ഹേമന്തം 💛: ഭാഗം 19

hemandham

എഴുത്തുകാരി: ആൻവി

അദ്രിയുടെ മനസ്സിന് വല്ലാത്തൊരു ഭാരം തോന്നി.... ഭയമോ... വിഷാദമോ... അറിയില്ല.... പേരറിയാത്തൊരു വികാരം അവന്റെ ഹൃദയത്തേ വലിഞ്ഞു മുറുക്കി.... ദൂരേക്ക് നടന്നകലുന്ന ആനിയെ അവൻ നെഞ്ചിടിപ്പോടെ നോക്കി... അവളിലേക്ക് നടന്നടുക്കുന്ന ആര്യൻ.... ആ രംഗം അവനെ വല്ലാതെ നോവിച്ചു.... ഒരടി മുന്നോട്ട് നടക്കാൻ കഴിയാതെ അവൻ അവിടെ നിന്നു.... പ്രണയിച്ചത് താൻ അല്ലെ.... തെറ്റ് ആണെന്ന് ബുദ്ധി ഉപദേശിച്ചിരുന്നു... പക്ഷെ.... മനസ്സിനെ പിടിച്ചു നിർത്താൻ കഴിയുന്നില്ല..... അവളിൽ നിന്ന് മനസിനെ പറിച്ചെടുക്കാൻ കഴിയുന്നില്ല..... ഓരോ രാത്രി കണ്ണടക്കുമ്പോഴും കണ്മുന്നിൽ കാണുന്നൊരു മുഖമുണ്ട്.... ആനിയുടെ..!!! സ്വപ്നത്തിൽ അവളെ താൻ ചേർത്ത് പിടിച്ചിട്ടുണ്ട്....അവൾ തന്റെ നെഞ്ചിലേക്ക് ചേർന്ന് നിന്നിട്ടുണ്ട്.... ഓരോ നിമിഷവും ആ കാഴ്ചയാണ് അവളെ തന്റെ പ്രണയമാക്കിയത്.... അദ്രി അവിടെയുള്ള പാറയിൽ ഇരുന്നു....

വീശിയടിക്കുന്ന തണുത്ത കാറ്റിന് അവന്റെ ഹൃദയത്തേ തണുപ്പിക്കാനായില്ല.... ഈ നാട്ടിലേക്ക് വന്നപ്പോൾ മുതലുള്ള കൂട്ടാണ് ആനന്ദുമായി (ആനിയുടെ ചേട്ടൻ )....ആനി... കണ്ട നാൾ മുതൽ വല്ലാത്തൊരു ഇഷ്ടമായിരുന്നു... കൗമാരപ്രായത്തിൽ ഇടക്ക് സ്വപ്‌നങ്ങളിൽ വന്ന ഒരു പെൺകുട്ടി...ആ മുഖം ഹൃദയത്തിൽ കൊത്തിവെച്ചു..... ആനിയുടെ വളർച്ചയിൽ തനിക്ക് അതിശയമായിരുന്നു.. തന്റെ മനസിൽ വരച്ചു വെച്ച ആ പെൺകുട്ടിയുടെ അതെ മുഖമാണ് അവൾക്ക് എന്ന് തെല്ലൊന്നുമല്ല തന്നെ അത്ഭുതപെടുത്തിയത്.... തന്റെയാണെന്ന് ഹൃദയം വിളിച്ചു പറയും.... അല്ലെന്ന് മുറുവിളി കൂട്ടുന്നുണ്ടായിരുന്നു കാലം എന്ന് അവൻ ഓർത്തിരുന്നില്ല.... "ഈ ഏകലവ്യ ഇത്രയേറെ സ്വാധീനിക്കാൻ എന്താണ് കാര്യം..." പുറകിലെ ടേബിളിലേക്ക് ചാരി നിന്ന് ഇരു കയ്യും മാറിൽ പിണച്ചു കെട്ടി കൊണ്ട് ആര്യൻ ചോദിച്ചു....

ക്യാൻവാസിൽ എന്തോ വരച്ചു കൊണ്ടിരുന്ന വിരാജ് മൂക്കിൻ തുമ്പിലെ കട്ടി കണ്ണട ഒന്ന് കൂടെ ശെരിക്ക് വെച്ച് കൊണ്ട് അവനെ നോക്കി ചിരിച്ചു... "ഈ നാടിനെ കുറിച്ച് അറിഞ്ഞപ്പോൾ...വീണുകിട്ടിയ പേരാണ് ... ഏകലവ്യ... ആദ്യം കൗതുകം.. പിന്നെ കൂടുതൽ അറിയാൻ കൊതി തോന്നി...അങ്ങനെ ആ പേരിനെയും അതിന്റെ ഉടമസ്ഥനേയും തേടി ഇറങ്ങി... ചെന്ന് എത്തിയത് ഒരുപാട് കാലങ്ങൾ പുറകിലേക്ക് ആണ്..." അദ്ദേഹം വാചാലനായി..... "നീ വായിച്ചോ അത്....." കണ്ണുകൾ വിടർത്തി അദ്ദേഹം ചോദിച്ചു... അവൻ ഇല്ലെന്ന് തലയാട്ടി... "അതിൽ ഒരു കാലഘട്ടം മാത്രമേ ഒള്ളൂ... അത് കൊണ്ട് തന്നെ ആ പൂർത്തിയായിട്ടില്ല.... മരണം.... അതിൽ എത്തി നിൽക്കുകയാണ്.... ഏകലവ്യയുടെ ജീവാശം...കാലങ്ങൾക്ക് ശേഷം പിറവി എടുക്കും... അതിനായ് നിയോഗിക്കപെട്ടവർ ജന്മമെടുക്കണം... അദ്ദേഹത്തിന്റെ ആത്മാവ് ആ അംശത്തേ ഒരു പോറൽ പോലുമില്ലാതെ സംരക്ഷിക്കും....അവന്റെ കർമം പൂർത്തികരിക്കും വരെ ആ ആത്മാവ് അവന്റെ കൂടെയുണ്ടാകും...."

വെള്ള നിറം വീണ നീണ്ട താടിയുഴിഞ്ഞു കൊണ്ട് അദ്ദേഹം പറയുന്നത് കേട്ട് ഒന്നും മനസിലാകാതെ നിന്നു.... "നിനക്ക് ഇപ്പോൾ ഒന്നും മനസിലാകില്ല.. ആദ്യം കഥ വായിക്കൂ... എന്നിട്ട് വാ... അപ്പോഴേക്കും ഞാൻ അതിന്റെ ബാക്കി എഴുതി പൂർത്തിയാക്കാൻ ശ്രമിക്കാം..." വിരാജ് പുഞ്ചിരിയോടെ അവന്റെ തോളിൽ തട്ടി.... ആര്യൻ ചിരിച്ചു.... "ഇത്രകാലമായിട്ടും എന്താ അത് കംപ്ലീറ്റ് ആക്കാഞ്ഞത്....??" "അത്രയേ എഴുതിയൊള്ളൂ... സമയം വേണമായിരുന്നു...." അയാൾ വീണ്ടും ക്യാൻവാസിലേക്ക് നോട്ടമിട്ടു... ആര്യൻ ഷെൽഫിലെ പുസ്തകങ്ങളെ എല്ലാം മാറി മാറി വീക്ഷിച്ചു.... "ആര്യൻ... ഇവിടെ ഉണ്ടായിരുന്നോ..." ആനിയുടെ സ്വരം കേട്ട് അവൻ വാതിൽക്കലേക്ക് നോക്കി.... "ഓഹ്... എങ്ങനെയാണ്... ആ വീട്ടിൽ തന്നെ ഇരിക്കുക....ബോറടിച്ചു... നീ പിന്നെ അമ്മയുടെ കൂടെ ആയിരുന്നില്ലേ...." കയ്യിലുള്ള പുസ്തകം മറിച്ചു നോക്കി കൊണ്ട് അവൻ പറഞ്ഞു... അവൾ ചിരിച്ചു കൊണ്ട് അവന്റെ അടുത്തേക്ക് നടന്നു... പുറകെ അദ്രിയും വന്നു.... ആര്യനെ കണ്ടതും അദ്രി മുഖം വെട്ടിച്ചു... അത് കണ്ട് ആര്യൻ ചിരിച്ചു...

"ഹരി തന്റെ വീട്ടിൽ ആരൊക്കെയുണ്ട്.." വിരാജ് ചോദിച്ചു... "അങ്ങനെ വിളിക്കാലോ അല്ലെ.." അവന്റെ മുഖം കണ്ട് അദ്ദേഹം ചോദിച്ചു... ആര്യൻ ചിരിച്ചു.. "അതിനെന്താ അങ്ങനെ വിളിച്ചോളൂ...." "മ്മ്... വീട്ടിൽ ആരൊക്കയുണ്ട്.." "അമ്മ മാത്രം...."കയ്യിലിരിക്കുന്ന പുസ്തകത്തിലേ അക്ഷരങ്ങളിലേക്ക് അവൻ കണ്ണോടിച്ചു.. "ഓഹ്... പേര്..." "വരലക്ഷ്മി..." അവന്റെ ചുണ്ടുകൾ ചിരിച്ചു... "അദ്രി.... " "എന്താ വീരുപാപ്പാ..." അദ്രി ആവേശത്തോടെ മുന്നോട്ടു വന്നു... "നീയ ഷെൽഫിലേ ചെറിയ ബ്രഷ് ഇങ്ങനെ എടുക്ക്....." ക്യാൻവാസിൽ വരച്ചു തീർക്കാത്ത കഴുകൻ കണ്ണുകൾക്ക് നിറം നൽകി കൊണ്ട് അദ്ദേഹം പറഞ്ഞു... "അദ്രി... നീ അറിഞ്ഞോ ആര്യനും പഠിച്ചിട്ടുണ്ട് കളരിയും കാരാട്ടെയുമൊക്കെ... രണ്ട് പേരും ഒന്ന് മുട്ടി നോക്കുന്നൊ...." കളിയായി അദ്ദേഹം പറഞ്ഞതും അദ്രിയുടെ കണ്ണുകൾ ആര്യനിലേക്ക് നീങ്ങി... ആര്യൻ അവനെ നോക്കി പുച്ഛിച്ചു..... "അതൊന്നും വേണ്ട വീരുപാപ്പാ... ഒരിക്കെ കൂട്ടി മുട്ടിയതിന്റെ ക്ഷീണം അവന് മാറിയിട്ടില്ല...." ചിരിച്ചു കൊണ്ട് ആനി പറയുന്നത് കേട്ട് അദ്രി അവളെ കൂർപ്പിച്ചു നോക്കി...

"ഒരിക്കൽ ഒന്ന് വീണെന്ന് കരുതി എപ്പോഴും അങ്ങനെ ആവില്ല....." അദ്രി വീറോടെ പറഞ്ഞു..ആനി അവനെ നോക്കി ചുണ്ട് കോട്ടി.. "വീരുപാപ്പ...ആര്യന് എല്ലാം പഠിപ്പിച്ചു കൊടുത്തത് അവന്റെ അമ്മയാണ്...." ആനി ആവേശത്തോടെ പറഞ്ഞു.... അദ്രി ചവിട്ടി തുള്ളി പുറത്തേക്ക് പോയി.... "അവന് ദേഷ്യം വന്ന് കാണും.... പാവം... " വിരാജ് ചിരിച്ചു.... ആനി അദ്ദേഹത്തോടെ എന്തൊക്കെയോ സംസാരിക്കുന്ന തിരക്കിലാണ്... ആര്യൻ മെല്ലെ അവിടെന്ന് ഇറങ്ങി.. ഉമ്മറത്ത് മുഖം വീർപ്പിച്ച് അദ്രി ഇരിപ്പുണ്ടായിരുന്നു.... ആര്യൻ അവനടുത്ത് ചെന്നിരുന്നു.... "എന്ത് പറ്റി... വീരുഅങ്കിൾ പറഞ്ഞ കാര്യം നോക്കുന്നോ...." മുഖം ചെരിച്ചവനെ നോക്കി ആര്യൻ ചോദിച്ചു.. അദ്രി സംശയത്തോടെ അവനെ നോക്കി... "ഏറ്റു മുട്ടുന്നോ എന്ന്....." ആര്യന്റെ ചുണ്ടിൽ ഒരു പുഞ്ചിരി തത്തി... വിജയം അവനെന്ന് ഉറപ്പിച്ച പോലെ....

ഒട്ടും പ്രതീക്ഷിക്കാതെ ആയിരുന്നു അദ്രി അവനെ അടിക്കാൻ കയ്യോങ്ങിയത്.. നിമിഷനേരം കൊണ്ട് ആര്യൻ അവന്റെ കൈ തടഞ്ഞു.... "വേണ്ട അദ്രി...വെറുതെ തടി കേടാക്കേണ്ട...നിന്നോട് എനിക്ക് ഒരു ദേഷ്യവുമില്ല... ഉണ്ടായിരുന്നേൽ നീ എപ്പോഴേ......" ബാക്കി പറയാതെ ആര്യൻ അവന്റെ കൈ പിടിച്ചു തിരിച്ചു... അദ്രിയുടെ മുഖം വേദന കൊണ്ട് ചുളിഞ്ഞു.... "ആര്യൻ....." അകത്തു നിന്ന് ആനിയുടെ വിളി കേട്ട് ആര്യൻ ചിരിയോടെ അവന്റെ കയ്യിൽ നിന്ന് പിടിവിട്ട് എഴുനേറ്റ് അകത്തേക്ക് പോയി.. "കഴിക്ക് മോനെ....." സരസ്വതി സ്നേഹത്തോടെ ഭക്ഷണം വിളമ്പി കൊടുത്തു... "മതി... ഇപ്പൊ തന്നെ വയറു പൊട്ടും എന്നായിട്ടുണ്ട്..." ആര്യൻ ചിരിച്ചു കൊണ്ട് പറഞ്ഞു... "അതിന് മാത്രം ഒന്നും കഴിച്ചില്ലല്ലോ... ദേ ഈ കറി ടേസ്റ്റ് ചെയ്തു നോക്ക്..." ആര്യൻ മുഖം ഉയർത്തി ആ അമ്മയെ നോക്കി...

ഓരോന്ന് നിർബന്ധിച്ചു കഴിപ്പിക്കുമ്പോഴും അവരുടെ കണ്ണുകൾ നിറഞ്ഞിരുന്നു.... "എന്ത് പറ്റി....??" അവരുടെ കലങ്ങിയാ കണ്ണുകൾ കണ്ട് അവൻ ചോദിച്ചു... "ഒന്നുമില്ല...." അവരുടെ ശബ്ദം ഇടറി.. വിരൽ കൊണ്ട് കണ്ണുകൾ ഞെരടി തുടച്ചു....പിന്നെ ആര്യനെ നോക്കി ചിരിച്ചെന്ന് വരുത്തി എഴുനേറ്റ് അടുക്കളയിലേക്ക് പോയി... ആര്യൻ കാര്യം മനസിലാകാതെ അടുത്ത് ഇരിക്കുന്ന ആനിയെ നോക്കി.... "എന്ത് പറ്റി അമ്മക്ക്..??" അവൻ സംശയത്തോടെ ചോദിച്ചു.. "ഇന്നത്തേ ദിവസമാണ് ഏട്ടനെ കാണാതെ ആയത്... അത് ഓർത്തിട്ട് ആവും...." ആനിയുടെ ശബ്ദം നേർത്തു... മുഖം താഴ്ത്തി എന്തൊക്കെയോ കഴിച്ചെന്നു വരുത്തി അവൾ എഴുനേറ്റു... ആര്യൻ അവൾ പോകുന്നത് നോക്കി ഇരുന്നു.... കൈ കഴുകാൻ അടുക്കളയിലേക്ക് ചെന്നപ്പോൾ പുറകിലെ അരമതിലിൽ എന്തോ ഓർത്തിരിക്കുന്ന സരസ്വതിയമ്മയെ കണ്ടു.... അവനൊന്നു നിശ്വസിച്ചു... അവർക്ക് അടുത്തേക്ക് ചെല്ലാൻ ഒരുങ്ങിയതും റൂമിൽ നിന്ന് അവന്റെ ഫോൺ റിങ് ചെയ്തു... ചെന്ന് നോക്കിയപ്പോൾ ലക്ഷ്മി അമ്മയാണ്..

"അമ്മ....." "സുഖാണോടാ...." അതായിരുന്നു മറുവശത്ത് നിന്ന് ചോദ്യം... അവൻ ചിരിച്ചു.. "മ്മ്..ഞാൻ ഇവിടെവുമായി അഡ്ജസ്റ്റ്ഡായി...ഇവിടുത്തെ ഒരാളായി മാറിയത് പോലെ...." "അവിടെ തന്നെ കൂടനാണോ പ്ലാൻ... മ്മ്..." ആ ചോദ്യത്തിൽ പരിഭവവും... മകനേ കാണാത്തത്തിലുള്ള അമ്മയുടെ സങ്കടവുമുണ്ടായിരുന്നു... "അത് എന്തായാലും ഇല്ല... എനിക്ക് എന്റെ അമ്മയുടെ അടുത്ത് എത്തിയാൽ മതീ..." മറുവശത്ത് നിന്ന് അമ്മയുടെ ചിരി അവൻ കേട്ടു... അവൻ സരസ്വതിയുടെ കാര്യം ലക്ഷ്മിയോട് പറഞ്ഞു... "പാവം ആ അമ്മക്ക് ഒരുപാട് സങ്കടം ഉണ്ട്... ഇന്ന് രാവിലെ മുതൽ ഞാൻ ശ്രദ്ധിക്കുന്നതാ ആളെ... ആകെ മൂഡ് ഓഫ് ആയിരുന്നു..." ഏറെ നേരത്തിനൊടുവിൽ ആര്യൻ പറഞ്ഞവസാനിപ്പിച്ചു... "പ്രസവിച്ച മകനേ നഷ്ടപെടുക എന്നത് ഒരമ്മക്കും താങ്ങാൻ കഴിയുന്നതല്ല ഹരി... നീയില്ലേ അവിടെ.. എന്റെ മകൻ കാരണം ഒരമ്മക്ക് ആശ്വാസം കിട്ടുമെങ്കിൽ അതിലും വലിയ സന്തോഷം നിന്റെ ഈ അമ്മക്ക് ഉണ്ടോടാ...." ലക്ഷ്മി വാത്സല്യത്തോടെ അവനോട് പറഞ്ഞു... "എന്തോ അമ്മയെ കാണാൻ തോന്നുന്നു എനിക്ക്....

I really miss you..." "അമ്മയ്ക്കും കാണാൻ തോന്നുന്നുണ്ട്.. എന്തായാലും ഇനി അധികദിവസമൊന്നുമില്ലല്ലോ... അമ്മ കാത്തിരിക്കും...നീ വന്നിട്ട് വേണം ഒരങ്കം നമ്മൾ തമ്മിൽ തുടങ്ങാൻ... നിന്നെ തോൽപ്പിക്കണം എനിക്ക്..." കുറുമ്പോടെ അവർ പറഞ്ഞവസാനിപ്പിച്ചപ്പോൾ ആര്യൻ ചിരിച്ചു പോയി.... "അമ്മ തോൽക്കും.." "നീ ജയിക്കുന്നത് അമ്മക്ക് കാണാലോ.." അവർ വാചാലയായി... "പിന്നെ.. ഞാൻ ഒരു ഫയലിന്റെ കോപ്പി നിനക്ക് ഫോർവേഡ് ചെയ്തിട്ടുണ്ട്... അത് ഒന്ന് നോക്ക് .... എന്നിട്ട് കറക്ഷൻ ഉണ്ടേൽ പറ ..." "അമ്മ നോക്കിയതല്ലേ... പിന്നെ എന്താ.... അമ്മയുടെ സജെഷൻസ് അല്ലെ തെറ്റില്ലെന്ന് എനിക്കറിയാലോ...?" "അങ്ങനെ അല്ല ഹരി.. പറഞ്ഞിട്ടില്ലേ നിന്നോട്..സ്വന്തം നിലപാടുകൾക്കാവണം നീ മുൻഗണന നൽകേണ്ടത്...എന്റെ കാര്യം നോക്കണ്ട നീ നിന്റെ opinion പറ...." അത് കേട്ട് അവൻ ചിരിച്ചു.. "ഞാൻ നോക്കീട്ട് പറയാം..." പിന്നെയും കുറച്ചു നേരം സംസാരിച്ചു...

റൂമിലേക്ക് പോകും വഴി അടുക്കളയിലേക്ക് ഒന്ന് എത്തി നോക്കി... സരസ്വതി അവിടെ തന്നെ ഇരിപ്പുണ്ട്.... അവൻ അവർക്ക് അടുത്തേക്ക് ചെന്നിരുന്നു... ആ അമ്മ മുഖം ചെരിച്ചവനെ നോക്കി... ആര്യൻ ചിരിയോടെ അവരെ ചേർത്ത് പിടിച്ചു.... "അമ്മ ഭക്ഷണം കഴിച്ചോ..." "മേ ബൂക്ക് നഹി ഹൂ... (എനിക്ക് വിശക്കുന്നില്ല )" അവരുടെ വാക്കുകൾ ഇടറി വീണു... ആര്യൻ ചെന്ന് പ്ലേറ്റിൽ ഭക്ഷണം കൊണ്ട് വന്നു..... "മ്മ്... കഴിക്ക്...." അവൻ വാരി എടുത്ത് അവർക്ക് നീട്ടി... നിഷേധിക്കാതെ അവർ അത് കഴിച്ചു... "അമ്മയുടെ സങ്കടം എനിക്ക് മനസിലാവും... എന്നേം അമ്മയുടെ മോനായിട്ട് അല്ലെ കണ്ടത്.... മ്മ്..." അവർ ഒന്ന് തലയാട്ടി.... ആര്യൻ ചിരിച്ചു കൊണ്ട് അവളുടെ നെറ്റിയിൽ നെറ്റി മുട്ടിച്ചു....സരസ്വതി വാത്സല്യത്തോടെ അവന്റെ നെറുകയിൽ ചുംബിച്ചു... അടുക്കള വാതിൽക്കൽ നിന്ന് ആനി അവരെ തന്നെ നോക്കി നിൽക്കുന്നുണ്ടായിരുന്നു.... അവളുടെ കണ്ണുകൾ നിറഞ്ഞു.... "താങ്ക്സ്....."

പുറത്ത് പെയ്യുന്ന മഞ്ഞിനെ നോക്കി നിൽക്കുന്ന ആര്യന്റെ അടുത്തേക്ക് ചെന്നവൾ പറഞ്ഞു... അവൻ മുഖം ചുളിച്ച് അവളെ നോക്കി... "എന്റെ അമ്മയുടെ കൂടെ ഇരുന്നതിന്... ആര്യനെ അമ്മക്ക് ഒരുപാട് ഇഷ്ടാ..." അവൾ നിറഞ്ഞ ചിരിയോടെ പറഞ്ഞു... ആര്യൻ ചിരിച്ചു.... പിന്നെ അവളെ നോക്കി കണ്ണ് ചിമ്മിയടച്ചു കൊണ്ട് പുറത്തേക്ക് നോക്കി.... അവൻ കയ്യിൽ വായിക്കാൻ എടുത്ത പുസ്തകം വെറുതെ ഒന്ന് മറിച്ചു നോക്കി.. ഏറെ നേരം നീണ്ടു നിന്ന മൗനം പ്രണയം കൈ മാറുന്നത് ഇരുവരും അറിഞ്ഞിരുന്നില്ല.... ദൂരെ മലയുടെ താഴ്‌വാരത്ത് വെളിച്ചം കണ്ട് ആര്യൻ അങ്ങോട്ട് തന്നെ സൂക്ഷിച്ചു നോക്കി... "അതെന്താ...??" അവൻ അങ്ങോട്ട്‌ ചൂണ്ടി... അതുവരെ അവനിൽ ലയിച്ചിയിരുന്ന ആനി ഒന്ന് ഞെട്ടി കൊണ്ട് അങ്ങോട്ട്‌ നോക്കി... "അറിയില്ല.... ചിലപ്പോൾ നരേന്ദ്രന്റെ ആളുകളാവും....." ആനി അലസമായി പറഞ്ഞു...

ആര്യൻ പുസ്തകം കയ്യിലെടുത്ത് മുറ്റത്തേക്ക് ഇറങ്ങി... "അങ്ങോട്ട്‌ പോകണ്ടാ ആര്യൻ... നേരം പാതിരാത്രിയാണ്... അവർ എന്താന്ന് വെച്ചാൽ ആയിക്കോട്ടെ...." ആനി പറഞ്ഞു... പിന്തിരിയാൻ അവൻ ആഗ്രഹിച്ചിരുന്നില്ല.... അവന്റെ മനസ്സ് അവന്റെ പോകാൻ ദൃതി കൂട്ടി... അവൻ അങ്ങോട്ടേക്ക് നടന്നു... "ആര്യൻ....." ആനി വിളിച്ചു... അവൻ വിളി കേട്ടില്ല... അവസാനം വീടിന്റെ വാതിൽ ചാരി അവൾ അവന് പുറകെ ഓടി...... തണുപ്പിന്റെ കാഡിന്യം ഇരുട്ടിന്റെ നിഗൂഢയോടൊപ്പം കൂടി കൂടി വന്നു... ആനി ഇട്ടിരുന്ന വൂളെൻ ജാക്കറ്റ് ഒന്നൂടെ ശരീരത്തോട് ചേർത്ത് പിടിച്ചു... "ആര്യൻ... അങ്ങോട്ട്‌ പോകണ്ടാ...ഈ പോകുന്നത് ആ മലയുടെ അടുത്തേക്ക് ആണ്...." ആനി അവന്റെ പിന്നാലെ ഓടി കൊണ്ട് പറഞ്ഞു.... ആര്യൻ നടത്തത്തിന്റെ വേഗത കൂട്ടി... "ആര്യ....." അവൾ വിളിച്ചു മുഴുവനാക്കും മുന്നെ ആര്യൻ അവന് നേരെ തിരിഞ്ഞു...

"മിണ്ടാതെ വരാൻ പറ്റുമെങ്കിൽ പോരെ... എനിക്ക് ഒന്ന് അറിയണമല്ലോ... ഇതിന് മാത്രം എന്താണ് അവിടെയെന്ന്..." വാശിയോടെ... അൽപ്പം രോക്ഷത്തോടെ പറഞ്ഞവൻ മുന്നോട്ടു നടന്നു.... മലയുടെ താഴ്‌വാരത്തിലേക്ക് നടന്നടുക്കവേ ആനിക്ക് തണുപ്പ് അസഹനീയമായി തോന്നി..... ഇവിടെ ഇത്ര തണുപ്പ് ആണേൽ അതിന്റെ മുകളിൽ എങ്ങനെ ആയിരിക്കും.... അവൾ ഓർത്തു... തണുത്തു വിറച്ചവളുടെ പല്ലുകൾ കൂട്ടിയിടിക്കുന്നുണ്ടായിരുന്നു.... താഴെ വീണു കിടക്കുന്ന മഞ്ഞിലേക്ക് കാല് അമർത്തി വെച്ച് നടന്നു... ആരുടെയൊക്കെയോ ശബ്ദം കേട്ടതും ആര്യൻ നടത്തം നിർത്തി... പുറകിലെ പാറയോട് ചാരി നിന്നു.... ആനി വിറച്ചു കൊണ്ട് അവന്റെ കയ്യിൽ മുറുകെ പിടിച്ചു.... കുറച്ചു കഴിഞ്ഞപ്പോൾ ആരൊക്കെയോ മലയിറങ്ങി വരുന്ന ശബ്ദം കേട്ടു... ആര്യൻ ആനിയുമായി അൽപം മാറി നിന്നു.... "അവര് പോയി.... This is the time...ഇന്ന് ഞാൻ ഈ മലകയറും....

അതിന്റെ അറ്റത്തെ രഹസ്യങ്ങളിൽ എത്തി ചേരണം..." കണ്ണടച്ചു വിറച്ചു നിൽക്കുന്ന ആനിയുടെ കാതിൽ അവൻ മെല്ലെ ചൊല്ലി... ആനി ഞെട്ടി കണ്ണ് തുറന്നു... ചിരിയോടെ നിൽക്കുന്ന ആര്യനെ കണ്ട് അവൾ ഇമ ചിമ്മാതെ അവനെ നോക്കി..... തണുത്തു വിറക്കുന്ന അവളുടെ അധരങ്ങൾ വരണ്ടിരുന്നു... നീണ്ട കൺപീലിയിൽ മഞ്ഞു കണങ്ങൾ ചിതറി കിടക്കുന്ന പോൽ.... മുഖത്തേക്ക് വീണ അവളുടെ മുടിയിഴകൾ മെല്ലെ മാടിയൊതുക്കുന്ന അവന്റെ കണ്ണുകളിൽ അലയടിക്കുന്ന ഒരു സാഗരം കണ്ടു അവൾ..... ഇതേ സമയം ബാക്കി വെച്ച ആ കഥ എഴുതി തീർക്കാൻ വിരാജിന്റെ തൂലിക ചലിച്ചു.... വെള്ള കടലായിൽ വരികൾ പൊഴിഞ്ഞു വീണു... "അവന്റെ പ്രണയം കാറ്റ് പോലെയാണ്...കാണാൻ സാധിച്ചില്ലെന്ന് വരും .. എങ്കിലും അത് അനുഭവിച്ചറിയാൻ അവൾക്ക് കഴിയും... അവൾക്ക് മാത്രം...." ................ തുടരും.............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story