ഹൃദയസഖി...♥: ഭാഗം 10

hridaya sagi manjupenn

എഴുത്തുകാരി: മഞ്ഞ് പെണ്ണ്‌

"ന്നാ കഴിക്ക്..."കയ്യിലെ പൊതി അവൾക്ക് നേരെ നീട്ടി കൊണ്ട് അനന്തൻ പറഞ്ഞതും അവനെ കെറുവിച്ച് ഒന്ന് നോക്കി കൊണ്ട് അവൾ മുഖം തിരിച്ചു... "നിലക്കുട്ടി നല്ല രീതിക്കാ ഞാൻ പറയുന്നേ മര്യാദക്ക് കഴിച്ചോ ഇല്ലെങ്ക്ല് എന്റെ വിധം മാറും..."ശാന്തമായി തന്നെ അവൻ പറഞ്ഞു... "എനിക്ക് വേണ്ട..." വാശിയോടെ വരാന്തയിലേ തൂണിലേക്ക് ചാരി ഇരുന്ന് കൊണ്ട് പുറത്തേക്ക് കണ്ണും നട്ടിരുന്നു... അനന്തൻ നീട്ടി ശ്വാസം വിട്ട് കൊണ്ട് പ്ലാസ്റ്റിക് കവറിൽ നിന്നും പൊതി എടുത്തു... പൊതി തുറന്നതും തട്ട് ദോശയുടെ കുത്തുന്ന മണവും ഒപ്പം ഉള്ളിച്ചമ്മന്തിയുടെ മണവും മൂക്കിലേക്ക് കുത്തി കയറി... നിലയുടെ വായിൽ വെള്ളം നിറഞ്ഞു... എങ്കിലും ഒരുവിധം അടക്കി പിടിച്ച് പുറത്തേക്ക് തന്നെ മിഴികൾ തിരിച്ചു... "ന്നാ കഴിക്ക്...!!"അവളുടെ അരികിലേക്ക് വന്നിരുന്നു കൊണ്ട് ഒരു പൊട്ട് ദോശ അവൾക്ക് നേരെ നീട്ടി കൊണ്ട് അനന്തൻ പറഞ്ഞു... "എനിക്ക് വേണ്ടന്നല്ലേ തന്നോട് പറഞ്ഞത്..."അവന് നേരെ കയർത്ത് കൊണ്ട് അവൾ അകത്തേക്ക് കയറാൻ നിന്നതും അവളുടെ കയ്യിൽ പിടിച്ച് തന്റെ മടിയിലേക്ക് ഇരുത്തി ഇടത് കൈ കൊണ്ട് അവളുടെ അരയിൽ മുറുക്കി പിടിച്ചു...

പൊള്ളി പിടഞ്ഞു പോയവൾ...!! ഞെട്ടലോടെ അവനിലേക്ക് നോക്കിയതും കണ്ണിറുക്കി കാണിച്ച് കൊടുത്ത് കൊണ്ട് തുറന്ന് കിടക്കുന്ന വായിലേക്ക് ഒരു പൊട്ട് ദോശ വെച്ച് കൊടുത്തു... അവനിലേക്ക് നോക്കി കൊണ്ട് തന്നെ അവൾ തിന്ന് കൊണ്ടിരുന്നു... കണ്ണുകൾ സജലമായി... അറിയാതെ തേങ്ങി പോയവൾ... നിറഞ്ഞൊഴുന്ന കൺകളെ പെരുവിരൽ കൊണ്ട് തുടച്ച് കൊടുത്ത് നെറ്റിയിൽ അമർത്തി ചുംബിച്ചു അവൻ... "നിക്കറിയാം ഞാനെന്ത് പറഞ്ഞാലും നിനക്കിപ്പോ എന്നോട് വിശ്വാസം വരില്ലെന്ന്... ഇതാരാ ചെയ്തതെന്ന് ചെയ്ത ആള് തന്നെ നിന്നോട് പറയും പറയിപ്പിക്കും ഞാൻ..."കണ്ണുകളിൽ കോപഗ്നി....!!! "എന്നായാലും നീ എന്നിലേക്ക് തന്നെ എത്തി ചേരണ്ടവളാണ്... അത് ഇങ്ങനെ ആയെന്ന് മാത്രം... നാടറിയിച്ച് തന്നെ നിന്റെ കഴുത്തിൽ ഒരു താലി അണിയിക്കണം എന്ന് കൊതിച്ചതാ പക്ഷെ ഒരു മുറിക്കുള്ളിൽ എല്ലാം ഒതുങ്ങി കൂടി...

എങ്ങനെ ആണെങ്കിലും നടക്കേണ്ടത് നടന്നു... ഇന്ന് നിന്നെ തള്ളിപ്പറഞ്ഞ വീട്ടുകാരൊക്കെ നാളെ അല്ലെങ്കിൽ മറ്റൊരുനാൾ അതിനെ ഓർത്ത് ദുഖിക്കുക തന്നെ ചെയ്യും... ഇനി അത് ഓർത്ത് വിഷമിച്ചിരിക്കാതെ ന്റെ കുട്ടി പഴേ പോലെ തന്നെ ആ കുറുമ്പി പെണ്ണ് ആവണം കേട്ടോ..."കവിളിലൂടെ ഒഴുകുന്ന കണ്ണുനീരിന്റെ രസം നാവിൻ തുമ്പ് കൊണ്ട് രസിച്ച് അനന്തൻ അവളോടായി പറഞ്ഞു... കേൾക്കേണ്ട താമസം ഇരുകൈകൾ കൊണ്ടും അനന്തനെ വരിഞ്ഞ് മുറുക്കി കൊണ്ട് അവൾ പൊട്ടികരഞ്ഞു പോയി... അനന്തന്റെ കണ്ണുകൾ വികസിച്ചു... ഉള്ളം സന്തോഷം കൊണ്ട് അലതല്ലി... ഉള്ളിൽ ഉണ്ടായിരുന്ന സങ്കടങ്ങൾ തന്റെ പ്രാണന്റെ ആലിംഗനത്തിൽ അലിഞ്ഞില്ലാതാവുന്നത് പോലെ...!!തിരിച്ച് അവന്റെ കൈകളും അവളിൽ വലയം തീർത്തു... സാഹചര്യം എല്ലാം അനന്തൻ എതിരായിട്ടും എന്ത് കൊണ്ടോ മനസ്സ് കൂടെ കൂടെ പറഞ്ഞ് കൊണ്ടേ ഇരുന്നു അനന്തൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന്... താൻ കണ്ടതായിരുന്നല്ലോ ആ കണ്ണുകളിൽ തന്നോടുള്ള അടങ്ങാത്ത പ്രണയം...!! ഒരുവേള താനും ആ കൺകളിലെ പ്രണയത്തിൽ ലയിച്ച് പോയിരുന്നില്ലേ...?!

രാവന്തിയോളം തന്റെ മനസ്സിൽ പ്രതിഫലിച്ചത് അനന്തനിലെ പ്രണയം അല്ലായിരുന്നോ...?! എത്ര അരുതെന്ന് വിലക്കിയിട്ടും മനസ്സ് എന്ത് കൊണ്ടോ അനന്തന്റെ സാമീപ്യം വെറുതെ എങ്കിലും കൊതിച്ചിരുന്നില്ലേ...?! താനും പ്രണയിക്കുന്നുണ്ടോ...??! ഒരു നൂറാവർത്തി മനസ്സിനോട് ഇതേ ചോദ്യം ചോദിക്കുമ്പോഴും ഉത്തരം കിട്ടാതെ കുഴഞ്ഞ് പോയിരുന്നു... ഇന്ന് അതെ സ്ഥാനത്ത് കള്ളച്ചിരിയോടെ തന്നിലേക്ക് അടുക്കുന്ന അനന്തന്റെ മുഖം മുന്നിൽ തെളിഞ്ഞ് വന്നതും കരച്ചിലിനിടയിലും ചുണ്ടിൽ വിരിഞ്ഞ ചിരിയോടെ അനന്തനെ തന്നിലേക്ക് കൂടുതൽ അടുപ്പിച്ച് കൊണ്ട് ആ മാറിലേക്ക് മുഖം അമർത്തി വെച്ചു... മാനത്തെ നിലാത്തിങ്കൾ നാണത്തോടെ പഞ്ഞിക്കെട്ടിലേക്ക് മുഖം ഒളിപ്പിച്ചു... കാവിലെ ചെമ്പക മരം ഒന്ന് ആടി ഉലഞ്ഞു... ഉതിർന്ന് വീണ പൂക്കളുടെ ഗന്ധം അവിടമാകെ പടർന്നു... _________♥️ കണ്ണിലേക്ക് വെളിച്ചം തട്ടിയപ്പോൾ ആണ് നില കണ്ണുകൾ മെല്ലെ തുറന്നത്... ചുറ്റും ഒന്ന് കണ്ണോടിച്ചു... നിലത്ത് പായയിൽ കിടക്കുന്ന അനന്തനെ കണ്ടതും ചുണ്ടിൽ ഒരു ചിരി മിന്നി... വാത്സല്യത്തോടെ അവനെ നോക്കി ഇരുന്നു...

കുറച്ച് നേരം കഴിഞ്ഞ് എണീറ്റ് അടുക്കളയിലേക്ക് ചെന്നു... അത്യാവശ്യം വലുപ്പം ഉള്ള ഓടിട്ട വീട്... നല്ല അടുക്കും ചിട്ടയും ഉണ്ട്... കുഞ്ഞ് അടുക്കള ആണെങ്കിൽ അത്യാവശ്യം വേണ്ട സാധനങ്ങൾ എല്ലാം ഉണ്ട്... ഗ്യാസ് ഓൺ ചെയ്ത് ചായക്ക് വെള്ളം വെച്ചു... തിളച്ച് വന്ന വെള്ളത്തിലേക്ക് ചായപ്പൊടിയും പഞ്ചസാരയും ഇട്ട് ഒരു കപ്പിലേക്ക് ഒഴിച്ചു... ഹാളിലെ ടേബിളിൽ കൊണ്ട് പോയി വെച്ച് റൂമിലേക്ക് ചെന്നു... നിലത്ത് കമിഴ്ന്ന് കിടക്കുന്ന അനന്തനെ ഒന്ന് നോക്കി... ഷെൽഫ് തുറന്ന് അനന്തന്റെ ഒരു ഷർട്ടും ട്രാക്ക് ഷൂട്ടും എടുത്ത് കുളിക്കാൻ കയറി... ആകെ മുഷിഞ്ഞിട്ടുണ്ട്.... കുളി കഴിഞ്ഞ് ഇറങ്ങിയതും കണ്ടു ഹാളിൽ ഇരുന്ന് ഫോണിലും നോക്കി ചായ മുത്തി കുടിക്കുന്ന അനന്തനെ... മെല്ലെ അടുക്കളയിലേക്ക് ചെന്ന് ഒരു ഗ്ലാസ്‌ ചായ എടുത്ത് കുടിച്ചു... റാക്ക് തുറന്ന് നോക്കിയപ്പോൾ ഗോതമ്പ് പൊടി കണ്ടു... അതെടുത്ത് ചപ്പാത്തി കുഴക്കാൻ തുടങ്ങി... ഓരോന്നും ചുറ്റെടുത്ത് കാസ്രോളിൽ ഇട്ട് മൂടി വെച്ച് പറന്ന് കിടക്കുന്ന പാത്രം എല്ലാം കഴുകി തിരിഞ്ഞതും കണ്ടു മാറോട് കയ്യും പിണച്ച് ചെറുചിരിയോടെ തന്നെ നോക്കി നിൽക്കുന്ന അനന്തനെ...!!!

അവന്റെ നോട്ടം തന്റെ ശരീരത്തിൽ ആണെന്ന് കണ്ടതും അവൾ ഒന്ന് ചൂളി പോയി... വേഗത്തിൽ ഇറയത്ത് കൂടെ പുറത്തേക്ക് ഇറങ്ങാൻ നിന്നു... "ഒന്നവിടെ നിന്നെ..."ഗൗരവത്തോടെ ഉള്ള അനന്തന്റെ വിളി കേട്ടതും തിരിഞ്ഞ് നോക്കാതെ അവിടെ തന്നെ നിന്നു നില...!!! "ഇതാരുടെ ഡ്രസ്സാ...??!" ഒറ്റപുരികം പൊക്കി അവൾക്ക് ചുറ്റും നടന്ന് കൊണ്ട് അനന്തൻ ചോദിച്ചതും ഒന്നും മിണ്ടാതെ അവൾ താഴ്ത്തി നിന്നു... "ആട്ടെ എന്റെ കെട്ട്യോൾ ആവാൻ തന്നെ തീരുമാനിച്ചോ നീ...?!"കേസ്രോളിലെ ചപ്പാത്തി എടുത്ത് നോക്കി പൊട്ടിവന്ന ചിരി അടക്കി കൊണ്ട് അവൻ ചോദിച്ചു... "താൻ തന്നെ അല്ലെ എന്റെ കഴുത്തിൽ താലി കെട്ടി ഇവിടെ പാർപ്പിച്ചിരിക്കുന്നത്... പിന്നെ ഭർത്താവായാൽ ഭാര്യക്ക് ഉടുക്കാൻ ഡ്രസ്സ്‌ വാങ്ങി കൊടുക്കേണ്ടതൊക്കെ കടമയാണ് കുറെ ഉമ്മിച്ച് നടന്നാൽ ഒന്നും പോരാ... ഹും മാറി നിക്ക് മനുഷ്യാ അങ്ങോട്ട്..."അവനെ നോക്കി പുച്ഛിച്ച് കൊണ്ട് മുന്നിൽ നിന്നും തള്ളിയിട്ട് അവൾ പുറത്തേക്ക് ഇറങ്ങി... എന്താപ്പോ ഇവിടെ നടന്നെ എന്ന കണക്കെ അനന്തൻ കുറച്ച് നേരം അവിടെ നിന്നു... പിന്നെ മീശ പിരിച്ച് കള്ളച്ചിരിയോടെ അവൾ പോയ വഴിയേ ചെന്നു... (തുടരും...).........

കുറച്ച് റൊമാൻസ് എടുക്കട്ടെ സേട്ടാ.. 😌 ഇനി കുറച്ച് ദിവസം നമുക്ക് ഒന്ന് സ്നേഹിക്കാം പിന്നെ ആവാം അടിയും പിടിയും... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story