ഹൃധികാശി: ഭാഗം 39

hridikashi

രചന: അൻസിയ ഷെറി (അനു)

രാവിലെ മുറ്റമടിച്ചു വാരാനായി ചൂലുമെടുത്ത് ഇറങ്ങിയപ്പോഴാണ് ഗേറ്റ് കടന്ന് പെട്ടെന്നൊരു കാർ വന്നത്... കയ്യിലിരുന്ന ചൂൽ പിറകിലേക്ക് വെച്ചു കൊണ്ട് കാറിലേക്ക് തന്നെ നോക്കിയതും അതിൽ നിന്നും ഇറങ്ങിയ ആളെ കണ്ട് നെഞ്ചിലൊരു വെള്ളിടി വെട്ടി... അഞ്ജുവിന്റെ അച്ഛൻ..!! വരുമെന്ന് വിചാരിച്ചിരുന്നെങ്കിലും ഇത്ര പെട്ടെന്ന് ആകുമെന്ന് കരുതിയില്ല.. ഒരിക്കൽ അഞ്ചു ഫോട്ടോ കാണിച്ചു തന്നത് കൊണ്ടാണ് ഇന്ന് ആളെ മനസ്സിലായത്... "എന്റെ മോൾ അഞ്ചുവില്ലേ ഇവിടെ?" ആ ചോദ്യമാണ് എന്നെ ചിന്തകളിൽ നിന്നും പുറത്തേക്ക് കൊണ്ട് വന്നത്... ""ഇവിടെ നിങ്ങളുടെ മകൾ അഞ്ചുവില്ല.. എന്റെ ഭാര്യ അഞ്ജലി ആണുള്ളത്.."" പിറകിൽ നിന്നും ഉറച്ച ശബ്ദത്തിൽ പറഞ്ഞത് കേട്ട് ഞെട്ടലോടെ തിരിഞ്ഞു നോക്കിയതും അഞ്ചുവിനെ ചേർത്ത് പിടിച്ചു കൊണ്ട് നിൽക്കുന്ന ആകാശേട്ടനെയാണ് കണ്ടത്... ------------- "മോനേ.. ഞാൻ..." "ഒന്നും പറയണ്ട നിങ്ങൾ..!!എല്ലാം നഷ്ടപ്പെട്ടപ്പോഴാണോ ഇങ്ങെനെയൊരു മകളുണ്ടെന്നുള്ള കാര്യം ഓർമ്മ വന്നത്.. പണത്തിനും അഭിമാനത്തിനും ആയിരുന്നില്ലേ മുൻതൂക്കം കൊടുത്തിരുന്നത്.. എന്നിട്ടെന്ത്‌ പറ്റി.. പണം നോക്കി വന്നവർ തന്നെ ഭാര്യയെ കൊലപ്പെടുത്തി.. നിങ്ങടെ സ്വത്തുക്കളെല്ലാം തട്ടിയെടുത്തു.. അപ്പൊ മകളെ തേടി വന്നു.. അതല്ലേ.."

പറഞ്ഞു കൊണ്ട് നിർത്തുമ്പോൾ അയാളുടെ തല താണിരുന്നു... ഹൃധുവും അഞ്ചുവും ഒരു ഞെട്ടലോടെ ആകാശിനെ നോക്കി... "അ.. അമ്മ.. ന്റെ അമ്മ..." മിഴികളിൽ പൊടിഞ്ഞ കണ്ണീരോടെ ആകാശിൽ നിന്നും അകന്നു കൊണ്ട് അവൾ അയാൾക്ക് നേരെ നടന്നു... "ഞാ... ഞാൻ.. ഞാൻ കേട്ടത് സത്യമാണോ..ന്റെ.. ന്റെ അമ്മ...?" ഇടർച്ചയോടെ ആയിരുന്നെങ്കിലും ഉറച്ചതായിരുന്നു അവളുടെ ശബ്ദം.. തനിക്ക് നേരെ ഒന്ന് മുഖം തിരിക്കാൻ പോലും ഭയന്നിരുന്നവൾ ഇന്ന് തന്റെ മുഖത്ത് നോക്കി സംസാരിക്കുന്നു.. അതും അമ്മക്ക് വേണ്ടി..!! അയാൾക്ക് അവളുടെ മുഖത്ത് നോക്കാൻ ലജ്ജ തോന്നി... തല താഴ്ത്തി നിൽക്കുന്ന അയാളുടെ കോളറിൽ പെട്ടെന്നവൾ പിടിച്ചതും ഞെട്ടലോടെ അയാളവളെ നോക്കി.. "പ.. പറ.. പറയാൻ.. ന്റെ അമ്മയെ നിങ്ങളെന്താ ചെയ്തേ.. കൊന്നോ..?ശല്യമായിരുന്നെങ്കിൽ എനിക്ക് തന്നൂടായിരുന്നോ.. ഞാൻ നോക്കുമായിരുന്നല്ലോ... ന്റെ.. ന്റെ അമ്മയെ.." പറഞ്ഞു പൂർത്തിയാക്കുന്നതിന് മുന്നേ അയാളുടെ കോളറിലുള്ള അവളുടെ പിടി അയഞ്ഞു കൊണ്ട് നിലത്തേക്ക് വീണിരുന്നു... ഞെട്ടലോടെ അവളെ പിടിക്കാനായി അയാൾ തുനിഞ്ഞതും അതിന് മുന്നേ ആകാശ് ഓടിവന്നവളെ എടുത്തിരുന്നു...എന്നിട്ട് രൂക്ഷമായി അയാളെ ഒന്ന് നോക്കി...

"ഇത്രയും നേരം ഞാൻ ഒന്നും മിണ്ടാതിരുന്നത് അവൾക്ക് പറയാനുള്ളത് പറയട്ടെ എന്ന് കരുതിയിട്ടായിരുന്നു.. പിടിച്ചു പുറത്താക്കുന്നതിന് ഇവിടുന്ന് പോകുന്നതാ നിങ്ങൾക്ക് നല്ലത്.. അല്ലെങ്കിൽ പ്രായത്തിൽ മുതിർന്നത് ആണെന്ന് പോലും ഞാൻ മറന്ന് പോകും.. ഇനിയെന്റെ അഞ്ചുവിനെ തിരഞ് വരരുത്.." പറഞ്ഞു കൊണ്ടവൻ അവളെ എടുത്ത് അകത്തേക്ക് പോയി... ______ തലയിലൂടെ ആരുടെയോ തഴുകൽ അറിഞ്ഞവൾ തല ചെരിച്ചു നോക്കിയതും തന്നെ നോക്കി ചെറു പുഞ്ചിരിയുമായി ഇരിക്കുന്ന അമ്മയെ കണ്ട് വിടർന്ന കണ്ണുകളോടെ ബെഡ്‌ഡിൽ എഴുനേറ്റിരുന്നു... "അ....അമ്മാ..." പറഞ്ഞു കൊണ്ടവൾ പെട്ടെന്നവരെ കെട്ടിപ്പിടിച്ചു... "അ.. അഞ്ചു മോളേ.. അമ്മയല്ല.. ഞാനാ.." പെട്ടെന്ന് ആകാശിന്റെ ശബ്ദം കേട്ടതും ഞെട്ടലോടെ അകന്നു മാറിയ അഞ്ചു അമ്മക്ക് പകരം തനിക്ക് മുന്നിൽ ഇരിക്കുന്ന ആകാശിനെ കണ്ട് പെട്ടെന്ന് ചാടി എഴുനേറ്റു... "അമ്മ... ന്റെ അമ്മാ.. ന്റെ അമ്മ ഇപ്പൊ ഇവിടെ ഉണ്ടായിരുന്നു.. ഞാൻ കണ്ടതാ..അ.. അമ്മേ.." വിളിച്ചു കൊണ്ടവൾ മുറിയാകെ തിരഞ്ഞു കൊണ്ട് ഓടിയതും അത് കണ്ട് അവന്റെ ഹൃദയം പിടഞ്ഞു... ബെഡ്‌ഡിൽ നിന്നും ദൃതിയിൽ എഴുനേറ്റ് അവൾക്കരികിലേക്ക് ഓടി ചെന്നു കൊണ്ട് അവളെ തന്റെ നെഞ്ചോട് ചേർത്ത് ഇറുകെ കെട്ടിപ്പിടിച്ചു...

"അമ്മ പോയെടി... ഒന്ന് മനസ്സിലാക്ക്.. അമ്മ പോയി.. നമ്മളെ തനിച്ചാക്കി അമ്മ പോയി.." അവന്റെ വാക്കുകൾ കർണപടത്തിൽ വന്ന് പതിഞ്ഞതും അവളുടെ കൈകൾ അവനിൽ മുറുകി... കണ്ണീർ അവന്റെ നെഞ്ചിനെ നനയിപ്പിച്ചു.. അവന്റെയും മിഴികൾ നിറഞ്ഞൊഴുകി... --------------------- അഞ്ചുവിന്റെ അവസ്ഥ കണ്ടപ്പോൾ എന്തോ എനിക്ക് പിടിച്ചു നിൽക്കാൻ സാധിച്ചില്ല... അവൾക്കെപ്പോഴും അമ്മയെ കുറിച്ച് പറയാനേ നേരമുണ്ടായിരുന്നുള്ളു.. എന്റെ സൂപ്പർഹീറോ എന്റെ അമ്മയാണെന്ന് ഒരായിരം തവണ അവളെന്നോട് മൊഴിഞ്ഞിട്ടുണ്ട്... ആ അമ്മ ഇന്നീ ലോകത്ത് ഇല്ലെന്ന് അറിയുമ്പോൾ അവളുടെ അവസ്ഥ..!! ഒന്ന് സന്തോഷിച്ചു വരികയായിരുന്നു അവൾ.. അപ്പോഴേക്കും ഇങ്ങനെയൊന്ന് പ്രതീക്ഷിച്ചിരുന്നില്ല... അവളുടെ അവസ്ഥ കാണുമ്പോൾ നെഞ്ച് പിടയുന്നുണ്ടായിരുന്നു.. കുറച്ച് ദിവസങ്ങൾ കൊണ്ട് തന്നെ മാളുവിനെപ്പോലെ എന്റെ ഹൃദയത്തിൽ സ്ഥാനം പിടിച്ചവളായിരുന്നു അഞ്ജുവും.!! ഒരു ദിവസം പോലും അവളോട് സംസാരിക്കാതെ ഇരുന്നിട്ടില്ല.. ഹോസ്റ്റലിൽ ആകുമ്പോ തന്നെ ചാറ്റിംഗ് ചെയ്യാറുണ്ടായിരുന്നു... ആ അവളിപ്പോ എന്നോട് ഒന്ന് മിണ്ടിയിട്ട് രണ്ട് ദിവസമായി.. എന്നോട് മാത്രമല്ല.. ആരോടും മിണ്ടാറില്ല...

ചോദിക്കുന്നതിൻ പോലും എപ്പോഴെങ്കിലും മാത്രം മറുപടി.. ഈ ലോകത്തേ അല്ലെന്ന രീതിയിലുള്ള അവളുടെ ഇരുത്തം കാണുമ്പോൾ ഭയമാണ്... ഇടക്കിടെ അമ്മാ എന്നുള്ള നാമം മാത്രം അവളുടെ വായിൽ നിന്നും വീഴുമ്പോൾ ഉള്ളിലെ വിഷമം കൂടിക്കൂടി വരികയായിരുന്നു... ഉറക്കം വരാതെ മുകളിലേക്കും നോക്കി കിടക്കുമ്പോഴാണ് പെട്ടെന്ന് ഫോൺ അടിച്ചത്.. ഞെട്ടലോടെ കയ്യെത്തിച്ച് എടുത്തു നോക്കിയതും കാശിയേട്ടൻ..!! രണ്ട് ദിവസമായി ഏട്ടനോട് ഒന്ന് മിണ്ടിയിട്ടില്ല..ഫോൺ പോലും നേരാ വണ്ണം നോക്കിയിട്ടില്ലെന്ന് വേണം പറയാൻ.. ഉള്ള് നിറയെ അഞ്ജുവും അവളുടെ അമ്മയും മാത്രമായിരുന്നു..!! അവളുടെ വാക്കുകളിലൂടെ തന്നെ ആ പാവം അമ്മയെ ഞാൻ സ്നേഹിച്ചിരുന്നു.. അവരുടെ വേർപാട് എന്നെയും തളർത്തിയത് അത് കൊണ്ടായിരിക്കാം.. ഫോൺ എടുക്കാൻ തോന്നിയില്ല..ബെല്ലടിച്ചു തീർന്നതും വീണ്ടും മുകളിലേക്ക് നോക്കി കിടന്നു... അപ്പോഴേക്കും വീണ്ടും അടിച്ചു.. ഇനിയും എടുത്തില്ലെങ്കിൽ ശെരിയാവില്ലെന്ന് തോന്നിയതും മനസ്സിനെ നിയന്ത്രിച്ചു കൊണ്ട് കാൾ അറ്റൻഡ് ചെയ്ത് ചെവിയോട് ചേർത്തു... "എവിടെ പോയി കിടക്കുവായിരുന്നെടി പുല്ലേ..എത്ര തവണ വിളിച്ചു എന്നറിയോ.. കാണാഞ്ഞിട്ട് എന്തെങ്കിലും പറ്റിയോന്ന് പോലും ഞാൻ ഭയന്നു...

ഇനിയും കണ്ടില്ലെങ്കിൽ അങ്ങോട്ട് വരാൻ നിൽക്കുവായിരുന്നു.." കിതപ്പോടെ മറുപുറത്ത് നിന്നുള്ള കാശിയേട്ടന്റെ ശബ്ദം കേട്ടപ്പോഴാണ് ആളെത്ര മാത്രം ഭയന്നിട്ടുണ്ടെന്ന് മനസ്സിലായത്.. "എനിക്കൊന്നുമില്ല കാശിയേട്ടാ.. ചെറിയ ഒരു തല വേദന ആയിരുന്നു.. അപ്പോ ഫോൺ എടുത്തു നോക്കിയിരുന്നില്ല.." ഉള്ളത് പറയാൻ തോന്നിയില്ല.. "ഹൃധൂ...ഞാനിപ്പോ വീഡിയോ കാൾ ചെയ്യും.. എന്നോട് ഇഷ്ടമുണ്ടെങ്കിൽ നീയത് എടുക്കണം.." മറുപടിക്ക് കാക്കാതെ ഏട്ടൻ കാൾ കട്ട് ചെയ്തതും എനിക്ക് മനസ്സിലായിരുന്നു എന്തിനാണ് ഈ വിളിയെന്ന്.. ഫോൺ അടിച്ചതും മുഖം അമർത്തി തുടച്ചു കൊണ്ട് കാൾ അറ്റൻഡ് ചെയ്തു.... മറുപുറത്ത് ഏട്ടന്റെ മുഖം തെളിഞ്ഞതും വേഗം തല താഴ്ത്തിയിരുന്നു... എന്തോ ആ മുഖത്തേക്ക് നോക്കിയാൽ ഒന്നും പിടിച്ചു വെക്കാൻ ആകില്ല എനിക്ക്..!! "ഹൃധൂ....." "..." "തലയൊന്ന് ഉയർത്തി എന്നെ നോക്ക് പെണ്ണേ.." ദയനീയമായ ആ സ്വരം കേട്ടതും ചുണ്ടിൽ ചിരി വരുത്തിക്കൊണ്ട് തല ഉയർത്തി... എന്റെ മുഖം കണ്ട് ഒരു ഞെട്ടലോടെ ഏട്ടൻ നില്കുന്നത് കണ്ട് ഞാൻ വേഗം തല താഴ്ത്തിക്കൊണ്ട് കാൾ കട്ട് ചെയ്തു... ശേഷം ഫോൺ സ്വിച്ച് ഓഫ്‌ ചെയ്തു കൊണ്ട് ബെഡ്‌ഡിലേക്ക് ചുരുണ്ടു കൂടി... ❣️❣️❣️❣️

നിർത്താതെ ഡോറിലുള്ള മുട്ട് കേട്ടപ്പോഴാണ് ഹൃധു കണ്ണ് തുറന്നത്.. ബെഡ്‌ഡിൽ എഴുനേറ്റിരുന്ന് മുടി ചുരുട്ടിക്കെട്ടിക്കൊണ്ട് മുന്നിലുള്ള ക്ലോക്കിലേക്ക് നോക്കി... പത്ത് മണി ആയെന്ന് കണ്ടതും ഞെട്ടിപ്പിടന്ന് എഴുനേറ്റ് കൊണ്ട് പോയി ഡോർ തുറന്നു... "സോറി...അമ്മാ..ഇത്തിരി ലേറ്റായിപ്പോയി.." പറഞ്ഞു കൊണ്ടവൾ നോക്കിയത് തനിക്ക് മുന്നിൽ നിൽക്കുന്ന കാശിയെ ആണ്.. കണ്ണ് മിഴിച്ചു കൊണ്ട് ചുറ്റും നോക്കിയിട്ട് അവൾ അവനെ നോക്കി.... "കാ..കാശിയേട്ടൻ..എന്താ ഇവിടെ.. അതോ ഇനി ഉറക്കത്തിൽ എങ്ങാനും ഞാൻ കാശിയേട്ടന്റെ അടുത്തേക്ക് വന്നതാണോ.. അതൊ ഇനി സ്വപ്നമാണോ..😱" അത് കേട്ടതും കാശി അവളുടെ തലക്കിട്ട് ഒരു കൊട്ട് കൊടുത്തു കൊണ്ട് പറഞ്ഞു... "എടി പൊട്ടി.. ഒരു സ്വപ്നവും കൊപ്നവും അല്ല.. ഞാൻ നിന്റെ വീട്ടിലേക്ക് വന്നതാ.. നിന്നെ കാണാൻ വേണ്ടി.." ഞെട്ടലോടെ ഹൃധു കാശിയുടെ കൈ പിടിച്ച് റൂമിലേക്ക് വലിച്ചു കൊണ്ട് ചുറ്റും നോക്കി ഡോർ അടച്ചു കൊണ്ട് കിതച്ചു... "കാശിയേട്ടനെന്തിനാ ഇവിടെ വന്നിരിക്കുന്നെ.. ആരേലും കണ്ടോ.."

"മ്മ്.. കണ്ടു.. നിന്റെ അമ്മ.." ഞെട്ടലോടെ തല ഉയർത്തി നോക്കിയ ഹൃധു തന്നെ അടിമുടി നോക്കി നിൽക്കുന്ന കാശിയെ കണ്ട് സ്വയമൊന്ന് നോക്കി.. ശേഷം ഞെട്ടലോടെ കൈകൾ കൊണ്ട് സ്വയം പൊതിഞ്ഞു... "അത് പിന്നെ.. ഞാൻ രാത്രി ഇതിട്ടാ കിടക്കാർ.." "കൊള്ളാം.. എനിക്കിഷ്ടായി.." "എന്ത്..😨" അതിനവൻ സൈറ്റ് അടിച്ച് കാണിച്ചതും ഹൃധു കണ്ണും മിഴിച്ച് അവനെ നോക്കി... "കാശിയേട്ടൻ എന്തൊക്കെയാ പറയുന്നേ.. ഛീ.. നാണല്ലേ..." "ങേ.. നിനക്കീ ഡ്രെസ്സ് നല്ല ഭംഗിയുണ്ട്.. അത് പറയാൻ എന്തിനാ നാണം.. നീ ഇനി വേറെ വല്ലോം വിചാരിച്ചോ.." ഞെട്ടലോടെ ഹൃധു ഇല്ലെന്ന് തലയാട്ടിക്കൊണ്ട് അവനെ നോക്കി വെളുക്കനെ തിരിച്ചു..പിന്നെ എന്തോ ഓർത്ത പോലെ ഞെട്ടി അവനെ നോക്കി... "അമ്മ കണ്ടെന്നല്ലേ പറഞ്ഞത്.. എന്നിട്ട് ഒന്നും പറഞ്ഞില്ലേ.. ഈശ്വരാ.. പണി പാളോ..!".........  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story