ഏഴാം ബഹർ: ഭാഗം 84

ezhambahar

രചന: SHAMSEENA FIROZ

"അങ്കിൾ..ഞാനൊരു കാര്യം ചോദിച്ചാൽ സത്യം പറയുമോ..? " ഐസ് ക്രീം കഴിക്കുന്നതിന്റെ ഇടയിൽ അവൾ ചോദിച്ചു.. "അപ്പൊ എന്തോ പിശകാണ് ചോദിക്കാൻ പോകുന്നതെന്ന് അർത്ഥം.." "ആ...ഇത്തിരി പിശക് തന്നെയാ.. അങ്കിൾ സത്യം പറയുമോ..? അതുപറ.. " "ഓക്കേ..പറയാം..നീ ചോദിക്ക്... " "അങ്കിളിന് ഇപ്പോഴും തസി ഉമ്മാനെ ഇഷ്ടാണോ..? " "ഇപ്പോഴുമെന്നല്ല..എപ്പോഴും ഇഷ്ടമാണ്..പക്ഷെ ഇപ്പോൾ ആ ഇഷ്ടത്തിനു മറ്റൊരു അർത്ഥമില്ല.. പണ്ട് ഉണ്ടായിരുന്ന ഇഷ്ടവും ഇപ്പോൾ ഉള്ള ഇഷ്ടവും രണ്ടും രണ്ടാ മോളെ.." വക്കീൽ പുഞ്ചിരിച്ചു.. "അപ്പൊ അങ്കിളിന് വേദനയില്ലേ.. " "ഉണ്ടായിരുന്നു..പക്ഷെ അവൾ താജുദീൻറെ ഒപ്പം സന്തോഷത്തോടെ ജീവിക്കുന്നത് കാണുമ്പോൾ ആ വേദന മാറിപ്പോയി.. അവളുടെ ചിരി കണ്ടു മനസ്സ് നിറയ്ക്കുന്ന യൂസുഫ്നെ കണ്ടു ഞാനും സന്തോഷിച്ചു..പക്ഷെ ആ സന്തോഷം അധിക കാലം നീണ്ടു പോയില്ല.. വീണ്ടും ഞാൻ വേദനിച്ചു.. എപ്പോഴാണെന്ന് അറിയാമോ.. താജുദീനും മുംതാസും അകന്നപ്പോൾ..അവരുടെ അകൽച്ചയ്ക്ക് എപ്പോഴേങ്കിലും എവിടെയെങ്കിലും ഞാനൊരു കാരണക്കാരൻ ആയോന്നൊരു തോന്നൽ എന്നെ അലട്ടി കൊണ്ടിരുന്നു.. ഈ ഇത്രയും വർഷത്തെ എന്റെ വേദന അതായിരുന്നു മോളെ..

അല്ലാതെ മുംതാസ്നെ നഷ്ടപ്പെട്ടതല്ലാ.. " വക്കീലിൻറെ ശബ്ദത്തിനു ഇടർച്ച സംഭവിച്ചിരുന്നു.. "അതിന് അങ്കിൾ എന്ത് ചെയ്തൂന്നാ..? ഒന്നും ചെയ്തിട്ടില്ല... പ്രണയിച്ച പെണ്ണിനെ പൂർണ മനസ്സോടെ മറ്റൊരാൾക്ക്‌ വിട്ടു കൊടുത്തില്ലേ..? അതും സ്വന്തമാക്കാനുള്ള അവസരങ്ങൾ ഒരുപാട് ഉണ്ടായിട്ടും... അതുകൊണ്ട് എന്റെ അങ്കിൾ ആരോടും ഒന്നും ചെയ്തിട്ടില്ല.. നല്ലത് മാത്രമേ പ്രവർത്തിച്ചിട്ട് ഉള്ളു.. എല്ലാം ഉണ്ടായത് തസി ഉമ്മാനെ കൊണ്ടാ..തസി ഉമ്മാന്റെ അഹങ്കാരം കൊണ്ടാ ഇത്രയൊക്കെ സംഭവിച്ചത്..ഇപ്പോ എന്റെ പേടി എന്താണെന്നോ..? സനു ഇതൊന്നും വിശ്വസിക്കില്ല..അവൻ തസി ഉമ്മാനെ അംഗീകരിക്കില്ലേ എന്നൊരു തോന്നൽ..അവനെ പറഞ്ഞിട്ടും കാര്യമില്ല..ഒരു രാക്ഷസിയായിട്ടല്ലേ തസി ഉമ്മ അവന്റെ മുന്നിൽ നിന്നത്... അത്രയ്ക്ക് അഹന്തയല്ലേ തസി ഉമ്മ അവനോടും എബിയോടുമൊക്കെ കാണിച്ചത്.. " ഒരിക്കൽ സനുവും എബിയും വീട്ടിൽ വന്നതും അന്ന് നടന്ന കാര്യങ്ങളുമൊക്കെ അവൾ വക്കീലിനോടു പറഞ്ഞു..

"അങ്ങനെയെങ്കിൽ ഇപ്പൊ നീ പറഞ്ഞ ഇതേ അഹങ്കാരം നിനക്കും ഉണ്ടായിട്ടില്ലേ മോളെ..നിന്റെ ബാംഗ്ലൂർ ജീവിതം ഒന്നോർത്തു നോക്കിയേ നീ..ആദ്യമായി നീ മുന്നയെ പരിചയപ്പെട്ടത് എങ്ങനെയാണെന്ന് നീ എന്നോട് പറഞ്ഞിട്ടില്ലേ..? താജ്നും മുന്നേ നിന്റെ മുഖത്തു കൈ വെച്ചവനാ മുന്നാ..അന്നാ അടി എന്തിനാ നിനക്ക് കിട്ടിയത്..നിന്റെ അഹന്തയുടെ ഫലമായിട്ടല്ലേ.. അത് കഴിഞ്ഞു താജ്ൻറെ കയ്യിന്നും എത്രവട്ടം കിട്ടി..അതിൽ ഭൂരിഭാഗവും നീ അവനെ അനുസരിക്കാത്തതിന്റെയും തന്നിഷ്ടം കാണിച്ചതിന്റെയുമൊക്കെ ആയിട്ടായിരിക്കും.. മോളെ..നീയും മുംതാസും ഒരുപോലെയാ..എന്നാണ് നിങ്ങൾ രണ്ടുപേരും അഹങ്കാരികളായി മാറിയത് എന്നറിയാമോ..? ജീവിതത്തിൽ ഒറ്റപെട്ടു പോയപ്പോൾ..നീ കരുത്തുള്ളവളാണെന്നും നിന്നെ തോല്പിക്കാൻ ആർക്കും കഴിയില്ലന്നും നിന്നെ കാണുമ്പോൾ മറ്റൊരാൾക്ക്‌ തോന്നണം.. അതിന് വേണ്ടി നീ അണിഞ്ഞ മുഖം മൂടിയായിരുന്നു നിന്റെ അഹങ്കാരം..മുംതാസും ഒട്ടും മാറ്റാമല്ല..അന്ന് അവൾക്ക് ആകെ ഉണ്ടായിരുന്നതു റമിയാ..അവനെ നഷ്ടപ്പെട്ടു പോകുമോന്നുള്ള ഭയത്തിലാണ് അവൾ നിന്നെയും മുന്നയെയും റമിയിൽ നിന്നും അകറ്റാൻ നോക്കിയത്..നാട്ടിൽ വന്നപ്പോഴും അത് തന്നെ നടന്നു..

റമിക്കു പകരം താജ് എന്ന് മാത്രം.. ഇനിയെങ്കിലും അവൾക്ക് താജ്നെ വേണമായിരുന്നു.. പക്ഷെ അവന് വലുത് നീയായിരുന്നു..അവൾക്ക് സഹിച്ചു കാണില്ല..റമിയുടെ മരണത്തിനു കാരണക്കാരിയായവൾ മാത്രമായിട്ടാ അവൾ നിന്നെ കണ്ടത്..അപ്പൊ നിന്നെ താജ്ൻറെ ജീവിതത്തിൽ നിന്നും ഒഴിവാക്കാൻ ശ്രമിക്കുന്നത് സ്വാഭാവികം.. " "മ്മ്..മനസ്സിലുള്ള ഇഷ്ടത്തിന് ഇപ്പോ മറ്റൊരു അർത്ഥമൊന്നും ഇല്ലെന്ന് അങ്കിൾ പറഞ്ഞത് ചുമ്മാതെയാ.. ഇപ്പോഴും മനസ്സിൽ തസി ഉമ്മായാ.. അതല്ലേ ഇത്രേം കാലം എന്റെ ഒന്നിച്ച് നിന്നിരുന്ന ആള് ഇപ്പോ ഞാൻ തസി ഉമ്മാന്റെ കാര്യം പറഞ്ഞപ്പോ പെട്ടന്ന് ആ ഭാഗത്തേക്ക്‌ ചാടി കളഞ്ഞത്..തസി ഉമ്മാനെ കുറ്റം പറഞ്ഞപ്പോൾ അങ്കിളിന് തീരെ പിടിച്ചില്ല അല്ലേ..? ഞാൻ ഉപ്പാനോട് മാറി തരാൻ പറയണമോ..? " അവൾ വക്കീലിനെ കളിയാക്കി ചിരിച്ചു.. "നിന്റെ സംസാരം അല്പം കൂടുന്നുണ്ട്..എല്ലാം കുട്ടി കളി ആണല്ലേ..? " വക്കീൽ നേരത്തെ പിടിച്ചത് പോലെത്തന്നെ അവളുടെ ചെവിക്കിട്ട് പിടിച്ചു.. "ഔ..കളിയല്ല..കാര്യമായിട്ടാ പറഞ്ഞേ.. നമുക്ക് ഉപ്പാനോട് സംസാരിക്കാമെന്നേ..." "ഇനിയൊരിക്കലും ഒന്നിക്കുമെന്ന് കരുതിയതല്ല..വർഷങ്ങൾക്ക് ശേഷം വീണ്ടും ഒരുമിച്ചതാ..

അതും നിന്റെ പ്രയത്ന ഫലം കൊണ്ട്..അത് നീയായി തന്നെ കുട്ടിചോറ് ആക്കരുത്..അതും എന്റെ പേര് പറഞ്ഞിട്ട്..ജീവിച്ചു പൊക്കോട്ടെ ഞാനും അവരുമൊക്കെ.. " അവളുടെ കുസൃതി ചിരി കണ്ടു വക്കീൽ നിവർത്തി കെട്ടു അവൾക്ക് മുന്നിൽ രണ്ടു കയ്യും കൂപ്പി കാണിച്ചു.. "അല്ല അങ്കിളെ..അങ്കിളിന് തസി ഉമ്മാനെ കാണണ്ടേ..ഉപ്പാനെ കാണണ്ടേ..ഒരുപാട് കാലമായില്ലേ കണ്ടിട്ടും സംസാരിച്ചിട്ടും..ഇനിയും എന്തിനാ ഈ അകൽച്ച..അങ്കിൾ തന്നെ പറഞ്ഞല്ലോ തമ്മിൽ പിണക്കമോ വഴക്കോ ഒന്നും ഉണ്ടായിട്ടില്ലന്ന്.. പിന്നെന്തിനാ ഇനിയും ഇങ്ങനെ.. " "അറിയില്ല മോളെ..കാലം ഞങ്ങൾക്ക് ഇടയിൽ അകലം സൃഷ്ടിച്ചു..അതിപ്പോഴും അങ്ങനെ തന്നെ തുടരുന്നു..മുംതാസ്ന്റെ കല്യാണത്തിനു മുൻപ് ഞാനും താജുദീനും അത്യാവശ്യം ക്ലോസ് ആയിരുന്നു..ഒരേ കോളേജിൽ പഠിച്ച രണ്ടുപേർക്കിടയിൽ ഉണ്ടാകുന്ന സാധാരണ സുഹൃത്ത് ബന്ധം ഞങ്ങൾക്ക് ഇടയിലും ഉണ്ടായിരുന്നു..പക്ഷെ അവരുടെ കല്യാണം കഴിഞ്ഞതിനു ശേഷം ഞാൻ അവർക്ക് മുന്നിലേക്ക് ചെന്നു പെടാറില്ല..ഞാൻ പറഞ്ഞല്ലോ ഒരു ഒഴിഞ്ഞു മാറ്റം..അഥവാ മുന്നിൽ പെട്ടാൽ തന്നെ എനിക്കും താജുദീനും ഇടയിൽ ഉണ്ടാകുന്നത് ഒരു പുഞ്ചിരി മാത്രം..പക്ഷെ മുംതാസ് അവനെ വിട്ടു പോയതിൽ പിന്നെ ആ പുഞ്ചിരിയും ഇല്ലാതെയായി..

അവനെന്നെ കണ്ടാലോ ഞാൻ അവനെ കണ്ടാലോ പരസ്പരം ഒരു ഞെട്ടലാണ്..പരിചയമുള്ള രണ്ടപരിചിതരെ പോലെ.. അതെന്തിനെന്നും എനിക്കും അറിയില്ല..അവനും അറിയില്ല.." "വേണ്ടാ..അറിയണ്ട..ഇനി അത് അറിയുന്നതിലോ മനസ്സിലാക്കുന്നതിലോ പഴയ ഓർമകളിലേക്ക് സഞ്ചരിക്കുന്നതിലോ ഒന്നും ഒരർത്ഥവുമില്ല..മതി ഈ അകൽച്ച.. ഇനിയും വേണ്ടാ ഇങ്ങനെ.. എനിക്ക് എല്ലാവരെയും ഒരുമിച്ചു വേണം.. എല്ലാവരുടെയും സന്തോഷം നിറഞ്ഞ മുഖം കാണണം എനിക്ക്.. അങ്കിൾ വാ എന്നോട് ഒപ്പം...ഉപ്പാക്കും ഉമ്മാക്കും ഞാനൊരു ഷോക്ക് കൊടുക്കട്ടെ.." "മോളെ..അത്...അതൊന്നും വേണ്ടാ.. മോള് ചെല്ല്..ഇപ്പോൾത്തന്നെ ഒരുപാട് വൈകി..വെറുതെ അവരെ ടെൻഷൻ അടിപ്പിക്കണ്ടാ.." വക്കീൽ അവളെ തടയാൻ ശ്രമിച്ചു.. "ഞാൻ ചെല്ലുന്നുണ്ടെങ്കിൽ അത് അങ്കിളിനെയും കൂട്ടിയിട്ട് ആകും.. അല്ലാണ്ട് ഞാൻ ഒറ്റയ്ക്ക് പോകില്ല.." അവൾ ഉറച്ചു പറഞ്ഞു.. "എന്താ മോളെ ഇത്..? " "അതുതന്നെയാ എനിക്കും ചോദിക്കാൻ ഉള്ളത്..എന്താ ഇത്.. നാണം ആകുന്നില്ലേ കൊച്ചു കുട്ടികളെ പോലെ പിണങ്ങിയും അകന്നും ഇരിക്കാൻ...ഞാൻ സ്വന്തം മോൾ ആണെന്നല്ലേ അങ്കിൾ പറയാറ്..എന്റെ സന്തോഷമാ വലുതെന്നല്ലേ എപ്പോഴും പറയാറുള്ളത്..

എന്നിട്ട് ഇങ്ങനെയാണോ ചെയ്യേണ്ടത്.. ഞാനൊരു കാര്യം ആവശ്യപ്പെടുമ്പോൾ അത് ചെയ്തു തരാൻ ആവില്ലല്ലേ..? വേണ്ടാ.. ഇനി ഞാനൊന്നും ചോദിക്കില്ല അങ്കിളിനോട്.. " അവൾ കണ്ണ് നിറച്ചു കാണിച്ചു.. വക്കീൽ ഒന്നും മിണ്ടിയില്ല.. ഒരു നിമിഷം മൗനമായി നിന്നു.. ആവശ്യത്തിനു ശെരിക്കും വെള്ളവും വരില്ല.. ഇല്ലേൽ അമൻ പറയുന്നത് പോലെ ഡാം പൊട്ടിയത് പോലെ ഒഴുകും.. നാശം പിടിക്കാൻ.. അവൾ വക്കീൽ കാണാതെ കണ്ണിലേക്കു വിരൽ ഇട്ടു കുത്തി എരിവ് കയറ്റി ഒന്നൂടെ കണ്ണ് നിറച്ചു.. "അ..അങ്കിൾ വരില്ലന്ന് തന്നെയാണോ..? " അവൾ വിതുമ്പി കൊണ്ട് വക്കീലിന്റെ കയ്യിൽ തൊട്ടു.. വക്കീൽ അവളുടെ മുഖത്തേക്ക് നോക്കി..ആ കണ്ണുകൾ നിറഞ്ഞു ഒഴുകുന്നതു കണ്ടപ്പോൾ സഹിച്ചില്ല.. വരാമെന്നു പറഞ്ഞിട്ട് ഐസ് ക്രീമിന്റെ ക്യാഷ് കൊടുക്കാൻ വേണ്ടി തിരിഞ്ഞു..അവൾ ആ നേരം യെസ് എന്നും പറഞ്ഞു അടക്കി ചിരിച്ചു.. ** "ഞെട്ടണ്ടാ...അങ്കിൾ മാത്രമല്ല..ഞാനും കൂടെ ഉണ്ട് കേട്ടോ.." വാതിൽ തുറന്ന താജുദീനും മുംതാസും വക്കീലിനെ കണ്ടു ഞെട്ടി നിൽക്കുന്നത് കണ്ടു ലൈല ഒരു ചിരിയോടെ മുന്നിലേക്ക് കയറി നിന്നു..അപ്പോഴും താജുദീനും മുംതാസും ഞെട്ടലിൽ തന്നെയാണ്.. നിന്നിടത്ത് നിന്നും അനങ്ങിയില്ല.. ഒരക്ഷരം പോലും രണ്ടു പേരിൽ നിന്നും പുറത്തേക്ക് വന്നില്ല.. "എന്താ മേയറെ ഇത്..വീട്ടിലേക്ക് വരുന്ന അതിഥികളെ ഇങ്ങനെ പുറത്ത് നിർത്തിക്കുകയാണോ വേണ്ടത്..അകത്തേക്ക് ക്ഷണിക്കുന്നില്ലേ..

അഡ്വക്കറ്റ് എങ്കിലും ഒന്ന് പറഞ്ഞു കൊടുക്കെന്നേ.. " അവൾ വീണ്ടും ഒരു ചിരിയോടെ പറഞ്ഞു..താജുദീന് എന്തു ചെയ്യണമെന്നോ പറയണമെന്നോ അറിഞ്ഞില്ല..സങ്കടവും സന്തോഷവും സമ്മിശ്രമായ അവസ്ഥ..വക്കീലിനെ ക്ഷണിക്കാൻ വാക്കുകൾ ഒന്നും പുറത്തേക്ക് വരുന്നില്ല..പക്ഷെ കണ്ണുകൾ നിറഞ്ഞു.. "ഇനിയും നിങ്ങള് ക്ഷണിക്കുന്നതും കാത്ത് നിന്നാൽ എന്റെ അങ്കിൾ പുറത്ത് നിൽക്കുകയേ ഉള്ളു.. വാ അങ്കിളെ അകത്തോട്ട്..രണ്ടിനും നല്ല ഷോക്കാ കിട്ടിയത്..ഞാൻ പറഞ്ഞില്ലേ ഞെട്ടുമെന്ന്... ഞെട്ടലൊക്കെ മാറട്ടെ..അപ്പൊ വന്നു സംസാരിച്ചോളും രണ്ടാളും.. അങ്കിൾ ഇരിക്ക്...ഞാൻ കുടിക്കാൻ എടുക്കാം.. " മടിച്ചു മടിച്ചു നിൽക്കുന്ന വക്കീലിനെ അവൾ അകത്തേക്ക് വലിച്ചു കൊണ്ട് പോയി സോഫയിൽ ഇരുത്തി..ശേഷം അവൾ കിച്ചണിലേക്ക് പോയി.. "റ..റഹീക്കാ..." മുംതാസ്ന് ഇനിയും പിടിച്ചു നിൽക്കാൻ വയ്യായിരുന്നു..ആ കൊച്ചു പെണ്ണായിരിക്കുമ്പോൾ എങ്ങനെയാണോ സ്നേഹത്തോടെ വിളിച്ചിരുന്നത് അത്രയും സ്നേഹത്തോടെ തന്നെ ഒരു വിളി വർഷങ്ങൾക്ക് ഇപ്പുറവും മുംതാസ്ൻറെ നാവിൽ നിന്നും അടർന്നു..

വക്കീൽ ഒന്ന് വല്ലാതെയായി..ആ വിളി കേട്ടതും കണ്ണുകൾ അറിയാതെ ചെന്നത് താജുദീനിലേക്കാണ്..ആ മുഖത്തു എന്തൊക്കെയോ ഭാവങ്ങൾ..അതിൽ സന്തോഷമാണ് ഏറെയെന്ന് വക്കീൽ തിരിച്ചറിഞ്ഞു.മുംതാസ്നെ നോക്കി ഒരു പുഞ്ചിരിയോടെ സോഫയിൽ നിന്നും എണീറ്റു..അപ്പോഴേക്കും മുംതാസ് അരികിലേക്ക് വന്നിരുന്നു.. "സുഖാണോ റഹീക്കാ..എത്ര നാളായി കണ്ടിട്ട്..." മുംതാസ് ആഹ്ലാദം കൊണ്ട് കരയുകയായിരുന്നു.. "അതേ..സുഖമാണ്..നിനക്കോ..? നന്നായി ഇരിക്കുന്നോ..? " മുംതാസ് ഉവ്വെന്നുള്ള അർത്ഥത്തിൽ തലയാട്ടി.. "ഇങ്ങനെയൊരു കൂടി കാഴ്ച ഉണ്ടാകുമെന്നോ നിങ്ങളെ രണ്ടുപേരെയും ഇങ്ങനെ ഒന്ന് ചേർന്നു കാണാൻ പറ്റുമോ എന്നൊന്നും കരുതിയതല്ല..ഒരുപാട് സന്തോഷം തോന്നുന്നു.." വക്കീൽ തന്റെ നനവാർന്ന മിഴികളെ വേഗം തുടച്ചു കളഞ്ഞു.. "ഞാൻ..ഞാനാ എല്ലാത്തിനും കാരണം..പോകരുതായിരുന്നു..ഒരിക്കലും നിങ്ങളെയൊന്നും വിട്ടു പോകരുതായിരുന്നു ഞാൻ.. എല്ലാം എന്റെ തെറ്റാ..ഞാൻ കാരണമാ എല്ലാം സംഭവിച്ചത്... " "ഇനി അതൊന്നും പറഞ്ഞിട്ട് കാര്യമില്ല..കഴിഞ്ഞത് എല്ലാം കഴിഞ്ഞു..മറന്നു കളയുക..അന്നും ഇന്നും നിനക്ക് എല്ലാവരും ഉണ്ട്.. ഇവരൊക്കെ അന്നത്തേതിക്കാളും സ്നേഹിക്കുന്നുണ്ട് നിന്നെ ഇന്ന്..

ഇനിയൊരു അപദ്ധം കാണിക്കാതെ ഇരിക്കുക..ഇനിയുള്ള കാലം സന്തോഷത്തോടെ ജീവിക്കൂ..എല്ലാം കലങ്ങി തെളിഞ്ഞിരിക്കുന്നു.. " വക്കീൽ മുംതാസ്നെ ആശ്വസിപ്പിച്ചു..കണ്ണുകൾ വീണ്ടും താജുദീനിലേക്ക് നീണ്ടു..ഒന്നും മിണ്ടുന്നില്ല..നേരത്തേ താൻ വന്നു കയറിയപ്പോൾ നിൽക്കുന്ന അതേ നിൽപ് തന്നെ..വക്കീൽ താജുദീൻറെ അരികിലേക്ക് ചെന്നു..എന്ത് സംസാരിക്കണമെന്ന് വക്കീലിനും അറിയില്ലായിരുന്നു..ഒരുനിമിഷം താജുദീന്റെ മുന്നിൽ മൗനമായി നിന്നു..അപ്പോഴേക്കും താജുദീൻ നിറ കണ്ണുകളോടെ വക്കീലിനെ മുറുകെ ആലിംഗനം ചെയ്തിരുന്നു.. വക്കീൽ അത് പ്രതീക്ഷിച്ചിരുന്നില്ല.. ഒരുനിമിഷം ഞെട്ടി നിന്നു..പക്ഷെ മുംതാസ് അത് കരുതിയിരുന്നു.. ചുണ്ടിൽ പുഞ്ചിരി നിറഞ്ഞു.. വക്കീലിനു അത്രേം മതിയായിരുന്നു..ഒരിക്കൽ തുടച്ച കണ്ണുകൾ വീണ്ടും നനഞ്ഞു..തിരിച്ചു താജുദീനെയും ഇറുകെ പിടിച്ചു.. "സ്നേഹ പ്രകടനം പരിസമാപ്തി എത്തിയോ..അതോ തുടങ്ങുന്നതേ ഒള്ളോ..? "

ട്രേയിൽ മൂന്ന് ഗ്ലാസ്സ് ജ്യൂസുമായി വന്ന ലൈല താജുദീനെയും വക്കീലിനെയും കളിയാക്കി.. രണ്ടുപേരും അപ്പൊത്തന്നെ അകന്ന് മാറി കണ്ണ് തുടച്ചു കളഞ്ഞു.. "ദേ കണ്ടോ..ഇത്രേയുള്ളൂ.. ഇതിനെയാ നിങ്ങൾ ഇത്രയും കാലം മസ്സിലും പിടിച്ചു നിന്ന് ഇങ്ങനെ ഊതി വീർപ്പിച്ചത്..അങ്കിൾ വരുന്നേ ഇല്ലായിരുന്നു..ഞാൻ കരഞ്ഞു വീഴ്ത്തിയാ കൊണ്ട് വന്നത്..ഏതായാലും കരഞ്ഞും പറഞ്ഞും മൂന്ന് പേരും നല്ലോണം ക്ഷീണിച്ചിട്ടുണ്ട്..ഇതാ ജ്യൂസ്‌ കുടിക്ക്...ഇനി ഇത് കഴിഞ്ഞിട്ടാകാം ബാക്കി കരച്ചിലും കെട്ടിപ്പിടിത്തവുമൊക്കെ.. " അവൾ മൂന്നു പേർക്കും ജ്യൂസ്‌ എടുത്തു കൊടുത്തു.. "മരുമകൾ എന്നതിനൊപ്പം നിനക്ക് ഇങ്ങനൊരു റോൾ കൂടെ ഉള്ളത് ഞാൻ അറിഞ്ഞില്ല.. അറിഞ്ഞിരുന്നെങ്കിൽ ഞാൻ കാര്യങ്ങളൊക്കെ പണ്ടേ പറഞ്ഞേനെ നിന്നോട്..എന്നാപ്പിന്നെ ഞങ്ങളെ നല്ലകാലം ഇത്രക്കങ്ങു വേസ്റ്റ് ആകില്ലായിരുന്നു... " വക്കീൽ ഒരു ചിരിയോടെ അവളെ നോക്കി... "റഹീക്ക അങ്ങനെ കളിയാക്കുകയൊന്നും വേണ്ടാ.. എന്റെ മരുമകൾ മിടുക്കിയാ.. മിടുക്കി മാത്രമല്ല.. ഭാഗ്യം കൂടിയാ.. എനിക്കും ഈ വീടിനും എന്റെ മകനുമൊക്കെ കിട്ടിയ സൗഭാഗ്യം.. ഒരുവട്ടം പോലും ഇവളെ തിരിച്ചറിയാൻ കഴിഞ്ഞില്ലല്ലോന്നുള്ള സങ്കടം മാത്രമേ ഉള്ളു എനിക്ക്.. "

"അല്ലാഹ്...വീണ്ടും സെന്റ്റിയോ.. വേണ്ടുമ്മാ..മതി..കരച്ചിലും പിഴിച്ചിലുമൊക്കെ ഇതോടെ നിർത്തിക്കോണം..എനിക്ക് വയ്യ ഇനിയും കരയാൻ..എല്ലാം കലങ്ങി തെളിഞ്ഞതിലുള്ള സന്തോഷത്തിലാ ഞാനിപ്പോ..എനിക്ക് എന്റെ തസി ഉമ്മാനെ തിരിച്ചു കിട്ടിയല്ലോ.. ആ സന്തോഷം ശെരിക്കൊന്നു ചിരിച്ചു തീർത്തിട്ടില്ല.. അതിന് മുൻപേ ഉമ്മ വീണ്ടും തുടങ്ങല്ലേ ട്ടോ.. " അവൾ മുംതാസ്ൻറെ കണ്ണുകൾ തുടച്ചു കൊടുത്തിട്ടു ആ ചുമലിലേക്ക് തല ചായിച്ചു മുംതാസ്നെ വട്ടം ചുറ്റി പിടിച്ചിരുന്നു..മുംതാസ്ൻറെ കൈ ഉയർന്നു അവളുടെ നെറുകിനെ തലോടാൻ തുടങ്ങി.. "എന്നാൽ ഞാൻ ഇറങ്ങട്ടെ..." കുറച്ച് നേരം സംസാരവും ചിരിയും സന്തോഷവുമായി കടന്നു പോയിരുന്നു..വക്കീൽ മൂവരോടും പറഞ്ഞിട്ട് എഴുന്നേറ്റു.. "എന്താ റഹീക്കാ തിരക്ക്..താജ് ഇപ്പോ വരും..താജ് താജ് എന്ന് പറയുന്നത് അല്ലാതെ നിങ്ങൾ അവനെ ഒന്ന് കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലല്ലോ..അവനും അങ്ങനെ തന്നെ..ഇങ്ങനൊരാളെ അറിയുക പോലും ഇല്ലായിരിക്കും.. ഏതായാലും അവൻ വരട്ടേ..എന്നിട്ട് പോകാം.." "അവൻ വരാൻ ലേറ്റ് ആകും ഉമ്മാ.. മാച്ച് ഉണ്ടെന്ന് പറഞ്ഞിട്ടാ പോയത്.. അതോണ്ട് ഒരു ആറു മണിക്ക് മുന്നേ ഒന്നും പ്രതീക്ഷിക്കണ്ട അവനെ.. "

"കുഴപ്പമില്ല..ഇനിയൊരിക്കൽ ആവാം..ഇപ്പൊ ഞാൻ ഇറങ്ങട്ടെ.. അല്പം ദൃതിയുണ്ട്.. " വക്കീൽ പറഞ്ഞിട്ട് വെളിയിലേക്ക് ഇറങ്ങി..താജുദീനും മുംതാസും പിന്നെ ലൈലയും സീറ്റ് ഔട്ടിലേക്ക് വന്നു നിന്നു.. "ആാാ..പിന്നെ..താജ്നെ കാണാൻ ഞാൻ ഇങ്ങോട്ട് തന്നെ വരണമെന്നില്ല..ഒരുദിവസം അവനെയും കൂട്ടി അങ്ങോട്ടേക്ക് ഇറങ്ങ്.." വക്കീൽ കാറിൽ കയറുന്നതിന് മുന്നേ പറഞ്ഞു..മൂന്ന് പേരും സമ്മതം അറിയിച്ചു.. "റഹീക്കാൻറെ ഭാര്യയും കുട്ടികളുമൊക്കെ സുഖമായിരിക്കുന്നോ മോളെ.. റഹീക്കാനോട് ചോദിക്കാൻ ഒരു ബുദ്ധിമുട്ട് തോന്നി..അതാ ഫാമിലിയെ കുറിച്ച് ഒന്നും ചോദിക്കാഞ്ഞെ..." അകത്തേക്ക് നടക്കുന്നതിന്റെ ഇടയിൽ മുംതാസ് ലൈലയോട് ചോദിച്ചു.. "അതിന് അങ്കിൾ വിവാഹം കഴിഞ്ഞിട്ടില്ലല്ലോ...ഇപ്പോഴും ഒറ്റത്തടി തന്നെയാ..." മുംതാസ് അത് തീരെ പ്രതീക്ഷിച്ചിരുന്നില്ല..നിന്ന നിൽപ്പിൽ തന്നെ ഉരുകിപ്പോയി.. തന്നെ മനസ്സിൽ നിന്നും മായിച്ചു കളയണമെന്നും മറ്റൊരുത്തിയെ ഖൽബിലേക്കും ജീവിതത്തിലേക്കും കയറ്റണമെന്നുമാ താൻ പറഞ്ഞിട്ട് ഉള്ളത്..

എന്നിട്ടും... മുംതാസ് വല്ലാത്തൊരു തരം വേദനയോടെ നിന്നു.. "ഉമ്മാ..." ലൈല മുംതാസ്ൻറെ ചുമലിൽ തൊട്ടു..മുംതാസ് തന്റെ വേദന അവളിൽ നിന്നും ഒളിക്കാൻ ശ്രമിച്ചു.. "ഉമ്മ വേണ്ടാത്തത് ഒന്നും ചിന്തിച്ചു കൂട്ടണ്ട..ഓരോന്ന് ഓർത്ത് വേദനിക്കയും വേണ്ടാ..തസി ഉമ്മാനെ എപ്പോഴേ അങ്കിൾ മറന്നതാ..ആ മനസ്സിൽ ഒരു സഹോദരിയുടെ സ്ഥാനം മാത്രമേ ഇപ്പോൾ തസി ഉമ്മാക്ക് ഉള്ളു.. അതിൽ കവിഞ്ഞ് മറ്റൊന്നുമില്ല.. പിന്നെ വിവാഹം കഴിക്കാത്തത്.. അതിൽ താല്പര്യമില്ലായിരുന്നു.. ഉമ്മാനെ മറന്നു എങ്കിലും മറ്റൊരു പെണ്ണിനെ സ്വീകരിക്കാൻ തോന്നിയില്ലന്ന് പറഞ്ഞു.. അതൊക്കെ അങ്കിളിൻറെ വ്യക്തി പരമായ കാര്യങ്ങൾ അല്ലേ.. അങ്കിളിന്റെ മാത്രം ഇഷ്ടങ്ങൾ.. അതിൽ അമിതമായി ചോദ്യം ചെയ്യാനോ കൈ കടത്താനോ ഒന്നും നമുക്ക് ആകില്ലല്ലോ...അങ്കിൾ ഇപ്പോ ഒരുപാട് സന്തോഷിക്കുന്നുണ്ട്..കാരണം ഉപ്പാന്റെയും തസി ഉമ്മാന്റെയും കൂടി ചേരൽ തന്നെയാ..പിന്നെ അങ്കിൾ ഒറ്റയ്ക്ക് ഒന്നുമല്ല.. അങ്കിളിന്റെ ഉപ്പയും ഉമ്മയുമൊക്കെ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്..അതും നല്ല ആരോഗ്യത്തോടെ തന്നെ..അങ്കിൾ ക്ഷണിച്ചിട്ട് അല്ലേ പോയത്.. ഉപ്പയും അമനും ഫ്രീ ആകുന്ന ഒരു ദിവസം നോക്കി നമുക്ക് അങ്കിളിന്റെ വീട്ടിലേക്ക് പോകാം.. എല്ലാരേയും കാണാം..

അതുകൊണ്ട് ഉമ്മ വെറുതെ ഓരോന്നു ഓർത്ത് സങ്കടപ്പെടണ്ടാ..എനിക്ക് വേണ്ട ഇങ്ങനെ കരഞ്ഞു നാറ്റിക്കുന്ന ഉമ്മാനെ..ആ പഴയ അഹങ്കാരി മതി..ആ ഗർവുള്ള മുംതാസ്..ആ രൂപമാ മേയർ താജുദീൻറെ ഭാര്യയ്ക്ക് കൂടുതൽ ചേർച്ച..ആ ഭാവമാ തെമ്മാടി അമൻ താജ്ൻറെ മമ്മയ്ക്ക് ഇണങ്ങുന്നത്.. അങ്ങനെയൊരു മുംതാസ്നെയാ ഈ ജെബി മോൾക്ക്‌ ഇഷ്ടം..അപ്പൊ എല്ലാം പറഞ്ഞത് പോലെ.. ഞാനൊന്നു ഈ ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്തിട്ടു വരാം..അപ്പോഴേക്കും ഈ കണ്ണൊക്കെ തുടച്ചു ഉഷാർ ആയിട്ടു നിന്നോണം.. " അവൾ മുംതാസ്ൻറെ കവിളിൽ പിടിച്ചു ഒരു പിച്ചു കൊടുത്തിട്ടു മേളിലേക്ക് കയറിപ്പോയി.. മുംതാസും മുറിയിലേക്ക് പോകാൻ തിരിഞ്ഞു..പിന്നിൽ എല്ലാം കേട്ടു കൊണ്ട് താജുദീൻ നിൽപ് ഉണ്ടായിരുന്നു..മുംതാസ്നു ഒരുനിമിഷം ആ മുഖത്തേക്ക് നോക്കാൻ കഴിഞ്ഞില്ല..എന്തോ പ്രയാസം തന്നെ അലട്ടുന്നതു പോലെ തോന്നി മുംതാസ്ന്..അത് മനസ്സിലാക്കിയ താജുദീൻ അപ്പൊത്തന്നെ തന്റെ രണ്ടു കയ്യും വിടർത്തി മുംതാസ്നെ തന്റെ നെഞ്ചിലേക്ക് ക്ഷണിച്ചു..അത് മതിയായിരുന്നു മുംതാസ്ന് എല്ലാ പ്രയാസങ്ങളും തന്നെ വിട്ടു മാറാൻ..വേഗം തന്റെ പാതിയുടെ നെഞ്ചിലേക്ക് അണഞ്ഞു.. "മോള് പറഞ്ഞത് കേട്ടല്ലോ..നിന്റെ ഭംഗി ആ അഹങ്കാരത്തിൽ തന്നെയായിരുന്നു.

എനിക്കും ആ മുംതാസ്നെ മതി..ആ അഹങ്കാരിയെ..അഹങ്കാരം അധികമായെന്നു തോന്നിയാൽ ഞാൻ നന്നാക്കിക്കോളാം,, ഇടയ്ക്ക് ഒക്കെ ഇന്നലെ തന്നത് പോലെ ഓരോന്ന് തന്നിട്ട്.." താജുദീൻ കുസൃതിയായി പറഞ്ഞു.. കൈ വിരലുകൾ മുംതാസ്ൻറെ മുടി ഇഴകളെ തഴുകി കൊണ്ടിരുന്നു.. മുംതാസ് ഒന്നും പറഞ്ഞില്ല.. ഒരു ചിരിയോടെ ആ നെഞ്ചിലേക്ക് മുഖം അമർത്തി കളഞ്ഞു.. ** "യ്യോ...ൻറെ കർത്താവെ...എനിക്ക് ഇതൊന്നും കേൾക്കാനും കാണാനുമുള്ള ശക്തി ഇല്ലായേ... എന്നെ ഒന്ന് അങ്ങോട്ടേക്ക് എടുത്തേക്കണേ... " എബി വയറും അമർത്തി പിടിച്ചു ചിരിച്ചു മറിയാൻ തുടങ്ങി.. "ഇങ്ങനെ കിണിക്കാൻ മാത്രം ഞാനൊന്നും പറഞ്ഞില്ലല്ലോ..? " താജ് എബിയെ കടുപ്പിച്ചു നോക്കി.. "പറഞ്ഞില്ലന്നോ..അപ്പൊ ഇത്രേം നേരം പറഞ്ഞത് എന്താടാ നീ.. അതൊക്കെ കേട്ടു ചിരിക്കാതിരിക്കണമെങ്കിൽ ഞാൻ വല്ല ഹിറ്റ്ലറോ നരസിംഹ റാവുവോ മറ്റും ആയിരിക്കണം.. എന്നാലും എന്റെ താജ്..നീ എന്തൊക്കെയാ അവളെ പറഞ്ഞത്.. ജന്തു..മാരണം..ശവം.. പിശാശ്...എന്റമ്മച്ചിയേ...എനിക്ക് വയ്യായ്യേ..ഞാനിപ്പോ ചിരിച്ചു ചാവും.. " എബിയുടെ ചിരി കൂടി കൂടി വന്നു.. "എന്നാൽ നീ ഇവിടെ കിടന്നു ചാവെടാ...ഞാൻ പോകുന്നു... " "എടാ..നില്ലെടാ..എനിക്ക് നിന്നെ കളിയാക്കി മതിയായില്ല..

കുറച്ചൂടെ കളിയാക്കാൻ ഉണ്ട്..ഒന്ന് നിന്നു താടാ..വല്ലപ്പോഴും അല്ലേ..? " ദേഷ്യപ്പെട്ടു പോകാൻ ഒരുങ്ങിയ താജ്നെ എബി കയ്യിൽ പിടിച്ചു നിർത്തിച്ചു.. "പോടാ... " താജ് അവന്റെ പിടി വിടുവിച്ചു മുഖം തിരിച്ചു കളഞ്ഞു.. "എടാ...മുഖം വീർപ്പിക്കുകയല്ല.. സന്തോഷിക്കുകയല്ലേ വേണ്ടത്.. പലപ്പോഴും നീ എന്നോട് പറഞ്ഞിട്ടില്ലേ.. റമിക്ക് സ്വന്തമാവേണ്ടതായിരുന്നു അവൾ.. എങ്ങനെയോ അതിന്റെ ഇടയിൽ വന്നു പെട്ടവനാണ് ഞാൻ എന്ന്.. ഇപ്പോ മനസ്സിലായില്ലേ..അവൾ നിനക്ക് സ്വന്തമാകേണ്ടവൾ തന്നെയായിരുന്നു..നിനക്ക് വിധിച്ച നിന്റെ പെണ്ണ്..നിനക്ക് അവകാശപ്പെട്ട നിന്റെ മാത്രം പെണ്ണ്..എനിക്ക് തന്നെ മനസ്സ് നിറഞ്ഞു തുളുമ്പുവാ എല്ലാം ഓർത്തിട്ട്..അപ്പൊ നീ എന്തുമാത്രം സന്തോഷിക്കണം..അതിന്റെ ഇടയിലാ അവൻറെയൊരു ദേഷ്യം.. കൊണ്ട് പോയി കളയെടാ.. " എബി അവന്റെ മുന്നിൽ കയറി നിന്നു..അവനൊന്നും മിണ്ടിയില്ല.. എങ്ങോട്ടേക്കോ നോക്കിക്കൊണ്ട് നിന്നു.. "താജ്...നാം ആരെയാണോ നമ്മുടെ ജീവിതത്തിലേക്ക് കടന്നു വരണമെന്ന് ആഗ്രഹിക്കുന്നത്, വിധി അവരെ നാം ഒട്ടും പ്രതീക്ഷിക്കാത്ത ഒരു നേരത്ത് നമ്മുടെ ജീവിതത്തിലേക്ക് അങ്ങ് കയറ്റി കളയും..എന്നിട്ടു നമ്മുടെ ജീവിതം ഉള്ളതിനേക്കാൾ കളർ ആക്കി തരും..

അപ്പൊ നാം ഒരുപാട് സന്തോഷിക്കും..ഇതാണ് ഇപ്പോ നിന്റെ ജീവിതത്തിൽ സംഭവിച്ചത്.. പിന്നെ അന്നേ എനിക്കൊരു സംശയം ഉണ്ടായിരുന്നു നിന്റെ മമ്മ പറഞ്ഞ ആ ലവൾ ലൈല ആണോന്ന്..നിന്റെ മമ്മയ്ക്ക് ഉണ്ടായ അതേ അഹന്തയും ഹുങ്കും അല്ലേ ലൈലയ്ക്ക് ഈ കോളേജിൽ വരുമ്പോൾ ഉണ്ടായത്..തുടക്കത്തിൽ അവൾക്ക് എന്ത് ജാഡ ആയിരുന്നു.. നിന്നെ പോട്ടേ.. എന്നെ പോലും മൈൻഡ് ചെയ്യില്ലായിരുന്നു.. " എബി വീണ്ടും പറഞ്ഞു.. "എന്നിട്ടു നീ ഇങ്ങനെ അല്ലല്ലോ മിനിയാന്ന് പറഞ്ഞത്.. " "ങ്ങേ..അല്ലേ..? " എബി എന്തോ ഓർക്കുന്ന പോലെ നഖം കടിച്ചു..താജ് കണ്ണും ഉരുട്ടി അവനെ കൊല്ലുന്ന പോലൊന്നു നോക്കി.. "എടാ..അത് പിന്നെ.. അത് ഉണ്ടല്ലോ.. മിനിയാന്നത്തെ സാഹചര്യത്തിനു ആ ഡയലോഗ് ആയിരുന്നു മാച്ച്.. ഇന്നിപ്പോ ഇതാ മാച്ച്.. അത് കൊണ്ടല്ലേ മാറ്റി പറഞ്ഞത്.. അവസരം നോക്കി വേണം നമ്മള് ഓരോന്നും പറയാൻ.. " "ദേ.. കാല് മടക്കി ഒരെണ്ണം തന്നാൽ ഉണ്ടല്ലോ..അങ്ങ് മെഡിക്കൽ കോളേജിൽ കിടക്കും നീ.. " "അയ്യോ...വേണ്ടാ.. കിടത്തുന്നുണ്ടേൽ നീയെന്നെ ഡയറക്റ്റ് ആയി ശവപ്പെട്ടിയിൽ കിടത്തിയാൽ മതി.. അല്ലാണ്ട് മെഡിക്കൽ കോളേജിൽ ഒന്നും കിടത്തണ്ടാ...അവിടെ ഇപ്പൊ മൊത്തം കൊറോണയാ..

എനിക്ക് എങ്ങും വയ്യാ പേടിച്ചു പേടിച്ചു ചാവാൻ.. " "ഓ...വെറുപ്പിക്കാതെ ഒന്ന് പോടാ അവിടെന്ന്.. " "ശെരി..ഇപ്പൊ പോയേക്കാം.. പക്ഷെ അതിന് മുന്നേ എനിക്കൊരു കാര്യം അറിയണം...എപ്പോഴാ നീ ലൈലയെ ഡിവോഴ്സ് ചെയ്യുന്നത്..?" "ഡിവോഴ്സോ..? " താജ് എബിയെ നോക്കി പുരികം ചുളിച്ചു.. "അതേ..ഡിവോഴ്സ്..നീയും അവളും തമ്മിലുള്ള ഡിവോഴ്സ്.. എന്നാൽ അല്ലേ എനിക്ക് അവളെ കെട്ടാൻ പറ്റൂ..നീ തന്നെയല്ലേ പറഞ്ഞത് അവളെ കണ്ടുപിടിച്ചു എന്നോട് കെട്ടിക്കോളാൻ.. ചിന്തിച്ചപ്പോൾ ശെരിയാണെന്ന് എനിക്കും തോന്നി..നീ എന്റെ ഫ്രണ്ടല്ലേ..നിനക്ക് വേണ്ടി ഇതൊക്കെയല്ലേ എനിക്ക് ചെയ്യാൻ പറ്റുള്ളൂ..അതോണ്ട് ഞാൻ ജുവലിനെ മിനിയാന്നേ തേച്ചു.. വീട്ടിലൊക്കെ ലൈലയുടെ കാര്യം അവതരിപ്പിച്ചു..ഇനിയൊന്നു നീ അവളെ ഡിവോഴ്സ് ചെയ്താൽ മതി..അത്ര താമസമേയുള്ളൂ.. നീ പറഞ്ഞത് പോലെ എനിക്കൊരു ലൈഫ് പാർട്ണറുമായി.. നിന്റെ ലൈഫ് ഹാപ്പിയുമായി.. " എബി ചിരി അടക്കാൻ വല്ലാതെ പാടു പെടുന്നുണ്ടായിരുന്നു.. "എടാ...അവസരവാദി...ഒന്നും പാഴ് ആക്കണ്ട..എല്ലാ ചാൻസും കറക്റ്റ് ആയിട്ടു ഉപയോഗിച്ചോണം.. കേട്ടോടാ ശവമേ.." താജ് അവന്റെ കൊങ്ങയ്ക്ക് ഒരു പിടി പിടിച്ചു.. "അ..അയ്യോ...വി...വിടെടാ...

ഞാൻ വെറുതെ പറഞ്ഞതാ...അല്ലാണ്ട് കാര്യമായിട്ട് പറയുമോ..? എന്നെക്കുറിച്ച് നീ അങ്ങനെയാണോ കരുതിയിരിക്കുന്നത്..പിന്നെ നീ എന്നോട് കെട്ടിക്കോളാൻ പറഞ്ഞപ്പോൾ ഞാൻ ഉറക്കം ഉളച്ചു കൊറേ സ്വപ്നം കണ്ടു..ആ സാരമില്ല.. നിനക്ക് വേണ്ടിയല്ലേ..എന്റെ സ്വപ്നങ്ങളൊക്കെ ഞാൻ മറന്നോളാം...വിടെടാ...ഞാനിപ്പോ ചത്തു പോകുമെടാ..." "അങ്ങനെ വെറുതെയും പറയണ്ട നീ...അറിയാല്ലോ...അവൾ എന്റേതാ..." താജ് അവന്റെ കഴുത്തിന്ന് കൈ എടുത്തു.. "ഭാഗ്യം..ചത്തില്ല.." എബി രണ്ടു കൈ കൊണ്ടും കഴുത്തു മുഴുവൻ തൊട്ടും തടവിയും നോക്കി ശ്വാസം എടുത്തു വിട്ടു കൊണ്ട് പറഞ്ഞു..അത് കണ്ടു താജ്ന് ചിരി വന്നു..ആ കവിളിലെ നുണക്കുഴി തെളിഞ്ഞു വന്നതും എബി ചിരിച്ചോണ്ട് അവന്റെ തോളിലൂടെ കയ്യിട്ടു നിന്നു.. ** താജ്ൻറെ ജിപ്സി താജ് ബംഗ്ലാവിന് മുന്നിൽ വന്നു നിന്നു.. സാധാരണ പ്രാക്റ്റീസും മാച്ചുമൊക്കെ കഴിഞ്ഞു വരുമ്പോൾ വല്ലാതെ ക്ഷീണിച്ചിട്ട് ഉണ്ടാകും.. പക്ഷെ ഇന്ന് യാതൊരു വിധ ക്ഷീണവും ഇല്ല.. അത് മനസ്സ്ൻറെ സന്തോഷ കൂടുതൽ കൊണ്ടാണെന്ന് അവൻ അറിഞ്ഞു.. വണ്ടി ഒതുക്കി പതിവിലും ഉഷാറോടെ അവൻ ഇറങ്ങി അകത്തേക്ക് കയറി..ഹാളിലെ കാഴ്ച കണ്ടു അവനൊരു നിമിഷം കയറിയത് പോലെ അവിടെത്തന്നെ നിന്നു പോയി......തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story