ഏഴാം ബഹർ: ഭാഗം 81

ezhambahar

രചന: SHAMSEENA FIROZ

 "എന്തായിത്..? " ഡെയ്നിങ് റൂമിലെ വലിയ സെറ്റിയിൽ കാലിനു മീതെ കാലും കയറ്റി വെച്ചിരുന്നു ഫോണിൽ നോക്കുവായിരുന്നു മുംതാസ്.. അവർക്ക് മുന്നിലേക്ക് ഡിവോഴ്സ് പേപ്പർ ഇട്ടു കൊണ്ട് ഗൗരവമേറിയ ശബ്ദത്തിൽ ഉപ്പ ചോദിച്ചു.. "ഈ നഗരം ഭരിക്കുന്ന മേയർക്ക് എഴുത്തും വായനയും അറിയില്ലന്നുണ്ടോ..? കണ്ടിട്ട് മനസ്സിലായില്ലേ..? " മുംതാസ് കയ്യിലെ ഫോണിൽ നിന്നും ശ്രദ്ധ മാറ്റി നിസ്സാരമായി ചോദിച്ചു കൊണ്ട് എഴുന്നേറ്റു നിന്നു.. "അത് മനസ്സിലായി..പക്ഷെ എന്താ നിന്റെ ഉദ്ദേശം..? " "ഇതെന്താണെന്ന് മനസ്സിലായവർക്ക് ഇതിന് പിന്നിലുള്ള ഉദ്ദേശവും മനസ്സിലായി കാണും..അതിനിനി പ്രത്യേകിച്ച് ചോദ്യങ്ങളുടെയോ ഉത്തരങ്ങളുടെയോ ഒന്നും ആവശ്യമില്ല.. ഡിവോഴ്സ് പേപ്പർ എന്തായാലും തന്തയും തള്ളയും മണ്ണടിഞ്ഞു പോയി അനാഥയായി കിടക്കുന്ന ഒരുത്തിയെ ദത്തെടുക്കാൻ ഉള്ളത് അല്ല.. പിരിയാൻ ഉള്ളത് തന്നെയാ.." മുംതാസ് ആ പറഞ്ഞത് ലൈലയെ നോക്കിയായിരുന്നു..ഉപ്പാന്റെ പിന്നിൽ താജ്ൻറെ പിടിയിൽ നിൽക്കുന്ന അവളെ അവർ പുച്ഛത്തോടെ നോക്കി..

താജ്നു സഹിക്കുന്നില്ലായിരുന്നു.പക്ഷെ താൻ ഒച്ച വെക്കുന്നതിനേക്കാൾ നല്ലത് ഉപ്പ കാര്യങ്ങൾ ചോദിക്കുന്നതാണെന്ന് അവനു തോന്നി.. "ആരോടു ചോദിച്ചിട്ട്..? ആരോടു ചോദിച്ചിട്ടാ നീ ഇങ്ങനെ ഒന്ന് ചെയ്തത്.. " "ആരോടും ചോദിച്ചിട്ടില്ല.. ആരോടും ചോദിക്കേണ്ട ഒരാവശ്യവും എനിക്കില്ല..ഇനി ഉദ്ദേശിച്ചത് നിങ്ങളെ ആണെങ്കിൽ നിങ്ങളുടെ അനുവാദവും എനിക്ക് വേണ്ടാ..കാരണം ഇവൻ നിങ്ങളുടെ മാത്രം മകനല്ല.എന്റേതും കൂടിയാ.. ഇവന്റെ കാര്യത്തിൽ നിങ്ങൾക്കുള്ള അതേ അവകാശം എനിക്കുമുണ്ട്..നിങ്ങൾ ഇവന്റെ കല്യാണം നടത്തി..ഇങ്ങനെ ഒരു നശിച്ചവളെ ഈ വീടിന്റെ പടി കയറ്റി..എന്നാൽ ഇവളെ എനിക്ക് അല്പം പോലും ഇഷ്ടപ്പെട്ടില്ല.. ഇല്ലെന്ന് മാത്രമല്ല..കാണുന്നതേ കലിയാ.. എന്റെ മരുമകൾ ആയി എനിക്ക് ഇവൾ വേണ്ടാ.. അതുകൊണ്ട് ഇവൾ ഇവനെ വിട്ടു പോകണം..അതിനാ ഡിവോഴ്സ് കൊടുത്തത്..ഇവർ ഒന്നിച്ച് ജീവിക്കുന്ന........... "

മുംതാസ് പറഞ്ഞു തീർന്നില്ല.. അതിന് മുന്നേ ഉപ്പാന്റെ കൈ മുംതാസ്ൻറെ മുഖത്തേക്ക് ആഞ്ഞു പതിച്ചു.. താജ്നു വല്യ അത്ഭുതമൊന്നും തോന്നിയില്ല..ഉ പ്പാന്റെ യാഥാർഥ സ്വഭാവം വെച്ചു നോക്കിയാൽ ഇതൊന്നും ഒന്നും അല്ല..തന്നേക്കാൾ പിടിച്ചാൽ കിട്ടാത്തവനാണ്..പക്ഷെ ലൈല ഞെട്ടിപ്പോയിരുന്നു..ഒപ്പം മുംതാസും..തല്ലു കിട്ടുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല.. എന്തിന്..ആ ശബ്ദം പോലും തനിക്ക് നേരെ ഉയരുമെന്ന് കരുതിയതല്ല.. താജ്ന്റെയും ലൈലയുടെയും മുന്നിൽ വെച്ചാണ് തല്ലിയത്.. സഹിക്കാൻ കഴിഞ്ഞില്ല മുംതാസിന്..ചെകിടത്തും കൈ വെച്ചു ചുമന്നു വിറക്കുന്ന കണ്ണുകളോടെ ഉപ്പാനെ നോക്കി.. "നിങ്ങൾ...നിങ്ങളെന്നെ തല്ലി അല്ലേ..? " "തല്ലുകയല്ല..എന്റെ മകന്റെ ജീവിതം വെച്ചു കളിക്കുന്ന നിന്നെ കൊല്ലുകയാ വേണ്ടത്...നീയൊക്കെ ഒരു ഉമ്മയാണോ..നീ തന്നെയാണോ ഇവനെ പ്രസവിച്ചത്..ഏതൊരു മാതാപിതാക്കളും സ്വന്തം മക്കളെ അവരുടെ സന്തോഷത്തിനു വിടും..

അവർ ജീവിക്കുന്നത് പോലും മക്കളുടെ ചിരിക്കുന്ന മുഖം കാണാനാ..അത് കാണുമ്പോൾ തന്നെ മനസ്സ് നിറയും..ഞാനും അങ്ങനെയാ..നാളിന്ന് വരെ ഇവന്റെ ആഗ്രഹങ്ങൾക്കും സന്തോഷങ്ങൾക്കും മാത്രമേ വില കൊടുത്തിട്ടുള്ളൂ..അത് മാത്രമേ കാണാൻ കൊതിച്ചിട്ട് ഉള്ളു.. എന്നിട്ടും നിന്നെ ഇവിടേക്ക് കൂട്ടി കൊണ്ട് വന്ന അന്ന് തൊട്ടു എനിക്ക് എന്റെ മകനെ വേദനിപ്പിക്കേണ്ടി വന്നു..അതും നിനക്ക് വേണ്ടി..നീ ഇനിയൊരു വട്ടം കൂടെ ഇവിടുന്നു ഇറങ്ങി പോകാതിരിക്കാൻ വേണ്ടി.. നീ വല്യ വക്കീൽ ഒക്കെ ആയിരിക്കും.. പക്ഷെ അതീ വീടിനു പുറത്ത് മാത്രം..ഇതിന്റെ അകത്തു വേണ്ടാ നിന്റെ വക്കീൽ പവർ..ഇവിടെ നീ എന്റെ ഭാര്യയും ഇവരുടെ രണ്ടുപേരുടെയും ഉമ്മ മാത്രമാണ്.. അത് മനസ്സിലാക്കിയിട്ട് വേണം നിന്റെ പെരുമാറ്റവും ഓരോ പ്രവർത്തിയും.. " "അല്ല..ഇവളുടെ ഉമ്മ അല്ല ഞാൻ.. ഇവളുടെ ഉമ്മ ആവാൻ എന്നെ കിട്ടില്ല..നിങ്ങളെയൊന്നും ഭയന്നു ഇവിടെ ജീവിക്കാൻ എനിക്ക് കഴിയില്ല.. അതിന് വേറെ ആളേ നോക്കിയാൽ മതി.. " മുംതാസ് അലറുകയായിരുന്നു..

"കഴിയില്ലങ്കിൽ ഇറങ്ങി പോടീ.. അന്നത്തെ പോലെ ഇന്നും നിന്നെ ഞാൻ തടയില്ല..പക്ഷെ ആ ഇറങ്ങിയതോടെ ഇറങ്ങിയേക്കണം.. ഇനിയൊരു വട്ടം കൂടെ നിന്നെ വിളിക്കാൻ ഞാനോ ഇവനോ ഇവളോ അങ്ങനെ ആരും വരുമെന്ന് നീ കരുതണ്ട...ആ മോഹത്തിൽ നീ ഒച്ച വെക്കണ്ടാ.. വിളിക്കാൻ വരുന്നത് പോയിട്ട് നീ എന്ന ഒരാളെ ഓർക്കുക കൂടിയില്ല പിന്നീട് ഞങ്ങൾ.. ഈ വീടിന്റെ പടി ഇറങ്ങുന്ന ആ നിമിഷം നീ ഞങ്ങളുടെ മനസ്സിൽ നിന്നും മാഞ്ഞു പോകും.മരണപ്പെട്ടതായി കണക്കാക്കും നിന്നെ.. ഞാനോ നീ കാരണം ജീവിതം ആസ്വദിച്ചിട്ടില്ല.. എന്റെ ജീവിതമോ നീ തകർത്തു..നിന്റെ പിടിവാശികൾക്ക് മുന്നിൽ ഞാൻ ജീവിതത്തിൽ ഒറ്റപ്പെട്ടു പോയി.. എന്നിട്ടും ഒരാൾക്ക് മുന്നിലും ഞാൻ നിന്നെ പഴി ചാരിയിട്ടില്ല..നിന്റെ സുഹൃത്തുക്കളും പരിചയക്കാരുമൊക്കെ എന്നെ കണ്ടത് ഏതു രീതിയിൽ ആണെന്നോ..? എന്ത് പറഞ്ഞാ അവരെന്നെ വിശേഷിപ്പിച്ചതെന്നറിയാമോ..? രാഷ്ട്രീയത്തിനു വേണ്ടി കെട്ടി കൊണ്ട് വന്ന പെണ്ണിനെ ഉപേക്ഷിച്ചവൻ..എന്നിട്ടും ഞാൻ പറഞ്ഞില്ല ഞാനല്ല,, അവളാ എന്നെ എന്നെ ഉപേക്ഷിച്ചു പോയതെന്ന്..

എന്റെയാ വിധി എന്റെ മകനുണ്ടാകാൻ സമ്മതിക്കില്ല ഞാൻ..അവനെക്കൂടെ ജീവിതത്തിൽ ഒറ്റ പെടുത്താനോ അവന്റെ ജീവിതം തകർക്കാനോ ഒരുകാലത്തും നിന്നെ ഞാൻ അനുവദിക്കില്ല. ആ ഉദ്ദേശം മനസ്സിൽ വെച്ചു കൊണ്ട് നീ ഇവിടെ പൊറുക്കണമെന്നില്ല.. പോകാം നിനക്ക്..നിനക്ക് ഇഷ്ടമുള്ള ഇടത്തേക്ക്..ഒരാളും തടയില്ല.. ബാക്കിയുള്ളവർക്ക് കുറച്ച് സ്വസ്ഥത എങ്കിലും ഉണ്ടായിക്കോട്ടെ.. " ഉപ്പ വർധിച്ച ദേഷ്യത്തിൽ ആയിരുന്നു..മുഖവും കണ്ണുമൊക്കെ ചുമന്നു മുറുകിയിട്ടുണ്ട്..ലൈല ആകെ ഭയന്നു പോയിരുന്നു.. ആദ്യമായിട്ടാണ് ഉപ്പാനെ ഇങ്ങനെ കാണുന്നത്..ആരെയും നോക്കാൻ തന്നെ ധൈര്യമില്ലാത്തതു പോലെ തോന്നി അവൾക്ക്... "തൃപ്തിയായല്ലോ നിനക്ക്...ഇപ്പോൾ സന്തോഷമായി കാണുമല്ലോ അല്ലേ..? എന്നെ എന്റെ ഭർത്താവിൽ നിന്നും മകനിൽ നിന്നും തല്ലി പിരിച്ചപ്പോൾ സമാധാനം കിട്ടിയല്ലോ നിനക്ക്.. സമ്മതിച്ചു തന്നിരിക്കുന്നെടീ നിന്നെ ഞാൻ..പക്ഷെ നീ ഒന്നോർത്തോ... ഇനി അധിക കാലം നിനക്ക് ഇവിടെ ആയുസ്സില്ല..നിന്നെ പേടിച്ചിട്ട്,, നിന്റെ മുന്നിൽ തോറ്റിട്ട് ഇവിടുന്ന് ഇറങ്ങി പോകാൻ ഉദ്ദേശിച്ചിട്ടില്ല ഞാൻ..

പോകുന്നത് നീ ആയിരിക്കും..നീ.. " മുംതാസ് അവൾക്ക് മുന്നിൽ ഭീഷണിയുടെ സ്വരം മുഴക്കാൻ മറന്നില്ല..അവളെ കഴിഞ്ഞു താജ്നെയും ഉപ്പാനെയും ചുട്ടു എരിക്കുന്ന ഒരു നോട്ടവും നോക്കിക്കൊണ്ട് അവർ മുറിയിൽ കയറി ഡോർ വലിച്ചടച്ചു..താജുo പിന്നെ അവിടെ നിന്നില്ല..അവൻ പക്ഷെ അകത്തേക്ക് അല്ല പോയത്.. ഹാളിലെ ടേബിളിൽ നിന്നും കീയും എടുത്തു കൊണ്ട് വെളിയിലേക്ക് ഇറങ്ങിപ്പോയി..ലൈല ആകെ തളർന്നു പോയിരുന്നു..നിലത്തേക്ക് ഊർന്നു വീഴാൻ പോയതും ഉപ്പ വേഗം അവളെ താങ്ങി നിർത്തി നെഞ്ചോടു ചേർത്ത് പിടിച്ചു.. "ഞാൻ...ഞാൻ കാരണം അല്ലേ.. ഉമ്മാനെയും അവനെയും ഒന്നിപ്പിക്കാൻ നോക്കിയിട്ടിപ്പോ ആ ഞാൻ കാരണം തന്നെ അവര്... " അവൾക്ക് മുഴുവനാക്കാൻ കഴിഞ്ഞില്ല..വിതുമ്പി കരഞ്ഞു പോയി.. "നീ കാരണമെന്ന് ആരാ പറഞ്ഞത്.. നിന്റെ ഉമ്മാക്ക് ഒരു തല്ലിന്റെ കുറവുണ്ടായിരുന്നു..അത് ഞാൻ കൊടുത്തു..അവളുടെ സ്വഭാവത്തിനു ഒന്നിൽ നിർത്താൻ പാടില്ലാത്തതായിരുന്നു..പക്ഷെ നിങ്ങളുടെ മുന്നിൽ വെച്ചു അവൾക്ക് കൂടുതൽ അപമാനം ആകേണ്ടന്ന് കരുതി..

മോള് കരയാതെ..താജ്നോട് ആദ്യമേ കാര്യം പറയാഞ്ഞതെന്തെ.. അതുകൊണ്ടല്ലേ അവനു ഇത്രയും ദേഷ്യം വന്നത്.. " "ഉപ്പ...ഞാൻ..എനിക്ക്..എനിക്ക് അറിയില്ലായിരുന്നു എന്ത് വേണമെന്ന്..ഞാൻ കാരണം അവനും ഉമ്മയും അകലരുതെന്നേ ഉണ്ടാരുന്നുള്ളൂ.. അതാ ഞാൻ.. " "സാരല്യ..പോട്ടേ..മോള് ചെല്ല്.. ചെന്ന് മുഖമൊക്കെ കഴുകിയിട്ട് വാ.. " ഉപ്പ അവളെ വാത്സല്യത്തോടെ തലോടി മുറിയിലേക്ക് പറഞ്ഞയച്ചു.. കെട്ടിയ പെണ്ണിനെ സ്നേഹം കൊണ്ട് നിലക്ക് നിർത്തണമെന്നാ പറയാറ്.. മുംതാസ് ആരുടെയും സ്നേഹം മനസ്സിലാക്കുന്നവൾ അല്ല..അത് കൊണ്ടാ കൈ ഉയർത്തേണ്ടി വന്നത്.. അന്നും ഇന്നും അവൾക്ക് സ്നേഹം ഉണ്ടായിട്ട് ഉള്ളത് സ്വന്തം സഹോദരനോട് മാത്രമാണ്.അതും ഭ്രാന്തമായൊരു സ്നേഹം..അവൻ അടുത്ത് ഉണ്ടായിരുന്നു എങ്കിൽ അവൾ നന്നാകുമായിരുന്നു.. അവൻ കാര്യങ്ങൾ പറഞ്ഞു കൊടുത്തിരുന്നു എങ്കിൽ അവൾ മനസ്സിലാക്കുമായിരുന്നു.. അവനെ അവൾ അനുസരിക്കുമായിരുന്നു.. പക്ഷെ അതിന് അവൻ ഇന്ന് എവിടെ..? മുംതാസ് ഈ വീട്ടിന്ന് ഇറങ്ങി പോയതോടെ താൻ മറന്നതാ അവളുടെ കുടുംബത്തെ..

പിന്നീട് ഓർത്തിട്ടില്ല.. അന്വേഷിച്ചിട്ടില്ല.. ഇന്ന് എവിടെയാണെന്നെന്നോ എങ്ങനെ ഇരിക്കുന്നെന്നോ ഒന്നും അറിയില്ല.. അവനോടുള്ള ഇഷ്ട കൂടുതൽ കൊണ്ടും വാക്ക് കൊടുത്തെന്ന പേരിലുമാണ് മുംതാസ് ഇന്ന് ലൈലയെ താജ്ന്റെ ജീവിതത്തിൽ നിന്നും ഒഴിവാക്കാൻ ശ്രമിക്കുന്നത്..അത്രയ്ക്ക് പ്രിയമായിരുന്നു അനന്തരവളായ ആ കൊച്ചു കുഞ്ഞിനോട് അവൾക്ക് അന്ന്..താനും ആഗ്രഹിച്ചിരുന്നില്ലേ അവളെ മരുമകൾ ആക്കാൻ.. മുംതാസ് അറിയാതെ താനും വാക്ക് കൊടുത്തിരുന്നില്ലേ അവന്.. എന്നിട്ടും കാലത്തിന്റെ പോക്കിലും ലൈലയുടെ വരവിലും അതൊക്കെ മറന്നിരിക്കുന്നു... ഉപ്പ സോഫയിലേക്ക് ചാഞ്ഞു കണ്ണുകൾ അടച്ചു.. ** "അപ്പോ ഒരു വല്യ വെടിക്കെട്ട് കഴിഞ്ഞിട്ടാണ് വരവ്.. അല്ലേ..? " താജ് നേരെ പോയത് എബിയുടെ അടുത്തേക്കാണ്..എല്ലാം കേട്ടു കഴിഞ്ഞതും എബി ചോദിച്ചു.. "പിന്നെ ഞാൻ എന്താടാ വേണ്ടത്..?" "ഏയ്..നീ ചെയ്തതിൽ ഒരു തെറ്റുമില്ല..ഡാഡ്നെക്കൊണ്ട് മമ്മയ്ക്ക് ഒരെണ്ണം കൊടുപ്പിച്ചില്ലേ നീ..അവർക്ക് അത് വേണം.. അതിന്റെ കുറവ് കുറച്ച് ഒന്നുമല്ല,,നല്ലോണം ഉണ്ടായിരുന്നു..

ഈ അടിയിൽ എങ്കിലും അവരുടെ ദേഹത്ത് ബാധ പോലെ കേറിയിരിക്കുന്ന ആ അഹങ്കാരം ഒന്ന് കുടി ഒഴിഞ്ഞു പോയാൽ മതിയായിരുന്നു..എന്നാലും അങ്കിൾ ഒന്നിൽ നിർത്തണ്ടായിരുന്നു.. ഏതായാലും കൊടുത്തതല്ലേ.. അപ്പോ ഒരു അഞ്ചാറെണ്ണമൊക്കെ കൊടുക്കാമായിരുന്നു.." എബി പറഞ്ഞു നിർത്തിയില്ല.. അതിന് മുന്നേ താജ് അവനെ കടുപ്പിച്ചു ഒന്ന് നോക്കി.. കർത്താവെ..അപദ്ധമായോ പറഞ്ഞത്..😨 എബി വേണോ വേണ്ടയോന്നുള്ള അർത്ഥത്തിൽ ഒന്ന് ഇളിച്ചു കാണിച്ചു.. "എന്റെ മമ്മയെ ഞാൻ പറയും.. അത് കേട്ടിട്ട് നീ പറയാൻ നിന്നാൽ ഉണ്ടല്ലോ.. " "ഇയ്യോ.. അങ്ങനെയും ഉണ്ടാരുന്നോ.. എന്നാൽ പറഞ്ഞത് ഞാൻ തിരിച്ചെടുത്തു കേട്ടോ.. " താജ് ഒന്നും മിണ്ടിയില്ല..ആകെ അസ്വസ്ഥതനായി നിന്നു.. "എന്താടാ..എന്തുപറ്റി..ലൈലയെ തല്ലിയത് ഓർത്തിട്ടാണോ..? സാരമില്ലടാ..അപ്പോഴത്തെ ദേഷ്യത്തിൽ പറ്റിയത് അല്ലേ..അല്ലാണ്ട് വേണമെന്ന് കരുതിയിട്ടല്ലല്ലോ..അവൾക്ക് നിന്നെ മനസ്സിലാകും.." "നീ പറഞ്ഞത് ഡാഡ് മമ്മയ്ക്ക് കൊടുത്തത് കുറഞ്ഞു പോയെന്നല്ലേ.. എന്റെ സംശയം ഞാൻ അവൾക്ക് കൊടുത്തത് കുറഞ്ഞു പോയോന്നാ.. എന്തൊരു പോത്താ അവൾ.. അവളെ പോലെ ഒന്നിനെ ഞാൻ ഈ ലോകത്ത് വേറെ കണ്ടിട്ടില്ല..

ഇനി എന്നാടാ അവളുടെ തലയ്ക്കു ഇത്തിരി വിവരം വെക്കുക.. എന്നാലും മമ്മ ഡിവോഴ്സ് കൊടുക്കുമ്പോഴേക്കും അവൾ അതിൽ സൈൻ ചെയ്തു വെച്ചത്... ഓർക്കുമ്പോഴെ ദേഷ്യം ഏതു വഴിയാ വരുന്നെതെന്ന് അറിയുന്നില്ല..ഒന്നുകിൽ മമ്മ നന്നാകണം..അല്ലെങ്കിൽ അവൾ മമ്മയെ പോലെ ദുഷ്ടത്തരം പഠിക്കണം.അല്ലാണ്ട് ഈ കണക്കിനാണ് പോക്ക് എങ്കിൽ ഞാൻ പ്രഷർ കൂടി രണ്ടിനെയും എന്തെങ്കിലും ചെയ്തു പോകും.." "എടാ..നീയിങ്ങനെ കലി തുള്ളാതെ.. അവളു പാവം..അവളുടെ മനസ്സിന്റെ നന്മ കൊണ്ടാടാ അവൾ ഇങ്ങനൊക്കെ..ഇന്നലെ തൊട്ടു ഇതൊക്കെ ഉള്ളിൽ വെച്ചു നടന്നിട്ട് അവൾ എത്ര വേദനിച്ചിട്ട് ഉണ്ടാകും. അതിന്റെ കൂടെ നിന്റെ ഇന്നത്തെ ദേഷ്യവും തല്ലുമൊക്കെ..ശെരിക്കും പറഞ്ഞാൽ വേണ്ടായിരുന്നുടാ. അവൾക്ക് സഹിച്ചിട്ട് ഉണ്ടാകില്ല.. " "ദേ...ഇനി അവളെ ന്യായികരിച്ചു ഒരൊറ്റ വാക്ക് നീ മിണ്ടി പോയാൽ അവൾക്ക് കൊടുത്തതിൻറെ ബാക്കി നിനക്ക് തരും ഞാൻ...അവൾക്ക് മാത്രമാണോ വേദന..അവൾക്ക് മാത്രമാണോ സഹിക്കാൻ കഴിയാത്തത്..

ഇന്നലെ തൊട്ടു നെഞ്ച് ഉരുകിയാ ഞാൻ കഴിഞ്ഞത്.. അവളുടെ ഒരു മൗനം പോലും സഹിക്കാൻ വയ്യാ..അപ്പോഴാ അവളുടെ അകൽച്ചയും ഒഴിഞ്ഞു മാറ്റവും..എന്റെ ഭാഗത്ത്‌ നിന്നൊന്നു ചിന്തിച്ചു നോക്ക് നീ.. " "താജ്...എടാ...നിന്റെ ഭാഗത്തുന്ന് ചിന്തിക്കാഞ്ഞിട്ടല്ലാ.." "വേണ്ടാ..ഒന്നും പറയണ്ട.. " "ശെരി..എന്നാൽ ഞാനൊന്നും മിണ്ടുന്നില്ല..നിന്റെ മമ്മയുടെ ഭാഗത്തെ തെറ്റ് പറയാൻ പാടില്ല.. നിന്റെ കെട്ട്യോൾടെ ഭാഗത്തെ ന്യായം പറയാനും പാടില്ല..ദേ ഇപ്പം നിന്നെ കുറിച്ച് രണ്ടു വാക്ക് പറയാന്ന് വെച്ചപ്പോൾ അതും തടഞ്ഞു..ഇനി ഞാൻ എന്റെ ഇഷ്ടത്തിന് ഒന്നും പറയുന്നില്ല.. ഞാൻ എന്ത് പറയണമെന്നും എപ്പോ വായ തുറക്കണമെന്നുമൊക്കെ ഒരു പേപ്പർ എടുത്തു അതിൽ എഴുതി താ..ഞാൻ അത് നോക്കി കറക്റ്റ് ടൈം നോക്കി സംസാരിച്ചോളാം.. " എബി മുഖം തിരിച്ചു കളഞ്ഞു.. "ഞാനിപ്പോ വന്നത് സംഭവിച്ചു കഴിഞ്ഞതിനെക്കുറിച്ചു സംസാരിക്കാൻ അല്ല.. ഇനി വരാൻ ഇരിക്കുന്നതിനെ കുറിച്ച് സംസാരിക്കാനാ..." "ആ..മനസ്സിലായി..നിന്റെ വീട്ടിലേക്ക് കെട്ടി എടുക്കാൻ പോകുന്ന ആ മാരണത്തെ കുറിച്ചല്ലേ.. "

"സമാധാനം...ഇതെങ്കിലും മനസ്സിലായല്ലോ.." എബി വീണ്ടും ഇളിച്ചു കാണിച്ചു.. "ഇളിക്കാൻ അല്ല പറഞ്ഞത്..ഒരു സൊല്യൂഷൻ കണ്ടെത്താനാ..ആ വരുന്ന ജന്തുവിനെ ഒരൊറ്റ ചവിട്ടിനു വെളിയിൽ കളയാൻ അറിയാഞ്ഞിട്ടല്ല..പെണ്ണല്ലേ..അതുകൊണ്ട് എനിക്ക് ദേഹത്ത് തൊട്ടുള്ള പണിക്ക് ഒന്നും നിൽക്കാൻ കഴിയില്ല..മാത്രമല്ല..അങ്ങനെ ചെയ്താൽ മമ്മ കൂടുതൽ വയലൻറ്റ് ആകുകയേയുള്ളൂ..മമ്മയെ തന്നെ സഹിക്കാൻ വയ്യ ഇവിടെ.. അതിന്റെ ഇടയിൽ ഇനി അവളു കൂടെ വന്നാൽ ലൈലയ്ക്ക് ഇത്തിരി പോലും സ്വസ്ഥത ഉണ്ടാകില്ല.. മമ്മയുടെ അല്ലേ അനന്തരവൾ.. അപ്പൊ മമ്മയെക്കാളും ഒട്ടും മോശമാകില്ല.. " "എടാ...അപ്പോ നിന്റെ കെട്ടു കഴിഞ്ഞ വിവരം അവൾക്ക് അറിഞ്ഞൂടെ..? മറ്റൊരു പെണ്ണിന്റെ ഭർത്താവിനെ സ്വന്തമാക്കാൻ വരുന്നു പിശാശ്..ഇവൾക്ക് എന്താ.. ലൈലയേക്കാൾ വട്ടാണോ..? " "ദേ..മറ്റവളെ മാത്രം പറഞ്ഞാൽ മതി..ലൈലയെ പറഞ്ഞാൽ ഉണ്ടല്ലോ..? " താജ് എബിയുടെ കുത്തിനു പിടിച്ചു.. "അയ്യോ.. വിടെടാ..ഇതും ഞാൻ തിരിച്ചു എടുത്തു.. പറഞ്ഞു വന്ന ആ ഫ്ലോയിൽ അങ്ങ് പറഞ്ഞു പോയതാ..

അല്ലാണ്ട് നിന്റെ ലൈലയെ ഞാൻ പറയോ.." എബി നിന്നു മോങ്ങി.. താജ് അവനെ നോക്കി ഒന്ന് അമർത്തി മൂളിയിട്ടു കോളർലുള്ള പിടി വിട്ടു.. "എടാ..അവൾ എവിടെയാണെന്ന് അറിയാമോ നിനക്ക്..നിന്റെ അങ്കിൾ എവിടെയാ താമസം.. നമുക്ക് ഒന്ന് അവിടം വരെ പോയാലോ..? അവളെ കണ്ടു സംസാരിക്കാം.. നിന്റെ വീട്ടിലേക്ക് വരുന്നതിൽ നിന്നും വിലക്കാം..ഐ മീൻ ഒരു ചെറിയ ഭീഷണി പെടുത്തൽ.. " "താമസം പോയിട്ട് എനിക്ക് അവളുടെ പേര് പോലും അറിഞ്ഞൂടാ..കുഞ്ഞു നാളിലേ അവളെൻറെ ശത്രുവാ..ഇപ്പോ ദേ വലുതായപ്പോഴും..മമ്മയ്ക്ക് അറിയാം എനിക്ക് അവളെ കണ്ണിനു പിടിക്കില്ലന്ന്...എല്ലാം അറിഞ്ഞു വെച്ചിട്ടാ മമ്മ ഇപ്പോ അവളെ ഇറക്കുമതി ചെയ്യാൻ പോകുന്നത്.. പക്ഷെ മമ്മയ്ക്ക് ഇപ്പോ അവളെ എവിടുന്നു കിട്ടി..അതാ എനിക്ക് മനസ്സിലാകാത്തേ.. ഇവിടെ നാട്ടിലുള്ള എനിക്കും ഡാഡ്നും തന്നെ അറിയില്ല അങ്കിളും ഫാമിലിയും ഇപ്പൊ എവിടെയാണെന്ന്.. മമ്മ ഇവിടുത്തെ എല്ലാ കണക്ഷൻസും ഉപേക്ഷിച്ചിട്ടാ അന്ന് ബാംഗ്ലൂർക്ക് പോയത്..

എന്റെ ഊഹം ശെരിയാണേൽ മമ്മ ഇപ്പൊ അവരെ അന്വേഷിക്കുന്നതേയുള്ളൂ.. കണ്ടെത്തിയിട്ടില്ല..ലൈലയെ തളർത്താൻ വേണ്ടിയാവും അവളു ഉടനെ വരുമെന്നും കല്യാണം ഉണ്ടാകുമെന്നൊക്കെ മമ്മ പറഞ്ഞത്.. " "അപ്പോ കാര്യം സിംപിൾ ആയി.. മമ്മയ്ക്ക് മുന്നേ നീ അവളെ കണ്ടെത്തണം..എന്നിട്ടു ഞാൻ നേരത്തെ പറഞ്ഞത് പോലെ അവളെ ഒന്ന് ഭീഷണി പെടുത്തണം.. എങ്ങാനും മമ്മയുടെ വാക്ക് കേട്ട് അതിനൊത്ത് തുള്ളിക്കൊണ്ട് നിന്നാൽ നിന്നെ തട്ടി കളയുമെടി പൂതനേന്ന് പറയണം..വേണേൽ തട്ടി കളയേം ചെയ്യാം..നിന്റെ ലൈഫ് സേഫ് ആവാൻ വേണ്ടിയല്ലേ.. നമുക്ക് ചെയ്യാമെടാ.. " എബി ഷർട്ട്‌ന്റെ കോളറും കയ്യുമൊക്കെ അല്പം മുകളിലേക്ക് കയറ്റിയിട്ട് ഒരു പക്കാ വില്ലന്റെ സ്റ്റൈലിൽ പറഞ്ഞു.. അത് കണ്ടു താജ്നു ചിരി വന്നു.. നല്ല വൃത്തിക്ക് ചിരിക്കേo ചെയ്തു..അല്ലെങ്കിലും ഓഫ് ആയിപോയ മൂഡ് on ആയി കിട്ടാൻ എബിയുടെ അടുത്ത് തന്നേ വരണം.. "എന്തെടാ ചിരിക്കുന്നെ.. ഞാൻ വല്ല തമാശയും പറഞ്ഞോ.. " "ഇല്ല..നീ സീരിയസ് ആയിട്ടാണല്ലോ പറഞ്ഞത്..

ചോര കണ്ടാൽ തല കറങ്ങി വീഴുന്ന നീയാ ഇപ്പോ തട്ടി കളയാനും മുട്ടി കളയാനുമൊക്കെ പോകുന്നത്...ഒന്ന് പോടാ അവിടെന്ന്.." "അങ്ങനെ നീയെന്റെ ധൈര്യത്തിൽ തൊട്ടു കളിക്കണ്ട.. ഞാനിപ്പോ ചോര കണ്ടാൽ വേഗം അവിടെന്ന് ഓടി പോരും..അതുകൊണ്ട് ഇപ്പോൾ തലകറക്കം ഇല്ലെടാ..സംശയം ഉണ്ടേൽ നീ നുസ്രയോട് ചോദിച്ചോ.. ഇന്നാള് ഒരുദിവസം ക്യാന്റീനിന്ന് അവളുടെ കൈ മുറിഞ്ഞു രക്തം വന്നപ്പോൾ എന്റെ ബോധം പോയില്ലല്ലോ.. ഞാൻ അവളോട്‌ കൈ കെട്ടി വെക്കാൻ പറഞ്ഞിട്ട് വേഗം അവിടെന്ന് ഓടി ക്ലാസ്സിലേക്ക് വന്നു.. എങ്ങനെയുണ്ട് ഐഡിയ.. സൂപ്പർ അല്ലേ..? " "ഓ...ഇങ്ങനൊരു കഴുത... തത്കാലം നീയിപ്പോ അവളെ തട്ടി കളയുകയൊന്നും വേണ്ടാ.. ഒന്നുമില്ലെങ്കിലും അങ്കിളിന്റെ മകൾ ആയിപോയില്ലേ.. അതുകൊണ്ട് നീ ഒരു കാര്യം ചെയ്.. അവളെ അങ്ങ് കെട്ടിയേക്ക്.. എനിക്ക് വേണ്ടി അവളെ കൊന്നു കളയാമെന്ന് ഏറ്റതല്ലേ.. ഏതായാലും അത്രയ്ക്ക് ഒന്നും വേണ്ടാ..ഇപ്പൊ ഇത് മാത്രം ചെയ്തു തന്നാൽ മതി.. ജീവിതത്തിൽ നിനക്കൊരു കൂട്ടുമായി.

.എന്റെ ലൈഫ് ഹാപ്പിയുമായി.. " "അ..അപ്പൊ ജുവലോ..? " എബി അവാർഡ് ഫിലിമിലെ വേദനയേറ്റ നായകനെ പോലെ താജ്നെ നോക്കി.. "അവളോട്‌ പറയണ്ട ഇപ്പൊ.. ആദ്യം നിന്റെ കെട്ടു കഴിയട്ടെ.. എന്നിട്ടു നമുക്ക് സൗകര്യം പോലെ പറയാം ഇക്കാര്യം അവളോട്‌...നീ വേറെ കെട്ടിയെന്ന് പറഞ്ഞു അവൾ ഏതായാലും മരിക്കാൻ ഒന്നും പോകുന്നില്ല.. അവളും വേറേതു കെട്ടി സുഗമായി ജീവിച്ചോളും.. " താജ് നിസ്സാരമായിട്ട് പറഞ്ഞു.. "എടാ..ദ്രോഹി..എന്നോട് തന്നെ വേണമെടാ നിന്റെ ഈ പറച്ചില്.. നിന്റെ പ്രണയം വിജയിക്കാൻ വേണ്ടി,,,നിനക്കൊരു ജീവിതം ഉണ്ടാകാൻ വേണ്ടി മുൻ കൈ എടുത്തു ഏതു നേരവും നിന്റെ ശിങ്കിടിയായി നടന്ന എന്നോട് തന്നെ വേണം നീയിത് പറയാൻ..എങ്ങനെ കഴിഞ്ഞെടാ..എന്റെ പ്രണയത്തിനു ഒരു വിലയും ഇല്ലെന്നാണോ..? " എബി വീണ്ടും നിന്നു ഒരൊറ്റ മോങ്ങൽ മോങ്ങാൻ തുടങ്ങി.. "എന്നാൽ നീ ജുവലിനെ തന്നെ കെട്ടിക്കോ..ജുവലിനെ മാത്രം ആക്കണ്ട.. അവളുടെ ചേച്ചിയും അനിയത്തിയുമെന്ന് വേണ്ട ആ വീട്ടിലുള്ള സകലതിനെയും എടുത്തോ നീ..ഒപ്പം ദേ ഇപ്പൊ ഞാൻ പറഞ്ഞതിനെയും...എനിക്ക് വേണ്ടി എന്തും ചെയ്യുന്നവനല്ലേ.. ഇത് കൂടി ചെയ്തേര്.. "

"പോടാ പട്ടി..നിനക്ക് ഉപകാരം ചെയ്യുന്നത് ഒക്കെ ഞാൻ നിർത്തി.. ഇനിയും ഞാൻ നിന്നെ ഹെല്പിക്കോണ്ട് നിന്നാൽ നീ അതിന്റെയൊക്കെ നന്ദി ആയിട്ട് എന്റെ ജീവിതം ജെസിബി ഇട്ടു തോണ്ടി കുളമാക്കും..ഇപ്പൊ ഈ കേട്ടത് തന്നെ എന്റെ ഹൃദയം താങ്ങിയിട്ടില്ല..പിന്നെയാണ് ഇനി വരാൻ ഇരിക്കുന്നത്... " എബിയുടെ പറച്ചിലും മുഖ ഭാവവുമൊക്കെ കണ്ടു താജ്നു വരുന്ന ചിരി ഒതുക്കാൻ കഴിഞ്ഞില്ല..ഉറക്കെ ചിരിക്കാൻ തുടങ്ങി.അവന്റെ നുണക്കുഴി വീണ്ടും വീണ്ടും തെളിഞ്ഞു കാണുന്നുണ്ടായിരുന്നു.എബിക്ക് അതുമതിയായിരുന്നു..ആ ചിരി കണ്ടാൽ മതിയായിരുന്നു..കള്ള ദേഷ്യം നടിച്ചു പോടാന്നും പറഞ്ഞു താജ്ൻറെ വയറ്റിനിട്ടൊരുഗ്രൻ കുത്ത് വെച്ചു കൊടുത്തു.. "എടാ..ഇനിയാ പെണ്ണ് സാനിയ ഒന്നും അല്ലല്ലോ..? " എബി സംശയം പ്രകടിപ്പിച്ചു.. "സാനിയയോ..അതെന്താ ഇപ്പൊ നിനക്ക് അങ്ങനെ തോന്നാൻ.. " "നാം ആരെയാണോ നമ്മുടെ ജീവിതത്തിലേക്ക് കടന്നു വരരുതെന്ന് ആഗ്രഹിക്കുന്നത് അവരെ തന്നെ വിധി നമ്മുടെ ജീവിതത്തിലേക്ക് കയറ്റി കളയും..അപ്പൊ നമ്മുടെ സുഖ സുന്ദരമായ ലൈഫ് മൊത്തത്തിൽ കോഞ്ഞാട്ടയായി തീരും..വിധിക്ക് സന്തോഷമാകും..അത് നമ്മളെ നോക്കി കൈ കൊട്ടി ചിരിക്കേo ചെയ്യും.. അത് മാത്രമല്ല.. എനിക്ക് ആ സാനിയയെ കാണുമ്പോൾ നിന്റെ മമ്മയെ ഓർമ്മ വരുക..

രണ്ടിനും ഒരേ ജാഡയും ഇളക്കവും.. " പറഞ്ഞു കഴിഞ്ഞപ്പോഴാ എന്താ പറഞ്ഞതെന്ന ബോധം എബിക്ക് വന്നത്.വേഗം താജ്നെ നോക്കി കൈ കൂപ്പി.. "അയ്യോ...സോറിടാ..ഒന്നിൽ പിഴച്ചാൽ മൂന്നെന്നാ..ഇതിപ്പോ മൂന്നാമത്തെതാ..ഈ പറഞ്ഞത് കൂടെ തിരിച്ചു എടുക്കാൻ നീ എന്നെ അനുവദിക്കണം..ഇനി മേലിൽ നിന്റെ മമ്മയെന്നൊരു വാക്ക് ഞാൻ മിണ്ടില്ല..ഉറപ്പാടാ..സത്യം. " "ഓരോ വട്ടു കാണിക്കേo പറയേം ചെയ്യാതെ ഒന്നടങ്ങി നിക്കടാ അവിടെ..വെറുതെ മനുഷ്യൻമാരുടെ ഉള്ള സമാധാനം കൂടെ കളയാൻ.." "എടാ..എന്നാൽ ഞാനൊരു ഐഡിയ പറയട്ടെ.." "പൊട്ടത്തരം ആണേൽ വേണ്ടാ.. എനിക്ക് ആകെ പാടെ ചെറു വിരൽ തൊട്ടങ്ങ് കയറി വരുന്നുണ്ട്.. " "ഏയ്‌...ഇത് പൊട്ടത്തരമൊന്നുമല്ലാ.. സൂപ്പർ ഐഡിയയാ.. മമ്മ അന്വേഷിക്കുന്ന ആ പെണ്ണ് ലൈലയാണെന്നങ്ങു ചുമ്മാ തട്ടി വിട് നീ മമ്മയോട്..മമ്മ അവളെ ഇപ്പൊ കണ്ടിട്ടില്ലന്നല്ലേ നീ പറഞ്ഞത്.. ഒരുപാട് വർഷങ്ങൾക്ക് മുന്നേ കണ്ടതല്ലേ..അപ്പൊ മമ്മയ്ക്ക് എന്ത് അറിഞ്ഞു അവളിപ്പോ എങ്ങനെയാ ഇരിക്കുന്നേന്നൊക്കെ..

മമ്മ അങ്ങോട്ട്‌ വിശ്വസിച്ചോളുമെന്നേ.. " "ദേ.. ഒരൊറ്റ വീക്ക് വെച്ചു തന്നാൽ ഉണ്ടല്ലോ.. എന്റെ മമ്മ നിന്നെ പോലെ മന്ദബുദ്ധിയല്ല ഇങ്ങനൊക്കെ പറയുമ്പോൾ കണ്ണും അടച്ചങ്ങു വിശ്വസിച്ചോളാൻ.. ഇനി ആ പെണ്ണ് ലൈലയാണെങ്കിൽ തന്നെ മമ്മ അത് വിശ്വസിക്കാനോ അവളെ അംഗീകരിക്കാനോ പോകുന്നില്ല. എന്നിട്ടാണ് നിന്റെ ഈ കോപ്പിലെ ഐഡിയ.. കൊണ്ട് പോയി പുഴുങ്ങി തിന്നെടാ.. " "അപ്പൊ ഇതും നടക്കില്ല..അല്ലേ..? " എബി നിരാശയോടെ മുഖം ചുളിച്ചു..താജ് ഒന്നും പറഞ്ഞില്ല.. പോക്കറ്റിൽ നിന്നും ഫോൺ എടുത്തു അതിൽ തോണ്ടിയിരിക്കാൻ തുടങ്ങി.. "എടാ...ഫൈനൽ ആയിട്ട് ഒരു ഐഡിയ കൂടി.. " എബി പെട്ടെന്ന് താജ്ൻറെ മുന്നിലേക്ക് കയറിയിരുന്നു കൊണ്ട് പറഞ്ഞു.. "മ്മ്..എന്താ..പറയ്.." "നിന്റെ വീട്ടിൽ നിന്റെ മമ്മയുടെ ഫാമിലി ഫോട്ടോസ് ഒന്നും കാണില്ലേ..? നീ അന്ന് നിന്റെ ഫാമിലി ആൽബം ലൈലയ്ക്ക് കൊടുത്തില്ലേ..അതുപോലെ ഉള്ളത്.. അതിൽ കാണുമല്ലോ നിന്റെ അങ്കിൾന്റെയും ആ പിശാശ്ൻറെയുമൊക്കെ ഫോട്ടോ.. അങ്കിളിനു വല്യ മാറ്റമൊന്നും സംഭവിച്ചിട്ട് ഉണ്ടാകില്ല.. അത് വെച്ചു കണ്ടുപിടിക്കാം നമുക്ക് അവരെ.. " "അതൊക്കെ ഞാൻ അന്നേ നശിപ്പിച്ചതാ..മമ്മ എന്നെ വേണ്ടാന്ന് പറഞ്ഞു പോയപ്പോൾ മമ്മയെ എനിക്കും വേണ്ടാന്ന് പറഞ്ഞു മമ്മയുടെ എല്ലാ തിങ്സും ഫോട്ടോസും ആൽബവുമൊക്കെ ഞാൻ എടുത്തു കൂട്ടി കൊണ്ട് പോയി കളഞ്ഞു..

ആകെ ബാക്കി വെച്ചത് ഇപ്പൊ ലൈലയ്ക്ക് കൊടുത്ത ഈയൊരു ആൽബമാ.. അതിൽ റമിയുണ്ടായിരുന്നു.. ഞാനും അവനും ഒരുമിച്ചുള്ള ഒരുപാട് ഫോട്ടോസ് ഉണ്ടായിരുന്നു.. അതാ ഒരു മങ്ങൽ പോലും ഏല്പിക്കാതെ ഡാഡ്ൻറെ ഷെൽഫിൽ സൂക്ഷിച്ചു വെച്ചത്.. ഇനി ഞാൻ അറിയാതെ ഡാഡ് മമ്മയുടെ ആൽബം വല്ലതും സൂക്ഷിച്ചു വെച്ചിട്ടുണ്ടോന്നു അറിഞ്ഞൂടാ.. " "കർത്താവെ..ഇങ്ങനൊരു ജന്മം.. അന്ന് അതൊക്കെ നശിപ്പിക്കണമായിരുന്നോ നിനക്ക്.. ഇന്നാ ഫോട്ടോസ് ഒക്കെ ഉണ്ടായിരുന്നു എങ്കിൽ അവളെ കണ്ടുപിടിക്കാമായിരുന്നില്ലേ.. " "കണ്ടുപിടിച്ചിട്ട് ഇപ്പൊ എന്തിനാ.. താല പൊലിയിട്ട് സ്വീകരിച്ചു കൊണ്ട് വരാനോ..? ഏതായാലും അവൾ വരാൻ ഇരിക്കുവല്ലേ.. വരട്ടേ.. ഞാൻ അങ്ങോട്ട്‌ അന്വേഷിച്ചു ചെന്നാൽ അവളു വിചാരിക്കും എനിക്ക് അവളോട്‌ ഉള്ള ഇഷ്ടം കൊണ്ടാണെന്ന്.. എങ്ങാനും വീട്ടിലേക്ക് വരരുത് എന്നു പറഞ്ഞു വിലക്കിയാൽ അവളു കരുതും എനിക്ക് അവളെ ഭയമാണെന്ന്.. ഇത്തിരി പോന്ന കാലത്തു പോലും ഞാൻ അവളെ ഭയന്നിട്ടില്ല.. പിന്നെ അല്ലേ ഇപ്പോൾ...വരുന്നത് ലൈലയെ പുറത്താക്കാൻ വേണ്ടിയല്ലേ..

ആ ലൈല തന്നെ അവളെ പിടിച്ചു വെളിയിൽ കളയട്ടെ..അതല്ലേ അതിന്റെയൊരു സ്റ്റൈൽ.. " താജ് സൈറ്റ് അടിച്ചു കാണിച്ചു.. അത് കണ്ടു കാര്യം മനസ്സിലായ എബി തല കുലുക്കി ചിരിച്ചു.. "ഞാൻ ഇറങ്ങുവാ...ഇപ്പൊത്തന്നെ അവളുടെ പത്തറുപത് മിസ്സ്ഡ് കാൾസ് ഉണ്ട്..ഇനിയും വീട്ടിലേക്ക് കണ്ടില്ലേൽ പെണ്ണ് നെഞ്ചത്തടിച്ചു നിലവിളിക്കാൻ തുടങ്ങും.. " താജ് പുറത്തേക്ക് ഇറങ്ങി..പിന്നാലെ എബിയും.. "അപ്പൊ നീയെന്തേ ഫോൺ എടുക്കാഞ്ഞെ.." "കുറച്ച് ടെൻഷൻ അടിക്കട്ടെ.. ഇന്നലെ തൊട്ടു എന്നെ അവോയ്ഡ് ചെയ്തതല്ലേ.. അന്നേരം ഞാൻ അനുഭവിച്ച വേദന എന്താണെന്ന് അവളു കൂടെ ഒന്നറിയട്ടെ.. എങ്കിലെ ഇനി ഇതുപോലുള്ള വിവരക്കേടുകൾ അവള് കാണിക്കാതെ ഇരിക്കൂ.. " താജ് വണ്ടി സ്റ്റാർട്ട്‌ ചെയ്തു.. ഇന്നലെ അവള് ഇവനെ അവോയ്ഡ് ചെയ്തു നടന്നു.. ഇന്ന് ദാ ഇവൻ അവളെയും..ഇതിങ്ങനെ പോയാൽ ഇവറ്റകൾ എന്ന് സെറ്റ് ആവാനാ..രണ്ടിനെയും ഒന്ന് വേഗം അടുപ്പിച്ചേക്കണേ എന്റെ മാതാവേ.. ഒരു പത്തു കൂടു മെഴുകുതിരി.. അല്ലേൽ വേണ്ടാ..

ഇനി കാശ് ചോദിക്കാൻ പോയാൽ നുസ്ര ഒലക്ക എടുത്തു ഓടിക്കും.. എബി മേളിലേക്കും നോക്കി നെടു വീർപ്പിട്ടു.. ** ഉച്ചക്ക് ആ ഇറങ്ങി പോയതാണ്.. ഊണ് കഴിക്കാൻ പോലും വന്നിട്ടില്ല..ഒരു നൂറു വട്ടം വിളിച്ചു.. ഫോൺ എടുക്കുന്നില്ല.. പിന്നെയും വിളിച്ചോണ്ട് നിന്നപ്പോൾ സ്വിച്ച് ഓഫ് ചെയ്തു കളഞ്ഞു..അവൾക്ക് ആകെ സങ്കടവും പേടിയും തോന്നാൻ തുടങ്ങിയിരുന്നു..നേരം സന്ധ്യ കഴിഞ്ഞു..അവൾ ഒരു സ്ഥലത്ത് ഇരിപ്പും നിൽപ്പും ഉറക്കാതെ പുറത്തേക്കും നോക്കിക്കൊണ്ട് ഹാളിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടക്കാൻ തുടങ്ങി..ഉപ്പ ഉണ്ടെങ്കിൽ ഒരു സമാധാനമാണ്..ഇതിപ്പോ ഉപ്പയും ഇല്ല..അത്യാവശ്യമായി ഒരാളെ കാണാൻ ഉണ്ടെന്ന് പറഞ്ഞിട്ട് വൈകുന്നേരം ഇറങ്ങിയതാണ്..ഇടയ്ക്ക് ഇടെ മുംതാസ്ൻറെ ദഹിപ്പിക്കുന്നതു പോലെയുള്ള നോട്ടവും കടുപ്പിച്ചുള്ള സംസാരവും കുറ്റപ്പെടുത്തലും..അവൾക്ക് ആകെ സമാധാനം നഷ്ടപ്പെട്ടു പോയിരുന്നു.. ഒന്ന് അവൻ വന്നാൽ മതിയെന്ന് മാത്രമായി ചിന്ത..വെളിയിൽ വണ്ടി വന്നു നിൽക്കുന്ന ശബ്ദം കേട്ടു അവൾ സീറ്റ് ഔട്ടിലേക്ക് ഓടി.. പക്ഷെ വണ്ടിയിൽ നിന്നും ഇറങ്ങിയ അവൻ അവളെ ഒന്ന് നോക്കുക കൂടി ചെയ്തില്ല..അങ്ങനൊരുത്തി അവിടെ നിൽപ് ഉണ്ടെന്ന ഭാവം പോലും കാണിച്ചില്ല.

നേരെ അകത്തേക്ക് ചെന്ന് മേളിലേക്ക് കയറിപ്പോയി..ആ അവഗണന അവൾക്ക് സഹിക്കാൻ പറ്റുന്നതിലും അപ്പുറമായിരുന്നു..നെഞ്ച് പൊട്ടി പോകുന്നത് പോലെ തോന്നി.. എന്നിട്ടും കരയാതെ പിടിച്ചു നിന്നു.. വേഗം അവന്റെ പുറകെ കയറിപ്പോയി.. "അമൻ... " അവൻ ഷർട്ട്‌ മാറ്റി കുളിക്കാൻ പോകാൻ ഒരുങ്ങുകയായിരുന്നു.. അവൾ പുറകിൽ നിന്നും പതുക്കെ വിളിച്ചു.. "മ്മ്...എന്തുവേണം..? " അവൻ തിരിഞ്ഞു നോക്കിയില്ല.. കനത്തിൽ ചോദിച്ചു.. "ദേഷ്യത്തിൽ ആണോ..? " "ഞാൻ ദേഷ്യത്തിൽ ആണേലും അല്ലേലും നിനക്ക് എന്താ.. നിന്റെ കാര്യം നോക്കി പോടീ അവിടെന്ന്.. " ഇപ്രാവശ്യം അവൻ തിരിഞ്ഞു നോക്കി..ആ തിരിയലും ചുമന്ന മുഖവും കണ്ടപ്പോൾ തന്നെ അവൾടെ കയ്യും കാലും വിറക്കാൻ തുടങ്ങിയിരുന്നു..ആ അലർച്ചയും കൂടി ആയപ്പോൾ നിന്നിടത്ത് നിന്നും അനങ്ങാൻ കഴിയാത്തത് പോലെയായി.. "പോകാൻ അല്ലേ പറഞ്ഞത്.. എന്റെ മുന്നിൽ കണ്ടു പോകരുത് നിന്നെ ഇനി.. " അവൻ അവളെ പിടിച്ചു തള്ളിയിട്ട് ടവലും എടുത്തു ബാത്‌റൂമിലേക്ക് പോകാൻ തുടങ്ങി.

. "അമൻ... " നേരത്തെ അവൻ തല്ലിയതു തന്നെ അവൾക്ക് സഹിക്കാൻ കഴിഞ്ഞിട്ടില്ല..ഇപ്പൊ ഈ തള്ളിയതും..അവൾ വീണിടത്ത് നിന്നും വേദനയോടെ ചുണ്ട് വിതുമ്പിക്കൊണ്ട് വിളിച്ചു.. "അമൻ അല്ല..താജ്..അങ്ങനെ വിളിച്ചാൽ മതി നീയിനി എന്നെ.. നിനക്ക് മാത്രമായി അങ്ങനെ ഒരു പ്രത്യേകതയുമില്ല ഇനി.. മറ്റുള്ളവർക്ക് ഉള്ള അതേ സ്ഥാനമാ നിനക്കും ഇനിമുതൽ എന്റെ ജീവിതത്തിൽ..അതേ സ്വാതന്ത്ര്യവും അതേ സ്നേഹവും അതേ പരിഗണനയും..അതിൽ കൂടുതലൊന്നും പ്രതീക്ഷിക്കണ്ട നീ.. അല്ലെങ്കിലും നിനക്ക് ആണോ ഞാൻ എന്റെ ജീവിതത്തിൽ മറ്റാരേക്കാളും സ്ഥാനം നൽകേണ്ടത്..ആർക്കൊക്കെയോ വേണ്ടി എന്നെ ഉപേക്ഷിക്കുന്ന നിന്നെയാണോ ഞാൻ ഈ ലോകത്ത് മറ്റെന്തിനേക്കാളും കൂടുതലായി സ്നേഹിക്കേണ്ടത്..ആദ്യം റമിക്കു വേണ്ടി..ഇപ്പോൾ മമ്മയ്ക്ക് വേണ്ടി.. നാളെ മറ്റൊരാൾക്ക് വേണ്ടി നീയെന്നെ എളുപ്പം ഉപേക്ഷിച്ചു കളയില്ലന്ന് ആര് കണ്ടു..നിനക്ക് എപ്പോഴും വലുത് ഞാൻ ഒഴിച്ച് നിനക്ക് ചുറ്റുമുള്ളവരുടെ സന്തോഷമാ..അതിന് വേണ്ടി നീ എന്തും ചെയ്യും.. ചെയ്യുമെന്നല്ല..ചെയ്തു കൊണ്ടിരിക്കുന്നു..അവരുടെയൊക്കെ സന്തോഷം കാണാൻ വേണ്ടി നീയെന്നെ ഇഞ്ചിഞ്ചായി മുറിവേൽപ്പിച്ചു കൊണ്ടിരിക്കുകയാ..

ഇന്ന് നമുക്ക് ഇടയിൽ ഒന്നുമില്ല..ഒരു ജീവിതം തുടങ്ങിയിട്ടില്ല..ഇപ്പോഴും തുടക്കത്തിലെ പോലെത്തന്നെ ഇരിക്കുന്നു..ഒരുപക്ഷെ നാളെ പരസ്പരം ഒന്നായി ചേർന്നു ഒരു ജീവിതം തുടങ്ങി കഴിഞ്ഞതിനു ശേഷമാണ് നീയിങ്ങനെ ഓരോ തീരുമാനങ്ങൾ എടുക്കുന്നതെങ്കിലോ.. സത്യം പറയെടി..നിനക്ക് എന്നോട് അല്പമെങ്കിലും സ്നേഹം ഉണ്ടോ..? ഉണ്ടെങ്കിൽ തന്നെ അത് ആത്മാർത്ഥമാണോ.. ?എന്ത് വിശ്വസിച്ചാ ഞാൻ നിന്നോടൊപ്പം ഒരു ജീവിതം തുടങ്ങേണ്ടത്..ഏതു നേരത്താ നീയെന്റെ ജീവിതത്തിൽ നിന്നും ഇറങ്ങി പോകുകയെന്ന് അറിയില്ലല്ലോ.. " അവൻ ബാത്‌റൂമിൽ കയറി വാതിൽ വലിച്ചടച്ചു.. അവൾക്ക് നെഞ്ച് വേദനിച്ചിട്ട് ശ്വാസം വിടാൻ പോലും പറ്റുന്നില്ലായിരുന്നു..മുഖം കാൽ മുട്ടിലേക്ക് അമർത്തി വെച്ചു കരയാൻ തുടങ്ങി.. ഇന്നലെ മുതൽ അവൻ എന്തുമാത്രം വേദനിച്ചെന്ന് അവന്റെ ഓരോ വാക്കുകളിൽ നിന്നും വ്യക്തമായിരുന്നു..അവൻ അത്രയൊക്കെ പറഞ്ഞതിനല്ല.. താൻ കാരണം അവന്റെ നെഞ്ച് പിടഞ്ഞതോർത്തിട്ടായിരുന്നു അവൾക്ക് സങ്കടം...ഓരോന്നു ഓർക്കും തോറും അവളുടെ കരച്ചിലിന്റെ ആക്കം കൂടിക്കൊണ്ട് വന്നു..അവൻ കുളി കഴിഞ്ഞിറങ്ങി വരുമ്പോഴും അവൾ അതേ ഇരുപ്പും കരച്ചിലുമാണ്. അവൻ അവളെ വിളിക്കാനോ തൊടാനോ ഒന്നിനും പോയില്ല.

നനഞ്ഞ ടവലും വിരിച്ചിട്ട് ഫോണും എടുത്തു ബാൽക്കണിയിലേക്ക് പോയി.. പിന്നെ ഒരുപാട് നേരം കഴിഞ്ഞിട്ടാണ് മുറിയിലേക്ക് വന്നത്..ആ വരുമ്പോഴും അവൾ അവിടെന്ന് അനങ്ങിയിട്ടില്ല.. ഇനിയും അവഗണിക്കാനും കരയിപ്പിക്കാനും വയ്യായിരുന്നു അവന്..ആ കണ്ണിന്ന് ഒരുതുള്ളി അടരുമ്പോൾ പിടയുന്നത് തന്റെ നെഞ്ചാണ്..അവൻ കുനിഞ്ഞു കൈ നീട്ടി അവളുടെ തലയിൽ തലോടി.. ഒരു പ്രതികരണവും ഇല്ലാത്തപ്പോൾ തന്നെ മനസ്സിലായി അവള് ഉറങ്ങിയിട്ടുണ്ടെന്ന്..പതിയെ കൈകളിൽ കോരി എടുത്തു ബെഡിൽ കൊണ്ട് വന്നു കിടത്തി.. കഴുത്തിൽ കിടക്കുന്ന ഷാൾ നനഞ്ഞു കുതിർന്നിട്ടുണ്ട്..അവളൊരുപാട് കരഞ്ഞിട്ടുണ്ടെന്ന് മനസ്സിലായി അവന്.. "എന്തിനാ ഇങ്ങനെ വേണ്ടാത്ത ഓരോ പണിക്ക് നിക്കുന്നത്..അത് കൊണ്ടല്ലേ എനിക്ക് ഇത്രയും ദേഷ്യം വരുന്നത്..അത് കൊണ്ടല്ലേ ടീ ഈ തല്ല് ഒക്കെ വാങ്ങി കൂട്ടേണ്ടി വരുന്നത് നിനക്ക്.. " അവൻ കുനിഞ്ഞു അവളുടെ കവിളിൽ ഒരുമ്മ കൊടുത്തു..പതിയെ ആ കവിളിൽ ഒന്ന് തലോടി.അവന്റെ ആ സ്പർശത്തിൽ അവളുടെ മയക്കം ഞെട്ടി.

കണ്ണ് തുറന്നപ്പോൾ മുന്നിൽ കണ്ടത് അവനെ..വേഗം പിടഞ്ഞെണീറ്റിരുന്നു.സത്യം പറഞ്ഞാൽ അവൾക്ക് പേടി പിടിച്ചിരുന്നു..അവനെ അടുത്ത് കാണുമ്പോൾ തന്നെ വിറയലാണ് ഇപ്പോൾ..അവളുടെ കളി കണ്ടു അവന്റെ ചുണ്ടിൽ ചിരി നിറഞ്ഞു.. അവൾ അവന്റെ മുഖത്തേക്ക് നോക്കിയതേയില്ല..മുഖം കുനിച്ചിരുന്നു..അവൻ കൈ നീട്ടി വീണ്ടും അവളുടെ കവിളിൽ തലോടി.. "ഒരുപാട് വേദനിച്ചോ..? " "അടിച്ചു വേദനിപ്പിച്ചിട്ട് ഇപ്പൊ വേദനിച്ചോന്ന്..? " അവൾക്ക് സങ്കടം സഹിക്കുന്നില്ലായിരുന്നു.വിതുമ്പിക്കൊണ്ട് അവന്റെ കൈ തട്ടി മാറ്റി കളഞ്ഞു.. "അപ്പൊ നല്ലോണം വേദനിച്ചോ നിനക്ക്..? " അവൾ കരഞ്ഞു വീർത്ത മുഖവും വെച്ചു ഉവ്വ് എന്ന് തലയാട്ടി.. "ഏതായാലും വേദനിച്ചതല്ലേ.. അപ്പൊ ഈ വേദന കൂടി സഹിച്ചോ.." അവൻ മുഖം താഴ്ത്തി അവളുടെ ചുണ്ടുകളിൽ ചുണ്ട് ചേർത്തു.. അത് അവള് പ്രതീക്ഷിച്ചിരുന്നില്ല.. എതിർക്കാൻ നോക്കിയതും അവൻ ഒരു കൈ കൊണ്ട് അവളുടെ രണ്ടു കയ്യും പിടിച്ചു വെച്ചു... മറ്റേ കൈ അവളുടെ കഴുത്തിലൂടെ ഇട്ടു അമർത്തി പിടിച്ചു..

അവന്റെ പല്ലുകൾ കീഴ് ചുണ്ടിലേക്ക് ആഴ്ന്നിറങ്ങുന്നത് അവൾ അറിഞ്ഞു..പതിയെ അവളുടെ എതിർപ്പുകൾ അടങ്ങി വന്നു..ഉമി നീരിനൊപ്പം ചോരയും കൂടി വായിലേക്ക് കലർന്ന് ഒരു വല്ലാത്ത അനുഭൂതി ഉണ്ടായപ്പോഴാണ് അവൻ അവളുടെ ചുണ്ടുകളെ മോചിപ്പിച്ചു കളഞ്ഞത്.. "സോറി മുത്തേ..ഇതൊക്കെ നീ എന്നെക്കൊണ്ട് ചെയ്യിപ്പിച്ചതാ.. ഇനി ഞാൻ അറിയാതെ എന്തെങ്കിലും ഒരു തീരുമാനം എടുക്കണമെന്ന് തോന്നുമ്പോൾ ഒക്കെ നീ ഇന്ന് കിട്ടിയ എല്ലാ വേദനയും ഓർക്കണം..അപ്പൊ നീ താനേ പിന്തിരിഞ്ഞോളും തന്നിഷ്ടം കാണിക്കുന്നതിൽ നിന്നും..കേട്ടോടി ഭാര്യേ.. " അവൻ കൈ നീട്ടി അവളുടെ ചുണ്ടിൽ നിന്നും പൊടിഞ്ഞ ചോര തുടച്ചെടുത്തു.. "യൂ റാസ്കൽ..ഇടിയറ്റ്...ഐ ഹേറ്റ് യൂ..ഗെറ്റ് ലോസ്റ്റ്‌... " ദേഷ്യവും സങ്കടവുമെല്ലാം ഒന്നിച്ച് വന്ന അവൾ അവന്റെ നെഞ്ചിനിട്ട് കുത്താനും മാന്താനും പറിക്കാനുമൊക്കെ തുടങ്ങി.. "ഏയ്‌...അടങ്ങടീ.. " അവൻ അപ്പൊത്തന്നെ അവളുടെ കൈ രണ്ടും പിടിച്ചു വെച്ചിട്ടു അവളെ ദേഹത്തേക്ക് ചേർത്തിരുത്തി.

.അത് കാത്ത് നിന്നെന്ന പോൽ അവൾ അവന്റെ നെഞ്ചിൽ മുഖം അമർത്തി അവന്റെ കൈകൾക്കുള്ളിൽ ഒതുങ്ങി ഇരുന്നു..അവന്റെ രണ്ടു കൈകളും അവളെ പൊതിഞ്ഞു.. ബനിയനിൽ നനവ് പടരുന്നതു അവൻ അറിഞ്ഞു.. "വേദനിച്ചോടീ നിനക്ക്.. " അവൻ അവളുടെ മൂർദ്ധാവിൽ ചുണ്ടുകൾ ചേർത്തു കൊണ്ട് ചോദിച്ചു.. "മ്മ്.. " "അതിന് ഞാൻ അത്രയ്ക്ക് ഒന്നും കടിച്ചില്ലല്ലോ... " അവൻ കുസൃതിയായി പറഞ്ഞു.. "പോടാ...അതൊന്നുമല്ലാ.. " അവൾ അവന്റെ മാറിൽ ഒരു കുത്ത് വെച്ചു കൊടുത്തിട്ടു മുഖം ഉയർത്തി അവനെ നോക്കി കണ്ണുരുട്ടി.. "ഔ...പിന്നെ ഏതാടി..? അടിച്ചതാണോ..? അതല്ലേ നേരത്തെ ചോദിച്ചത് വേദനിച്ചോന്ന്.. ഇനി വീണ്ടും ചോദിക്കണോ..? " "അതൊന്നുമല്ല.നീ നേരത്തെ പറഞ്ഞില്ലേ.. അതാ വേദനിച്ചത്.." "നിന്റെ പ്രവർത്തിക്ക് അതൊന്നും പറഞ്ഞാൽ പോരാ.. കുറച്ചൂടെ പറയേണ്ടതായിരുന്നു.. പിന്നെ നിന്റെ ഈ കരച്ചിൽ ഞാൻ തന്നെയല്ലേ കാണേണ്ടതെന്ന് ഓർത്തിട്ടാ നിർത്തി കളഞ്ഞത്.. ഇല്ലേൽ അതിനു ബാക്കിയും കൂടെ പറഞ്ഞേനെ ഞാൻ.. " "എന്നെ പറഞ്ഞതിൽ എനിക്ക് സങ്കടമില്ല..നീ വേദനിച്ചതോർത്തിട്ടാ.. നിന്നെ ഞാൻ എപ്പോഴും വേദനിപ്പിക്കുകയാല്ലേ.." "എന്താ സംശയം..എപ്പോഴും വേദന മാത്രമേ തരുന്നുള്ളൂ നീ..

എന്നെ എത്രമാത്രം നോവിക്കാൻ കഴിയുന്നോ അത്രക്കും നോവിക്കുന്നു നീ.. " അവൻ അങ്ങനെ തുറന്നടിച്ചു പറയുമെന്ന് കരുതിയില്ല അവൾ.. നിറ കണ്ണുകളോടെ അവനെ നോക്കി.. "വീണ്ടും തുടങ്ങേണ്ട നീ കരയാൻ.. ഞാൻ വെറുതെ പറഞ്ഞതാ.. കേൾക്കുന്നത് താങ്ങാൻ കഴിയില്ലങ്കിൽ പിന്നെന്തിനാ ഇങ്ങനെ ഓരോ ചോദ്യം... നേരത്തെ മനഃപൂർവം പറഞ്ഞതാ.. നീ ഇത്തിരി വേദനിക്കട്ടെന്ന് കരുതി.. അല്ലാതെ എപ്പോഴെങ്കിലും ഞാൻ പറഞ്ഞിട്ടുണ്ടോ നീയെനിക്കു വേദന തരുന്നുണ്ടെന്ന്.. ഉണ്ട്.. പറഞ്ഞിട്ടുണ്ട്.. അതുപക്ഷെ ഏതു പോലെത്തെ വേദനയാണെന്നും ഞാൻ പറഞ്ഞിട്ടുള്ളതാ..സുഖമുള്ള വേദന.. ചില സുഖമുള്ള നോവുകൾ മാത്രമേ നീയെനിക്ക് നൽകാറുള്ളൂ.. പിന്നെ ഇന്ന് എനിക്ക് ഒരു കാര്യം മനസ്സിലായി..പറഞ്ഞാൽ വാക്ക് പാലിക്കുന്നവന്നളാണ് നീയെന്നാ ഞാൻ കരുതിയത്.. നാഴികയ്ക്ക് നാല്പത് എന്ന കണക്കിൽ എന്നോട് വീമ്പും പറയുന്നതും അതാണല്ലോ.. പക്ഷെ നിനക്ക് വാക്കിന് തീരെ വിലയില്ലന്നെനിക്ക് നല്ലപോലെ മനസ്സിലായി മോളെ..

ഉണ്ടായിരുന്നു എങ്കിൽ നീ ആ ഡിവോഴ്സ് പേപ്പർ വാങ്ങിക്കുകയോ അതിൽ സൈൻ ചെയ്യുകയോ ചെയ്യില്ലായിരുന്നു.. എനിക്ക് വാക്ക് തന്നതായിരുന്നു നീ.. എന്ത് വന്നാലും ഈ വീടിനെയോ എന്നെയോ വിട്ടു പോകില്ലന്ന്. അതാ നീ ഇന്ന് തെറ്റിച്ചത്.." "അറിയാം...പക്ഷെ ഞാൻ റമിക്കും വാക്ക് കൊടുത്തിരുന്നു..എന്ത് വില കൊടുത്തും നിന്നെയും ഉമ്മയെയും ഒരുമിപ്പിക്കാമെന്ന്..നിങ്ങളിൽ ആർക്കു തന്ന വാക്കാ പാലിക്കേണ്ടത് എന്നെനിക്കറിഞ്ഞില്ല..അതാ ഞാൻ." ബാക്കി പറയാൻ കഴിഞ്ഞില്ല.. വീണ്ടും കരഞ്ഞു പോയി അവൾ.. "സാരല്യ..പോട്ടേ...റമിക്കു കൊടുത്ത വാക്ക് നീ എപ്പോഴേ പാലിച്ചു കഴിഞ്ഞിരിക്കുന്നു..ഞാനും ഡാഡും പോയി മമ്മയെ ഇവിടേക്ക് കൂട്ടിക്കൊണ്ട് വന്ന ആ നിമിഷം തന്നെ നീ റമിക്കു കൊടുത്ത വാക്ക് പൂർത്തിയായതാ..ഇനി അത് പാലിക്കാൻ കഴിഞ്ഞില്ലന്നുള്ള സങ്കടം വേണ്ടാ നിനക്ക്..മമ്മയ്ക്ക് മാറ്റം വരുമായിരിക്കും..അങ്ങനെ പ്രതീക്ഷിക്കാം..അല്ലാതെ നീ ഇവിടുന്നു ഇറങ്ങി പോകാൻ ഒന്നും നിക്കണ്ട..നീയൊരു തീരുമാനം എടുക്കുമ്പോൾ എന്റെ പ്രതികരണം ഇങ്ങനെ..അപ്പൊ നീ ഇവിടുന്ന് ഇറങ്ങിയാലുള്ള എന്റെ പ്രതികരണം എന്താകുമെന്ന് ഊഹിക്കാമല്ലോ നിനക്ക്..നടു റോഡിന്നായാലും വലിച്ചിട്ടു ചവിട്ടും നിന്നെ ഞാൻ..കേട്ടല്ലോ.. "

"മ്മ്..കേട്ടു..ഇനി ആരെക്കെ എന്തൊക്കെ പറഞ്ഞാലും ഞാൻ നിന്നെ വിട്ടു എങ്ങോട്ടും പോകില്ല..സോറി.." അവൾ രണ്ടു കയ്യും അവന്റെ പുറത്തിലൂടെ ചുറ്റി അവനെ മുറുക്കെ കെട്ടിപ്പിടിച്ചു.. "എന്നാൽ നിനക്ക് കൊള്ളാം.." "കഴിച്ചതാണോ നീ...ഉച്ചയ്ക്കും കഴിക്കാൻ വന്നില്ലല്ലോ..? " അവൾ പെട്ടന്ന് വന്ന ഓർമ്മയിൽ മുഖം ഉയർത്തി അവനെ നോക്കി.. "ഇല്ലാ..നല്ല വിശപ്പ്..നീയും കഴിച്ചില്ലല്ലോ..? " അവൾ ഇല്ലെന്ന് തലയാട്ടി.. "പിന്നെന്തെ ഉറങ്ങിയേ..? " "ഉറക്കം വന്നിട്ട്... " "ഉറക്കം വന്നിട്ടോ..അതോ സങ്കടം വന്നിട്ടോ..? " "ഈൗ... " അവൾ പല്ല് ഇളിച്ചു കാണിച്ചു.. അവൻ അപ്പൊത്തന്നെ അവളുടെ വട്ട മുഖം കയ്യിൽ എടുത്തു..അവൾ എന്താണെന്നുള്ള അർത്ഥത്തിൽ അവനെ നോക്കി.. "ഇതോടെ മാറിക്കോണം സങ്കടങ്ങളൊക്കെ..എന്നും ഈ കുറുമ്പ് കണ്ടാൽ മതി.. " അവൻ അവളുടെ തൂ നെറ്റിയിൽ ചുണ്ടുകൾ അമർത്തി..പതിയെ ആ ചുണ്ടുകൾ അവളുടെ മുഖമാകെ തഴുകി ഇറങ്ങി.. "മതി മോനേ..വാ...വിശന്നിട്ടു മേലാ..നീ കഴിക്കാൻ വരാത്തത് കാരണം ഞാനും ഉച്ചയ്ക്ക് പട്ടിണിയാ...

വയറും കുടലുമൊക്കെ കത്തി കരിഞ്ഞിട്ട് വയ്യാ.. " അവന്റെ മൂഡ് റൊമാൻസിലേക്ക് മാറുന്നത് കണ്ടതും അവളൊരു ചിരിയോടെ അവനെ പിടിച്ചു തള്ളി മാറ്റി.കഴുത്തിൽ കിടക്കുന്ന ഷാൾ എടുത്തു തലയിലേക്ക് ഇട്ടു കൊണ്ട് എണീറ്റു താഴേക്ക് ഇറങ്ങി.. പോടീ പിശാശ്ശെ.. നിന്നെക്കാൾ വല്യ വിശപ്പാ എനിക്ക്..ഇതിപ്പോ കയ്യിൽ കിട്ടിയത് വായിലേക്ക് എത്താത്ത അവസ്ഥയാണല്ലോ ഗോഡ്.. കാത്തിരുന്നോളാമെന്ന് വാക്ക് കൊടുത്തത് നല്ലോണം മുതലാക്കുന്നുണ്ട് കോപ്പ്.. അവളെയും തെറി വിളിച്ചു കൊണ്ട് അവൻ അവൾക്ക് പിന്നാലെ താഴേക്ക് ഇറങ്ങി.. ** "ആർക്കാ ഇത്..? " രാവിലെ കിച്ചണിൽ നിന്നും ഒരു കപ്പ് കോഫി എടുത്തു തിരിയുമ്പോൾ തന്നെ മുംതാസ് മുന്നിൽ കയറി.. "അമൻ കുളി കഴിഞ്ഞിട്ട് ഉണ്ടാകും.. അവനാ.." അവൾ പതിവ് സൗമ്യതയോടെ തന്നെ പറഞ്ഞു.. "ഇങ്ങ് താ..ഞാൻ കൊടുക്കാം.. അല്ലേലും ഇനിയിപ്പോ നീ എത്ര ദിവസം കൊടുക്കും..കൂടിയാൽ എന്റെ മരുമകൾ വരുന്നത് വരെ.. അവൾ വന്നു കഴിഞ്ഞാൽ നീ ഈ വീടിനു വെളിയിലാ..പിന്നെ അവന്റെ കാര്യങ്ങളൊക്കെ നോക്കുന്നത് അവൾ ആയിരിക്കും..

അതുകൊണ്ട് എന്റെ മകനെ കൂടുതൽ ഊട്ടിപ്പിക്കണ്ട നീ.. " അവളൊന്നും മിണ്ടിയില്ല.. രാവിലെ തന്നെ ഒരു വഴക്കും പ്രശ്നവുമൊന്നും വേണ്ടാന്ന് കരുതി കോഫി മുംതാസ്ൻറെ കയ്യിൽ കൊടുത്തു..മുംതാസ് അവളെ പുച്ഛത്തോടെ ഒന്ന് നോക്കിയിട്ട് കോഫിയുമായി സ്റ്റെയർ കയറി.. അവൾക്ക് ചെറുതായി ഒരു വേദന തോന്നി..എന്നാലും ഭയം തോന്നിയില്ല..താജ്നെ നഷ്ടപ്പെടുമോന്നുള്ള ഒരു ചിന്ത പോലും അവളെ അലട്ടിയില്ല.. കാരണം ആരൊക്കെ വന്നാലും എന്തൊക്കെ ഉണ്ടായാലും താജ് തന്നെ ഉപേക്ഷിച്ചു കളയുന്നത് പോയിട്ട് ഒന്ന് അകറ്റി നിർത്തുക കൂടി ചെയ്യില്ലന്ന് അവൾക്ക് അറിയാമായിരുന്നു..അതുകൊണ്ട് യാതൊരുവിധ ടെൻഷനും ഇല്ലാതെ അവൾ ബാക്കി ജോലികളിൽ ഏർപ്പെട്ടു.. *** "എവിടെ ആയിരുന്നെടീ..? കുളിച്ചിറങ്ങിയിട്ട് നേരം എത്ര ആയെന്നറിയാമോ..? എനിക്ക് ദേഹത്തെ നനവ് പോകുന്നതിനു മുന്നേ കോഫി വേണമെന്ന് അറിഞ്ഞൂടെ നിനക്ക്..പോയി പോയി ഇപ്പൊ എന്റെ കാര്യത്തിൽ ഒരു ശ്രദ്ധയും ഇല്ലാതെയായി നിനക്ക്... " അവൻ കുളി കഴിഞ്ഞിറങ്ങി ഡ്രസ്സ്‌ ചെയ്തു ഷെൽഫിന് മുന്നിൽ നിന്നും പെർഫ്യൂം സ്പ്രേ ചെയ്യുകയായിരുന്നു.പിന്നിലൂടെ വരുന്ന കാൽപെരുമാറ്റം കേട്ടു അവൻ തിരിഞ്ഞു നോക്കാതെ പറഞ്ഞു.. "എടിയല്ല..ഞാൻ..നിന്റെ മമ്മ.. "

മുംതാസ്ന്റെ സ്വരത്തിൽ ദേഷ്യം കലർന്നിരുന്നു.അത് അവൻ അവളെ വെയിറ്റ് ചെയ്തിരിക്കുന്നതു കൊണ്ടായിരുന്നു.. "ഓ..മമ്മയോ..ഇതെന്താ പതിവ് ഇല്ലാത്ത ശീലങ്ങളൊക്കെ... ഇങ്ങനെയൊരു മുറി ഈ വീട്ടിൽ ഉള്ള കാര്യം മമ്മയ്ക്ക് അറിയാമോ..? അത്ഭുതമായിരിക്കുന്നു.. " അവരുടെ വരവും ആ കയ്യിലെ കോഫിയും കണ്ടു അവൻ ചിരിച്ചു... "നീയെന്താ എന്നെ പരിഹസിക്കുകയാണോ..? " "മമ്മയ്ക്ക് അങ്ങനെ തോന്നിയെങ്കിൽ അങ്ങനെ.. പരിഹാസമായിട്ട് തന്നെ കണ്ടോ..എനിക്കൊരു പ്രശ്നവുമില്ല..." "ഇന്നും ഒരു മാറ്റവുമില്ല നിനക്ക്.. അന്നും നീയെന്നെ വില കൽപിച്ചിട്ടില്ല.. ഇന്നും വില കല്പിക്കുന്നില്ല..സംസാരിക്കുമ്പോഴും പെരുമാറുമ്പോഴുമൊന്നും നിന്റെ മമ്മയാണ് ഞാനെന്ന കാര്യം നീ ഓർക്കുന്നില്ല..എപ്പോഴും എന്നെ അപമാനിക്കുന്നു.. " മുംതാസ് കോഫി അവനു നേരെ നീട്ടി.. "രാവിലെ തന്നെ ഒരു വഴക്കിന് ഞാനില്ല..ആ ഉദ്ദേശത്തിലാണ് വന്നിട്ട് ഇത്രേം ദിവസമായിട്ട് എന്റെ മുറിയിലേക്ക് വരാത്ത മമ്മ ഇപ്പോൾ കയറി വന്നത് എങ്കിൽ മമ്മ നിൽക്കണമെന്നില്ല.. പുറത്തേക്ക് ഇറങ്ങിക്കോ.. രാവിലെതന്നെ എന്റെ മൂഡ് കളയരുത്.. "

അവൻ കോഫി വാങ്ങിച്ചിട്ട് കുടിക്കാൻ തുടങ്ങി.. മുംതാസ് ഒന്നും പറഞ്ഞില്ല..അവനെ ഇഷ്ട കേടോടെ ഒന്ന് നോക്കിയിട്ട് വെളിയിലേക്ക് പോകാൻ ഒരുങ്ങി.. എന്തോ കണ്ണിൽ ഉടക്കിയത് പോലെ പെട്ടെന്ന് തിരിഞ്ഞു ചുവരിലേക്ക് നോക്കി.. "അത്..അതാരാ..? " "ഏത്..? " താജ് പുരികം ചുളിച്ചു മുംതാസ് നോക്കുന്ന ഇടത്തേക്ക് നോക്കി.. "ആ ഫ്രെയിമിൽ ഇരിക്കുന്നത്.. " "കണ്ടിട്ട് മനസ്സിലായില്ലേ...മമ്മയ്ക്ക് കണ്ണിനു കണ്ടൂടാത്ത മമ്മയുടെ മരുമകൾ..ഒപ്പം ഉള്ളത് മമ്മ മിനിയാന്ന് ഇവിടുന്നു ആക്ഷേപിച്ചില്ലേ..തെരുവ് ചെറുക്കനെന്നും പറഞ്ഞ്.. അവളുടെ അനിയനെ..അവനാ അത്.. " അവർക്ക് കൊള്ളാൻ വേണ്ടി അവൻ എടുത്തു പറഞ്ഞു.. "അതല്ല..അവർക്ക് ഒപ്പം ഉള്ളത്.. " ചോദിക്കുമ്പോഴേ മുംതാസ്നൊരു തളർച്ച തോന്നിയിരുന്നു.. "ഓ... അതോ..അത് മമ്മ എപ്പോഴും പറയുന്നില്ലേ അവളുടെ മരിച്ചു മണ്ണടിഞ്ഞു പോയ ഉപ്പാനെയും ഉമ്മാനെയും..അവരാ അത്.. " അതും താജ് കൊള്ളിച്ചു തന്നെ പറഞ്ഞു..അവന്റെ ആ വാക്കുകൾ മുംതാസ്നെ ഞെട്ടിപ്പിച്ചു കളഞ്ഞു. വീണ്ടും വീണ്ടും കാതുകളിൽ മുഴങ്ങി കേട്ടു..കണ്ണുകളിലേക്ക് ഇരുട്ട് പടരുന്നതു അവർ അറിഞ്ഞു.. ശരീരം ആകെ തളരാൻ തുടങ്ങിയിരുന്നു..നിലം പതിച്ചു പോകാതിരിക്കാൻ വേണ്ടി അവർ മുന്നിലുള്ള സോഫയിലേക്ക് അമർന്നിരുന്നു.........തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story