഞ്ഞത് ശെരിയാണ്. വരുമ്പോൾ ഉപ്പാനെ കുറിച്ച് ചിന്തിച്ചില്ല ഞാൻ..ചിന്തിച്ചാൽ ഞാൻ അവിടെ തന്നെ നിൽക്കണ്ടി വരും. പക്ഷെ ആരായിട്ട്.. റമിയുടെ പെണ്ണായി, ഉപ്പയുടെ മകൾ ആയിട്ടോ..? പക്ഷെ അത് ഞാൻ അമനെ കൊല്ലാതെ കൊല്ലുന്നതിന് തുല്യമായിരിക്കും..ഇനിയും അവനെ വേദനിപ്പിക്കാൻ കഴിയില്ല. അതുകൊണ്ടാ കൂടുതൽ ഒന്നും ചിന്തിക്കാതെ അവിടം വിട്ടിറങ്ങിയത്.. അവൾ വന്നു ബെഡിലേക്ക് ഇരുന്നു.. ഫോൺ റിങ് ചെയ്യുന്നത് കേട്ടു.. അവൾ എടുക്കുന്നത് പോയിട്ട് ആരാണെന്ന് നോക്കുക കൂടി ചെയ്തില്ല. "ലൈലൂ...ഇതാ..അറ്റൻഡ് ചെയ്.. താജാ വിളിക്കുന്നത്.." സ്‌ക്രീനിൽ അമൻ കാളിങ് എന്ന് കണ്ടതോണ്ട് സനു ഫോൺ എടുത്തു അവൾക്ക് നീട്ടി.. "വേണ്ടാ..എടുക്കണ്ട..അതിപ്പോ കട്ട്‌ ആയിക്കോളും..അവിടെ വെച്ചേരെ.."

"നീ ഇതെന്തു ഭാവിച്ചാ ലൈലൂ.. എന്താ നിനക്ക്..അതാ എനിക്ക് മനസ്സിലാകാത്തത്..ഇപ്പൊത്തന്നെ മുന്നയും നുസ്രയുമൊക്കെ ഒരു പത്തഞ്ഞുറു വട്ടമായി വിളിക്കുന്നു.. ഒരു കാൾ എങ്കിലും എടുത്തോ നീ.. താജ്നെ മാത്രമല്ല.. നിന്റെ ഫ്രണ്ട്‌സ്നെയും ഉപേക്ഷിച്ചോ നീ.. വരാൻ എങ്ങനെയും വന്നു നീ.. എന്നാൽ വിളിക്കുമ്പോൾ ഒന്ന് ഫോൺ എടുത്തൂടെ നിനക്ക്.. നിന്നെ കാണാതെയും കേൾക്കാതെയും ടെൻഷൻ അടിക്കുന്നുണ്ടാകും അവരൊക്കെ..അത് നിനക്ക് അറിയണ്ടല്ലോ അല്ലേ.. നീ അറ്റൻഡ് ചെയ്യുന്നില്ലങ്കിൽ വേണ്ടാ..ഞാൻ അറ്റൻഡ് ചെയ്യുവാ.. " സനുവിന് ദേഷ്യവും സങ്കടവുമൊക്കെ വരുന്നുണ്ടായിരുന്നു.വായിൽ വന്നത് ഒക്കെ പറഞ്ഞിട്ട് അവൻ കാൾ അറ്റൻഡ് ചെയ്തു.അവൾ എതിർത്തു ഒന്നും പറഞ്ഞില്ല.. ചോദിച്ചാൽ ഉറങ്ങുവാണെന്ന് പറാന്ന് പറഞ്ഞിട്ട് ഉറങ്ങാൻ കിടന്നു. "ഹലോ..താജ്..പറാ..സനുവാ.. " "അവൾ എവിടെ..? " "ലൈലു..ലൈലു ഉറങ്ങി.. " "വിളിക്കണ്ടന്നാ വിചാരിച്ചത്.. മുന്നയും നുസ്രയും വിളിച്ചിരുന്നു.. കൊറേ തവണ വിളിച്ചെന്നും ലൈല ഫോൺ എടുത്തില്ലന്നും പറഞ്ഞു..

അതാ ഞാൻ വിളിച്ചു നോക്കിയേ.. അവൾക്ക് കുഴപ്പമൊന്നും ഇല്ലല്ലോ.. ഓക്കേ അല്ലേ..? " "കുഴപ്പമൊന്നും ഇല്ല താജ്..അവൾ നേരത്തെ ഉറങ്ങി..ഫോൺ സൈലന്റ്ൽ ആയിരുന്നു..അതാ ഞാനും കണ്ടില്ല..അവളോട്‌ ഞാൻ പറയാം നുസ്രയ്ക്കും മുന്നയ്ക്കും വിളിക്കാൻ.. " സനുവിന് നുണ പറയേണ്ടി വന്നു. "മ്മ്..ശെരി.. " താജ് വേറൊന്നും ചോദിക്കുകയോ പറയുകയോ ചെയ്തില്ല..ഫോൺ കട്ട്‌ ചെയ്തു.. സനുവിന് ആരുടെ ഭാഗത്തു നിൽക്കണമെന്നോ എന്ത് ചെയ്യണമെന്നോ ഒന്നും അറിഞ്ഞില്ല.. ആകെ ദയനീയതയോടെ ഇരുന്നു.. ** കൊറേ നാളായി സനുവിന്റെ ഒന്നിച്ചിരുന്നു കഴിച്ചിട്ട്. അതുകൊണ്ട് രാവിലെ ബ്രേക്ക്‌ ഫാസ്റ്റ് അവന്റെ ഒന്നിച്ചിരുന്നു കഴിക്കണമെന്നുണ്ടായിരുന്നു അവൾക്ക്.പക്ഷെ അവന്റെ ബുക്സ് എടുത്തു വെക്കലും ടിഫിൻ ഇടലും ബോട്ടിൽ നിറക്കലുമൊക്കെ ആയപ്പോൾ അതിന് കഴിഞ്ഞില്ല. അവൻ പോയി കഴിഞ്ഞതും അവൾ കഴിക്കാൻ ഇരുന്നു.അന്നേരമാ സ്റ്റവിൽ വെച്ച വെള്ളം തിളച്ചു മറിയുന്ന ശബ്ദം കേട്ടത്.അരി കഴുകി ഇടാൻ വേണ്ടി കിച്ചണിലേക്ക് പോയി..

കുറുക്കൻറെ കണ്ണുകളോടെ തക്കം പാർത്ത് നിന്ന ആ സ്ത്രീ ഡെയ്നിങ്ങു ഹാളിലേക്ക് വന്നു. "നിനക്ക് എന്നെ കൊല്ലണം അല്ലേടി.. അപ്പോഴേ പറഞ്ഞതാ നിന്റെയാ തള്ളയെയും തന്തയെയും പറഞ്ഞയച്ചതു പോലെ നിന്നെയും പറഞ്ഞയക്കുമെന്ന്.. കേട്ടില്ല..ഇനി നീ കണ്ടു തന്നെ അറിഞ്ഞോ..ഇത് വയറ്റിൽ ചെന്നാൽ പിന്നെ അഞ്ചു മിനുട്ട് പോലും തികയ്ക്കില്ല നീ.. ചോര തുപ്പി ചാവും..ചാവണം.. " അവളുടെ മരണം അവർ മനസ്സിൽ കണ്ടു.ഉള്ളിൽ സന്തോഷം അലയടിച്ചു.കയ്യിൽ കരുതിയിരിക്കുന്ന പോയ്സൺ കോഫിയിലേക്ക് കലർത്തി നന്നായി ഇളക്കി കൊടുത്തു.. മതിയായില്ലന്ന് തോന്നിയതും ബാക്കിയുള്ളത് കറിയിലേക്ക് ഒഴിച്ച് കലക്കി.. പിന്നെ ഒരു സെക്കന്റ്‌ പോലും അവിടെ നിന്നില്ല.വേഗം ഡോർൻറെ മറവിലേക്ക് കയറി നിന്നു കാര്യങ്ങൾ വീക്ഷിക്കാൻ തുടങ്ങി. ഇതൊന്നും അറിയാതെ അവൾ വന്നു വീണ്ടും കഴിക്കാൻ ഇരുന്നു. കപ്പ് എടുത്തു ചുണ്ടിലേക്ക് വെച്ചു.അവളുടെ വായയിൽ കോഫി നിറഞ്ഞു..ഒപ്പം ആ സ്ത്രീയുടെ മുഖത്ത് വിജയ ചിരിയും.. ....തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story