ഏഴാം ബഹർ: ഭാഗം 80

ezhambahar

രചന: SHAMSEENA FIROZ

"ഉമ്മാ..ഇത്...." അവൾ തരിച്ചു പോയിരുന്നു.. കയ്യിലെ ഡിവോഴ്സ് പേപ്പറിൽ നിന്നും നിറ മിഴികൾ ഉയർത്തി മുംതാസ്നെ നോക്കി.. "ഉമ്മയല്ല..മുംതാസ്..അഡ്വക്കറ്റ് മുംതാസ്..അറിയില്ല നിനക്ക് എന്നെയും എന്റെ അധികാരത്തേയും..അറിയാൻ പോകുന്നതെ ഉള്ളു നീ.. എത്രയും പെട്ടെന്ന് പറഞ്ഞത് ചെയ്തോണം..ഇല്ലേൽ നീ ഇറങ്ങുന്നതും കാത്ത് നിക്കില്ല ഞാൻ..കഴുത്തിനു പിടിച്ചു വെളിയിൽ തള്ളും..അതിനി ആരൊക്കെ എതിർത്താലും.." മുംതാസ്ന്റെ മുഖത്തു വല്ലാത്തൊരു തരം വാശി നിറഞ്ഞിരുന്നു.ഭീഷണിയുടെ സ്വരം മുഴക്കിയിട്ട് അവളെ പുച്ഛിച്ചു കടന്നു പോയി..അവൾക്ക് എന്ത് ചെയ്യണമെന്ന് അറിഞ്ഞില്ല..ആകെ തളർന്നു പോയിരുന്നു..വീഴാതെ ഇരിക്കാൻ വേണ്ടി സൈഡിലുള്ള സിമെന്റ് ബെഞ്ചിൽ വിരലുകൾ മുറുക്കി..കുറച്ച് നേരം ആ നിൽപ് തുടർന്നു.ചിന്തകൾ ഒരുപാട് ദൂരം സഞ്ചരിച്ചിരുന്നു.ഒരു തീരുമാനം മനസ്സിൽ ഉയർന്നു വന്നതും കണ്ണുകൾ അമർത്തി തുടച്ചു അവൾ വീടിന്റെ സീറ്റ്‌ ഔട്ടിലേക്ക് കയറി.. **

നേരം വൈകുന്നേരം കടന്നു പോയി പിറ്റേ ദിവസം ഉച്ചയായി..മനസ്സ് ആകെ കലങ്ങി മറിഞ്ഞിരിക്കുന്നതു കാരണം അവളുടെ പ്രവർത്തികളെല്ലാം യാന്ത്രികമായിരുന്നു..ശ്വാസം വിടുന്നത് പോലും ആർക്കോ വേണ്ടിയെന്ന പോലെ.. ടെറസിൽ നിന്നും ഉണങ്ങിയ തുണികളുമായി അവൾ മുറിയിലേക്ക് വന്നു..താജ് കട്ടിലിൽ ചാരിയിരിക്കുകയാണ്..മടിയിൽ കുറച്ച് ഫയൽസ് ഉണ്ട്.അവൾ കയ്യിലെ തുണികൾ ബെഡിൻറെ ഒരു വശത്തിട്ടു.അറിയാതെ പോലും അവനെ നോക്കിയില്ല.അവൻ അങ്ങനൊരുത്തൻ അവിടെ ഉണ്ടെന്നേ നടിച്ചില്ല അവൾ..വേഗം പുറത്തേക്ക് നടന്നു.. "ഒന്ന് അവിടെ നിന്നേ നീ.. " പുറകിൽ നിന്നും താജ്ൻറെ ശബ്ദം ഉയർന്നു..അവളുടെ കാലുകൾ നിശ്ചലമായി.പക്ഷെ തിരിഞ്ഞു നോക്കിയില്ല.. "ഇനി ഇങ്ങോട്ട് വരാൻ പ്രത്യേകം പറയണോ നിന്നോട്.. " അവന്റെ സ്വരം കടുത്തിരുന്നു.. അവളുടെ കണ്ണുകൾ കലങ്ങിയിരിക്കുകയാണ്..അത് അവൻ കാണുമോന്നുള്ള ഭയമായിരുന്നു അവൾക്ക്.. വിളിച്ചിട്ട് പോകാതെ നിന്നാലുള്ള അവന്റെ പ്രതികരണം എന്താവുമെന്ന് അവൾക്ക് ഊഹിക്കാവുന്നതേയുള്ളൂ..

അവൾ നെഞ്ചിടിപ്പോടെ തിരിഞ്ഞു നോക്കി.. അവൻ അവളെ നോക്കുന്നില്ല..ശ്രദ്ധ മുഴുവനും കയ്യിൽ ഇരിക്കുന്ന ഫയലിലാണ്..അവൾ പതുക്കെ അവന്റെ അരികിലേക്ക് നടന്നു.. "എ..എന്താ..?" അവളുടെ സ്വരം വളരെ താണതായിരുന്നു.. "അവിടെന്ന് ഇവിടേക്ക് വരാൻ എത്ര സമയം വേണം.." അവൻ ഫയലിൽ നിന്നും മുഖം ഉയർത്താതെ തന്നെ ചോദിച്ചു.. അവൾ ഒന്നും മിണ്ടിയില്ല.. മൗനമായി നിന്നു.. "ചോദിച്ചത് കേട്ടില്ലേ നീ.. " അവൻ ഗൗരവത്തോടെ മുഖം ഉയർത്തി അവളെ നോക്കി.. "ഉവ്വ്.. " അവൾ തല കുനിച്ചു നിന്നു.. "പിന്നെന്താ നിനക്ക് മറുപടി പറയാനൊരു മടി..ആ..അത് പോട്ടേ..ഞാൻ ഇവിടിരിക്കുന്നത് നീ കണ്ടതാണോ അല്ലയോ.? " "അത് അമൻ.. " അവൾ ശെരിക്കും മുഖം കൊടുക്കാതെ നിന്നു തപ്പി തടയാൻ ഒരുങ്ങിയതും അവൻ കൈ ഉയർത്തി തടഞ്ഞു.. "കണ്ടതാണോ ഇല്ലയോ..? " "മ്മ്..കണ്ടു.." "എന്നിട്ടെന്താ നോക്കാതെയും മിണ്ടാതെയും പോകാൻ ഒരുങ്ങിയത്.." അവൾക്ക് ഉത്തരം ഇല്ലായിരുന്നു.. "നിന്നോടാ ഞാൻ ചോദിക്കുന്നത്.. "

അവൻ ദേഷ്യത്തോടെ എഴുന്നേറ്റു അവളുടെ തൊട്ടു മുന്നിൽ നിന്നു.. അവൾ അപ്പൊത്തന്നെ തിരിഞ്ഞു നിന്നു കളഞ്ഞു.. "എന്താ നിനക്ക്...എന്താടി നിനക്ക് പറ്റിയത്.." അവൻ അവളുടെ കൈ മുട്ടിൽ പിടിച്ചു വലിച്ചിട്ടു അവളെ തിരിച്ചു തന്റെ നേർക്ക് തന്നെ നിർത്തിച്ചു.. "എ..എന്ത്..എന്ത് പറ്റാൻ..നീ..നീ വിട്ടേ..ജോലി കിടപ്പുണ്ട് താഴെ.. " അവൾ ഒഴിഞ്ഞു മാറാൻ ശ്രമിച്ചു.. "എന്ന് പഠിച്ചെടീ നീ ഈ കള്ളത്തരം.. എന്നെ നേരിടുന്നതു പോയിട്ട് എന്റെ മുഖത്തു നോക്കി സംസാരിക്കാൻ പോലും കഴിയുന്നില്ല നിനക്ക്..അതിനും മാത്രം എന്ത് വേദനയാ നിന്റെ ഉള്ളിൽ ഉള്ളത്..? നോക്കടി ഇങ്ങോട്ട്..മുഖത്തു നോക്കി പറയെടി ഒന്നുമില്ലന്ന്.." അവൻ അവളുടെ കൈ തണ്ടയിൽ അമർത്തി പിടിച്ചു വേദനിപ്പിച്ചു കൊണ്ട് ചോദിച്ചു..എന്നിട്ടും അവൾ അവന്റെ മുഖത്തേക്ക് നോക്കിയില്ല.. "നോക്കാൻ അല്ലേടി പറഞ്ഞത്.. " ദേഷ്യം ഇരച്ചു കയറിയ അവൻ അവളുടെ മുഖം ഞെക്കി പിടിച്ചു കൊണ്ട് തന്റെ നേർക്ക് ഉയർത്തി.. അവന്റെ കണ്ണിൽ ആദ്യം കയറിയത് അവളുടെ ചുവന്നു കലങ്ങിയ മിഴികളാണ്..അത് അവന്റെ ഉള്ളിൽ ഒരു പിടച്ചിൽ സൃഷ്ടിച്ചു..

പക്ഷെ ദേഷ്യം വർധിച്ചതേയുള്ളൂ.. "പറയെടി..എന്താ നിനക്ക്..ഇന്നലെ വൈകുന്നേരം മുതൽ തുടങ്ങിയതാ നീ ഇത്..ഞാൻ നിന്നെ ശ്രദ്ധിക്കുന്നില്ലന്നാണോ നിന്റെ വിചാരം..? വൈകുന്നേരം കോഫി കൊണ്ട് തന്നപ്പോഴും ഇതേ മൗനവും ഒഴിഞ്ഞു മാറലും..രാത്രിയിൽ വിശപ്പില്ല,ഭക്ഷണം വേണ്ടാന്ന് പറഞ്ഞു മാറി നിന്നു..മുറിയിലെ അവസ്ഥയും വല്യ മാറ്റമൊന്നും ആയിരുന്നില്ല..ഞാൻ വരുമ്പോഴേക്കും ഉറങ്ങി..അല്ല ഉറക്കം നടിച്ചു കിടന്നു നീ..ഇല്ലേൽ ഞാൻ എന്ത് വർക്കിൽ ആണേലും അത് കഴിയാൻ കാത്തു നിക്കും.. എന്നോട് മിണ്ടാതെയും പറയാതെയും വഴക്ക് ഇടാതെയും ഉറക്കം വരില്ല നിനക്ക്..ആ നീയാ ഇന്നലെ..എന്നാൽ രാവിലേക്ക് എങ്കിലും ശെരിയാകുമെന്ന് കരുതി.. എവിടെ..നിന്റെ അകൽച്ച കൂടിയതേയുള്ളൂ..ഞാൻ കുളി കഴിഞ്ഞു വരുമ്പോഴേക്കും കോഫി ടേബിളിൽ വെച്ചിട്ട് പോയിരിക്കുന്നു..ബാത്‌റൂമിൽ നിന്നും ഇറങ്ങിയ ആ തണുപ്പിലും ഞാൻ നിന്നു പൊള്ളി..നിനക്ക് എന്താ പറ്റിയതെന്ന് അറിയാതെ.. ജോലിയൊക്കെ ഒഴിഞ്ഞു ഒരു നേരം ഒഴിവ് കിട്ടുമ്പോൾ ഓടി മുറിയിലേക്ക് വന്നു എന്നെ ഒന്നും രണ്ടും പറഞ്ഞു

ദേഷ്യം പിടിപ്പിച്ചിട്ട് പിന്നെ ആ ദേഷ്യം മാറ്റാൻ എന്നെ ഒട്ടിയിരുന്നു കൊഞ്ചുന്ന നീയാ ഇപ്പൊ എന്റെ മുന്നിൽ ഇപ്പൊ ഇങ്ങനെ നിൽക്കുന്നത്..എന്നോട് പറയാതെ ഉള്ളിൽ ഒതുക്കി വെച്ചിരിക്കുന്നത് ചെറിയ കാര്യമൊന്നുമല്ല നീ..വലുത് തന്നെയാ..അതാ നീ ഇത്രയ്ക്കും മാറ്റം കാണിക്കാൻ..പറയെടി.. ആർക്കു വേണ്ടിയാ ഇപ്പൊ ഈ അകൽച്ച..ആരു പറഞ്ഞിട്ടാ ഇപ്പൊ ഈ ഒഴിഞ്ഞു മാറ്റം..പറയാൻ.. " ചോദിക്കുന്തോറും അവളുടെ മുഖത്തു അമർന്നിരിക്കുന്ന അവന്റെ വിരലുകളുടെ ശക്തി കൂടി..അവൾക്ക് വേദന സഹിക്കാൻ പറ്റുന്നില്ലായിരുന്നു..കണ്ണുകൾ നിറഞ്ഞു ഒഴുകാൻ തുടങ്ങി.. എപ്പോഴും അവനു കാണാൻ കഴിയാത്തത് ആ കണ്ണുനീരാണ്.. എന്നിട്ടും അവൻ പിടിച്ചു നിന്നു.. "പറയുന്നതാ നിനക്ക് നല്ലത്... അല്ലെങ്കിൽ ദേ ഇങ്ങനെ വേദനിച്ചു കൊണ്ടിരിക്കും നീ..അറിയാല്ലോ എന്നെ.. " "ഞാൻ...ഞാൻ പറയാം... വി..വിട്...വയ്യാ..." അവൾ എങ്ങനൊക്കെയോ പറഞ്ഞൊപ്പിച്ചു..അവന്റെ വിരലുകൾ അയഞ്ഞു വന്നു.. അവൾക്ക് തീരെ വയ്യായിരുന്നു..

ശരീരം ആകെ വിയർത്തിരുന്നു.. തളർച്ചയോടെ ബെഡിലേക്ക് ഇരുന്നിട്ടു കവിളും താടിയുമൊക്കെ പതുക്കെ തൊട്ടു നോക്കി..വേദന കാരണം കണ്ണിൽ നിന്നും പൊന്നീച്ച മാറിപ്പോയി അവൾക്ക്.. "പറയുന്നുണ്ടോ നീ.." അവൻ അവളുടെ വേദനയൊന്നും വക വെച്ചില്ല..കാര്യം അറിയണം.. അത് മാത്രമായിരുന്നു ഇപ്പോൾ വേണ്ടത്.പറയാന്നു പറഞ്ഞെങ്കിലും എന്ത് പറയണമെന്ന് അവൾക്ക് അറിയില്ലായിരുന്നു.കാര്യം അറിഞ്ഞാൽ പിന്നെ അവനെ നിയന്ത്രിക്കാൻ കഴിയില്ല.നേരെ ഉമ്മാന്റെ അടുത്തേക്ക് ഒരു പോക്കായിരിക്കും.പിന്നെ എന്തൊക്കെയാ നടക്കുകയെന്ന് ഓർക്കാൻ കൂടെ വയ്യാ..അവളൊരു നിമിഷം എന്ത് ചെയ്യുമെന്നോർത്തിരുന്നു.. "നീയെന്റെ ക്ഷമ പരീക്ഷിക്കുകയാണോ ലൈല.. ഇനിയൊരു വട്ടം ഈ കൈ നിന്റെ നേർക്ക് നീണ്ടു വന്നാൽ ആ വേദന നീ താങ്ങിയെന്ന് വരില്ല.. " അവന്റെ ശബ്ദം അവളെ വിറ കൊള്ളിച്ചു.പേടിയോടെ വേണ്ടാന്നുള്ള അർത്ഥത്തിൽ വേഗം മുഖം പൊത്തി പിടിച്ചു.. "എന്നാൽ പറയ്.." അവൻ അക്ഷമനായ് നിന്നു..

മടിയോടെയും അതിലേറെ ഇനി എന്ത് ഉണ്ടാകുമെന്ന ആകുലതയോടെയും അവൾ ഇന്നലെ മുംതാസ് പറഞ്ഞ കാര്യങ്ങളും ഡിവോഴ്സ് കയ്യിൽ ഏല്പിച്ചതും അവനോട് പറഞ്ഞു.. "ഓ..അപ്പോൾ നിന്റെ ഭർത്താവായ എന്നേക്കാൾ നിനക്ക് വിശ്വാസം നിന്നെ ഇവിടുന്ന് പുറം തള്ളാൻ ശ്രമിക്കുന്ന എന്റെ മമ്മയെ ആണല്ലേ..? " "അത് അമൻ.." "അതേടി..അമൻ തന്നെയാ..നിന്റെ മുന്നിൽ അമൻ ആയി നിൽക്കുന്നത് കൊണ്ടുള്ള കുഴപ്പമാ ഇത്..ബാക്കി എല്ലാവർക്കും മുന്നിൽ നിൽക്കുന്നത് പോലെ താജ് ആയി നിന്റെ മുന്നിൽ നിന്നിരുന്നു എങ്കിൽ എപ്പോഴേ നീ നന്നായേനെ.. സ്വന്തം ജീവനേക്കാൾ ഏറെ സ്നേഹിച്ചു താഴത്തും തലയിലും വെക്കാതെ കൈ വെള്ളയിൽ കൊണ്ട് നടക്കുന്നത് കൊണ്ടാ നീ ഇങ്ങനെ.. " "ഞാൻ..അങ്ങനെയല്ല..ഞാനൊന്നു പറഞ്ഞോട്ടെ... " "വേണ്ടാ..ഒരക്ഷരം മിണ്ടി പോകരുത് നീ..മമ്മ അതൊക്കെ പറഞ്ഞപ്പോൾ നീയങ്ങു വിശ്വസിച്ചു...മമ്മ പണ്ടെങ്ങോ ആർക്കോ ഒരു വാക്ക് കൊടുത്തെന്ന പേരിൽ ഞാൻ അവളെ ഇരു കയ്യും നീട്ടി സ്വീകരിച്ചു നിന്നെ ഇവിടുന്ന് ചവിട്ടി പുറത്താക്കുമെന്ന് വിചാരിച്ചോ നീ..മമ്മ പറഞ്ഞതൊക്കെ കേട്ടു എന്നോട് അകൽച്ച കാണിക്കാൻ നിനക്ക് എങ്ങനെ കഴിഞ്ഞു..

അപ്പോൾ മറ്റൊരുത്തി ഇവിടേക്ക് വന്നാൽ അല്ലെങ്കിൽ ഒരുത്തിയുടെ പേര് നമ്മൾക്കിടയിലേക്ക് വന്നാൽ തീരുന്നതേ ഒള്ളോ നിനക്ക് എന്നോടുള്ള സ്നേഹം.. " "അമൻ..അങ്ങനെയൊന്നും അല്ല.. എനിക്ക് പറയാൻ ഉള്ളത് ഒന്ന് കേൾക്ക്.. " അവൾ എഴുന്നേറ്റു അവന്റെ മുന്നിൽ നിന്നു കെഞ്ചി.. "വേണ്ടാന്ന് പറഞ്ഞില്ലേ..മിണ്ടി പോകരുതെന്നല്ലേ പറഞ്ഞത് നിന്നോട്.." അവൻ കോപം കൊണ്ട് അലറുകയായിരുന്നു.. അവന്റെയാ ഭാവത്തിൽ അവൾ ഭയന്ന് വിറച്ചു രണ്ടടി പുറകിലേക്ക് മാറി..അവളുടെ കണ്ണുകൾ വല്ലാതെ തോരുന്നുണ്ടായിരുന്നു.അത് കാണാൻ വയ്യായിരുന്നു അവന്.. വിരലുകൾ ഞെരിച്ചു ഒരുനിമിഷം കണ്ണടച്ച് നിന്നു അവൻ സ്വയം നിയന്ത്രിച്ചു.. "ആവശ്യമില്ലാത്ത കാര്യങ്ങൾ പറഞ്ഞും ചെയ്തും എന്നെ ദേഷ്യം പിടിപ്പിക്കരുത് എന്ന് ഒരു നൂറാവർത്തി ഞാൻ നിന്നോട് പറഞ്ഞിട്ട് ഉള്ളതാ..അത് താങ്ങാൻ നിനക്ക് കഴിയില്ല ലൈല..നിന്റെ കണ്ണുനീർ കാണാൻ എനിക്കും.. അതുകൊണ്ട് ഇതുപോലെയുള്ള അവസരങ്ങൾ ദയവു ചെയ്തു നീ ഉണ്ടാക്കരുത്..മമ്മയ്ക്ക് ഒരു ബ്രദറും അയാൾക്ക്‌ ഒരു മകൾ ഉണ്ടെന്നതും മമ്മ വാക്ക് കൊടുത്തെന്നതുമൊക്കെ നേരാ.. അത് പക്ഷെ ഞാനുമായി അല്ല.. റമിയുമായി അവളെ വിവാഹം കഴിപ്പിക്കാമെന്ന മമ്മ പറഞ്ഞിട്ടുള്ളത്..

മമ്മയ്ക്ക് ഈ ലോകത്ത് ഏറ്റവും വലുത് റമിയായിരുന്നു..പക്ഷെ അതിനേക്കാൾ വലുത് ആയിരുന്നു ആ സഹോദരനും അയാളുടെ മകളും..അങ്ങനെയുള്ള അവളെ എന്നെക്കൊണ്ട് വിവാഹം ചെയ്യിപ്പിക്കാമെന്ന് മമ്മ പറയുമോ.. റമി ഉള്ളപ്പോൾ മമ്മ അവളെ എനിക്ക് തരുമോ..? അത് ചിന്തിക്കാനുള്ള ബുദ്ധി പോലും ഇല്ലെ നിനക്ക്..ആ പെണ്ണ് എന്റെ ഓർമ്മയിൽ പോലുമില്ല.. അന്ന് എനിക്ക് ആറോ ഏഴോ വയസ്സ് പ്രായം..ആ പെണ്ണിന് ആണേൽ മൂന്നോ നാലോ ആയി കാണും.. അതിന്റെ മുഖം പോലും എനിക്ക് ഓർമ്മയില്ല..പക്ഷെ അതിന്റെ വികൃതികളൊന്നും ഞാൻ മറന്നിട്ടില്ല..അന്നേ കണ്ണിനു കണ്ടൂടാ എനിക്ക് ശവത്തെ.. പിന്നെയല്ലേ ഇന്ന്..അവൾ ഇപ്പോ എവിടെയാണെന്നോ എങ്ങനെയാണെന്നോ എന്താണെന്നോ ഒന്നും എനിക്കറിയില്ല..അറിയേo വേണ്ടാ.. ഇവിടേക്ക് വരുകയും വേണ്ടാ ആ പിശാശ്.. " "പക്ഷെ അമൻ..ഉമ്മാക്കും കാണില്ലേ ആഗ്രഹങ്ങൾ..നീ പറഞ്ഞത് ശെരിയായിരിക്കും..റമിക്കായി കരുതി വെച്ചതായിരിക്കും ഉമ്മ ആ കുട്ടിയെ..പക്ഷെ ഇന്ന് റമിയില്ലല്ലോ.. മരണപ്പെട്ടു പോയില്ലേ..

ഉമ്മാന്റെ ആഗ്രഹങ്ങളും സ്വപ്നങ്ങളുമൊക്കെ തകർന്നില്ലേ.. അതിനൊക്കെ കാരണക്കാരി ഞാനല്ലേ..ഉമ്മ പറയുന്നതിലും ശെരിയില്ലേ... " "എന്താ..എന്താ നീ പറഞ്ഞു വരുന്നത്.. ഇവിടേക്ക് കെട്ടി എടുക്കാൻ പോകുന്ന ആ ജന്തുവിനെ ഞാൻ കെട്ടണമെന്നോ..നിന്നെ മറന്ന് ഞാൻ അവൾക്ക് ഒപ്പം സുഖിച്ചു ജീവിക്കണമെന്നോ..? ആണോടീ.. പറാ..ആണോന്ന്.. " ഒരുവിധം നിയന്ത്രിച്ചിരുന്ന അവന്റെ ദേഷ്യം വീണ്ടും തലയിൽ കയറി..അവളുടെ രണ്ടു ചുമലിലും പിടിച്ചു കുലുക്കി അലറി ചോദിച്ചു അവൻ..അവൾ ഒന്നും മിണ്ടിയില്ല.. തല കുനിച്ചു ആണെന്ന് തലയാട്ടി.. "ഇങ്ങനെ തല കുനിച്ചു നിന്നിട്ടല്ല.. തല ഉയർത്തി മുഖത്തേക്ക് നോക്കി,,നിന്റെ വായ തുറന്നിട്ട്‌ ഉറച്ച ശബ്ദത്തിൽ പറയെടി ആണെന്ന്..ഞാൻ മറ്റൊരുത്തിയെ വിവാഹം ചെയ്യണമെന്ന് എന്റെ ഈ മുഖത്തേക്ക് നോക്കി ഉറച്ചു തന്നെ പറയെടി നീ...അതിന് നിനക്ക് കഴിയുമെങ്കിൽ ഞാൻ നിന്നെ അനുസരിച്ചോളാം.." അവന്റെ ശബ്ദം ആ മുറിയാകെ പ്രകമ്പനം കൊണ്ടിട്ടും അവളൊരു അക്ഷരം പോലും ഉരിയാടാതെ കണ്ണ് നിറച്ചു കൊണ്ട് നിന്നു..

"നിനക്ക് കഴിയില്ല..നീ പറയില്ല.. എന്റെ മുഖത്തേക്ക് പോലും നോക്കില്ല നീ..കാരണം നീ എത്രയൊക്കെ ഒളിക്കാൻ ശ്രമിച്ചാലും നിന്റെ കണ്ണുകൾ കാട്ടി തരും എനിക്ക് നിന്റെ ഉള്ളം.. അതുകൊണ്ട് ഇക്കാര്യത്തിൽ ഇനി നീയും ഞാനും തമ്മിലൊരു സംസാരമില്ല..ഇനിയുള്ളത് ഞാനും മമ്മയും തമ്മിൽ.. " കൊടുങ്കാറ്റ് പോലെ പോകാൻ ഒരുങ്ങിയ അവന്റെ കയ്യിൽ അവളുടെ പിടിവീണു..അവൻ ചുവന്നു മുറുകിയ മുഖത്തോടെ എന്തെന്നുള്ള അർത്ഥത്തിൽ നോക്കിയതും അവൾ വേണ്ടന്ന് പറഞ്ഞു തലയാട്ടി..അവളുടെ കണ്ണുകൾ യാചിക്കുന്നത് അവൻ കണ്ടു.പക്ഷെ വക വെച്ചില്ല.. "വേണോ വേണ്ടയോന്ന് ഞാൻ തീരുമാനിക്കും..ഡിവോഴ്സ് എവിടെ..എടുക്ക്.." അവൻ അവളുടെ പിടിയിൽ നിന്നും കൈ വലിച്ചെടുത്തു. "ഡിവോഴ്സ്...അത് ഞാൻ..." അവൻ അത് ഇപ്പോൾ ചോദിക്കുമെന്ന് അവൾ കരുതിയിരുന്നില്ല..നിന്നു പരിഭ്രമപ്പെട്ടു.. "അത് നീ..? എന്താ തിന്നു കളഞ്ഞോ നീയത്...പെട്ടെന്ന് എടുക്കടീ.. " അവന്റെ ഒച്ച ഉയർന്നതും അവൾ വേഗം ചെന്നു ഷെൽഫ് തുറന്നു ഡ്രെസ്സിനടിയിൽ നിന്നും പേപ്പർസ് എടുത്തു..

പക്ഷെ അത് അവനു കൊടുക്കുമ്പോൾ ആ വേഗത ഉണ്ടായില്ല അവൾക്ക്.. കൈകാലുകൾ വിറച്ചു..നെഞ്ചിടിപ്പ് വർധിച്ചു..ശ്വാസം വിടാൻ പോലും ഭയന്നു.അവൾ നീട്ടുന്നതിന് മുൻപേ അവൻ അത് പിടിച്ചു വാങ്ങിച്ചിരുന്നു.. "എടീ... " അത് തുറന്നു നോക്കിയ അവൻ അലറിയതും അവളുടെ മുഖത്തേക്ക് ഇട്ടു ഒരെണ്ണം പൊട്ടിച്ചതുമെല്ലാം ഒരുമിച്ചായിരുന്നു.. "അപ്പോ...അപ്പോ എല്ലാം തീരുമാനിച്ചുറപ്പിച്ചിട്ടായിരുന്നു നീ.. അല്ലേ..? " അവൾ ഒന്നും മിണ്ടിയില്ല..കൈ കവിളിൽ വെച്ചു ചുണ്ട് വിതുമ്പി കരഞ്ഞു.. "മമ്മ ഇത് തരുമ്പോൾ നീ വാങ്ങിച്ചത് ആദ്യത്തെ തെറ്റ്..ഞാൻ ചോദിക്കുന്ന ഈ നേരം വരെ എന്നോട് ഇതിനെക്കുറിച്ച് ഒരു അക്ഷരം പോലും പറയാതെ നിന്നത് രണ്ടാമത്തെ തെറ്റ്..അതൊന്നും പോരാഞ്ഞിട്ട് ഇപ്പൊ ഇതിൽ സൈനും ചെയ്തു വെച്ചിരിക്കുന്നു.. ഇത് മൂന്നാമത്തെ തെറ്റ്..നീ ചെയ്ത ഏറ്റവും വല്യ തെറ്റ്..അതിനുള്ളതാ ഇപ്പോ തന്ന അടി..മൂന്നെണ്ണത്തിനും കൂടി മൂന്നെണ്ണം തരണമായിരുന്നു.. ചത്ത്‌ പോകും നീ..ഇല്ലേൽ രണ്ടെണ്ണം കൂടെ തന്നേനെ..എത്ര കിട്ടിയാലും പഠിക്കില്ല നീ..

എത്ര തല്ലു വാങ്ങിക്കും നീ ഇതുപോലെ എന്റെ കയ്യിന്ന്..വേദനിപ്പിക്കാൻ കഴിയില്ല,,വേണ്ടാ വേണ്ടാന്ന് വെക്കുമ്പോൾ നിനക്ക് തന്നിഷ്ടം കൂടുവാ..എന്ത് ഉദ്ദേശത്തിലാ നീ ഇതിൽ സൈൻ ചെയ്തത്..അതാ എനിക്ക് മനസ്സിലാകാത്തത്...നീ ചെയ്തത് പോലെത്തന്നെ ഞാനും സൈൻ ചെയ്യുമെന്ന് കരുതിയോ..? അതോ എന്നെ കൊണ്ടു ചെയ്യിപ്പിക്കാമെന്നോ..? ഇന്നത്തോടെ എല്ലാത്തിനും ഒരു തീരുമാനം ഉണ്ടാകണം..ഉണ്ടാക്കും ഞാൻ.വാടി ഇങ്ങോട്ട്.. " അവൻ അവളുടെ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ട് താഴേക്ക് നടന്നു.. "വേണ്ടാ..ഒരു പ്രശ്നം വേണ്ട അമൻ.. പറയുന്നത് ഒന്ന് കേൾക്ക്.. പ്ലീസ്.. " അവൾ കരഞ്ഞു കൊണ്ട് അവനെ തടയാൻ നോക്കി..പക്ഷെ അതൊന്നും അവൻ കാണുകയോ കേൾക്കുകയോ ചെയ്തില്ല.. അവളുടെ കയ്യിലുള്ള അവന്റെ പിടി മുറുകി. ഒപ്പം അവളെ വലിച്ചു കൊണ്ടുള്ള നടത്തത്തിന്റെ വേഗതയും.. *** "എന്താ താജ്..എന്തുപറ്റി.." നേരെ ഉപ്പാന്റെ മുറിയിലേക്ക് ആണ് അവൻ അവളെയും കൊണ്ട് പോയത്..അവന്റെ ദേഷ്യവും അവളുടെ കരച്ചിലും കണ്ടിട്ട് ഉപ്പ കാര്യം മനസ്സിലാകാതെ ആകുലതയോടെ ചോദിച്ചു.. "ഇനിയെന്തു പറ്റാൻ..ഡാഡ്ൻറെ വൈഫിനെക്കൊണ്ട് എനിക്ക് ജീവിക്കാൻ കഴിയില്ലന്നായി..ഇതു കണ്ടോ..മമ്മ ചെയ്തു വെച്ചതാ..

ഞാൻ അറിയാതെ എന്റെ ഭാര്യയ്ക്ക് ഡിവോഴ്സ് നോട്ടീസ് കൊടുത്തിരിക്കുന്നു..ബോധം ഇല്ലാതെ അത് വാങ്ങിച്ചു സൈൻ ചെയ്യാൻ ഇവളും.." എന്തെന്തായിട്ടും അവന്റെ ദേഷ്യം അടങ്ങുന്നില്ലായിരുന്നു..കയ്യിലെ ഡിവോഴ്സ് പേപ്പർ ഉപ്പാന്റെ മുന്നിലുള്ള ടീപോയിലേക്ക് ഇട്ടിട്ട് പല്ല് കടിച്ചു പിടിച്ചു കൊണ്ട് വീണ്ടും അവളുടെ നേരെ കയ്യോങ്ങി..ഉപ്പ അവൻ പറഞ്ഞത് കേട്ടു ഞെട്ടിയിരുന്നു.പക്ഷെ അവളുടെ മുഖത്തേക്ക് അടി വീഴാൻ സമ്മതിച്ചില്ല.വേഗം അവനെ തടഞ്ഞു.. "എന്ത് ഭ്രാന്താ നീ ഈ കാണിക്കുന്നത്...ഇവളെ തല്ലിയിട്ട് എന്തിനാ..ഇപ്പോ തന്നെ നീ ഇവളെ അടിച്ചിട്ട് ഉണ്ടെന്ന് ഇവളുടെ മുഖം കാണുമ്പോൾ മനസ്സിലാകുന്നു..ഇനി വേണ്ടാ..ഞാൻ നോക്കി നിന്നെന്നു വരില്ല താജ്.." "ഇവളെ തന്നെ തല്ലണം.. വേറെയാരെയും തല്ലിയിട്ടോ പറഞ്ഞിട്ടോ കാര്യമില്ല..മമ്മയ്ക്കോ ബുദ്ധിയില്ല..ഇവളെ പുറത്താക്കണമെന്ന ഒരൊറ്റ ചിന്തയേയുള്ളൂ..അതിനു വേണ്ടി ഓരോന്ന് ചെയ്തു വെക്കുന്നു... ഇവൾക്കും അതുപോലെതന്നെ ബുദ്ധിയില്ലന്ന് പറഞ്ഞാലോ..ഒന്ന് ചിന്തിച്ചൂടെ..മനസ്സിലാക്കാൻ ശ്രമിച്ചൂടെ..അതെങ്ങനെയാ..ഒരിക്കലും സ്വന്തം കാര്യമോ ജീവിതമോ ഒന്നും നോക്കില്ലല്ലോ..മറ്റുള്ളവർ എപ്പോഴും സന്തോഷമായിട്ട് ഇരിക്കണം..

ഏതു നേരവും അതിന് വേണ്ടി സഹനവും ത്യാഗവും ആണല്ലോ...അതിനിടയിൽ സ്വന്തം ജീവിതം തന്നെ കൈ വിട്ടു പോയാലും കുഴപ്പമില്ല...നിനക്ക് ജീവിക്കണ്ടങ്കിൽ വേണ്ടാ..പക്ഷെ എനിക്ക് ജീവിക്കണം..അതും ഞാൻ പ്രണയിച്ചു സ്വന്തമാക്കിയ നിന്റെ ഒപ്പം സന്തോഷത്തോടെ തന്നെ ജീവിക്കണം.." "താജ്..നീ ഒന്നടങ്ങ്... " ഉപ്പ അവന്റെ തോളിൽ കൈ വെച്ചു അവനെ നിയന്ത്രിക്കാൻ ശ്രമിച്ചു. "ഇല്ല..അടങ്ങില്ലാ..ഇതിനൊരു തീരുമാനം ഉണ്ടാകാതെ അടങ്ങുന്ന പ്രശ്നമില്ല ഞാൻ..ഈ നിമിഷം തന്നെ മമ്മയോട് ഇതിനെ കുറിച്ച് ചോദിക്കാനും ഇത് മമ്മയുടെ മുഖത്തേക്ക് വലിച്ചു എറിയാനും എനിക്ക് അറിയാത്തത് കൊണ്ടല്ല.. പക്ഷെ മമ്മയുടെ നേർക്കു ശബ്ദം ഉയർത്തേണ്ടതും മമ്മയെ നിലയ്ക്ക് നിർത്തേണ്ടതും ഞാൻ അല്ല..ഡാഡ് ആണ്..ഡാഡ് ഇങ്ങനെ ക്ഷമയും സമാധാനവും കാണിക്കുന്നത് കൊണ്ടാ മമ്മയുടെ അഹങ്കാരം ഇത്രത്തോളം കൂടുന്നത്..പോയി പോയി എന്തും ചെയ്യാമെന്നായി.. ഇങ്ങനെ പോയാൽ അധിക ദിവസമൊന്നും എടുക്കില്ല മമ്മ.. ഓരോരുത്തരെയായി ഇവിടുന്ന് അടിച്ചു പുറത്താക്കി കൊണ്ടിരിക്കും..എന്നിട്ടു മമ്മയ്ക്ക് വേണ്ടപ്പെട്ടവരെ മാത്രം ഇതിനകത്ത് സ്വീകരിച്ചും സൽക്കരിച്ചും വാഴ്ത്തും..മമ്മയുടെ ഈ വരവിന്റെ ഉദ്ദേശം എനിക്ക് അന്ന് തരാതെ പോയ സ്നേഹം ഇന്ന് തരുകയോ സന്തോഷത്തോടെ എനിക്കും ഡാഡ്നുമൊപ്പം ജീവിക്കുകയോ ഒന്നുമല്ല..

എന്റെ ജീവിതം നശിപ്പിക്കണം..പണ്ട് തൊട്ടേ മമ്മ എന്റെ ഇഷ്ടങ്ങൾക്ക് എതിരാ..ഞാൻ ആഗ്രഹിച്ചത് ഒന്നും മമ്മ എനിക്ക് നേടി തരാറില്ലായിരുന്നു..ഇന്നും അങ്ങനെതന്നെ..നേടി തരുന്നില്ലങ്കിൽ വേണ്ടാ..നഷ്ടപ്പെടുത്തുന്നത് എന്തിനാ..മമ്മ പ്രണയിച്ചപ്പോൾ മമ്മയുടെ വീട്ടുകാരൊക്കെ ആദ്യം എതിർത്തില്ലേ..മറ്റൊരാളെ മമ്മയ്ക്ക് കണ്ടു വെച്ചിട്ടുണ്ടെന്നും പറഞ്ഞിട്ട് മമ്മയോട് പിന്മാറാൻ ആവശ്യപ്പെട്ടില്ലേ..എന്നിട്ടും മമ്മ പിന്തിരിഞ്ഞോ?? ഡാഡ്നെ വേണ്ടാന്ന് വെച്ചോ..അതു പോലെത്തന്നെയാ ഞാനും..ഞാൻ ഇവളെ സ്നേഹിച്ചത് അങ്ങനെ ആർക്കെങ്കിലും വേണ്ടി ഉപേക്ഷിച്ചു കളയാൻ അല്ല..ഈ ജീവിതത്തിൽ എനിക്കൊരു പെണ്ണ് ഉണ്ടെങ്കിൽ അത് ഇവൾ മാത്രമായിരിക്കും.. മറ്റൊരുത്തിയും ആ സ്ഥാനത്തേക്ക് വരില്ല..അതിനൊരു അവസരം പോലും കൊടുക്കില്ല ഞാൻ.. അതിനി മമ്മ എന്തൊക്കെ കളികൾ കളിച്ചാലും.."

അവൻ ദേഷ്യപ്പെടുകയാണെങ്കിലും അവന്റെ മനസ്സ് വിങ്ങുകയാണെന്ന് ഉപ്പാക്ക് അറിയാമായിരുന്നു.. അല്ലെങ്കിലും ഏതു മകനാ ഇതൊക്കെ സഹിക്കാൻ കഴിയുക.. സ്വന്തം ഉമ്മ തന്നെ അവന്റെ ജീവിതം തകർക്കാൻ ശ്രമിക്കുന്നു.. ഉപ്പ അവളുടെ മുഖത്തേക്ക് നോക്കി.. താജ്നെ പേടിച്ചിട്ട് ഒരക്ഷരം പോലും മിണ്ടുന്നില്ല..പക്ഷെ നിറ കണ്ണുകൾ കൊണ്ട് വേണ്ട ഉപ്പാന്ന് യാചിക്കുന്നുണ്ട്..പക്ഷെ ഉപ്പാക്ക് ഇനിയും ക്ഷമയോടെ പിടിച്ചു നിൽക്കാൻ വയ്യായിരുന്നു..കാരണം പിടഞ്ഞിരിക്കുന്നത് താജ്ന്റെ മനസ്സാ..അത് ഉപ്പാക്ക് അന്നും ഇന്നും സഹിക്കാൻ കഴിയുന്നതല്ല..ചിലത് ഒക്കെ തീരുമാനിച്ചുറപ്പിച്ചതു പോലെ ഉപ്പ ആ ഡിവോഴ്സ് പേപ്പറും എടുത്തു റൂമിന് വെളിയിലേക്ക് കടന്നു..അത് കണ്ടു അവൾ വേണ്ട ഉപ്പാന്നുള്ള അർത്ഥത്തിൽ ഉപ്പാനെ വിളിക്കാൻ ഒരുങ്ങിയതും അവളുടെ കയ്യിൽ താജ്ൻറെ മുറുകെയുള്ള പിടി വീണു..അതോടെ അവളുടെ ശബ്ദം തൊണ്ടയിൽ കുരുങ്ങിപ്പോയി.. അവൻ നേരത്തെത്തെ പോലെ അവളെയും വലിച്ചു വെളിയിലേക്ക് നടന്നു.......തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story