ഹേമന്തം 💛: ഭാഗം 23

hemandham

എഴുത്തുകാരി: ആൻവി

വാക്കുകൾ മരിച്ചു വീണ നിമിഷങ്ങൾ.... അവന്റെ മൗനത്തെ ജയന്ത് സമ്മതമായി കരുതി... ജയന്ത് ഏകലവ്യക്ക് ഗുരുതുല്യനാണ്....ആ മുഖത്തെ സന്തോഷം.. എതിർപ്പ് നിറഞ്ഞൊരു നോട്ടം കൊണ്ട് പോലും അദ്ദേഹത്തിന്റെ സന്തോഷം തച്ചുടക്കാൻ അവനെ കൊണ്ട് കഴിയുമായിരുന്നില്ല.... വൈദേഹി അവന്റെ കയ്യിൽ മുറുകെ പിടിച്ചു.... അവളുടെ കണ്ണുകളിൽ അവനോടുള്ള പ്രണയം നിറഞ്ഞു നിന്നു.... അവളുടെ മിഴിയിൽ നിന്ന് ഒഴുകി ഇറങ്ങുന്ന കണ്ണുനീർ വിളിച്ചു പറയുന്നുണ്ടായിരുന്നു അവൻ അവൾക്ക് എത്ര പ്രിയപ്പെട്ടതാണെന്ന്... തട്ടി പറിച്ചതാണ്.... പക്ഷെ സ്വന്തമാക്കിയതിന് തന്റെ ജീവനോളം വിലയുണ്ട്... അവളുടെ കണ്ണുകൾ അവന്റെ കണ്ണിൽ പ്രണയം തിരഞ്ഞു..

കണ്ടെത്താൻ കഴിഞ്ഞത് പ്രണയമായിരുന്നില്ല.... മറ്റെന്തോ ഭാവം... അവന്റെ കണ്ണുകളാം സഗരത്തിൽ അലയടിക്കുന്ന ഓളങ്ങൾ പറയുന്നുണ്ടായിരുന്നു ഉള്ളിലെ ഒരു നോവിന്റെ കഥ... അത് കാണാൻ അവൾ ശ്രമിച്ചില്ലായിരുന്നു.... പ്രണയം കൊണ്ട് മൂടികെട്ടിയ അവളുടെ കണ്ണുകൾ തിരഞ്ഞത് പ്രണയം മാത്രമായിരുന്നു... അത് കണ്ടെത്താൻ കഴിഞ്ഞില്ല... ഉള്ളിൽ നോവ് പടർന്നു... ഇനിയും പ്രണയിക്കാമല്ലോ.... അവളുടെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു... രുദ്ര വരച്ചു തീർത്ത ചിത്രങ്ങളെല്ലാം വലിച്ചു നിലത്തേക്ക് ഇട്ടു... അവൾക്ക് അലറി കരയാൻ തോന്നി.... ചങ്ക് പൊട്ടുന്ന പോലെയവൾക്ക് തോന്നി.. തന്റെ പ്രണയം.. തന്റെ മാത്രം പ്രണയമായിരുന്നില്ലേ അത്.....

അണിഞ്ഞിരുന്ന ആഭരണങ്ങൾ അവൾ വലിച്ചെറിഞ്ഞു.... ഭ്രാന്തിയെ പോലെ തലമുടി കോർത്തു വലിച്ചു... തന്നെ ചേർത്ത് പിടിക്കണമെന്ന് ആഗ്രഹിച്ച കൈകളിൽ ഇന്ന് വൈദേഹി കൈ കോർത്തു പിടിച്ചപ്പോൾ... ദേഷ്യം തോന്നി അവൾക്ക്... തന്റെയാണെന്ന് ഉറക്കെ വിളിച്ചു പറയാൻ തോന്നി..... ഈ ജീവിതത്തിൽ ഇത്രയേറെ മറ്റൊന്നിനെയും ആഗ്രഹിച്ചിട്ടില്ല.... സ്വയം ജീവനൊടുക്കാൻ തോന്നി അവൾക്ക്.... തന്നെ ആരും മനസിലാക്കുന്നില്ലല്ലൊ.... അഹങ്കാരിയാണോ താൻ... അവളുടെ ഹൃദയം വിങ്ങി പൊട്ടി.... ഇതെ സമയം തന്നെ പ്രണയത്തോടെ നോക്കുന്ന വൈദേഹിയെ ഏകലവ്യ ഒന്ന് നോക്കി... "ഈ തീരുമാനത്തിൽ നിന്ന് പിന്മാറികൂടെ....തീരുമനസിന്റെ വാക്കുകൾ എനിക്ക് ധിക്കരിക്കാനാവില്ല...." അവന്റെ വാക്കുകളിൽ ഗൗരവം നിറഞ്ഞു നിന്നു.... "പിന്മാറാൻ കഴിയില്ലെനിക്ക്.... അത്രയും ഇഷ്ട്ടമാണ്...." വൈദേഹിയുടെ കണ്ണുകൾ നിറഞ്ഞു....

"എനിക്ക് കഴിയുമെന്ന് തോന്നുന്നില്ല വൈദേഹി നിന്നോടൊപ്പമൊരു ജീവിതം... ഈ നാടിന് വേണ്ടി ജീവൻ കൊടുക്കാൻ ഉത്തരവാദിത്തപെറ്റൊരാളാണ് ഞാൻ..." അവന്റെ വാക്കുകൾ പതറിയില്ല.... "എല്ലാം എനിക്കറിയാം.... ഈ ജന്മം മുഴുവൻ അങ്ങേയുടെ കൂടെ ഉണ്ടാവാൻ ഞാൻ ആഗ്രഹിക്കുന്നു.... എന്നെ വേണ്ടെന്ന് വെക്കരുത്... മരിച്ചു പോകും ഞാൻ...." അവൾ നിറ കണ്ണുകളോടെ കൈ കൂപ്പി... ആ മിഴികൾ നേരിടാൻ കഴിയാതെ നോട്ടം മാറ്റി.... "ഞാൻ നിനക്ക് ഒരിക്കലും അനുയോജ്യനല്ല വൈദേഹി... വെറും സാധാരണ മനുഷ്യൻ... രാജരക്തമല്ല... മാത്രമല്ല എന്റെ കൂടെ ജീവിതം കഠിനത നിറഞ്ഞതായിരിക്കും...." അവൻ പറഞ്ഞത് കേട്ട് അവൻ മുന്നോട്ട് വന്നു.. അവന്റെ കൈ രണ്ടും കൂട്ടി പിടിച്ചു.... "നിങ്ങളുടെ ജീവിതത്തിൽ ഒരിടം തന്നാൽ മതീ.. അങ്ങേയുടെ പതിയായി...." അവൾ അപേക്ഷിച്ചു... അവൻ എന്ത് പറയണം എന്ന് അറിയാതെ കുഴങ്ങി..

മൗനമാണ് പിന്നെയും അവനിൽ എന്ന് കണ്ട് അവൾ അൽപ്പം മടിയോടെ ഏറിയ നെഞ്ചിടിപ്പോടെ ചോദിച്ചു.... "എന്താണീ മൗനത്തിനർത്ഥം... എന്നെ അംഗീകരിക്കാൻ കഴിയില്ലെന്നാണോ...അതോ മറ്റൊരു പ്രണയം....??' അവളുടെ വാക്കുകൾ ഇടറി വീണു... ഏകലവ്യ ഒരു നിമിഷം ഓർത്തു... പ്രണയിച്ചിരുന്നോ താൻ...?? രുദ്ര...!!! അവന്റെ ഹൃദയം ഒരു നിമിഷം നിലച്ചുവെന്ന് തോന്നി... സ്വന്തമാക്കാൻ കഴിയില്ലെന്ന വിശ്വാസമാണ് അവൾ... വിട്ട് കൊടുക്കാൻ കഴിയാത്ത അത്ര ആത്മബന്ധം... അത് പ്രണയമാണോ.... ഒരിക്കലും അവളെ ആഗ്രഹിക്കാൻ താൻ യോഗ്യനല്ല..... വിശ്വാസത്തിലാണ് കാര്യം... അത് തകർത്തെറിഞ്ഞാൽ രാജാവിനോട് ചെയ്യുന്ന ദ്രോഹമാണ്.... കടമ മാത്രം ചെയ്യണം..... നന്ദികേട് ചിന്ദിക്കുക കൂടെ പാടില്ല..... തന്നെ ദയനീയമായി നോക്കി നിൽക്കുന്ന വൈദേഹിയിലേക്ക് അവൻ കണ്ണുകൾ പായിച്ചു... രാജാവ് തന്നോടുള്ള വിശ്വസത്താൽ തന്നെ ഏല്പിച്ച പെണ്ണ്...

അവൻ അവൾക്ക് അരുകിലേക്ക് ചെന്നു.... അവളുടെ കൈ കൈക്കുള്ളിലാക്കി..അവളുടെ കണ്ണുകൾ വിടർന്നു.... മട്ടുപാവിൽ നിന്ന് ആ രംഗം നോക്കി കാണവേ രുദ്ര ഹൃദയം ചില്ല് കണ്ണാടി പോലെ ചിതറി... പറയാതെ പറഞ്ഞു കണ്ണുകളിൽ കൊണ്ട് നടന്ന തന്റെ പ്രണയമാണ്... അവന്റെ കാതുകളിൽ എത്തും മുന്നേ അവ ചുടു നീർമുത്തുകളായ് പൊഴിഞ്ഞു വീണു.... തടയാൻ എന്നോണം അവളുടെ കൈ കൈ ഉയർന്നു... പിന്നെ വാശി തോന്നി... വെറുതെ... പൊഴിഞ്ഞു വീഴട്ടെ... തടയില്ല....  "ഏകലവ്യയുടെ മരണം ഈ നാടിന്റെ തന്നെ നാശത്തിലേക്കുള്ള കാൽവെപ്പ് ആകും അല്ലെ മഹാഗുരു.. " അയാളുടെ പകയെരിയുന്ന മിഴികൾ മഹഗുരുവിന്റെ നേരെ നീണ്ടു.....

"നാശം... അത് നാടിന്റെ മാത്രമല്ല ഹിതേന്ദ്ര....ആ നാടിന്റെ സർവ്വവുമാണെന്ന് എല്ലാവരും വിശ്വസിക്കുന്ന ഭൈരവ ക്ഷേത്രത്തിന്റേത് കൂടിയാണ്...ചുമരുകൾ പൊട്ടി തകരും...ഭൈരവമൂർത്തി മഞ്ഞിനടിയിൽ പെടും...നിധികുംഭം സർപ്പങ്ങളാൽ ചുറ്റി പുണപെടും...." അത് കേട്ടതും ഹിതേന്ദ്രന്റെ കണ്ണുകൾ കുറുകി... "ആ നിധികൈക്കലാക്കാനാണ് ഞാൻ ഓരോ ദിനവും കാത്തിരിക്കുന്നത്..." അയാൾ അലറി.... "അതിന് മുന്നേ നിന്റെ ശിരസ്സ് അറ്റു വീഴും ഹിതേനന്ദ്രാ....നിന്റെ മരണം അത് അവന്റെ കൈ കൊണ്ട് ആയിരിക്കും....." "അതിന് മുന്നേ അവൻ മരിച്ചു വീണാലോ..." അയാൾ ക്രൂരമായി ചിരിച്ചു... "നമ്മുടെ ദൃഷ്ടിയിൽ വന്ന കാര്യം നാം ഉണർത്തി.. എങ്ങനെ എന്ന് ചോദിക്കരുത് കൃത്യമായ ഒരുത്തരം തരാൻ കഴിയുന്നില്ലെനിക്ക്..." "വേണ്ട ഗുരു... മരണം ഏകലവ്യയുടെതാണ് അവന്റെ ഉറ്റ മിത്രത്തിന്റെ കൈ കൊണ്ട്.. ഈ ജന്മം അവന് എന്നെ ഒന്നും ചെയ്യാൻ കഴിയില്ല...." ഹിതേന്ദ്രൻ പറഞ്ഞു.. "എങ്കിൽ വരും ജന്മത്തിലാണേൽ..." "ഏയ്യ്... മൂഢത്തരം പറയാതെ എന്റെ മുന്നിൽ നിന്ന് പോകൂ..."

ഹിതേന്ദ്രൻ അലറി.. മഹാഗുരു അവനെ ഒന്ന് നോക്കിയ ശേഷം ഇരുൾ നിറഞ്ഞ ആകാശത്തിലേക്ക് നോക്കി... ചന്ദ്രന് ചുറ്റും അസ്വഭാവീകമായി കാണുന്ന ചുവന്ന നിറം ഒരപകട സൂചന നൽകും പോലെ....!! _____________ അന്നത്തെ രുദ്രയുടെ ജന്മദിനാഘോഷത്തിന് ശേഷം കൊട്ടാരം വീണ്ടും അണിഞ്ഞൊരുങ്ങി... വൈദേഹിയുടെയും ഏകലവ്യയുടെയും വിവാഹത്തിന് ഇനി ഒരു പുലരി കൂടി... വൈദേഹി ഒരുപാട് സന്തോഷത്തിലായിരുന്നു..... അവളുടെ ആരാധ്യ പുരുഷൻ എന്നേക്കുമായി സ്വന്തമാകാൻ പോകുന്നു.... നാണത്താൽ അവളുടെ കവിളുകൾ ചുവന്നു... ഇരുട്ടിന്റെ നിഗൂഢതയിലേക്ക് നോക്കി ഇരിക്കുകയായിരുന്നു രുദ്ര.... പുറകിൽ ഒരനക്കം കേട്ട് അവൾ തിരിഞ്ഞു നോക്കി... പുഞ്ചിരിയോടെ നിൽക്കുന്ന വൈഭവ്.... "എന്ത് പറ്റി രുദ്ര.... നിന്റെ മുഖത്ത് വല്ലാത്ത സങ്കടം...." അവൾക്ക് അടുത്ത് ഇരുന്ന് കൊണ്ട് വൈഭവ് ചോദിച്ചു...

"ഇടക്ക് എല്ലാവരോടും ദേഷ്യം ഇടക്ക് ദുഃഖം....എന്ത് പറ്റി.... മഹാരാജൻ നിന്റെ ചെയ്തികളിൽ ദുഖിതനാണ്...." അവന് മറുപടിയായി ദേഷ്യത്തോടെ ഒരു നോട്ടം നൽകി.... "തിരുവാതിര നാളിൽ നമ്മുടെ വിവാഹവും ഉണ്ടാവുമെന്നാണ് പറഞ്ഞത്..." അവന്റെ വാക്കുകളിൽ ഉണ്ടായിരുന്നു സന്തോഷം... രുദ്ര ഒന്നും മിണ്ടാതെ ഇരുന്നു... "ഏകലവ്യ വൈദേഹിക്കുള്ളതാണ് രുദ്ര... അത് നീ മനസിലാക്കണം...അതല്ലേ അവനെ അവൾക്ക് കിട്ടിയത്... നിനക്ക് അവൻ അനുയോജ്യനല്ല..." "കുറച്ചു നേരം ഒറ്റക്ക് ഇരിക്കണം വൈഭവ് ....." അവൾ ഗൗരവത്തോടെ പറഞ്ഞു.... വൈഭവ് കുറച്ചു നേരം അവളെ നോക്കി അങ്ങനെ ഇരുന്നു... പിന്നെ ഒന്നും മിണ്ടാതെ എഴുനേറ്റ് പോയി..  ഇന്നാണ് വിവാഹം.... ഏകലവ്യ വൈദേഹിക്ക് സ്വന്തമാകുന്ന നിമിഷം.... സർവ്വാഭരണവിബൂഷിതയായി വൈദേഹി നിലക്കണ്ണാടിക്ക് മുന്നിൽ നിന്നു.... സൗദാമിനി അവളുടെ തലയിലേക്ക് ദുപ്പട്ട വെച്ച് കൊടുത്തു...

"സുന്ദരിയായിട്ടുണ്ട് എന്റെ മകൾ.." അവർ സ്നേഹത്തോടെ അവളുടെ ടെ നെറുകയിൽ ചുംബിച്ചു... വൈദേഹി എഴുനേറ്റ് രുദ്രയുടെ അടുത്തേക്ക് ചെന്നു... രുദ്ര മുഖത്ത് ഒരു വരുത്തി അവളെ പുണർന്നു.... "ആദ്യമായാണ് രുദ്ര ആഗ്രഹിച്ചത് ഒരാൾക്ക് വിട്ട് കൊടുക്കുന്നത്... അതും ഹൃദയം പറിച്ചെടുത്ത്...' അത് കേട്ട് വൈദേഹിയുടെ മുഖം വിളറി.. "നിന്നിൽ നിന്ന് ഞാൻ തട്ടിയെടുത്തതാണെന്ന് നിന്റെ തോന്നലാണ് രുദ്ര.... ഏകലവ്യ എന്റെയാണ്.... ഈ ജന്മവും വരും ജന്മങ്ങളിലും അങ്ങനെ തന്നെയാവും..." രുദ്ര പുഞ്ചിരിച്ചു... "ഇനിയൊരു ജന്മമുണ്ടെങ്കിൽ രുദ്ര തോറ്റു തരില്ല....വിട്ട് കൊടുക്കില്ല..." രുദ്രയുടെ മനസ്സ് മന്ത്രിച്ചു... പൂക്കളാൽ സമൃദ്ധമായ മണ്ഡപത്തിൽ എല്ലവരെയും സാക്ഷിയാക്കി ഏകലവ്യ വൈദേഹിയുടെ കഴുത്തിൽ മാലയിട്ടു.... അവന്റെ കണ്ണുകൾ ഒരിക്കൽ പോലും രുദ്രയെ തേടി പോയില്ലെന്നത് വൈഭവ് ആശ്വാസത്തോടെ തിരിച്ചറിഞ്ഞു...

രുദ്രയിലേക്ക് നോട്ടം ചെന്ന് നിന്നു.... ആ മുഖത്തെ ഭാവം നിർവചിക്കാൻ കഴിയുന്നില്ല.... മുഖത്തൊരു പുഞ്ചിരിയുടെ മുഖം മൂടിയിട്ടെങ്കിലും ഉള്ളിൽ കനലെരിയുകയായിരുന്നു രുദ്രക്ക്... അവൾ വധുവരന്മാരെ നോക്കി നിന്നു.... തന്റെ പ്രിയപ്പെട്ടവനാണ്... പ്രിയപ്പെട്ടിടത്ത് തന്നെ സൂക്ഷിച്ചു വെക്കും.... മറനെന്ന് എല്ലാവരെയും പറഞ്ഞു പറ്റിക്കാം.... പക്ഷേ മനസാക്ഷിയോട് കള്ളം പറഞ്ഞിട്ട് കാര്യമില്ലല്ലൊ... തനിക്ക് മറക്കാൻ കഴിയില്ല... പ്രണയിക്കാതെ ഇരിക്കാനും വയ്യല്ലോ.. അവളുടെ ഹൃദയം പെരുംമ്പറ മുഴക്കി... വൈദേഹി ഏകലവ്യയോട് ചേർന്ന് നിന്നു... അവൻ അവളെ ചേർത്ത് പിടിച്ചു... ഇപ്പൊ തന്റെ അർദ്ധാഗനിയാണ്.... തന്റെ പാതിയോട് നീതി പുലത്തുന്ന പാതിയാകണം... രുദ്രയെ അവൻ പിന്നെ കണ്ടില്ല...വൈദേഹി അവളെ ഇനി ഒരിക്കലും കാണരുത് എന്ന പ്രാർത്ഥനയിലാണ്... ഏകലവ്യയുടെ ചെറിയ ഭവനത്തിൽ അവൾ സന്തോഷം കണ്ടെത്തി...

പുലർച്ച ക്ഷേത്രത്തിലെ അയോദ്ധനപഠനത്തിൽ തുടങ്ങി അവന്റെ ഒരു ദിനം എങ്ങനെ എന്ന് അവൾ മനസിലാക്കുകയായിരുന്നു.... എല്ലാരുടെയും പ്രിയപ്പെട്ടവനാണ് അവൻ.. നാളെ രുദ്രയുടെയും വൈഭവിന്റെയും മംഗല്യമാണ്.... ശത്രുക്കളുടെ പുതിയ നീക്കത്തെ കുറിച്ച് സൂചന കിട്ടി ഏകലവ്യ ഇന്ദ്രനേയും കൂട്ടി... മലമുകളിലെ ഭൈരവ ക്ഷേത്രത്തിലേക്ക് പോകാൻ ഒരുങ്ങുകയായിരുന്നു.. "എനിക്ക്... എന്തോ... വല്ലാത്ത ഭയം തോന്നുന്നു..." അവന്റെ കയ്യിൽ പിടിച്ചു വൈദേഹി പേടിയോടെ പറഞ്ഞു.. അവൻ അവളുടെ ചേർത്ത് പിടിച്ചു... "വൈദേഹി.. നീ രാജാവിന്റെയും രാജകുമാരന്റെയോ ഭാര്യയല്ല.... കൽപിക്കാനുള്ള ആളല്ല ഞാൻ.. കല്പന പാലിക്കുന്ന ആളാണ്.... എന്നെ പോലുള്ള ഒരാളുടെ ഭാര്യക്ക് വേണ്ടത് ധൈര്യമാണ്... എന്തും നേരിടാനുള്ള മനോധൈര്യം.... എന്നെ സന്തോഷത്തോടെ യാത്രക്കൂ...." അവൻ സ്നേഹത്തോടെ പറഞ്ഞു..

നിസ്വാർത്ഥമായ സ്നേഹമാണ് അവന്റേത്... തന്നെ അംഗീകരിക്കാൻ കഴിയിലെന്നാണ് കരുതിയത്.. പക്ഷേ എത്ര മനോഹരമായാണ് അദ്ദേഹം തന്നെ പരിപാലിച്ചത്... വൈദേഹി ഓർത്തു.... അവനെ ഒരു പുഞ്ചിരിയോടെ അവൾ യാത്രയാക്കി...  മലയുടെ മുകളിലേക്ക് കയറും തോറും ഇന്ദ്രന്റെ ഉള്ളിൽ ഭയം നിറഞ്ഞു.... "എന്ത് പറ്റി ഇന്ദ്ര...." ഇന്ദ്രന്റെ വിളറിയ മുഖം കണ്ട് ഏകലവ്യ ചോദിച്ചു... "ഒന്നുമില്ല...." അവൻ മുഖം ചെരിച്ചു കൊണ്ട് പറഞ്ഞു.... കയ്യിലെ ഉടവാളിൽ ഒന്ന് കൂടി മുറുകെ പിടിച്ചു... പതിവില്ലാത്ത വിധം ക്ഷേത്രത്തിൽലെ മണികൾ ശബ്ടിക്കുന്നത് കേട്ട് ഏകലവ്യയുടെ നെറ്റി ചുളിഞ്ഞു... മുന്നോട്ട് കാലെടുത്തു വെച്ചതും അവൻ പുറകിൽ നിന്ന് ചവിട്ടേറ്റ് തെറിച്ചു വീണു... തിരിഞ്ഞു നോക്കിയപ്പോൾ ആയുധങ്ങൾ ഏന്തി നിൽക്കുന്ന കുറച്ചു പേർ.... ഇന്ദ്രനും അടിയേറ്റ് നിലത്ത് വീണു.... ഏകലവ്യ ചാടി എണീറ്റു... "ഇന്ദ്രാ....."

ശത്രുക്കൾക്ക് നേരെ കൂർത്തൊരു നോട്ടം നൽകി കൊണ്ട് അവൻ വീണു കിടക്കുന്ന ഇന്ദ്രന് നേരെ കൈ നീട്ടി.. ഉള്ളിലൊരു കുതന്ത്രചിരി ചിരിച്ചു കൊണ്ട് ഇന്ദ്രൻ ആ കൈ തങ്ങി എഴുനേറ്റു.... രണ്ട് പേരും കൂടെ ശത്രുക്കളെ നേരിട്ടു.... കാലങ്ങളായി അടഞ്ഞു കിടന്ന ക്ഷേത്രത്തിന്റെ വാതിൽ ആരോ തള്ളി തുറക്കാൻ ശ്രമിക്കുന്നത് കണ്ടതും ഏകലവ്യ എതിരാളികളെ തള്ളിമാറ്റി മുന്നോട്ട് കുതിച്ചു.... ക്ഷേത്രത്തിന്റെ മുന്നിൽ എത്തിയതും... മൂർച്ചയുള്ള എന്തോ ഒന്ന് പുറകിലൂടെ വയറിനുള്ളിലേക്ക് തുളഞ്ഞു കയറി....അവൻ കണ്ണുകൾ ഇറുക്കി അടച്ചു... വേദന കടിച്ചു പിടിച്ചവൻ പുറകിൽ നിന്നവനെ പിടിച്ചു മുന്നിലേക്ക് ഇട്ടു.... ആളെ കണ്ടതും അവന്റെ കണ്ണുകൾ കുറുകി,. "ഇന്ദ്രാ...." അവന്റെ ശബ്ദം ഇടറി... അപ്പോഴേക്കും വാൾ വയറിൽ തുളഞ്ഞു കയറി... "ചതിച്ചല്ലേടാ..." അവൻ ഇന്ദ്രന്റെ കഴുത്തിൽ കൈ അമർത്തി... ഇന്ദ്രൻ ശ്വാസം കിട്ടാതെ പിടഞ്ഞു...

സൈഡിൽ നിന്ന് ആരോ അവനെ ചവിട്ടി വീഴ്ത്തി... ഹിതേന്ദ്രൻ...!! ഏകലവ്യയുടെ കണ്ണുകൾ അടഞ്ഞു കൊണ്ടിരുന്നു... പക്ഷേ അവൻ തുറക്കാൻ ശ്രമിച്ചു,..ഹിതേന്ദ്രൻ മുന്നോട്ട് വന്ന് അവന്റെ തലയിൽ ചവിട്ടി പിടിച്ചു.. അവന്റെ മുഷ്ടി ചുരുണ്ടു.... "ഇവനെ ഇവിടെ അല്ല.....ആ ജയന്തന്റെ മുന്നിൽ വേണം എനിക്ക്..... എടുത്തു കൊണ്ട് പോ.... "ഹിതേന്ദ്രൻ അലറി.... ഇന്ദ്രന്റെ ഹൃദയം എന്ത് കൊണ്ടോ പിടച്ചു.... തന്റെ മിത്രം....!! തെറ്റ് ചെയ്തിരിക്കുന്നു...  വൈഭവിന്റെ കൈ കൊണ്ട് പുഷ്പഹാരം കഴുത്തിലേക്ക് വീണത് രുദ്രയറിഞ്ഞു... അവളുടെ ഹൃദയമിടിപ്പേറി... തന്റെ മുന്നിൽ നിൽക്കുന്നവളെ വൈഭവ് പ്രണയത്തോടെ നോക്കി.... മിതമായ ആഭരണങ്ങൾ മാത്രമായിരുന്നു അവൾ അണിഞ്ഞത് പതിവ് ഒരുക്കങ്ങൾ പോലെ തന്നെ...എങ്കിലും ഇന്നത്തെ ദിവസത്തിൽ അവളുടെ സൗന്ദര്യം കൂടിയ പോലെ... അവളുടെ നെറുകയിൽ ചുംബിച്ചു.. തന്റെ പ്രണയം..!!! രുദ്ര കണ്ണുകൾ ഇറുക്കി അടച്ചു...

മിഴികൾ ഉയർത്തി വൈഭവിനെ നോക്കി പുഞ്ചിരിച്ചു.. അവന്റെ മുഖം വിടർന്നു... അവളുടെ ആ ചിരിയിൽ തന്റെ ലോകം ഒതുങ്ങി കൂടും പോലെ അവന് തോന്നി.. അവളെ ചേർത്ത് പിടിച്ചു... അത് കണ്ട് വൈദേഹിയും സന്തോഷിച്ചു.. ഒപ്പം ആശ്വാസവും.... പുറത്ത് എന്തോ ബഹളം കേട്ടു... "എന്താണ് അവിടെ..." ജയന്ത് കാവൽക്കാരോട് ചോദിച്ചു.. "മഹാരാജൻ.... നമ്മുടെ ശത്രുക്കൾ ഏകലവ്യയെ ബന്ധിയാക്കിയിരിക്കുന്നു.." കാൽവൽകാരിൽ ഒരാൾ ഓടി വന്നു പറഞ്ഞു... എല്ലാവരും പുറത്തേക്ക് ഓടി...രുദ്രയും... വൈദേഹിക്ക് ദേഹം തളരുന്ന പോലെ തോന്നി.. കാലുകൾ ചതിക്കാത്തത് പോലെ.... കൊട്ടാരത്തിന്റ മുറ്റത്ത്‌ അവശനായി കിടക്കുന്ന ഏകലവ്യയെ കണ്ട് എല്ലാരും സ്തംഭിച്ചു നിന്നു..... രുദ്ര എല്ലാവരെയും വകഞ്ഞു മാറ്റി മൂന്നോട്ട് ഓടി വന്നു.. അവളുടെ ഹൃദയം നിലച്ചു പോയെന്ന് തോന്നി ഒരുനിമിഷം... അവൾ മുന്നോട്ട് ഓടി .. ആരൊക്കെയോ ചേർന്ന് അവളെ പിടിച്ചു വെച്ചു....

സങ്കടത്തോടെ ഏകലവ്യയെ നോക്കി പിടയുന്ന രുദ്രയെ കണ്ട് ഹിതേന്ദ്രന്റെ കണ്ണുകൾ കുറുകി.... അയാൾ ഏകലവ്യയുടെ മുടിയിൽ പിടിച്ചു വലിച്ചു.... അവന്റെ ശരീരം നന്നേ തളർന്നിരുന്നു...പാതി അടഞ്ഞ അവന്റെ കണ്ണുകൾ കണ്ടിരുന്നു തനിക്ക് വേണ്ടി ചങ്ക് കരയുന്ന രുദ്രയെ,... അവന്റെ നെഞ്ചിലെ വാൾ ആഴ്ന്നിറങ്ങി വായിൽ നിന്ന് രക്തം ഒഴുകി... രുദ്ര അവളെ ബന്ധിച്ച കൈകളെ തട്ടി മാറ്റാൻ ശ്രമിച്ചു... അവൾക്ക് അതിന് ആയില്ല... "നിന്റെ പ്രണയിനിയാണോ..." അയാൾ ഏകലവ്യയോട് ചോദിച്ചു... അവന്റെ കണ്ണുകൾ എന്ത് കൊണ്ട് രുദ്രയിൽ തന്നെ നിന്നു.... നേത്ര ഗോളങ്ങൾ പോലും ചലിച്ചില്ല.... ഹിതേന്ദ്രൻ മുന്നോട്ട് വന്ന് രുദ്രയെ ഉറ്റു നോക്കി... വൈഭവ് മുന്നോട്ട് വന്നെങ്കിലും ഹിതേന്ദ്രന്റെ നോട്ടം കണ്ട് അവന്റെ കാലുകൾ നിശ്ചലമായി... രുദ്രയുടെ കഴുത്തിൽ അയാളുടെ കത്തി മുറിവുണ്ടാക്കി....അവളുടെ മിഴികൾ വേദന കൊണ്ട് നിറഞ്ഞു....

ഒരു പിടച്ചിലോടെ അവൾ നിലത്തേക്ക് പതിച്ചു... കമിഴ്ന്നു വീണ അവളുടെ കണ്ണുകൾ ഏകലവ്യയെ ഉറ്റു നോക്കി.. അവളുടെ രക്തം അവിടെ പടർന്നൊഴുകി.... ആരൊക്കെയോ അലറി വിളിക്കുന്നു... അവൾ മറ്റൊരു ലോകത്തേക്ക് യാത്രയായിരുന്നു.... എല്ലാരും ബന്ധിതരായിരുന്നു.... "ഇനി ഇവിടം ഞാൻ വാഴും...."ഹിതേന്ദ്രൻ അട്ടഹസിച്ചു..."ബാക്കി.... ബാക്കി എവിടെ.. കാണാനില്ലാലോ...." ആനി നെഞ്ചിടി പ്പോടെ ചോദിച്ചു... ആര്യൻ ഒന്ന് നിശ്വസിച്ചു... "ഇത്രേ ഒള്ളൂ... ഇതിന്റെ ബാക്കി അദ്ദേഹം എഴുതി കൊണ്ടിരിക്കുകയാണ്..." അവൻ പറഞ്ഞു.... ആനിയുടെ മുഖം... "അവർ മരിച്ചു കാണുമോ..?? എന്നാലും ഏകലവ്യ വൈദേഹി കല്യാണം കഴിക്കേണ്ടിയിരുന്നില്ല... രുദ്ര വൈഭവിനേയും...' "വിധിച്ചതല്ലേ കിട്ടൂ..." ആര്യൻ പുരികം ഉയർത്തി കൊണ്ട് പറഞ്ഞൂ... ആനി അപ്പോഴും രുദ്രയിൽ കുരുങ്ങി കിടക്കുകയായിരുന്നു... "നീ എന്താ ആലോചിക്കുന്നത്..."

ആര്യൻ അവളുടെ കവിളിൽ മെല്ലെ തട്ടി... "രുദ്ര.... അവൾ എത്രമാത്രം അവനെ സ്നേഹിച്ചു.... എന്നിട്ടും..." അവളുടെ വാക്കുകളിൽ നിരാശ പടർന്നു.. ആര്യന്റെ ചിരി ഉയർന്നു... "രുദ്ര നീയാണോ...?? അല്ല... വായിക്കുമ്പോഴും... രുദ്രയുടെ ഭാവങ്ങൾ എല്ലാം നിന്റെ മുഖത്തായിരുന്നു..." അവൻ പറഞ്ഞത് കേട്ട് അവൾ മുഖം കോട്ടി. കൺകോണിൽ എന്തിനെന്നില്ലാതെ വന്നു നിന്ന നീർമുത്തുകളെ അവൻ കാണാതെ തുടച്ചു നീക്കി... "ഇനി നമുക്ക് നടന്നാലോ നേരം വെളുത്തു തുടങ്ങി..." അവൻ ചോദിച്ചു... അവൾ ചിരിയോടെ അവന്റെ കയ്യിൽ കോർത്തു പിടിച്ചു... "അമ്മ എന്നെ അന്വേഷിക്കും..." അവൾ ചുണ്ടു ചുളുക്കി... " ഞാൻ പറഞ്ഞോളാം.. " അവൻ കണ്ണിറുക്കി കൊണ്ട് പറഞ്ഞു... അവനോട് ചേർന്നവൾ മലകയറി.... ഇടക്ക് അവളുടെ മുഖം ചുളിയുന്നത് കണ്ട് അവൻ നടത്തം നിർത്തി... "തണുത്തിട്ടാണോ...??" അവൻ ഒന്നൂടെ അവളെ അവനിലേക്ക് ചേർത്ത് പിടിച്ചു...

"അതിനെനിക്ക് ഇങ്ങനെ നടക്കുമ്പോൾ തണുപ്പ് അറിഞ്ഞിട്ട് വേണ്ടേ...." അവൾ അവന്റെ കണ്ണുകളിലേക്ക് നോക്കി... "ഒട്ടും തണുക്കുന്നില്ലേ...." ചലിക്കാതെ തന്നെ ഉറ്റു നോക്കുന്ന അവളുടെ മിഴികളിലേക്ക് കൗതുകത്തോടെ നോക്കി അവൻ ചോദിച്ചു... "മ്മ്ഹ്ഹ്..." അവൾ ചിരിച്ചു... "എന്തോ വല്ലാതെ വിശക്കുന്നു... എനർജി മുഴുവൻ പോയി.." അവൾ ചുണ്ട് ചുളുക്കി പരിഭവിച്ചു.... കണ്ണുകൾ ചുറ്റും ഓടി... അവിടെ ക്കൂടി നിൽക്കുന്ന മരങ്ങളിലോന്നിലേക്ക് അവൾ പാഞ്ഞടുത്തു...മഞ്ഞിലേക്ക് മൂക്കും കുത്തി വീണു... അസഹനീയമായ തണുപ്പ്... ആര്യന് അത് കണ്ട് ചിരിക്കാതെ ഇരിക്കാനായില്ല... അവൾ തണുത്തു വിറച്ചു കൂനിക്കൂടി... അവൻ ചെന്ന് പൊക്കി എടുത്തു...

"ആക്രാന്തം is injuries to health..." അവൻ അവളെ നോക്കി കളിയാലെ പറഞ്ഞു.. ആനി അപ്പോൾ അവന്റെ നെഞ്ചിലെ ചൂട് തേടുകയായിരുന്നു... അവളെ അവിടെ ഇരുത്തി കയ്യും കാലും ഉരസി ചൂട് കൊടുത്തു.... കവിളിൽ കൈ ചൂടാക്കി വെച്ച് കൊടുത്തു.. എനിക്ക് വിശക്കുന്നു.... അവൾ ചിണുങ്ങി.... "അതിന് ഞാൻ എന്ത് ചെയ്യാനാ...??" "ദേ...ഹിസാലു (hisalu )... അത് മതി..." അവൾ അവിടെയുള്ള മരത്തിലേക്ക് ചൂണ്ടി... ആര്യൻ അങ്ങോട്ടേക്ക് നോക്കി.. മഞ്ഞ നിറമുള്ള ഒരു ഫലവർഗം.... "വല്ല വിഷവും ആണോ..??" ആര്യൻ മുഖം ചുളിച്ചു.. "അല്ല... നല്ല ടേസ്റ്റ് ആണ്... അധികം ഒരിടത്തും ഇത് കാണില്ല... എനിക്ക് അത് വേണം... പ്ലീസ് ആര്യൻ...." അവൾ അവന്റെ കയ്യിൽ പിടിച്ചു... "മ്മ്... നിൽക്ക്...." അവനൊന്നു അമർത്തി മൂളി കൊണ്ട് അങ്ങോട്ടേക്ക് നടന്നു.... അപ്പോഴാണ് പുറകിൽ നിന്നൊരു ശബ്ദം കേട്ടത്................. തുടരും.............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story