ഹൃദയം: ഭാഗം 10

hridayam mulla

രചന: മുല്ല

തമ്മിൽ പുൽകി എത്ര നേരം ഇരുന്നെന്ന് അറിയില്ല....

ഗൗതമിന്റെ ഹൃദയതാളം കേട്ട് കിടക്കുമ്പോൾ യദു നൽകിയ വേദനകൾ മറന്നു പോയിരുന്നു.... അരുതെന്ന് മനസ്സ് വിലക്കുമ്പോഴും ഗൗതമിൽ നിന്നും അകന്നു മാറാനും തോന്നുന്നില്ല....


മഴയൊന്നു കുറഞ്ഞതും ഗൗതം പതിയെ വിട്ടകന്നു.... പിടച്ചിലോടെ വിൻഡോ സൈഡിലേക്ക് നീങ്ങി ഇരുന്നു പുറത്തേക്ക് നോക്കി ഇരുന്നു അവൾ.... നാണം കൊണ്ടോ പേടി കൊണ്ടോ അവനെ നോക്കാൻ കഴിഞ്ഞില്ല.....

ഗൗതമിന്റെ ചുണ്ടിലും അത്‌ വരെ ഇല്ലാതിരുന്ന ഒരു പുഞ്ചിരി ഉണ്ടായിരുന്നു.....

അപ്പോഴും വീടെത്തും വരെ ഒരക്ഷരം പോലും ഇരുവരും ഉരിയാടിയില്ല....


സ്ഥലം എത്തി ദീപു ഇറങ്ങാൻ തുടങ്ങിയതും ഗൗതം അവളുടെ കയ്യിൽ പിടിച്ചു.... അവളുടെ മനസ്സൊന്നു പിടച്ചു പോയി... ഇത് വരെ ഇല്ലാത്തത് പോലെ...


"നാളെ ഞാൻ വീട്ടിലേക്ക് പോകുന്നുണ്ട്.... താനും വായോ.... അമ്മയൊക്കെ തന്നെ കാണണമെന്ന് പറയുന്നുണ്ടായിരുന്നു...."


അവളുടെ കണ്ണുകൾ വിടർന്നു.... രണ്ടാമതൊന്നു ആലോചിക്കാതെ സന്തോഷത്തോടെ തല ചലിപ്പിച്ചു സമ്മതം അറിയിച്ചു അവൾ.... ഗൗതമിന്റെ മുഖത്ത് പുഞ്ചിരി വിരിഞ്ഞു....


"രണ്ടാഴ്ചക്ക് ലീവ് പറഞ്ഞേക്ക്.... നമ്മള് അപ്പോഴേ പോരൂ....."


അത്ഭുതം കൊണ്ട് ദീപുവിന്റെ കണ്ണുകൾ വീണ്ടും വിടർന്നു പോയി ...


"സത്യം....."


മ്.... "സത്യം....."


"Thank you......"


അവനെ നോക്കി പുഞ്ചിരിയോടെ പറയെ കണ്ണുകൾ നിറഞ്ഞു....


"ഇനി ഈ കണ്ണു നിറയുന്നത് ഞാൻ കാണാൻ പാടില്ല ദീപിക....."


അവന്റെ മുഖം ഗൗരവത്തിൽ ആയതും ചുണ്ടൊന്ന് കൂർപ്പിച്ചു ഇല്ലെന്ന് തലയാട്ടി കണ്ണുകൾ തുടച്ചു അവൾ....


"അപ്പൊ നാളെ വൈകീട്ട് റെഡി ആയി ഇരിക്കണം.... വിളിക്കാൻ വരാം ഞാൻ...."


മ്......


"വേറൊന്നും ആലോചിക്കണ്ട... നാളെ അങ്ങോട്ട് പോകുന്നത് മാത്രം ഓർത്താൽ മതി...."

"Ok.. ഗൗതം...."


തലയൊന്ന് അനക്കി യാത്ര പറഞ്ഞു കൊണ്ട് ഇറങ്ങി... തലയൊന്ന് അനക്കി ഗൗതം യാത്ര പറഞ്ഞു... ഗൗതമിന്റെ കാർ അകന്നു പോകുന്നത് നോക്കി നിന്നു ദീപു..... മനസ് നിറയെ പ്രതീക്ഷ മുള പൊട്ടിയിരിക്കുന്നു.... എന്തൊക്കെയോ വീണ്ടും കൊതിക്കുന്ന പോലെ.... എല്ലാവരെയും തനിക്ക് കിട്ടാൻ പോകുന്ന സന്തോഷം.... അവരുടെയെല്ലാം സ്നേഹം അനുഭവിക്കാൻ പോകുന്ന സന്തോഷം.....

അകത്തേക്ക് കയറുമ്പോൾ ഗ്രേസി ആന്റിയുടെ തുറിച്ചു നോട്ടം കണ്ടെങ്കിലും ശ്രദ്ധിച്ചില്ല...


അന്ന് രാത്രിയിൽ യദുവിന്റെ ഓർമകളെ മനപ്പൂർവം പൂർണമായും മറന്നു കൊണ്ട് നാളെ ഗൗതമിന്റെ വീട്ടിലേക്ക് പോകാൻ ഉള്ള തയ്യാറെടുപ്പിൽ ആയിരുന്നു അവളുടെ മനസ്സ്... അപ്പോഴും ഗൗതം ഇന്ന് പറഞ്ഞതും ചെയ്തതും ആയ കാര്യങ്ങൾ അവളുടെ മനസ്സിൽ തങ്ങി നിന്നു...

എന്തിനായിരുന്നു തന്നോട് യദുവിനു വാശി.... ഗൗതം എന്തിനാ തന്നെ കെട്ടിപ്പിടിച്ചത്... സഹതാപം കൊണ്ടാണോ.... അതോ ഇനി ഗൗതമിന് ഇഷ്ട്ടാണോ തന്നെ..... പക്ഷെ താനും അവനെ പുണർന്നു നിന്നില്ലേ... ബീച്ചിൽ വെച്ചും കാറിൽ വെച്ചും... അപ്പൊ താനും അവനെ സ്നേഹിക്കുന്നുണ്ടോ..... ഒരിക്കൽ പോലും അവനിൽ നിന്നും അകന്നു നിൽക്കാൻ തനിക്ക് തോന്നിയില്ലല്ലോ.....


കഴിഞ്ഞ് പോയത് ഓരോന്നും ഓർക്കേ എന്തിനെന്നറിയാതെ അവളുടെ കവിളുകളിൽ ചുവപ്പ് രാശി പടർന്നു....


പിറ്റേന്ന് നല്ല ഉത്സാഹത്തിൽ ആയിരുന്നു ദീപു.... രണ്ടാഴ്ചക്ക് വേണ്ടതൊക്കെ എടുത്തു വെച്ചിരുന്നു.... ഓഫീസിൽ എത്തി ലീവിന് അപ്ലൈ ചെയ്തതും ചോദ്യങ്ങൾ ഉണ്ടായി... നാട്ടിൽ പോകുകയാണ് എന്ന് മാത്രേ പറഞ്ഞുള്ളൂ..... തിരികെ റൂമിലേക്ക് പോരുമ്പോൾ മനസ്സ് ഒരു കുട്ടിയെ പോലെ തുള്ളിച്ചാടുന്നുണ്ടായിരുന്നു....


അകലെ നിന്ന് ഗൗതമിന്റെ കാർ വരുന്നത് കണ്ടതും റൂം പൂട്ടി കീ ആന്റിയുടെ കയ്യിൽ കൊടുത്തു.....


"ഞാൻ രണ്ടാഴ്ച കഴിഞ്ഞേ വരുവോള്ളൂ ആന്റി...."


താൻ അത്‌ പറഞ്ഞപ്പോൾ അവരുടെ മുഖം വല്ലാതെ ചുളിഞ്ഞിരുന്നു.....
അത്‌ കാര്യമാക്കാതെ ബാഗ് എടുത്തു പുറത്തേക്ക് ഇറങ്ങി... ഗേറ്റ് തുറന്നു അകത്തേക്കു വന്നു കൊണ്ട് ഗൗതം ഒരു പുഞ്ചിരിയോടെ അവളുടെ ബാഗ് വാങ്ങി കയ്യിൽ പിടിച്ചു മുന്നോട്ട് നടന്നു.....


അത്ഭുതത്തോടെ അവനെ നോക്കി നിന്നു പോയി അവൾ....

"വരുന്നില്ലേ......."

ബാഗ് ഡിക്കിയിലേക്ക് വെച്ച് തല ചെരിച്ചൊന്ന് നോക്കി അവൻ പറഞ്ഞതും പുഞ്ചിരിയോടെ ചെന്നു കാറിൽ കേറി..... അവൻ ഡ്രൈവിംഗ് സീറ്റിലേക്ക് കയറിയതും  അവനെ നോക്കി ഇരുന്നു.... ഇന്നലെ പറഞ്ഞതിന്റെ ഉത്തരം കിട്ടാൻ എന്ന പോലെ...

"ഒരുപാട് ചോദ്യങ്ങൾ നിന്റെ മനസ്സിൽ ഉണ്ടെന്നറിയാം..... എനിക്കും ഇനി നിന്നോട് അതിനുള്ള ഉത്തരങ്ങൾ പറഞ്ഞേ മതിയാകൂ..... പക്ഷേ ഇപ്പൊ ഒന്നും ചോദിക്കണ്ട.... നാട്ടിലേക്ക് എത്തട്ടെ... എല്ലാം പറയാം ഞാൻ......"


അവളുടെ മുഖത്തേക്ക് നോക്കി സ്വതവേ ഉള്ള ഗൗരവത്തോടെ പറയുന്നുണ്ടെങ്കിലും ആ കണ്ണുകളിൽ പുഞ്ചിരി വിരിഞ്ഞു നിൽക്കുന്നത് അവൾക്ക് കാണാൻ കഴിഞ്ഞു.....

കാറിൽ പതിവ് പോലെ മൗനമായിരുന്നെങ്കിലും  പതിവ് തെറ്റിച്ചു കൊണ്ട് സ്റ്റീരിയോയിൽ നിന്നും ഒഴുകിയിരുന്നത് പ്രണയ ഗാനങ്ങൾ ആയിരുന്നു.....


അന്നത്തെ പോക്കിൽ നിന്നും വ്യത്യസ്തമായി ഇരുവരുടെയും ചുണ്ടിൽ പുഞ്ചിരി നിറഞ്ഞു നിന്നിരുന്നു....


രാത്രി ആയിരുന്നു അങ്ങോട്ട് എത്തിയപ്പോൾ... കഴിഞ്ഞ പ്രാവശ്യത്തിൽ നിന്നും വിപരീതമായി അമ്മ വന്നു ചേർത്ത് പിടിച്ചത് ദീപുവിനെ ആയിരുന്നു....


"എന്താ മോളെ ഇത്.... കഴിഞ്ഞ തവണത്തെക്കാളും കോലം കെട്ടല്ലോ... ഒന്നും കഴിക്കാറില്ലേ നീയ്...."


അമ്മയുടെ വാക്കുകളിൽ സ്നേഹവും ശാസനയും... വെറുതെ ഒന്ന് ചിരിച്ചു കാണിച്ചു അവൾ...

"മ്മ്.... നല്ല ആളാ.... വാ... അകത്തേക്ക് കേറ്... നീയും വാടാ...."

"ആഹാ.... ഞാൻ ഇപ്പോ പൊറത്തായോ.... വേണെങ്കി വാടാന്ന്...."

കുറുമ്പോടെ പറഞ്ഞു ഗൗതം..

"വാടാ ചെക്കാ...."

ചിരിയോടെ പറഞ്ഞിട്ട് അമ്മ ദീപുവിനെയും കൂട്ടി പോകുന്നത് അവൻ ചിരിയോടെ നോക്കി നിന്നു....

അകത്തേക്ക് കയറിയതും അനുവും ഗീതുവും എവിടെ നിന്നോ ഓടി വന്നിരുന്നു...
ഇരുവശത്തു നിന്നും അവളെ ചുറ്റി പിടിച്ച് നിന്നു ഇരുവരും....


"പിള്ളേരെ... ആ കൊച്ചിനെ ശ്വാസം മുട്ടിച്ചു കൊല്ലാതെ..."


ചിരിയോടെ പറഞ്ഞിട്ട് ഗൗതം തന്റെ റൂമിലേക്ക് പോയി.....


മുത്തശ്ശി വന്നു അവരെ ശാസിച്ചു വിടുവിച്ചു ദീപുവിനെയും അവളുടെ റൂമിലേക്ക് പറഞ്ഞയച്ചു....


കുളി കഴിഞ്ഞ് വരുമ്പോഴേക്കും നല്ല ചൂടുള്ള ചായയും ബജികളും ഒക്കെ അവൾക്ക് മുന്നിൽ നിരന്നിരുന്നു.... ഒളികണ്ണിട്ട് അപ്പുറത്ത് ഇരിക്കുന്ന ഗൗതമിനെ നോക്കിയതും കഴിച്ചോ എന്ന് പതിയെ പറഞ്ഞു അവൻ....


തലയൊന്ന് ചലിപ്പിച്ചു കഴിച്ചു കൊണ്ടിരിക്കുമ്പോൾ മനസ്സിൽ എന്തെന്നില്ലാത്ത സന്തോഷം നിറയുന്നുണ്ടായിരുന്നു... ഗൗതമിന്റെ ഇപ്പോഴത്തെ പെരുമാറ്റവും അതിനൊരു കാരണമായിരുന്നു.....


രാത്രിയിൽ ഏറെ നേരം വിശേഷങ്ങൾ പങ്ക് വെച്ചു ഇരുന്നു അവർ.... പലപ്പോഴായി ഗൗതമിന്റെ നോട്ടം തനിക്ക് നേരെ വരുന്നത് അവൾ കണ്ടിരുന്നു.... അപ്പോഴെല്ലാം അവളുടെ കവിളിണകൾ ചുവന്നു..... ഒപ്പം തനിക്ക് അവനോട് തോന്നുന്നത് എന്താണെന്ന തിരിച്ചറിവ് അവളെ കൂടുതൽ ലജ്ജവതിയാക്കി...

അതേ.... ഗൗതമിനെ താൻ പ്രണയിക്കുന്നു.... യദുവിനോട് ഉണ്ടായിരുന്നതിനേക്കാൾ കൂടുതൽ ഒരടുപ്പം.... അത്‌ ചിലപ്പോൾ ഗൗതമിന്റെ വീട്ടുകാരെ കൂടെ തനിക്ക് സ്വന്തമായി തന്നതിനാൽ ആണോ....

അപ്പോഴും ഉള്ളിലൊരു ചോദ്യം ഉണ്ടായിരുന്നു.....

ഗൗതം തന്നെ പ്രണയിക്കുന്നുണ്ടോ... അതോ ഒരു ഫ്രണ്ട് എന്ന നിലയ്ക്കാണോ തന്നോട് അടുത്ത് പെരുമാറുന്നതെല്ലാം.... എന്തായിരിക്കും ഗൗതമിന് പറയാൻ ഉണ്ടാവുക.....


ഏറെ നാളുകൾക്കു ശേഷം തനിക്ക് ആരൊക്കെയോ ഉണ്ടെന്ന സമാധാനത്തിൽ ദീപു നിദ്രയെ പുൽകി....

പിറ്റേന്ന് കാലത്ത് എഴുന്നേറ്റ് ചെല്ലുമ്പോൾ അനുവും ഗീതുവും ഒക്കെ അടുക്കളയിൽ ഹാജരുണ്ട്.... പിന്നെ അവരുമായി കത്തിയടിച്ചു ഇരിക്കുമ്പോൾ ആണ് ഗൗതം വരുന്നത്....  ദീപുവിനോട്‌ ഒന്ന് ചിരിച്ചിട്ട് ഗുഡ് മോണിംഗ് പറഞ്ഞു അവൻ.... പിന്നെ ചായയും എടുത്തു റൂമിലേക്ക് പോയി....

ഗൗതം റൂമിൽ ഇരിക്കുമ്പോൾ ആണ് വാതിലിൽ ഒരു തട്ടൽ ... ചെന്നു തുറന്നു നോക്കിയതും അനുവാണ്.... ഡോർ തുറന്ന വഴിക്ക് അവൾ ഗൗതമിനെ മൊത്തത്തിൽ ഒന്ന് നോക്കി....


"എന്താടി... കാലത്ത് തന്നെ സ്കാനിംഗ്....."


ഗൗതം കലിപ്പിട്ടു....


"ഉണ്ണിയേട്ടൻ കഥകളി പഠിച്ചിട്ടുണ്ടോ....."


"ഇല്ല..... എന്തെ...."


"അല്ലാ... ഇന്നലെ വന്നപ്പോ മുതല് ഞാൻ കാണുന്നുണ്ട് കണ്ണോണ്ട് ഓരോ ആക്ഷൻ.... അതും ദീപുവിനെ കാണുമ്പോ..."


ഗൗതം ഒന്ന് പരുങ്ങി....

" പിന്നേ.... എന്ത് ആക്ഷൻ.... നീ പോയെ...."


"ഞാൻ പൊക്കോളാം.... എന്താ മോന്റെ ഉദ്ദേശം... അതറിഞ്ഞാ മതി...."


"എന്തുദേശം.... ഒന്നുല്ല... നീ പോയെ...."


    മ്... മ്....


ഒന്ന് നീട്ടി മൂളി അവനെയൊന്ന് ഉഴിഞ്ഞു നോക്കി അനു സ്ഥലം വിട്ടു.... വല്ലാതേ കുത്തി ചോദിക്കാൻ നിന്നാൽ ചിലപ്പോ ചെവിയുടെ പരിപ്പ് ഇളകാൻ ഉള്ള സാധ്യതയുണ്ടേ.....


ഉച്ചക്ക് ഭക്ഷണം ഒക്കെ കഴിച്ചതിനു ശേഷം അനുവുമൊക്കെയായി ദീപു സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ ആണ് ഗൗതം അവർക്കടുത്തേക്ക് വരുന്നത്.....


"ദീപിക.... നമുക്കൊന്ന് നടന്നിട്ട് വരാം....."


ഷർട്ടിന്റെ കൈ മടക്കി വെച്ചു കൊണ്ട് അവൻ പറയെ ദീപു അവരെയൊക്കെ നോക്കി.... അനുവിന്റെ മുഖത്തൊരു ആക്കി ചിരി..... അവളെയൊന്ന് കണ്ണുരുട്ടി നോക്കി ഗൗതമിന്റെ പിന്നാലെ പോകുമ്പോൾ തന്റെ നെഞ്ചേല്ലാം വല്ലാതെ മിടിക്കുന്നുണ്ട് എന്ന് തോന്നി ദീപുവിന്.... ഒപ്പം അവന് എന്താണ് പറയാൻ ഉള്ളത് എന്ന ആകാംക്ഷയും...............കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story