ഏഴാം ബഹർ: ഭാഗം 71

ezhambahar

രചന: SHAMSEENA FIROZ

പ്രണയമല്ലാ..നീയെന്റെ അഹങ്കാരമാണ്.. " കൂളിംഗ് ഗ്ലാസും വെച്ചു നല്ല സ്റ്റൈൽ ആയിട്ട് അവൾ ബുള്ളറ്റ് റൈഡ് ചെയ്യുന്ന പടം ഒരു ചുവരിൻറെ വലുപ്പത്തിൽ വരച്ചു വെച്ചിരിക്കുന്നു അവൻ..അതിന് മുകളിൽ എഴുതിയിട്ടുള്ള വരികളാണ് അവളുടെ കണ്ണുകളെ കര കവിയിച്ചു കളഞ്ഞത്.നെഞ്ച് പൊട്ടി പോകുന്നത് പോലെ തോന്നി അവൾക്ക്..തളർച്ചയോടെ മുഖം ആ പടത്തിലേക്ക് ചേർത്തു വെച്ചു.. ചുമലിൽ ഒരു കര സ്പർശം ഉണ്ടായി..അതാരാണെന്ന് മനസ്സിലാക്കാൻ അവൾക്ക് ആ മുഖം കാണണമെന്നില്ല.ആ ഗന്ധം അവൾ ഏതു മയക്കത്തിലും തിരിച്ചറിയും. വിതുമ്പി വിറക്കുന്ന മുഖത്തോടെ അവൾ തിരിഞ്ഞു നിന്നവനെ നോക്കി..അവളുടെ നിറഞ്ഞു തൂവുന്ന മിഴികൾ അവന്റെ ഉള്ളിൽ ഒരു പിടച്ചിൽ ഉണ്ടാക്കി.. "എന്തിനാ...എന്തിനാ എന്നെ ഇങ്ങനെ സ്നേഹിക്കണേ..? " അവൾ അവന്റെ മുന്നിൽ നിന്നും നെഞ്ച് പൊട്ടി കരയുകയായിരുന്നു... "ഒരുത്തരം മാത്രമേ എന്റെ കയ്യിൽ ഉള്ളു..അത് നിനക്ക് തൃപ്തികരമാവില്ല ലൈല.. ഇഷ്ടമാണ്..ഒരുപാട് ഇഷ്ടമുള്ളത് കൊണ്ടാ ഇങ്ങനെ സ്നേഹിക്കുന്നത്." അവൻ പറഞ്ഞു തീർന്നില്ല..

അവൾ അവന്റെ കാൽക്കലേക്ക് ഊർന്നു വീണു..ആ രണ്ടു കാലുകളും മുറുക്കി പിടിച്ചു അതിലേക്കു മുഖം ചേർത്തായി പിന്നീട് ഉള്ള അവളുടെ കരച്ചിൽ.. "മാപ്പ്..എല്ലാത്തിനും മാപ്പ്..ഞാൻ കാരണം റമിയെ നിനക്ക് നഷ്ടപ്പെട്ടതിന്.. ഉപ്പാക്ക് വയ്യാതെ ആയതിന്..നിന്നെ ഇത്രേം വേദനിപ്പിച്ചതിന്..ക്ഷമിക്കണം എന്നോട്..എല്ലാം അറിയുമ്പോൾ നിന്റെയും ഉപ്പാന്റെയും ഒന്നിച്ച് നിൽക്കണമായിരുന്നു ഞാൻ.. ഇവിടുന്നു ഇറങ്ങി പോയി നിങ്ങളെ കൂടുതൽ തളർത്താൻ പാടില്ലായിരുന്നു.. നീ മഹറിൽ ഒന്ന് മുറുക്കി പിടിക്കുമ്പോൾ അത് പൊട്ടി പോകുമെന്നും ഇഷ്ടമല്ലാതെയാണ് കഴുത്തിൽ വീണത് എന്നാലും മഹറിനൊരു വില ഉണ്ടെന്നും പറഞ്ഞവളാ ഞാൻ.. എന്നിട്ടും ആ ഞാൻ തന്നെ നിസ്സാരമായി അത് ഊരി എടുത്തു നിന്റെ കയ്യിൽ തന്നില്ലേ.. തെറ്റാ..ചെയ്തത് എല്ലാം തെറ്റാ.. നുസ്രയും മുന്നയുമൊക്കെ പറഞ്ഞു എന്റെ തീരുമാനം വല്യ തെറ്റായിപ്പോയി എന്ന്.. പക്ഷെ ഞാൻ.. അമൻ.. എനിക്ക്..എനിക്ക് പെട്ടെന്ന്.. അറിയില്ല..ഒന്നും അറിഞ്ഞൂടാ... "

അവളുടെ ചുടുനീർ സ്പർശിച്ചത് കാലിൽ ആണെങ്കിലും അത് പൊള്ളിച്ചത് അവന്റെ നെഞ്ചിനെ ആയിരുന്നു..അന്നും ഇന്നും കാണാനും സഹിക്കാനും പറ്റാത്തത് ആ കണ്ണുനീരാണ്..അവൻ വേഗം അവളെ പിടിച്ചു എഴുന്നേൽപ്പിച്ചു ആ വട്ട മുഖം കൈകളിൽ ഒതുക്കി.. "ആരു വേണമെങ്കിലും പറഞ്ഞോട്ടെ.. പക്ഷെ നീ ചെയ്തത് തെറ്റാണെന്നു ഞാൻ പറയില്ല ലൈല..കാരണം എനിക്കറിയാം നിന്നെ..നിന്റെ ഈ മനസ്സ് അറിഞ്ഞു വെച്ചു കൊണ്ട് നിന്നെ കുറ്റപ്പെടുത്താൻ എനിക്ക് സാധിക്കില്ല.. ഞാൻ മാത്രമല്ല.. ഡാഡും പറഞ്ഞിട്ടില്ല..ഒരുവാക്കു കൊണ്ട് പോലും കുറ്റപ്പെടുത്തിയിട്ടില്ല നിന്നെ.. നിന്റെ സ്ഥാനത്തു ഏതൊരു പെണ്ണായാലും നീ ചെയ്തതേ ചെയ്യുമായിരുന്നുള്ളു.. എത്ര തന്റേടിയാണെങ്കിലും ഒരു പെണ്മനസ്സിന് താങ്ങാൻ കഴിയുന്നതിന് ഒരു പരിധിയുണ്ട്.. നീയാ പരിധിക്ക് അപ്പുറവും താങ്ങി കഴിഞ്ഞിരിക്കുന്നു ലൈല.. അതുകൊണ്ട് ഒരുവട്ടം പോലും നിന്റെ തീരുമാനം തെറ്റാണെന്നു എനിക്ക് തോന്നിയിട്ടില്ല.. " അവളുടെ കവിളിലൂടെ ഒഴുകുന്ന കണ്ണുനീർ അവൻ തള്ള വിരൽ വെച്ചു തുടച്ചു മാറ്റി.. " സത്യം ആയിട്ടും എനിക്ക് അറിയില്ല അമൻ.. നിന്റെ സ്നേഹവും സംരക്ഷണവും ഞാൻ കാണാഞ്ഞിട്ടല്ലാ..അത് എത്ര കണ്ടുണ്ടെന്ന് മനസ്സിലാക്കാഞ്ഞിട്ടുമല്ല..

റമിയുടെ സ്ഥാനത്തു അവന്റെ സഹോദരനെ കാണാൻ വയ്യാഞ്ഞിട്ടാ..ഓർക്കും തോറും വേദന കൂടുവാ..ഒരിക്കലും ഉൾകൊള്ളാൻ കഴിയില്ലന്ന് തന്നെ തോന്നി..അതാ ഞാൻ ഒന്നും ആലോചിക്കാണ്ട് ഇറങ്ങിപ്പോയത്. പക്ഷെ ഇനിയില്ല.. ആ തെറ്റ് ഞാൻ ഇനി ആവർത്തിക്കില്ല.. ഇനിയും നിന്റെ സ്നേഹം കണ്ടില്ലന്നു നടിച്ചു നിന്നെ വേദനിപ്പിച്ചാൽ അത് ഞാൻ എന്റെ റമിയോട് ചെയ്യുന്ന ഏറ്റവും വല്യ തെറ്റാവും..മുന്ന പറഞ്ഞത് പോലെ ഞാൻ അവനെ സ്നേഹിച്ചിരുന്നെന്ന് പറയുന്നതിൽ സത്യം ഇല്ലാണ്ടാവും.. എന്റെ റമിയായി നിന്നെ കാണാൻ കഴിയുമോന്ന് എനിക്കറിയില്ല..നീ തരുന്ന അത്രേം സ്നേഹം തിരിച്ചു തരാൻ കഴിയുമോന്നും അറിയില്ല.. എന്നാലും ഞാൻ ശ്രമിക്കാം.. റമിയുടെ ആഗ്രഹം പോലെ.. നിന്റെ സ്വപ്നം പോലെ.. ഉപ്പാന്റെ സന്തോഷം പോലെ ഞാൻ ഈ വീട്ടിൽ നിന്റെ ഭാര്യയായി കഴിഞ്ഞോളാം..ഒരിക്കലും ഈ വീട് വിട്ടോ നിന്നെ വിട്ടോ ഉപ്പാനെ വിട്ടോ ഞാൻ എങ്ങോട്ടും പോകില്ല.. " അവൾ കരഞ്ഞു കരഞ്ഞു അവശയായിരുന്നു.അവന്റെ മാറിലേക്ക് വീണു ഓരോന്നു പറഞ്ഞു തേങ്ങാൻ തുടങ്ങി..

അവന്റെ കണ്ണുകളിൽ നിന്നും നീർ മണികൾ ഉതിരുന്നുണ്ടായിരുന്നു. ഇനിയൊരിക്കലും തിരിച്ചു കിട്ടില്ലന്ന രീതിയിൽ നഷ്ടപ്പെട്ടു പോയ ഒന്ന്..താൻ സ്വപ്നം കണ്ട തന്റെ ജീവിതം..അതാണ് ഇപ്പോ കൈ വെള്ളയിലേക്ക് വന്നു ചേർന്നിരിക്കുന്നത്..അകലങ്ങൾ അകറ്റി തന്റെ പ്രാണൻ തന്റെ നെഞ്ചിലേക്ക് വന്നണഞ്ഞിരിക്കുന്നു.. അവന്റെ സന്തോഷത്തിനു അതിരില്ലായിരുന്നു..ഒപ്പം അവളുടെ കണ്ണുനീരിനും..ഓരോ നിമിഷം കടന്നു പോകും തോറും അവന്റെ നെഞ്ചകം നനഞ്ഞു കുതിർന്നു കൊണ്ടിരുന്നു..ഷർട്ടിൽ അവളുടെ വിരലുകൾ മുറുകി വന്നു..നിർത്തടീന്നും പറഞ്ഞു അവളെ അടർത്താൻ അവന് തോന്നിയില്ല..എത്ര നാളായി അവൾ ഇങ്ങനെ നെഞ്ചോടു ചേർന്നു നിന്നിട്ട്..അവൾക്ക് സാന്ത്വനമെന്ന പോലെ അവന്റെ വിരലുകൾ അവളുടെ നെറുകിൽ തഴുകി കൊണ്ടിരുന്നു..അവൾ ഒന്നൂടെ അവന്റെ നെഞ്ചിലേക്ക് മുഖം അമർത്തി..എത്ര നേരം അങ്ങനെ നിന്നെന്ന് രണ്ടുപേർക്കും അറിയില്ല.. താഴേ നിന്നും പൗലോസ് ചേട്ടന്റെ വിളി കേട്ടപ്പോഴാണ് അവൾ അവനിൽ നിന്നും അകന്നത്..വേഗം തന്നെ മുഖം തുടച്ചു താഴേക്ക് പോയി..കുറേ നാളുകൾക്ക് ശേഷം അവന്റെ ചുണ്ടിൽ നിറ പുഞ്ചിരി പൊഴിഞ്ഞു.. **

രാത്രിയിൽ ഭക്ഷണം വിളമ്പി കഴിഞ്ഞു അവൾ മാറി നിൽക്കുകയൊന്നും ചെയ്തില്ല.. പണ്ടത്തെ പോലെ അവന്റെ അടുത്തുള്ള ചെയർ വലിച്ചിട്ട് കഴിക്കാൻ ഇരുന്നു.. ഉപ്പ അത്ഭുതത്തോടെ അവളെ നോക്കി.. ശേഷം അവനെയും..അവൻ അപ്പോ തന്നെ ഒന്ന് സൈറ്റ് അടിച്ചു ചിരിച്ചു കാണിച്ചു..ഉപ്പാക്ക് ഒന്നും മനസ്സിലായില്ല..എന്താടാ സംഭവമെന്ന് അവനോട് കൈ കൊണ്ട് ആങ്ങിയം കാണിച്ചു ചോദിച്ചു..അവൻ അപ്പൊ ഒരു ആനമുട്ടയെന്നു കാണിച്ചു കൊടുത്തു.. "പോടാ.. " ഉപ്പ മുഖം തിരിച്ചു കളഞ്ഞു.. പക്ഷെ ഹൃദയം സന്തോഷം കൊണ്ട് ഡിജെ കളിക്കുകയായിരുന്നു..അമിത സന്തോഷം പോലും പാടില്ലെന്നാ ഡോക്ടർ പറഞ്ഞിട്ട് ഉള്ളത്.. ഇനി സന്തോഷിച്ചെന്ന പേരിൽ അറ്റാക്ക് ഒന്നും വന്നു പോകേണ്ടന്ന് കരുതി ഉപ്പ വേഗം നെഞ്ചിൽ കൈ വെച്ചു.. കാര്യമൊന്നും മനസ്സിലായില്ലേലും വേണ്ടാ.. രണ്ടുപേരെയും എന്നും എപ്പോഴും ഇതുപോലെ ഒരുമിച്ചു കണ്ടാൽ മതി..ഉപ്പാന്റെ മനസ്സിലെ സന്തോഷം മുഖത്തേക്കും വ്യാപിച്ചു... ** കിച്ചണിൽ പൗലോസ് ചേട്ടന്റെ ഒപ്പം കഴുകലും ക്ലീനിങ്ങുമൊക്കെ കഴിഞ്ഞു അവൾ മുറിയിലേക്ക് പോയി..നേരത്തെ തന്നെ ഡ്രെസ്സും സാധനങ്ങളുമൊക്കെ അവന്റെ റൂമിൽ കൊണ്ട് വെച്ചിരുന്നു. അവൻ ബാത്‌റൂമിൽ ആയിരുന്നു..

അവൾ വന്നു പഴയത് പോലെ ബെഡിൻറെ ഒരറ്റത്ത് കയറി കിടന്നു.. മേലു കഴുകി ഇറങ്ങുമ്പോൾ തന്നെ കണ്ടത് കമിഴ്ന്നു കിടക്കുന്ന അവളെയാണ്.. അവൾ അങ്ങനൊക്കെ പറഞ്ഞെങ്കിലും അവൾക്ക് തന്നെ ഉൾകൊള്ളാൻ കുറച്ച് അല്ല, കുറച്ച് അധിക സമയം തന്നെ വേണ്ടി വരുമെന്ന് അവന് അറിയാമായിരുന്നു..തന്റെ പ്രണയം മുഴുവനായും സ്വീകരിക്കാൻ വേണ്ടി മനസ്സിനെ വളരെ പ്രയാസപ്പെട്ടു പാകപ്പെടുത്തുകയാണെന്നും അറിയാം..അതുകൊണ്ട് ഒരു നോട്ടം കൊണ്ട് പോലും ഈ നേരം വരെ അവൻ അവളെ അസ്വസ്ഥത പെടുത്തിയിട്ടില്ല..ഇനി അങ്ങോട്ടും അങ്ങനെ തന്നെ ആയിരിക്കും.. പൂർണമായൊരു മാറ്റത്തിനു എത്ര നാൾ ആവശ്യമുണ്ടോ അവൾക്ക് അത്രയും നാൾ അവൾക്ക് വേണ്ടി കാത്തിരിക്കാൻ തയാറായിരുന്നു അവൻ.. ഒരു പുതു ജീവിതം ഇപ്പോഴേ ഒന്നും തുടങ്ങിയില്ലേലും വേണ്ടില്ല, എന്നും അവളുടെ സന്തോഷം കണ്ടാൽ മതിയായിരുന്നു.. ഇത്രേം ദിവസമായി അവളിൽ നിന്നും അകന്ന് പോയ അവളുടെ കളിയും ചിരിയും അടിയും പിടിയും വഴക്കുമൊക്കെ കണ്ടാൽ മതി..

അത് മാത്രം മതി അവന്റെ മനസ്സ് നിറയാൻ.. ** വീണ്ടും റമിയുടെ ലൈലയിൽ നിന്നും താജ്ൻറെ ലൈലയിലേക്ക് ഒരു മാറ്റം..പിറ്റേ ദിവസം തന്നെ അവളാ വീട്ടിൽ പാറി പറന്നു നടക്കാനും തൊട്ടതിനും പിടിച്ചതിനും അവനോട് പൊട്ടി തെറിക്കാനും ഗുസ്തി പിടിക്കാനുമൊക്കെ തുടങ്ങി.. അവൾ ലൈല ആണെങ്കിൽ അവൻ താജ് ആണ്.ഒരിഞ്ചു പോലും വിട്ടു കൊടുത്തില്ല..പഴയതിനേക്കാൾ കട്ടക്ക് നിന്നു ഇരട്ടി പണി കൊടുത്തു കൊണ്ടിരുന്നു..ആക്റ്റീവ് ആയി തുടങ്ങിയപ്പോ കോളേജിൽ പോകാൻ പിന്നെ ആരും വിളിക്കേo നിർബന്ധിക്കേമൊന്നും വേണ്ടി വന്നില്ല അവളെ..താജ്ൻറെ ഒന്നിച്ച് തന്നെ പോയി തുടങ്ങി..വീണ്ടും അവൾ അവനോട് അടുത്തതിൽ അവനെക്കാൾ സന്തോഷം നുസ്രക്കും എബിക്കും ആയിരുന്നു..മുന്ന പിന്നെ അവരുടെ ഇടയിലെ ഇല്ല.. മുഹ്സിയുടെ കല്യാണ കാര്യമായി അങ്ങോട്ടും ഇങ്ങോട്ടും ഓട്ട പാച്ചിലാണ്..വീട്ടിലുള്ള ഒരേ ഒരു ആൺതരിയാണ്..ആ ബോധവും ഉത്തരവാദിത്തമൊക്കെ അവന് വേണ്ടുവോളം ഉണ്ടായിരുന്നു.. ** "അമൻ...ഒന്ന് മാത്രമേ നീ കണ്ടുപിടിച്ചു തന്നുള്ളൂ..ഇനി ഒന്ന് കൂടെ ഉണ്ട്.. " രാവിലെ കോളേജിലേക്ക് പോകുന്ന വഴിയിൽ അവൾ അവനോട് പറഞ്ഞു.. "എന്ത്..? " ഡ്രൈവിങ്ങിൽ ആയോണ്ട് തിരിഞ്ഞവളെ നോക്കാനൊന്നും പറ്റിയില്ല..

ഇടയിൽ തന്നെ ചോദിച്ചു അവൻ.. "ആ ലൈബ്രറി കള്ളനെ.. " "അതിന് അവനെ കണ്ടുപിടിച്ചു തരാന്ന് ഞാൻ പറഞ്ഞില്ലല്ലോ.. നീ അത് ആവശ്യപ്പെടുമ്പോഴേ ഞാൻ പറഞ്ഞതാ അതിനൊന്നും മെനക്കെടാൻ എന്നെ കിട്ടില്ലെന്ന്‌..." "മെനക്കെടാൻ പറ്റാത്തോണ്ടൊന്നും അല്ല..നിനക്ക് അതിനുള്ള കഴിവ് ഇല്ല..അവനെ കണ്ടുപിടിക്കാനുള്ളത്ര സാമാർത്യമൊന്നും നിനക്ക് ഇല്ല... ഇതിപ്പോ നിന്നെ ആയോണ്ട് നീ എനിക്ക് കണ്ടുപിടിച്ചു തന്നു.. വേറെ വല്ലവരെയും ആയിരുന്നു എങ്കിൽ ഈ ജന്മത്തിൽ നീ എനിക്ക് കണ്ടുപിടിച്ചു തരുമായിരുന്നോ..? എന്നിട്ടു വല്യ ഷോ കാണിക്കുന്നു.. " "ചിലക്കാണ്ട് ഇരിയെടീ..ശ്രദ്ധ മാറുന്നു... " "അതല്ല അമൻ...എനിക്കിപ്പോ ലെറ്റേഴ്സ് ഒന്നും വരുന്നില്ല.. അതെന്താ..ഇനി എനിക്ക് അവനോട് പ്രേമം ആണെന്ന് കരുതി നീ അവനെ കണ്ടെടുത്തു തട്ടി കളഞ്ഞോ..? " "എന്തേയ്...മിസ്സ്‌ ചെയ്യുന്നുണ്ടൊ..? " "മ്മ്..ചെറുതായിട്ട്... " "വീട്ടിൽ പോയി നിന്നപ്പോ എന്നെ മിസ്സ്‌ ചെയ്തോ..? " "ഞാൻ എന്താ പറയുന്നേ.. നീ എന്താ ചോദിക്കുന്നെ..? " "ഞാൻ ചോദിച്ചതിന് മറുപടി പറാ.. എന്നെ മിസ്സ്‌ ചെയ്തോ.. ഇല്ലയോ. ? " "ഇല്ലല്ലോ.. " അവൾക്ക് ചിരി വരുന്നുണ്ടായിരുന്നു.. ഒതുക്കിക്കൊണ്ട് പറഞ്ഞു.. "പോടീ പുല്ലേ..നിന്റെ ആ ലൈബ്രറി കള്ളനെ കയ്യിൽ കിട്ടിയാൽ കൊല്ലുകയല്ല..

പീസ് പീസ് ആക്കി അച്ചാർ ഇട്ടു വെക്കും ഞാൻ.. ഡെയിലി നക്കി തിന്നാം നിനക്ക്.. അപ്പൊ പിന്നെ മിസ്സ്‌ ചെയ്യില്ലല്ലോ.. " "എന്നാലും എന്തായിരിക്കും ഇപ്പോ ലെറ്റർ ഒന്നും വരാത്തത്.. സത്യം പറാ. നീയാ എഴുത്തുകാരനെ തട്ടിയോ..അതോ എനിക്ക് മുൻപേ നീ പോയി എടുക്കുന്നോ ലെറ്റർസ്.. " "നടുറോഡിൽ കിടക്കേണ്ടങ്കിൽ നാവ് ഒതുക്കി വെച്ചിരുന്നോ നീ.. എടീ..നീ കുറേ ഡേയ്‌സ് ലീവ് അല്ലായിരുന്നോ..അതാ ലെറ്റർ ഒന്നും കിട്ടാത്തത്..നീ ലീവ് ആണെന്ന് അവൻ മുൻകൂട്ടി കണ്ടിട്ട് ഉണ്ടാകും. നീ ഇല്ലാതെ പിന്നെ അവൻ ആർക്കാ ലെറ്റർ വെക്കേണ്ടത്.. അല്ലാണ്ട് ഞാൻ അവനെ കൊന്നിട്ട് ഒന്നുമല്ല..കേട്ടോ ടീ കോപ്പേ.. " അവൾ ഒന്നും മിണ്ടിയില്ല.. ഒന്ന് അമർത്തി മൂളുക മാത്രം ചെയ്തു.. ചിന്ത മുഴുവനും ആ അജ്ഞാതനെ കുറിച്ചായിരുന്നു.. ആരെന്തും എന്തെന്നുമൊക്കെയുള്ളത് വിട്ടു. ഇപ്പോ എന്തെ ലെറ്റർ വരുന്നില്ലന്ന ചോദ്യമായിരുന്നു മനസ്സിൽ.. ഇനി അയാൾക്ക്‌ വല്ല ആപത്തും.. ഏയ്‌.. അങ്ങനൊന്നും ആവില്ല.. അവളൊരുപാട് ചിന്തിച്ചു കൂട്ടി.. ഒടുക്കം തല പെരുക്കാൻ തുടങ്ങിയപ്പോൾ അതൊക്കെ മനസ്സിന്ന് കളഞ്ഞിട്ടു അവന്റെ പുറത്തേക്ക് മുഖം ചായിച്ചു വെച്ചു.

. ** വെള്ളിയാഴ്ച ഉച്ചക്ക് കോളേജിന്ന് ഇറങ്ങിയതാണ്..രാത്രി വരെ ഷോപ്പിംഗ്..പെണ്ണുങ്ങളെ കൊണ്ട് ഷോപ്പിങ്ങിന് പോയാൽ തെണ്ടി പോകുമെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്.. ഇതിപ്പോ അനുഭവം ആദ്യമായിട്ടാ.. കണ്ണിൽ കണ്ടത് ഒക്കെ വലിച്ചു വാരി എടുത്തിട്ടല്ല അവൾ അവൻറെ നപ്പാസ് ഇളക്കിയത്..ഒന്നും കണ്ണിനു പിടിക്കാഞ്ഞിട്ടാണ്.ഒരു നൂറു ഷോപ്പിൽ നൂറു തരത്തിലുള്ള ഡ്രസ്സ്‌ നോക്കി.ഒന്നും ഇഷ്ടപ്പെട്ടില്ല അവൾക്ക്..ഒടുക്കം നേരം വൈകി രണ്ടിനെയും കാണാഞ്ഞിട്ട് ഉപ്പ വിളിക്കാൻ തുടങ്ങിയപ്പോഴാ അവൾ ഒരെണ്ണം എടുത്തു കയ്യിൽ പിടിച്ചത്.അതുതന്നെ അവളുടെ മുഖത്ത് വല്യ തെളിച്ചമൊന്നും ഉണ്ടായില്ല..അത് കണ്ടു അവൻ ആ ഡ്രസ്സ്‌ അവളുടെ കയ്യിന്ന് വാങ്ങിച്ചു അവിടെയിട്ട് ചുരിദാർ സെക്ഷനിലേക്ക് കൊണ്ട് പോയി. എന്നിട്ടു അവിടെ ആദ്യം തന്നെ കണ്ട ഒരു സിമ്പിൾ പിങ്ക് ആൻഡ് വൈറ്റ് ചുരിദാർ എടുത്തു അവളുടെ ദേഹത്ത് വെച്ചു അവളെ കണ്ണാടിയുടെ മുന്നിലേക്ക് തിരിച്ചു നിർത്തി.അത് അവൾക്ക് ഒറ്റ നോട്ടത്തിൽ തന്നെ ബോധിച്ചു.

ചുരിദാർ എടുത്താൽ അവനു ഇഷ്ടപ്പെടില്ലന്ന് കരുതിയിട്ടാ ഇത്രേം കടകളിൽ കയറിയിട്ടും ചുരിദാറിന്റെ ഭാഗത്തേക്ക് നോക്കാതെ നിന്നത്.ഇപ്പോ അവൻ തന്നെ എടുത്തു സെലക്ട്‌ ചെയ്തു തന്നപ്പോൾ അവൾക്ക് സന്തോഷമായി.മുഖത്ത് ഒരു നൂറു ബൾബ് ഒന്നിച്ച് കത്തിച്ചതിന്റെ തെളിച്ചമുണ്ട്.അതോണ്ട് അവനുള്ള ഡ്രസ്സ്‌ അവൾ സെലക്ട്‌ ചെയ്തു. അതും അവളുടെ ഫേവ്റിറ്റ് ഒരുഗ്രൻ വൈറ്റ് ഷർട്ട്‌..ഉപ്പാക്ക് എടുക്കാനും മറന്നില്ല അവൾ.. ഉപ്പാന്റെ സ്റ്റാറ്റസിന് അനുസരിച്ചു ഒരടിപൊളി ഷർട്ടും മുണ്ടും എടുത്തു..പിന്നെ മുഹ്സിക്കും നുസ്രയ്ക്കുമുള്ള ഗിഫ്റ്റ്..അതിന്റെ തിരിച്ചിലിനാണ് ബാക്കിയുള്ള സമയം കളഞ്ഞത്.. ശനിയാഴ്ച ഉച്ച കഴിയുമ്പോഴേ അവൾ കുളിച്ചൊരുങ്ങി റെഡിയായി..ആ ചുരിദാർ തന്നെയായിരുന്നു വേഷം.അതിൽ അവൾ വെട്ടി തിളങ്ങി നിന്നു..താജ് അവളുടെ നിർബന്ധ പ്രകാരം ആദ്യമായി ഇൻഷർട്ട്‌ ചെയ്തു.. ആദ്യം വിചാരിച്ചു അവന് ഭംഗി തെമ്മാടി സ്റ്റൈൽ ആണെന്ന്.. പിന്നെ കമ്പനി ബോസ്സ് ഗെറ്റ് അപ്പിൽ കണ്ടപ്പോൾ അതാണ് ഭംഗിയെന്ന് തോന്നി.ഇപ്പം ഈ ലുക്കിൽ കണ്ടപ്പോൾ ഇതിലാണ് അവൻ അടാർ മൊഞ്ചനെന്നു തോന്നിപ്പോയി.. രണ്ടുപേരും പരസ്പരം കണ്ണുകൾ വെട്ടാതെ ഒരുനിമിഷം നോക്കി നിന്നു..എന്തോ ബോധത്തിൽ പെട്ടെന്ന് മിഴികൾ പിൻവലിച്ചു കളഞ്ഞു..

റൂമിന്ന് ഇറങ്ങുന്നതിന് മുന്നേ അവൾ ഒരുവട്ടം കൂടി കണ്ണാടി നോക്കി.. അന്ന് എൻഗേജ്മെന്റ്നു പോകുമ്പോൾ കഴുത്തിൽ കുറവായി തോന്നിയത് റമിയുടെ മാലയാണ്.അത് ചോദിക്കുമ്പോ അവൻ അപ്പൊത്തന്നെ എടുത്തു തരികയും ചെയ്തിരുന്നു.പക്ഷെ ഇന്നിപ്പോ മഹറാണ്..മറ്റേ മാലയുണ്ട് കഴുത്തിൽ..എന്നാലും മഹർ ഇല്ലാത്തത് വലിയൊരു ശൂന്യത സൃഷ്ടിക്കുന്നത് പോലെ തോന്നി അവൾക്ക്..ചോദിച്ചാൽ അവൻ ഇതും തരുമായിരിക്കും. പക്ഷെ എങ്ങനെയാ ചോദിക്കുക.. അന്ന് ഊരി കൊടുത്ത ആ നിമിഷത്തെ ശപിച്ചു കൊണ്ട് അവൾ കണ്ണാടിക്ക് മുന്നിൽ കഴുത്തിൽ കൈ വെച്ചു നിന്നു..പിൻ കഴുത്തിൽ ചുടു ശ്വാസം വന്നു നിറയുന്നത് അവൾ അറിഞ്ഞു.മിഴികൾ ഉയർത്തി നോക്കി.കണ്ണാടിയിൽ കണ്ടു തനിക്ക് പിന്നിൽ നിൽക്കുന്ന അവനെ. അവൾ തിരിഞ്ഞു അവനു അഭിമുഖമായി നിന്നതും കയ്യിൽ കരുതിയിരിക്കുന്ന മഹർ ഒരു വാക്ക് മിണ്ടുകയോ പറയുകയോ ചെയ്യാതെ അവൻ അവളുടെ കഴുത്തിൽ അണിയിച്ചു കൊടുത്തു.അവളൊരു നിമിഷം അനങ്ങാതെ നിന്നു..വിശ്വസിക്കാൻ കഴിഞ്ഞില്ല

.മഹറിലേക്ക് നോക്കി.ശേഷം അവന്റെ മുഖത്തേക്കും.കരച്ചിൽ വരുന്നത് പോലെ തോന്നി അവൾക്ക്.. തോന്നിയത് അല്ല..കണ്ണുകളിൽ എവിടെയോ നീർ മുത്തുകൾ ഉരുണ്ടു കൂടിയിരുന്നു.. "മുന്നയുടെ വീട്ടിലേക്കാ പോകുന്നത്..അപ്പോ നിന്റെ കഴുത്തിൽ ഇത് എന്തായാലും വേണം..ഇല്ലെങ്കിൽ അവൻ നിന്നെ പോയ വഴി തന്നെ ഓടിച്ചു വിടും.." അവൻ ഒന്ന് സൈറ്റ് അടിച്ചു കാണിച്ചു.അവൾക്ക് എന്ത് പറയണമെന്ന് അറിഞ്ഞില്ല. സന്തോഷവും സങ്കടവും സമ്മിശ്രമായ അവസ്ഥ..ഇങ്ങനെ ഒരുത്തനെ ആണല്ലോ അന്ന് അത്രേം വേദനിപ്പിച്ചതെന്ന് അവൾ വേദനയോടെ ഓർത്തു.കൂടുതൽ നിന്നു സങ്കടപ്പെടാനോ ഓർത്ത് ഓർത്ത് വേദനിക്കാനോ ഒന്നും അവൻ സമ്മതിച്ചില്ല.വാന്നും പറഞ്ഞു അവളെയും കൂട്ടി താഴേക്ക് ഇറങ്ങി.. നുസ്രയുടെ നിക്കാഹ് മാത്രം ആയോണ്ട് ഇവിടെ മൈലാഞ്ചി കല്യാണമൊന്നുമില്ല.. എല്ലാം മുന്നയുടെ ട്രെയിനിങ്ങും കാര്യങ്ങളുമൊക്കെ കഴിഞ്ഞതിനു ശേഷം കെങ്കേമമായി നടത്താനാണ് തീരുമാനം..ഇന്ന് മൈലാഞ്ചി കല്യാണം മുഹ്സിയുടെതാണ്.. ഇന്നത്തെ ഫങ്ക്ഷൻ എല്ലാം അവിടെയാണ്..അതുകൊണ്ട് നുസ്രയുടെ വീട്ടിൽ പോയി ഒന്ന് മുഖം കാണിച്ചു നുസ്രയ്ക്കുള്ള ഗിഫ്റ്റും കൊടുത്തു രണ്ടുപേരും വേഗം മുന്നയുടെ വീട്ടിലേക്ക് വിട്ടു..

"നിങ്ങക്കൊക്കെ മുന്നയെ മതി, എന്നെ വേണ്ടാ " ന്നുള്ള നുസ്രയുടെ പരാതി കേൾക്കാൻ പോലും നിന്നില്ല.. എബിയും ജുവലും നേരത്തെ ഹാജരായിരുന്നു. എബി ജന്റ്സിന്റെ പന്തലിലും ജുവൽ ലേഡീസിന്റെ പന്തലിലുമാണ് ഉള്ളത്.അതിന്റെ കോപ്രായം നല്ലോണം കാണുന്നുണ്ട്.കണ്ണും കയ്യും കൊണ്ട് ഒരേ ഗോഷ്ടിയാണ് രണ്ടും..ലൈല ഓടിപോയി ജുവലിന്റെ പിന്നീന്ന് " ട്ടേ " ന്നും പറഞ്ഞു ഒച്ച ഉണ്ടാക്കി അവളെ പേടിപ്പിച്ചു.അവൾ അപ്പൊത്തന്നെ മാതാവേന്നും വിളിച്ചു നെഞ്ചത്ത് കൈ വെച്ചു പോയി. ലൈലയാണെന്ന് കണ്ടപ്പോഴാ സമാധാനം ആയത്.പേടിച്ചു പോയല്ലോന്നും പറഞ്ഞു നിന്നു ചിണുങ്ങാൻ തുടങ്ങി.. "എങ്ങനെ പേടിക്കാണ്ട് ഇരിക്കും. ഈ ലോകത്ത് ഒന്നും അല്ലല്ലോ. മൈൻഡ് ഫുൾ അവന്റെ മേലേ അല്ലേ..എപ്പോഴും ഇതുതന്നെയല്ലേ മോളെ പണി.ഇന്ന് തത്കാലത്തേക്ക് ഇതൊന്നു മാറ്റി വെക്ക്.. വാ.. മുഹ്സിത്താൻറെ അടുത്തോട്ടു ചെല്ലാം.. " ലൈല ജുവലിനെയും കൂട്ടി അകത്തേക്ക് പോയി.. മുഹ്സിത്താനെ കണ്ടതും ആദ്യം കയ്യിലെ ഗിഫ്റ്റ് ആ കൈകളിലേക്ക് വെച്ചു കൊടുത്തു കെട്ടിപ്പിടിച്ചു മാരീഡ് ലൈഫ് വിഷ് ചെയ്തു..ആദ്യത്തെ കുറച്ച് നേരം സുഖ വിവരം തിരക്കലും വിശേഷം പറച്ചിലുമായി കടന്നു പോയി..പിന്നെ സൊറ പറച്ചിലായി ബാക്കി നേരം അടിച്ചു തകർത്തു.

മുഹ്സിത്ത ഡ്രസ്സ്‌ മാറാൻ പോയതും അവളും ജുവലും പുറത്തേക്ക് ഇറങ്ങി.. ഉമ്മാനെ കണ്ടു ഒരുപാട് സംസാരിച്ചു..അവിടെന്ന് തിരിയുമ്പോൾ തന്നെ കണ്ടത് മുന്നയെയാണ്..അവൻ അവളുടെ സൈഡിലേക്കും ബാക്കിലേക്കുമൊക്കെ നോക്കി.. "നോക്കണ്ട..ആള് പുറത്തുണ്ട്..ഞാൻ തനിച്ചല്ല വന്നത്..അവന്റെ ഒപ്പമാ.. അവന്റെ ഭാര്യ ആയിട്ട്..നീ പറഞ്ഞത് പോലെ നിനക്കുള്ള വിവാഹ സമ്മാനം ആയിട്ട്.. " അവൾ പുഞ്ചിരിച്ചു.. മുന്നയ്ക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല.. മുഖത്ത് സന്തോഷം തിരമാല കണക്കെ അലയടിച്ചു..വാന്നും പറഞ്ഞു അവളെ കയ്യിൽ പിടിച്ചു പുറത്തേക്ക് നടന്നു..കാര്യം അറിയാതെ അവൾ അവന്റെ ഒപ്പവും ജുവൽ അവർക്ക് പിന്നാലെയും നടന്നു.ആ നടത്തം അവസാനിച്ചതു താജ്ന്റെ മുന്നിലാണ്.. "എന്തെടാ..? " താജ് ഒന്നും മനസ്സിലാകാതെ മുന്നയെയും അവളെയും മാറി മാറി നോക്കി.. "ഇവളൊരു കാര്യം പറഞ്ഞു.. സത്യമാണോന്ന് അറിയാൻ വന്നതാ..? " "എന്തു കാര്യം..? " താജ് നെറ്റി ചുളിച്ചു... "ഇവൾ നിന്റെ ഭാര്യ ആണെന്ന്.. എനിക്കുള്ള വിവാഹ സമ്മാനം നിങ്ങളുടെ ഒന്ന് ചേരൽ ആണെന്ന്.. "

"നിനക്ക് എന്താടാ എന്റെ ഭാര്യയെ വിശ്വാസമില്ലേ..? " "ഇല്ല..ഇവളെ മാത്രമല്ല.. നിന്നെയും വിശ്വാസമില്ല.. ഇവൾ പറഞ്ഞാൽ നീ എന്തും ചെയ്യും..എന്റെ സന്തോഷത്തിനു വേണ്ടി ഇവൾ എന്റെ മുന്നിൽ അഭിനയിക്കുക ആണെങ്കിലോ..അതിന് നീ കൂട്ടു നിൽക്കുക ആണെങ്കിലോ..? " "നിനക്ക് വിശ്വസിക്കാൻ ഇതു മതിയോ..? " താജ് അവളുടെ കഴുത്തിലെ മഹർ മാല എടുത്തുയർത്തി കാണിച്ചു.. മുന്നയ്ക്ക് വിശ്വാസമായിരുന്നു.. എന്നാലും ഒന്ന് ഉറപ്പിക്കാൻ ചോദിച്ചതാ..അവന്റെ ചുണ്ടിൽ ചിരി നിറഞ്ഞു.. "ഇനി എന്തെങ്കിലും വേണോടാ നിനക്ക് വിശ്വസിക്കാൻ.. എന്നാലും ഞങ്ങൾടെ ഈ സ്നേഹം അഭിനയം ആണെന്ന് പറയാൻ നിനക്ക് എങ്ങനെ തോന്നി.. അല്ലേ ഭാര്യേ..? " അവൻ മുന്നയെ തുറുക്കനെയൊന്നു നോക്കിയിട്ട് ലൈലയെ ചേർത്തു പിടിച്ചു..അവൾ അപ്പൊത്തന്നെ ആാാന്നും പറഞ്ഞു മുന്നയെ നോക്കി മുഖം തിരിച്ചു കളഞ്ഞിട്ടു താജ്നെ നോക്കി ചിരിക്കാൻ തുടങ്ങി.. "അഭിനയമോ നാടകമോ എന്താണെന്ന് വെച്ചാ ആയിക്കോ. പക്ഷെ അതൊക്കെ പിന്നെ..ഇപ്പം എനിക്ക് വിശക്കുന്നു.. ഇന്നിവിടെ ബിരിയാണി ഉണ്ടെന്ന് ഓർത്തിട്ടു ഞാൻ ഉച്ചയ്ക്ക് ഒന്നും കഴിച്ചില്ല.. വിശന്നിട്ടു മേലാ.. കഴിക്കാൻ വരുന്നുണ്ടോ നിങ്ങളൊന്ന്.. " എബി മുഖം ചുളിച്ചു വയറു തടവാൻ തുടങ്ങി..

"ഓ..പോത്ത്..ഇങ്ങനെയും ഉണ്ടോ ആർത്തി പണ്ടാരം.. " മുന്ന എബിയെ നോക്കി സ്വയം തലയ്ക്കടിച്ചു..അത് കണ്ടു ജുവൽ ചിരിച്ചു.. "ചിരിക്കേണ്ട..നീ വേണം ഇവൻറെ ഈ ആക്രാന്തമൊക്കെ മാറ്റി ഇവനെ നന്നാക്കി എടുക്കാൻ.. " ലൈല ജുവലിനോട് പറഞ്ഞു.. "വല്ലോടത്തും പോയി പഠിച്ചെടുത്തതാണ് ഇതൊക്കെ എങ്കിൽ മാറ്റി എടുക്കാമായിരുന്നു.. ഇതിപ്പോ പാരമ്പര്യമാ. മാറില്ല.. എബിച്ചായൻ തന്നെയാ പറഞ്ഞത് കുടുംബത്തിൽ എല്ലാരും ഭക്ഷണത്തോട് ആക്രാന്തമുള്ളവരാണെന്ന്.. " ജുവൽ അങ്ങേയറ്റം നിഷ്കു ആയി നിന്നു കൊണ്ട് എബിയുടെ കാലേ പിടിച്ചു തന്നെ വാരി..എബി അവളെ നോക്കി കണ്ണുരുട്ടാൻ തുടങ്ങി.. "അവളുടെ ചോര ഊറ്റി നീ വിശപ്പ് അടക്കണ്ടാ..വാ കഴിക്കാം.. " മുന്ന എല്ലാവരെയും വിളിച്ചു കൊണ്ട് പോയി കഴിക്കാൻ ഇരുത്തി.. ** മൈലാഞ്ചി മാത്രമല്ല, പിറ്റേ ദിവസത്തെ നിക്കാഹും കല്യാണവുമൊക്കെ ഗംഭീരമായി തന്നെ നടന്നു..മുഹ്സിയുടെ കല്യാണ ചിലവു മുഴുവനും താജ്ന്റേത് ആയിരുന്നു.മുന്ന ആദ്യം വേണ്ടാന്ന് പറഞ്ഞെങ്കിലും താജ്ന്റെ കറ പുരളാത്ത മനസ്സിനും അതിര് ഇല്ലാത്ത സ്നേഹത്തിനും സൗഹൃദത്തിനും മുന്നിൽ മുന്നയ്ക്ക് പിന്നെ നിരസിക്കാൻ കഴിഞ്ഞില്ല.. നിറഞ്ഞ മനസ്സോടെ സ്വീകരിച്ചു..

വരുന്നവരെയൊക്കെ സ്വീകരിക്കാനും ഇരുത്താനും വിളമ്പാനുമൊക്കെ മുൻപന്തിയിൽ ഉണ്ടായിരുന്നത് താജുo എബിയും തന്നെയായിരുന്നു.ഒപ്പം മത്സരിച്ചു കൊണ്ട് ലൈലയും ജുവലും.. തങ്ങളുടെ നിക്കാഹ് ഉള്ളതോണ്ട് ഇടയിൽ കുറച്ച് നേരം അടങ്ങി ഇരിക്കേണ്ടി വന്നെങ്കിലും ബാക്കി നേരമൊക്കെ നുസ്രയും മുന്നയും നിലത്തു നിൽക്കാത്ത അങ്ങോട്ടും ഇങ്ങോട്ടും ഓടി നടന്നു കാര്യങ്ങൾ ഉഷാർ ആക്കി.. മുന്നയ്ക്ക് ലീവ് ഇല്ല.നാളെ പുലർച്ചെ അങ്ങെത്തണം. അതുകൊണ്ട് അവൻ വൈകിക്കാൻ നിന്നില്ല..ഉമ്മാനെ പിരിയുന്നതിൽ കണ്ണ് നിറച്ചു നിൽക്കുന്ന മുഹ്സിയെ സന്തോഷത്തോടെ നിഹാലിന്റെ കയ്യിൽ ഏല്പിച്ചിട്ട് അവൻ പോകാനുള്ള തയാറെടുപ്പിലേക്ക് നീങ്ങി.നിഹാലും മുഹ്സിയും കാറിൽ കയറിയിട്ടില്ല.മുഹ്സി കുടുംബക്കാരെയൊക്കെ കെട്ടിപ്പിടിക്കുകയും യാത്ര പറയുകയുമാണ്.ആ ഗ്യാപ് നോക്കി നുസ്ര അകത്തേക്ക് കയറി.. "എങ്ങോട്ടാ മോളെ..നിഹാലിക്ക മാത്രം പോരാ..മുഹ്സിത്താൻറെ ഒപ്പം കാറിൽ കയറാൻ നീയും വേണം..ഒരേ ഒരു നാത്തൂനാ നീ.. അത് മറക്കണ്ട.. " ലൈല കണ്ടിരുന്നു നുസ്രയെ.. വേഗം അവളുടെ കയ്യിൽ പിടിച്ചു നിർത്തിച്ചിട്ട് പറഞ്ഞു.. "എടീ...അതുപിന്നെ..ഞാൻ...ഒന്നു മുന്നയെ... " "മ്മ്...ചെല്ല്..ചെല്ല്.. " ലൈല ചിരിച്ചോണ്ട് അവളുടെ കൈ വിട്ടു.. **

"ഇപ്പൊ തന്നെ പോകണോ..? " മുന്ന ബാഗ് പാക്ക് ചെയ്യുകയായിരുന്നു..നുസ്ര അരികിലേക്ക് ചെന്നു.. "മ്മ്..പോണം..അവിടുത്തെ കാര്യം ഞാൻ നിന്നോട് പറയാത്തത് ഒന്നും അല്ലല്ലോ..ഇപ്പൊ തന്നെ ഒരാഴ്ച്ചയായി..ഇതുതന്നെ കയ്യും കാലും പിടിച്ചിട്ടാ ലീവ് കിട്ടിയത്.. നാളെ അങ്ങെത്തണം..ഇല്ലേൽ ഇത്രേം ദിവസത്തെ പ്രയത്നത്തിനു ഒരു ഫലവും ഇല്ലാതെ ആയിപോകും... " "ഇനി എന്നാ വരുക.. " "ലീവ് കിട്ടുമ്പോൾ..? " "അതാ ചോദിച്ചേ എന്നാണെന്ന്..? " "നീ ആഗ്രഹിച്ച പോലെ നമ്മുടെ നിക്കാഹും കഴിഞ്ഞു.. നിന്റെ ഇക്കാക്കാന്റെ കല്യാണവും കഴിഞ്ഞു..എന്നിട്ടും മുഖത്തൊരു തെളിച്ചമില്ലല്ലോ..എന്തുപറ്റി..? " "ഒന്നുമില്ല.. " അവൾ അവന്റെ അരികിൽ നിന്നും മാറി ജനാലയ്ക്ക് അരികിൽ പോയി നിന്നു.. "ഒന്നുമില്ലാഞ്ഞിട്ട് ആണോ മുഖം ഇങ്ങനെ വാടിയിരിക്കുന്നേ..എന്താ.. ഞാൻ പോകുന്നതിന്റെയാണോ..? " അവനും വന്നു ജനാലയ്ക്ക് അരികിൽ നിന്നു.. അവൾ ആണെന്ന് തലയാട്ടി.. "നാട് വിട്ടു പോകുകയൊന്നും അല്ലല്ലോ..ഇങ്ങോട്ട് തന്നെ വരില്ലേ ഞാൻ..അതും നിന്നെ പൊന്നു പോലെ നോക്കാനുള്ള കെൽപ്പോടെ.. ഒഴിവു കിട്ടുമ്പോൾ ഒക്കെ ഞാൻ വിളിക്കാം നുസ്ര.." "ഞാനും വിളിക്കാം.. " "നീ വിളിക്കുന്നത് ഒക്കെ കൊള്ളാം..

ഞാൻ ഫ്രീയുള്ള നേരത്ത് വേണം വിളിക്കാൻ..ഇല്ലേൽ പിന്നെ ഞാൻ കാൾ എടുത്തില്ലന്ന പരാതിയാവും നിനക്ക്..ആാാ പിന്നെ..എന്റെ പെങ്ങളെ നല്ലോണം നോക്കിക്കോണം..എങ്ങാനും ഒരുമാതിരി മൂശേട്ട നാത്തൂൻമാരുടെ സ്വഭാവം എടുത്താൽ ഉണ്ടല്ലോ.. " "പോടാ.. " അവൾ അവന്റെ കൈ നോക്കി ഒരടി വെച്ചു കൊടുത്തു.. "എന്ത് പോടാന്ന്..ഞാൻ സീരിയസ് ആയിട്ടു പറഞ്ഞതാ..കല്യാണം കഴിയുന്ന ഒരു വീട്ടിലെ മൂന്ന് പ്രധാന കഥാപാത്രങ്ങൾ ഉമ്മയും മകളും മരുമകളുമാ..ഭർത്താവിന് അവിടെ വല്യ റോൾ ഒന്നും ഉണ്ടാകില്ല..കേട്ടിട്ടില്ലേ അമ്മായി അമ്മ പോര്..നാത്തൂൻ പോര് എന്നൊക്കെ... " മുന്ന കുസൃതിയായി ചിരിച്ചു.. "ഒന്നു പോടാ അവിടെന്ന്..നിന്റെ പെങ്ങൾ എനിക്ക് ആരാ..എന്റെ ഇക്കാക്കാന്റെ ഭാര്യയാ..അപ്പൊ എന്റെ ഉമ്മാന്റെ സ്ഥാനം..എന്റെ വീട്ടിലെ മുഹ്സിത്താൻറെ ജീവിതം ഓർത്ത് ഇപ്പൊ എന്നല്ല, ഒരുകാലത്തും നീ ടെൻഷൻ അടിക്കേണ്ട..പൊന്നു പോലെ അല്ല.. മുത്തും പവിഴവും പോലെ നോക്കിക്കോളാം ഞങ്ങളു നിന്റെ ഇത്താനെ.. " "അത് നീ പറഞ്ഞില്ലേലും എനിക്കറിയാം..അതുകൊണ്ട് അല്ലേ നിന്നോട് ദേഷ്യത്തിൽ ആയിരുന്നിട്ടു പോലും ഞാൻ ഈ പ്രൊപോസലിനു പൂർണ സമ്മതം നൽകിയത്..അതോണ്ട് ഇനി മുഹ്സിയുടെ കാര്യം വിട്..

എന്റെ കാര്യം പറാ..ഒരുപാട് ഇഷ്ടമായിരുന്നോ എന്നെ.. " "ആയിരുന്നോ എന്നല്ല..ആണ്... ഒത്തിരി ഇഷ്ടമാ.." "ആ ഇഷ്ടത്തിൻറെ അത്രേം തന്നെ വേദനിപ്പിച്ചോ ഞാൻ നിന്നെ..? " "മിണ്ടരുത് നീ.. ഒരു കടലോളം വേദന തന്നിട്ടിപ്പോ ചോദിക്കുന്നത് നോക്കിയേ.." അവൾ സങ്കടത്തോടെ മുഖം തിരിച്ചു നിന്നു.. "സാരല്യ..പോട്ടേ..എല്ലാം കഴിഞ്ഞില്ലേ..ഇനിയൊരിക്കലും വേദനിപ്പിക്കില്ല..ഇനി ഒരിക്കലും ഈ കണ്ണ് നിറയ്ക്കില്ല ഞാൻ..അന്ന് മനസ്സിലാക്കാതെയും തരാതെയും പോയ സ്നേഹം ഇനി തന്നോളാം.. " അവൻ അവളെ ചേർത്തു പിടിച്ചു നെറുകിൽ ഒന്നു ചുംബിച്ചു.. "മതി മക്കളെ...നിക്കാഹ് കഴിഞ്ഞെന്നു പറഞ്ഞു ഫുൾ ലൈസെൻസ് ആയെന്നു വിചാരിക്കണ്ട..കല്യാണത്തിനു ഇനിയും കിടക്കുവാ ഒന്നു രണ്ടു വർഷം..അതോണ്ട് റൊമാൻസ് ഓവർ ആയാൽ നിങ്ങൾക്ക് മാത്രമല്ല,, വീട്ടുകാർക്കും അത് ബുദ്ധിമുട്ട് ആകും.... ഇങ്ങോട്ട് ഇറങ്ങ്..രണ്ടിനെയും അവിടെ അന്വേഷിക്കുന്നുണ്ട്.. " തുറന്നു കിടക്കുന്ന വാതിലിൽ മുട്ടി ലൈല ശബ്ദം ഉണ്ടാക്കി..മുന്നയും നുസ്രയും വേഗം അകന്ന് നിന്നു ലൈലയെ നോക്കി ചമ്മിയ ചിരി ചിരിച്ചു.. "കൂടുതൽ ചമ്മണ്ടാ..ഞാനേ കണ്ടുള്ളു..ഞാൻ മാത്രം.. " ലൈല കളിയാക്കി ചിരിച്ചിട്ട് രണ്ടിനെയും വിളിച്ചു പുറത്തേക്ക് പോയി.. ** രാവിലെ വാഷ് ചെയ്യാനുള്ള ഡ്രസ്സ്‌ എല്ലാം എടുത്തു അവൾ ഓപ്പൺ ടെറസിലേക്ക് ചെന്നു.. അവളുടെതെല്ലാം മെഷീനിലേക്ക് ഇട്ടിട്ടു അവന്റെ ജീൻസ് എടുത്തു കുടഞ്ഞു പോക്കറ്റിൽ കയ്യിട്ടു..

എപ്പോഴും ആയിരമോ രണ്ടായിരമോ കിടപ്പ് ഉണ്ടാകും. അത്രക്കും ശ്രദ്ധയാണ് നമ്മടെ ചെറുക്കന്.. പക്ഷെ ഇന്നു ക്യാഷ് ഒന്നും ഉണ്ടായില്ല..പകരം ഒരു കടലാസ് തുണ്ടാണ് അവൾക്ക് കിട്ടിയത്..അവൾ അത് വിടർത്തി നോക്കി.ഒരു തരിപ്പും നൂറു ചോദ്യങ്ങളും ഉള്ളിലൂടെ ഒപ്പത്തിനൊപ്പം കടന്നു പോയി.. ഇപ്പൊ എഴുത്തു ഒന്നും വരാത്തോണ്ട് ഇന്നലെ ലൈബ്രറിയിൽ പോയി രണ്ടുവരി എഴുതി വെച്ചിരുന്നു.. മറുപടിയായി എഴുത്തു വരുമല്ലോന്ന് കരുതി..ആ വെച്ച എഴുത്താണ് ഇപ്പൊ അവൾക്ക് അവന്റെ പോക്കറ്റിൽ നിന്നും കിട്ടിയത്..ഉള്ളിലെ ചോദ്യങ്ങൾക്ക് സ്വയം ഉത്തരം കണ്ടെത്തി ബുദ്ധിമുട്ടിയില്ല അവൾ.. നേരെ അതും കൊണ്ട് മുറിയിലേക്ക് ചെന്നു.. "സത്യം പറാ..നീയല്ലേ അത്.. ആ മറഞ്ഞു നിൽക്കുന്നവൻ നീയല്ലേ.. " കുളി കഴിഞ്ഞിറങ്ങിയ അവന്റെ മുന്നിലേക്ക് അവൾ കൊടുങ്കാറ്റ് പോലെ പ്രത്യക്ഷപ്പെട്ടു.. "അതേ..ഞാൻ തന്നെയാ.. " അവളുടെ കയ്യിലെ കടലാസ് അവൻ കണ്ടിരുന്നു..ചുമന്നു മുറുകിയ അവളുടെ മുഖത്തേക്ക് നോക്കി ഒരു മടിയും കൂടാതെ പറഞ്ഞു അവൻ.. "എന്താ...എന്താ നീ പറഞ്ഞത്..? " അവൾക്ക് കേട്ടത് വിശ്വസിക്കാൻ കഴിഞ്ഞില്ല.. "കേട്ടില്ലേ..ഞാനാ..ഞാൻ തന്നെയാ അത്..നീ ഇപ്പൊ അന്വേഷിച്ചു നടക്കുന്ന ആ അജ്ഞാതനും ഞാൻ തന്നെയാ.. പക്ഷെ... " അവൻ പറഞ്ഞു മുഴുവൻ ആയില്ല.. അതിന് മുന്നേ അവളുടെ കൈ ആഞ്ഞു പതിച്ചു അവന്റെ കവിളത്തേക്ക്.. "എടീ... " അവന് ദേഷ്യം വന്നിരുന്നു.അതേ സ്പോട്ടിൽ അവനും പൊട്ടിച്ചു അവളുടെ ചെകിടത്തേക്കിട്ട് ഒരെണ്ണം.......തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story