ഏഴാം ബഹർ: ഭാഗം 89

ezhambahar

രചന: SHAMSEENA FIROZ

"അതേ..സത്യമാ ഞാൻ പറഞ്ഞത്.. റമി..അവൻ മരിച്ചിട്ടില്ല..ഇപ്പോഴും ജീവനോടെ ഉണ്ട്..ഏതു നിമിഷവും പൊലിഞ്ഞു പോകുന്ന അർദ്ധ പ്രാണനോടെ..ഇനിയും ഞാനിത് പറഞ്ഞില്ലേൽ അതെന്റെ നെഞ്ചിലെ ഭാരം വർധിപ്പിക്കുക മാത്രമല്ല, നിന്നോട് ഞാൻ ചെയ്യുന്ന ഏറ്റവും വല്യ ചതി കൂടി ആയിരിക്കും.. അന്ന് റമി മരണപ്പെട്ടു പോയെന്ന് ഞാൻ പറഞ്ഞപ്പോൾ നീ കരഞ്ഞതും വിലപിച്ചതും എന്ത് പറഞ്ഞിട്ടാ.. അവസാനമായി ഒരുവട്ടം പോലും അവനെ കാണാൻ കഴിഞ്ഞില്ലല്ലോന്ന് പറഞ്ഞല്ലേ..നിന്റെയാ നെഞ്ച് പൊട്ടിയുള്ള കരച്ചിൽ കണ്ടപ്പോഴെ എല്ലാം തുറന്നു പറയാൻ മനസ്സ് വെമ്പിയതാ..എന്നിട്ടും ഞാൻ ഒളിച്ചു വെച്ചു..കാരണം അവനെ കണ്ടാൽ നിന്റെ വേദന വർധിക്കുകയേയുള്ളൂ..കോമാ സ്റ്റേജിൽ അല്പായുസ്സിൽ കഴിയുകയാ അവൻ..ഒന്നു അനങ്ങാൻ ആവാതെ, കൈ കാലുകൾ ചലിപ്പിക്കാൻ ആകാതെ ആകെ മരവിച്ചു കിടക്കുന്ന അവന്റെ കിടപ്പ് കണ്ടാൽ നീ സഹിക്കില്ല താജ്..പറയുന്നത് എല്ലാം കേൾക്കാം..എന്നാൽ കാണാൻ ആവില്ല..

ആ കൃഷ്ണമണികൾക്ക് പോലും അനക്കം സംഭവിക്കുന്നില്ല.. അവ മുകളിലേക്ക് മാത്രം കേന്ദ്രീകരിച്ചിരിക്കുന്നു.ആ കണ്ണുകളിൽ നിന്നും ഒഴുകുന്ന കണ്ണുനീർ മാത്രമാണ് ജീവൻ ഉള്ളതിന്റെ ഏക തെളിവ്...അന്ന് കണ്മുന്നിൽ വീണു പിടഞ്ഞു അവന്റെ കൈ കാലുകൾ നിശ്ചലമാകുന്നതാ ലൈല കണ്ടത്.. അതിന് ശേഷം എന്ത് നടന്നെന്നു അവൾ കണ്ടില്ല..സജാദും ആസിഫും അവളെ വലിച്ചു കൊണ്ട് പോയിരുന്നു..ആ സ്പോട്ടിൽ തന്നെ അവൻ മരിച്ചെന്നാ അവൾ കരുതിയത്..പിന്നീട് മാസങ്ങൾക്ക് ശേഷം നാട്ടിലേക്ക് എത്തിയ ഞാൻ അവളോട്‌ പറഞ്ഞതും അങ്ങനെ തന്നെയാ..നിന്റെ ഉമ്മാക്കും ഒന്നും അറിയില്ല.നിന്നോട് ഞാൻ പറഞ്ഞത് ഹോസ്പിറ്റലിലേക്ക് എത്തുമ്പോഴേക്കും അവൻ മരിച്ചു പോയെന്നാ..പക്ഷെ ഒരു നുള്ളു ജീവൻ അവശേഷിച്ചിരുന്നു അവന്റെ ശരീരത്തിൽ..അത് രക്ഷിക്കാൻ കഴിയില്ലന്ന് ഡോക്ടർ തീർത്തു പറഞ്ഞു..ഇനി അവൻ ജീവിതത്തിലേക്ക് വരുമെന്നുള്ള ഒരു പ്രതീക്ഷയും വേണ്ടാന്ന് പറഞ്ഞു.. അത് തന്നെ സംഭവിച്ചു..

അവൻ ജീവിതത്തിലേക്ക് തിരികെ വന്നില്ല.. പക്ഷെ മരണത്തിലേക്കും പോയില്ല.. അതിന് രണ്ടിനും ഇടയിലുള്ള ഒരവസ്ഥയിൽ കിടന്നു നരഗിക്കുവാ..അവനെ ഹോസ്പിറ്റലിൽ ആക്കിയതിന്റെ പിറ്റേ നാൾ ഞാൻ ലൈലയെ അന്വേഷിച്ചു പോയതാ..പിന്നെ തിരിച്ചു ഹോസ്പിറ്റലിലേക്ക് വരാൻ ആയില്ല..ജയിലിൽ അകപ്പെട്ടു..പിന്നെ ആറേഴു മാസം കഴിഞ്ഞാ ഞാൻ പുറം ലോകം കാണുന്നത്..റമിക്കു എന്ത് സംഭവിച്ചു,,ആ ഹോസ്പിറ്റലിൽ കിടന്നു അവൻ മരിച്ചു പോയോ അതോ ജീവനോടെ ഉണ്ടോ എന്നൊക്കെ ഓർത്ത് ഉരുകുകയായിരുന്നു ഞാനാ ആറേഴു മാസക്കാലം..ലൈലയുടെ വക്കീൽ അങ്കിളാണ് ജയിലിൽ നിന്നും ഇറക്കിയത്..അതുകൊണ്ട് അദ്ദേഹത്തോടൊപ്പം നാട്ടിലേക്ക് തിരിക്കേണ്ടി വന്നു..റമിയെ അന്വേഷിച്ചു ചെല്ലാൻ കഴിഞ്ഞില്ല.. പക്ഷെ നാട്ടിൽ എത്തിയ ഞാൻ രണ്ടു നാളുകൾക്ക് ശേഷം ഉമ്മനോടും മുഹ്സിയോടുമൊക്കെ സർട്ടിഫിക്കറ്റ് എടുക്കണം എന്നൊരു നുണയും പറഞ്ഞു വീണ്ടും ബാംഗ്ലൂരിലേക്ക് വന്നു..നേരെ പോയത് ഹോസ്പിറ്റലിലേക്കാണ്..

റമിയെ അന്ന് അഡ്മിറ്റ്‌ ചെയ്തു ഒരു മാസത്തിനകം തന്നെ ഡിസ്ചാർജ് ചെയ്തു കൊണ്ട് പോയെന്ന് അറിയാൻ കഴിഞ്ഞു..അതും അവൻ കോമാ സ്റ്റേജിൽ ആണെന്നും ഹോസ്പിറ്റലിൽ കിടത്തിയിട്ടും വലിയ കാര്യമില്ലാത്തതു കൊണ്ടാ ഡിസ്ചാർജ് കൊടുത്തതെന്നും.. ഒപ്പം തന്നെ അവനു വേണ്ട എല്ലാ ഫസിലിറ്റിസും ഉള്ളൊരു സ്ഥലത്തേക്കാ അവനെ മാറ്റിയതെന്നും ആംബുലൻസിൽ റമിക്കൊപ്പം പോയ നേഴ്സ് പറഞ്ഞു..പക്ഷെ അവനെ കൊണ്ട് പോയത് ആരെന്നും എന്തെന്നും അറിഞ്ഞില്ല..അവനെ അഡ്മിറ്റ്‌ ചെയ്തത് മുതൽ ഡിസ്ചാർജ് ആയ നാൾ വരെയുള്ള ഹോസ്പിറ്റൽ റെക്കോർഡ്സ് എല്ലാം ചെക്ക് ചെയ്തു..അപ്പോഴാ ആളെ അറിയാൻ കഴിഞ്ഞത്.. എന്റെയും റമിയുടെയും ക്ലാസ്സ്‌മേറ്റ് ആണ്..സിദ്ധാർഥ്.. റമിയുടെ ആക്‌സിഡന്റ് വിവരം എങ്ങനെയോ അറിഞ്ഞു മൂന്നാം നാൾ ഹോസ്പിറ്റലിലേക്ക് വന്നതായിരുന്നു അവൻ.. ഞാൻ ഇല്ലാത്തൊരു കുറവ് അവൻ റമിയെ അറിയിച്ചില്ല..റമിക്കു വേണ്ട എല്ലാ മെഡിക്കൽ ഫാസിലിറ്റിസും ഉള്ളൊരു സ്ഥലത്തേക്ക് തന്നെ അവൻ റമിയെ ഷിഫ്റ്റ്‌ ചെയ്തു..

ഒട്ടനവധി ഉപകരണങ്ങൾക്ക് നടുവിൽ ഒരിറ്റു ജീവനോടെ കിടക്കുന്ന റമിയെ കണ്ടപ്പോൾ തകർന്നു പോയതാ ഞാൻ..പക്ഷെ തളർച്ചയിലേക്ക് വീഴാൻ സിദ്ധാർഥ് എന്നെ അനുവദിച്ചില്ല. ഇത്രയെങ്കിലും ബാക്കി കിട്ടിയില്ലേടാന്നും പറഞ്ഞു അവനെന്നെ സമാധാനിപ്പിച്ചു.. ഞാൻ ഉമ്മാനെ ചോദിച്ചു.. റമിയുടെ ആക്‌സിഡന്റ് വിവരം അറിഞ്ഞു തളർന്നു വീണെന്ന് അറിയാൻ കഴിഞ്ഞു. ദിവസങ്ങളോളം ഹോസ്പിറ്റലിൽ ആയിരുന്നത്രേ.ബോധം വീണപ്പോൾ റമിയെ അങ്ങനൊരു സ്റ്റേജിൽ കാണിക്കാൻ കഴിയാത്തത് കൊണ്ട് അവൻ മരണപ്പെട്ടു പോയെന്ന് സിദ്ധാർഥ് ഉമ്മാനോട് പറഞ്ഞു.പറയുക മാത്രമല്ല. വിശ്വസിപ്പിക്കുകയും ചെയ്തു. അന്ന് അവന്റെ മുന്നിൽ ആ ഒരുവഴി മാത്രമേ ഉണ്ടാരുന്നുള്ളൂ.. ഒരുതരം നിർവികാരതയായിരുന്നു ഉമ്മാക്ക് അന്ന്..അന്ന് തൊട്ടു പഴയതിനേക്കാൾ കൂടുതൽ കർക്കശക്കാരിയായി മാറി..എല്ലാം മറക്കാൻ അഹങ്കാരത്തിന്റെ മൂടു പടം തന്നെ അണിഞ്ഞു.ബാംഗ്ലൂരിൽ റമിക്കു കൂട്ടായി ആ മുറിക്കകത്ത് അവന്റെ ചാരെ ഇരിക്കണമെന്നും അവനെ ശ്രുശ്രുശിക്കണമെന്നുമാ ഞാൻ കൊതിച്ചത്..

പക്ഷെ ബാംഗ്ലൂരിൽ നിൽക്കാൻ കഴിയുന്നൊരു അവസ്ഥ അല്ലായിരുന്നെനിക്ക്..സർട്ടിഫിക്കറ്റ് കിട്ടിയാൽ ഉടനെ വന്നോളണമെന്ന് പറഞ്ഞാണ് ഉമ്മ എന്നെ വിട്ടത് തന്നെ..ബാംഗ്ലൂറിലെ പടുത്തവും ജീവിതവുമെല്ലാം ഒരുവട്ടം എന്നെ ഇരുട്ടറയിലേക്ക് തള്ളിയിട്ടതാണ്. ഇനിയും ഞാൻ ബാംഗ്ലൂരിൽ നിന്നാൽ വീണ്ടും അതുതന്നെ സംഭവിക്കുമെന്ന് ഉമ്മ ഭയന്നു. അതുകൊണ്ട് വരാൻ ഒരുനാൾ വൈകിയപ്പോൾ തന്നെ ഉമ്മ എന്നെ വിളിച്ചു എത്രയും പെട്ടെന്നു എത്തിക്കോളാൻ പറഞ്ഞു.അത് അല്ലങ്കിൽ ഉമ്മയെയും മുഹ്സിയെയും ജീവനോടെ കാണില്ലന്നും പറഞ്ഞു..ഭയന്നിട്ടാ ഉമ്മ അങ്ങനൊക്കെ..എനിക്ക് എന്തെങ്കിലും സംഭവിക്കുമോന്നുള്ള ഭയം..ഉമ്മാനെ ഇനിയും കരയിക്കാനും വേദനിപ്പിക്കാനും കഴിയാത്തോണ്ട് റമിയെ സിദ്ധാർഥ്ൻറെ കയ്യിൽ ഏല്പിച്ചിട്ട് മനസ്സില്ല മനസ്സോടെ നാട്ടിലേക്ക് തിരിച്ചു..അന്ന് തൊട്ടു ഉരുകിയ ജീവിക്കണേ..ദിവസവും സിദ്ധാർഥ് വിളിക്കും..റമിയെ കുറിച്ച് പറയും..ഒരു പുരോഗമനവും മാറ്റവും ഇല്ലാതെ കിടക്കുന്ന അവന്റെ കിടപ്പിനെ കുറിച്ച് പറഞ്ഞു സങ്കടപ്പെടും..പെട്ടെന്നൊരു ദിവസം ഇവിടുത്തെ പടുത്തവും വീടും നാടും നിങ്ങളെയുമൊക്കെ ഉപേക്ഷിച്ചു ഞാൻ വീണ്ടും ബാംഗ്ലൂരിന്റെ മണ്ണിലേക്ക് തിരിച്ചത് പാതിയിൽ എവിടെയോ വെച്ചു എനിക്ക് നഷ്ടപ്പെട്ടു പോയ എന്റെ സ്വപ്നം തിരിച്ചു പിടിക്കാൻ വേണ്ടി മാത്രമല്ല..

അത് നേടി എടുക്കാൻ വേണ്ടി മാത്രമല്ല ഞാൻ ബാംഗ്ലൂർക്ക് പോയത്.. ഒരുദിവസം ക്ലാസ് കഴിഞ്ഞു വീട്ടിലേക്ക് എത്തിയ എനിക്ക് സിദ്ധാർഥ്ൻറെ കാൾ ഉണ്ടാരുന്നു.. റമിയുടെ നില അതീവ ഗുരുതരമാണെന്നും ഹോസ്പിറ്റലിലേക്ക് മാറ്റിയെന്നും ഏതു നിമിഷം വേണമെങ്കിലും അവന്റെ ശരീരത്തിൽ തുടിക്കുന്ന ഒരിറ്റു ജീവൻ നിലച്ചു പോകാമെന്നും സിദ്ധാർഥ് പറഞ്ഞു.. ഡോക്ടർ അവന് നൽകിയ സമയം അടുത്തിരുന്നു. പിന്നൊന്നും നോക്കിയില്ല.. ബാംഗ്ലൂർക്ക് പോകാൻ തന്നെ തീരുമാനിച്ചു..ഉമ്മാനെ ഓരോന്ന് പറഞ്ഞു സമ്മതിപ്പിച്ചും എല്ലാരോടും യാത്ര പറഞ്ഞും ഉടനെ ബാംഗ്ലൂർക്ക് പോയി.. എന്റെ അവസ്ഥയെക്കാൾ കഷ്ടമായിരുന്നു അവിടെ സിദ്ധാർഥ്ൻറെത്.. നേരത്തേ ഞാൻ വന്നു കയറിയപ്പോൾ നീ ചോദിച്ചില്ലേ എന്നോട് എന്താ ക്ഷീണിച്ചതെന്ന്..അതുപോലെ ആയിരുന്നു സിദ്ധാർഥ്..ദിവസങ്ങളോളം ഹോസ്പിറ്റലിൽ റമിക്കു കൂട്ട് നിന്നു. ഊണില്ല ഉറക്കമില്ല പടുത്തമില്ല വീട്ടിൽ പോക്കില്ല.. അങ്ങനെ ക്ഷീണിച്ചു പോയിരുന്നു അവൻ.. ഞാൻ ചെന്നതും അവനെ വീട്ടിലേക്ക് പറഞ്ഞയച്ചു..പക്ഷെ പോയാലും അവൻ രാവിലേ വരും..രാത്രി വരെ നിക്കും..പകൽ സമയം അവൻ ഉള്ളത് കൊണ്ട് ഞാൻ എക്സാo എഴുതുകയും അതുവഴി ട്രെയിനിങ്ങിനു കയറുകയും ചെയ്തു..

പകൽ മുഴുവൻ എന്റെ ഉമ്മാക്ക് കൊടുത്ത വാക്ക് പൂർത്തിയാക്കാൻ വേണ്ടി ട്രെയിനിങ്ങിന്റെ അവിടെ കഷ്ടപ്പെടുന്നു. രാത്രിയാകുമ്പോൾ ആരും അറിയാതെ പോയി റമിക്കു കൂട്ടിരിക്കുന്നു..വീണ്ടും റമി ദിവസങ്ങളോളം ഹോസ്പിറ്റലിൽ കിടന്നു.. പക്ഷെ ജീവന്റെ തുടിപ്പ് നഷ്ടപ്പെടുന്നുമില്ല..വർധിക്കുന്നുമില്ല. വല്ലാത്തൊരു അവസ്ഥയിൽ എത്തി നിന്നു.. നീ അന്ന് ബാംഗ്ലൂരിൽ എത്തി ഞാൻ ഉള്ള സ്ഥലത്തേക്ക് വരുന്നെന്ന് പറഞ്ഞപ്പോൾ ഞാൻ നിന്നെ വിലക്കിയതും നിന്നോട് സ്റ്റേഷനിൽ നിൽക്കാൻ പറഞ്ഞിട്ട് ഞാൻ വേഗം അങ്ങോട്ടേക്ക് വന്നതും ഇതൊക്കെ കൊണ്ടാ...ഇപ്പൊ അവന്റെ ശ്വാസം നേരിയ തോതിലേക്ക് മാറിയിരിക്കുന്നു.. എപ്പോ വേണമെങ്കിലും അത് നിശ്ചലമായേക്കാം..ആ കണ്ണീർ ഒഴുക്കുന്ന മിഴികൾ അടഞ്ഞു പോയേക്കാം..പക്ഷെ അതിന് മുന്നേ ഒരുവട്ടം നീ അവനെ കാണണം.. അവസാനമായി.. എന്നെന്നേക്കുമായി ഒരു നോക്ക് കാണണം നീ അവനെ...ഈ പിറന്നാൾ ദിനത്തിൽ നിനക്ക് നൽകാൻ ഇതിലും വലുതായി ഒന്നും എന്റെ പക്കൽ ഇല്ല താജ്.. പാപമാ..നിന്നോട് ചെയ്യുന്ന മഹാ പാപമാ ഞാനിത്.. കാരണം നീ സന്തോഷിക്കേണ്ട ദിവസമാ ഇന്ന്.. എല്ലാ ഒരുക്കങ്ങളും നടത്തി നിന്നെ കാത്ത് നിൽക്കുകയാ താഴെ എല്ലാവരും..

അവർക്ക് ഇടയിലേക്ക് നിറ പുഞ്ചിരിയോടെ ഇറങ്ങി ചെല്ലേണ്ട നിന്റെ നെഞ്ചിലേക്കാ ഞാൻ ഭാരം കൊണ്ട് വെച്ചത്.. നിന്റെ മുഖത്തെ പതിനാലാം രാവിന്റെ തിളക്കമാ ഞാൻ നഷ്ടപ്പെടുത്തിയത്..പൊറുക്കണേ ടാ എന്നോട്.. എന്റെ മുന്നിൽ മറ്റു വഴികൾ ഇല്ലാത്തത് കൊണ്ടാ..ഇനിയും മറ്റാരിൽ നിന്നും ഒളിച്ചു വെച്ചാലും നിന്നോട് ഒളിച്ചു വെക്കാൻ കഴിയാത്തത് കൊണ്ടാ.. കാരണം നീ അത്രക്കു നിന്റെ റമിയെ സ്നേഹിച്ചിരുന്നു.. അത്രക്കു അവനെ കാണാൻ കൊതിച്ചിരുന്നു നീ..ഒരുവേള അവൻ തിരിച്ചു വന്നെങ്കിൽ എന്ന് നീ അതിയായി മോഹിച്ചു.. ആ നിന്നോട് ഇതൊന്നും വെളിപ്പെടുത്താത്ത ആ നിനക്ക് അവനെ ഞാൻ ഒരുനോക്ക് അവസാനമായി കാണിച്ചു തന്നില്ല എങ്കിൽ പടച്ച റബ്ബ് പോലും എന്നോട് പൊറുക്കില്ലടാ.. ഒരിറ്റു ജീവനോടെ ആയാലും അവൻ ജീവിക്കുന്നുണ്ട്..ഈ അവസാന നിമിഷത്തിൽ എങ്കിലും നീയൊന്നു അവനെ കാണണം..അത് അവനും ആഗ്രഹിക്കുന്നുണ്ടാകും താജ്.. ഞാൻ പറഞ്ഞല്ലോ.. ഇനിയൊരു മരവിച്ച ശരീരമായിട്ട് പോലും കിടക്കാൻ ഒക്കില്ല അവന്...

ഏതു നേരത്ത് വേണമെങ്കിലും ഈ ഭൂമി വിട്ടു പോയേക്കാം..ഇത്രയും നാളുകളും പ്രതീക്ഷ ഇല്ലാതെയാ ജീവിച്ചത്.ഇന്നും ഇല്ല.എന്നാലും ഞാൻ കൊതിച്ചു പോയി അവൻ ജീവിതത്തിലേക്ക് മടങ്ങി വരണമെന്ന്..ഇപ്പൊ എല്ലാവരുടെയും ഉള്ളിൽ അവൻ മരണപ്പെട്ടവനാ..അത് ഉൾകൊള്ളാൻ കഴിയാതിരുന്നിട്ടും എല്ലാരും വളരെ പ്രയാസത്തോടെ അത് ഉൾകൊണ്ട് തുടങ്ങി. അങ്ങനെ തന്നെ മതിയായിരുന്നു.. അതിന്റെ ഇടയിൽ ഇപ്പൊ ഞാൻ വന്നു ഈ സത്യം വെളിപെടുത്തണ്ടായിരുന്നു.. മരിച്ചു പോകുന്ന അവനെ നിങ്ങളാരും അറിയാതെ ഞാൻ തന്നെ ഖബറടക്കം ചെയ്തേനെ.. പക്ഷെ അതുകൊണ്ട് എന്താ താജ് ഞാൻ നേടുന്നത്..സമാധാനം ഉണ്ടാകുമോ എനിക്ക്..അവന് പറയാൻ കഴിയുന്നില്ലന്നെ ഉള്ളു.. പക്ഷെ അവൻ ആഗ്രഹിക്കുന്നുണ്ടാകില്ലേ ഈ അവസാന വേളയിൽ എങ്കിലും താജ് എന്റെ ചാരത്ത് ഉണ്ടായിരുന്നു എങ്കിലെന്ന്.. നീയും അത് ആഗ്രഹിക്കുന്നില്ലേ താജ്.. ഞാൻ.. എനിക്ക്.. എനിക്ക് ഒന്നും അറിയില്ല.. ഞാൻ ചെയ്തത് തെറ്റാണോ ശെരിയാണോ എന്നൊന്നും എനിക്കറിയില്ല..

മറ്റാരും ഇക്കാര്യം അറിയരുത് താജ്.. ആരറിഞ്ഞാലും ലൈല അറിയരുത്.. അത് ഇത്രയും നാളുകൾ ഇക്കാര്യം മറച്ചു വെച്ചതിനു അവൾ എന്നെ കുറ്റപ്പെടുത്തുമെന്നു കരുതിയോ എന്നോട് ദേഷ്യപ്പെടുമോന്ന് കരുതിയോ ഒന്നും അല്ല.. ഇനിയൊരു വട്ടം കൂടെ അവളു തളരുന്നത് കാണാനുള്ള ശക്തി ഇല്ലാഞ്ഞിട്ടാ.. ഇനിയും വയ്യടാ.. അവളുടെ കരച്ചിൽ കാണാൻ എനിക്ക് ആകില്ല.. നിന്റെ കയ്യിൽ ഏല്പിക്കാൻ വേണ്ടി അവളെ എന്റെ കയ്യിൽ ഏല്പിക്കുമ്പോൾ ഒന്നേ പറഞ്ഞുള്ളു അവൻ.. ജീവിത കാലം മുഴുവൻ അവൾ സന്തോഷമായി ഇരിക്കണമെന്ന്. ഇപ്പോഴാടാ അവൾ വീണ്ടുമൊന്ന് ചിരിക്കാനും കളിക്കാനുമൊക്കെ തുടങ്ങിയത്.. റമിയെ പോലെ.. അല്ല അതിനേക്കാൾ ഏറെ നീ അവളെ സന്തോഷപ്പെടുത്തുന്നുണ്ട്. ആ പാവത്തിന്റെ സന്തോഷം കെടുത്താൻ എനിക്ക് കഴിയില്ല ടാ. അതിനേക്കാൾ ഭേദം ഞാൻ അങ്ങ് മരിക്കുന്നതാ.. ഇനിയൊരു പ്രണയമോ ജീവിതമോ ഒന്നും ഇല്ലെന്നു തീരുമാനിച്ചവളായിരുന്നു. എന്നിട്ടും ഇന്ന് അവൾ നിന്നെ പ്രണയിക്കുന്നു. നീയുമൊത്തൊരു ജീവിതം ആഗ്രഹിക്കുന്നു. അതേ.. അവൾ ജീവിക്കണം.. എന്റെ റമി ആഗ്രഹിച്ചത് പോലെ ഈ ജീവിത കാലം മുഴുവൻ അവൾ നിന്റൊപ്പം സന്തോഷത്തോടെ ജീവിക്കണം.

അതിന് ഇക്കാര്യം അവൾ ഒരിക്കലും അറിയരുത്.. അറിഞ്ഞാൽ പിന്നെ നിനക്ക് എന്നല്ല ആർക്കും അവളെ ജീവനോടെ കിട്ടിയെന്നു വരില്ല.. എന്തിന്.. ഒന്നു കണ്ടെന്നു തന്നെ വരില്ല. മരിച്ചു പോകും അവൾ. ഇനിയൊരു വട്ടം കൂടെ അന്ന് കരഞ്ഞത് പോലെ നെഞ്ച് പൊട്ടുമാറുച്ചത്തിൽ കരഞ്ഞാൽ മരിച്ചു പോകുമെടാ അവൾ.. " എങ്ങനെയാ അത്രയും പറഞ്ഞു തീർത്തതെന്ന് അവനു തന്നെ അറിഞ്ഞില്ല..താജ്ൻറെ മുന്നിലേക്ക് മുട്ട് കുത്തി വീണു മുഖം പൊത്തി പിടിച്ചു ഒരു കൊച്ചു കുഞ്ഞിനെ പോലെ വാവിട്ടു കരയാൻ തുടങ്ങി അവൻ..അത്രയ്ക്കും അനുഭവിച്ചിരുന്നു അവൻ..ഇക്കണ്ട നാളുകളൊക്കെയും ആരോടും ഒന്നും പറയാതെ അത്രയും വലിയ വേദന പേറിയാ അവൻ കഴിച്ചു കൂട്ടിയത്..എല്ലാം കേട്ടു നിന്ന താജ്നു മുന്നയെ എഴുന്നേൽപ്പിക്കാൻ നിന്നിടത്ത് നിന്നും അനങ്ങാൻ കഴിഞ്ഞില്ല.. എന്തിന്.. അവന്റെ നാവ് പോലും ചലിച്ചില്ല.അത്രക്കും മരവിച്ചു പോയിരുന്നു അവൻ..പക്ഷെ കണ്ണുകൾ പ്രതികരിച്ചു..അവ ഒന്നിനെയും കാത്ത് നിന്നില്ല.. ആർത്തു പെയ്യാൻ തുടങ്ങിയിരുന്നു.. താൻ തളർന്നു എന്നെന്നേക്കുമായി നിലം പതിച്ചു പോകുമെന്ന് തോന്നി താജ്ന്..പതിയെ ഭിത്തിയിലേക്ക് ചേർന്നു വിരലുകൾ സൈഡിലുള്ള ഷെൽഫിൽ മുറുക്കി..

റമിയോടൊപ്പം അവൻ തന്റെ മുന്നിലിരുന്നു കരയുന്ന മുന്നയെ കൂടി ഓർത്ത് പോയി..തന്റെ കൂട പിറപ്പിന് വേണ്ടി തനിക്ക് ഒന്നും തന്നെ ചെയ്യാൻ കഴിഞ്ഞിട്ടില്ല.. എന്നിട്ടും മുന്ന.. ഒരു സുഹൃത്ത് ബന്ധം എന്നതിൽ കവിഞ്ഞു മറ്റൊന്ന് റമിക്കും അവനും ഇടയിൽ ഇല്ല..എന്നിട്ടും അവൻ റമിക്കു വേണ്ടി അവനെ തന്നെ മറന്ന് കളഞ്ഞു.. സ്വന്തം ജീവിതവും സന്തോഷവും പോലും അവൻ റമിക്കു വേണ്ടി മാറ്റി വെച്ചു.. എല്ലാം ഓർത്തതും താജ്ന് മനോ വേദന സഹിക്കാൻ കഴിയാത്തത് പോലെ തോന്നി.. ഒപ്പം തന്നെ ഈ നിമിഷം പ്രാണൻ പൊലിഞ്ഞു പോയെങ്കിൽ എന്നുവരെ തോന്നിപ്പോയി.. പക്ഷെ അതുകൊണ്ട് എന്ത് പ്രയോജനം.. വിധി.. റബ്ബിന്റെ വിധി.. ആ ഒരു മറുപടി മാത്രമേ എല്ലാത്തിനും ഉള്ളു.. അതുകൊണ്ട് എല്ലാം സഹിക്കുക.. ക്ഷമിക്കുക..താൻ തളർന്നു പോയാൽ മുന്നയെ ഉയർത്തെഴുന്നേൽപ്പിക്കുന്നതു ആരാണ്..താജ്ന് ഒന്നും മനസ്സിലാകുന്നില്ലായിരുന്നു.. ഉള്ളിലൂടെ ഒരായിരം ചിന്തകൾ കടന്നു പോകാൻ തുടങ്ങി.. പക്ഷെ എന്തോ തോന്നലിൽ അവൻ മനസ്സിനെ ഉറപ്പിച്ചു നിർത്തി മുഖം അമർത്തി തുടച്ചു..

എന്നിട്ടു മുന്നയുടെ അരികിലേക്ക് ചെന്നു അവനെ പിടിച്ചെഴുന്നേൽപ്പിച്ചു.. "ഇപ്പൊ..ഇപ്പൊ പോകണം..വാ.. എനിക്ക് എത്രയും പെട്ടെന്നു കാണണം അവനെ..ഒരുനിമിഷം പോലും കളയാൻ ഇല്ലാ..വാ എന്റൊപ്പം.. " "താ..താജ്..നീ.. നീ ഇതെന്തൊക്കെയാ പറയുന്നത്..ഇപ്പൊ എങ്ങനെയാ പോകുക..എല്ലാവരും എല്ലാം അറിയില്ലേ..വേണ്ട ടാ..ആരും ഒന്നും അറിയണ്ട..മനസ്സ് തുറന്നു ചിരിക്കുവാ താഴെ എല്ലാവരും.. അവരെ നീ ചങ്ക് പൊട്ടി കരയിപ്പിക്കരുത്..ലൈല.. അവൾ ഒരുപാട് കാത്തിരുന്ന ദിവസമാ ഇത്..നിനക്ക് വേണ്ടി അവൾ എന്തോ സർപ്രൈസ് പ്ലാൻ ചെയ്തിട്ടുണ്ടെന്നൊക്കെ നുസ്ര വിളിച്ചപ്പോ പറഞ്ഞു..അ..അവളെ കരയിപ്പിക്കല്ലേ ടാ.. " "ഞാൻ..എനിക്ക് മാത്രം അല്ലല്ലോ അവനെ കാണാൻ ആഗ്രഹം.. ഡാഡ്നും മമ്മയ്ക്കും അവൾക്കുമൊക്കെ ഉണ്ടാകില്ലേ.. ഉണ്ട്..അതെനിക്കറിയാം.. അവനെ ഓർത്ത് അവൾ കരഞ്ഞ കണ്ണുനീരിന് കണക്കില്ല. അവസാനമായി ഒരുവട്ടം കൂടെ അവൾ കണ്ടോട്ടേ.. അത് മാത്രമല്ല.. അവളോട്‌ ഇതെന്നല്ലാ.. ഒന്നും മറച്ചു വെക്കാൻ എനിക്ക് കഴിയില്ല.. അതിന് ഞാൻ ഒരുക്കമല്ല.. അത് ഇനി അവൾ എത്ര വേദനിക്കുന്ന കാര്യമാണേലും എനിക്ക് തുറന്നു പറയണം.. കാരണം ഞാനാണ് അവൾ തേടി കൊണ്ടിരിക്കുന്ന ആൾ എന്നെനിക്ക് അറിഞ്ഞിട്ടും അവളു തകർന്നു പോകാതെ ഇരിക്കാൻ വേണ്ടി ഞാനത് അവളിൽ നിന്നും മറച്ചു വെച്ചു..

പക്ഷെ അതുകൊണ്ട് എന്താ സംഭവിച്ചത്.. എല്ലാം അറിഞ്ഞപ്പോൾ സഹിക്കാൻ കഴിയാതെ അവളു ഈ വീട് വിട്ടു പോയി.. ഇപ്പൊ ഇത് അറിഞ്ഞാൽ അവൾ വീണ്ടും അത് ചെയ്യുമായിരിക്കും..റമിയുടെ അവസ്ഥ കണ്ടു ഇനി തനിക്ക് ഒരു ജീവിതം ഇല്ലെന്നും പറഞ്ഞു എന്നിൽ നിന്നും അകന്ന് പോയേക്കാം..എന്നാലും എനിക്ക് അവളെ വേണമെന്നു പറഞ്ഞു അവളോട്‌ ഒന്നും ഒളിക്കാൻ കഴിയില്ല.. എന്റെ സ്വാർത്ഥതയ്ക്ക് വേണ്ടി അവളെ ചതിക്കാൻ എനിക്ക് ആവില്ല..എല്ലാം പറയണം.. എല്ലാം അറിയണം അവൾ.. എനിക്കൊന്നും വേണ്ടാ.. ഒന്നും.. റമിയെ കണ്ടാൽ മാത്രം മതി.. ഇനിയുള്ള നേരം അവന്റെ അരികിൽ ഇരുന്നാൽ മതി.. എന്നെ ഒന്നു കൊണ്ട് പോടാ.. " താജ് മനം പൊട്ടി കരയുകയായിരുന്നു.. "പോകാം..പക്ഷെ ഇവിടെത്തെ കാര്യം കഴിഞ്ഞതിനു ശേഷം മാത്രം..ഇനിയുള്ള കാലം നിന്റൊപ്പം ഒരു ജീവിതം കൊതിച്ചു നിൽക്കുന്ന പെണ്ണാ ലൈല.. അവളെ വേദനിപ്പിച്ചിട്ട് ഒന്നും നേടാൻ ഇല്ല നിനക്ക്.. റമി ഏതായാലും ആയുസ് തീർന്നു കിടക്കുവാ.. ഇനി ലൈലയെ കൂടെ നീ ആ ഒരവസ്ഥയിലേക്ക് തള്ളി ഇടരുത്. എനിക്ക് അറിയാം നിനക്ക് എപ്പോഴും വലുത് അവളുടെ സന്തോഷമാണെന്ന്. അവളുടെ മനസ്സിൽ റമിക്കു എന്തുമാത്രം സ്ഥാനം ഉണ്ടെന്ന് ഓർത്തിട്ടാ നീയിപ്പോ ഇങ്ങനൊക്കെ പറയുന്നേന്ന് എനിക്ക് അറിയാം താജ്..

പക്ഷെ വേണ്ടാ...ഇപ്പൊ അവൾ ഒന്നും അറിയണ്ട..ആദ്യം ഇവിടെത്തെ ഫങ്ക്ഷൻ കഴിയട്ടെ.. എന്നിട്ടു തീരുമാനിക്കാം നമുക്ക് എന്ത് വേണമെന്ന്.. ഏതായാലും എനിക്ക് ഇന്ന് രാത്രിക്ക് മുന്നേ അവിടെ എത്തണം..സിദ്ധുനെ അവിടെ ആക്കിയിട്ടാ വന്നത്..അവനു ഒറ്റയ്ക്ക് ഒന്നും പറ്റില്ല..ഞാൻ പോകുമ്പോൾ എന്റൊപ്പം നീ വേണം.. നീ മാത്രം മതിയെന്ന എന്റെ അഭിപ്രായം.. ഇപ്പൊ നീ വാ.. താഴേക്ക് പോകാം..നിനക്ക് വേണ്ടി എല്ലാരും കാത്തിരിക്കുകയാ അവിടെ.. ചെന്നു മുഖം കഴുകിയിട്ട് വാ.. " "ആഹാ..രണ്ടുപേരും ഇവിടെ നിക്കുവാണോ..? ഇനി ബാക്കി സംസാരവും വിശേഷം പറച്ചിലുമൊക്കെ പിന്നീട് ആവാം.. സമയം പോകുന്നു..താഴേക്ക് വാ.. എല്ലാവരും നിന്നെ നോക്കി നിക്കുവാ അമൻ.." ചാരി വെച്ചിരിക്കുന്ന ഡോർ തുറന്നു അകത്തേക്ക് വന്ന ലൈലയെ കണ്ടു പെട്ടെന്നു ഒരുനിമിഷം രണ്ടുപേരും വല്ലാതെയായി..എന്ത് ചെയ്യണമെന്ന് അറിഞ്ഞില്ല..മുന്ന വേഗം തിരിഞ്ഞു നിന്നു..അത് അവൾ മുഖം നോക്കി മനസ്സ് ഗ്രഹിക്കുന്നത് കൊണ്ടാണ്.. കണ്ണ് കലങ്ങിയിരിക്കുകയാണ്.. താൻ കരഞ്ഞിട്ട് ഉണ്ടെന്ന് അവൾ മനസ്സിലാക്കും.

.പിന്നെ ഒരു നൂറ് ചോദ്യങ്ങൾ ആയിരിക്കും.. അതിൽ നിന്നും രക്ഷപെടാൻ ആവില്ല.. താജ് തിരിഞ്ഞു നിന്നില്ല..പക്ഷെ അവളുടെ മുഖത്തേക്ക് നോക്കാതെ നിന്നു.. "ഇതെന്താ രണ്ടും ഇങ്ങനെ നിക്കുന്നെ.. ഞാൻ ചോദിച്ചത് കേട്ടില്ലേ.. അതോ എന്നെ തന്നെ കാണുന്നില്ലേ..കണ്ണും ചെവിയുമൊക്കെ പൊട്ടിയോ നിങ്ങളുടെ..ഇവന്റെ കാര്യമോ പോട്ടേ..ഇവന് പണ്ടേ ബോധവും കൃത്യ നിഷ്ഠതയുമൊന്നും ഇല്ല.. ഞാൻ വിചാരിച്ചു ഇവൻ റെഡിയായി കഴിയുമ്പോൾ നീ ഇവനെയും കൂട്ടി താഴേക്ക് വരുമെന്ന്.. നീയും ഇവനെ പോലെത്തന്നെ ആയല്ലോ മുന്ന.. കഷ്ടം ഉണ്ട് കേട്ടോ.. " അവൾ താജ്നെ ഒന്നമർത്തി നോക്കിയിട്ട് മുന്നയുടെ മുന്നിലേക്ക് കയറി നിന്നു.. "ല..ലൈല..അത്..അത് ഞങ്ങളു താഴേക്ക് വരാൻ നിക്കുവായിരുന്നു.. അപ്പോഴാ നീ കയറി വന്നത്...പിന്നെ ഞാനല്ല ഇവനെ കൂട്ടി വരേണ്ടത്.. നീ.. നീയാ..സോ നിങ്ങള് വാ.. ഞാൻ താഴെ കാണും.. " മുന്ന അപ്പോഴും അവൾക്ക് മുഖം കൊടുത്തില്ല.. എങ്ങനൊക്കെയോ പറഞ്ഞൊപ്പിച്ചു വേഗം മുറിയിൽ നിന്നും പുറത്ത് പോയി. ഇവനിതെന്തു പറ്റി..

മുകളിലേക്ക് വരുന്നത് വരെ കുഴപ്പമൊന്നും ഇല്ലായിരുന്നല്ലോ.. ആാാ..എന്തേലും ആകട്ട്.. പിന്നെ ചോദിക്കാം.. അവളൊരു നിമിഷം മുന്ന പോകുന്നതും നോക്കി ആലോചിച്ചു നിന്നു.. പിന്നെ എന്തോ ഓർമയിൽ വേഗം താജ്ൻറെ മുന്നിലേക്ക് കയറി നിന്നു.. "എന്ത് മനുഷ്യനാ നീ.. എവിടുത്തെ കെട്ട്യോനാ നീ.. സർപ്രൈസായിട്ട് ഒരു ഗിഫ്റ്റ് തന്നപ്പോൾ ഒരുപാട് സന്തോഷമായി എനിക്ക്..പാർട്ടിക്ക് ഇതുതന്നെ ധരിച്ചാൽ മതിയെന്ന് പറഞ്ഞപ്പോൾ അതിനേക്കാൾ സന്തോഷമായി.. പക്ഷെ ഇപ്പൊ ആ സന്തോഷമൊക്കെ പോയി.. അണിഞ്ഞൊരുങ്ങി മുന്നിൽ വന്നു നിന്നിട്ടു കൊള്ളാമെന്നോ സുന്ദരിയായിട്ടുണ്ടെന്നോ ഒരു വാക്ക് പറഞ്ഞോ നീ.. പോട്ടേ.. എന്നെ ഒന്നു നോക്കിയോ നീ.. " അവളുടെ മുഖത്തു പരിഭവം നിറഞ്ഞിരുന്നു.അന്നേരമാണ് അവൻ അവളെ നോക്കുന്നതും ശ്രദ്ധിക്കുന്നതും..താൻ നൽകിയ വൈറ്റ് ഗൗണും അണിഞ്ഞു ഒരു കല്യാണ പെണ്ണിന്റെ അഴകോടെയും പ്രസരിപ്പോടെയും സന്തോഷത്തോടെയുമാണ് അവൾ മുന്നിൽ വന്നു നിന്നിട്ടുള്ളത്..ഒരു വൈറ്റ് ഷാൾ തന്നെ ഗൗണിന് ചേരുന്ന വിധത്തിൽ മോഡേൺ ആയി സ്കാഫ് ചെയ്തിട്ടുണ്ട്..

അവൾ ഇന്ന് അതീവ സുന്ദരിയായിരുന്നു.. "പറയെടാ..എങ്ങനെയുണ്ട്..കൊള്ളാമോ..? " അവൾ രണ്ടു കൈ കൊണ്ടും ഗൗൺ വിടർത്തി പിടിച്ചു അവന്റെ മുന്നിലൂടെ ഒരു കറങ്ങൽ കറങ്ങിക്കൊണ്ട് ചോദിച്ചു.. "മ്മ്..കൊള്ളാം..നന്നായിട്ടുണ്ട്.. " "അത്രയേ ഒള്ളോ..? " അവൾ അവനെ കൂർപ്പിച്ചു നോക്കി.. "അത്ര പോരേ..? " "മ്മ്..മതി.. " അവളുടെ മുഖത്തു വല്യ തെളിച്ചമൊന്നും ഇല്ലായിരുന്നു.. "എന്നാൽ വാ.. " അവൻ അവളുടെ കയ്യിൽ പിടിച്ചു മുന്നോട്ടു നടക്കാൻ ഒരുങ്ങി.. പക്ഷെ അവൾ അനങ്ങിയില്ല..അങ്ങനെ തന്നെ നിന്നു.. "എന്താ വരുന്നില്ലേ..? " അവൻ ആദ്യം താൻ പിടിച്ചിരിക്കുന്ന അവളുടെ കയ്യിലേക്ക് നോക്കി.. ശേഷം തല ചെരിച്ചു അവളുടെ മുഖത്തേക്കും.. "ഉവ്വ്..പക്ഷെ അതിന് മുന്നേ നീ കാര്യം പറാ..എന്താ നിനക്ക്.. എന്തുപറ്റി..ഞാൻ നേരത്തേ നിന്റെ അടുത്തുന്ന് പോകുന്നത് വരെ നീ ഓക്കേ ആണല്ലോ..ഇപ്പൊ എന്തുപറ്റി..മുഖം മാത്രമല്ല.. പെരുമാറ്റവും വല്ലാതെ ഇരിക്കുന്നു.." അവളുടെ കണ്കോണിൽ നനവ് പടർന്നു..ശബ്ദം ഇടറി.. "എന്തുപറ്റാൻ..ഈ ചുരുങ്ങിയ നേരം കൊണ്ട് എനിക്ക് എന്ത് പറ്റാനാ..ഇപ്പൊ നിന്റെ പ്രശ്നം എന്താ..? നീ കയറി വന്നപ്പോൾ തന്നെ ഞാൻ നിന്നെ നോക്കാഞ്ഞതോ..? സംസാരിക്കാഞ്ഞതോ..?

ഭംഗി ഉണ്ടെന്ന് പറഞ്ഞു കെട്ടിപ്പിടിക്കാത്തതോ..? അതൊക്കെ ഞാൻ മനഃപൂർവം ചെയ്തതാ.. എന്റെ കണ്ട്രോൾ പോകാതിരിക്കാൻ വേണ്ടി.. മുന്ന നിൽക്കുവല്ലായിരുന്നോ ഇവിടെ.. അപ്പൊ എനിക്ക് നിന്നോട് അങ്ങനൊക്കെ പറ്റുമോ..? " അവൻ നുണ പറഞ്ഞു രക്ഷപ്പെടാൻ നോക്കി.. "ഇപ്പൊ മുന്നയില്ലല്ലോ.. ഇപ്പൊ ആവാമല്ലോ അങ്ങനൊക്കെ..? " അവൾ വീർത്ത മുഖവും വെച്ചവനെ നോക്കി.. "ഓ..അപ്പൊ ഉള്ളു നിറയെ ആക്രാന്തം വെച്ചു നടക്കുവാല്ലേ.. എന്നിട്ടു ഞാനൊന്നു തൊടാനും പിടിക്കാനും വരുമ്പോൾ ഒടുക്കത്തെ ജാഡയും..ഇപ്പൊ ഞാൻ അധികം മൈൻഡ് ചെയ്യാതെ ഇരിക്കുമ്പോൾ ഉള്ളിൽ അടക്കി വെച്ചിരിക്കുന്ന നിന്റെയാ ആക്രാന്തമൊക്കെ പുറത്ത് ചാടാൻ തുടങ്ങി അല്ലേ.. ഇങ്ങ് വാ.. " അവൻ കയ്യിൽ പിടിച്ചിരിക്കുന്ന പിടിയാലെ അവളെ വലിച്ചു ദേഹത്തേക്ക് അടുപ്പിച്ചു..എന്നിട്ടു നെറ്റിയിൽ ഒരു ഉമ്മ കൊടുത്തിട്ടു ടൈറ്റായിട്ടൊന്നു ഹഗ് ചെയ്തു.. അതോടെ മാഞ്ഞു അവളുടെ സങ്കടവും പരിഭവവുമൊക്കെ.. അവളും അവനെയൊന്നു കെട്ടിപ്പിടിച്ചു.. "മതിയോ..? " അവൻ അവളെ അടർത്തിക്കൊണ്ട് ചോദിച്ചു..അവൾ ചിരിച്ചോണ്ട് മതിയെന്ന് തലയാട്ടി..ആ ചിരിയും മുഖത്തെ തിളക്കവുമൊക്കെ കൊണ്ടത് അവന്റെ നെഞ്ചിലാ.. ഹൃദയം ഒന്നൂടെ പൊള്ളിപ്പോയി..

"ഇനി താഴേക്ക് പോകാമല്ലോ.." അവൻ അവളുടെ കയ്യിൽ പിടിച്ചു കൊണ്ട് ചോദിച്ചു.. "പോകാം..എന്നാലും ഒന്നു പറ അമൻ..എന്തേലും പ്രശ്നം ഉണ്ടോ.? നീ ഓക്കേ അല്ലേടാ.. എനിക്ക് എന്തോ നിന്റെ മുഖം കാണുമ്പോൾ ഒരു ടെൻഷൻ.. " അവൾ ആധിയോടെ അവന്റെ കവിളിൽ കൈ ചേർത്തു കൊണ്ട് പറഞ്ഞു.. "അതല്ലേ ഞാനൊരു വട്ടം പറഞ്ഞത് ഒന്നുമില്ലന്ന്..ഇനി ഒരിക്കൽ കൂടെ നീയിത് ചോദിച്ചാൽ ഒരൊറ്റ ചവിട്ടിന് താഴേക്ക് ഇടും നിന്നെ ഞാൻ.. അത് വേണ്ടേൽ എന്റൊപ്പം വരാൻ നോക്ക്.. " അവൻ അവളെയും വലിച്ചു റൂമിന് പുറത്തേക്ക് കടന്നു..ഇംഗ്ലീഷ് കപ്പിൾസിന്റെ സ്റ്റൈലോടെയും പ്രൗഡിയോടെയും പരസ്പരം കൈ കോർത്താണ് രണ്ടു പേരും സ്റ്റെയർ ഇറങ്ങി വന്നത്.. കണ്ടാൽ അവന്റെ ബർത്ത് ഡേയ് ആണെന്ന് പറയില്ല.. രണ്ടുപേരുടെയും മാര്യേജ് റിസപ്ഷൻ ആണെന്ന് പറയും.. അത്രക്കും ഗെറ്റപ്പ് ഉണ്ടായിരുന്നു രണ്ടു പേർക്കും.. ആൾക്കൂട്ടത്തിലേക്ക് ഇറങ്ങി വന്നതും എല്ലാവരും ഒരുനിമിഷം കണ്ണ് എടുക്കാതെ അവരെ തന്നെ നോക്കി നിന്നു.. "Wow..Gorgeous.. " നുസ്ര അറിയാതെ പറഞ്ഞു പോയി.. "അത് താജുo ലൈലയും ആയോണ്ടാ.. എങ്ങാനും ആ സ്ഥാനത്തു നീയായിരുന്നെങ്കിൽ ഇപ്പൊ എല്ലാരും നിന്നെ കണ്ടു പേടിച്ചോടിയേനെ... " അടുത്ത് നിന്ന എബി നുസ്രയ്ക്കിട്ടു വെച്ചു.

.അവളപ്പോ തന്നെ പോടാ പട്ടീന്നും പറഞ്ഞു അവന്റെ കാലിനിട്ടൊരു ചവിട്ടു കൊടുത്തിട്ടു മുന്നയുടെ അടുത്തേക്ക് നീങ്ങി നിന്നു.. "എന്തെടുക്കുവായിരുന്നു ടാ.. എത്ര നേരമായി നോക്കി നിന്നു..ഗസ്റ്റ് എല്ലാരും വന്നു തുടങ്ങി.. " താജുദീൻ ലൈലയുടെയും താജ്ന്റെയും അരികിലേക്ക് വന്നു. മുംതാസും ഉണ്ടായിരുന്നു.. "എന്തിനാ തിരക്ക് കൂട്ടുന്നത്.. ടൈം ആകുന്നതല്ലേ ഉള്ളു.. " താജ് മറുപടി പറഞ്ഞു. "ആാാ.. നീ വാ..പാർട്ടി മെംബേർസ് ഒക്കെ വന്നിട്ടുണ്ട്..പിന്നെ ഇവളുടെ ഫ്രണ്ട്‌സും.. എല്ലാവരും നേരത്തേ ഉണ്ട് ചോദിക്കുന്നു മകൻ എവിടെ മരുമകൾ എവിടെന്നൊക്കെ..വാ.. വന്നു എല്ലാരേയും ഒന്ന് പരിചയപ്പെട്.." താജുദീനും മുംതാസും താജ്നെയും ലൈലയെയും കൂട്ടി ഒരു ഭാഗത്തേക്ക്‌ നടന്നു.. പരിചയപ്പെടുന്നതിന്റെ ഒപ്പം തന്നെ എല്ലാരും താജ്നെ വിഷ് ചെയ്തു.. "ഇനി കേക്ക് കട്ട്‌ ചെയ്യാം അല്ലെ..? " കുറച്ച് നേരം കഴിഞ്ഞതും എബി പറഞ്ഞു.. എല്ലാവരും അത് സമ്മതിച്ചു.. നുസ്ര മാത്രം എന്ത് ആക്രാന്തമാണടെയ് ന്നുള്ള അർത്ഥത്തിൽ എബിയെ പുച്ഛിച്ചു തള്ളി..

"HAPPY BIRTHDAY TAAJ.. HAPPY BIRTHDAY DAY OUR HERO AMAN TAAJ.." അവനു വേണ്ടി ഒരുക്കി വെച്ചിരിക്കുന്ന വലിയ ടേബിളിനും കേക്കിനും മുന്നിൽ വന്നു നിന്ന അവന്റെ കയ്യിലേക്ക് സനു കത്തി എടുത്തു കൊടുത്തതും എബിയും നുസ്രയും ജുവലും ഒരേ സ്വരത്തിൽ പാടി..ആരെയോ കേൾപ്പിക്കാനും കാണിക്കാനുമെന്ന രീതിയിൽ മുന്നയും..താജ് കേക്ക് കട്ട്‌ ചെയ്തു.. ആദ്യ പീസ് എടുത്തു താജുദീൻറെ വായിലേക്ക് വെക്കാൻ ഒരുങ്ങിയതും താജുദീൻ ഒരു പുഞ്ചിരിയോടെ അവനെ വിലക്കിയിട്ട് അത് ലൈലയ്ക്ക് നേരെ തിരിച്ചു..അവൾ അത് പ്രതീക്ഷിച്ചിരുന്നില്ല..താജുദീനെ നോക്കി..ഒപ്പം മുംതാസ്നെയും.. "എന്താ ആലോചിച്ചു നിക്കണേ.. വാങ്ങിക്കു മോളെ.. ഇനിമുതൽ അവൻ ചെയ്യുന്ന ഓരോ പ്രവർത്തിയുടെയും തുടക്കവും ഒടുക്കവുമെല്ലാം നിന്നിലൂടെ ആയിരിക്കണം..നീ ഇവന്റെ ഭാര്യയാണ്..ഭാര്യയെന്നാൽ ഭർത്താവിന്റെ പാതി..വാങ്ങിക്കൂ.." താജുദീൻ നിറ പുഞ്ചിരിയോടെ പറഞ്ഞു.മുംതാസ് അതിനെ ശെരിവെച്ചു ആണെന്ന് തലയാട്ടി..പിന്നെ അവൾ അമാന്തിച്ചില്ല..വേഗം അവൻ നീട്ടിയ കേക്ക് പകുതി കടിച്ചെടുത്തു.ബാക്കി കയ്യിലെടുത്തു അവന്റെ വായിലേക്ക് വെച്ചു കൊടുത്തു..പിന്നെ ഒരു രീതിക്കെന്ന പോലെ അവൻ കേക്ക് എടുത്തു ഓരോരുത്തർക്കും കൊടുത്തു.. എല്ലാവരും അത് വാങ്ങിച്ചു അവനെ തീറ്റിക്കുകയും ഗിഫ്റ്റുകൾ നൽകുകയും ചെയ്തു........തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story