ഹൃധികാശി: ഭാഗം 1

hridikashi

രചന: അൻസിയ ഷെറി (അനു)

"എത്ര കാലമായി ഹൃധൂ നമ്മൾ ഇങ്ങനെ ഒരേ കോളേജിൽ ആയിട്ടും നേരിൽ കാണാതെ വെറും ചാറ്റിങ്ങിലൂടെ കൂട്ട്കൂടുന്നത്... എനിക്ക് നിന്നെ നാളെയെങ്കിലും ഒന്ന് കാണണമെടോ.... പ്ലീസ് പറ്റില്ലെന്ന് പറയരുത്..." മറുപടിയായി ഞാൻ വരാം എന്ന് പറഞ്ഞതും ഒരു നന്ദിയും പറഞ്ഞ് ആൾ പെട്ടെന്ന് തന്നെ സന്തോഷത്തോടെ ഫോൺ വെച്ചു പോയി... ഒരു നിമിഷം ഞാൻ അത് പോലെ തന്നെ ഇരുന്നിട്ട് മെല്ലെ കണ്ണാടിയിലേക്ക് നോക്കിയപ്പോഴാണ് സത്യത്തിൽ എന്താ പറഞ്ഞതെന്ന ബോധം വന്നത്.... "ഈശ്വരാ... ഞാനിപ്പോ എന്തിനാ വരാം എന്ന് പറഞ്ഞത്... കാശിയേട്ടൻ എങ്ങാനും എന്നെ നാളെ കണ്ടാൽ...." ഓർത്തപ്പോൾ തന്നെ നെഞ്ച് പിടയുന്ന പോലെ...

കോളേജ് ജീവിതത്തിലേക്ക് ചുവടുകൾ വെച്ച ആദ്യ ദിനമായിരുന്നു മരത്തിൻ ചുവട്ടിൽ കൂട്ടുകാരോടുമൊത്ത് ചിരിച്ചു സംസാരിക്കുന്ന ആളെ ആദ്യമായി കണ്ടത്.... ഒറ്റ നോട്ടത്തിൽ തന്നെ ആ മുഖം മനസ്സിൽ പതിഞ്ഞിരുന്നു..... പിന്നീടാണ് അറിഞ്ഞത് കോളേജിലെ സകല മാന പെമ്പിള്ളേരുടേയും ഹീറോ ആണ് ആളെന്നും കാശിനാഥൻ എന്നാണ് പേരുമെന്നൊക്കെ.... ആഗ്രഹിക്കാൻ അർഹത ഇല്ലെന്ന് അറിയാമായിരുന്നിട്ടും ആ മുഖം മനസ്സിലെങ്ങനെയോ കയറിപ്പറ്റി.... എന്റെ കാശിയേട്ടൻ എന്ന് മനസ്സ് പലവുരു മന്ത്രിച്ചു.... അതിനിടയിലാണ് കൂട്ടുകാരിലാരോ പറയുന്നത് കേട്ട് ഇൻസ്റ്റാഗ്രാമിൽ ആളുടെ പ്രൊഫൈൽ തപ്പി എടുത്ത് മെസ്സേജ് അയച്ചത്.... കുറച്ച് നിമിഷങ്ങൾക്കകം തന്നെ റിപ്ലൈയും വന്നതും സന്തോഷത്തോടൊപ്പം നെഞ്ചിടിപ്പും കൂടിയിരുന്നു.... പരിജയപ്പെട്ടപ്പോൾ മനസ്സിലായി ആൾ വെറും പാവം ആണെന്ന്...

എല്ലാവരോടും പെട്ടെന്ന് കൂട്ട് ആകുന്ന ഒരു പ്രകൃതം.. എങ്കിലും പേര് ഹൃധിക എന്നാണെന്നും ഒരേ കോളേജിലാണെന്നും മാത്രമേ തന്നെക്കുറിച്ച് പറഞ്ഞുള്ളു... ബാക്കി പറയാൻ തോന്നിയില്ല...ആൾ ചോദിച്ചതും ഇല്ല... ഓരോ ദിനവും കഴിയും തോറും ആളോടുള്ള ഇഷ്ടം കൂടിക്കൂടി വരുവായിരുന്നു... തുറന്നു പറഞ്ഞാലോ എന്ന് പല തവണ തോന്നിയിരുന്നെങ്കിലും തന്നെ വെറുമൊരു ഫ്രണ്ട് ആയി ആണ് കാണുന്നതെങ്കിലോ എന്നോർത്ത് വേണ്ടെന്ന് വെച്ചു.... അതിനേക്കാൾ ഒക്കെ തനിക്ക് അതിനുള്ള അർഹത ഇല്ലെന്ന കാര്യം കൂടെ ഓർമ്മ വന്നതും പിന്നെ അവ ഉള്ളിൽ തന്നെ കുഴിച്ചു മൂടി.... പല തവണ പറഞ്ഞതായിരുന്നു... ഒന്ന് നേരിൽ കാണണം എന്ന്...പക്ഷെ അന്നൊന്നും സമ്മതിച്ചില്ല... എന്തോ പേടിയായിരുന്നു... കാശിയേട്ടൻ എങ്ങാനും എന്നെ കണ്ടാൽ ഒരുപക്ഷെ വെറുത്തേക്കാം... ആ വെറുപ്പ് എനിക്ക് താങ്ങാൻ കഴിയില്ല...

അത് കൊണ്ട് തന്നെ പലപ്പോഴും സമ്മതിച്ചില്ല.... പക്ഷെ ഇന്ന് എന്ത് ബോധത്തിലാണ് ഞാൻ സമ്മതിച്ചത്.... പെട്ടെന്ന് തന്നെ ഏട്ടന്റെ നമ്പറിലേക്ക് കോൾ ചെയ്‍തതും സ്വിച്ച് ഓഫ്‌ എന്ന് പറയുന്നത് കേട്ട് ആകെ കുഴങ്ങി... ഞാൻ ഇനി വാക്ക് മാറ്റി പറയുമെന്ന് അറിയാവുന്നത് കൊണ്ട് മനപ്പൂർവം ചെയ്‍തതാണ്.... എന്ത് ചെയ്യണം എന്നറിയാതെ ഫോൺ ബെഡ്‌ഡിലേക്ക് ഇട്ട് എണീറ്റു കൊണ്ട് കണ്ണാടിക്ക് മുന്നിൽ ചെന്നു നിന്ന് എന്നെ തന്നെ സ്വയം നോക്കി.... ഇരുനിറമാണ്... പക്ഷെ കാശിയേട്ടൻ തന്നെക്കാൾ ഒരുപാട് മുന്നിലാണ് കാണാൻ... പിന്നെ മെലിഞ്ഞിട്ടാണ്...കാശിയേട്ടൻ പാകത്തിന് തടിയുണ്ട്....പിന്നെ ആൾ നന്നായി പഠിക്കും... ഞാൻ ആണേലോ എങ്ങനേലും ജയിച്ചു കിട്ടാനും നോക്കും.... പ്ലസ്ടൂവിന് തന്നെ എങ്ങനെയാ നല്ല മാർക്ക് കിട്ടിയതെന്ന് എനിക്ക് പോലും അറിയില്ല.... പിന്നെ.....

ഓരോന്ന് എടുത്തു പറയുമ്പോഴും കാശിയേട്ടന്റെ ഒരുപാട് പിന്നിലാണ് ഞാൻ എന്നുള്ള ബോധം വന്നതും കണ്ണ് നിറഞ്ഞു.... എന്തായാലും നാളെ ആൾക്ക് മുന്നിൽ പോകണം...എത്ര നാളെന്ന് വെച്ചാ ഈ ഒളിച്ചു കളി നടക്കാ...ഒരു ദിവസം എന്തായാലും കാണേണ്ടി വരില്ലേ...അത് നാളെ എന്നായിരിക്കും ദൈവം വിധിച്ചത്....എന്തായാലും മുമ്പേ തന്നെ എല്ലാം സഹിക്കാൻ മനസ്സിനെ പാകപ്പെടുത്താം.... സ്വയം പറഞ്ഞു ആശ്വസിപ്പിച്ചു കൊണ്ട് കിടക്കുമ്പോഴും മനസ്സ് വീണ്ടും ചുട്ടു പൊള്ളുന്നുണ്ടായിരുന്നു.... _______ പിറ്റേന്ന് കോളേജിലേക്കിറങ്ങാൻ നേരം ആകെ ഒരു ടെൻഷനുണ്ടായിരുന്നു.... മാളു എന്റെ പതിവില്ലാത്ത ഓരോ പ്രവർത്തികൾ കണ്ട് കാര്യം ചോദിക്കുന്നുണ്ടെങ്കിലും ഒന്നും പറയാനില്ലാതെ ഞാൻ ഒഴിഞ്ഞു മാറി.... കോളേജിലേക്ക് എത്തിയപ്പോൾ തന്നെ കണ്ടു പതിവുപോലെ കൂട്ടുകാരുമൊത്ത് മരച്ചുവട്ടിൽ ഇരിക്കുന്നത്..

പക്ഷെ പതിവിൻ വിപരീതം ആയി ആൾ ഇന്ന് ആരെയോ ചുറ്റും പരതുകയാണ്... എന്നെയാണെന്ന് അറിയാവുന്നത് കൊണ്ട് തന്നെ തല താഴ്ത്തി അപരിചിത ഭാവത്തിൽ പെട്ടെന്ന് തന്നെ ആളെ കടന്നു പോയി.... ഓരോ അധ്യാപകർ മാറി മാറി വരുമ്പോഴും ഒന്നിലും ശ്രദ്ധിക്കാൻ കഴിയിന്നുല്ലായിരുന്നു... അല്ലെങ്കിൽ തന്നെ അങ്ങനെ തന്നെയാണ്...മൈൻഡ് ഇവിടെ തന്നെ ആണെങ്കിലും പലരും പഠിപ്പിക്കുന്നതൊന്നും തലയിൽ കയറാറില്ല... ഇന്നത്തെ കാര്യം അപ്പോ പറയുകയും വേണ്ട.... ലഞ്ച് ബ്രേക്കിനുള്ള സമയം ആയതും ഹൃദയമിടിപ്പ് വീണ്ടും കൂടി... തന്നെ കാണുമ്പോഴുള്ള ആളുടെ ആ മുഖഭാവം ഓർത്തപ്പോൾ തന്നെ നെഞ്ച് വിങ്ങി.... എന്തോ ഫുഡ്‌ കഴിച്ചിട്ട് ഇറങ്ങുന്നില്ലായിരുന്നു... എന്റെ അസ്വസ്തത കണ്ടിട്ടാണെന്ന് തോന്നുന്നു മാളു എന്താ എന്നൊക്കെ ചോദിക്കുന്നുണ്ട്.... എന്റെ ബെസ്റ്റ് ഫ്രണ്ട് ആണ് മാളു...

ശെരിക്കുള്ള പേര് ദേവകി എന്നാ... അവളോട് ഒന്നുമില്ലെന്ന് പറഞ് എനിക്ക് മതിയെന്നും പറഞ് കൈ കഴുകി നേരെ അവളോട് ലൈബ്രറിയിലേക്കെന്ന് പറഞ് കാശിയേട്ടൻ ഇരിക്കാറുള്ള മരത്തിനടുത്തേക്ക് ചെന്നു..... ദൂരെ നിന്നേ കാണാമായിരുന്നു...ആൾ അവിടെ ഇരിക്കുന്നത്... തനിച്ചാണ്...എന്നെയും കാത്തുള്ള ഇരിപ്പാണെന്ന് കണ്ടാലേ അറിയാം.... കൈ കാലുകൾ വിറക്കുന്നുണ്ടായിരുന്നു.... തന്നെ കണ്ടാൽ എന്തായിരിക്കും പ്രതികരണം.... വെറുപ്പ് തോന്നുമോ... ഈ കറുത്തവളെ കാണുമ്പോ ഇഷ്ടപ്പെടില്ലേ...😐 ഓരോന്ന് ഓർക്കേ മുന്നോട്ട് വെച്ച കാലുകൾ പിന്നോട്ട് തന്നെ വെച്ചു.... വേണ്ട കാണേണ്ട എന്നെ.... കണ്ടിട്ട് എന്നെ വെറുത്താൽ അത് സഹിക്കില്ല.... കാശിയേട്ടൻ എന്നെ വെറുമൊരു ഫ്രണ്ട് ആയിട്ടാണ് കാണുന്നത്... ഒരുപക്ഷെ കണ്ടാൽ ആ സൗഹൃദവും എനിക്ക് നഷ്ടപ്പെട്ടേക്കാം.... കുറച്ച് ദേഷ്യം വന്നേക്കാം...പക്ഷെ എന്നെ കാണുമ്പോഴുള്ള വെറുപ്പിനേക്കാൾ നല്ലത് അത് തന്നെയാ.... മിഴികൾ അപ്പോഴേക്കും നിറഞ്ഞൊഴുകിയിരുന്നു....

വാ പൊത്തിക്കൊണ്ട് ചുറ്റുമൊന്ന് നോക്കി ആരുമില്ലെന്ന് ഉറപ്പ് വരുത്തിയിട്ട് കാശിയേട്ടന്റെ ശ്രദ്ധയിൽ പെടുന്നതിന് മുന്നേ പിൻ തിരിഞ്ഞോടി..... ക്ലാസിലെത്തിയതും എന്റെ ഓടിക്കിതച്ചുള്ള വരവും നിറഞ്ഞ മിഴികളും കണ്ട് അമ്മു വെപ്രാളത്തോടെ അടുത്തേക്ക് വന്നിരുന്നു.... "എന്ത് പറ്റി ഹൃധു... നീ എന്തിനാ കരയുന്നത്...." എന്നെ പെട്ടെന്ന് മനസ്സിലാകും അവൾക്ക്...എന്റെ ജീവിതത്തിൽ കാശിയേട്ടനെ കുറിച്ചുള്ള കാര്യം മാത്രമേ അവൾക്കറിയാത്തതുള്ളൂ... അത് പറയാൻ പല വട്ടം ശ്രമിച്ചെങ്കിലും മനസ്സ് സമ്മതിക്കുന്നില്ലായിരുന്നു... അതിനെനിക്ക് എന്നോട് തന്നെ പല തവണ ദേഷ്യം തോന്നിയിട്ടുണ്ട്.... "ഹൃധു നിന്നോടാ ചോദിക്കുന്നെ എന്ത് പറ്റി നിനക്ക്...." അവൾ ചോദ്യം ആവർത്തിച്ചതും മറുപടി എന്ത് കൊടുക്കും എന്ന് ഞാൻ ശങ്കിച്ചു.. പിന്നെ എന്തോ ഓർത്ത പോലെ തലയിൽ കൈ വെച്ചു.... "അറിയില്ലെടി എനിക്ക് പെട്ടെന്ന് ആകെപ്പാടെ തല വേദനിക്കുന്നു.... മൈഗ്രൈന്റെ ആണെന്ന് തോന്നുന്നു...."

"അയ്യോ എന്നാ ഞാൻ സാറിനോട് പറഞ്ഞിട്ട് വരാം... എന്നിട്ട് ഹോസ്റ്റലിലേക്ക് പോകാം.." മറുപടിയായി ഒന്ന് തലയാട്ടുക മാത്രം ചെയ്തു കൊണ്ട് ഞാൻ ഡെസ്ക്കിൽ തല വെച്ചു കിടന്നു.... കാശിയേട്ടനോട് പറഞ്ഞ വാക്ക് പാലിക്കാൻ കഴിയാതെ വന്നതിന് നല്ല വിഷമം ഉണ്ട്... പക്ഷെ എന്തോ ആ മുന്നിൽ പോയി നിൽക്കാൻ കഴിയുന്നില്ല.... ഒരുപക്ഷെ മാളു ഇതറിഞ്ഞിരുന്നെങ്കിൽ എന്നോട് ദേഷ്യപ്പെട്ടേനെ... കാരണം ഒരാൾക്ക് വാക്ക് കൊടുത്തിട്ട് അത് പാലിക്കാതെ ഇരിക്കുന്നത് അവൾക്ക് തീരെ ഇഷ്ടമല്ല... എനിക്കും അങ്ങനെ തന്നെയാണ്.... പക്ഷെ കാശിയേട്ടന്റെ മുന്നിൽ മാത്രം... അത്രക്ക് സ്നേഹിച്ചത് കൊണ്ടാകാം വെറുപ്പോടെയുള്ള ആളുടെ ഒരു നോട്ടം പോലും എനിക്ക് താങ്ങാൻ കഴിയില്ല.... ഒന്നും വേണ്ടായിരുന്നു... ഏട്ടനോട് കൂട്ട് കൂടിയതാണ് ആകെ കുഴപ്പമായത്... ഇല്ലെങ്കിൽ മനസ്സിൽ നിന്നും നേരത്തെ മാഞ്ഞു പോയിരുന്നേനെ.... ഓർത്തപ്പോൾ ഒന്ന് പൊട്ടിക്കരയണം എന്ന് തോന്നി..... മാളു വന്ന് വിളിച്ചപ്പോഴാണ് വേഗം കണ്ണ് തുടച്ച് എഴുന്നേറ്റത്.... "

""ഇങ്ങനെ കരയല്ലെടി... അത്രക്ക് വേദന ഉണ്ടേൽ നമുക്ക് ഹോസ്പിറ്റലിൽ പോകാം...""" മാളു....കൂടെ പിറന്നവളെങ്കിലും കൂടെപ്പിറപ്പിനെ പോലെ തന്നെയാണവളെനിക്ക്... ഈ ലോകത്ത് എന്റെ നിറത്തെ വെറുപ്പോടെ നോക്കാത്ത ചുരുക്കം ചിലരിൽ ഒരാൾ.... എന്റെ കണ്ണൊന്ന് നിറഞ്ഞാൽ അവളുടേയും കണ്ണ് നിറയും... അത്രക്ക് ജീവനാണ് അവൾക്ക് എന്നെ... തിരിച്ചെനിക്കും... അവളുടെ എല്ലാ കാര്യങ്ങളും എനിക്കറിയാം... കാശിയേട്ടന്റെ കാര്യം മാത്രം പറയാൻ കഴിയാത്തത് കൊണ്ട് എനിക്ക് കുറ്റബോധം ഉണ്ട്... പക്ഷെ ഇനിയെങ്കിലും എനിക്ക് പറയണം...പറഞ്ഞേ തീരൂ.... ബാഗുമെടുത്ത് ഇറങ്ങിയപ്പോഴേക്കും അവൾ കരുതലോടെ എന്നെ ചേർത്തു പിടിക്കുന്നുണ്ടായിരുന്നു.... കാശിയേട്ടൻ ഇരിക്കുന്ന മരത്തിനടുത്ത് എത്തിയപ്പോൾ മെല്ലെ ഒന്ന് തല ചെരിച്ചു നോക്കി... ആളവിടെ ഇല്ലായിരുന്നു.... സങ്കടം വന്നു കാണണം.. ദേഷ്യം വന്നു കാണണം.... കാണാം എന്ന് പറഞ്ഞിട്ട് വന്നില്ലല്ലോ... ആളെ വെറുതെ മോഹിപ്പിച്ചു.... സോറി കാശിയേട്ടാ... ചുറ്റുമൊന്നൂടെ നോക്കിക്കൊണ്ട് നിറഞ്ഞ മിഴികൾ തുടച്ച് മാളുവിന്റെ കൂടെ ഓട്ടോയിൽ കയറി നേരെ ഹോസ്റ്റലിലേക്ക് ചെന്നു.... (തുടരും)

Share this story