ഹൃധികാശി: ഭാഗം 37

hridikashi

രചന: അൻസിയ ഷെറി (അനു)

"ഹൃധികാ..." അറ്റൻഡൻസ് പറഞ്ഞതിന് ശേഷം ഇരിക്കാൻ തുനിഞ്ഞപ്പോഴാണ് സാറെന്റെ പേര് വീണ്ടും വിളിച്ചത്.... "താനെന്താ ഒരുപാട് ദിവസം ലീവ് ഉണ്ടല്ലൊ.. എന്ത് പറ്റിയതാ.." "സാറത് ബ്രദറിന്റെ മാരേജ് ആയിരുന്നു..ഞാൻ സാറിനോട് പറഞ്ഞിരുന്നു.." "ഓഹ്..ഞാനത് മറന്നു.. പിന്നെ..തനിക്കിപ്പോ ഒരുപാട് ലീവ് ഉണ്ട്ട്ടോ..ഈ വർഷം കഴിയാൻ ആയി.. ഇനി ലീവ് എടുക്കാതിരിക്കാൻ ശ്രമിക്കുക..ഓകെ..സിറ്റ്.." "ഓകേ സാർ..." പറഞ്ഞു കൊണ്ട് ഞാൻ വേഗം ഇരുന്നു.. അന്നത്തെ സംസാരത്തിന് ശേഷം അജ്മൽ സാർ എന്നോട് നല്ല കൂട്ടാണ്.. ആൾക്ക് കാശിയേട്ടനെ നന്നായി പരിചയമുണ്ട്... ❣️❣️❣️❣️ ആരെയും കാത്തു നിൽക്കാതെ ദിവസങ്ങൾ അങ്ങനെ കൊഴിഞ്ഞു പോയി... കാശിയേട്ടനെ കാണാറുണ്ടെങ്കിലും അധികമൊന്നും ഞങ്ങൾ തമ്മിൽ സംസാരിക്കാറില്ല.. അതിനുള്ള അവസരം കിട്ടിയിട്ടില്ലെന്ന് വേണം പറയാൻ... എക്സാം അടുത്തത് കൊണ്ട് തന്നെ മുഴുവൻ ശ്രദ്ധ അതിലേക്ക് തിരിച്ചു... ഇടയ്ക്കിടെ വീട്ടിലേക്ക് വിളിക്കാറുണ്ട്.. ഞാൻ പോരുന്നതിൻ മുന്നേ തന്നെ ആകാശേട്ടനോട് എല്ലാം ചോദിച്ചറിയണം എന്ന് കരുതിയതായിരുന്നു.. പക്ഷെ പറ്റിയില്ല.. ഏട്ടനും അഞ്ജുവും തമ്മിൽ ഇപ്പോഴും ഒരു മാറ്റവും ഇല്ലെന്ന് തന്നെയാണ് കേട്ടത്..അവൾ പറഞ്ഞിരുന്നു..

ഈ വർഷത്തോടെ കാശിയേട്ടന്റെ ക്ലാസ്സ്‌ കഴിയും... ഇനി തമ്മിൽ കാണാൻ പറ്റില്ലെന്ന് ഓർക്കുമ്പോൾ വല്ലാത്തൊരു വിങ്ങലാണ്... ഒരുപാടൊന്നും സംസാരിക്കാറില്ലെങ്കിലും ആളെ കണ്ടാൽ തന്നെ സന്തോഷമായിരുന്നു... അമ്മയോട് ഇനിയെല്ലാം പറയണം.. കാശിയേട്ടനെ ഇഷ്ടമുള്ള കാര്യം.. ഇത് വരെ ഞാൻ ജോലി ചെയ്തിരുന്ന കാര്യമൊഴികെ മറ്റൊന്നും ഞാൻ അമ്മയോട് മറച്ചു വെച്ചിട്ടില്ലായിരുന്നു... ഇതും അത് പോലെ പറയണം.. ഞങ്ങക്ക് വേണ്ടി ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട് പാവം.. എന്നിട്ട് ഞാൻ ഒന്നും പറയാതെ വേറെ ആരെങ്കിലും പറഞ്ഞറിഞ്ഞാൽ അമ്മക്ക് സങ്കടം ആകും... ----------- ഇന്നത്തോടെ എക്സാം കഴിയും.. ഇനി വീട്ടിലേക്ക്... കല്യാണത്തിന് ശേഷം ഇത് വരെ ആയിട്ട് പോയിട്ടില്ല... വീട്ടിലുള്ളവരെ മിസ് ചെയ്യുമ്പോഴെല്ലാം വിളിച്ച് സംസാരിക്കും... അതോടെ ആശ്വാസം തോന്നും... ഇന്നത്തോടെ കാശിയേട്ടന്റെ ക്ലാസും കഴിയും...ഒന്ന് അടുത്തിരുന്ന് സംസാരിക്കാൻ ആഗ്രഹം ഉണ്ടായിരുന്നു... പിന്നെ വേണ്ടെന്ന് വെച്ചു... എക്സാം കഴിഞ്ഞിറങ്ങിയതും പലരും കെട്ടിപ്പിടിച്ച് കരയുന്നത് കണ്ടു... ഇതോടെ മൂന്ന് വർഷത്തെ ജീവിതം കഴിഞ്ഞല്ലോ.. രണ്ട് വർഷം കഴിഞ്ഞാൽ ഞങ്ങളും ഇത് പോലെ ആയിരിക്കില്ലേ..?

"ഹാവൂ.. സമാധാനം ആയി.. എക്സാം ഒന്ന് കഴിഞ്ഞ് കിട്ടിയല്ലൊ.. ഇനി വേണം വീട്ടിൽ ചെന്നിട്ട് ഒന്ന് അടിച്ച് പൊളിക്കാൻ.." മാളുവിന്റെ സംസാരം കേട്ടാണ് ഞാൻ അവളെ നോക്കിയത്.. അവൾക്കൊരുപാട് കസിൻസ് ഉണ്ട്.. ഇടക്കിടെ അവരോടൊപ്പം ഷോപ്പിംങിനും മറ്റും പോകാറുമുണ്ട്.. ഞങ്ങടെ വീട്ടുകാർ തമ്മിൽ ബന്ധമൊന്നും ഇല്ലാത്തത് കൊണ്ട് എനിക്ക് അങ്ങനെ ആരും ഇല്ലായിരുന്നു... ഇപ്പൊ അഞ്ചു ഉണ്ട്...അതാണ് ആകെയുള്ള ആശ്വാസം.... ഗേറ്റ് കടന്ന് ഇറങ്ങാൻ നിൽകുമ്പോഴാണ് പെട്ടെന്ന് എവിടെ നിന്നോ ഓടി വന്ന് കാശിയേട്ടനെന്റെ കയ്യിൽ പിടിച്ചത്... "മാളൂ... നീ പൊക്കോ...ഹൃധൂനെ ഞാൻ ഹോസ്റ്റലിൽ ആക്കിക്കോളാം.." അതിന് തലയാട്ടിക്കൊണ്ട് അവളെന്നെ നോക്കി ആക്കിചിരിച്ചു പോയതും ഞാൻ ഒന്നും മനസ്സിലാകാതെ കാശിയേട്ടനെ നോക്കിയപ്പോഴേക്കും ആളെന്നെയും കൂട്ടി പുറത്തേക്ക് നടന്നിരുന്നു.... "കാശിയേട്ടാ... എങ്ങോട്ടാ ഈ പോകുന്നത്..." എന്റെ ചോദ്യത്തിന് മറുപടി തരാതെ തൊട്ടടുത്തുള്ള കൂൾ ബാറിലേക്ക് ഏട്ടൻ നടന്നു... ❣️❣️❣️❣️

"ഹൃധൂ...." തനിക്ക് എതിർവശം തല താഴ്ത്തിയിരിക്കുന്നവളെ നോക്കി കാശി വിളിച്ചിട്ടും തല ഉയർത്തി നോക്കിയില്ല... തങ്ങളെ പോലെ വന്ന ഒരുപാട് പേരുണ്ട്.. അവർക്ക് മുന്നിൽ കാശിയുടെ കൂടെ ഇരിക്കുമ്പോൾ കാശിക്കത് നാണക്കേട് ഉണ്ടാക്കുമോ എന്നവൾ ഭയന്നിരുന്നു... """ഹൃച്ചൂസേ...""" ആർദ്രമായ വിളിയോടൊപ്പം ടേബിളിന് മുകളിൽ വെച്ച അവളുടെ കൈക്ക് മുകളിൽ അവൻ കൈ വെച്ചതും ഹൃധു ഞെട്ടലോടെ കൈ വേർപെടുത്തിക്കൊണ്ട് അവനെ നോക്കി... "നീയെന്തിനാ ഇങ്ങനെ ഭയക്കുന്നത്..?" അവന്റെ ചോദ്യം കേട്ടതും അവൾ മറുപടിയൊന്നും പറയാതെ ചുറ്റും നോക്കിയിട്ട് തല താഴ്ത്തി ഇരിക്കുന്നത് കണ്ട് ഒന്ന് നെടുവീർപ്പിട്ടു കൊണ്ടവൻ ഇരുന്നിടത്ത് നിന്നും എഴുനേറ്റ് അവൾക്ക് അരികിലേക്ക് ചെയർ വലിച്ചിട്ടിരുന്നു... മടിയിൽ വെച്ചിരിക്കുന്ന അവളുടെ കൈകൾക്ക് മുകളിൽ കൈ വെച്ചതും ഹൃധു ഞെട്ടിക്കൊണ്ട് അവനിൽ നിന്നും കൈകൾ വേർപെടുത്താൻ ശ്രമിച്ചു... "ഹൃധൂ....." "മ്മ്...." "എന്റെ മുഖത്തേക്ക് നോക്ക്..." തല ഉയർത്തി അവൾ അവനെ നോക്കി.... "നിന്നോട് ഞാൻ പറഞ്ഞിരുന്നതെല്ലാം മറന്നു പോയോ..?" "എന്ത്..?" "ഓർമ്മയില്ലേ... എന്നെ അകറ്റി നിർത്തിയപ്പോഴെല്ലാം പറഞ്ഞു നടന്നിരുന്നത്..." അതിനവൾ മറുപടിയൊന്നും പറയാതെ തല താഴ്ത്തി നിന്നു...

"നിനക്കെന്നെ ഇഷ്ടമല്ലേ..?" അതിനവൾ തല ഉയർത്തിക്കൊണ്ട് അവനെ സംശയത്തോടെ നോക്കി.. ശേഷം തലയാട്ടി... "നീയെന്തിനാ മറ്റുള്ളവർക്ക് മുന്നിൽ തല താഴ്ത്തി നില്കുന്നത്.. എനിക്കിഷ്ടമല്ല അത്.. തെറ്റ് ചെയ്തവരാണ് തല താഴ്ത്തിയും പേടിച്ചും നില്കുന്നത്...നമുക്ക് രണ്ട് പേർക്കും പരസ്പരം ഇഷ്ടമാണ്..മറ്റുള്ളവരുടെ കാര്യമെന്തിനാ അപ്പൊ നമ്മൾ നോക്കുന്നത്... അവരെ ശ്രദ്ധിക്കാനേ പാടില്ല.. കേട്ടല്ലോ..." മറുപടിയൊന്നും പറയാതെ അവനിൽ നിന്നും മുഖം തിരിച്ചു കൊണ്ടവൾ പുറത്തേക്ക് നോക്കി... "ഹൃച്ചൂസേ...." വീണ്ടുമവന്റെ ശബ്ദം ചെവിയിൽ പതിഞ്ഞതും അത് വരെ അടക്കി നിർത്തിയ കരച്ചിലെല്ലാം അവളിൽ നിന്നും പുറത്തേക്ക് പൊട്ടി വന്നു.... "എ... എനിക്ക്.. പ.. പ.. പറ്റണില്ല കാശിയേട്ടാ.. ഞാ.. ഞാൻ ഒരുപാട് ശ്ര.. ശ്രമിച്ചതാ.. ഏട്ടൻ പ.. പറഞ്ഞത് പോലെ ഒ.. ഒന്നും ശ്രദ്ധിക്കാതിരിക്കാൻ.. പക്ഷെ ന്നെ...ന്നെക്കൊണ്ട് പ.. പറ്റണില്ല.." ഏങ്ങി ഏങ്ങി കരയുന്നവളെ കണ്ടവൻ അവളോട് വാത്സല്യം തോന്നി.. അവളുടെ കൈകളിൽ മുറുകെ പിടിച്ചു കൊണ്ട് തന്നോട് ചേർത്തതും അവളവന്റെ തോളിൽ മുഖം ചേർത്ത് കരഞ്ഞു.... "ദേ... കരച്ചിൽ നിർത്തിക്കെ.. നമ്മളെ കണ്ടോണ്ട് ആരേലും വന്നാൽ നിന്നെ ഞാൻ വല്ലതും ചെയ്‌തെന്നും പറഞ്ഞ് പിടിച്ച് ജയിലിലിടും..."

ചിരിച്ചു കൊണ്ട് അവൻ പറഞ്ഞതും അവൾ പെട്ടെന്ന് ഞെട്ടിക്കൊണ്ട് അവനിൽ നിന്നും അകന്നു മാറി മുഖം അമർത്തിത്തുടച്ചു കൊണ്ട് ചുറ്റും നോക്കി.... "ദേ... എന്റെ മുഖത്തേക്ക് നോക്ക്...മറ്റുള്ളവരെ ശ്രദ്ധിക്കണ്ട.. അവരൊക്കെ അവരുടെ ലോകത്താ.. നമ്മളെ ശ്രദ്ധിക്കില്ല..." അവൻ പറഞ്ഞത് കേട്ടതും അവൾ അവന്റെ മുഖത്തേക്ക് നോക്കി... അവൻ പെട്ടെന്ന് അവളുടെ കയ്യെടുത്ത് തന്റെ നെഞ്ചോട് ചേർത്തതും അവൾ സംശയത്തോടെ അവനെ നോക്കി... "ഈ ഇടനെഞ്ചു മുഴുവൻ നീയാണ് പെണ്ണേ.. നീ കഴിഞ്ഞേ എനിക്കീ ലോകത്തിൽ വേറെന്തുമുള്ളു... ഇനിയും നീ കരഞ്ഞോണ്ടിരിക്കരുത്.. നിന്നിലെ കുറവുകൾ പറഞ്ഞ് താഴ്ത്തുന്നവർക്ക് മുന്നിൽ നിന്റെ കഴിവുകൾ കാണിച്ച് തല ഉയർത്തി നടക്കണം.. എനിക്കറിയാം.. നല്ലൊരു വയലിസ്റ്റ് ആണ് നീ.. അത് പോലെ തന്നെ നല്ലൊരു പാട്ടുകാരിയും.. അതെല്ലാം കാണാതെ ഇല്ലാത്തത് പറഞ്ഞ് മോങ്ങിക്കൊണ്ട് ഇരിക്കരുത്.. കേട്ടല്ലോ... എന്തായാലും ഒറ്റയടിക്കൊന്നും മാറാൻ പറ്റില്ല.. എന്നാലും ശ്രമിക്കണം നീ.. സാധിക്കും.." അവളുടെ തലയിൽ തലോടിക്കൊണ്ട് അവൻ പറഞ്ഞതും ചിരിയോടെ അവൾ തലയാട്ടി... അവന്റെ വാക്കുകൾ കേട്ടിട്ടുണ്ടെങ്കിലും ഇന്നെന്തോ എന്നുമില്ലാത്തൊരു ആശ്വാസം അവൾക്ക് തോന്നി..

. "അല്ല.. കാശിയേട്ടൻ എങ്ങനെ ഞാൻ പാടുമെന്നും വയലിൻ വായിക്കുമെന്ന് ഒക്കെ അറിഞ്ഞേ...ആകാശേട്ടൻ പറഞ്ഞതാണോ.." അതിന് അവൻ മറുപടിയായി ഇരു കണ്ണുകളും ചിമ്മിക്കാണിച്ചു തലയാട്ടി.. "വാ... പോവാം.. ഇനിയും നിന്നാൽ ലേറ്റ് ആവും.. നീ ഇന്ന് വീട്ടിൽ പോകില്ലേ..?" "ആഹ്...പോകും.." "ശ്രദ്ധിച്ച് പോണേ..." "പോകാം.. ആകാശേട്ടൻ വരും ഹോസ്റ്റലിലേക്ക്.." "ആഹ്... പിന്നെ ഇനി നമ്മൾ എന്ന് കാണും എന്ന് പറയാൻ പറ്റില്ലാട്ടോ.. അത് കൊണ്ട് മിസ് ചെയ്യുമ്പോ ഞാൻ വിളിക്കണ്ട്...ഓകെ ന്നാ വാ പോകാം.." "ഏട്ടനെന്നെ ബസ് സ്റ്റോപ്പ്‌ വരെ ആക്കിത്തന്നാൽ മതി.. ഞാൻ അവിടുന്ന് പൊക്കോളാം.." "അതെന്താ.. ഞാൻ മാളുവിനോട് പറഞ്ഞതാ നിന്നെ ഹോസ്റ്റലിൽ ഇറക്കിത്തരാം എന്ന്..നീ വന്നേ..." "അത് വേണ്ട ഏട്ടാ.. ഞാൻ ഒറ്റക്ക് പൊക്കോളാം..ഏട്ടനെ എന്റെ കൂടെ എങ്ങാനും ഹോസ്റ്റലിൽ ആരേലും കണ്ടാൽ അത് മതി പ്രശ്നമാകാൻ..." അതിനവൻ തലയാട്ടിക്കൊണ്ട് സ്റ്റോപ്പ് വരെ അവളുടെ കൂടെ നടന്നു... ബസ് വന്നതും അവനെ ഒന്ന് നോക്കിക്കൊണ്ടവൾ ബസ്സിലേക്ക് കയറി... ഒന്നും മിണ്ടിയില്ല അപ്പോൾ... രണ്ട് പേരുടേയും ഹൃദയം പിടക്കുന്നുണ്ടായിരുന്നു... ഇനിയെന്ന് കാണും...? 🌸🌸🌸🌸 വീട്ടിലേക്കുള്ള യാത്രയിൽ എന്റെ മനസ്സാകെ കിടന്ന് പിടയുവായിരുന്നു...

മാളുവിനെ ഇനി ലീവ് കഴിഞ്ഞാൽ കാണാം.. പക്ഷെ കാശിയേട്ടൻ..!! ഏട്ടനെ ഇനി എന്ന് കാണും... അറിയില്ല...!! അപ്പോഴാണ് ഏട്ടന്റെ നമ്പറും കയ്യിലില്ലാത്ത കാര്യം ഓർമ്മ വന്നത്.. ശെ.. ഇനിയെങ്ങനെ വിളിക്കും... ഇനിയൊരു കണ്ട് മുട്ടൽ ഇല്ലെങ്കിലോ..? അറിയില്ല ഒന്നും... ചിന്തകളിൽ നിന്നും പുറത്തേക്ക് വരാൻ വേണ്ടി ആകാശേട്ടനോട് സംസാരിച്ചിരുന്നു... അപ്പോഴാണ് എനിക്കാ കാര്യം ഓർമ്മ വന്നത്... "ഏട്ടാ... ഞാനൊരു കാര്യം ചോദിക്കട്ടെ..?" "എന്താ.. ഹൃധു..." "അന്ന് സത്യത്തിൽ നടന്നതെന്താ..ഏട്ടന്റെ മാറ്റത്തിൻ കാരണം അഞ്ചുവാണോ..?" കുറച്ചു നേരം ഏട്ടൻ ഒന്നും മിണ്ടിയില്ല.. ശേഷം പറഞ്ഞു തുടങ്ങി... "ഞാൻ ഇങ്ങനെ മാറിയതിൽ അഞ്ചുവിനും പങ്കുണ്ട്.. പക്ഷെ മുഴുവനായില്ല.. നിനക്കറിയാലോ.. അന്ന് ഞാൻ അവസാനമായി നിങ്ങളോട് വഴക്കിട്ട് വീട്ടിൽ നിന്നിറങ്ങിപ്പോന്നത്.. തെരുവിൽ കണ്ട കുടിയന്മാരുടെ കൂടെയൊക്കെ ആയിരുന്നു കുറച്ചു ദിവസം ജീവിച്ചിരുന്നത്... പക്ഷെ ഒരു ദിവസം എനിക്കൊരു ആക്സിഡന്റ് സംഭവിച്ചു... ഒരാൾ പോലും തിരിഞ്ഞു നോക്കാതെ പോയപ്പോൾ ഒരമ്മയും മകളുമായിരുന്നു അന്നെന്നെ രക്ഷിച്ചത്... അവരാണ് എന്നെ ഹോസ്പിറ്റലിൽ കൊണ്ട് പോയത്.. അവിടുന്ന് അവരുടെ വീട്ടിലേക്കും...

ആരെന്നോ എന്തെന്നോ അറിയാത്ത ഒരാളെ തങ്ങളുടെ വീട്ടിൽ താമസിപ്പിച്ചപ്പോൾ എനിക്ക് അത്ഭുതം ആയിരുന്നു... ചെറുപ്പത്തിൽ തന്നെ ഭർത്താവ് ഇട്ടേച്ചു പോയി.. വലുതായപ്പോൾ മകൻ അമ്മയേയും പെങ്ങളേയും കൂടെ താൻ നോക്കേണ്ടി വരുമെന്ന് തോന്നിയപ്പോൾ അവനും അവിടെ നിന്നിറങ്ങി... നിനക്കറിയോ..ആ നിമിഷം..!! ആ നിമിഷം..!! അവരെ ഇട്ടേച്ചു പോയ മകനിൽ ഞാൻ കണ്ടത് എന്നെ തന്നെയായിരുന്നു... ഒരുപാട് കുറ്റബോധം തോന്നി..ഞാൻ ചെയ്ത തെറ്റിന്റെ ആഴം അന്നാണ് ഞാൻ തിരിച്ചറിഞ്ഞത്... പതിയെ അവരോട് ഞാൻ കൂട്ടായി... ആവശ്യങ്ങൾ നിറവേറ്റുന്നതിനായി അങ്ങോട്ടും ഇങ്ങോട്ടും ഓടി നടക്കുന്ന അവരെ കാണുമ്പോഴായിരുന്നു ഞാൻ നിങ്ങളുടെ വില തിരിച്ചറിഞ്ഞത്... ആ പെൺകുട്ടിയിൽ ഞാൻ കണ്ടത് നിന്നെ തന്നെയായിരുന്നു ഹൃധു... പഠിപ്പും ജോലിയും ഒരുമിച്ചു കൊണ്ട് പോകുന്ന അവളെ കാണുമ്പോൾ അവളിൽ ഞാൻ നിന്നെയായിരുന്നു കണ്ടത്... എനിക്ക് കുറച്ചൊക്കെ ബേധമായപ്പോൾ ഞാൻ തന്നെ അവിടെ നിന്നും ഇറങ്ങി..

എന്റെ ബാധ്യത കൂടെ അവരിൽ ഏൽപിക്കാൻ ഞാൻ ശ്രമിച്ചിരുന്നില്ല... അവരോട് എനിക്കെന്നും കടപ്പാടുണ്ട്.. എന്നെ ഇങ്ങനെ മാറ്റിയെടുത്തത്തിൽ അവരോട് തീർത്താൽ തീരാത്ത നന്ദിയുണ്ട്.. എന്നെങ്കിലും ഒരിക്കൽ കാണുമ്പോൾ നന്ദി പറയണമെന്നുണ്ട്... അഞ്ചുവുമായി താമസിക്കുമ്പോഴും എനിക്കത് പോലെ തന്നെയായിരുന്നു.. അവളുടെ ഓരോ പ്രവർത്തികളും എന്നെ ഒരുപാട് മാറ്റിയിരുന്നു... " പറഞ്ഞു നിർത്തുമ്പോൾ ഏട്ടന്റെ കണ്ണും നിറഞ്ഞിരുന്നു... പിന്നെ ഞങ്ങളൊന്നും സംസാരിച്ചില്ല.. ഇപ്പൊ മനസ്സ് ശാന്തമായിരിക്കുന്നു... തേടി നടന്ന ചോദ്യത്തിനുള്ള ഉത്തരം ലഭിച്ചു..! .........  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story