ഹൃദയം: ഭാഗം 9

hridayam mulla

രചന: മുല്ല

പിറ്റേന്ന് മുതൽ ദീപുവിന്റെ ജീവിതം യാന്ത്രികമായി ഒഴുകി തുടങ്ങി....
ഓഫീസും തന്റെ മുറിയും ആയി അവൾ ഒതുങ്ങിക്കൂടി.. മറ്റൊന്നും ചെയ്യാനില്ലാതെ അവൾക്ക് മടുത്തു തുടങ്ങിയിരുന്നു...
അനുവും ഗീതുവും ഒക്കെ ഇടക്ക് വിളിക്കും...  അതായിരുന്നു ഏക ആശ്വാസം.... ഗൗതമിന്റെ അമ്മയും മുത്തശ്ശിയും ഒക്കെ വിളിച്ചു പരാതി പറയും ഒന്നങ്ങോട്ട് വരാൻ.... പിന്നെ വരാം എന്ന് പറയും അവൾ.....

ഗൗതമിനെ പിന്നെ കണ്ടിട്ടില്ല...  ഇതിനിടയിൽ രണ്ട് പ്രാവശ്യം അവൻ നാട്ടിൽ പോയിരുന്നു എന്ന് പറഞ്ഞു അനു... തന്നോട് പറഞ്ഞില്ല... വിളിച്ചും ഇല്ല.... അല്ലെങ്കിലും ഇടയ്ക്കിടെ വന്നു കാണാനും പോകുമ്പോ നാട്ടിലേക്ക് കൊണ്ട് പോകാനും മാത്രം ബന്ധമൊന്നും തനിക്ക് അവനോട് ഇല്ലല്ലോ.... എങ്കിലും തനിക്ക് ആരെയൊക്കെയോ സ്നേഹിക്കാൻ തന്ന നന്ദി അവനോടുണ്ട്.. ഇപ്പോഴും....


യദുവിനെ പിന്നീട് കണ്ടതേ ഇല്ല... അല്ലെങ്കിലും തന്റെ മുന്നിൽ വരാതിരിയ്ക്കാൻ ശ്രമിക്കുന്നുണ്ടാവും അവൻ... താനും അബദ്ധത്തിൽ പോലും അവന്റെ മുന്നിൽ ചെന്ന് പെടാതിരിയ്ക്കാൻ ശ്രദ്ധിക്കുന്നുണ്ട്... താൻ  തെറ്റ് ചെയ്തിട്ടില്ലെങ്കിലും അവന്റെ മുന്നിൽ ചെല്ലാൻ ഇഷ്ടമില്ല...

ആ സംഭവങ്ങൾ എല്ലാം കഴിഞ്ഞിട്ട് മൂന്ന് മാസത്തോളം ആയി.... അവളെ ഉലച്ച ആ സംഭവങ്ങളും ഒക്കെ അവളുടെ മറവിയിലേക്ക് ആണ്ടു പോയി തുടങ്ങി... യദുവും.....


അന്നൊരു ദിവസം ഓഫീസിൽ നിന്നും ഇറങ്ങി കുറച്ചൊന്നു കറങ്ങാൻ പോയി ... കുറെ ദിവസത്തിന് ശേഷം ആണ് അങ്ങനൊരു തോന്നൽ... വീടും ഓഫീസും മാത്രം ആയി മടുത്തത് പോലെ.....


കാർമേഘം കൊണ്ട് മൂടിയിരുന്നു ആകാശമാകെ..... ബീച്ചിൽ ഒന്ന് കറങ്ങി കടൽ തിരകളെ നോക്കി ഇരിക്കുമ്പോൾ ആണ് അവൾ ഇരിക്കുന്നതിന് കുറച്ച് ദൂരെ ആയി   പരിസരം പോലും മറന്നു നിന്ന് കൊണ്ട് പരസ്പരം ചുംബിക്കുന്ന രണ്ട് പേരെ കാണുന്നത്....

അത്‌ യദുവും സാക്ഷിയും ആയിരുന്നു...


അവരെ തിരിച്ചറിഞ്ഞതും ഞെട്ടൽ ആയിരുന്നു.... മറന്നു തുടങ്ങിയതെല്ലാം വീണ്ടും ഓർമയിൽ തെളിഞ്ഞു... യദുവും ഒത്തുള്ള തന്റെ പ്രണയ നിമിഷങ്ങൾ... അവയിലൊന്നും ഇങ്ങനൊരു ചിത്രം ഇല്ലായിരുന്നു.... 

തലയെല്ലാം വെട്ടിപ്പൊളിയുന്നത് പോലെ വേദനിക്കുന്നു...

ചുറ്റും നിന്ന് തുറിച്ചു നോക്കുന്നവരെ പോലും മറന്നു ചുംബിച്ചു കൊണ്ടിരുന്നവർ ഒരു ചിരിയോടെ അകന്നു കൈ കോർത്തു പിടിച്ചു അവൾക്കരികിലൂടെ നടന്നു പോയി... ഇടക്കൊരു നോട്ടം അവളിലേക്ക് പാറി വീണതും യദുവിന്റെ മുഖത്ത് ആദ്യം അത്ഭുതം ആയിരുന്നു... പിന്നെ പുച്ഛം.... അവളെയൊന്ന് നോക്കി പുച്ഛത്തോടെ ചിരിച്ചു കൊണ്ട് അവൻ സാക്ഷിയുടെ ഇടുപ്പിൽ കയ്യിട്ട് അവന്റെ ദേഹത്തേക്ക് ചേർത്ത് പിടിച്ചു കൊണ്ട് മുന്നോട്ട് നടന്നു.....


ഞെട്ടലോടെ ഇരുന്നവളുടെ കണ്ണുകൾ നിറഞ്ഞു കൊണ്ടിരുന്നു.... അവിടന്ന് എഴുന്നേറ്റ് എങ്ങോട്ടോ ഓടാൻ തോന്നിയെങ്കിലും കാലുകൾ അനക്കാനാവാതെ ശില പോലെ നിന്നു പോയി....

മഴ പെയ്യാൻ തുടങ്ങിയിരുന്നു.... എല്ലാവരും ഓടി കാറ്റാടി മരങ്ങളുടെ  ചുവട്ടിൽ ഒക്കെ നിന്നെങ്കിലും ഒന്നും അറിയാതെ ദീപു മാത്രം മഴ നനഞ്ഞു കൊണ്ടിരുന്നു.... അവരെ ഒരുമിച്ച് കാണും തോറും അവളുടെ ഹൃദയം വിണ്ടു കീറിയത് ആരും മനസിലാക്കിയില്ല..... എല്ലാം വീണ്ടും വീണ്ടും മനസിലേക്ക് വന്നു കൊണ്ടിരിക്കുന്നു... 


ആരുടെയോ കൈകൾ വന്നു തന്നെ വലിച്ചപ്പോൾ ആണ് ദീപു മുഖമുയർത്തി നോക്കുന്നത്... മുന്നിൽ തനിക്കൊപ്പം മഴ നനയുന്ന ഗൗതമിനെ കണ്ടതും മറ്റൊന്നും ഓർക്കാതെ അവന്റെ നെഞ്ചിലേക്ക് വീണു പൊട്ടിക്കരഞ്ഞു അവൾ.....


ആദ്യമൊന്ന് പകച്ചു പോയെങ്കിലും ഗൗതമിന്റെ കൈകളും അവളെ പുണർന്നു.... സമാധാനിപ്പിക്കും പോലെ അവളുടെ തലയിൽ തഴുകി കൊടുത്തു കൊണ്ടിരുന്നു....


ഒരു കാറ്റാടി മരത്തിനു ചുവട്ടിലായി ഈ കാഴ്ച്ച കണ്ടു നിന്നിരുന്ന  യദുവിന്റെ നെറ്റി ചുളിഞ്ഞു....

"ദീപിക......"

ഗൗതം വിളിക്കുന്നത് കേട്ട് ഞെട്ടി ദീപു അവനിൽ നിന്നും അകന്നു നിന്നു... അവന്റെ മുഖത്തേക്ക് നോക്കാൻ ഭയം തോന്നി....


"വാ... ഇവിടെ നിന്ന് മഴ കൊള്ളണ്ട... ഞാൻ കൊണ്ട് വിട്ട് തരാം...."


"വേണ്ട......"


"പിന്നെ... ഇനിയിപ്പോ കടലിൽ ചാടി ചത്താൽ മതിയോ നിനക്ക്....? "


ഒച്ചയിടുന്ന ഗൗതമിനെ നോക്കിയതും അവന്റെ മുഖത്ത് ദേഷ്യം ആണ്.... മിഴികൾ താഴ്ന്നു പോയി....


"വന്നേ...."


അത്‌ പറഞ്ഞു അനുവാദം ചോദിക്കാതെ അവളുടെ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ട് അവൻ കാറിനടുത്തേക്ക് നടന്നു...

പോകും വഴി തങ്ങളെത്തന്നെ ശ്രദ്ധിച്ചു നിൽക്കുന്ന യദുവിനെ തിരിഞ്ഞോന്ന് നോക്കുകയും ചെയ്തു...... അവന്റെ മുഖത്തെ ദേഷ്യം കണ്ട് ഗൗതമിന്റെ മുഖത്ത് പുച്ഛം നിറഞ്ഞു....

"കാറിലേക്ക് കേറ് ദീപിക.."


കുറച്ചു കഴിഞ്ഞാണ് ദീപുവിന് പരിസരബോധം വീണ്ടു കിട്ടിയത്.... അവൻ പറയുന്നത് കേട്ട് മിഴിച്ചു നോക്കി... മനസ്സിലാവാത്തത് പോലെ....


"കാറിലേക്ക് കേറാൻ... ഞാൻ കൊണ്ട് വിട്ടു തരാം... "


"വേണ്ട.... ഗൗതം... ഞാൻ നനഞ്ഞിരിക്കുകയാ..  ഞാൻ.. കുറച്ചു കഴിഞ്ഞിട്ട് റൂമിൽ പൊക്കോളാം...."

അവളെ തറപ്പിച്ചൊന്ന് നോക്കി അവൻ...

"ഞാനും നനഞ്ഞു ഇരിക്കുക തന്നെയാ... കേറടി അങ്ങോട്ട്..."

ആജ്ഞാപിക്കും പോലെ അവൻ പറഞ്ഞതും പിന്നെ അനുസരിക്കാതിരിക്കാൻ കഴിഞ്ഞില്ല..... അവന്റെ മുഖത്തെ ദേഷ്യം.... ഇനിയും അത്‌ കൂട്ടാൻ തോന്നിയില്ല....

കാറിൽ കേറി കാർ സ്റ്റാർട്ട്‌ ചെയ്തിട്ട് ac ഓൺ ചെയ്തു.... മഴ കാരണം കാർ മുന്നോട്ട് എടുക്കാൻ പറ്റില്ല.... മുന്നിലുള്ള കാഴ്ചകൾ മറയ്ക്കും വിധമുള്ള മഴയാണ്...

കാറിൽ  പതിവ് പോലെ മൗനം തന്നെ....  ഗൗതമിന്റെ മുഖത്ത് ആരോടൊക്കെയോ ഉള്ള ദേഷ്യം...  പുറത്തെ മഴയെക്കാൾ ശക്തിയിൽ ദീപുവിന്റെ കണ്ണുകൾ പെയ്തു കൊണ്ടിരുന്നു....


"ദീപിക....  will you stop crying ...."


ഗൗതമിന്റെ ഒച്ച പൊന്തിയതും ദീപു കൈ കൊണ്ട് വായ പൊത്തി.... എങ്കിലും ഏങ്ങൽ പുറത്തു വന്നു കൊണ്ടിരുന്നു...


"ആരെ ഓർത്താണ് നീ ഈ കരഞ്ഞു വിളിക്കുന്നത്... പുറത്ത് വേറെ ഒരുത്തിയെയും കെട്ടിപ്പിടിച്ചു ഉമ്മ വെച്ച് നിൽക്കുന്ന ആ വൃത്തികെട്ടവനെയോ... അവന് എന്തെങ്കിലും സങ്കടം ഉണ്ടോ നിന്റെ കാര്യത്തിൽ....."


അവൾ മറുപടി പറയാതെ ഇരുന്നു....

"ഞാൻ നിന്നോട് പറഞ്ഞതാണ് പോയതിനെ ഓർത്ത് വിഷമിക്കരുത് എന്ന്..."


"ഗൗതമിന് അങ്ങനെ പറയാം... കാരണം ഗൗതമിനെ സ്നേഹിക്കാൻ ഒരുപാട് പേരുണ്ട്... പക്ഷെ.. ഞാൻ... എനിക്ക് ഈ ലോകത്ത് ആദ്യമായിട്ട് സ്നേഹം കിട്ടിയത് അവനിൽ നിന്നാണ്... എന്റെ ഏക പ്രതീക്ഷ... എന്നിട്ടും അവൻ എന്നെ ചതിച്ചു... അവന് ഒരു വിഷമവും ഇല്ലല്ലോ എന്ന് ഓർക്കുമ്പോഴാ എനിക്ക്...."


ഗൗതം വേദനയോടെ അവളെ നോക്കി....


"അതിന് അവൻ നിന്നെ ശെരിക്കും സ്നേഹിച്ചിരുന്നോ ദീപിക... അവൻ നിന്നെ സ്നേഹിച്ചിരുന്നെങ്കിൽ  നിന്നോട് ഇങ്ങനെ ചെയ്യാൻ അവന് കഴിയുമായിരുന്നില്ല.... അവന് നിന്നോടുണ്ടായിരുന്നത് വാശി മാത്രം ആയിരുന്നു..... ഒരുതരം പ്രതികാരം തീർക്കൽ..."


ദീപുവിന്റെ നെറ്റി ചുളിഞ്ഞു....


"യദുവിനു എന്നോട് വാശിയും പ്രതികാരവുമോ .... എന്തിന്....."


മറുപടി പറയാതെ ഒന്ന് പുഞ്ചിരിച്ചു ഗൗതം....

ഒന്നും മനസ്സിലാവാതെ അവനെ തന്നെ നോക്കി ഇരുന്നു ദീപു..... തന്റെ ചോദ്യത്തിന് ഉത്തരം കിട്ടാൻ എന്ന വണ്ണം...

പക്ഷേ ഒന്നും പറയാതെ ഗൗതം കാർ മുന്നോട്ട് എടുത്തിരുന്നു....
ഗൗതമിന്റെ വാക്കുകൾ അവൾക്കുള്ളിൽ കിടന്നു പുകഞ്ഞു കൊണ്ടിരുന്നു....

'യദുവിനു എന്തിനാണ് തന്നോട് പ്രതികാരം.. എന്തിനാണ് വാശി... താൻ അവനോട് എന്ത് ചെയ്തിട്ടാ. '


ഇടക്ക് മഴ കൂടിയതും കാർ ഒരു സൈഡിലേക്ക് നിർത്തിയിട്ടു....
കാറിലെ എസിയുടെ തണുപ്പും നനഞ്ഞ ഡ്രെസ്സും എല്ലാം കൂടെ തണുത്തു വിറക്കുന്നുണ്ടായിരുന്നു അവൾ...

"തണുക്കുന്നുണ്ടോ നിനക്ക്...."


ഗൗതമിന്റെ ശബ്ദത്തിന് ആദ്യത്തെ  ഗൗരവം ഇല്ലെന്ന് അവൾ മനസ്സിലാക്കി....


ഇല്ലെന്ന് തലയാട്ടി എങ്കിലും കൈകൾ രണ്ടും കൊണ്ട് ശരീരത്തെ പൊതിയുന്നത് നിർത്തിയില്ല അവൾ.....


"എന്തിനാ ഇങ്ങനെ നുണ പറയണേ ദീപിക...."


പുഞ്ചിരിയോടെ പറയുന്നവനെ അവളൊന്ന് മിഴിച്ചു നോക്കി... ആദ്യമായിട്ടാണ് ഇങ്ങനെ... ഈ ചിരി... അതും തന്റെ മുന്നിൽ...


ഗൗതം ഒന്ന് നീങ്ങി വന്നു കൊണ്ട് അവളെ തന്റെ നെഞ്ചിലേക്ക് ചേർത്ത് പുൽകി.... ആദ്യം ഒന്ന് ഞെട്ടിയെങ്കിലും അവനിൽ നിന്നും അകലാൻ തോന്നിയില്ല അവൾക്ക്... തന്റെ കണ്ണുകൾ ഇപ്പോൾ നിറയുന്നത്  യദുവിനെ ഓർത്തല്ല എന്നവൾ ഞെട്ടലോടെ മനസ്സിലാക്കി.... അത്‌ ഗൗതമിനെ ഓർത്താണ്... പക്ഷെ എന്തിനാണ് എന്ന് മാത്രം അറിയുന്നില്ല....

അവന്റെ നെഞ്ചിന്റെ ചൂടിൽ അവനെ ചുറ്റി വരിഞ്ഞു അവളുടെ കൈകളും....

ഗൗതമിന്റെ ചുണ്ടുകൾ അവളുടെ നെറുകയിൽ പതിഞ്ഞു.... അവന്റെ കൺ കോണിൽ ഒരു നീർതുള്ളി പ്രത്യക്ഷപ്പെട്ടു.....

'യദുവിന്റെ വാശി..... അതെന്നോടായിരുന്നു ദീപിക....'


മനസ്സിൽ പറയെ ഗൗതമിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി അവളുടെ മുടിയിഴകൾക്കുള്ളിൽ ഒളിച്ചു..............കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story