ഹൃദയസഖി: ഭാഗം 18

hridaya sagi shamseena

രചന: SHAMSEENA

"ഞങ്ങളുടെ വരവ് ലച്ചുവിനെ കാണാൻ വേണ്ടി മാത്രമല്ല അതിനു പിന്നിൽ വേറൊരു കാര്യം കൂടി ഉണ്ടെന്ന് കൂട്ടിക്കോളൂ.." അയാൾ അങ്ങനെ പറഞ്ഞപ്പോൾ എല്ലാവരും മുഖത്തോട് മുഖം നോക്കി..മാളുവിന്റെ ഉള്ളിൽ എന്തിനെന്നറിയാത്ത വെപ്രാളം ഉടലെടുത്തു.. "ശിവക്ക് വേണ്ടി ആശ്വതിയെ ആലോചിക്കാൻ കൂടിയാണ് ഈ വരവ്... ഞാൻ ഇന്നലെ ദാസനെ വിളിച്ചു സംസാരിച്ചിരുന്നു.. അദ്ദേഹത്തിന് എതിർപ്പൊന്നും ഇല്ല.. നിങ്ങൾക്കും എതിർപ്പുണ്ടാവില്ല എന്നാണ് എന്റെ വിശ്വാസം.." ദേവിയും റുക്കുവും പരസ്പരം നോക്കി ചിരിച്ചു.. "ഞങ്ങൾക്കും സന്തോഷമേ ഉള്ളൂ.. എന്നാലും ശിവയോട് ചോദിക്കാതെ എങ്ങനെയാ.. " രുക്കുവമ്മ അവരോടായി പറഞ്ഞു.. "തിരക്കൊന്നും ഇല്ല...മോനോട് ചോദിച്ചിട്ട് നാളെ വിവരം പറഞ്ഞാൽ മതി.. എന്നാൽ ഞങ്ങളിറങ്ങുന്നു.. ഇപ്പൊ തന്നെ ഒത്തിരി വൈകി.." സന്തോഷത്തോടെ എല്ലാവരും അവരെ യാത്രയാക്കി... അവർ പോയതും മാളു സച്ചുവിനേയും വലിച്ചു റൂമിൽ കയറി... "എടാ ഇനിയിപ്പോ എന്ത് ചെയ്യും.. ഇതാകെ കൈ വിട്ട് പോകുമല്ലോ.." "നീ പേടിക്കാതെടി.. ശിവേട്ടൻ എന്തെങ്കിലും ഒരു വഴി കാണാതിരിക്കില്ല.. ഞാനല്ലേ പറയുന്നേ,, ശിവേട്ടൻ നിന്റെ മാത്രമായിരിക്കും..." "നമുക്ക് ശിവേട്ടനെ വിളിച്ചു പറഞ്ഞാലോ ഈ വിവരം... "

"അത് വേണ്ടാ.. ഇവിടുള്ളവർ പറഞ്ഞു അറിയട്ടെ.. അപ്പോഴേ ആ സമയത്ത് ഏട്ടന് പ്രതികരിക്കാൻ പറ്റൂ.." "ഇനിയിപ്പോ വീട്ടിലുള്ളവർ ഞങ്ങളുടെ ബന്ധത്തെ എതിർത്താൽ.. " "അങ്ങനെയൊന്നും ഉണ്ടാവില്ല നീ ടെൻഷൻ ആവാതെ.. " അപ്പോഴാണ് ശിവയുടെ കാർ ഗേറ്റ് കടന്നു വരുന്നത് കണ്ടത്...മാളുവും സച്ചുവും മുറിവിട്ട് പുറത്തേക്കിറങ്ങി... ശിവ വീട്ടിനുള്ളിലേക്ക് കയറി.. അമ്മയെ വിളിച്ചു നോക്കിയെങ്കിലും അവരെ അവിടെയൊന്നും കാണാതെ വന്നപ്പോൾ അവൻ ബാഗ് അവിടെ വെച്ച് മാളുവിന്റെ വീട്ടിലേക്ക് ചെന്നു.. അവിടേക്ക് കയറിയതേ കണ്ടു വീർത്തു കെട്ടിയ മുഖവുമായി ഇരിക്കുന്ന മാളുവിനെ...ശിവ അവൾക്ക് എന്താണ് പറ്റിയതെന്ന് സച്ചുവിനോട് കണ്ണുകൊണ്ട് ചോദിച്ചു..സച്ചു ഒന്നുമില്ലെന്ന് തലയനക്കി.. "ശിവേട്ടനിതെപ്പോ വന്നു... കൈ കഴുകിയിട്ടു വാ ഞാൻ ചായ എടുക്കാം.. " അങ്ങോട്ടേക്ക് വന്ന ലച്ചു പറഞ്ഞു.. "വേണ്ട ലച്ചു.. മാളു എടുത്ത് തന്നോളും. നീ അവിടെ പോയിരുന്നോ.. " പറഞ്ഞുകൊണ്ട് ശിവ മാളുവിനെ നോക്കി.. എന്നാലവൾ അവനെ നോക്കാതെ അടുക്കളയിലേക്ക് പോയി ചായ കൊണ്ടുവന്നു കൊടുത്തു... ചായ കുടിക്കുമ്പോഴെല്ലാം ശിവ മാളുവിനെ തന്നെ ശ്രദ്ധിക്കുകയായിരുന്നു.. "ഈ പെണ്ണിനിതെന്തു പറ്റി..

ഓരോ നേരത്ത് ഓരോ സ്വഭാവമാ.. " ശിവ പിറുപിറുത്തു.. "ശിവേട്ടൻ എന്തെങ്കിലും പറഞ്ഞോ.. " "ഞാൻ ഒന്നും പറഞ്ഞില്ല ലച്ചു..അഭി വിളിച്ചിരുന്നോ.." "ഇല്ല.. മെസ്സേജ് അയച്ചിരുന്നു.. കുട്ടികളേയും കൊണ്ട് സ്പോർട്സിന് പോയിരിക്കുവാണെന്ന് പറഞ്ഞു.. പിന്നെ ഇന്നിവിടെ അഭിയേട്ടന്റെ വീട്ടുകാർ വന്നിരുന്നു.. ശിവേട്ടനുള്ള പൂട്ടുമായിട്ടാണ് വന്നിരിക്കുന്നത്.." "എനിക്കോ.. " ലച്ചു കളിയായി പറഞ്ഞപ്പോൾ ശിവ മനസ്സിലാവാത്തത് പോലെ ചോദിച്ചു.. "മ്മ് ശിവേട്ടന് തന്നെ.. എന്തായാലും ഞാൻ ആയിട്ട് സർപ്രൈസ് പൊളിക്കുന്നില്ല..ശിവേട്ടൻ വഴിയേ അറിഞ്ഞോളും..." ലച്ചു പറഞ്ഞുകൊണ്ടിരുന്നതും മാളു ദേഷ്യത്തോടെ അവിടെ നിന്നും എഴുന്നേറ്റ് പോയി.. കാര്യം മനസ്സിലായ ശിവ മാളു പോയ വഴിയേ നോക്കി ചിരിയടക്കി.. ആ സമയത്താണ് അവന്റെ ഫോണിലേക്ക് അറിയാത്തൊരു നമ്പറിൽ നിന്ന് ഫോൺ വന്നു.. ആദ്യം ശിവ അവിടെ ഇരുന്ന് തന്നെ സംസാരിച്ചെങ്കിലും പിന്നീട് ആരോടും ഒന്നും പറയാതെ കാറും എടുത്ത് പുറത്തേക്ക് പോയി.. സച്ചു വാലിന് തീപിടിച്ചത് പോലുള്ള അവന്റെ പോക്ക് കണ്ട് ഒന്നും മനസ്സിലാവാതെ നിന്നു..

**** രാത്രി എല്ലാവരും കൂടി ഉമ്മരിത്തിരിക്കുമ്പോഴാണ് ദാസൻ വിവാഹകാര്യം എല്ലാവരോടുമായി പറഞ്ഞത്.. എല്ലാവരും ശിവയെ തന്നെ ഉറ്റുനോക്കി മറുപടിക്കായി.. മാളു അവനെന്തായിരിക്കും പറയാൻ പോവുന്നതെന്നറിയാതെ സച്ചുവിന്റെ കയ്യിൽ മുറുകെ പിടിച്ചു കണ്ണുകൾ ഇറുകെ അടച്ചു.. സച്ചുവിനും മനസ്സിലാവുന്നുണ്ടായിരുന്നു അവളുടെ ഉള്ളിലെ സംഘർഷം.. "അശ്വതിയെ വിവാഹം കഴിക്കാൻ എനിക്ക് സമ്മതമാണ്.." മാളുവും സച്ചുവും ഞെട്ടി.. അടച്ചു പിടിച്ചിരുന്ന കണ്ണുകൾ മാളു വലിച്ചു തുറന്നു,, ശിവയുടെ മുഖത്തേക്ക് പകപ്പോടെ നോക്കിയപ്പോൾ അവനിൽ യാതൊരു തരത്തിലുള്ള ഭാവവ്യത്യാസവും ഉണ്ടായിരുന്നില്ല..മാളുവിന്റെ മിഴികോണിൽ നിന്നും ഒരു തുള്ളിയടർന്ന് സച്ചുവിന്റെ കൈകളിലേക്ക് വീണു.. തന്റെ മുന്നിൽ തകർന്നടിഞ്ഞിരിക്കുന്ന മാളുവിനെ കണ്ടവന്റെ നെഞ്ച് നീറി... "നീയൊന്ന് വന്നേ ശിവാ.. " നിസ്സഹായതയോടെ ഇരിക്കുന്ന മാളുവിനെ കണ്ട് വല്ല്യമ്മാവൻ ശിവയേയും വിളിച്ചു കുറച്ചപ്പുറത്തേക്ക് മാറിനിന്നു.. അവരെന്തായിരിക്കും പറയുന്നതെന്നറിയാൻ സച്ചു ചെവി വട്ടം പിടിച്ചെങ്കിലും ഒന്നും വ്യക്തമായി കേട്ടില്ല.. ഇരുവരും സീരിയസ് ആയ എന്തോ ആണ് പറയുന്നതെന്ന് ഇരുവരുടേയും മുഖഭാവത്തിൽ നിന്നും വ്യക്തമായി..

കുറച്ച് നിമിഷങ്ങൾക്കകം വല്ല്യമ്മാവനും ശിവയും വന്നു.. "ആർക്കും എതിർഅഭിപ്രായം ഒന്നും ഇല്ലെങ്കിൽ ഞായറാഴ്ച അവരോട് പെണ്ണ് കാണാനായി അവിടേക്ക് വരുന്നുണ്ടെന്ന് പറഞ്ഞേക്കൂ ദാസാ.. " വല്യമ്മാവൻ എല്ലാവരോടുമായി പറഞ്ഞതും സച്ചു അതിനെതിരെ എതിർക്കാൻ വേണ്ടി നിന്നതും മാളു അവനോട് അപേക്ഷസ്വരത്തിൽ വേണ്ടെന്ന് പറഞ്ഞു.. സച്ചു നുരഞ്ഞു പൊന്തിയ ദേഷ്യത്തോടെ മാളുവിനേയും കൂട്ടി അവിടെ നിന്നും എണീറ്റ് പോയി.. പോവുന്ന പോക്കിൽ ശിവയെ കടുപ്പിച്ചു നോക്കി.. എന്നാൽ ശിവയത് മൈന്റ് പോലും ചെയ്യാതെ ലച്ചുവിനോട് സംസാരിച്ചിരുന്നു.. മറ്റുള്ളവർ കല്യാണ ചർച്ചകളിൽ മുഴുകി... ഇതൊന്നും കേൾക്കാൻ കഴിയാതെ മാളു സച്ചുവിന്റെ പിടിവിട്ട് മുറിയിലേക്ക് ഓടി.. ***** മുറിയിലെത്തിയതും പൊട്ടികരഞ്ഞുകൊണ്ട് മാളു ബെഡിലേക്ക് വീണു.. "ഇതിനാണോ എന്നെ മോഹിപ്പിച്ചേ.. ഇങ്ങനെ പാതി വഴിയിൽ ഉപേക്ഷിക്കാൻ.. അത്രക്ക് ഇഷ്ടമേ എന്നോട് ഉണ്ടായിരുന്നുള്ളൂ .. എന്തിനാ എന്നോടിത് ചെയ്തത്..." എങ്ങലടികൾക്കിടയിലും അവൾ പതം പറഞ്ഞു കൊണ്ടിരുന്നു.. "മാളു.. " സച്ചു അവളുടെ അരികിൽ വന്നിരുന്നു.. "സച്ചൂ..... നീ.. കേട്ടില്ലെടാ.. ശിവേട്ടൻ പറഞ്ഞത്... എന്നെ വേണ്ടാന്ന്.. അവളെ വിവാഹം.. കഴിക്കാൻ ..

സമ്മതമാണെന്ന്.. ഇതിനായിരുന്നോ... എന്നോട്.. പ്രണയമാണെന്ന്.. പറഞ്ഞു.. നാടകം.. കളിച്ചത്.. ഇനി എനിക്ക്.. ജീവിക്കേണ്ട... സച്ചൂ.." വിങ്ങി വിങ്ങി അവൾ പറഞ്ഞു കൊണ്ടിരുന്നു.. "കരയാതെടാ മാളൂസേ.. നിന്നെ ശിവേട്ടൻ അർഹിക്കുന്നില്ല.. അത് അയാൾക്ക് ഒരിക്കൽ മനസ്സിലാവും.. കരയാതെടാ.. എണീറ്റെ.. മറ്റുള്ളവർക്ക് സംശയമാകും.." "എനിക്ക് സഹിക്കാൻ കഴിയുന്നില്ല സച്ചു.. ന്തിനാ എന്നോട് ഇങ്ങനൊരു ചതി ചെയ്തത്..എനിക്കറിയണം അത്.." ഒരു ഭ്രാന്തിയെ പോലെ മാളു ബെഡിൽ നിന്നും എഴുന്നേറ്റ് അഴിഞ്ഞുലഞ്ഞ മുടി വാരികെട്ടി പുറത്തേക്കോടാനായി തുനിഞ്ഞു.. "നീയിതെന്ത് ഭ്രാന്താണ് കാണിക്കുന്നത് മാളു...താഴെ എല്ലാവരും ഉണ്ട്.. ഇപ്പോൾ എല്ലാവരും ഇതറിഞ്ഞാൽ നമ്മുടെ കുടുംബം തന്നെ തകരും.. അത് കാണണോ നിനക്ക്. പറ.." സച്ചു അവളുടെ ഇരു തോളിലും പിടിച്ചു കുലുക്കി ചോദിച്ചു.. "എനിക്കറിയില്ല സച്ചു.. എനിക്ക് ഒന്നും അറിയില്ല.. ശിവേട്ടൻ വേറൊരു പെണ്ണിന്റെ കഴുത്തിൽ താലി ചാർത്തുന്നത് എനിക്ക് സങ്കൽപ്പിക്കാൻ പോലും കഴിയുന്നില്ല... എന്റെ മനസ്സിങ്ങനെ വിങ്ങുവാ.."

ഇരു കൈകളും തലയിൽ താങ്ങിക്കൊണ്ട് മാളു ബെഡിലേക്കിരുന്നു.. സച്ചുവിനും അവളെ എന്ത് പറഞ്ഞൂ സമാധാനിപ്പിക്കണം എന്ന് അറിയില്ലായിരുന്നു.. അവളുടെ തലയിലൊന്ന് തഴുകി അവൻ മുറിവിട്ടിറങ്ങി.. **** പിറ്റേന്ന് കരഞ്ഞു വിങ്ങിയ മുഖവുമായി കോളേജിലേക്ക് പോവാൻ റെഡിയായി വരുന്ന മാളുവിനെ കണ്ട് വല്യമ്മാമയുടെ ഉള്ള് പിടഞ്ഞു.. ഇത്രയും പ്രായത്തിനിടക്ക് ഒരിക്കൽ പോലും അവളെയിങ്ങനെ കണ്ടിട്ടില്ല.. അവളെ നോക്കാൻ കഴിയാതെ അയാൾ മുറിയിലേക്ക് പോയി.. മാളു സച്ചുവിന്റെ കൂടെ കോളേജിലേക്ക് പുറപ്പെട്ടു...കോളേജിൽ എത്തുന്നവരെ കലപില കൂട്ടി ചെവിതല കേൾപ്പിക്കാതിരിക്കുന്ന മാളുവിന്റെ മൗനം സച്ചുവിനെ വീർപ്പുമുട്ടിച്ചു.. കോളേജിൽ എത്തിയിട്ടും ഇത് തന്നെയായിരുന്നു അവസ്ഥ.. ആരോടും മിണ്ടാതെ ഒരു മൂലയിൽ ഒഴിഞ്ഞു മാറിയിരുന്നു.. ക്ലാസ്സിൽ ശ്രദ്ധിക്കാതെ ഇരുന്നതിന് മിസ്സിന്റെ കയ്യിൽ നിന്നും പലതവണ മാളുവിന് വഴക്ക് കേട്ടു.. മാളുവിന് എന്ത് പറ്റിയെന്ന് ചിത്ര സച്ചുവിനോട് ചോദിച്ചു.. അവൻ ഇന്നലെ നടന്നതെല്ലാം അവളോട് പറഞ്ഞു...

ചിത്ര മാളുവിന്റെ അടുത്ത് പോയി അവളുടെ മൂഡ് മാറ്റാൻ ശ്രമിച്ചെങ്കിലും എല്ലാം വിഫലമായി.. ചിത്രയും രേഖയും അവളെ തനിച്ചു വിടാതെ കൂടെ തന്നെ നിന്നു.. സച്ചുവിന് അവളുടെ അവസ്ഥ കണ്ടിരിക്കാൻ കഴിയുന്നില്ലായിരുന്നു.. അവൻ അവളിൽ അകന്നു മാറി ഇരുന്നു.. അവന്റെ ഉള്ളിൽ ശിവയോടുള്ള ദേഷ്യം ആളിക്കത്തി.. നാളെയാണ് ശിവയുടെ പെണ്ണ് കാണൽ.. എല്ലാവരും ഡ്രസ്സ്‌ എടുക്കാൻ പോകാൻ തയ്യാറായി നിന്നു.. മാളു തലവേദനയാണെന്ന് പറഞ്ഞു ഒഴിഞ്ഞു മാറി. സച്ചു ഒരു ഫ്രണ്ടിനെ കാണാൻ ഉണ്ടെന്നും പറഞ്ഞു പുറത്തേക്കും പോയി.. ആ നേരത്തൊന്നും മാളു ശിവയെ ശ്രദ്ധിച്ചു പോലുമില്ല.. ശിവതന്നെ മാളുവിനും സച്ചുവിനും വേണ്ട ഡ്രസ്സ്‌ എടുത്ത് കൊണ്ടുവന്നു.. എന്നാൽ മാളു അവൻ കൊണ്ടുവന്ന ഡ്രസ്സ്‌ ധരിക്കാതെ വേറെ ഒരെണ്ണം എടുത്തിട്ട് പെണ്ണ് കാണാൻ പോകാൻ റെഡിയായി.. രാവിലെ പതിനൊന്നു മണിയോടെ അവരെല്ലാം അശ്വതിയുടെ വീട്ടിലെത്തി........ തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story