ഹൃദയസഖി: ഭാഗം 10

hridaya sagi shamseena

രചന: SHAMSEENA

തലയിലെ സ്റ്റിച്ചെല്ലാം എടുത്ത് കഴിഞ്ഞ് പിറ്റേന്ന് മുതൽ മാളു സച്ചുവിന്റെ കൂടെ കോളേജിൽ പോയി തുടങ്ങി.. ഈ ദിവസങ്ങളിലെല്ലാം ശിവ അവന്റെ പ്രണയം ഓരോ നോട്ടങ്ങളിലൂടെയും ചേർത്ത് നിർത്തലിലൂടെയും അവളിലേക്ക് എത്തിച്ചിരുന്നു.. ശിവ നോക്കുമ്പോൾ ആകെ പൂത്തുലഞ്ഞു നിൽക്കുന്ന മാളുവിനെ കണ്ട് സച്ചുവിന്റെ ഒരുപാട് ചോദ്യങ്ങൾ ഉയർന്നു.. അതിനുള്ള ഉത്തരം മാളു തന്നെ സ്വയം തന്നോട് പറയട്ടെ എന്നവൻ കരുതി.. "ഡാ സച്ചു നീയൊന്ന് ബൈക്ക് സൈഡ് ആക്കിക്കേ.. " വീട്ടിലേക്കുള്ള ജംഗ്ക്ഷനിൽ എത്തിയപ്പോൾ സച്ചുവിന്റെ തോളിലൊന്ന് തട്ടി മാളു പറഞ്ഞു.. "എന്താടി " "നീ സൈഡ് ആക്ക്‌ എനിക്കൊരു കാര്യം പറയാനുണ്ട് " മനസ്സിലുള്ള കാര്യം തന്റെ എല്ലാമെല്ലാമായ സച്ചുവിനോട് പറയാതിരുന്നിട്ട് അവളുടെ ഉള്ളം വിങ്ങുന്നുണ്ടായിരുന്നു.. സച്ചു ബൈക്ക് ഒരു കൂൾബാറിന്റെ മുന്നിലായി നിർത്തി.. മാളു അവനെയും കൂട്ടി കൂൾബാറിനുള്ളിലേക്ക് കയറി.. "രണ്ട് ലയിം " വെയ്റ്ററോട് വിളിച്ചു പറഞ്ഞു.. നിമിഷങ്ങൾക്കുള്ളിൽ ലൈയിം എത്തി..

ഒരു ഗ്ലാസ്‌ എടുത്ത് അവന്റെ അടുത്തേക്ക് നീക്കിവെച്ചു.. അവൻ ഭാവമേതുമില്ലാതെ എടുത്ത് കുടിച്ചു.. "ഈ കാടി വെള്ളം കുടിക്കാനാണോ നീ എന്നെ ഇവിടെ കൊണ്ടുവന്നേ" അവന്റെ ചോദ്യം കേട്ട് മാളു തുറിച്ചു നോക്കി.. "കാര്യം എന്താണെന്നു വേഗം പറ.. എന്നിട്ട് വേണം വീട്ടിൽ പോവാൻ.. അല്ലേൽ ആ രാക്ഷസൻ നിർത്തി പൊരിക്കും " സച്ചു വാച്ചിലേക്ക് നോക്കി ടേബിളിൽ താളം പിടിച്ചിരുന്നു... "എടാ.. ഞാനും.." മാളു പാതിയിൽ നിർത്തി.. "നീയും " സച്ചു പുരികം പൊക്കി ചോദിച്ചു.. "ഞാനും ശിവേട്ടനും ഇഷ്ടത്തിലാണെടാ... ശിവേട്ടൻ തന്നെയാ ഇങ്ങോട്ട് വന്നു പറഞ്ഞേ.. കുറച്ച് ദിവസമായി പറഞ്ഞിട്ട്.. നിന്നോട് പറഞ്ഞാൽ നിനക്ക് ദേഷ്യമാവുമോ എന്ന് വിചാരിച്ചാണ് പറയാതിരുന്നത്.. " മാളു ഒറ്റ ശ്വാസത്തിൽ പറഞ്ഞു നിർത്തി മുന്നിലിരുന്ന ലൈയിം ഒറ്റ വലിക്ക് കുടിച്ചു.. ഗ്ലാസ്‌ ടേബിളിൽ വെച്ച് അവൾ ഒളിക്കണ്ണാലെ സച്ചുവിനെ നോക്കി അവന്റെ പ്രതികരണം അറിയാൻ.. അവനൊന്നും മിണ്ടാതെ പുറത്തേക്കിറങ്ങിപ്പോയി.. ഇത്രയും ദിവസം അവനിൽ നിന്നും മറച്ചു വെച്ചതിനു അവൾക്ക് സ്വയം വെറുപ്പ് തോന്നി..താൻ പറയേണ്ടതായിരുന്നു.. ഇത്ര കാലത്തിനടക്ക് അവനിൽ നിന്ന് ഒന്നും മറച്ചു വെച്ചിട്ടില്ല..

പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും എല്ലാം ഷെയർ ചെയ്യുമായിരുന്നു.. അവൻ എന്നിൽ നിന്ന് ഒന്നും ഒളിക്കാറില്ല ഒരു ചെറിയ കാര്യം പോലും ആദ്യം വന്നു പറയുന്നത് തന്നോടായിരിക്കും... എന്നിട്ട് ഇപ്പൊ ഞാൻ അവനോട് ചെയ്തതോ.. സച്ചുവിന്റെ ബൈക്കിന്റെ ഹോൺ ആണ് ചിന്തകളിൽ നിന്ന് പുറത്ത് കൊണ്ടുവന്നത്.. ബാഗും എടുത്ത് ബില്ലും പേ ചെയ്ത് പുറത്തേക്കിറങ്ങി.. കടുത്ത മുഖത്തോടെ ബൈക്കിന്റെ ഹാൻഡിലിൽ പിടിച്ചു റൈസ് ചെയ്യുന്ന സച്ചുവിനെ കണ്ടപ്പോൾ ഒന്നും മിണ്ടാതെ ബൈക്കിനു പിറകിൽ കയറി.. **** മാളുവിനെ വീട്ട് മുറ്റത്ത് ഇറക്കികൊണ്ടവൻ പുറത്തേക്ക് പോയി... അവൻ പോവുന്നത് കണ്ടതും മാളുവിന്റെ മിഴികൾ നിറഞ്ഞു.. മിഴികൾ തുടച്ചുകൊണ്ടവൾ വീടിനകത്തേക്ക് കയറി.. "എന്താ വാവേ.. ഞാൻ ഇവിടെ ഇരിക്കുന്നത് കണ്ടില്ലേ.. എന്നിട്ടും എന്താ ഒന്നും മിണ്ടാതെ പോവുന്നേ " ശങ്കർ ചോദിച്ചു... "ഞാൻ ശ്രദ്ധിച്ചില്ല അച്ഛാ " അവളുടെ കലങ്ങിയ കണ്ണുകൾ കണ്ട് ശങ്കർ ഉമ്മറത്തു നിന്നും എഴുന്നേറ്റു.. "വാവേ.. എന്തിനാ ന്റെ കുട്ടീടെ കണ്ണ് നിറഞ്ഞിരിക്കുന്നേ " അരുമയോടെ അയാൾ അവളെ ചേർത്ത് പിടിച്ചു.. മാളു അച്ഛനെ ഇറുകെ പുണർന്നു നെഞ്ചിൽ തലചായ്ച്ചു..

"പറയെടാ.. ന്താ അച്ഛന്റെ പൊന്നിന് പറ്റിയെ " "ഒന്നുല്ല അച്ചേ..മിസ്സ്‌ വഴക്ക് പറഞ്ഞു.. അസ്സിഗ്മെൻറ് സബ്‌മിറ്റ് ചെയ്യാത്തതിന് " അഛനിൽ നിന്നകന്ന് കണ്ണുകൾ തുടച്ചു... അന്നേരം അങ്ങനെ പറയാനാണവൾക്ക് തോന്നിയത്.. അയ്യേ.. അതിനാണോ.. സാരല്ല പോട്ടെ.. "സച്ചുവിനോട് അച്ഛൻ പറയാം അസ്സിഗ്മെന്റ് ചെയ്യാൻ നിന്നെ ഹെല്പ് ചെയ്യാൻ.. അപ്പൊ ന്റെ കുട്ടിക്ക് നാളെ തന്നെ അസ്സിഗ്മെന്റ് സബ്‌മിറ്റ് ചെയ്യാലോ മോള് ചെന്ന് ഫ്രഷ് ആവ്.." സമ്മതപൂർവ്വം തലയാട്ടികൊണ്ട് അകത്തേക്ക് നടന്നു.. "അമ്മയെവിടെ അച്ഛാ " പോവുന്നതിനിടയിൽ ചോദിച്ചു.. "അടുക്കള ഭാഗത്ത്‌ ഉണ്ടാവും " "മ്മ് " ****** റൂമിൽ ചെന്ന് ഫ്രഷായി താഴേക്ക് തന്നെ വന്നു.. ഉമ്മറത്തിറങ്ങി സച്ചുവിന്റെ ബൈക്ക് അവിടെ ഉണ്ടോ എന്ന് നോക്കി.. അവിടെ കാണാഞ്ഞപ്പോൾ വീണ്ടും നിരാശയായി.. അടുക്കളയിൽ പോയി ചായയും എടുത്ത് കുടിച്ചു അതുവഴി തന്നെ ശിവയുടെ വീട്ടിലേക്ക് പോയി മാളു.. അടുക്കളയുടെ തിണ്ണയിൽ ഇരുന്ന് വർത്തമാനം പറയുന്നുണ്ട് അമ്മയും റുക്കുവമ്മയും.. "സച്ചു വന്നോ രുക്കുവമ്മേ " "ഇല്ല.. നിങ്ങൾ ഒരുമിച്ചാല്ലേ വന്നേ " "ആ.. എന്നെ ഇവിടെ വിട്ടിട്ട് അവനെങ്ങോട്ടോ പോയി " അവളും അവരുടെ കൂടെ ഇരുന്നു... രുക്കുവമ്മയുടെ മടിയിലേക്ക് തലചായ്ച്ചു..

"രണ്ടാളും അടിയുണ്ടാക്കിയോ " അമ്മ സംശയദൃഷ്ടിയോടെ ചോദിച്ചു... "ഞങ്ങളൊന്നും അടിയിട്ടില്ല 😏" "അത് ആ മുഖം കണ്ടാലും പറയും " "ഒന്ന് പോയേ അമ്മേ " അമ്മയോട് ദേഷ്യത്തിൽ പറഞ്ഞു അവിടെ നിന്നെഴുന്നേൽക്കാൻ തുടങ്ങിയതും സച്ചുവിന്റെ ബൈക്കിന്റെ ശബ്ദം കേട്ടു... "അമ്മേ " ശിവേട്ടനായിരുന്നു അത്.. സച്ചുവല്ലേ വന്നത്... അവൾ ചിന്തിച്ചുകൊണ്ട് അകത്തേക്ക് എത്തി നോക്കി.. ആ സമയം ശിവ അടുക്കള വാതിൽ കടന്ന് അവിടേക്കെത്തി.. "ഹാ നീയും ഉണ്ടായിരുന്നോ ഇവിടെ.. " മാളുവിനെ കണ്ടതും ശിവ ചോദിച്ചു.. അതിനവൾ തിരികെ മറുപടിയായി ചിരിച്ചു.. "സച്ചു എവിടെ ശിവാ " "അവൻ ലേറ്റ് ആകും... വർക്ക്‌ ഷോപ്പിലാ.. എന്റെ കാർ സെർവീസിന് കൊടുത്തിട്ടുണ്ട് അതും കൊണ്ടേ വരൂ.. " പറയുന്നതിനൊപ്പം ശിവ ഷർട്ടിന്റെ ബട്ടൺ അഴിച്ചു ഷർട്ട്‌ ഊരി റുക്കുവമ്മയുടെ തോളിലേക്കിട്ടു കൊടുത്തു.... അവന്റെ വിയർപ്പും പെർഫ്യൂംമും ഇടകലർന്നുള്ള ഗന്ധം മാളുവിന്റെ നാസികയിലേക്ക് കയറി.. അവൾ കണ്ണുകളടച്ചു അത് ഉള്ളിലേക്ക് വലിച്ചു..

"ഞാൻ കുളിച്ചിട്ട് വരാം അപ്പോഴേക്കും അമ്മ ചായ എടുക്ക് " അഴയിൽ കിടന്നിരുന്ന തോർത്തെടുത്തു അടുക്കള വാതിലിലൂടെ തന്നെ ശിവ പുറത്തേക്കിറങ്ങി.. ഇറങ്ങുന്നതിനിടയിൽ മാളു തലയുയർത്തി നോക്കിയതും കണ്ണുകൾ കൊണ്ട് വരാൻ പറഞ്ഞിട്ടവൻ പോയി.. തൊടിയിൽ ഒരു കുഞ്ഞു കുളം ഉണ്ട് അവിടെക്കാണ് ശിവേട്ടൻ പോവുന്നത്.. എന്നും ജോലി കഴിഞ്ഞ് വന്നാൽ അവിടെ പോയി ഒരു കുളി പതിവുള്ളതാണ്.. ആദ്യമൊക്കെ ഞാനും ലച്ചുവേച്ചിയും എല്ലാം പോയി കുളിച്ചിരുന്നു.. മുതിർന്നപ്പോൾ അമ്മ അതിന് സമ്മതിക്കാറില്ല.. പഠിക്കാനുണ്ടെന്നും പറഞ്ഞു അവരുടെ അടുത്ത് നിന്നും മുങ്ങി.. തൊടിയിലേക്കിറങ്ങി കുളം ലക്ഷ്യം വെച്ച് നടന്നു.. തൊടിയുടെ അങ്ങേ തലക്കലാണ് കുളം സ്ഥിതി ചെയ്യുന്നത്.... കുളത്തിന് ചുറ്റും ഉയർന്ന മതിൽ കെട്ടിയിട്ടുണ്ട്... അതിനോട് ചേർന്ന് ഒരു മറപ്പുരയും.. നിറയെ പടികൾ ഇറങ്ങി വേണം കുളത്തിലേക്കെത്താൻ.. പാവാട തുമ്പുയർത്തി പടികൾ ഓരോന്നായി ഇറങ്ങി.. തന്നെ കാത്തെന്ന പോലെ അവസാനത്തെ പടിയിന്മേൽ ശിവേട്ടൻ ഇരിക്കുന്നുണ്ടായിരുന്നു പാദസാര കിലുക്കം കേട്ടതും ശിവ തിരിഞ്ഞു നോക്കി.. അവളും അവനു മുകളിലുള്ള പടിയിലായി ഇരുന്നു... അവൻ എഴുന്നേറ്റ് മുണ്ടുമാറി തോർത്തുടുത്ത് കുളത്തിലേക്ക് ചാടി.. പെട്ടന്ന് തന്നെ ഒന്ന് മുങ്ങി നിവർന്നു.. വെള്ളം മുഖത്തേക്ക് തെറിച്ചപ്പോൾ മാളു അവനെ കൂർപ്പിച്ചു നോക്കി... അവൻ കുസൃതിയോടെ ചിരിച്ചുകൊണ്ട് കുളത്തിൽ നീന്തി തുടിക്കാൻ തുടങ്ങി... അവളും നേർത്തൊരു ചിരിയോടെ അവനെ തന്നെ നോക്കിയിരുന്നു........ തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story