ഏഴാം ബഹർ: ഭാഗം 83

ezhambahar

രചന: SHAMSEENA FIROZ

"എന്തൊക്കെയാ അങ്കിൾ ഇത്..? ഇത്രയൊക്കെ സംഭവിച്ചിരുന്നോ നിങ്ങളുടെ എല്ലാരുടെയും ജീവിതത്തിൽ..? ഉപ്പ ഇതൊന്നും പറഞ്ഞില്ലല്ലോ.. അന്നൊക്കെ തസിയുമ്മ ഉപ്പാന്റെ അരികിൽ തന്നെ ഉണ്ടായിരുന്നു..അല്ലേ..? പിന്നീട് എപ്പോഴാ അകന്ന് പോയത്..? " "അത് താജുo റമിയുമൊക്കെ ഉണ്ടായതിനു ശേഷമാ..അവർക്ക് ഒരു ആറോ ഏഴോ വയസ് പ്രായമൊക്കെ ആയിക്കാണും അവൾ ഈ നാട് വിട്ടു പോകുമ്പോൾ..നീയും ഉണ്ടായിരുന്നു..അന്ന് നീ ഒരുപാട് ചെറുതാ..മൂന്നോ നാലോ..അത്രയേ കാണുള്ളൂ..ആദ്യ ഗർഭം അലസി പോയത് കാരണം രണ്ടാമത്തേതു വളരെ വൈകിയിട്ടാ സൈനബയ്ക്ക് ഉണ്ടായത്..അതുതന്നെ യൂസുഫ്ന്റെ ഒരുപാട് നാളത്തെ മരുന്നിന്റെയും മന്ത്രത്തിന്റെയുമൊക്കെ ഫലമായിട്ട് കിട്ടിയത്..പക്ഷെ അവളുടെ വയറ്റിൽ വീണ്ടുമൊരു തുടിപ്പ് ഉണ്ടായിട്ടും യൂസുഫ്നും സൈനബയ്ക്കും മനസ്സറിഞ്ഞു സന്തോഷിക്കാൻ കഴിഞ്ഞില്ല.. കാരണം പ്രെഗ്നനൻസി തുടങ്ങിയതു മുതലേ അവൾക്ക് വല്യ ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു..

സത്യം പറഞ്ഞാൽ അവളുടെ ഗർഭ പാത്രത്തിനു ഒരു കുഞ്ഞിനെ താങ്ങാനുള്ള ശേഷിയില്ല.. അതുകൊണ്ട് വരുന്ന പത്തു മാസക്കാലം വളരെ സൂക്ഷിക്കണമെന്നും എന്ത് ബുദ്ധിമുട്ട് എപ്പോ വേണമെങ്കിലും വരാമെന്നും ഡോക്ടർ മുന്നറിയിപ്പ് നൽകി.ഒപ്പം തന്നെ അബോട്ട് ചെയ്യുന്നെങ്കിൽ അതും ആവാം.. അതാണ് കൂടുതൽ നല്ലതെന്നും പറഞ്ഞു..എല്ലാം കേട്ടു ഭയന്ന യൂസുഫ് അവളോട്‌ ഈ കുഞ്ഞിനെ നമുക്ക് വേണ്ടാന്ന് പറഞ്ഞു.. പക്ഷെ സൈനബ അതിന് തയാറായില്ല.. അല്ലെങ്കിലും മനസ്സലിവുള്ള ഏതു പെണ്ണിനാണ് അങ്ങനൊന്നു ചെയ്യാൻ കഴിയുക..?സ്വന്തം വയറ്റിൽ രൂപം കൊണ്ട കുഞ്ഞിനെ കൊന്നു കളയുക എന്നൊന്നു ചിന്തിക്കാൻ കൂടി അവൾക്ക് കഴിയില്ലായിരുന്നു.. ഇനിയൊരു പ്രെഗ്നൻസി അവൾക്ക് ഉണ്ടാവുമെന്ന് യാതൊരു ഉറപ്പും ഇല്ല..അതുകൊണ്ട് അവൾ ഈ കുഞ്ഞിനെ വേണമെന്ന നിലപാടിൽ തന്നെ നിന്നു..അരുതാത്തത് ഒന്നും സംഭവിക്കില്ലന്ന് പറഞ്ഞു അവൾ യൂസുഫ്നെ സമാധാനിപ്പിച്ചു.. പക്ഷെ അതു കൊണ്ടൊന്നും ആശ്വസിക്കാൻ അവന് കഴിഞ്ഞില്ല..

ഒന്നുകിൽ അവൾ.. അല്ലെങ്കിൽ കുഞ്ഞ്.. രണ്ടിൽ ഒരാളെ മാത്രമേ അവന് കിട്ടുകയുള്ളൂ..ഒരാളെ എന്തായാലും നഷ്ടപ്പെടും..ഓരോ ദിവസവും തീ തിന്നു കൊണ്ടാണ് അവൻ തള്ളി നീക്കിയത്.. വല്യ ബുദ്ധിമുട്ടുകൾ ഒന്നും ഇല്ലാതെ സൈനബയ്ക്ക് മൂന്നു മാസം പൂർത്തിയായി.. അപ്പോഴേക്കും യൂസുഫ് ക്ഷീണിച്ചു ഒരുവിധമായിരുന്നു..ഊണില്ല.. ഉറക്കമില്ല..ബിസ്സിനെസ്സ് കാര്യങ്ങൾ പോലും നോക്കുന്നില്ല.. എല്ലാം കുറച്ച് നാളേക്ക് എന്നെ ഏല്പിച്ചു. മുഴുവൻ സമയവും അവളുടെ അരികിൽ ഇരുന്നു അവളെ കെയർ ചെയ്യുന്നു..ബാക്കി നേരങ്ങളിൽ പ്രാർത്ഥനയും നേർച്ചയും ദാനവും നടത്തി കൊണ്ടിരുന്നു.. എല്ലാം സൈനബയ്ക്കും അവളുടെ വയറ്റിൽ വളരുന്ന നിനക്ക് വേണ്ടിയുമായിരുന്നു. രണ്ടുപേരെയും പൂർണ ആരോഗ്യത്തോടെ കിട്ടണമേന്ന് അവൻ റബ്ബിനോട് മനമുരുകി പ്രാത്ഥിച്ചു കൊണ്ടേയിരുന്നു.. ആ സമയം മുംതാസ് അവളുടെ തുടർ പഠനവുമായി തിരക്കിലായിരുന്നു. മാത്രവുമല്ല..കുട്ടികൾ രണ്ടുപേരും ചെറുതാണ്..ഇരട്ട കുട്ടികൾ അല്ലേ..

ഒരേസമയം രണ്ടിനെയും നോക്കണം..താജുദീന്റെ അടുത്ത് കുട്ടികളെ ആക്കിയിട്ടാ അവൾ ക്ലാസ്സിനു പോകുക..പക്ഷെ എന്നും വീട്ടിൽ ഇരിക്കുക താജുദീനെ സംബന്ധിച്ചിടത്തോളം നടക്കുന്ന കാര്യമല്ലായിരുന്നു...മുംതാസിന്റ്റെ പ്രസവത്തിനും കുട്ടികളുടെ കാര്യത്തിനും വേണ്ടി കുറച്ച് നാളത്തേക്ക് മാറ്റി വെച്ച തന്റെ പാർട്ടി കാര്യങ്ങളിലേക്ക് അവൻ വീണ്ടും ഇറങ്ങി.. വീണ്ടും അവൻ രാഷ്രീയം സമൂഹം എന്നൊക്കെ പറഞ്ഞു തിരക്കിൽ ഏർപ്പെട്ടു.. കുട്ടികളെ നോക്കാൻ വീട്ടിൽ ഒരു ആയയെ നിർത്തി..വീടും കുട്ടികളും ക്ലാസുമൊക്കെയായി എത്ര തിരക്കിൽ ആണെങ്കിലും മുംതാസ് യൂസുഫ്നെയോ സൈനബയെയോ മറന്നില്ല.ഒഴിവു കിട്ടുന്ന നേരങ്ങളിലൊക്കെ വീട്ടിലേക്ക് പോകുകയും സൈനബയെ യൂസുഫ്നേക്കാൾ ഏറെയായി കെയർ ചെയ്യുകയും ചെയ്തു.. മൂന്നാം മാസം കഴിഞ്ഞതും സൈനബയ്ക്ക് ബ്ലീഡിങ്ങും മറ്റു ബുദ്ധിമുട്ടുകളും തുടങ്ങി..ആ സമയത്തു ഡോക്ടർ ഒരുപാട് ശകാരിച്ചു.. ഇത്തിരി complication ആണേലും അബോർഷൻ ചെയ്യാൻ നിർബന്ധിച്ചു..

പക്ഷെ അന്നും സൈനബ അതിന് തയാറായില്ല.. എന്ത് വില കൊടുത്തും ഈ കുഞ്ഞിന് ജന്മം നൽകുമെന്ന് ഉറച്ചു തന്നെ നിന്നു അവൾ..യൂസുഫ് വീണ്ടും ക്ഷീണിച്ചു..കണ്ണുകൾക്ക് താഴെ കറുപ്പ് പടർന്നു..പത്തു മാസമൊന്നും എടുത്തില്ല.. എട്ടു മാസം ആകുമ്പോൾ തന്നെ സൈനബയെ അഡ്മിറ്റ്‌ ചെയ്തു.. അന്ന് ഓപ്പറേഷൻ തിയേറ്ററിനു മുന്നിൽ ഇരുന്ന യൂസുഫ്ന്റെയും മുംതാസിന്റെയും മുഖം ഞാൻ ഇന്നും മറന്നിട്ടില്ല.. അത്രക്കും നെഞ്ചിടിപ്പോടെയാ അവർ നിന്നത്.. ആരെ നഷ്ടപ്പെടുമെന്ന വേദനയാൽ യൂസുഫ് തളർന്നു വീണു..പക്ഷെ മുംതാസ് ഒരു സെക്കന്റ്‌ പോലും അവന്റെ അരികിൽ നിന്നും മാറിയില്ല..അവന്റെ കൂടെ അവന് താങ്ങായി ഇരുന്നു..എല്ലാരുടെയും പ്രാർത്ഥനയുടെ ഫലമാവണം ഓപ്പറേഷൻ തിയേറ്ററിന്റെ വാതിൽ തുറന്ന ഡോക്ടർ നല്ല വാർത്തയാണ് ഏവരുടെയും കാതുകളിലേക്ക് എത്തിച്ചത്.ഭയന്നതു പോലെ സൈനബയുടെ ജീവന് ഒന്നും തന്നെ സംഭവിച്ചില്ല. ഒപ്പം നിന്റെയും.... അങ്ങനെ ഒരുപാട് കഷ്ടതകൾക്കും കാത്തിരിപ്പിനുമൊടുവിൽ കിട്ടിയ മോളാ നീ ഞങ്ങൾക്ക്..

അതുകൊണ്ടാ എല്ലാർക്കും നിന്നോട് ഇത്രയ്ക്കും സ്നേഹം... അന്ന് ഞങ്ങൾക്ക് ഉണ്ടായ സന്തോഷത്തിനു അതിര് ഇല്ലായിരുന്നു..യൂസുഫ്നും മുന്നേ നിന്നെ കൈകളിലേക്ക് വാങ്ങിച്ചത് മുംതാസ് ആണ്..അന്നാ കൈകളിലേക്ക് എടുത്തതിനു ശേഷം പിന്നെ നിന്നെ അവൾ താഴെ വെച്ചിട്ടില്ല.. സൈനബയ്ക്ക് ആ ദിവസങ്ങളിൽ അതിയായ വിശ്രമവും പരിചരണവും ആവശ്യമായതിനാൽ ജനിച്ച നാളുകളിൽ നിന്നെ കോരി എടുക്കാനും ഉമ്മകൾ കൊണ്ട് മൂടാനും അവൾക്ക് കഴിഞ്ഞില്ല. യൂസുഫ് അവളുടെ ആരോഗ്യം ശ്രദ്ധിച്ചു അവൾക്ക് ഒപ്പമായിരുന്നു. ആ നാളുകളിൽ നീ വളർന്നത് മുംതാസിന്റെ കൈകളിലാ.. ആ ചൂട് പറ്റിയാ നീ കിടന്നത്..അവളുടെ നെഞ്ചിലേക്ക് ചേർന്നില്ലങ്കിൽ ഉറക്കം വരില്ല നിനക്ക്..ആ മാറിൽ നിന്നും സൈനബ നിന്നെ അടർത്തിയാലും നീ അടരില്ലായിരുന്നു.അത്രക്കും നീ അവളോട്‌ ചേർന്നിരുന്നു.. മുംതാസിന്റെ പഠനം കഴിഞ്ഞു അവൾ എന്റെ കീഴിൽ പ്രാക്റ്റീസ് ചെയ്യാൻ ഒരുങ്ങി..പക്ഷെ യൂസുഫ് മുഖേന ഞാൻ അത് തടഞ്ഞു. താജുദീൻ ഒരിക്കലും അവളെ സംശയിച്ചിട്ടില്ല.

എങ്കിലും അതിനായി ഒരവസരം ഉണ്ടാക്കേണ്ടന്ന് കരുതി..മുംതാസും അത് മനസ്സിലാക്കി.യൂസുഫ് അവൾക്ക് മറ്റൊരു അഡ്വക്കറ്റിൻറെ കീഴിൽ പ്രാക്റ്റീസ് ശെരിയാക്കി കൊടുത്തു.അവൾ അവിടെ പോയി തുടങ്ങി..ദിവസങ്ങൾ വീണ്ടും കടന്നു പോയി..റമിയും താജുo വളർന്നു. രണ്ടുപേരെയും പ്രൈമറിയിൽ ചേർത്തു..വീട്ടിലെ ആയ രണ്ടുപേരുടെയും കാര്യത്തിൽ അശ്രദ്ധ ചെലുത്താൻ തുടങ്ങിയതും മുംതാസ് ദേഷ്യപ്പെട്ടു അവരെ പറഞ്ഞ് വിട്ടു..കുട്ടികളെ പ്രൈമറിയിലേക്ക് ചേർത്തത് കൊണ്ട് അവൾക്ക് ജോലിക്ക് പോകാൻ വല്യ ബുദ്ധിമുട്ട് ഇല്ലായിരുന്നു..അവർക്ക് അവധിയും അവൾക്ക് ജോലിയുമുള്ള ദിവസങ്ങളിൽ രണ്ടുപേരെയും അവൾ നിന്റെ വീട്ടിലേക്ക് അയച്ചു..അങ്ങനെ നീ അവർക്ക് ഒപ്പം കളിച്ചു വളരാൻ തുടങ്ങി.. റമിക്ക് അന്ന് നീ സ്വന്തം അനിയത്തിയായിരുന്നു.അവന് പെൺകുട്ടികൾ എന്നാൽ ജീവനാണ്.. ഇന്നത്തെ പോലെ മെലിഞ്ഞുണങ്ങിയൊന്നുമല്ല നീ അന്ന്..ഉരുണ്ട പ്രകൃതമായിരുന്നു... നല്ല ഭാരം ഉള്ളത് കാരണം അവന് നിന്നെ എടുത്തു പൊക്കാനൊന്നും പറ്റില്ല.. എന്നാലും കഷ്ടപ്പെട്ടു പൊക്കിയെടുത്തു ഏതു നേരവും അവൻ നിന്നെ ഒക്കത്ത് വെച്ചു നടക്കും..നിന്നെ തൊട്ടും തലോടിയും ലാളിക്കും..നിന്റെ വെളുത്തുരുണ്ട കവിളുകൾ ആയിരുന്നു അവന് ഏറ്റവും ഇഷ്ടം..

ആ കവിളുകൾ അവൻ എപ്പോഴും തഴുകി കൊണ്ടിരിക്കും..അമർത്തി മുത്തം വെക്കും..എന്നിട്ട് ഉറക്കെ ചിരിക്കും..അത് കേൾക്കുമ്പോൾ നീയും ഉറക്കെ ചിരിച്ചു കൈ കൊട്ടും..അവൻ ചെയ്തത് പോലെത്തന്നെ നീ അവന്റെ കവിളിലും മുത്തം കൊടുക്കും.. അവന്റെ കളിപ്പാട്ടങ്ങളും കളർ പെൻസിലുകളുമെല്ലാം അവൻ നിനക്ക് തരും..എല്ലാം നിന്റെ മുന്നിൽ നിരത്തി വെച്ചു നിന്നെ കളിപ്പിക്കും..പടം വരയ്ക്കാനും കളർ ചെയ്യാനും പഠിപ്പിക്കും.. അവന്റെ ടീച്ചർ അവന് പഠിപ്പിച്ചു കൊടുത്ത എല്ലാ പാട്ടുകളും അവൻ നിനക്ക് ചൊല്ലി കേൾപ്പിക്കും..ആ പാട്ട് നിന്നെ പാടാൻ പഠിപ്പിക്കും അവൻ.. യൂസുഫ് എങ്ങനെയാണോ മുംതാസ്നെ ലാളിച്ചതും സ്നേഹിച്ചതും അതുപോലെയായിരുന്നു റമി നിന്നോട്..നിന്നെ ഒന്ന് നുള്ളി നോവിക്കുക കൂടി ചെയ്തിട്ടില്ല അവൻ..നിന്റെ ചിരിയായിരുന്നു അവന്റെ സന്തോഷം.പല്ല് മുഴുവനും കാണിച്ചു കൈ കൊട്ടി ചിരിക്കുന്ന നിന്റെ മുഖമായിരുന്നു എപ്പോഴും അവന് കാണേണ്ടിയിരുന്നത്..അതിന് വേണ്ടി അവനു കിട്ടുന്ന ചോക്ലേറ്റ്സും സ്വീറ്റ്സും ബലൂണുകളുമെല്ലാം താജ്ന് പോലും കൊടുക്കാതെ അവൻ നിനക്ക് കൊണ്ട് തരും..

എന്നാൽ ഇതിനൊക്കെ നേർ വിപരീതമായിരുന്നു താജ്.നീ കരയുന്നത് കാണാനായിരുന്നു അവന് ഇഷ്ടം..നിന്റെ കരഞ്ഞു ചുവക്കുന്ന മുഖമായിരുന്നു അവന് കാണേണ്ടിയിരുന്നത്..നിന്നെ അവന്റെ അരികിലേക്ക് അടുപ്പിക്കില്ല.. അവന്റെ ഒരു സാധനത്തിൽ തൊടാൻ അനുവദിക്കുന്നില്ല.. കളിക്കാൻ അരികിലേക്ക് പോകുമ്പോഴും റമിയെ വിളിക്കുന്നത് പോലെ നാവ് വഴങ്ങാത്ത കുഞ്ഞ് നാവ് കൊണ്ട് നീ ഇച്ചാച്ചാന്ന് വിളിച്ചു പുറകെ നടക്കുമ്പോഴുമെല്ലാം അവൻ നിന്നെ കണ്ണുരുട്ടി കാണിക്കും..അപ്പൊ നീ പേടിച്ചു ഉറക്കെ കരയും..നിന്റെ കരച്ചിലിന്റെ ആക്കം കൂടാൻ വേണ്ടി അവൻ രണ്ടും പിച്ചും നുള്ളുമൊക്കെ വെച്ചു തരും നിനക്ക്.. ഇനി നീ കരയാതെ നല്ല സന്തോഷത്തോടെ ഇരിക്കുന്ന നേരമാണേൽ നിന്നെ കരയിപ്പിക്കാൻ വേണ്ടി അവൻ ചെയ്യുന്നതെന്താണെന്നോ..?അവന്റെ കയ്യിൽ ഇരിക്കുന്ന പുതു പുത്തൻ കളിപ്പാട്ടങ്ങളൊക്കെ നിനക്ക് കാണിച്ചു തരും..നീ കിലു കിലെ ചിരിച്ചോണ്ട് അത് വാങ്ങിക്കാൻ കൈ നീട്ടുമ്പോഴേക്കും അവൻ കൈ പിൻവലിച്ചു കളയും..അന്നേരം നീ വിതുമ്പിക്കൊണ്ട് അവന്റെ മുഖത്തേക്ക് നോക്കും.അത് കാണുമ്പോൾ അവന് സന്തോഷമാകും..വീണ്ടും കാണിച്ചു നിന്നെ മോഹിപ്പിക്കും.

നീ വാങ്ങിക്കാൻ കൈ നീട്ടുമ്പോൾ വീണ്ടും പിൻവലിച്ചു കളയും..അങ്ങനെ നീ ഉറക്കെ കരയുന്നത് വരെ അവനതു തുടരും.. ടോയ്‌സ് മാത്രമല്ല.. ഫ്രിഡ്ജിൽ ഇരിക്കുന്ന ഐസ് ക്രീം, ചോക്ലേറ്റ്സ് അങ്ങനെ നിനക്ക് ഇഷ്ടമുള്ള എല്ലാം വസ്തുക്കളും വെച്ചായിരിക്കും അവന്റെ കളി..എല്ലാം കണ്ടു അതെനിക്കും വേണം ഉപ്പാന്നും പറഞ്ഞു വാശി പിടിച്ചു നീ നിലത്തു വീണു കിടന്നു ഉറക്കെ കരയുകയും കയ്യും കാലും ഇട്ടടിച്ചു ബഹളം വെക്കുകയും ചെയ്യും..ആ നേരത്തൊക്കെ നിന്നെ വാരി എടുത്തു സമാധാനിപ്പിക്കുക യൂസുഫ് അല്ല..താജുദീനാണ്.. മുംതാസ്നെ പോലെത്തന്നെ അവനും നിന്നെ ഒരുപാട് ഇഷ്ടമായിരുന്നു..നിന്നെ മാത്രമല്ല..പെൺകുട്ടികളോടു അവന് പ്രത്യേകമായൊരു വാത്സല്യമാണ്.. പെൺകുട്ടി വേണമെന്നാ അവൻ കൊതിച്ചത്..പക്ഷെ റബ്ബ് കൊടുത്തത് രണ്ടാൺകുട്ടികളെയും.. കരയുന്ന നിന്നെ ഏറെ നേരം മടിയിൽ എടുത്തു വെച്ചു തലോടിയും താജ്ന്റെ കയ്യിലുള്ള അതേ പോലെത്തെ ടോയ്‌സ് നിനക്ക് വാങ്ങിച്ചു തന്നും അവൻ നിന്റെ കരച്ചിൽ ഒതുക്കും.നിന്നെ സമാധാനിപ്പിക്കും..അതാണ് അന്ന് താജ്ന് നിന്നോട് ഇഷ്ട കുറവ് തോന്നാനുള്ള ഏറ്റവും വല്യ കാരണം.കുഞ്ഞ് നാള് തൊട്ടേ അവന് കൂടുതൽ പ്രിയം താജുദീനോടാണ്..

താജുദീൻ തന്റെ മാത്രം ഉപ്പയാണെന്നാ അവൻ പറയാറ്..താജുദീൻ റമിയെ പോലും അധികമായി ലാളിക്കുന്നത് അവന് ഇഷ്ടമല്ല..താജുദീൻറെ മടിയിൽ ഇരിക്കാനും ആ സ്നേഹത്തിനുമൊക്കെ താൻ മാത്രമാണ് അവകാശി എന്നുമൊക്കെയായിരുന്നു അവന്റെ കൊച്ചു മനസ്സിന്റെ ധാരണ..അതുകൊണ്ട് താജുദീൻ നിന്നെ എടുക്കുന്നത് കാണുമ്പോൾ തന്നെ അവൻ കളിയൊക്കെ നിർത്തി ഓടി വന്നു താജുദീനെ നിന്നെ എടുക്കുന്നതിൽ നിന്നും തടയും..നിന്നെ അവന്റെ മടിയിൽ നിന്നും തള്ളിയിടാൻ നോക്കും.നീ ഇറങ്ങി പോകാൻ വേണ്ടി നിന്നെ പിടിച്ചു പിച്ചുകയും മാന്തുകയുമൊക്കെ ചെയ്യും.. അങ്ങനെയൊരിക്കൽ അവന്റെ തള്ളലിൽ താജുദീൻറെ പിടിവിട്ട് നീ നെറ്റിയിടിച്ചു നിലത്തേക്ക് വീണു.. വല്യ മുറിവ് സംഭവിച്ചു..സൈനബ നിന്റെ നെറ്റിയിൽ നിന്നും ഒഴുകുന്ന ചോര കണ്ടു നിലവിളിക്കാൻ തുടങ്ങി.ഒപ്പം റമിയും.. എല്ലാരും ഭയന്നിരുന്നു..പക്ഷെ താജ്ന് മാത്രം ഒരു ഭാവ വ്യത്യാസവും ഇല്ലായിരുന്നു..വാവിട്ടു കരയുന്ന നിന്നെ, ഇനിയും ഇതുപോലെ ചെയ്യുമെന്നുള്ള അർത്ഥത്തിൽ അമർഷത്തോടെ നോക്കിക്കൊണ്ട് നിന്നു..മുംതാസ്ന് ദേഷ്യം സഹിക്കാൻ കഴിഞ്ഞില്ല..കയ്യിൽ കിട്ടിയ വടി എടുത്തു താജ്നെ തലങ്ങും വിലങ്ങും അടിക്കാൻ തുടങ്ങി..

താജുദീൻ നിന്നെയും കൊണ്ട് ഹോസ്പിറ്റലിൽ പോകാൻ ഒരുങ്ങി.അതിന്റെ ഇടയിൽ മുംതാസ്നെ നിയന്ത്രിക്കാനും നോക്കി.പക്ഷെ അവൾ അടങ്ങിയില്ല..താജ്നെ അടിച്ചോണ്ട് തന്നെ ഇരുന്നു.അപ്പോഴേക്കും നീ കരഞ്ഞു തളർന്നു ബോധം പോയിരുന്നു.പിന്നെ താജുദീൻ അവിടെ നിന്നില്ല.നിന്നെയും കൊണ്ട് ഹോസ്പിറ്റലിലേക്ക് ഓടി. സൈനബയാ അന്ന് താജ്നെ ഒരുവിധം മുംതാസ്ന്റെ കയ്യിൽ നിന്നും രക്ഷിച്ചത്..പിന്നെ മുംതാസ് വരുമ്പോൾ റമിയെ മാത്രം ഒപ്പം കൂട്ടും.താജ്നെ കൂട്ടില്ല.. താജുദീനെ പോലെ താജ്ന്റെ വികൃതികൾ മുംതാസ് ക്ഷമിച്ചു നിൽക്കില്ല.ഉടനെ പ്രതികരിക്കും..അതിനി എത്ര ചെറിയ വികൃതികൾ ആണേലും.. അതുകൊണ്ടാ താജ്ന് ചെറുപ്പം മുതലേ അവളെ മനസ്സിന് പിടിക്കാതെ വന്നത്..അവന്റെ മനസ്സിൽ മുംതാസ്ന് എപ്പോഴും ഒരു ഭദ്രകാളിയുടെ രൂപമായിരുന്നു.. നിന്നെ അധികമായി കെയർ ചെയ്യുന്നു.അതായിരുന്നു അവന്റെ ഏറ്റവും വല്യ പ്രശ്നം.പക്ഷെ മുംതാസ്ന് എല്ലാത്തിനും ഒരു ചിട്ടയുണ്ട്.താജുo റമിയും ആ ചിട്ടയിൽ വളരണം..അതാണ് അവക്ക് ഇഷ്ടം..അതാണ് അവൾ ആഗ്രഹിച്ചത്..റമി അവളെ അനുസരിച്ചു..പക്ഷെ താജ് അവളെ എതിർത്തു തന്നെ വളർന്നു..അത് മുംതാസ്നെ അവനിൽ നിന്നും അകറ്റി..

അവൾ അവനു കൊടുക്കാത്ത സ്നേഹവും കൂടെ താജുദീൻ അവനു കൊടുത്തു.. അവന്റെ എല്ലാ ആഗ്രഹങ്ങൾക്കും ഇഷ്ടങ്ങൾക്കും താജുദീൻ ഒപ്പം തന്നെ നിന്നു..അത് അവന്റെ കുഞ്ഞ് മനസ്സിലെ വാശിയെയും അഹങ്കാരത്തെയും ഉയർത്തി കളഞ്ഞു..എന്നാൽ ഒപ്പം തന്നെ മറ്റൊരു കാര്യവും ഉണ്ടായിരുന്നു.. താജുദീനേക്കാൾ ഏറെയായി അവൻ റമിയെ സ്നേഹിച്ചു.. അത്രയേറെ വാശിയും ദേഷ്യവുമുള്ള അവൻ റമിയുടെ സന്തോഷത്തിനു വേണ്ടി എന്തും ചെയ്യുമായിരുന്നു..പ്രൈമറി കഴിഞ്ഞു രണ്ടുപേരും ഫസ്റ്റ് സ്റ്റാൻഡേർഡ്ലേക്ക് എത്തി.. റമിയൊരു തൊട്ടാവാടി..പഞ്ച പാവം..ആരു എന്ത് പറഞ്ഞാലും ഉടനെ കരയും.തിരിച്ചൊരക്ഷരം പോലും മിണ്ടാൻ ധൈര്യമില്ല.. പക്ഷെ അവനെ കളിയാക്കിയവരോടും തൊട്ടവരോടും താജ് കണക്ക് ചോദിച്ചു..അതും ക്രിക്കറ്റ്‌ ബാറ്റ് വെച്ചു എല്ലാത്തിന്റെയും കയ്യും കാലും ഓടിച്ചിട്ട്‌..അങ്ങനെ അവന്റെ വികൃതികൾ വർധിച്ചു വന്നു..മുംതാസ് എന്നും ശകാരിക്കുകയും പ്രഹരിക്കുകയും ചെയ്തു.പക്ഷെ ഒന്ന് കൊണ്ടും ഗുണം ഉണ്ടായില്ല.

അവൻ ആരെയും ഭയന്നില്ല.വഴക്ക് പറയും തോറും അവന്റെ വാശി കൂടി കൂടി വന്നു.. ഒരുവട്ടം അവൻ കാലൊടിച്ച കൂട്ടത്തിൽ മുംതാസ്ൻറെ സുഹൃത്തിന്റെ മകനും ഉണ്ടായിരുന്നു..അവർ വന്നു മുംതാസ്നോട് കാര്യം പറയുകയും ദേഷ്യ പെടുകയും ചെയ്തു..ഒന്നും രണ്ടും പറഞ്ഞു വന്നു ഒടുക്കം ആ ഫ്രണ്ട്ഷിപ്‌ തന്നെ അവൾക്ക് അന്ന് അവിടെ നഷ്ടമായി..മുംതാസ്ന് അവന്റെ സ്കൂളിലേക്ക് പോകാൻ വയ്യാ.തന്റെ ജോലി സ്ഥലത്തേക്ക് പോകാൻ വയ്യാ..എന്തിന്..ഒന്നു ശെരിക്കും പുറത്ത് ഇറങ്ങാൻ പോലും വയ്യാ..എങ്ങോട്ട് തിരിഞ്ഞാലും അവനെ കുറിച്ചുള്ള പരാതികൾ.അവൾ ആകെ സഹികെട്ടിരുന്നു.താജ്നെ ഒരുപാട് അടിച്ചു വേദനിപ്പിച്ചു.ബാക്കി ദേഷ്യം താജുദീനോട് ഒച്ചയിട്ടും കണ്ണിൽ കണ്ടത് മുഴുവനും എറിഞ്ഞുടച്ചും തീർത്തു.സത്യം പറഞ്ഞാൽ അവൾ ആ വീട്ടിന്നു ഇറങ്ങി പോകാൻ താജുദീനേക്കാൾ പങ്കു താജിനുണ്ട്.അവൾ ആഗ്രഹിച്ച പോലൊരു ജോലി അവൾക്ക് കിട്ടി അതിനു പോയി തുടങ്ങിയ സമയമായിരുന്നു അത്.. അതുകൊണ്ട് അവൾക്ക് അന്ന് വലുത് അവളുടെ ജോലിയും നിലയും വിലയുമൊക്കെയായിരുന്നു.ആ സമയത്ത് തന്നെയാ അവൾ രാഷ്ട്രീയത്തിന്റെ പേരും പറഞ്ഞു താജുദീനോടും വഴക്ക് ഇടുന്നത്..

ശെരിക്കും പറഞ്ഞാൽ അന്ന് യൂസുഫ് പറഞ്ഞ വാക്കുകൾ അവളുടെ ഉള്ളിൽ എവിടെയോ കൊണ്ടിരുന്നു..അന്ന് അവൾ അതത്ര കാര്യമാക്കിയില്ല എങ്കിലും പിന്നീട് ആ വാക്കുകൾ അവളെ വല്ലാതെ അസ്വസ്ഥത പെടുത്തി കൊണ്ടിരുന്നു. താജുദീൻ രാഷ്ട്രീയത്തിൽ വളരുകയായിരുന്നു.അതോടൊപ്പം തന്നെ അവന്റെ ശത്രുക്കളും..അത് അവളുടെ ഉള്ളിൽ ഭയം നിറച്ചു.. ഇനി പാർട്ടിയും രാഷ്ട്രീയമൊന്നും നിങ്ങൾക്ക് വേണ്ടാന്ന് അവൾ താജുദീനോട് പറഞ്ഞു.അത് അനുസരിക്കാൻ അവൻ തയാറാകുമോ..? അവന് തന്റെ പാർട്ടി ജീവ വായുവിന് തുല്യമായിരുന്നു.അത് ഉപേക്ഷിച്ചുള്ള ഒന്നിനും അവൻ തയാറല്ലായിരുന്നു..ഒരു ഭാഗത്തു താജുദീൻറെ നിലപാട്..മറ്റൊരു ഭാഗത്തു താജ്ന്റെ വാശിയും അവനെ കൊണ്ടുള്ള പ്രശനങ്ങളും. പിന്നെ ഒന്നിനും നിന്നില്ല അവൾ.. റമിയെയും കൂട്ടി വീടിന്റെ പടി ഇറങ്ങി..സ്വന്തം കാലിൽ നിൽക്കാൻ കഴിയുന്നവൾ ആയത് കൊണ്ട് താജുദീൻറെ മുന്നിൽ തോൽക്കാൻ അവൾ അന്ന് തയാർ അല്ലായിരുന്നു..തിരിച്ചു വിളിച്ചു അവൾക്ക് മുന്നിൽ ചെറുതാകാൻ താജുദീനും... അവൾ പോയ വിവരം യൂസുഫ് അറിയുന്നത് രണ്ട് നാൾക്ക് ശേഷം അവളുടെ ഓഫിസിൽ ചെന്നപ്പോഴാണ്.നടുങ്ങി പോയി അവൻ .അവനോട് ഒരു വാക്ക് പോലും പറയാതെ...

അവന് വിശ്വസിക്കാൻ കഴിഞ്ഞില്ല.. താജുദീനും ഒന്നും പറഞ്ഞില്ലല്ലോന്നുള്ളതു അവനെ കൂടുതൽ വേദനിപ്പിച്ചു കളഞ്ഞു.. അതുകൊണ്ട് താജുദീനോട് പിന്നീട് കാര്യ കാരണങ്ങൾ യൂസുഫ് ചോദിച്ചില്ല.താജുദീനായി വിശദീകരിക്കാനും പോയില്ല.. സത്യം പറഞ്ഞാൽ താജുദീൻ കരുതിയത് അവൾ യൂസുഫ്ൻറെ അടുത്തേക്ക് ആയിരിക്കും പോയിരിക്കുകയെന്നാണ്..പക്ഷെ അവിടേക്ക് അല്ലെന്ന് പിന്നീട് അറിഞ്ഞു..എന്നാലും വിളിക്കാനോ അന്വേഷിക്കാനോ നിന്നില്ല.. വാശിയിൽ ആയിരുന്നു അവൻ..തന്നെ വേണ്ടാത്തവളെ തനിക്കും വേണ്ടന്ന നിലപാടിൽ തന്നെ നിന്നു..അത്രയ്ക്ക് വാശി ഉണ്ടാവാൻ കാരണം അവൾ താജ്നെ ഉപേക്ഷിച്ചു പോയതാണ്.. അവൾ കാറിൽ കയറുന്നതിന് മുന്നേ താജ് മമ്മാന്ന് വിളിച്ചു അവളുടെ അരികിലേക്ക് ഓടിയിരുന്നത്രേ.. പക്ഷെ അവളാ വിളി കേൾക്കുകയോ അവന്റെ കണ്ണുകളിൽ പടർന്ന കണ്ണ് നീര് കാണുകയോ ചെയ്തില്ല..അതെന്ത് കൊണ്ടാണെന്ന് എനിക്ക് ഇന്നും മനസ്സിലാകുന്നില്ല..അവൾക്ക് അത്രയ്ക്ക് ക്രൂരയാകാൻ കഴിഞ്ഞെന്നു എനിക്ക് ഓർക്കാൻ കൂടെ കഴിയുന്നില്ല..

ആ നേരത്തെ വാശിയിൽ ചെയ്തു പോയതാകാം..അവളോടുള്ള വാശി കാരണം താജുദീൻ അതിന് ശേഷം യൂസുഫ്ന്റെ അടുത്തേക്ക് ചെല്ലുകയോ അവളെ കുറിച്ച് ഒരു വാക്ക് സംസാരിക്കുകയോ ചെയ്തില്ല..അത് യൂസുഫ്ന്റെ ചിന്തകളെ കാട് കയറ്റി കളഞ്ഞു.. താജുദീൻ അവളെ വേണ്ടന്ന് വെച്ചതാണോന്ന് വരെ അവൻ ചിന്തിച്ചുപ്പോയി..പിന്നീട് ആ ചിന്തയെ അവൻ ഉറപ്പിലേക്ക് വഴി മാറ്റിയത് മുംതാസ് തിരിച്ചു വരാതെ ആയപ്പോഴാണ്..യൂസുഫ് എല്ലാ ഇടങ്ങളിലും അവളെ അന്വേഷിച്ചു..അവൾ പോകാൻ സാധ്യതയുള്ള സ്ഥലങ്ങളിലൊക്കെ അലഞ്ഞു തിരിഞ്ഞു.അവളുടെ നമ്പറിലേക്ക് മുടങ്ങാതെ വിളിച്ചു കൊണ്ടിരുന്നു എങ്കിലും അവിടെയും നിരാശയായിരുന്നു ഫലം..താൻ വാശി പിടിച്ചു തിരഞ്ഞെടുത്ത തന്റെ ജീവിതം പരാജയമായിപ്പോയല്ലോ എന്ന ചിന്തയായിരിക്കണം അവളെ യൂസുഫ്ൽ നിന്നും അകലാൻ പ്രേരിപ്പിച്ചത്..മുംതാസ് പോയതോടെ ഇല്ലാതെയായി താജുദീനും യൂസുഫ്നും ഇടയിലുള്ള ബന്ധം..ഒരു വാക്ക് തർക്കമോ പിണക്കമോ ഉണ്ടായിട്ടില്ല..പക്ഷെ രണ്ടുപേരും അകന്നു.

.മുംതാസ് കാരണം അവർക്ക് ഇടയിലുള്ള അടുപ്പം എന്നെന്നേക്കുമായി ഇല്ലാതെയായി..നിനക്ക് മുംതാസ്നേക്കാൾ ഇഷ്ടം താജുദീനോട് ആയിരുന്നു.. അതുകൊണ്ട് രണ്ടുദിവസം അവനെ കാണാതെ ആകുമ്പോൾ തന്നെ നീ കരഞ്ഞു വാശി പിടിക്കാൻ തുടങ്ങിയിരുന്നു അങ്കിളിനെ കാണണമെന്നു പറഞ്ഞ്..എന്ത് മറുപടിയാ നിനക്ക് യൂസുഫ് തരുക..നിന്റെ വാശിയും കരച്ചിലും കണ്ടു സൈനബയും ആകെ വല്ലാതെയായി..നിന്റെ വാശി അടങ്ങണമെങ്കിൽ മുംതാസോ താജുദീനോ ആരെങ്കിലും അരികിൽ വേണം..അവർക്കേ നിന്റെ കരച്ചിൽ ഒതുക്കാൻ കഴിയുകയുള്ളൂ...താജുദീനെ വിളിക്കാൻ സൈനബ പറഞ്ഞു എങ്കിലും യൂസുഫ് കേട്ടില്ല.. അകന്നവരൊക്കെ അകന്ന് തന്നെ ഇരിക്കുന്നതാ നല്ലതെന്നു പറഞ്ഞു അവൻ സൈനബയോട് ദേഷ്യപ്പെട്ടു. അത്രക്കും മുംതാസിനെ ഓർത്ത് അവൻ വേദനിക്കുന്നുണ്ടായിരുന്നു.. നിന്നെ അവൻ താജുദീനിൽ നിന്നും അകറ്റാൻ മറ്റൊരു പ്രാധാന കാരണവുമുണ്ട്..റമിക്കു നിന്നോടുള്ള സ്നേഹം കണ്ടു മുംതാസ് യൂസുഫ്നോട് പറഞ്ഞിരുന്നു വലുതാകുമ്പോൾ നീ റമിക്ക് ഉള്ളതാണെന്ന്..

എന്നാൽ യൂസുഫ്ന് എന്തോ നിന്നെ താജ്ന് നൽകണമെന്നായിരുന്നു ആഗ്രഹം.. വേർതിരിവ് അല്ല..എന്നാലും റമിയേക്കാൾ ഒരല്പം ഇഷ്ട കൂടുതൽ അവന് താജ്നോട് ആയിരുന്നു..അവനാ നിനക്ക് കൂടുതൽ ചേർച്ചയെന്ന് അവൻ എപ്പോഴും പറയുമായിരുന്നു.. താജുദീനും അതുതന്നെയായിരുന്നു ആഗ്രഹം..റമിയേക്കാൾ കൂടുതൽ നീ ചേരുക താജ്ന് ആണെന്നാ താജുദീൻ പറയാറ്..അത് നിങ്ങളുടെ രണ്ടുപേരുടെയും സ്വഭാവത്തിലുള്ള സാമ്യതകൾ കൊണ്ടാകാം..അവനെ പോലെത്തന്നെ ഒരു വാശിക്കാരിയായിരുന്നല്ലോ നീയും.. അതുകൊണ്ട് മുംതാസ്നെ പിന്നീട് പറഞ്ഞു സമ്മതിപ്പിക്കാമെന്ന് പറഞ്ഞിട്ട് ലൈല താജ്നുള്ളതാണെന്ന് യൂസുഫ് അന്ന് താജുദീനോട് പറഞ്ഞു.. നിങ്ങൾ രണ്ടുപേരും അരികിൽ ഉണ്ടായാൽ, ഒരുപക്ഷെ പറഞ്ഞ വാക്കിന്റെ പേരിൽ നിന്നെ താജ്ന് നൽകേണ്ടി വരുമോന്നുള്ള ഭയം കാരണമാണ് യൂസുഫ് നിന്നെ താജുദീനിൽ നിന്നും അകറ്റിയത്.. യൂസുഫ്ന്റെ മനസ്സിൽ താജുദീൻ സ്വന്തം പെണ്ണിനെ കൈ വെടിഞ്ഞവളാണ്..വിവാഹം ചെയ്തു ജീവിതത്തിലേക്ക് കൈ പിടിച്ചു കയറ്റിയ പെണ്ണിനെ ഒപ്പം ചേർത്തു പിടിക്കുന്നതിൽ അവൻ പരാജയപെട്ടു എന്നുതന്നെ യൂസുഫ് വിശ്വസിച്ചു..

അങ്ങനെയുള്ള അവന്റെ മക്കൾക്ക്‌ ആണോ എന്റെ മകളെ ഞാൻ നൽകേണ്ടതെന്ന ചോദ്യമായിരുന്നു യൂസുഫ്ൽ.. സ്വന്തം പെങ്ങൾക്ക് ഉണ്ടായ അതേ വിധി സ്വന്തം മകൾക്കുണ്ടാവാൻ ഏതെങ്കിലും ഒരാൾ സമ്മതിക്കുമോ..? താജുദീൻ ഒരു തെറ്റും ചെയ്തിട്ടുണ്ടാകില്ല.. പക്ഷെ എന്തുകൊണ്ടോ യൂസുഫ്ന്റെ ചിന്തകൾ ആ തരത്തിലേക്ക് ഒക്കെ സഞ്ചരിച്ചു പോയി..അത് മുംതാസ്നോടും നിന്നോടുമുള്ള അമിതമായ സ്നേഹം കൊണ്ടാവാം..നിന്റെ കല്യാണം കഴിഞ്ഞെന്നും നീ വിവാഹിതയായി ചെന്നത് താജ് ബംഗ്ലാവിലേക്ക് ആണെന്നും അന്ന് സനു പറഞ്ഞപ്പോൾ നിന്റെ ഭാവി ജീവിതത്തെ ഓർത്ത് ഞാൻ ഭയപ്പെട്ടു..നീ മറ്റൊരു മുംതാസ് ആയി മാറുമോ എന്നൊരു ചിന്ത എന്നെ വല്ലാതെ അലട്ടി കൊണ്ടിരുന്നു..പക്ഷെ അന്നൊരു വൈകുന്നേരം നിന്നെ കണ്ട ആ ദിവസം നിന്നെ ഓർത്തുള്ള എന്റെ ടെൻഷൻസ് ഒക്കെ മാറി..കാരണം അന്ന് നീ താജ്നെ കുറിച്ച് പറഞ്ഞു.. അവന് നിന്നോടുള്ള സ്നേഹത്തെ കുറിച്ച് പറഞ്ഞു..ഒടുക്കം റമിയെ സ്നേഹിച്ചത് കാരണം താജ്നെ ഉൾകൊള്ളാൻ കഴിയുന്നില്ലന്നും താജ്മായി ഡിവോഴ്സ് വേണമെന്നും അതിനെന്നെ അങ്കിൾ സഹായിക്കണമെന്നും നീ എന്നോട് പറഞ്ഞു..അന്ന് ഞാൻ നിന്നെ ഡിവോഴ്സ്ൽ നിന്നും എതിർത്തു..

എടുത്തു ചാടി ഒരു തീരുമാനം എടുക്കരുത് എന്നും ഒരുപാട് ചിന്തിക്കണമെന്നും പറഞ്ഞു.. അതെന്ത് കൊണ്ടാണെന്നു അറിയാമോ..? ആ ചുരുങ്ങിയ നേരത്തെ നിന്റെ സംസാരത്തിൽ നിന്നു തന്നെ എനിക്ക് വ്യക്തമായിരുന്നു താജ് നിന്നെ എന്തുമാത്രം സ്നേഹിക്കുന്നുണ്ടെന്ന്.. നിനക്ക് തിരിച്ചും സ്നേഹമുണ്ട്.. പക്ഷെ റമിയുടെ ഓർമ്മകൾ എന്നും കൂടെയുള്ളത് കാരണം നിനക്ക് താജ്നെ അംഗീകരിക്കാൻ ഒരു പ്രയാസം.അത്രേ ഉണ്ടാരുന്നുള്ളൂ.. ഇന്ന് നിന്റെയാ പ്രശ്നം പരിഹരിക്കപ്പെട്ടിരിക്കുന്നു..താജ്ന്റെ അമിതമായ സ്നേഹവും സംരക്ഷണവുമെല്ലാം നിന്റെ മനസ്സിനെ മാറ്റി എടുത്തിരിക്കുന്നു. അതിൽ ഞാനൊരുപാട് സന്തോഷിക്കുന്നു മോളെ.. വളർന്നു വരുന്ന നീയും താജുo റമിയുമെല്ലാം നിങ്ങളുടെ ബാല്യ കാലം പാടെ മറന്നിരുന്നു..കാരണം പിന്നീട് നിങ്ങൾക്ക് ഓർക്കാനും അനുഭവിക്കാനും മറ്റനേകം കാര്യങ്ങൾ ഉണ്ടായിരുന്നു.. അടുത്തുള്ളവരെ തന്നെ നാം ഓർക്കാറില്ല..പിന്നെയല്ലേ അങ്ങകലങ്ങളിൽ ഉള്ളവരെ.. എന്നാലും വളർന്നു വരുന്ന നിന്നോട് യൂസുഫ് ഇടയ്ക്ക് ഒക്കെ മുംതാസ്നെ കുറിച്ച് പറയുകയും അങ്ങനൊരാളെ കുറിച്ച് വിവരിക്കുകയും ചെയ്തിരുന്നു.. പക്ഷെ അറിയാതെ പോലും അവൻ താജുദീനെ കുറിച്ചോ ആ രണ്ടു മക്കളെ കുറിച്ചോ നിന്നോട് പറഞ്ഞില്ല..

ചെറുപ്പത്തിലെ സ്നേഹം വെച്ചു നീ അവരെ തേടി പോകുമോ എന്ന് നിന്റെ ഉപ്പ ഭയന്നു..അങ്ങനെ മുംതാസ്നെ ഓർത്ത് വേദനയിൽ കഴിയുന്ന കാലത്താണ് ജീവിതം വീണ്ടും വേദനയിലേക്ക് തള്ളാൻ ഒരു ജോലിക്കാരിയുടെ രൂപത്തിൽ നിന്റെ എളെയുമ്മ നിങ്ങളുടെ ജീവിതത്തിലേക്ക് കടന്നു വരുന്നത്.. ജോലിക്കാരിയല്ല,, ഒരു സ്ത്രീയല്ല.. പകരം മനുഷ്യ രൂപം കൊണ്ട ഒരു രാക്ഷസിയായിരുന്നു അവൾ.. നിങ്ങളുടെ ജീവിതം പാടെ തകർത്തു കളഞ്ഞില്ലേ അവൾ..ജീവിതം ഒരു നരക തുല്യമാക്കിയില്ലേ..സൈനബ വീണ് കിടത്തത്തിൽ ആയതോടെ യൂസുഫ് വീണ്ടും തളർന്നു പോയി.. പക്ഷെ ആ തളർച്ചയിലും അവൻ ഉയർത്തെഴുന്നേറ്റു.നിനക്ക് വേണ്ടി.. സൈനബയുടെ ആരോഗ്യം തിരിച്ചു കിട്ടുന്നതിന് വേണ്ടി..പക്ഷെ അവിടെ റബ്ബ് അവനെ തുണച്ചില്ല.. തുണച്ചില്ലന്ന് മാത്രമല്ല..അതി കഠിനമായ ഒരു വിധി അവനു സമ്മാനിച്ചു..സൈനബയെ നഷ്ടപ്പെടുന്നതിന് ഒപ്പം തന്നെയല്ലേ ആ രാക്ഷസി അവന്റെ തലയിൽ ആയത്..ഒരു തെറ്റും ചെയ്യാതെ ആ വഞ്ചകിയെ ചുമക്കേണ്ടി വന്നില്ലേ അവന്..കാലമിത്ര കഴിഞ്ഞപ്പോൾ താജുദീനും മുംതാസ്നും ഒരുവട്ടം പോലും നിന്നെ തിരിച്ചറിയാതെ പോയതിന്റെ പ്രധാന കാരണം ഇതാണ്..അവരുടെ അറിവിൽ യൂസുഫ്ന് ഒരൊറ്റ കുട്ടി മാത്രമേ ഉള്ളു..

ഒരു പെൺകുട്ടി..അതും ലൈല എന്ന പേരിൽ അവർക്ക് അറിയില്ല..മുംതാസാണ് നിനക്ക് പേര് ഇട്ടത്...ജബീൻ എന്ന പേര്..അവൾക്ക് ഏറ്റവും ഇഷ്ടമുള്ള നാമം..അവൾക്ക് പെൺകുട്ടി ഉണ്ടായാൽ ആ കുട്ടിക്ക് ഇടാൻ വേണ്ടി കരുതി വെച്ചിരുന്ന പേര്..പക്ഷെ അത് അവൾ നിനക്ക് തന്നു..നീയായിരുന്നു അവൾക്ക് സ്വന്തം മകൾ..അവളുടെ ജെബി മോളായിരുന്നു നീ.. നിന്നെ പ്രൈമറയിൽ ചേർക്കുന്ന നേരം യൂസുഫ്, അവനും സൈനബയ്ക്കും ഏറെ ഇഷ്ടമുള്ള ലൈല എന്ന പേര് ജബീൻ എന്ന നിന്റെ പേരിനു മുന്നിൽ കൂട്ടി ചേർത്തു..തങ്ങൾക്കു ജനിക്കുന്ന കുഞ്ഞ് പെണ്ണാണെങ്കിൽ അവൾക്ക് ഈ പേര് ഇടണമെന്നു സൈനബ മുന്നേ പറഞ്ഞു വെച്ചിരുന്നു.. അവളുടെ സന്തോഷത്തിനു വേണ്ടി യൂസുഫ് ലൈല എന്ന പേര് കൂടെ നിനക്ക് നൽകി...അങ്ങനെ നീ ലൈല ജബീൻ ആയി മാറി..അന്ന് തൊട്ടു യൂസുഫ്നു നീ ജെബി മാറി ലൈലു മോളായി.. യൂസുഫ് രണ്ടാമതൊരു വിവാഹം കഴിഞ്ഞതോ അതിൽ സനു ഉണ്ടായതോ ഒന്നും താജുദീനോ മുംതാസ്നോ അറിയില്ല..നീയാ വീട്ടിൽ മരുമകൾ ആയി കയറി ചെന്നിട്ടും താജുദീൻ ഒന്നും അറിഞ്ഞില്ല..നീ ആരാണെന്നു അവൻ മനസ്സിലാക്കിയില്ല.. അതാണെന്നെ ഏറെ അത്ഭുതപ്പെടുത്തി കളഞ്ഞത്.. "

വക്കീൽ ഒരു നിശ്വാസത്തോടെ വീണ്ടും പറഞ്ഞു നിർത്തി.. "അതിന് ഉപ്പാനോട് ഒരുവട്ടം പോലും ഞാൻ എന്നെ കുറിച്ചോ എന്റെ ഫാമിലിയെ കുറിച്ചോ പറഞ്ഞിട്ടില്ല..ഉപ്പയായി ഇങ്ങോട്ട് ചോദിച്ചതുമില്ല..ഉപ്പ മാത്രമല്ല.. അവനും അങ്ങനെ തന്നെയായിരുന്നു.. എന്നോട് ഒന്നും ചോദിക്കുകയോ ഞാനൊന്നും പറയുകയോ ചെയ്തില്ല.. പകരം അവൻ എപ്പോഴും പറയുമായിരുന്നു, അവർക്ക് വേണ്ടത് എന്നെയാണ്,, അല്ലാതെ എന്റെ ബാക്ക് ഗ്രൗണ്ടോ ഫാമിലിയോ പാസ്റ്റോ ഒന്നും തന്നെ അല്ലെന്ന്..എന്നിട്ടും ഞാൻ അവനോട് ഇടയ്ക്ക് ഒക്കെ ചിലത് പറഞ്ഞു..അന്നേരം അവനും ചിലതൊക്കെ ചോദിക്കും.. എന്നാലും പൂർണമായിട്ട് ഒന്നും ചോദിക്കില്ല..എന്നെ കുറിച്ച് അവൻ അറിഞ്ഞത് മുഴുവനും മുന്നയിൽ നിന്നാ..പക്ഷെ എന്റെ ഉപ്പാക്കും ഉമ്മാക്കും എന്ത് സംഭവിച്ചു എന്ന് മുന്ന പറഞ്ഞിട്ടില്ല..അത് അമൻ എന്നോട് തന്നെ ചോദിച്ചു..അന്ന് ഞാൻ അവനോട് സംഭവിച്ചത് എല്ലാം പറഞ്ഞിട്ടുണ്ട്.." "അപ്പോൾ നിന്റെ കമ്പനി അവൻ താജ് ഗ്രൂപ്പിലേക്ക് ചേർത്തതോ..? അത് താജുദീൻ അറിയാതെയാണോ..? നിന്റെ കമ്പനി ഡീറ്റെയിൽസ് കാണുമ്പോൾ എങ്കിലും അവൻ നിന്നെ മനസ്സിലാക്കേണ്ടതായിരുന്നല്ലോ..? " "അതിന് അന്ന് അവൻ അങ്ങനെ ചെയ്തത് ഉപ്പ അറിഞ്ഞു കൊണ്ടല്ല..

ഞാൻ വീട്ടിൽ എത്തി ബഹളം വെക്കുമ്പോഴാ ഉപ്പാക്ക് കാര്യം അറിഞ്ഞത്...അന്ന് അവൻ zaina ഗ്രൂപ്പ്സ് എന്ന് പറഞ്ഞിട്ടുണ്ട്.. പക്ഷെ ഉപ്പ അത് അത്രയ്ക്കങ്ങു ശ്രദ്ധിക്കുകയോ കാര്യമാക്കുകയോ ചെയ്തിട്ടില്ലന്ന് തോന്നുന്നു..എന്നെ അടക്കാനും സമാധാനിപ്പിക്കാനും ശ്രമിക്കുന്ന തിരക്കിൽ സംഭവിച്ചു പോയതായിരിക്കാം ഉപ്പാക്ക് അങ്ങനൊരു അശ്രദ്ധ..പിന്നെ ഉപ്പ കമ്പനി കാര്യങ്ങളിൽ ഒന്നും ഇടപെടാറില്ല.. എല്ലാം താജ്ൻറെ മേൽനോട്ടത്തിലാ.. അവന് കാര്യ പ്രാപ്തിയായതിന് ശേഷം ഉപ്പ കമ്പനി ഭാഗത്തേക്ക്‌ ചെല്ലുന്നത് തന്നെ കുറവാണെന്നാ അവൻ പറഞ്ഞിട്ട് ഉള്ളത്.മാത്രവുമല്ല.. ഉപ്പ എപ്പോഴും പാർട്ടി മീറ്റിംഗ് അത് ഇതുന്നൊക്കെ പറഞ്ഞു തിരക്കിൽ അല്ലേ.. " "എല്ലാവരും വിധിയെ പഴിക്കുന്നു.. എത്ര ക്രൂരനാണെന്നും നീചൻ ആണെന്നും പറയുന്നു.. പക്ഷെ ഇവിടെ നോക്കൂ..എത്ര മനോഹരമായാണ് വിധി നാടകം കളിച്ചിരിക്കുന്നത്..എത്ര ഭംഗിയായിട്ടാണ് അവൻ നിങ്ങളെ കൂട്ടി ചേർത്തിരിക്കുന്നത്.. ഇതാണ് പറയുന്നത് കാലമെത്ര കഴിഞ്ഞാലും ഒരുമിക്കേണ്ടവർ ഒരുമിക്കുമെന്ന്..

ചില ബന്ധങ്ങൾ വിധിയിൽ കുറിച്ചിട്ടിരിക്കുന്നവയാണ് മോളെ.. അല്ലെങ്കിൽ നീയെന്തിനു തുടർ പഠനത്തിന് വേണ്ടി മുംതാസ് ഉള്ള ആ ബാംഗ്ലൂർ മണ്ണിലേക്ക് പോകണമായിരുന്നു..എന്തിന് നീ റമിയെ കണ്ടുമുട്ടണമായിരുന്നു.. അവിടെ കൊണ്ടൊന്നും തീരുന്നില്ല.. അതൊരു തുടക്കമായിരുന്നു.. അതിന് ശേഷമുള്ള നിന്റെ ജീവിത പ്രയാണം നീ ഒന്നോർത്തു നോക്കിയേ..വിധിയാണ് മോളെ.. സർവ്വ ശക്തനായ റബ്ബിന്റെ വിധി.. റമി എല്ലാത്തിനും ഒരു നിയോഗം ആയെന്നു മാത്രം..അവനു അറിയാമായിരുന്നു നീ താജ്നുള്ളതാണെന്ന്...അത് കൊണ്ടാ നീ പോലും പ്രതീക്ഷിക്കാത്തൊരു നേരത്ത് അവൻ നിന്നിൽ നിന്നും അകന്ന് പോയത്..കുഞ്ഞ് നാളിൽ അവന് നിന്നോട് ഉണ്ടായ സ്നേഹം അവൻ വലുതായപ്പോഴും കൈ വെടിഞ്ഞില്ല. മരണത്തിനു തൊട്ടു മുന്നേ വരെ അവൻ നിന്നെ സന്തോഷപ്പെടുത്തി..അവൻ പോയാലും നീ സന്തോഷമായിരിക്കണമെന്ന് അവൻ ആത്മാർത്ഥമായി തന്നെ ആഗ്രഹിച്ചു.. അതിന്റെ ഫലമാ നീ ഇന്ന് താജ്ന്റെ ജീവിതത്തിൽ അവന്റെ ഭാര്യയായിട്ട് ആ വീട്ടിൽ ഉള്ളത്..എത്തേണ്ട ഇടത്ത് തന്നെയാ മോളെ നീ അവസാനം എത്തിയിരിക്കുന്നത്..ഇനി നിനക്കൊരു ഭയവും വേണ്ടാ..

ഈ ജീവിതത്തിലുടനീളം നീ സന്തോഷമായിരിക്കണം...ഇന്നിതു കണ്ടു നിന്റെ ഉപ്പയും ഉമ്മയും റമിയും അങ്ങകലെ നിന്നും ആനന്ദിക്കുന്നുണ്ടാകും.. " അവൾക്ക് ഒരു വാക്ക് പോലും പുറത്തേക്ക് വന്നില്ല..കരഞ്ഞു കൊണ്ട് ആ മണൽ പരപ്പിലേക്ക് ഊർന്നിരുന്നു..പക്ഷെ ആ കണ്ണുനീർ തുള്ളികൾക്ക് പിന്നിൽ സങ്കടമാണോ വേദനയാണോ അതോ സന്തോഷമാണോ എന്നൊന്നും അവൾക്ക് അറിഞ്ഞില്ല..എന്തിനെന്ന് ഇല്ലാതെ മിഴിനീർ കണങ്ങൾ മണൽ തരികളെ ചുംബിച്ചു കൊണ്ടേയിരുന്നു.. "മോളെ...സന്തോഷമായിരിക്കണമെന്ന് പറഞ്ഞിട്ട് കരയുകയാണോ ചെയ്യുന്നത്..? വേണ്ടാ..ഇനി കരയരുത്...ജീവിതത്തിൽ ഒരുപാട് കരഞ്ഞവളാ നീ..ഇനി ഈ കണ്ണുകൾ നിറയരുത്..നിനക്ക് സന്തോഷിക്കാൻ ഉള്ളത് മാത്രമേ നിന്റെ ജീവിതത്തിൽ സംഭവിച്ചിട്ടുള്ളു എന്ന് കരുതുക..എണീറ്റെ.. കഥ പറഞ്ഞിരുന്നു സമയം പോയത് അറിഞ്ഞില്ല..നേരം ഒരുപാടായി.. എണീക്ക്..നിന്നെ കാണാതെയായാൽ ടെൻഷൻ അടിക്കുന്ന ഒരു ഭർത്താവും ഉപ്പയും മാത്രമല്ല ഇപ്പോൾ ആ വീട്ടിൽ ഉള്ളത്..സ്നേഹനിധിയായ ഒരുമ്മ കൂടിയുണ്ട്..മുംതാസ്നോട് ഒന്നും ചോദിക്കാതെ എല്ലാം ചോദിക്കാനും അറിയാനും വേണ്ടി നീ എന്റെ അരികിലേക്ക് വന്നത് ഏതായാലും നന്നായി..

അവളിപ്പോ ആകെ തകർന്നു ഇരിക്കുകയായിരിക്കും..ഒന്നാമത്തെ യൂസുഫ്ൻറെയും സൈനബയുടെയും മരണ വാർത്ത.. പിന്നൊന്നു നിന്നോട് ചെയ്ത ഉപദ്രവങ്ങൾ..എല്ലാം ഓർത്ത് ആകെ വേദനിച്ചിരിക്കുകയായിരിക്കും... എന്ത് കൊണ്ടും നീ ഈ സമയത്ത് അവളോട്‌ ഒന്നും ചോദിക്കാത്തതു വളരെ നന്നായി.." "എന്നാലും അങ്കിൾ.. എനിക്കിപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല.. റമിയും അമനും തസി ഉമ്മാന്റെ മക്കളാണെന്ന് മനസ്സ് ഉൾകൊള്ളുന്നില്ല..ആകെയൊരു വേദന തോന്നുന്നു.. റമി..അവൻ..അവൻ ഇപ്പോഴും വേണമായിരുന്നു..അവന് ഒന്നും സംഭവിക്കരുതായിരുന്നു.. അവനും കൂടെ ഉണ്ടായിരുന്നു എങ്കിൽ എല്ലാരും എത്ര സന്തോഷിച്ചേനേ.. അമനും ഉപ്പാക്കും ഒരുപാട് ആഗ്രഹം ഉണ്ടായിരുന്നു അവനെ ഒന്ന് കാണാൻ.. പക്ഷെ... " "നീ ഇപ്പോഴും വേദനിക്കുന്നതു മുംതാസ്ന്റെയും അവളുടെ കുടുംബത്തിന്റെയും വേദന ഓർത്തിട്ടാ..മുംതാസ്നെ ചിന്തിക്കുന്നതിനൊപ്പം തന്നെ നീ നിന്റെ ഉമ്മാനെ ഒന്ന് ചിന്തിച്ചു നോക്കൂ.. അവൾ എത്രമാത്രം വേദന അനുഭവിച്ചവളാ.. ജീവിതത്തിൽ സുഖവും സന്തോഷവും അവൾ എന്തെന്ന് അറിഞ്ഞത് യൂസുഫ് അവളെ അവന്റെ ജീവിതത്തിലേക്ക് ക്ഷണിച്ചതിന് ശേഷമാ..അതുവരെ മറ്റാരുടെയോ അടുക്കളയിൽ അവിടെത്തെ ജോലിക്കാരിയായി അവരുടെ ആട്ടും തുപ്പുമെല്ലാം സഹിച്ചു ജീവിതം നരകിക്കുകയായിരുന്നു..

എന്നിട്ടും യൂസുഫ്ൻറെ വീട്ടിലേക്ക് എത്തിയിട്ടും ആ കഷ്ടപ്പാടിനൊരു കുറവ് സംഭവിച്ചില്ല.. നിന്റെ ഉപ്പാപ്പന്റെയും ഉമ്മാമ്മന്റെയും ക്രൂരതകൾ.. ആദ്യത്തെ കുഞ്ഞിനെ നഷ്ടമാകൽ.. നിന്നെ ഗർഭം ധരിച്ചപ്പോൾ ഉണ്ടായ ബുദ്ധിമുട്ടുകൾ.. അവിടം കൊണ്ട് തീർന്നോ.. വളർന്നു വരുന്ന നിന്നെ ഒന്ന് കൺകുളിർക്കെ കാണാനോ വാരി എടുക്കാനോ കുളിപ്പിച്ച് ഉടുപ്പും ഇടുവിച്ചു സുന്ദരിയാക്കാനോ ഒന്നിനും കഴിഞ്ഞില്ല അവൾക്ക്.. അപ്പോഴേക്കും തളർന്നു കിടപ്പിൽ ആയിപോയില്ലെ.. എത്ര നാളുകൾ ആ കിടപ്പ് കിടന്നു.എന്നിട്ടും സന്തോഷത്തോടെ കണ്ണുകൾ അടക്കാൻ കഴിഞ്ഞൊ അവൾക്ക്.. കാണാൻ പാടില്ലാത്ത ഒരു കാഴ്ച കണ്ടു നെഞ്ച് പൊട്ടിയല്ലേ അവൾ മരിച്ചത്.. വേദന എല്ലാവർക്കും ഉണ്ട് മോളെ.. നഷ്ടങ്ങൾ ജീവിതത്തിൽ എല്ലാവർക്കും സംഭവിക്കുന്നുണ്ട്.. അത് ഉൾകൊള്ളാനും അതിനെയൊക്കെ എതിരേറ്റു മുന്നിലേക്ക് കുതിക്കാനുള്ള ഒരു മനസ്സുമാണ് നമുക്ക് വേണ്ടത്..നിനക്ക് അത് ഉണ്ട്.. ജീവിതത്തിൽ നീ വിജയിക്കും.. അത് അങ്കിളിന് ഉറപ്പാ..മോള് എണീക്ക്..

ഇനിയും വൈകിയാൽ അവരൊക്കെ വിഷമിക്കും.. വേഗം ചെല്ല്..നിന്നെ സ്നേഹിച്ചു ശ്വാസം മുട്ടിക്കാനുള്ള തിരക്കിൽ ആകും അവരൊക്കെ.. " "ഞാൻ വീട്ടിൽ പറഞ്ഞിട്ടാ വന്നത്.. ഉപ്പയും അമനും ഇല്ലായിരുന്നു.. തസി ഉമ്മാനോട് പറഞ്ഞു വരുമ്പോൾ.. " "എന്ത്.. എന്നെ കാണാൻ വരുന്നെന്നോ..? " വക്കീലിന്റെ മുഖത്തു വേണ്ടായിരുന്നു എന്നൊരു ഭാവം ഉണ്ടായിരുന്നു.. "ഇല്ല..ഒരു ഫ്രണ്ട്‌നെ കാണാൻ ഉണ്ടെന്ന് പറഞ്ഞിട്ടാ ഇറങ്ങിയത്.. " "ഞാൻ എപ്പോഴാ നിന്റെ ഫ്രണ്ട് ആയത്.. " വക്കീലിനു ആശ്വാസമായി..അവളെ ഒന്ന് പേടിപ്പിക്കാനെന്ന പോലെ രണ്ടു കണ്ണും ഉരുട്ടി കാണിച്ചു കൊണ്ട് ചോദിച്ചു.. "ദേ..ഇത്തിരി മുൻപ്.. ഞാൻ തസി ഉമ്മാനോട് പറഞ്ഞപ്പോ..." അവൾ ഉറക്കെ ചിരിച്ചു.. "കുറുമ്പി.. " വക്കീൽ അവളുടെ ചെവി പിടിച്ചു തിരിച്ചു.. "ഔ...എന്ത് പിടുത്തമാ വക്കീലേ.. കണ്ണീന്ന് പൊന്നീച്ച പാറിപ്പോയല്ലോ... " അവൾ കള്ള ദേഷ്യം നടിച്ചു മുഖം തിരിച്ചു കളഞ്ഞു.. "വേദനിച്ചോ..സാരമില്ല..പോട്ടേ.. " വക്കീൽ വാത്സല്യത്തോടെ അവളുടെ ചെവിയിൽ തലോടി കൊടുത്തു..

"സാരമില്ല...പോട്ടേന്നോ..അയ്യടാ.. എന്ത് ഈസിയായിട്ടാ പറയുന്നത്.. ഇതങ്ങനെയൊന്നും പോകില്ല.. എനിക്ക് ഐസ് ക്രീം വേണം.. എന്നാലേ വേദന മാറുള്ളൂ. " അവൾ മുഖം വീർപ്പിച്ചു.. "ഇപ്പോഴും ഒരു മാറ്റവും ഇല്ലാല്ലെ നിനക്ക്...? " "അങ്കിൾ തന്നെയല്ലേ എന്നോട് പറഞ്ഞിട്ട് ഉള്ളത്,, നാം എത്ര വലുതായാലും നമ്മളായി തന്നെ ഇരിക്കണമെന്ന്.. ജീവിത സാഹചര്യങ്ങൾക്ക് വേണ്ടിയോ മറ്റുള്ളവർക്ക് വേണ്ടിയോ മാറാൻ പാടില്ലന്ന്.. " അവൾ പല്ല് ഇളിച്ചു കാണിച്ചു.. "എനിക്ക് തന്നെ തിരിച്ചു തന്നു.. അല്ലേ..? വാ..ഇനി ഞാൻ ഐസ് ക്രീം വേടിച്ചു തന്നില്ലന്നുള്ള പരാതി വേണ്ടാ.. " വക്കീൽ അവളെയും കൂട്ടി ഐസ് ക്രീം വിൽക്കുന്ന ഭാഗത്തേക്ക്‌ നടന്നു.. *** "എ..എന്താ...യൂ..യൂസുഫ്ൻറെ മകളോ..? " മുംതാസ് പറഞ്ഞതെല്ലാം കേട്ടു താജുദീൻ ഒരുനിമിഷം വിശ്വസിക്കാൻ ആകാതെ തരിച്ചു നിന്നു.. "അതേ..അവൾ മാനുക്കാക്കാൻറെ മകൾ തന്നെയാ...ദാ ഇത് കണ്ടോ നിങ്ങൾ.. " താജ്ൻറെ റൂമിൽ നിന്നും എടുത്ത ഫോട്ടോ ഫ്രെയിം മുംതാസ് താജുദീനു കാണിച്ചു കൊടുത്തു..

ആകെ ഞെട്ടി നിൽക്കുന്ന ആ അവസ്ഥയിലും താജുദീൻ വേഗം കൈ നീട്ടി അത് വാങ്ങിച്ചു.. കുറച്ച് നേരം അതിലേക്കു തന്നെ നോക്കി നിന്നു..വിരലുകൾ പതിയെ ഫോട്ടോയിലുള്ള യൂസുഫ്ൻറെ പുഞ്ചിരിക്കുന്ന മുഖത്തിന് മുകളിലൂടെ തഴുകി..ചുണ്ടുകൾ വിതുമ്പി..കണ്ണുകൾ നിറഞ്ഞൊലിച്ചു.. മുംതാസും വേദനയിൽ ആയിരുന്നു..നെഞ്ച് പൊട്ടുന്ന വേദനയിൽ..ഇത്രേം നേരം ആയിട്ടും കണ്ണുകൾ തോർന്നിട്ടില്ല.. പതിയെ താജുദീൻറെ കയ്യിൽ തൊട്ടു.. താജുദീൻ കയ്യിലെ ഫ്രെയിമിൽ നിന്നും മുഖം ഉയർത്തി മുംതാസ്നെ നോക്കി.. "നിനക്ക്...നിനക്ക് സന്തോഷമായില്ലെ.. നിന്റെ യൂസുഫ്ന്റെ മകൾ നിനക്ക് അരികിലേക്ക് തന്നെ വന്നെത്തിയില്ലേ..? നീ ആഗ്രഹിച്ചത് പോലെ അവൾ നിന്റെ മരുമകൾ തന്നെ ആയില്ലേ..? " താജുദീൻറെ ശബ്ദത്തിനു നന്നേ ഇടർച്ച സംഭവിച്ചിരുന്നു.. "പക്ഷെ..പക്ഷെ ഞാൻ തെറ്റ് ചെയ്തില്ലേ..സ്നേഹം കൊതിച്ചു എന്റെ അരികിലേക്ക് വന്നവളെ ഞാൻ അകറ്റിയില്ലേ..ക്രൂരമായ വേദനകൾ നൽകിയില്ലേ ഞാൻ അവൾക്ക്..പാപിയാ ഞാൻ.. വല്യ പാപി..സ്വന്തം സഹോദരന്റെ മരണം പോലും ഞാൻ അറിഞ്ഞില്ല.. എല്ലാം അറിയാൻ ഇത്രയും വർഷങ്ങൾ എടുത്തു...

എവിടെ കൊണ്ട് പോയി തീർക്കും ഞാൻ ഈ പാപങ്ങളൊക്കെ.. ഞാൻ.. എനിക്ക്.. എനിക്ക് എന്നോട് തന്നെ വെറുപ്പ് തോന്നുന്നു.. " മുംതാസ് രണ്ടും കയ്യും മുഖത്തോടു ചേർത്തു പൊട്ടി കരയുകയായിരുന്നു.. "കരയുന്നത് എന്തിനാ... സന്തോഷിക്കുകയല്ലേ വേണ്ടത്.. എത്ര അകറ്റിയാലും എന്താ.. ഒടുക്കം നിനക്ക് നിന്റെ മകളെ തിരിച്ചു കിട്ടിയല്ലോ.. നീ അവളോട്‌ ചെയ്തതൊന്നും അവൾ മനസ്സിൽ വെച്ചിട്ടില്ല.. ഉണ്ടായിരുന്നു എങ്കിൽ അവളിൽ നിന്നും തസിയുമ്മാന്നൊരു വിളി ഉണ്ടാകില്ലായിരുന്നു..നല്ല മോളാ.. സ്നേഹമുള്ള കുട്ടി..ആരെയും വെറുക്കാനോ ആരോടും ശത്രുത കാണിക്കാനോ ഒന്നും അവൾക്ക് അറിയില്ല..അത് കൊണ്ടല്ലേ നീ അവളെ അകറ്റാൻ നോക്കും തോറും താജ് അവളെ മുറുകെ പിടിച്ചത്.. വൈകിയാണെങ്കിലും നീ അവളെ അംഗീകരിച്ചല്ലോ..അവൾ യൂസുഫ്ന്റെ മകൾ ആണെന്ന് ഇപ്പോഴെങ്കിലും തിരിച്ചറിയാൻ കഴിഞ്ഞല്ലോ..കൊതിച്ചതു തന്നെ കിട്ടിയല്ലോ നമുക്ക്.. അതു മതി.. അതിനേക്കാൾ വേറെന്താ ഇനി വേണ്ടത്.. "

താജുദീൻ മുംതാസ്ൻറെ മുഖത്ത് നിന്നും കൈകൾ എടുത്തു മാറ്റി ആ കണ്ണുനീർ തുടച്ചു കൊടുത്തിട്ടു അവളെ തന്നിലേക്ക് ചേർത്തു പിടിച്ചു..മുംതാസ് അപ്പോൾത്തന്നെ ആ നെഞ്ചിലേക്ക് മുഖം അമർത്തി കളഞ്ഞു.. എത്ര കാലങ്ങൾക്ക് ശേഷമാണ് ഇവൾ ഇങ്ങനെ ഈ നെഞ്ചോടു ചേർന്നു നിൽക്കുന്നത്.. താജുദീൻറെ സന്തോഷത്തിനു അതിര് ഇല്ലായിരുന്നു..കണ്ണുകൾ ആനന്ദത്താൽ വീണ്ടും നീർമണികളെ പൊഴിച്ചു കൊണ്ടിരുന്നു..താജുദീൻറെ ചുണ്ടു മുംതാസ്ൻറെ മൂർദ്ധാവിൽ അമർന്നു..ഒപ്പം വിരലുകൾ മുടിയിഴകളെ തഴുകി കൊണ്ടിരുന്നു..കാളിങ് ബെല്ലിൻറെ ശബ്ദമാണ് മുംതാസ്നെ ഉണർത്തിയത്..വേഗം താജുദീനിൽ നിന്നും അടർന്നു മാറി..ആ മുഖത്തേക്ക് നോക്കാൻ മുംതാസ്നു പ്രയാസം തോന്നി..പക്ഷെ താജുദീനു യാതൊരു വിധ പ്രയാസവും തോന്നിയില്ല..മുംതാസ്നെ നോക്കി പുഞ്ചിരിച്ചിട്ട് മുംതാസ്നെയും ചേർത്തു പിടിച്ചു കൊണ്ട് തന്നെ വാതിൽക്കലേക്ക് ചെന്ന് ഡോർ തുറന്നു..വെളിയിൽ നിൽക്കുന്ന ആളെ കണ്ടു താജുദീനും മുംതാസും ഒരുപോലെ ഞെട്ടിപ്പോയി........തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story