ഹൃദയസഖി...♥: ഭാഗം 2

hridaya sagi manjupenn

എഴുത്തുകാരി: മഞ്ഞ് പെണ്ണ്‌

"മറക്കണം എല്ലാം... മാഷിന് ചേച്ചിയേ ആണ് ഇഷ്ട്ടം എങ്കിൽ പിന്നെന്തിനാ താൻ ഉള്ളിൽ കൊണ്ട് നടക്കുന്നെ... ഒരു നോട്ടം കൊണ്ട് പോലും തനിക്ക് പ്രതീക്ഷ തന്നിട്ടില്ല... താനാ മണ്ടി... തിരിച്ചും തന്നോട് ഇഷ്ട്ടം ആണെന്ന് കരുതി പൊട്ടിയെ പോലെ സ്നേഹിച്ചു... മറക്കാൻ കഴിയുമോ എനിക്ക്...?!ഉള്ളിന്റെ ഉള്ളിൽ കൊണ്ടല്ലേ നടക്കുന്നത്... അല്ലെങ്കിലും താനെന്തിന് മറക്കണം...മാഷിന്റെ പ്രണയം ആരോ ആയിക്കോട്ടെ... തന്റെ പ്രണയവും പ്രാണനും എന്നും ഒരാൾ മാത്രം ആയിരിക്കും..."മനസ്സുകൾ തമ്മിൽ വാക്വാദം നടത്തുമ്പോഴും കണ്ണുകൾ വല്ലാതെ പെയ്തു കൊണ്ടിരുന്നു... "നിലാ... ഡീ പെണ്ണേ നിലാ..."വാതിലിൽ ഉറക്കെയുള്ള മുട്ട് കേട്ടതും മുഖം അമർത്തി തുടച്ച് കൊണ്ടവൾ വാതിൽ തുറന്ന് വീണ്ടും ബെഡിൽ വന്ന് കിടന്നു... അകത്തേക്ക് വന്ന നിവ്യ അവൾക്ക് അരികിൽ വന്നിരുന്നു... "എന്താടി പെണ്ണെ ഈ സമയത്ത് ഒരു കിടത്തം പതിവില്ലാത്തത് ആണല്ലോ...

എന്തെങ്കിലും വയ്യായ്ക ഉണ്ടോ..."അവളുടെ മുടികളിൽ വിരലോടിച്ച് കൊണ്ട് നിവ്യ ചോദിച്ചതും നില അവളുടെ മടിയിൽ തല വെച്ച് വയറിൽ മുഖം അമർത്തി... "എടി നീ അറിഞ്ഞോ... ഇന്നേയ് നമ്മടെ കുട്ടേട്ടൻ(ഹർഷൻ) എന്നെ പെണ്ണ് കാണാൻ വന്നിരുന്നു... എനിക്കും ആളെ ഇഷ്ട്ടം ആയിരുന്നു... പക്ഷെ തിരിച്ച് എന്നേം ഇഷ്ട്ടം ആണെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല... അല്ലെങ്കിലും ആരാ ഏട്ടനെ ഇഷ്ടപ്പെടാതെ ഇരിക്കാ... ഇന്ന് വീട്ടിൽ വന്ന് പെണ്ണ് ചോദിച്ച് കയ്യിൽ വലയിട്ട് പോയപ്പോൾ എന്തോ ലോകം വെട്ടിപിടിച്ച സന്തോഷം ആയിരുന്നു നിക്ക്... നിനക്ക് സന്തോഷം ആയി കാണുമല്ലോലേ ഞാൻ പോവല്ലേ ഈ വീട്ടീന്ന്..."കളിയോടെ നിവ്യ പറഞ്ഞതും നിലയുടെ തേങ്ങൽ ഉയർന്ന് കേട്ടു... വെപ്രാളത്തോടെ നിവ്യ അവളുടെ മുഖം പൊന്തിച്ച് നോക്കിയതും കണ്ണുകൾ ചുവന്ന് വീർത്തിട്ടുണ്ട്... "എന്താ... എന്താ ന്റെ കുട്ടിക്ക് പറ്റിയെ...??"

നിവ്യയുടെ വാക്കുകളും ഇടറാൻ തുടങ്ങിയിരുന്നു... "അപ്പൊ ന്നേ വിട്ട് പൂവാലെ..?!" "ഓഹ് ഇതായിരുന്നു.. ഞാൻ പേടിച്ച് പോയി... അതിനെന്താടി ഇവിടുന്ന് രണ്ടടി നടന്നാൽ അങ്ങോട്ട്‌ എത്തില്ലേ... നിനക്ക് വേണ്ടപ്പോൾ അങ്ങ് വന്നാൽ പോരെ..."തന്റെ മാറോട് അവളെ ചേർത്ത് കൊണ്ട് നിവ്യ പറഞ്ഞതും സങ്കടം ചുണ്ടിൽ കടിച്ച് പിടിച്ച് അവൾ നിവ്യയുടെ നെഞ്ചിലേക്ക് ചാഞ്ഞു... ________♥ ചേച്ചിക്കും മാഷിനും തമ്മിൽ ഇഷ്ട്ടം ആണെങ്കിൽ പിന്നെന്തിനാ ഞാൻ മാഷിനെ ഉള്ളിൽ കൊണ്ട് നടക്കുന്നെ... മറക്കണം എല്ലാം... ഇനി അങ്ങനെയുള്ള ചിന്തകൾ ഒന്നും മനസ്സിൽ ഉണ്ടാവരുത്... ഏട്ടന്റെ സ്ഥാനത്ത് കാണേണ്ട ആളെ ഉള്ളിൽ കൊണ്ട് നടന്നാൽ അത് ഞാൻ ചേച്ചിയോട് ചെയ്യുന്ന വല്യ പാപം ആവും... അവർ തന്നെയാ ചേരേണ്ടതും...!? കോളേജിലേക്ക് പോവാൻ ബസ് സ്റ്റോപ്പിലേക്ക് ചെല്ലുമ്പോൾ മനസ്സിൽ ഓരോന്ന് കയറി കൂടി...

ഇന്ന് ചേച്ചി വൈകുന്നേരം തിരിക്കും സാധാരണ ചേച്ചി പോവല്ലേ ഞാൻ ഇന്ന് പോണില്ല എന്നും പറഞ്ഞ് വീട്ടിൽ ഇരിക്കാറാണ് പതിവെങ്കിലും ഇന്നെന്തോ കോളേജിലേക്ക് വരാൻ തോന്നി... ബസ് കാത്ത് നിൽക്കുമ്പോൾ മാഷിന്റെ ബുള്ളറ്റിന്റെ ശബ്ദം കേട്ടെങ്കിലും നിലത്തേക്ക് മിഴികൾ പായിച്ചു... മറക്കണം എല്ലാം... മറന്നേ തീരു...!! വീണ്ടും വീണ്ടും മനസ്സിനെ പറഞ്ഞ് പാകപ്പെടുത്തി കൊണ്ടിരുന്നു... ക്ലാസ്സ്‌ നടക്കുമ്പോൾ എല്ലാം ശ്രദ്ധ മറ്റെങ്ങോ ആയിരുന്നു... കണ്ണുകൾ ചതിക്കും എന്ന് തോന്നിയപ്പോൾ തലവേദന ആണെന്ന് പറഞ്ഞ് ലൈബ്രറിയിലേക്ക് ചെന്നു... അവിടുത്തെ ബെഞ്ചിൽ തല വെച്ച് സങ്കടം ഒന്ന് അടങ്ങുവോളം കരഞ്ഞു തീർത്തു... വൈകിട്ട് കോളേജ് കഴിഞ്ഞ് വീട്ടിലേക്ക് ചെല്ലുമ്പോൾ ആളും അനക്കവും ഒന്നും കേട്ടില്ല... അല്ലെങ്കിലും എന്നും ഇങ്ങനെ തന്നെയാണ്... ചേച്ചി ബാംഗ്ലൂരിൽ നിന്ന് വന്ന് തിരിച്ച് പോവുമ്പോൾ എല്ലാവർക്കും വല്ലാത്ത സങ്കടം ആണ്...

ഇതിപ്പോൾ അഞ്ചാമത്തെ കൊല്ലം ആണെങ്കിലും വല്ലാത്ത സങ്കടം തന്നെയാണ്... ഉള്ളിലേക്ക് കയറി നോക്കുമ്പോൾ അമ്മ ചേച്ചിക്ക് കൊടുത്തു വിടേണ്ട സാധങ്ങൾ ഒരുക്കുന്ന തിരക്കിൽ ആണ്... അച്ഛൻ കവലയിലേക്ക് പോയിരിക്കും... വല്ലതും വാങ്ങാൻ... നേരെ ചേച്ചിയുടെ മുറിയിലേക്ക് ചെന്നു... കണ്ണാടിക്ക് മുന്നിൽ നിന്ന് ഒരുങ്ങുന്ന നിവ്യയെ പിറകിൽ നിന്നും കെട്ടിപിടിച്ചു നില...തല തിരിച്ച് അവളെ ഒന്ന് നോക്കി കൊണ്ട് നിവ്യ കണ്ണെഴുതാൻ തുടങ്ങി... "ഇനി എന്നാടി ചേച്ചി പെണ്ണേ ലീവ്... നിനക്ക് ഇവിടെ തന്നെ പഠിച്ചൂടായിരുന്നോ... ചുമ്മാ ദൂരെ പോയി അച്ഛന്റെ കീശ കാലിയാക്കാൻ..." "ഓഹ് പിന്നെ പറയുന്ന ആള് പൈസ അനാവശ്യം ആയി ചിലവഴിക്കാറേ ഇല്ലല്ലോ...

ഞാനെ ബാംഗ്ലൂരിൽ പഠിക്കുന്ന ചിലവിന്റെ ഇരട്ടി പണം നീ ഇവിടെ ചിലവാക്കുന്നില്ലേ..." "ഓഹ് പിന്നെ വല്യ കാര്യായി... ഒന്ന് വേഗം പോവാൻ നോക്കെടി കുട്ടിപിശാചേ..."നിവ്യയുടെ തലക്ക് ഒരു കൊട്ടും കൊടുത്ത് നില മുറിയിൽ കയറി ഫ്രഷ് ആയി ഇറങ്ങി... അപ്പോഴേക്കും നിവ്യക്ക് പോവാൻ സമയം ആയിരുന്നു... സ്റ്റേഷൻ വരെ എല്ലാവരും കൊണ്ടുവിടാറാണ് പതിവ്... ഇന്ന് കൂടെ ഹർഷനും ഉണ്ടായിരുന്നു... സ്റ്റേഷനിലേക്ക് പോവുമ്പോൾ നില ഫോൺ എടുത്ത് അതിലേക്ക് ശ്രദ്ധ തിരിച്ചു... കണ്ണുകൾ കൊണ്ട് കിന്നാരം പറയുന്ന നിവ്യയെയും ഹർഷനെയും കണ്ടില്ലെന്ന് നടിച്ചു... നിവ്യ ട്രെയിനിൽ കയറാൻ നേരം ആരും കാണാതെ ഹർഷൻ അവളുടെ കവിളിൽ ചുണ്ട് ചേർക്കുന്നതും നാണം കൊണ്ട് കവിളുകൾ ചുവന്ന് തല താഴ്ത്തി നിൽക്കുന്ന നിവ്യയെയും കാൺകേ നിലയുടെ ഹൃദയം പൊട്ടിപിളരും പോലെ തോന്നി...

ഒഴുകി ഇറങ്ങിയ കണ്ണുനീരിനെ ആരും കാണാതെ ഒപ്പി എടുത്തു... തിരികെ വീട്ടിലേക്ക് ചെല്ലുമ്പോൾ ഹർഷൻ നിലായോടായി ഓരോന്ന് ചോദിക്കുന്നുണ്ടെങ്കിലും ഏറെ നേരം സംസാരിച്ചാൽ ജീവനേക്കാൾ ഏറെ എനിക്ക് ഇഷ്ട്ടം ആണെന്നും എന്നെ സ്വീകരിച്ചൂടെ എന്നും പരിസരം മറന്ന് ആ നെഞ്ചിൽ വീണ് താൻ ചോദിച്ച് പോവും എന്ന് കരുതി തല വേദനിക്കുന്നു എന്നും പറഞ്ഞ് കണ്ണുകൾ അടച്ചിരുന്നു... _________♥ പിറ്റേന്ന് ഒട്ടും ഉത്സാഹം ഇല്ലെങ്കിലും വീട്ടിൽ ഇരുന്നാൽ താൻ എന്തെങ്കിലും ചിന്തിച്ച് കൂട്ടും എന്ന് കരുതി നില കോളജിലേക്ക് തിരിച്ചു... ചിന്തകൾക്ക് മേൽ ബുദ്ധി പ്രവർത്തിക്കാൻ മടി കാണിച്ചത് കൊണ്ടാവാം ലൈബ്രറിയിൽ ചെന്നിരുന്ന് കരഞ്ഞ് അന്നത്തെ ദിവസവും കളഞ്ഞത്... കവലയിൽ ബസ് ഇറങ്ങി വീട്ടിലേക്കുള്ള വഴിയിലൂടെ നടക്കുകയായിരുന്നു നില...

മറ്റെങ്ങോ ശ്രദ്ധ ആയത് കൊണ്ട് തന്നെ മുന്നിൽ നിൽക്കുന്ന ആളെ അവൾ കണ്ടിരുന്നില്ല... ആരോ കയ്യിൽ പിടിച്ച് വലിച്ചപ്പോൾ ആണ് മിഴികൾ ഉയർത്തി ആളെ നോക്കിയത്... മുന്നിൽ തന്നെ നോക്കി വല്ലാത്തൊരു ചിരിയോടെ നിൽക്കുന്ന ആളെ കണ്ടതും ഉള്ളം കിടന്ന് വിറക്കാൻ തുടങ്ങി... അനന്തഭദ്രൻ...!!ചുണ്ടുകൾ ആളെ കണ്ടതും അറിയാതെ മൊഴിഞ്ഞ് പോയി... "ആഹാ അപ്പൊ എന്നെ മറന്നിട്ടില്ലല്ലേ നിലക്കുട്ടി..."കൊഞ്ചലോടെ അവൻ പറഞ്ഞതും അവന്റെ കൈകളെ തട്ടി മാറ്റി കൊണ്ട് അവൾ ദൃതിയിൽ മുന്നോട്ട് നടന്നു... അപ്പോഴേക്കും അവളുടെ ഇടുപ്പിൽ പിടിച്ച് തന്നിലേക്ക് കൂടുതൽ അടുപ്പിച്ച് കൊണ്ട് അനന്തൻ അവളെ ഇരുകൈകൾ കൊണ്ടും ചുറ്റിവരിഞ്ഞിരുന്നു... ആരും അധികം വരാത്ത പ്രദേശം ആയത് കൊണ്ട് തന്നെ നിലയുടെ ഹൃദയം വല്ലാതെ മിടിക്കാൻ തുടങ്ങി...ചുറ്റും ഒന്ന് കണ്ണോടിച്ച് കൊണ്ടവൾ അവനിലേക്ക് മിഴികൾ പായിച്ചു.......തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story