ഹൃധികാശി: ഭാഗം 13

hridikashi

രചന: അൻസിയ ഷെറി (അനു)

 "എന്നെ കൂട്ടാതെ എല്ലാവരും കൂടെ ഓണം ആഘോഷിക്കുവായിരുന്നല്ലേ..." അവരുടെ കാർ ഗേറ്റ് കടന്ന് പോയതും അകത്തേക്ക് തിരിഞ്ഞു പോകാനായി നിന്നപ്പോഴാണ് അങ്ങനെയൊരു ശബ്ദം കേട്ടത്.... തിരിഞ്ഞു നോക്കിയതും ആകാശേട്ടനും കൂടെ ഒരു പെണ്ണും...! ഈശ്വരാ ആര് വരരുതെന്ന് ആഗ്രഹിച്ചോ അയാൾ വന്നിരിക്കുന്നു. അമ്മായിയേ നോക്കിയതും ആളുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നിട്ടുണ്ട്. "നിന്നെ ഓണത്തിന് കൂട്ടാൻ നീ ആരാടാ ഇവിടുത്തെ.കണ്ട ബാറിലും പോയി മൂക്കറ്റം കുടിച്ച് വന്ന് വീട്ടിലുള്ളവരെ ഉപദ്രവിക്കുന്ന നിന്നെ എന്തിന്റെ പേരിലാടാ ഞങ്ങൾ വിളിക്കേണ്ടത്." അമ്മായിയുടെ വഴക്ക് കേട്ടിട്ടും തല താഴ്ത്തി നിന്നതല്ലാതെ ഏട്ടൻ ഒന്നും മിണ്ടിയില്ല...എന്റെ ശ്രദ്ധ നീണ്ടത് അപ്പോൾ ഏട്ടന്റെ തൊട്ടടുത്ത് നിൽക്കുന്ന ആ പെൺകുട്ടിയിലേക്കാണ്...! "ഏതാടാ ഇവൾ.നീ ഇപ്പൊ പെണ്ണ് പിടിയും തുടങ്ങിയോ.. ഇതിനെ കൊണ്ട് ഇങ്ങോട്ട് എങ്ങാനും കയറി വരാം എന്നുണ്ടെങ്കിൽ അത് മനസ്സിൽ കരുതിയാൽ മതി." ആ വാക്ക് കൂടെ കേട്ടതും ആ കുട്ടിയുടെ മിഴികൾ നിറയുന്നത് ഞാൻ കണ്ടു.ആകാശേട്ടനോട് എനിക്ക് ദേഷ്യമുണ്ട്. അതിന്റെ പേരിൽ ആരെന്നോ എന്തെന്നോ അറിയാത്ത ഒരു പെൺകുട്ടിയോട് ദേഷ്യം തോന്നിയിട്ട് കാര്യമില്ലല്ലോ!

ഞാൻ അവർക്കടുത്തേക്ക് ചെന്ന് ആ പെൺകുട്ടിയുടെ കയ്യിൽ പിടിച്ചതും എല്ലാവരും എന്നെ കണ്ണ് മിഴിച്ചു നോക്കുന്നുണ്ട്.അത് വരെ ആകാഷേട്ടനെ വഴക്ക് പറഞ്ഞിരുന്ന അമ്മായി പോലും ഇവളിതെന്തിനുള്ള പുറപ്പാടാ എന്ന നിലക്ക് എന്നെ നോക്കുന്നുണ്ട്. "ആകാശേട്ടനോടുള്ള ദേഷ്യം ഞങ്ങളിൽ നിന്നും മാറിയിട്ടില്ല.ഈ കുട്ടി ആരാണെന്നോ എങ്ങനെയാണ് നിങ്ങടെ കൂടെ എത്തിയതെന്നോ എനിക്കറിയില്ല. പക്ഷെ ഇവളൊരു പെൺകുട്ടിയാണ്. അത് കൊണ്ട് തന്നെ ഒരു പെൺകുട്ടിയുടെ ഇപ്പോഴത്തെ മാനസികാവസ്ഥ എനിക്ക് മനസ്സിലാകും.നിങ്ങളെ വീട്ടിലേക്ക് കയറ്റണോ വേണ്ടയോ എന്നത് അമ്മായി തീരുമാനിക്കും." അത്രയും പറഞ്ഞ് കൊണ്ട് ഞാൻ ആ കുട്ടിയേയും കൊണ്ട് അകത്തേക്ക് ചെന്നു. എന്റെ മുറി മുകളിൽ ആയത് കൊണ്ട് തന്നെ പോകാൻ ബുദ്ധിമുട്ട് ഉള്ളത് കൊണ്ട് താഴെ ഉള്ള അച്ചുവിന്റെ മുറിയിലേക്ക് കൊണ്ട് പോയി. "ദാ ഇതാണ് ബാത്രൂം.താൻ അകത്ത് കയറിക്കോ. ഞാൻ അപ്പോഴേക്കും നാപ്കിന് എടുത്തു തരാം." എന്നെ കണ്ണ് മിഴിച്ചു നോക്കുന്ന അവളെ ശ്രദ്ധിക്കാതെ അലമാറയിൽ ഇരുന്ന നാപ്കിനിൽ നിന്നും ഒന്നെടുത്ത് അവൾക്ക് കൊടുത്തു. എന്റെ ഒരു ഡ്രെസ്സും കൂടെ കൊടുത്തു. "വേഗം പോയി ഫ്രഷ് ആയി വാ.ദാ തല്ക്കാലം എന്റെ ഡ്രെസ്സ് ഇട്ടോ.

ഞാൻ ഉലുവ വെള്ളം കൊണ്ടു വരാം." മറു ചോദ്യമുന്നയിക്കാതെ തലയാട്ടിക്കൊണ്ട് അവൾ ബാത്‌റൂമിലേക്ക് കയറിയതും ഞാൻ താഴേക്ക് ചെന്നു. വെള്ളമുണ്ടാക്കി മുറിയിലേക്ക് പോകുന്നതിന് മുന്നേ ആദ്യമൊന്ന് പുറത്തേക്ക് ചെന്നു നോക്കി. അവിടെ അമ്മായിയുടെ കാലിന് ചുവട്ടിൽ കിടക്കുന്ന ആകാശേട്ടനെ കണ്ടതും സ്തംഭിച്ചു പോയി. അമ്മായിയും അതേ അവസ്ഥയിൽ തന്നെയാണെന്ന് തോന്നുന്നു. ആകാശേട്ടന്റെ മിഴികളിൽ നിന്നും ഒഴുക്കുന്ന കണ്ണീർ കണ്ട് എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല... ആകാശേട്ടൻ മാറിയോ? പെട്ടെന്ന് ആ കുട്ടിയേ കുറിച്ച് ഓർമ്മ വന്നതും വേഗം മുറിയിലേക്ക് ചെന്നു... ______ മുറിയിലേക്ക് കയറിയ ഹൃധു ബെഡ്‌ഡിൽ ചാരി ഇരുന്ന് കൊണ്ട് വയറിൽ കൈ അമർത്തി പിടിക്കുന്നതാണ്... മുഖമാകെ വേദന കൊണ്ട് ചുളിഞ്ഞിട്ടുണ്ടെന്ന് മനസ്സിലായതും ഹൃധു വേഗം അടുത്തേക്ക് ചെന്നു.... ഹൃധുവിനെ കണ്ടതും അവൾ ഞെട്ടിപ്പിടഞ്ഞു എണീറ്റു കൊണ്ട് മെല്ലെ ചിരിക്കാൻ ശ്രമിച്ചു.... "താൻ ഇത് ഒന്ന് കുടിച്ചിട്ട് കിടന്നോ..." അവൾക്ക് നേരെ ഗ്ലാസ്‌ നീട്ടിക്കൊണ്ട് ഹൃധു പറഞ്ഞതും മടിച്ചു മടിച്ചാണെങ്കിലും ആവശ്യമുള്ളത് കൊണ്ട് അത് വാങ്ങി കുടിച്ചു.....

"നല്ലോണം വേദന ഉണ്ടല്ലേ... കുറച്ചു നേരം ഒന്ന് കിടന്നോ... മാറിക്കോളും...." അവളെ പിടിച്ച് ബെഡ്‌ഡിൽ കിടത്തി പുതച്ചു കൊടുത്തു കൊണ്ട് ഹൃധു പറഞ്ഞപ്പോൾ വേദനകൾക്കിടയിലും ആ പെണ്ണവളെ കണ്ണിമ ചിമ്മാതെ നോക്കി.... ഒന്നും പറയാതെ എല്ലാം മനസ്സിലാക്കിയെടുക്കുന്നവൾ...! ഹൃധുവിനെ നോക്കി അവൾ മെല്ലെ സ്വയം മൊഴിഞ്ഞു..... ______ "അവൾ നിന്റെ ഭാര്യ ആണെന്നോ..?? എന്നോട് ചോദിക്കാതെ അവളെ കെട്ടാൻ നിന്നോട് ആരാടാ പറഞ്ഞത്... ഞാൻ നിന്റെ അമ്മയാ.... ഒരു വാക്ക് എന്നോട് പറയാമായിരുന്നു....." മുറിയിൽ നിന്നും പുറത്തേക്ക് ഇറങ്ങിയതും കേൾക്കുന്നത് അമ്മായിയുടെ ഈ വാക്കുകൾ ആണ്... കേട്ടപ്പോൾ വലിയ ഞെട്ടൽ ഒന്നും തോന്നിയില്ല.... ആകാശേട്ടന്റെ കൂടെ അവളെ കണ്ടപ്പോഴേ മനസ്സിലായിരുന്നു എല്ലാം.... "അമ്മായി മതി... ആ കുട്ടി കേൾക്കും..." അവർക്കടുത്ത് ചെന്ന് കൊണ്ട് ഞാൻ പറഞ്ഞതും അമ്മായി എന്നെ ഒന്നും മനസ്സിലാകാതെ നോക്കി.... "ഹൃധു ഞാ... ഞാൻ......" എന്റെ അടുത്തേക്ക് വന്ന് കൊണ്ട് പറയാൻ തുടങ്ങുന്ന ആകാശേട്ടനെ ബാക്കി പറയാൻ സമ്മതിക്കാതെ ഞാൻ കൈ ഉയർത്തി... "സ്വന്തം തെറ്റ് മനസ്സിലാക്കി നിങ്ങൾ എപ്പോ മാപ്പ് പറഞ്ഞോ അപ്പോഴേ ഞാൻ അത് മറന്നതാണ്...

ഇപ്പൊ നിങ്ങളുടെ ആവശ്യം ആ കുട്ടിക്കുണ്ട്.... ചെന്നു സഹായിക്ക്..." എന്റെ വാക്കുകൾ കേട്ട് ഒന്നും മനസ്സിലായില്ലെങ്കിലും ഏട്ടൻ പെട്ടെന്ന് മുറിയിലേക്ക് ഓടി..... "ഹൃധു നീ എന്തൊക്കെയാ ഈ പറയുന്നേ.. ഞങ്ങൾക്കൊന്നും മനസ്സിലാകുന്നില്ല.. ആ കുട്ടിക്ക് എന്താ പ്രശ്നം..." അമ്മ "ആ കുട്ടി ആരാണെന്നൊന്നും നമുക്കറിയില്ല...പക്ഷെ അതിനിപ്പോ പിരീഡ്സ് ടൈം ആണ്...കണ്ടപ്പോൾ തന്നെ എനിക്കത് മനസ്സിലായത്... പോരാത്തതിന് ഇട്ടിരുന്ന ഡ്രെസ്സിൽ ബ്ലഡും ഉണ്ടായിരുന്നു.. പക്ഷെ അതാരും കണ്ടില്ല....അതിന് നല്ലവണ്ണം വയർ വേദനിക്കുന്നത് കൊണ്ട് ഉലുവ വെള്ളം ഉണ്ടാക്കി കൊടുത്തിട്ടുണ്ട്..." "ഈശ്വരാ... അങ്ങനെ എങ്കിൽ ഞാൻ പറഞ്ഞതൊക്കെ ആ കൊച്ച് കേട്ട് കാണുവോ എന്തോ... അതിനപ്പോ ഒന്ന് കൂടെ വേദന കൂടില്ലേ...." വേവലാതിയോടെ മുറിയിലേക്ക് ഓടാൻ നിന്ന അമ്മായിയെ ഞാൻ തടഞ്ഞു..... "ആകാശേട്ടൻ മാപ്പ് ചോദിച്ചതല്ലേ... ഏട്ടന്റെ ഈ മാറ്റത്തിൻ കാരണം ആ കുട്ടിയാണെങ്കിൽ നമുക്ക് ഇന്നറിയാം ഏട്ടന്റെ മനസ്സ്...

." ഞാൻ പറഞ്ഞു തീർന്നതും മുറിയുടെ ഡോർ തുറന്ന് പുറത്തേക്ക് ഏട്ടൻ ദൃതിയിൽ വന്നതും ഒരുമിച്ചായിരുന്നു.... "അമ്മേ.. ഹൃധു... അമ്മായി...ഹോട്ട് ബാഗ് ഉണ്ടോ... അല്ലേൽ ചൂട് വെള്ളം ആയാലും മതി...." വെപ്രാളത്തോടെയുള്ള അവന്റെ സംസാരം കേട്ട് അമ്മായി തന്നെ ഏതോ ലോകത്തെന്ന പോലെ അടുക്കളയിൽ ചെന്ന് തിളപ്പിച്ചു വെച്ചിരുന്ന ചൂട് വെള്ളം എടുത്തു കൊടുത്തു.... "ഒരു തോർത്ത് കിട്ടുവോ..." അതും അമ്മായി തന്നെ എടുത്തു കൊടുത്തതും ഏട്ടൻ വീണ്ടും മുറിയിലേക്ക് തന്നെ ഓടിക്കയറി.... രണ്ടാളും കണ്ണും മിഴിച്ചു നില്കുന്നത് കണ്ട് ചിരി വന്നിരുന്നു എനിക്ക്...! അന്ന് രാത്രി ആ കുട്ടിക്കുള്ള ഫുഡ്‌ ഏട്ടന്റെ കയ്യിൽ കൊടുത്തു... ഏട്ടൻ നിർബന്ധം പിടിച്ചു വാങ്ങിച്ചു എന്ന് പറയാം... അമ്മയും അമ്മായിയും ഇപ്പോഴും നടന്നതൊന്നും വിശ്വസിക്കാൻ കഴിയാതെ നിൽക്കുവാണ്.... കാരണം ഞങ്ങൾക്കൊക്കെ ഒരു വേദന ഉണ്ടായാൽ പോലും അടുത്തേക്ക് തിരിഞ്ഞു നോക്കാത്ത ആൾ ആണ് ഇന്ന് ഇതൊക്കെ ചെയ്തു കൊടുക്കുന്നത്....!.......  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story