ഏഴാം ബഹർ: ഭാഗം 72

ezhambahar

രചന: SHAMSEENA FIROZ

"ഇത് നീയെന്നെ അടിച്ചതിനല്ലാ.. ഞാൻ പറയുന്നത് കേൾക്കാനുള്ള ക്ഷമ കാണിക്കാത്തതിനാ.. പെണ്ണായാൽ അല്പമെങ്കിലും ക്ഷമ വേണം..നിനക്കത് ഇല്ല..അത് ഉണ്ടാവനാ ഇപ്പൊ ഈ അടി തന്നത്..അന്നേ ഓങ്ങി വെച്ചതാ ഞാൻ..ഡാഡ് കാരണമാ നിനക്ക് കിട്ടാതെ പോയത്..മേലിൽ ഇതിനി ആവർത്തിക്കരുത് നീ.. " "തെറ്റു ചെയ്തതും പോരാ..ഇപ്പൊ എന്നെ ക്ഷമ പഠിപ്പിക്കാനും വരുന്നോ..എനിക്കറിയാം അതിനല്ല നീയെന്നെ അടിച്ചതെന്ന്..നിന്റെ തെറ്റ് ഞാൻ ചോദ്യം ചെയ്യാതെ ഇരിക്കാൻ വേണ്ടിയാ..ഇതിനുള്ളത് നിനക്ക് ഞാൻ തരാം.. ഇപ്പൊ കാണിച്ചു തരാം.. " അവൾ ചവിട്ടി തുള്ളിക്കൊണ്ട് ഷെൽഫിൻറെ അടുത്തേക്ക് പോയി. "ഡ്രസ്സ്‌ പാക്ക് ചെയ്യാൻ ആയിരിക്കും..എന്തുവന്നാലും വീട് വിട്ടിറങ്ങുക..അതല്ലേ നിനക്ക് ചെയ്യാൻ അറിയുന്നത്.. " "അതേ..ഡ്രസ്സ്‌ പാക്ക് ചെയ്യാൻ തന്നെയാ..പക്ഷെ നിനക്ക് തെറ്റി.. വീട് വിട്ടിറങ്ങുന്നത് ഞാൻ അല്ല..നീയാ...ഞാനോ നീയോ.. ആരെങ്കിലും ഒരാളെ ഇനി ഇവിടെ പറ്റൂ..ഞാൻ ഏതായാലും ഇവിടുന്നു ഇറങ്ങാൻ ഒന്നും പോകുന്നില്ല..പറഞ്ഞ വാക്കിന് വില ഉണ്ടെനിക്ക്..

അതുകൊണ്ട് നീയാ ഇവിടുന്നു ഇറങ്ങാൻ പോകുന്നത്..ഒരുകാലത്തും ഞാനും നീയും ഒത്തൊരുമിച്ചു പോകില്ല..നിന്നെ അഡ്ജസ്റ്റ് ചെയ്യാൻ എനിക്ക് കഴിയില്ല..അതുകൊണ്ട് ഇപ്പൊ ഇറങ്ങിക്കോണം ഇവിടെന്ന്." അവൾ ഷെൽഫിലുള്ള അവന്റെ മുഴുവൻ ഡ്രെസ്സും എടുത്തു ബെഡിലേക്ക് ഇട്ടു..എന്നിട്ടു കട്ടിലിനടിയിൽ നിന്നും ബാഗ് വലിച്ചെടുത്തു ഡ്രസ്സ്‌ എല്ലാം അതിലേക്കു തിരുകി കയറ്റാൻ തുടങ്ങി.. "ചെകിടു പൊട്ടാൻ പാകത്തിന് ഒരെണ്ണം കിട്ടിയിട്ടും മതിയായില്ലേ നിനക്ക്..അടങ്ങാനുള്ള ഭാവം ഇല്ലേടി നിനക്ക്..എന്റെ വീട്ടിന്നു എന്നോട് ഇറങ്ങി പോകാൻ പറയാൻ നീ ആരാ..ബാഗിലേക്ക് തിരുകുന്നത് ഒക്കെ കൊള്ളാം.. പക്ഷെ എടുത്ത പോലെത്തന്നെ വെച്ചോണം ഷെൽഫിലേക്ക്..ഒരു സ്ഥാനം പോലും തെറ്റാൻ പാടില്ല.." "സ്ഥാനം..മിണ്ടി പോകരുത് നീ.. മതിയായില്ലേ നിനക്ക്..എന്നെ പറ്റിച്ചത് മതിയായില്ലേന്ന്.. എന്തിനാ.. എന്തിന് വേണ്ടിയാ എപ്പോഴും എന്നെ ഇങ്ങനെ വിഡ്ഢി ആക്കുന്നത്..നീ എന്നേക്കാൾ ബുദ്ധിമാനാണെന്ന് തെളിയിക്കാനോ..അല്ലേലും എനിക്കിത് വേണം..എത്ര അനുഭവിച്ചാലും പഠിക്കില്ല ഞാൻ.. വീണ്ടും വീണ്ടും വിശ്വസിച്ചോളും നിന്നെ.. " "ഇങ്ങനെ കിടന്നു തൊണ്ട പൊട്ടിക്കാൻ ഇവിടെ ഇപ്പൊ എന്താടി ഉണ്ടായത്...നിനക്ക് ലെറ്റർ വെച്ചോണ്ടിരുന്നത് ഞാൻ ആണെന്ന കാര്യമോ..എന്നാൽ കേട്ടോ.. അത് തുടങ്ങി വെച്ചത് ഞാൻ അല്ല.. മുന്നയാ..അവൻ ബാംഗ്ലൂർക്ക് പോകുമ്പോൾ എന്നെ ഏല്പിച്ചു.. ഞാനത് തുടർന്നു കൊണ്ട് വന്നു..

നിനക്ക് അങ്ങനൊരു ലെറ്റർ വരുന്നുണ്ടെന്ന കാര്യം ആദ്യമായി ഞാൻ അറിഞ്ഞത് നീ പറഞ്ഞിട്ടല്ല.. അവൻ പറഞ്ഞിട്ടാ.. എന്നെ ഏല്പിക്കുമ്പോൾ തന്നെ ഞാൻ പറഞ്ഞിരുന്നു എനിക്ക് വയ്യെന്ന്.. അത് അവനെ പോലെയും നിന്നെപ്പോലെയും സാഹിത്യം വശമില്ലാത്തോണ്ട് ഒന്നുമല്ല.. അറിയുമ്പോൾ നീ ഇങ്ങനൊന്നു എനിക്കിട്ടു പൊട്ടിക്കുമെന്ന് അറിയാവുന്നോണ്ടാ..അത് ഒഴിവാക്കാൻ വേണ്ടിയാ..പിന്നെ അവൻ നിർബന്ധിച്ചപ്പോൾ എനിക്ക് ചെയ്യേണ്ടി വന്നു..നീ ചോദിക്കുമ്പോൾ ഒക്കെ തുറന്നു പറയണമെന്ന് ഉണ്ടായിരുന്നു.. അവനാ ഇപ്പോഴേ ഒന്നും പറയണ്ടന്നും പറഞ്ഞു തടഞ്ഞത്.. മിനിയാന്ന് മുഹ്സിയുടെ കല്യാണം കഴിഞ്ഞു ബാംഗ്ലൂർക്ക് പോകുന്നതിനു മുന്നേ അവൻ പറഞ്ഞു ഇനി തുറന്നു പറഞ്ഞോന്ന്.. അതും എനിക്ക് പറയണമെന്ന് തോന്നുന്നുണ്ടെങ്കിൽ മാത്രം,, അല്ലേൽ കുറച്ച് കാലം കൂടെ അജ്ഞാതനായി നിന്നു നിന്നെ പറ്റിച്ചോന്ന്.. എന്തോ ഇപ്പൊ നീ ചോദിക്കുമ്പോൾ എനിക്ക് പറയണമെന്ന് തോന്നി.. എന്നെ വിശ്വാസം ഇല്ലെങ്കിൽ അവനോട് തന്നെ ചോദിച്ചു നോക്ക് നീ.. " എന്നും പറഞ്ഞിട്ട് അവൻ ഫോൺ എടുത്തു മുന്നയ്ക്ക് കാൾ ചെയ്തു.. അവന്റെ ഭാഗ്യം കൊണ്ട് കാൾ പോകുകയും ചെയ്തു, മുന്ന കാൾ എടുക്കുകയും ചെയ്തു..

ഇല്ലേൽ അവളിപ്പോ ബാക്കി ചവിട്ടു നാടകം കൂടി തുടങ്ങിയേനെ... "നീയും നിന്റൊരു കോപ്പിലെ ലെറ്റർ എഴുത്തും..ഞാൻ അപ്പോഴേ പറഞ്ഞതാ വേണ്ടാന്ന്..ഇവിടെ എല്ലാം ഉണ്ടാക്കി വെച്ചിട്ടു അവിടെ ഇരുന്നു സുഖിക്കുന്നു പിശാശ്..നീ തന്നെ സമാധാനം ഉണ്ടാക്കിക്കോ.. ഇല്ലേൽ ഞാൻ അങ്ങോട്ട്‌ വന്നു പെരുമാറും നിന്നെ..ഫോൺ സ്പീക്കറിൽ ഇടുവാ..ഉള്ളത് ഉള്ളത് പോലെ പറഞ്ഞോണം.. " താജ് വായിൽ വന്നതൊക്കെ അവനെ പറഞ്ഞു.എന്നിട്ടു ഫോൺ സ്പീക്കറിൽ ഇട്ടു.. "അയ്യോ..ഞാനോ..എനിക്കൊന്നും അറിഞ്ഞൂടാ..അവൻ നുണ പറയുവാ ലൈല..ഞാൻ നിന്നെ പറ്റിച്ചിട്ട് ഒന്നുമില്ല..ഇപ്പൊ കള്ളി വെളിച്ചത്തായപ്പോ ചുമ്മാ എന്നെ പറയുവാ..നിന്റെ കയ്യിന്ന് രക്ഷപെടാൻ വേണ്ടിട്ട്.. സത്യമായിട്ടും എനിക്കൊന്നും അറിഞ്ഞൂടാ.. " മുന്ന ഈസിയായി കാലു മാറി കളഞ്ഞു..ലൈല പല്ലും കടിച്ചു പിടിച്ചു നിന്നു താജ്നെ കൊല്ലുന്ന പോലൊരു നോട്ടം നോക്കി.. "പറഞ്ഞാൽ പറഞ്ഞതാ..ഒരു വരവ് വരും ഞാൻ അങ്ങോട്ട്‌..അത് വേണ്ടേൽ സത്യം പറഞ്ഞോ.. എടാ..ഇപ്പൊത്തന്നെ ഒരു കവിളു പുകഞ്ഞു..ഇനി മറ്റേതും കൂടെ പുകയ്ക്കാൻ വയ്യാ..ഒരുമിപ്പിച്ചിട്ടു പോയത് അകറ്റാൻ ഉള്ള പണി ഉണ്ടാക്കി വെച്ചിട്ടാണല്ലോടാ സാമാദ്രോഹി..ഒന്നു സത്യം പറയെടാ ശവമേ.. "

"എന്റെ താജ്..നീ ഇത്രേ ഒള്ളോ.. ഒന്നു കിട്ടിയാൽ തിരിച്ചു രണ്ടെണ്ണം കൊടുക്കണം..അതല്ലേ നിന്റെ പോളിസി.. " "വേറെ വല്ലോർക്കും ആയാൽ കൊടുക്കാമായിരുന്നു..ഇതിപ്പോ കൊടുക്കുമ്പോൾ നോവുന്നത് എനിക്കല്ലേ.അതോണ്ട് ഒന്നിൽ തന്നെ നിർത്തി..ഇപ്പൊ തുല്യ നിലയിലാ ഉള്ളത്..അടുത്ത വെടിക്കെട്ടു തുടങ്ങുന്നതിനു മുൻപ് നീ ഉള്ളത് പറയാൻ നോക്ക്.." "ശെരി..ശെരി..ഞാൻ കാരണം ഒരു വഴക്ക് വേണ്ടാ നിങ്ങൾക്ക് ഇടയിൽ.. ലൈലാ..അവൻ പറഞ്ഞതൊക്കെ സത്യമാ..ഞാനാ തുടങ്ങി വെച്ചത്.. അവനല്ലാ.. എന്റെ നിർബന്ധ പ്രകാരം അവൻ അത് തുടർന്നു.. അല്ലാതെ അവൻ നിന്നെ പറ്റിച്ചിട്ട് ഒന്നുമില്ല.. " അത്ര കേട്ടതും അവൾ താജ്ന്റെ കയ്യിൽ നിന്നും ഫോൺ പിടിച്ചു വാങ്ങിച്ചു.. "എന്തിന്..എന്തിനാ ചെയ്തത്.. എന്തായിരുന്നു നിനക്കതിൻറെ ആവശ്യം..എന്റെ സുഹൃത്ത് ആയി എന്റൊപ്പം നിൽക്കുന്ന നേരത്ത് തന്നെ എന്റെ ജീവിതത്തിൽ ഒരു അജ്ഞാതനായി മാറേണ്ട ആവശ്യമെന്തായിരുന്നു നിനക്ക്.. വിഡ്ഢിയാക്കാൻ നോക്കിയതാണൊ.. നീയെപ്പോ തൊട്ടാ ഇങ്ങനെ ആയത്.." "നിന്റെ ചോദ്യങ്ങൾക്കൊക്കെ ഒരു ഉത്തരമേയുള്ളൂ ലൈല..നിനക്ക് വേണ്ടി..നിനക്ക് വേണ്ടിയാ ചെയ്തത്..

റമിയോടുള്ള നിന്റെ പ്രണയം അസ്തമിച്ചു പോകാനും പകരം ആ മനസ്സിൽ പുതിയൊരു പ്രണയം മൊട്ടിടാനും..ഇപ്പം നീയിത് അറിഞ്ഞതിൽ എനിക്ക് പേടിക്കാനൊന്നുമില്ല..കാരണം നിന്നിലുള്ള എന്റെ ലക്ഷ്യം പൂർത്തിയായിരിക്കുന്നു..ഇന്ന് നിന്റെ മനസ്സിൽ റമിക്കു പകരം താജ് ഉണ്ട്..അവനോട് പ്രണയമുണ്ട്. ഇനി ഇതിന്റെ പേരിൽ അവനോട് ഉടക്കിയിട്ട് വീട് വിട്ടു പോകാനാണ് നിന്റെ ഉദ്ദേശമെങ്കിൽ പിന്നെ നീ പോയ ഇടത്തു കിടക്കും. ഒരുകാലത്തും ഞങ്ങളു തിരിഞ്ഞു നോക്കില്ല നിന്നെ.. അവിടെ മറന്നോണം നീ ഞങ്ങളെയൊക്കെ.. കേട്ടോ മിസ്സിസ് അമൻ താജ്.. " മുന്നയ്ക്ക് ചിരി വരുന്നുണ്ടായിരുന്നു.പക്ഷെ പുറത്ത് കാണിച്ചില്ല.ഗൗരവത്തിൽ തന്നെ സംസാരിച്ചു.അവളൊന്നും മിണ്ടിയില്ല.ഒന്നമർത്തി മൂളിയിട്ട് ഫോൺ താജ്ൻറെ കയ്യിൽ കൊടുത്തു.. "എടാ..പിന്നെ വിളിക്കാം..ഈ ചീറ്റ പുലിയെ ഒന്ന് മെരുക്കട്ടേ.. " പറഞ്ഞത് ഫോണിൽ ആണെങ്കിലും അവന്റെ നോട്ടവും ചിരിയുമെല്ലാം അവളുടെ മേലേയായിരുന്നു.. അവൾ ബെഡിലേക്ക് അമർന്നു ഇരുന്നു ദേഷ്യം മുഴുവൻ പില്ലോയിൽ ഞെക്കിയും ഇടിച്ചും തീർത്തു.. "എന്തെടി..നിന്റെ ദേഷ്യം മാറിയില്ലേ..ഇനിയും തല്ലണോ നിനക്കെന്നെ.. " അവൻ ഫോൺ പോക്കറ്റിലേക്ക് ഇട്ട് അവളുടെ മുന്നിൽ വന്നിരുന്നു. "ആാാ..വേണം.." "എടീ.. " അവന്റെ കൈ പൊങ്ങിയതും അവൾ വേണ്ടാന്നും പറഞ്ഞു രണ്ടു കവിളും കൈ വെച്ചു പൊത്തി പിടിച്ചു.. "അപ്പോ പേടിയൊക്കെ ഉണ്ട്.. അല്ലേ..? "

അവൻ ചിരിച്ചോണ്ട് കൈ താഴ്ത്തി.. "നിന്നെ പേടി ഇല്ലേലും നിന്റെ അടി എനിക്ക് നല്ല പേടിയുണ്ട്..എന്ത് അടിയാടാ തെണ്ടി അടിച്ചത്.. മുഖത്തിന്റെ ഷേപ്പ് മാറിയെന്നാ വിചാരിച്ചത്..ആരുടെയോ ഭാഗ്യം കൊണ്ട് അത് ഉണ്ടായില്ല...ചുണ്ട് വേദനിച്ചിട്ട് വയ്യാ..ഇതിനൊക്കെ നീ അനുഭവിക്കുമെടാ..വല്ല പോലിസ് സ്റ്റേഷനിലും പോയി ശാരീരിക പീഡനത്തിനു കേസ് കൊടുക്കുകയാ വേണ്ടത്.. " അവൾ ചുണ്ടിൽ വിരൽ വെച്ചു എരിവ് വലിച്ചു.. "അപ്പോ ഞാനോ..ഞാൻ എന്തെടി ജീവൻ ഉള്ളത് അല്ലേ..ഞാൻ ഏതു വിഭാഗത്തിൽ പോയാ കേസ് കൊടുക്കേണ്ടത്.." "അതിന് നിനക്ക് വേദനിച്ചില്ലല്ലോ.. ഈ ഈർക്കിലി പോലെത്തെ കയ്യും വെച്ചു ഞാനൊന്നു അടിച്ചാൽ നിനക്ക് അതെവിടെ ഏശാനാ.." "അത് സത്യമാ..നിന്റെ അടി എനിക്ക് എവിടെയും ഏശിയിട്ടില്ല.. ഇത്തിരി പോലും വേദനിച്ചിട്ടില്ല.. അത് പക്ഷെ ഇന്ന്..അന്ന് നല്ലപോലെ വേദനിച്ചിരുന്നു..അന്നാണ് നീയീ ഡയലോഗ് പറഞ്ഞിരുന്നത് എങ്കിൽ നിന്നെ ഞാൻ ഒലക്ക വെച്ചടിച്ചേനെ..." "ശേ..അപ്പോ ഇന്ന് വേദനിച്ചില്ലേ.. വേദനിച്ചിരുന്നു എങ്കിൽ അന്ന് തന്ന അതേ മരുന്ന് ഇന്നും തരാമെന്ന് വിചാരിച്ചതായിരുന്നു..അപ്പോ ഇന്ന് അതിന്റെ ആവശ്യിമില്ലല്ലേ.. " അവൾ കുസൃതിയായി ചിരിച്ചു ഒന്നു സൈറ്റ് അടിച്ചു കാണിച്ചു..

"ഓഹോ..അപ്പോ അതുപറ.. നീയെന്നെ ഉമ്മ വെക്കാൻ കാത്തു നിക്കുവായിരുന്നു അല്ലേ.. അതിന് ചാൻസ് കിട്ടുമെന്ന് കരുതിയാണല്ലേ അടിച്ചത്..അയ്യടി മോളെ.. നിന്റെ മനസ്സിൽ ഇരുപ്പ് ഒക്കെ കൊള്ളാം.. " "ചീ..അനാവശ്യം പറഞ്ഞാൽ ഉണ്ടല്ലോ..പോടാ അവിടെന്ന്.. " അവൾ അവനെ പിടിച്ചു തള്ളി.. "ഏതായാലും മരുന്നു തരാൻ ഉദ്ദേശിച്ചതല്ലേ..വേദന ഉണ്ടോ ഇല്ലയോന്നൊന്നും നോക്കണ്ട..താ.. കഴിഞ്ഞ തവണ വേദന ഡബിൾ ആയിരുന്നു..അതിൽ കൂട്ടിയാൽ മതി.. " അവൻ അവളുടെ രണ്ടു കയ്യും പിടിച്ചു വെച്ചു ദേഹത്തേക്ക് ചേർത്തിരുത്തി.. "അയ്യടാ..ഇപ്പൊ കിട്ടും.. കാത്തിരുന്നോ മോൻ.. " അവൾ അവന്റെ പിടി വിടുവിച്ചു എഴുന്നേറ്റു പോകാൻ നോക്കി.. അവൻ വിട്ടില്ല.. അവളെ തന്നോട് ചേർത്തു തന്നെ ഇരുത്തി.. "നീ തരുന്നില്ലേൽ വേണ്ടാ.. ഞാൻ തരാം..ഞാനും അടിച്ചല്ലോ നിന്നെ.." അവനൊരു കള്ളച്ചിരിയോടെ പറഞ്ഞു..ആ ചിരി അവളുടെ മുഖത്തേക്കും വ്യാപിച്ചു..അത് തനിക്കുള്ള സമ്മതം ആണെന്ന് അവനു മനസ്സിലായി..പതിയെ ചുണ്ടുകൾ അവളുടെ മേൽ ചുണ്ടിലേക്ക് അമർത്തി ഒരു മുത്തം കൊടുത്തു.. "പുലി പോലെ വന്നവളാ ഇപ്പം എലി പോലെ ഇരിക്കുന്നത്.." അവന്റെ വിരലുകൾ അവളുടെ കവിളിൽ തഴുകി നടന്നു.. "പോടാ.. "

അവൾ ചിരിച്ചോണ്ട് അവന്റെ കൈ തട്ടി മാറ്റി കളഞ്ഞു എഴുന്നേറ്റു പോയി..അവൾക്ക് മാത്രം അല്ല,, അവനും ചിരി ആയിരുന്നു.. കണ്ണുകളിലും ചുണ്ടുകളിലും ചിരി നിറഞ്ഞു നിന്നു.. ** "എടാ... " രാത്രിയിൽ ഭക്ഷണം കഴിക്കാൻ വേണ്ടി വിളിക്കാൻ ചെല്ലുമ്പോൾ അവനെ എന്തോ ആലോചിച്ചിരിക്കുന്നത് കണ്ടു.. അവൾ അവന്റെ ചുമലിൽ തട്ടി വിളിച്ചു. "എന്നാലും എന്ത് കരുതിയിട്ടാ നീയെന്നെ അടിച്ചത്.എങ്ങനെ നിനക്കതിന് ധൈര്യം വന്നെടീ..? " "അയ്..ഇതു നല്ല കഥ..നീയിത് വരെ വിട്ടില്ലേ അത്..ഇപ്പോഴും അതോർത്തോണ്ടിരിക്കുവാണോ..? " "ഞാൻ ചോദിച്ചതിന് മറുപടി പറാ..." "എന്ത് പറയാൻ..ധൈര്യത്തിനു എനിക്കൊരു കുറവും ഇല്ലെന്ന് നിനക്ക് അറിയാമല്ലോ..പിന്നെ അടി..അന്ന് അടിച്ചപ്പോൾ പറഞ്ഞതേ ഇപ്പോഴും പറയാനുള്ളു. നിന്റെ കയ്യിൽ ഇരുപ്പിന് കിട്ടുന്നതാ..നിനക്ക് നേരത്തും കാലത്തും കാര്യങ്ങൾ പറഞ്ഞാൽ എന്താ..ഒന്നും പറയില്ല..എന്നെ എത്ര വട്ടു കളിപ്പിക്കാൻ പറ്റുമോ അത്രേം ചെയ്യും..ദേഷ്യം വരുമ്പോൾ എനിക്ക് നിയന്ത്രണം പോകുമെന്ന് നിനക്ക് അറിയാത്തത് ഒന്നും അല്ലല്ലോ..ഇന്നും പോയി..അങ്ങനെ പറ്റിയതാ.." "അപ്പോ ദേഷ്യം വരുമ്പോൾ ഒക്കെ നീയെന്നെ അടിക്കുമോ..? " "എന്താ സംശയം..എന്നെ ദേഷ്യം പിടിപ്പിക്കുന്നത് നീയാ..

അപ്പോ ഞാനാ ദേഷ്യം തീർക്കുന്നത് നിന്റെ മേലേ ആയിരിക്കും.അതിൽ നിനക്കൊരു സംശയവും വേണ്ടാ.. എടാ കെട്ട്യോൻ തെമ്മാടി..എന്റെ കയ്യിന്ന് അല്ലേ..വേറെ പെണ്ണിന്റെ കയ്യിന്ന് ഒന്നും അല്ലല്ലോ..എന്റെ തല്ല് അല്ലാണ്ട് വേറെ ആരുടെ തല്ലാ നീ കൊള്ളേണ്ടത്..ഞാൻ അല്ലാതെ വേറെ ആരാ നിന്നെ തല്ലേണ്ടത്.. ആരും തല്ലില്ല..അതിന് നീയും സമ്മതിക്കില്ല..ഞാനും സമ്മതിക്കില്ല..അതുകൊണ്ട് ദേഷ്യം വന്നാൽ ഞാൻ എനിക്ക് തോന്നുന്നത് ചെയ്യും..അതു തല്ലോ ചവിട്ടോ കൊലയോ എന്തുമാവാം. അതൊക്കെ സഹിക്കാൻ പറ്റുമെങ്കിൽ മതി..ഇല്ലേൽ എന്നെ എന്റെ വഴിക്കു വിട്ടേക്ക്..നിനക്ക് സ്വസ്ഥതമായി കഴിയാം.." "അപ്പോ സ്നേഹം വന്നാലോ..? " അവൻ കണ്ണ് എടുക്കാതെ അവളെ നോക്കി.. "നേരത്തെ നീ പറഞ്ഞില്ലേ എലിയാണെന്ന്..സ്നേഹം വന്നാൽ അതുപോലെ..ഒരു എലിയെ പോലെ നിന്നോട് ഒതുങ്ങി നിന്റെ ചൊൽ പടിക്ക് ഉണ്ടാകും.." "സത്യമാണോ..? " അവൻ അവളെ കയ്യിൽ പിടിച്ചു വലിച്ചു മടിയിലേക്ക് ഇട്ടു.. "വേണ്ട മോനെ..ഒതുങ്ങുമെന്ന് പറയുമ്പോൾ തന്നെ ഒതുക്കാൻ നോക്കണ്ട നീയെന്നെ..പിന്നെ എലി പുലി ആയെന്ന് വരും..ഇപ്പൊ മോൻ വരാൻ നോക്ക്..കഴിക്കാൻ എടുത്തു വെച്ചിട്ടുണ്ട്..ഉപ്പ ഡിയർ സൺ‌നെ വെയ്റ്റിങ്ങാ..ഇരുന്നു സ്വപ്നം കാണാതെ എണീറ്റു വാടെർക്കാ.."

അവന്റെ മുഖത്തെ കുറുമ്പ് അവൾ കണ്ടിരുന്നു..അതോണ്ട് അവൻ വലിച്ചിട്ട അതേ വേഗത്തിൽ തന്നെ എഴുന്നേറ്റു മാറി നിന്നിട്ട് അവനെയും വിളിച്ചു താഴേക്ക് പോയി.. ** "ഹലോ..ആരാ..? " അവൾ റൂമിലെ ബെഡ്ഷീറ്റ് മാറ്റി വിരിക്കുകയായിരുന്നു. ഫോൺ റിങ് ചെയ്യുന്നത് കേട്ടു എടുത്തു നോക്കി.unknown നമ്പറിൽ നിന്നുള്ള കാൾ ആയിരുന്നു.സംശയത്തോടെ അറ്റൻഡ് ചെയ്തു.. "നിന്റെ കണവൻ..ആ തെമ്മാടി.. " "എടാ സനു..നീയോ..ഇതേതാ ഈ നമ്പർ.. " സനു ആണെന്ന് കണ്ടതും അവളിൽ സന്തോഷം നിറഞ്ഞു.. "പുതിയതാ..നമ്പർ മാത്രമല്ല.. ഫോണും..താജ് വാങ്ങിച്ചു തന്നതാ.." "അമനോ..എപ്പോ..? " "നീ അന്ന് ഹോസ്പിറ്റലിൽ നിന്നും അങ്ങോട്ടേക്ക് അല്ലേ പോയത്.. അപ്പോ എനിക്ക് വീണ്ടും നിന്നെ മിസ്സ്‌ ചെയ്യൂലെ.. അതോണ്ട് നിന്നെ വിളിക്കാനും സംസാരിക്കാനുമൊക്കെ അന്ന് വാങ്ങിച്ചു തന്നതാ.. " "എന്നിട്ടിപ്പോഴാണൊ വിളിക്കുന്നെ.. എത്ര ദിവസം ആയെടാ ഫോൺ കിട്ടിയിട്ട്..അതെങ്ങനെയാ..ഉള്ള സകല ഗെയിമും കളിക്കുന്നുണ്ടാകും.. അപ്പൊ പിന്നെ നമ്മളെ ഒന്നും ഓർമ്മ ഉണ്ടാകില്ലല്ലോ..നിന്റെ കാര്യം പോട്ടേ..ഇവിടൊരുത്തൻ ഇങ്ങനൊരു കാര്യം എന്നോട് പറഞ്ഞിട്ട് കൂടിയില്ല.. " "ഇത് കൊണ്ട് തന്നെയാവും പറയാത്തത്.

.കാര്യം കേൾക്കുന്നതിന് മുൻപേ നീ ചൂടാവാൻ തുടങ്ങും.. എന്റെ ലൈലൂ.. ഫോൺ കിട്ടിയിട്ട് കാര്യം ഇല്ലല്ലോ..പാത്തും പതുങ്ങിയുമൊക്കെ വേണ്ടേ നിന്നെ വിളിക്കാനും മിണ്ടാനുമൊക്കെ.. ഉമ്മാക്ക് എന്നെ നല്ല വിശ്വാസം ആയിരുന്നു..ഉമ്മാന്റെ സൽ പുത്രനായി അഭിനയിച്ചു അരങ്ങു തകർക്കുവായിരുന്നു ഞാൻ ഇവിടെ..നീ വന്നു പോയതോടെ അതെല്ലാം പോയി കിട്ടി..ഇപ്പം എന്നെ തീരെ വിശ്വാസമില്ല.. എന്തിന്,,കണ്ണിനു കണ്ടൂടാ.. എപ്പോഴും ഞാൻ നിന്റെ ഭാഗത്താണെന്നും പറഞ്ഞു ഒരേ വഴക്കും അടിയുമാ എന്നെ.. സജൂക്കാനെ ജയിലിൽ ആക്കിയത് തന്നെയാ ഉമ്മാന്റെ പ്രധാന പ്രശ്നം..ഇക്കണക്കിനു പോയാൽ ഉമ്മ നിനക്ക് കലക്കി വെച്ച പോലൊരു വിഷം ഞാൻ ഉമ്മാക്ക് കലക്കി വെക്കും..." "അയ്യോ...നീ അത്രയ്ക്ക് ഒന്നും ചിന്തിക്കല്ലേ..ഒന്നുല്ലേലും നിന്റെ ഉമ്മ അല്ലേ..വേണ്ടാത്തത് ഒന്നും ചെയ്തു വെക്കല്ലേ ട്ടോ.. ഞാൻ എത്ര വിളിച്ചതാ ഇങ്ങോട്ടേക്ക്.. വന്നില്ലല്ലോ നീ.. ഇപ്പോഴും നിനക്ക് വരാം..ഞാൻ അമനെ പറഞ്ഞയക്കാം..നീ വാ അവന്റെ ഒന്നിച്ച്..അവനും സന്തോഷമാവും നീ വന്നാൽ..എന്തിനാ വെറുതെ അവിടെ നിന്നു അവരുടെ വായിലും കയ്യിലുമൊക്കെ ഉള്ളത് വേടിച്ചു കൂട്ടുന്നത്.." "അങ്ങോട്ട്‌ വരാൻ ഞാനൊരു കണ്ടിഷൻ പറഞ്ഞിരുന്നു താജ്നോട്..

അതിപ്പോ ഏകദേശം ഓക്കേ ആയെന്നു തോന്നുന്നു.. എന്നാലും ഇപ്പൊ ഞാൻ വരുന്നില്ല ലൈലൂ.. നീ ഇവിടുന്ന് പോയപ്പോ നിന്റെ കമ്പനി മറിച്ചു വിക്കാൻ നോക്കിയവരാ ഉമ്മയും മോനും.. ഇനി ഞാൻ കൂടെ ഇവിടുന്നു പോയിട്ട് വേണമായിരിക്കും ഇവർക്ക് ഈ വീട് കൂടെ വിറ്റു തുലയ്ക്കാൻ..താജ് എത്ര വല്യ മണിച്ചിത്ര താഴ് ഇട്ടു പൂട്ടിയെന്നു പറഞ്ഞിട്ടും കാര്യമില്ല..എന്റെ ഉമ്മയാ ആൾ..അറിയാല്ലോ.. പണത്തിനു വേണ്ടി എന്തും ചെയ്തു കൂട്ടും.അതുകൊണ്ട് ഞാൻ ഇവിടെ വേണം..ഇവരുടെ നീക്കങ്ങൾ ഒക്കെ അറിയാല്ലോ... ശെരി ലൈലു.. വെക്കുവാ..ഉമ്മ കണ്ടാൽ പ്രശ്നമാകും.." അവൾക്ക് സംസാരിച്ചു മതിയായില്ലായിരുന്നു.പിന്നെ അവൻ ആ പെണ്ണും പിള്ളയുടെ കയ്യിൽ പെട്ടു പോകണ്ടന്ന് കരുതി വെക്കുവാണെന്ന് പറയുമ്പോൾ ഒന്നു മൂളിയിട്ട് സമ്മതിച്ചു..ഫോൺ വെച്ചതും ചെയ്തോണ്ടിരുന്ന ജോലി പോലും അവിടെ വിട്ടിട്ട് അവൾ താജ്നെയും തിരഞ്ഞോണ്ട് പോയി.. ** " *എന്റ്റുമ്മാ... " സെറ്റിയിൽ കിടന്ന് ടീവി കാണുന്ന അവൻ ഒരു നിലവിളി കേട്ടിട്ടാണ് തിരിഞ്ഞു നോക്കിയത്..സ്റ്റെയറിന്നു കാലു മറിഞ്ഞു നിലത്തു ഊരയും കുത്തി വീണു കിടക്കുന്ന അവളെ കണ്ടു അവനു ചിരി അടക്കാൻ ആയില്ല..തുടങ്ങി തലങ്ങും വിലങ്ങും ചിരിച്ചു മറിയാൻ..

"ചിരിക്കുന്നോ തെണ്ടി..ഒന്നു വന്നു പിടിക്കടാ..ഉമ്മാ..എന്റെ നടു.. തൊടാൻ മേലായെ.. " നടുവും അമർത്തി പിടിച്ചു കരയുന്നതിന്റെ ഇടയിലും അവനെ നോക്കി കണ്ണുരുട്ടാൻ മറന്നില്ല അവൾ..വേദന കാരണം അവളുടെ മുഖം ചുളിഞ്ഞിരുന്നു.പിന്നെ അവൻ ചിരിക്കാൻ ഒന്നും നിന്നില്ല.. "വാ..എണീക്ക് " എന്നും പറഞ്ഞു അവളുടെ നേരെ കൈ നീട്ടി.. അവന്റെ കൈ പിടിച്ചു എണീക്കാൻ നോക്കിയതും നടുവിൽ നിന്നും ഉളുക്കിയ പോലൊരു വേദന വന്നു.. അവൾ അപ്പൊത്തന്നെ അവന്റെ കയ്യിൽ വെച്ച കൈ പിൻവലിച്ചിട്ട് നടു അമർത്തി പിടിച്ചു ഉമ്മാ ഉപ്പാന്നുമൊക്കെ വിളിച്ചു അലറി കരയാൻ തുടങ്ങി..അവൻ ഒന്നും നോക്കിയില്ല.അവളെ കോരി എടുത്തു കൊണ്ട് പോയി സെറ്റിയിൽ ഇരുത്തി.. "എവിടെ നോക്കിയാടീ നടക്കുന്നെ നീ..ഏതു നേരം നോക്കിയാലും ഓട്ടവും ചാട്ടവും..നിന്നെ വല്ല സർക്കസിലും കൊണ്ട് പോയി ഇടുകയാ വേണ്ടത്.. " "മിണ്ടരുത് നീ.. നീ കാരണമാ ഞാനിപ്പോ വീണത്..നിന്നോട് ആരാ സനുവിന് ഫോൺ വാങ്ങി കൊടുക്കാൻ പറഞ്ഞത്..ഞാൻ പണ്ടേ പറഞ്ഞിട്ട് ഉള്ളതാ ഒപ്പം കൂട്ടി കൂട്ടി നിന്റെ സ്വഭാവം പഠിപ്പിച്ചു കൊടുക്കരുത് അവനെന്ന്..കുട്ട്യോളെ വഷളാക്കാൻ നിന്നെ കഴിഞ്ഞിട്ടേ ആളുള്ളൂ..വാങ്ങിച്ചു കൊടുത്തതോ പോട്ടേ.. എന്നോടൊരു വാക്കു പറഞ്ഞോ.. ഇത്രേം ദിവസം ആയില്ലേ.. ഒന്നു പറഞ്ഞോ നീ അതിനെക്കുറിച്ച്.. ഇപ്പൊ അവൻ പറഞ്ഞപ്പോ ഞാൻ അറിഞ്ഞു.. ഇല്ലെങ്കിലോ..? "

അവൾ അവനെ നോക്കി കൊല്ലാൻ തുടങ്ങി.. "അതിനാണോ ഈ ഓടി വന്നു വീണത്.. " അവളുടെ നോട്ടവും ദേഷ്യവുമൊക്കെ കണ്ടു അവനു ചിരി വരുന്നുണ്ടായിരുന്നു.. "ദേ...ഞാൻ സീരിയസ് ആയി ഒരു കാര്യം ചോദിക്കുമ്പോൾ കളിയാക്കാൻ നിന്നാൽ ഉണ്ടല്ലോ.. എന്തേ എന്നോട് പറയാഞ്ഞേ.. " "ഞാൻ എന്ത് ചെയ്താലും അത് നിന്നോട് പറയണമെന്നുണ്ടോ..? " "ഉണ്ട്..നീ എന്ത് ചെയ്യുന്നുണ്ടേലും അതെനിക്ക് അറിയണം..എന്നോട് പറയണം..അതിനുള്ള അവകാശം എനിക്കുണ്ട്..ഞാൻ നിന്റെ ഭാര്യയാ..അത് മറക്കണ്ട നീ.. ഇപ്പോഴും ഒറ്റത്തടി ഒന്നുമല്ലല്ലോ നീ നിനക്ക് തോന്നുന്നത് മാത്രം ചെയ്തു ജീവിക്കാൻ.. " "ഓ..ഭാര്യയാണോ..അത് ഞാൻ മറന്നു..." "മറക്കും..അല്ലേലും നിനക്ക് എന്നെ ഓർക്കാനും എന്നോട് കാര്യങ്ങൾ പറയാനുമൊക്കെ എവിടെയാ നേരം..ഇരുപത്തി നാലു മണിക്കൂറും ആ സാനിയ മിർസയുടെ ഓർമ്മയല്ലേ.. അവളെയും ഓർത്ത് ഇരിക്കുന്നത് ആണല്ലോ നിന്റെ മെയിൻ പണി..ഇന്നലെ രാത്രിയും ഞാൻ കണ്ടു നീ ചിന്താ വിഷ്ടനായി ഇരിക്കുന്നത്..ഞാൻ വന്നു വിളിക്കുമ്പോൾ അവളെ ഓർത്തിരിക്കുന്നതാണെന്ന് പറയാൻ പറ്റില്ലല്ലോ..അതോണ്ട് അടിയുടെ കാര്യം ചോദിച്ചു.. അഭിനയിക്കാനും എന്നെ പറ്റിക്കാനുമൊക്കെ നല്ല കഴിവാ നിനക്ക്..."

അവളെന്താ പറയുന്നതെന്ന് അവനെന്നല്ല, അവൾക്ക് തന്നെ മനസ്സിലായി കാണില്ല..ഇല്ലാത്ത ഒരു ലോഡ് കാര്യങ്ങൾ ഉണ്ടാക്കി പറഞ്ഞു അവനോട് ദേഷ്യപ്പെട്ടോണ്ടും അവനെ ദഹിപ്പിച്ചോണ്ടും ഇരുന്നു.. "പ്രേമിക്കുമ്പോഴും കെട്ടുമ്പോഴും വിചാരിച്ചു ഒടുക്കത്തെ പെർഫെക്റ്റാ നീയെന്ന്..കംപ്ലീറ്റ് നെട്ടും ബോൾടും ലൂസ് ആണെന്ന് പിന്നെയാ മനസ്സിലായത്..വേദന ഉണ്ടേൽ പോയി വല്ല മരുന്നും എടുത്തു തേക്കടീ.. അല്ലാണ്ട് എന്നെ കടിച്ചു കീറാൻ നോക്കുകയല്ല വേണ്ടത്..പിന്നെ സനൂനു ഫോൺ വാങ്ങിച്ചു കൊടുത്ത കാര്യം.. വഷളാക്കാൻ വേണ്ടി അല്ല.. നല്ല ഉദ്ദേശത്തോടെ തന്നെയാ കൊടുത്തത്..നിനക്ക് അവനെയും അവനു നിന്നെയും മിസ്സ്‌ ചെയ്യാതെ ഇരിക്കാൻ വേണ്ടി..നീ വളർത്തിയ ചെക്കൻ അല്ലേ..അതോണ്ട് ഫോൺ അല്ല.. ഈ ലോകം തന്നെ കൈ വെള്ളയിൽ കിട്ടിയാലും വഴി തെറ്റി പോകില്ല അവൻ.. അതോണ്ട് ആ കാര്യത്തിൽ നീ പേടിക്കണ്ട..അന്നുതന്നെ പറയണമെന്ന് ഉണ്ടായിരുന്നു.. നീ കാരണമാ പറയാത്തത്.. എന്നെ കാണുമ്പോൾ തന്നെ വേണ്ടാത്ത ആരെയോ കാണുന്നത് പോലെയല്ലേ ഒഴിഞ്ഞും മാറിയുമൊക്കെ നടന്നത്..പിന്നീട് ഞാൻ അക്കാര്യം മറക്കേo ചെയ്തു.. അല്ലാണ്ട് നിന്നെയോ നീയെന്റെ ഭാര്യയാണെന്ന കാര്യമോ ഒന്നും മറന്നിട്ടല്ല...കേട്ടോടി വെടക്കേ.."

അവളുടെ തലയ്ക്കിട്ടൊരു കൊട്ട് കൊടുത്തിട്ടു അവൻ അവന്റെ പാടു നോക്കി പോയി..അവൾ ആണേൽ എണീറ്റു ഒരു കൈ കൊണ്ട് നടുവും പിടിച്ചു മറ്റേ കൈ കൊണ്ടു കാൽ മുട്ടും ഉഴിഞ്ഞു ഹാ ഹൂന്നൊക്കെ പറഞ്ഞു എരിവും വലിച്ചോണ്ട് റൂമിലേക്ക് വിട്ടു.. ** "അമൻ..മുന്ന വിളിച്ചിരുന്നു.. എന്തോ മെസ്സേജ് അയച്ചിട്ടുണ്ടെന്ന്.. നോക്കാൻ പറഞ്ഞു.. " കുളി കഴിഞ്ഞു തലയും തുവർത്തിക്കൊണ്ട് ബാത്‌റൂമിൽ നിന്നും ഇറങ്ങുന്ന അവന്റെ അരികിലേക്ക് അവൾ അവന്റെ ഫോണുമായി വന്നു.. "ആാാ..ഇങ്ങ് താ.. " അവൻ ടവൽ അവളുടെ കയ്യിൽ കൊടുത്തിട്ടു അവളുടെ കയ്യിന്ന് ഫോൺ വാങ്ങിച്ചു വാട്സാപ്പ് ഓപ്പൺ ചെയ്തു നോക്കി.. "എന്ത് മെസ്സേജാ..? " അവളും ഫോണിലേക്ക് നോക്കി.. "ഒന്നുല്ല..നാളെ നമ്മൾ ബാംഗ്ലൂർക്ക് പോകും..മമ്മ ഇപ്പൊ എവിടെയാണ് താമസമെന്ന് അന്വേഷിക്കാനും ആ സ്ഥലത്തിന്റെ അഡ്രെസ്സ് സെൻറ് ചെയ്യാനും പറഞ്ഞിരുന്നു ഞാൻ അവനോട്..അവൻ അന്വേഷിച്ചു.. താമസമൊന്നും മാറിയിട്ടില്ല.. പഴയ അഡ്രെസ്സ് തന്നെയാണെന്ന അവൻ പറഞ്ഞത്..ആ അഡ്രെസ്സ് അയച്ചിട്ടുണ്ട്.. " "അത് എന്നോട് ചോദിച്ചാൽ മതിയായിരുന്നല്ലോ.. ഞാൻ പറഞ്ഞു തരുമായിരുന്നില്ലേ. " "അതിന് ഇപ്പോഴും അവിടെ തന്നെയാണ് താമസമെന്ന് ഉറപ്പ് ഒന്നും ഇല്ലായിരുന്നല്ലോ..

അവൻ അന്വേഷിച്ചപ്പോഴല്ലേ അറിഞ്ഞത്.. " "മ്മ്.. " "നീ കണ്ടിട്ട് ഉണ്ടോ എന്റെ മമ്മയെ..." "ഉവ്വ്..ഒരുവട്ടം കണ്ടിട്ടുണ്ട്..റമി എന്നെ വീട്ടിൽ കൊണ്ട് പോയിരുന്നു ഉമ്മയെ പരിചയപെടുത്താൻ വേണ്ടി..പക്ഷെ... " "എന്താ പക്ഷെയിൽ നിർത്തി കളഞ്ഞത്.. " അവൻ നെറ്റി ചുളിച്ചവളെ നോക്കി.. "എന്നെ ഇഷ്ടപ്പെട്ടില്ല ഉമ്മാക്ക്.. " അവൾ മടിച്ചു മടിച്ചു പറഞ്ഞു.. "ഇഷ്ടപ്പെട്ടില്ലേ.. " അവൻ പൊട്ടിച്ചിരിക്കാൻ തുടങ്ങി.. "എന്തിനാ ചിരിക്കണേ.. " അവൾ ദേഷ്യം കൊണ്ട് മുഖം ചുളിച്ചു.. "ഞാൻ ഇഷ്ടപ്പെടുന്ന യാതൊന്നും തന്നെ മമ്മയ്ക്ക് ഇഷ്ട പെടാറില്ല.. അതാണല്ലോ ഞാനും മമ്മയും പിരിയാൻ പ്രധാന കാരണം.. ഇപ്പൊ ദേ നിന്നെയും ഇഷ്ടപ്പെട്ടില്ല.. ബട്ട്‌..റമിയുടെ ടേസ്റ്റും മമ്മയുടെ ടേസ്റ്റും സെയിം ആയിരുന്നല്ലോ.. അവന്റെ ഇഷ്ടങ്ങൾ ആയിരുന്നല്ലോ മമ്മയുടെ ഇഷ്ടങ്ങൾ..പിന്നെ എന്തുകൊണ്ട് നിന്നെ ഇഷ്ടപ്പെട്ടില്ല.. " "നീ പറഞ്ഞതിൽ ഒരു തെറ്റുണ്ട് അമൻ..അവന്റെ ഇഷ്ടങ്ങൾ ആയിരുന്നു മമ്മയുടെ ഇഷ്ടങ്ങൾ എന്നല്ല പറയേണ്ടത്..മമ്മയുടെ ഇഷ്ടങ്ങൾ ആയിരുന്നു അവന്റെ ഇഷ്ടങ്ങൾ എന്നാ.. അതാ കറക്റ്റ്.. അവനൊരു പെണ്ണിനെ ഇഷ്ടപ്പെടുന്നതും പ്രണയിച്ചു നടക്കുന്നതുമൊന്നും അവന്റെ മമ്മയ്ക്ക് ഇഷ്ടപെടില്ലന്ന് മുന്ന ആദ്യമേ പറഞ്ഞിരുന്നു.. പക്ഷെ അപ്പോഴൊക്കെ,,

നീ അതോർത്തു ടെൻഷൻ ഒന്നും ആവണ്ട.. മമ്മയെ ഞാൻ പറഞ്ഞു മനസ്സിലാക്കിക്കോളാം എന്ന് പറഞ്ഞു റമി എന്നെ സമാധാനപ്പെടുത്തി.. പക്ഷെ വീട്ടിൽ പോയപ്പോൾ അതൊന്നും ഉണ്ടായില്ല..ഞാൻ ചെന്നപ്പോൾ ഉമ്മാന്റെ മുഖത്ത് വല്യ തെളിച്ചമൊന്നും കണ്ടില്ല.. സത്യം പറഞ്ഞാൽ നല്ല പ്രതികരണം അല്ലായിരുന്നു കിട്ടിയത്.. പഠിക്കേണ്ട സമയത്ത് പഠിക്കണം, പ്രേമിച്ചു വഴി തെറ്റി നടക്കാൻ പാടില്ല, ഇതിനാണോ വീട്ടുകാർ കോളേജിലേക്ക് പറഞ്ഞു വിടുന്നതെന്നൊക്കെ ചോദിച്ചു ഒരുപാട് അപമാനിച്ചു..അതും മുന്ന മുൻകൂട്ടി പറഞ്ഞിരുന്നു,,, വീട്ടിലേക്ക് ചെന്നാൽ അങ്ങനൊന്നു മാത്രം പ്രതീക്ഷിച്ചാൽ മതിയെന്ന്..റമിയെ ഉമ്മ എങ്ങനെയാ വളർത്തിയതെന്നു നിനക്ക് അറിയുന്നത് അല്ലേ.. ഞാൻ പറഞ്ഞു തരേണ്ടല്ലോ.. ഉമ്മ വരച്ച വരയ്ക്ക് അപ്പുറത്തേക്ക് അവൻ നീങ്ങിയിട്ടില്ല.. പാവം..സ്വന്തം ആഗ്രഹങ്ങളും സ്വപ്നങ്ങളുമൊക്കെ മമ്മയ്ക്ക് അതൊന്നും ഇഷ്ടമല്ലന്ന് പറഞ്ഞിട്ട് എപ്പോഴും മാറ്റി വെച്ചിട്ടേ ഒള്ളൂ അവൻ.. സത്യം പറയാം.. നിനക്ക് ദേഷ്യമൊന്നും തോന്നരുത്.. മുന്നയ്ക്ക് ഇഷ്ടമേ അല്ലായിരുന്നു ഉമ്മയെ..എന്നെ പോട്ടേ..മുന്നയെ പോലും വീട്ടിലേക്ക് ചെല്ലാൻ സമ്മതിക്കാറില്ലായിരുന്നു.. ഉമ്മാന്റെ സ്വഭാവം അങ്ങനെ ആയോണ്ട് റമിക്ക് ഫ്രണ്ട്‌സ്നെയൊക്കെ നഷ്ടപ്പെട്ടു.മുന്ന മാത്രേ ഉണ്ടാരുന്നുള്ളൂ അവനു കൂട്ട്..അതുതന്നെ ഉമ്മ എപ്പോഴും മുന്നയെ കുറ്റം പറയും..

അതൊരുപക്ഷെ മുന്നയ്ക്ക് റമിയുടെ അത്രേമൊന്നും സമ്പത്തും സൗഭാഗ്യമൊന്നും ഇല്ലാത്തോണ്ടാവാം..അഹങ്കാരമായിരുന്നു..തനി അഹങ്കാരം.. കയ്യിലുള്ള പണത്തിന്റെ.. ജോലിയുടെ..സൗന്ദര്യത്തിന്റെ.. അങ്ങനെ ഒരുപാട്..ആ ഉമ്മാനെ മാത്രമേ ഞാൻ കണ്ടിട്ട് ഉള്ളു അങ്ങനൊരു വ്യക്തിത്വത്തിൽ.. " അവൾ പറഞ്ഞു നിർത്തി.. അവനൊന്നും മിണ്ടിയില്ല.മൗനം പാലിച്ചു.. "അമൻ.. എന്താ ഒന്നും മിണ്ടാത്തെ.. വിഷമമായോ..? " "എന്തിന്..നീ പറഞ്ഞിട്ട് വേണോ എനിക്ക് ഇതൊക്കെ അറിയാൻ.. നിന്നെക്കാൾ നന്നായി എല്ലാം അറിയുന്നവനല്ലേ ഞാൻ.. അല്ല.. അറിഞ്ഞവൻ.. അഹങ്കാരി തന്നെയാ.. ആ അഹങ്കാരം കൊണ്ടല്ലേ അന്ന് ഈ വീടിന്റെ പടി ഇറങ്ങി പോയത്..ജീവിക്കാൻ ഡാഡ്ൻറെ ഒരു സഹായവും ആവശ്യമില്ല,,ജീവിത കാലം മുഴുവനും സ്വന്തം കാലിൽ നിൽക്കാൻ പറ്റുമെന്ന ഹുങ്ക്.. അതായിരുന്നു ആ ഇറങ്ങി പോക്കിന് പിന്നിൽ..സത്യമാ.. മമ്മയ്ക്ക് എല്ലാമുണ്ടായിരുന്നു. സമൂഹത്തിൽ നിലയും വിലയും ഉണ്ടായിരുന്നു..അറിയപ്പെടുന്ന ഒരു അഡ്വക്കറ്റാ മമ്മ..പക്ഷെ എന്ത് നേടി.. ആ അഹങ്കാരം കൊണ്ട് ഇന്ന് എന്ത് നേടാൻ കഴിഞ്ഞു... ഡാഡ്നു മുന്നിൽ ഒരുവട്ടം..ഒരേ ഒരുവട്ടം ഒന്നു താണ് കൊടുത്തിരുന്നു എങ്കിൽ ഇന്ന് ഈ വീട്ടിൽ എല്ലാരും ഒത്തൊരുമിച്ചു ഉണ്ടായേനെ.. മമ്മയും റമിയും അങ്ങനെ എല്ലാവരും...നിന്റെ ചില നേരത്തെ സ്വഭാവം കാണുമ്പോൾ എനിക്ക് മമ്മയെയാ ഓർമ്മ വരുക..

അന്നത്തെ ഡാഡ്നേക്കാൾ ഏറെ വാശി ഉണ്ട് ഇന്നത്തെ എനിക്ക്.. എന്നിട്ടും ഞാൻ നിന്റെ മുന്നിൽ ചില നേരത്തൊക്കെ ദേഷ്യം നിയന്ത്രിച്ച് നിൽക്കുന്നത് അന്നൊരു വട്ടം ഈ വീട്ടിൽ സംഭവിച്ചത് ഇനിയൊരു വട്ടം കൂടെ സംഭവിക്കാതെ ഇരിക്കാൻ വേണ്ടിയിട്ടാ..അല്ലാണ്ട് നിന്നെ നിലയ്ക്കു നിർത്താൻ എനിക്ക് അറിയാഞ്ഞിട്ടൊന്നുമല്ല.. " "ഓ.. പിന്നെ..ഒന്നു പോയെ അവിടെന്ന്.. പെണ്ണുങ്ങൾക്ക് മാത്രം അല്ല,,ആണുങ്ങൾക്കും താണ് കൊടുക്കാം..ഒന്നു താഴുന്നതിലാണ് പ്രശ്നം പരിഹാരമാകുന്നതെങ്കിൽ,, എല്ലാം ശെരിയാകുന്നത് എങ്കിൽ എന്ത് കൊണ്ടും ഒരുവട്ടം താണ് കൊടുക്കാം അമൻ..അതിൽ നിങ്ങൾ കരുതുന്നത് പോലെ അത്ര വല്യ തോൽവിയൊന്നുമില്ല..സത്യം പറഞ്ഞാൽ യാഥാർഥ വിജയം ആ താഴ്മയായിരിക്കും..ഞാൻ നിന്റെ മമ്മയെ ന്യായീകരിക്കുന്നത് ഒന്നുമല്ല..പക്ഷെ തെറ്റ് നിങ്ങളുടെ ഭാഗത്തും ഉണ്ട്.. ഉമ്മ പടി ഇറങ്ങുമ്പോൾ ഉപ്പാക്ക് തിരിച്ചു വിളിക്കാമായിരുന്നല്ലോ.. പോവല്ലേ മമ്മാന്നും പറഞ്ഞു നിനക്ക് തടയാമായിരുന്നല്ലോ.. രണ്ടുപേരും ചെയ്തില്ല. എന്താ കാരണം. ഇപ്പൊ പറഞ്ഞ ഈ അഹങ്കാരവും അഭിമാനവുമൊക്കെ തന്നെയല്ലേ.. വെറും ആറോ ഏഴോ വയസ്സ് മാത്രം പ്രായമായ നിനക്ക് അത്രേം അഭിമാനം ഉണ്ടായിരുന്നു എങ്കിൽ നിന്റെ മമ്മയ്ക്ക് എത്ര ഉണ്ടായിക്കാണും..

നിനക്ക് ദേഷ്യം വന്നാലും വേണ്ടില്ല. ഒന്നു കൂടെ ഞാൻ പറയാം.. ഉപ്പയാ നിന്നെ വളർത്തിയതെങ്കിലും നിനക്ക് ഉമ്മയുടെ സ്വഭാവമാ.. ഉമ്മ വളർത്തിയ റമിക്കു ഒരു ഇത്തിരി പോലും അഹങ്കാരമോ വാശിയോ ഒന്നും ഇല്ല.. സാധുവായിരുന്നു അവൻ.. പക്ഷെ നിനക്ക് നല്ലോണമുണ്ട്..അഹങ്കാരത്തിൽ നിന്റെ ഉമ്മാന്റെ തനി പകർപ്പാ നീ.. " അവനെ കുറ്റം പറയാൻ കിട്ടിയ ചാൻസ് എന്നപോലെ അവൾ ഓരോന്നു പറഞ്ഞു കുപ്പിവള കിലുക്കം പോലെ ചിരിക്കാൻ തുടങ്ങി.. "ഡീീീ... " അവന്റെ മുഖം ദേഷ്യം കൊണ്ട് ചുമന്നു.. "എന്തെടാ..സത്യമല്ലെ ഞാൻ പറഞ്ഞത്.. " "അതേടി..എനിക്ക് അഹങ്കാരമാ.. അതിന് നിനക്ക് എന്താ.. നിന്റെ പേരിലുള്ള സ്വത്തു കളഞ്ഞു ഉണ്ടാക്കി എടുത്തത് ഒന്നും അല്ലല്ലോ ഞാനത്.. നിനക്ക് എന്താടി നഷ്ടമുള്ളത്.. ചൊറിയാൻ നിക്കാതെ പൊക്കോണം അവിടെന്ന്.. "

അവൻ അവളെ കനപ്പിച്ചു ഒന്നു നോക്കിയിട്ട് കണ്ണാടിക്ക് മുന്നിലേക്ക് നിന്നു വിരലിട്ടു തല മുടി കുടയാൻ തുടങ്ങി.. "പിണങ്ങാതെ മുത്തേ..നാളെ എപ്പോഴാ പോകുന്നെ എങ്ങനെയാ പോകുന്നെന്നൊക്കെ പറാ.. ബാംഗ്ലൂർക്ക് പോകുന്നെന്ന് കേട്ടപ്പോഴേ നെഞ്ച് ഇടിക്കാൻ തുടങ്ങി..അതാ.. " അവൾ അവന്റെ അരികിലേക്ക് വന്നു.. "എന്തിനാ നെഞ്ച് ഇടിക്കുന്നെ.. ഭയപ്പെടുന്നതു എന്തിനാ നീ.. നിന്റെ രണ്ടാമത്തെ ലക്ഷ്യം കൂടെ പൂർത്തിയാവാൻ പോകുവല്ലേ.. സന്തോഷിക്കുകയല്ലേ വേണ്ടത്.. " "സന്തോഷം തന്നെയാ.. എന്നാലും.. " "ഒരെന്നാലുമില്ല.. നിന്റെ ടെൻഷനൊക്കെ എനിക്ക് മനസ്സിലാകും.. നിന്നെ അപമാനിക്കാനോ കുത്തി നോവിക്കാനോ ഞാൻ ആരെയും അനുവദിക്കില്ല.. " അവൻ അവളെ തന്നോട് ചേർത്തു പിടിച്ചു.അവൾ നാളെത്തെ ദിവസത്തെയും ഓർത്ത് നിറഞ്ഞ മനസ്സോടെ അവന്റെ നനവാർന്ന നെഞ്ചിലേക്ക് മുഖം ചായിച്ച് നിന്നു.........തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story