ഹേമന്തം 💛: ഭാഗം 18

hemandham

എഴുത്തുകാരി: ആൻവി

"നിനക്ക് കിട്ടിയതൊന്നും പോരെ....." അവളുടെ കൈ പിടിച്ചു പുറകിലേക്ക് തിരിച്ചു കൊണ്ട് ചോദിച്ചു... "അമ്മേ..... സ്സ്...." വേദന കൊണ്ട് അവൾ പെരുവിരലിൽ നിന്നുയർന്നു പൊങ്ങി... അവൻ ഒന്ന് കൂടെ മുറുകെ പിടിച്ചു.... "അയ്യോ....." ലക്ഷ്മിയുടെ ആക്കം കൂടിയതും അവൾ നിലവിളിച്ചു..... ആര്യൻ ചിരിയോടെ അവളുടെ കൈ വിട്ടു.... "എന്നോട് കളിക്കുമ്പോൾ ഒന്ന് സൂക്ഷിക്കണത് നല്ലതാ... പിന്നെ കയ്യൊടിഞ്ഞു കാലൊടിഞ്ഞു എന്നൊന്നും പറഞ്ഞേക്കരുത്...." താടിയൊന്നുഴിഞ്ഞു കൊണ്ട് അവൻ പറഞ്ഞു.... ചുണ്ട് കൂർപ്പിച്ചു കൊണ്ട് അവൾ ഒന്ന് തലയാട്ടി... "ഗുഡ് ഗേൾ...." വീർത്തു വന്ന അവളുടെ കവിളിൽ മെല്ലെയൊന്ന് തട്ടിയവൻ പുറത്തേക്ക് ഇറങ്ങി... കവിളിൽ തലോടി അവൻ പോകുന്ന വഴിയേ അവൾ പുഞ്ചിരിയോടെ നോക്കി..."മോളുടെ പേരെന്താ....." കാറ്റിൽ പാറി പറക്കുന്ന അലസമായ മുടിയൊതുക്കി വെച്ച് കൊടുത്തു കൊണ്ട് ലക്ഷ്മി ചോദിച്ചു... ആ കുറുമ്പി പെണ്ണ് പല്ല് കാട്ടിയൊന്നു ചിരിച്ചു... "കനി......" "ആഹാ... നല്ല പേരാണല്ലോ....." അവരുടെ കണ്ണുകളിൽ വാത്സല്യം നിറഞ്ഞു... "എത്രേലാ മോള് പഠിക്കുന്നെ...."

മറുപടിയായി അവൾ അവരുടെ രണ്ട് വിരൽ ഉയർത്തി കാണിച്ചു... "രണ്ടാം ക്ലാസ്സിലാ.. പശേ.. ഇപ്പോ പോണില്ല..." ആ കുഞ്ഞിപെണ്ണ് അതും പറഞ്ഞു കൊണ്ട്.... അമ്മയുടെ കയ്യിൽ തൂങ്ങി... അവളുടെ അമ്മ പഴയ തുണികൾ എല്ലാം ബാഗിൽ ആക്കുകയായിരുന്നു... "എന്തെ മോള് സ്കൂളിൽ പോകാത്തെ..?" ലക്ഷ്മി ചോദിച്ചു... "ഒന്നും പറയണ്ടേച്ചി...കൊച്ചിന്റെ അച്ഛൻ മരിച്ചപ്പോൾ അദ്ദേഹത്തിന്റെ വീട്ടുകാർക്ക് ഞങ്ങളെ വേണ്ട.... വീട്ടിൽ നിന്നിറക്കി വിട്ടു... എന്റെ കൊച്ചിന് നല്ലൊരു ഡ്രസ്സ്‌ പോലും വാങ്ങി കൊടുക്കാൻ എനിക്ക് പറ്റുന്നില്ല...നാട്ടിൽ നിന്ന് ഇങ്ങോട്ട് വന്നതിൽ പിന്നെ സ്കൂളിൽ ഒന്നും ചേർത്തിട്ടില്ല...." സാരി തുമ്പ് കൊണ്ട് നിറഞ്ഞ കണ്ണുകൾ തുടച്ചു കൊണ്ട് ആ സ്ത്രീ പറഞ്ഞത് കേട്ട് ലക്ഷ്മി ചിരിച്ചു... ഉമ്മറപടിയിൽ ഇരുന്ന... കനി മോളെ അടുത്തേക്ക് വിളിച്ചു..... "ചെല്ല്...." അവളുടെ അമ്മ പറഞ്ഞതും... അവൾ ചിരിച്ചു കൊണ്ട് ലക്ഷ്മിയുടെ അടുത്തേക്ക് ചെന്നു.... "കുഞ്ഞുങ്ങളെ പഠിപ്പിക്കണം ഇത്തിരി കഷ്ടപെട്ടിട്ട് ആയാലും... വളർന്നാൽ ഇവള് നോക്കില്ലേ നിന്നെ... അല്ലേ മോളെ ..." ലക്ഷ്മി കനിയുടെ താടിയിൽ കൊഞ്ചിച്ചു കൊണ്ട് പറഞ്ഞതും...

അവൾ നാണത്തോടെ ഒന്ന് തലയാട്ടി... "മോളെ ഇവിടുത്തെ സ്കൂളിൽ ചേർക്കാൻ നോക്ക്...അതിന് വേണ്ട സഹായം എന്താന്ന് വെച്ചാൽ ഞാൻ ചെയ്തു തരാം..." അത്രയും പറഞ്ഞു കൊണ്ട് കനിമോളെ നോക്കി.... "മോൾക്ക് സ്കൂളിൽ പോകണ്ടേ... മ്മ്.." "പോണം...." "സ്കൂളിൽ പോയി നന്നായി പഠിച്ച് വല്ല്യേ ആളാവണം.... അമ്മേനെ നന്നായി നോക്കണം... പിന്നെ മോൾക്ക് ആരാവാന ഇഷ്ട്ടം...?." "ഡോട്ടർ..." അവൾ ചിരിച്ചു... "ആഹാ... അപ്പൊ പഠിച്ച് ഡോക്ടറാവണം കേട്ടോ..." "മ്മ്...." ലക്ഷ്മി അവളുടെ കയ്യിലേക്ക് മിട്ടായി വെച്ച് കൊടുത്തു.... "ഇതാ ഇത് വെച്ചോ.. എന്നിട്ട് കുഞ്ഞിന് നല്ല ഡ്രസ്സ്‌ വാങ്ങി കൊടുക്ക്..." കനിയുടെ അമ്മയുടെ കയ്യിൽ കുറച്ചു പണം വെച്ച് കൊടുത്തു കൊണ്ട് പറഞ്ഞു.... ആ സ്ത്രീ നിറഞ്ഞ കണ്ണുകളോടെ ലക്ഷ്മിയുടെ കാലിൽ വീണു..... "പാവം കുട്ടിയല്ലേ....ഈ പ്രായത്തിൽ ആ കൊച്ചിനെയും കൊണ്ട്... ഹോ....." ഗേറ്റ് തുറന്ന് പോകുന്നവരെ നോക്കി കൊണ്ട് ഭാനുവമ്മ പറയുന്നത് കേട്ട് ലക്ഷ്മി ഒന്ന് മൂളി..... ഒരിക്കൽ താനും ഇങ്ങനെ നടന്നിട്ടില്ലേ എങ്ങോട്ട് എന്നില്ലാതെ... ലക്ഷ്മി ഓർത്തു.... 

"ഒരുപാട് രഹസ്യങ്ങൾ ഒളിഞ്ഞിരിക്കുന്ന ഒരു മാന്ത്രിക ഗ്രാമമാണിത്....ആകര്‍ഷകമായ വെള്ളച്ചാട്ടങ്ങള്‍, ഗുഹകള്‍, പ്രാചീന ക്ഷേത്രങ്ങള്‍ എന്നിവയാല്‍ ചുറ്റപ്പെട്ട ഗ്രാമം...." കയ്യിലെ ചൂട് ചായ മൊത്തി കുടിച്ചു കൊണ്ട് ആര്യൻ പറഞ്ഞത് കേട്ട് ആനി തലകുലുക്കി.... വീടിന്റെ ഉമ്മറത്ത് ഇരുന്ന് ദൂരെ കാണുന്ന മഞ്ഞ് മലകളിലേക്ക് അവർ രണ്ടുപേരും ഉറ്റു നോക്കി.... "അങ്ങോട്ട് ഇതുവരെ ആരും പോയിട്ടില്ലേ...." ആര്യൻ മുഖം ചെരിച്ചവളോട് ചോദിച്ചു... "പിന്നെ....പോയൊരൊക്കെ അതെ പടി തിരികെ വന്നു... അത്രക്ക് തണുപ്പാത്രേ.... ഐസ് പോലെ ആവും..." ആനി കൈകൾ കൂട്ടി ഉരുമ്മി കൊണ്ട് പറഞ്ഞു... ആര്യൻ ചിരിച്ചു... "അതൊക്കെ ചുമ്മാ പറയുന്നതാകും..ഞാൻ വിശ്വസിക്കുന്നില്ല....." "അരെ ബാബ...പിന്നെ പോയൊരൊക്കെ കള്ളം പറയുവാണെന്നാണോ പറയുന്നെ..." അവൾ ചുണ്ട് കോട്ടി കൊണ്ട് ചോദിച്ചു... "May be ആയികൂടെ..." അവൻ അവളെ നോക്കി പുരികമുയർത്തി... "അങ്ങനെ ആണേൽ പോയി കാണിക്ക്...." "ഞാൻ പോയി കാണിച്ചാൽ...?" അവൻ ചോദ്യഭാവത്തിൽ അവനെ നോക്കി...

"ഇവിടെ പറയുന്നത് മുഴുവൻ കള്ളമാണെന്ന് ഈ നാട്ടുകാരുടെ മുന്നിൽ വെച്ച് ഞാൻ പറയും... എന്തേയ്..." അവളുടെ വാക്കുകളിൽ ആത്മവിശ്വാസമുണ്ടായിരുന്നു.. ആര്യൻ ചുണ്ട് കടിച്ചു പിടിച്ചു ചിരിച്ചു.... "നീ തോറ്റു പോകും... ഓവർ കോൺഫിഡൻസ് വേണ്ട....." "എന്നാ... പോയി കാണിക്ക്....പോയി വരുമ്പോൾ ഞാൻ പറഞ്ഞ ബ്രഹ്മകമലം കൂടെ കൊണ്ട് തന്നാൽ നീ പറയുന്നത് എന്തും ഞാൻ ചെയ്യും...." അവൾ വീറോടെ പറഞ്ഞു... "Challenge accepted...." അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി ഉണ്ടായിരുന്നു.... അവന്റെ കണ്ണുകൾ അവളെ നോക്കി ഇമ വെട്ടി... ആര്യൻ അവളിൽ നിന്ന് കണ്ണെടുത്ത് പുറത്തേക്ക് നോക്കി... മഞ്ഞു കണങ്ങൾ മഴ പോൽ പെയ്യുന്നുണ്ട്.... സൂര്യന്റെ അന്തി ചുവപ്പ് അവിടെമാകെ ചുവപ്പിച്ചു.... "ആര്യൻ.... ആരാ നിന്റെ റോൾ മോഡൽ.... നിന്റെ ഈ സക്സസ്സീവ് ബിസിനസ്‌ കരിയറിന് പുറകിലെ രഹസ്യം.....?" അൽപ്പനേരത്തെ നിശബ്ദതക്ക് ശേഷമുള്ള അവളുടെ ചോദ്യം കേട്ട് ആര്യൻ മുഖം ചുളിച്ചു... "നീയെന്താ എന്നെ ഇന്റർവ്യൂ ചെയ്യുവാണോ...??" "ആദ്യം പറ കേൾക്കട്ടെ...." അവൾ അവനായി കാതോർത്തു...

"ഓഫ്‌കോഴ്സ്.... അമ്മ..." അവൻ പറഞ്ഞു... അത് കേട്ട് ആനി ചിരിച്ചു... ചിരിയോടെ അവൾ പുറകിൽ മറച്ചു പിടിച്ച ഒരു ബിസിനെസ് മാഗസിൻ അവൾക്ക് കാണിച്ചു കൊടുത്തു... """എന്റെ വിജയത്തിന് പിന്നിൽ അമ്മയാണ്...""" ഹരിഷ്വ ആര്യമൻ തുറന്നു പറയുന്നു.... """ ആനി മാഗസിനിന്റെ സബ്ടൈറ്റിൽ വായിച്ചതും ആര്യൻ ചിരിച്ചു... "ഇതെവിടെന്ന് കിട്ടി...." അവൻ ചോദിച്ചു... "കഴിഞ്ഞ വെക്കേഷനിൽ വീട്ടിലേക്ക് വരുമ്പോൾ ട്രയിനിൽ ഇരിക്കുമ്പോൾ വാങ്ങിയതാ...ഇപ്പോ ബുക്ക്സ് ന്റെ ഇടയിൽ കണ്ടപ്പോൾ എടുത്തു നോക്കിയതാ അപ്പോഴല്ലേ കണ്ടത്..." ആര്യൻ അവളുടെ കയ്യിൽ നിന്ന് ആ മാഗസിൻ വാങ്ങി... അമ്മയുടെ കൂടെ നിൽക്കുന്ന ഫോട്ടോയിലൂടെ അവൻ വിരലോടിച്ചു.... ആനി താടിക്കും കൈ കൊടുത്ത് അവനെ നോക്കി ഇരുന്നു.... "അമ്മയെ മിസ്സ്‌ ചെയ്യുന്നുണ്ടല്ലേ...." മറുപടി പറയാതെ അവൻ ചിരിച്ചതെ ഒള്ളൂ... "അല്ല..... കഥ വായിച്ചോ...??"

"ഇല്ല വായിക്കണം...." അവൻ മുഖം ചെരിച്ച് അവളെ നോക്കി പറഞ്ഞു... ആനി അവനെ നോക്കി കൊണ്ട് അകത്തേക്ക് കയറി പോയി... "തണുക്കുന്നു......" പെയ്തു വീഴുന്ന മഞ്ഞിന്റെ തണുപ്പ് ശരീരത്തെ വലിഞ്ഞു മുറുക്കിയപ്പോൾ അവൾ അവന്റെ നെഞ്ചിലേക്ക് ഒന്ന് കൂടെ ചേർന്നിരുന്നു... അവന്റെ കൈകൾ അവളെ വലയം ചെയ്തു.... "ഇപ്പോഴും തണുക്കുന്നുണ്ടോ....?" ആദ്രമായ അവന്റെ സ്വരം അവളുടെ വലം കാതിനെ പൊതിഞ്ഞു.... മറുപടി പറയാതെ അവൾ അവന്റെ നെഞ്ചിലേക്ക് മുഖം അമർത്തി.... നെറുകയിൽ അടർന്നു വീണ ചുംബനം... അഗ്നിപോലെ അവളുടെ ദേഹത്ത് പടർന്നു.... അവനെ ചുറ്റിയിരുന്ന കൈകളുടെ മുറുക്കം കൂടി.... തണുപ്പിനെ മറി കടന്ന് അവന്റെ ഇടനെഞ്ചിലെ ഇളം ചൂട് അവളുടെ ശരീരത്തിൽ വ്യാപിച്ചു.... ഒന്നു കൂടെ അവൾ അവനിലേക്ക് ചുരുങ്ങി.... അവളുടെ വിറച്ചിരുന്ന അധരങ്ങൾ കണ്ട് അവന്റെ കണ്ണുകളിൽ ഒരു സാഗരം അലയടിച്ചു.... ആ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു.. അവ പകർന്നെടുക്കാൻ അവന്റെ ചുണ്ടുകൾ അവളിലേക്ക് സഞ്ചാര പാദതേടി.....

അവന്റെ തീ നിറഞ്ഞ ശ്വാസം മുഖത്തേക്ക് അടിച്ചപ്പോൾ അവൾ കണ്ണുകൾ ഇറുക്കി അടച്ചു.... അവനെ ചുറ്റി പിടിച്ച കൈകളിൽ ഒന്നിൽ ഭദ്രമായി പിടിച്ചിരുന്ന ബ്രഹ്മകമല പുഷ്പം ഞെരിഞ്ഞമർന്നു..... ചുണ്ടുകളിൽ ഇളം ചൂടുള്ള നനവ്....... "ആനി.....!!!!!!" ഉറക്കെയുള്ള ആ വിളി കേട്ട് ആനി ഉറക്കത്തിൽ നിന്ന് ഞെട്ടി ഉണർന്നു.... അവൾ ചുറ്റും നോക്കി... മുഖവും കഴുത്തും തൊട്ട് നോക്കി... വല്ലാതെ കിതക്കുന്നുണ്ടായിരുന്നു അവൾ.... "എന്റെ പൂവ് എവിടെ...??" കിതച്ചു കൊണ്ട് അവൾ ചുറ്റും നോക്കി.... "പൂവോ....??" അദ്രിയുടെ ശബ്ദം കേട്ട് അവൾ മുഖം ഉയർത്തി... തന്നെ നോക്കി കയ്യും കെട്ടി നിൽക്കുന്നവനെ കണ്ട് അവളുടെ മുഖം ചുവന്നു... "നീ എന്തിനാ ഇപ്പൊ വന്നേ...." സ്വപ്നം മുഴുവനായി കാണാൻ കഴിയാത്തതിന്റെ ഈർഷ്യ അവളുടെ വാക്കുകളിൽ ഉണ്ടായിരുന്നു... "ആഹാ ഞാനിപ്പോ വന്നതാണോ കുഴപ്പം... ക്ഷേത്രത്തിൽ പോകണ്ട... ഇന്ന് പുലർച്ചെ പൂജ തുടങ്ങും അത് കാണണം സൂര്യോദയം കാണണം എന്നൊക്കെ നീ തന്നെയല്ലേ പറഞ്ഞെ...സമയം നാലരയായി... എണീറ്റ് വന്നേ....."

അദ്രി അവളുടെ കയ്യിൽ പിടിച്ചു വലിച്ചു... അവൾ മടിയോടെ എഴുനേറ്റു.... മെല്ലെ ആര്യന്റെ റൂമിലേക്ക് അവൾ പാളി നോക്കി.... നേരെ ചെന്ന് ജനവാതിൽ തുറന്നു നോക്കി... ആര്യൻ കമിഴ്ന്നു കിടന്ന് നല്ല ഉറക്കമാണ്... അത് കണ്ട് അവൾ ചിരിച്ചു.... "ഞാനിപ്പോ വരാവേ... ആര്യനെ വിളിക്കട്ടെ...." അതും പറഞ്ഞു പോകാൻ നിന്നവളെ അദ്രി പിടിച്ചു വെച്ചു... "അവൻ എന്തിനാ... നമുക്ക് പോകാം.. അവൻ കിടന്നുറങ്ങിക്കോട്ടേ...." "നീ എന്താ അദ്രി ഇങ്ങനെ... ആര്യൻ ഇതൊക്കെ ആദ്യമായ് കാണുന്നതല്ലേ..." "ഇങ്ങനെ ഒരുത്തനെ കൊണ്ട് വന്നിരുന്നല്ലോ... അവൻ പറ്റിച്ചു പോയിട്ടും നീ പഠിച്ചില്ല അല്ലെ...." അദ്രി അവളുടെ കയ്യിൽ മുറുകെ പിടിച്ചു... ആനിയുടെ മുഖം വാടി.... "ആനി നിന്നെ സങ്കടപെടുത്താൻ പറഞ്ഞതല്ല...എനിക്ക്... എന്തോ അവനെ ഇഷ്ടപെട്ടില്ല..." അവളുടെ മുഖം കയ്യിലെടുത്തവൻ അലസമായി പറഞ്ഞു.... "എനിക്ക് ഇഷ്ടാണ്... എന്റെ വീട്ടിൽ അല്ലെ നിൽക്കുന്നെ..അത് മതി.... തല്കാലം നീ നിന്റെ ഈ കുശുമ്പ് ഒക്കെ മാറ്റി വെക്ക്..." കളിയാലേ പറഞ്ഞു കൊണ്ട് റൂമിൽ നിന്നറങ്ങി പോകുന്നത് അദ്രി നോക്കി നിന്നു.... ഇഷ്ടമാണെന്ന് പറഞ്ഞാൽ...?

എങ്ങനെ ഉള്ള ഇഷ്ടം....? പ്രണയമാണോ അവൾക്ക് അവനോട്.... അവന്റെ ഹൃദയം ഉച്ചത്തിൽ മിടിച്ചു.... ആനി ചാരിയിട്ട റൂമിന്റെ ഡോർ തുറന്ന് അകത്തേക്ക് കയറി.... കട്ടിലിൽ കിടക്കാൻ കഴിയാത്തത് കൊണ്ട് താഴേ ബെഡ്ഷീറ്റിൽ കിടക്കുന്നവന്റെ അടുത്ത് മുട്ട് കുത്തിയവൾ ഇരുന്നു.... ചെറുതായി വാ തുറന്ന് പിടിച്ചു കിടന്നുറങ്ങുന്നവന്റെ മുഖത്തേക്ക് അവൾ ചിരിയോടെ നോക്കി.... മെല്ലെ അവന്റെ കുറ്റി രോമങ്ങൾ നിറഞ്ഞ കവിളിൽ കൈ ചേർത്ത് വെച്ചു...ചുറ്റും ഒന്നു നോക്കിയവൾ ആരുമില്ലെന്ന് ഉറപ്പ് വരുത്തി...അവന്റെ ഇടം നെറ്റിയിൽ ചുണ്ട് അമർത്തി.... അടുക്കളയിൽ നിന്ന് ശബ്ദം കേട്ട് അവൾ ഞെട്ടി.... മെല്ലെ തട്ടി വിളിച്ചു... ഉറക്കം നഷ്ടമായി ആര്യൻ മുഖം ചുളിച്ചു.... മെല്ലെ കണ്ണ് തുറന്നപ്പോൾ കണ്ടതും അവനെ നോക്കി ഇരിക്കുന്ന ആനിയെ ആണ്.... പെട്ടെന്നവൻ ഞെട്ടി എഴുനേറ്റ് ഇരുന്നു... "നീ എന്താ എന്റെ റൂമിൽ..." അഴിഞ്ഞു കിടന്ന ഷർട്ടിന്റെ ബട്ടൺസ് ഇട്ടു കൊണ്ട് അവൻ ചോദിച്ചു... "പോണ്ടേ... ഇന്ന് രാവിലേ ക്ഷേത്രത്തിൽ സ്പെഷ്യൽ പൂജയുണ്ടെന്ന് പറഞ്ഞിരുന്നില്ലേ ഞാൻ.... ആര്യൻ വരുന്നില്ലേ..."

"ഓഹ്..... ഞാൻ അത് മറന്നു...." അവനൊന്നു മൂരി നിവർന്നു കൊണ്ട് എഴുനേറ്റു....  നേരിയ ഇരുട്ട് നിറഞ്ഞ വഴിയോരം.... പക്ഷികളുടെയും മൃഗങ്ങളുടെയും ശബ്ദം പുലർച്ചയുടെ നിശബ്ദതയെ കീറി മുറുച്ചു.... നടക്കുന്നതിനിടയിൽ ആനി പെയ്തു വീഴുന്ന ഹിമകണങ്ങളേ കയ്യിൽ കോരിഎടുക്കുന്നുണ്ടായിരുന്നു.... വഴി നീളെ വെളുത്ത നിറത്തിൽ. .പഞ്ചസാര ചിതറി കിടക്കുമെന്നപോൽ മഞ്ഞു വീണു കിടക്കുന്നുണ്ടായിരുന്നു.... സൂര്യനുദിച്ചിട്ടില്ല...ക്ഷേത്രത്തിൽ നിന്ന് മന്ത്രങ്ങൾ കേൾക്കുന്നുണ്ട്....ചുറ്റും കർപ്പൂരത്തിന്റെയും ചന്ദനത്തിന്റെയും ഗന്ധം.... ആര്യൻ കൈ കൂട്ടിയുരുമ്മി നടന്നു..... നടക്കുന്നതിനിടയിൽ ആനി ആര്യന്റെ കയ്യിൽ പിടിച്ചു.... മുഖം ചെരിച്ചവൻ നോക്കിയപ്പോൾ കണ്ടത് അകലേക്ക്‌ നോക്കി നിൽക്കുന്നവളെയാണ്... "ദേ നോക്ക്... ബ്രഹ്മകമലം കൂടുതലായും ആ മലയിലാണ്....." അവൾ വിരൽ ചൂണ്ടിയ ഇടത്തേക്ക് അവന്റെ കണ്ണുകൾ പോയി...

അപ്പോഴാണ് അവൻ ഒരു കാര്യം ഓർത്തത്.. തങ്ങൾ നടന്ന് നടന്ന് ഒരുപാട് ഉയരത്തിലേക്ക് എത്തിയെന്ന്..... "ഈ ബ്രഹ്മ കമലത്തിന്റെ പുറകിൽ ഒരു കഥയുണ്ട്...." ആനി പറയുമ്പോഴും അവന്റെ കയ്യിൽ പിടിച്ചിരുന്നു....ആര്യൻ എന്താണെന്ന ഭാവത്തിൽ അവളെ നോക്കി.. "ഗണപതിയുടെ തല വെട്ടി മാറ്റിയാ ശിവൻ ആനയുടെ തലവെച്ച് കൊടുക്കുന്ന നേരത്തെ ബ്രഹ്മാവ് സൃഷ്ടിച്ച പുഷ്പം എന്നും... ഈ പുഷ്പത്തിൽ നിന്ന് വീണ ജലം തെളിച്ചാണ് ആനയുടെ തല ഗണപതിയുടെ ശിരസ്സിൽ ചേർത്തതെന്നാണ് ഐതിഹ്യം... The King of Himalayas എന്നാണ് ഈ പൂവ് അറിയപെടുന്നത്... സഞ്ജീവനി ദേവന്മാരെ ഉപയോഗിച്ച് ലക്ഷ്മണന്റെ പുനരുജ്ജീവനത്തിൽ ബ്രഹ്മ കമലം കൊണ്ട് സ്വർഗത്തിൽ ആദരവോടെ പുഷ്പവൃഷ്ടി നടത്തി..ആ പുഷ്പങ്ങൾ ഹിമാലയം ഭാഗങ്ങളിൽ വീണ് വേരൂന്നി എന്നാണ് വിശ്വാസം... ഇത് വർഷത്തിൽ ഒരിക്കൽ മാത്രമാണ് പൂക്കുന്നത്.....

ജീവൻ പുനർ സ്ഥാപിക്കുന്ന പുഷ്പത്തിന്റെ അവസ്ഥ കണക്കിലെടുക്കുമ്പോൾ ഇതിന് ധാരാളം ഔഷധ ഗുണങ്ങളുണ്ട്... ദൈവിക പുഷ്പമെന്നാണ് ഈ പൂവിനെ പറയാറ്...." ആര്യൻ അവൾ പറയുന്നത് ശ്രദ്ധയോടെ കേട്ടു... "ഇതൊക്കെ കേട്ടറിവ് ആണ്.." അവൾ അവനെ നോക്കി ചിരിച്ചു... ആര്യൻ ഒന്ന് കൂടെ ആ മലയിലേക്ക് നോക്കി.... "ഒന്ന് വരുന്നുണ്ടോ...." അദ്രിയുടെ അലർച്ച കേട്ടാണ് രണ്ട് പേരും തിരിഞ്ഞു നോക്കിയത്.... രണ്ട് പേരും അവന്റെ പുറകെ നടന്നു....  "നരേന്ദ്ര സാബ് ആ രഹെ ഹെ...!!!!" ക്ഷേത്രത്തിലെ മേളങ്ങൾക്കിടയിൽ ആരോ വിളിച്ചു പറഞ്ഞതും... അതുവരെ അവിടെ കൂട്ടം കൂടി നിന്നവർ ഒരു ഭാഗത്തേക്കായി മാറി നിന്നു... ആര്യൻ എല്ലാരേയും ഒന്ന് നോക്കി.... ഓരോ മുഖങ്ങളിലും ഭയമാണ് കാണുന്നത്.... "വാ... ആര്യൻ അയാള് കാണണ്ട നമുക്ക് മാറി നിൽകാം...." ആനി അവന്റെ കയ്യിൽ പിടിച്ചു കൊണ്ട് പറഞ്ഞു... "എന്തിന്... അവനാരാ...." ആര്യൻ ദേഷ്യത്തോടെ അവളെ നോക്കി... "അയാള് വല്ല്യേ ആളാ...." "ഞാൻ അതിലും വലിയ ആളാ...." ആര്യൻ അവളുടെ പിടുത്തം വിടിയിച്ചു കൊണ്ട് അവിടെ തന്നെ നിന്നു..

കാറിൽ നിന്ന് ഇറങ്ങി നരേന്ദ്രൻ പടികൾ കയറി.... ക്ഷേത്രത്തിന് മുന്നിൽ എത്തിയപ്പോൾ വഴി മുടക്കി നിൽക്കുന്ന ആര്യനെ കണ്ടപ്പോൾ അയാളുടെ കണ്ണുകൾ കുറുകി.... പിന്നെ ഏതോ ഒരു ഓർമയിൽ അയാളുടെ ചുണ്ടിനിടയിൽ ക്രൂരമായൊരു ചിരി വിരിഞ്ഞു... ആര്യൻ അയാളെ ശ്രദ്ധിക്കാതെ ഫോണിൽ നോക്കി നിൽക്കുകയായിരുന്നു.... അയാൾ അവന് തൊട്ടടുത്ത് എത്തിയതും ഒന്ന് നിന്നു.. ചിരിച്ചു കൊണ്ട് അവന്റെ തോളിൽ മെല്ലെ തട്ടി... "മുന്നോട്ടുള്ള വഴി ഒന്ന് ശ്രദ്ധിക്കുന്നത് നല്ലതാണ്...നീ ഇതുവരെ നേരിട്ടവരെ പോലെയല്ല....." ആര്യന്റെ മുഖത്തേക്ക് ഉറ്റു നോക്കിയാൾ മുരണ്ടു കൊണ്ട് പറഞ്ഞു.... ആര്യൻ കണ്ണുകൾ ഉയർത്തി അയാളെ നോക്കി... ഭയം തോന്നിയെങ്കിലും അയാൾ ദേഷ്യത്തോടെ നോക്കി.... "നിന്റെ മരണമിതാ നിന്റെ തൊട്ടടുത്ത്...." അയാളെ ഒന്ന് പരിഹസിച്ചു കൊണ്ട് ആര്യൻ പറഞ്ഞതും അയാളുടെ കണ്ണുകളിൽ ദേഷ്യം ജ്വലിച്ചു....

പക്ഷേ മനസ്സിൽ പലതും കണക്ക് കൂട്ടി അയാൾ തിരിഞ്ഞു നടന്നു..... ശ്രീകോവിലിന്റെ കല്പടിയിൽ കാല്യർത്തി വെച്ചതും അവളുടെ കാലിന്റെ പെരുവിരലിൽ കല്ലിൽ വെച്ച് ഇടിച്ചു... രക്തം പൊടിഞ്ഞു....... മേലെ ആകാശം ഇരുണ്ടു കൂടി...ഓർമ്മകൾ അയാളുടെ ഉള്ളിൽ തലയുയർത്തി... "എന്റെ മരണമോ...?? അതും ഏതോ ഒരുത്തന്റെ എന്നെ കൊല്ലാൻ വരുന്നു... ഹും... ഇതെന്താ വല്ല പുരാണകഥകളും പോലെ...." നരേന്ദ്രന്റെ മുഖത്ത് പുച്ഛമായിരുന്നു.... "അങ്ങനെ ഒരാൾ വരും....നിന്റെ മരണം ഒരിക്കലും നിനക്ക് തടയാൻ കഴിയില്ല... നിന്റെ രക്തം മഞ്ഞുകണങ്ങളേ ചുവപ്പിക്കും....നിന്റെ ശിരസ്സ് അറ്റു വീഴും...." ഓർമകളിൽ അയാളൊന്ന് തല കുടഞ്ഞു.... "മക്കളേ.... കൈ നോക്കണോ...." വഴിയോരത്തെ ആൾക്കൂട്ടത്തിൽ നിന്ന് ആരോ വിളിച്ചു പറഞ്ഞു... മൂന്ന് പേരും ഒരുമിച്ച് തിരിഞ്ഞു നോക്കി.. "മലയാളിയോ...." ആര്യൻ മുഖം ചുളിച്ചു...

"ഇവിടെ എല്ലാ നാട്ടുകാരും ഉണ്ടെന്നേ... ദേ ആ ടെന്റ് കണ്ടോ.. അവിടെ നാട് കാണാൻ വന്ന വിദേശികള....കന്നട.. തെലുങ്ക് എല്ലാ ഭാഷയിലെ ആളുകളും ഉണ്ട്... ഇവിടുത്തെ അമ്പലങ്ങൾ ഒക്കെ കാണാൻ വരുന്നവരെ .. പൂജയൊക്കെ കഴിഞ്ഞേ പോവൂ എല്ലാരും...." ആനി അവനോട് ചിരിയോടെ പറഞ്ഞു... വഴിയോരത്ത് മുറുക്കി ചുവപ്പിച്ച പല്ലുകൾ കാട്ടി ചിരിക്കുന്ന സ്ത്രീയുടെ അടുത്ത് അവൾ ഇരുന്നു... "എന്റെ കൈ നോക്കണം..." വലത് കൈ അവർക്ക് നേരെ നീട്ടി അവൾ പറഞ്ഞു... അവൾക്ക് ഒപ്പം അദ്രിയും ഇരുന്നു... ആ സ്ത്രീ ആനിയുടെ കൈ പിടിച്ചു.... മുറുക്കാൻ പുറത്തേക്ക് നീട്ടി തുപ്പിയവർ.. അവളുടെ കൈ സസൂഷമം നോക്കി... "നല്ല ഭാഗ്യമുള്ള കൈ ആണ്.... ആഗ്രഹിച്ചത് എല്ലാം വൈകാതെ നടക്കും... ഒരു സങ്കടം എവിടയോ കിടപ്പുണ്ട്... അത് വ്യക്തമാകുന്നില്ല... എല്ലാരുടെയും മനസ്സറിഞ്ഞു പ്രവർത്തിക്കും....." ആ സ്ത്രീ കാര്യമായി പറഞ്ഞു...

ആനി കണ്ണുകൾ വിടർത്തി അത് കേട്ടു... "ഇനി അദ്രിയുടെ....." ആനി ബലമായി അദ്രിയുടെ കൈകൾ പിടിച്ചു നീട്ടി... "നല്ല മനസ്സാ... പക്ഷെ ഒരു സങ്കടം എവിടെയോ കാണുന്നുണ്ട്.... ഒരാളെ വല്ല്യേ ഇഷ്ടാണ് അല്ലെ...." ആ സ്ത്രീ പറഞ്ഞു നിർത്തുമ്പോൾ അദ്രിയുടെ കണ്ണുകൾ ആനിയിൽ പാറി വീഴുന്നത് ആര്യൻ കാണുന്നുണ്ടായിരുന്നു.... "പക്ഷേ ഇഷ്ട്ടം എത്ര പിടിച്ചു വെച്ചാലും അടുത്ത് നിൽക്കില്ല.... അകന്ന് അകന്ന് പോവും.. അർഹിക്കപെടാത്തത് ആഗ്രഹിക്കാതെ ഇരിക്കുക...." അദ്രിയുടെ മുഖമൊന്നു വാടി...അവൾ ഈർഷ്യയോടെ കൈ വലിച്ചു.... "എനിക്ക് ഇതിലൊന്നും വിശ്വാസമില്ല..." അവൻ പറഞ്ഞു... ആനി അവനെ നോക്കി മുഖം കോട്ടി... പ്രതീക്ഷയോടെ ആര്യനെ നോക്കി... അവൻ ഇല്ലെന്ന് തലയാട്ടി.... "പ്ലീസ്...." അവൾ കെഞ്ചി... അവൻ ചിരിച്ചു കൊണ്ട് അവൾക്ക് അടുത്ത് ഇരുന്ന് കൈ നീട്ടി... ആ സ്ത്രീ അവന്റെ കയ്യിലേക്ക് നോക്കി.. പിന്നെ അവന്റെ മുഖത്തേക്കും... "എന്ത് പറ്റി...??"

ആനി ചോദിച്ചു... "ഒന്നും ശെരിയാകുന്നില്ല... ആകെ ഒരു ശൂന്യത...." അവർ അമ്പരപ്പോടെ പരഞ്ഞു... ആനി കൂടുതൽ ഒന്നും പറയാതെ അവർക്ക് ക്യാഷ് കൊടുത്തു.... തെല്ലും അത്ഭുതത്തോടെ ആ സ്ത്രീ ആര്യനെ നോക്കി... "ഇതൊക്കെ ഫേക്ക് ആണ്...." ആര്യൻ നടക്കുന്നതിനിടെ പറഞ്ഞൂ... "ആം... അവർ അവരുടെ മനസ്സിൽ ഉള്ള കാര്യങ്ങളാണ് പറഞ്ഞത് പക്ഷെ നിന്റെ കൈ നോക്കി അവരെന്തേ ഒന്നും പറയാഞ്ഞേ....." അവൾ സംശയത്തോടെ ചോദിച്ചു... "I dont know...." അവൻ അലസമായി പറഞ്ഞു... മൂന്ന് പേരും മൗനമായി മുന്നോട്ടു നടന്നു.... "ദേ നോക്ക്... ആ പൂ നോക്ക്.." ഒറ്റ പെട്ടു നിൽക്കുന്ന മരത്തിലേക്ക് ചൂണ്ടി അവൾ പറഞ്ഞപ്പോൾ ആര്യനും അദ്രിയുടെ അവിടെ നിന്നു.. വൈലറ്റ് നിറമുള്ളൊരു പൂവ്... ആ മരത്തിന്റെ തടിയിൽ പൂവിട്ടിരിക്കുന്നു... "എനിക്ക് അത് വേണം..." അവൾ അദ്രിയോട് പറഞ്ഞു...

അദ്രി അത് ചെന്ന് പറിക്കും മുന്നേ ആര്യൻ പറിച്ചിരുന്നു... "ഇതെനിക്കുള്ളതായിരുന്നു...." ആര്യൻ ആ പൂവിലേക്ക് നോക്കി പറഞ്ഞു...അദ്രിയുടെ മുഖം വീർത്തു... ആനിക്ക് ആ പൂവ് കൊടുക്കുന്ന ആര്യൻ അവനെ ചുവന്ന മുഖത്തോടെ നോക്കി... "ആനിക്ക് നിന്നോട് പ്രണയമില്ല... പിന്നെ എന്തിനാണ് നീ അവളെ മനസ്സിൽ കൊണ്ട് നടക്കുന്നത്...." ആര്യൻ അവനോട് ചോദിച്ചു... നടന്നകലുന്ന ആനിയിൽ നിന്ന് കണ്ണുകൾ പറിച്ചെടുത്തവൻ ആര്യനെ നോക്കി... "അത് നീ അറിയേണ്ട കാര്യമല്ല...." അദ്രി ദേഷ്യത്തോടെ പറഞ്ഞു... മറുപടിയായി ആര്യൻ ഒന്നു ചിരിച്ചു കൊണ്ട് അവന്റെ തോളിൽ തട്ടി... "ദൈവം നിന്റെ മനസ്സിന് എല്ലാം സഹിക്കാനുള്ള ശക്തി നൽകട്ടെ...." അതും പറഞ്ഞു നടന്നകലുന്ന ആര്യനെ അവൻ ദേഷ്യത്തോടെ നോക്കി................... തുടരും.............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story