ഇനിയും പൂക്കാം നിനക്കായ് : ഭാഗം 25

iniyum pookkam ninakkay

എഴുത്തുകാരി: ബിജി

ഋഷി ..... പരിഭ്രമത്തോടെയായിരുന്നു ജ്വാലയുടെ സംസാരം ....... ഇങ്ങോട്ടൊന്നും പറയരുത്...... ഞാൻ പറയുന്നത് ശ്രദ്ധയോടെ കേൾക്കണം ..... ക്രൂഷ്യൽ സിറ്റ്വേഷനിലാണ് ഞാൻ ... അവളൊന്ന് വിറച്ച പോലെ തോന്നി ഭഗതിന്....... എത്രയും പെട്ടെന്ന് ഇങ്ങോട്ടു വരണം ഇരുപത്തിനാലിന് രാത്രി കൃതം 11 മണിക്ക് ബാദ്ഷാ ഹാളിന് പിന്നിൽ വണ്ടിയുമായി എത്തണം...... ആരും അറിയരുത് ഭഗത് മാഷ് ഒരിക്കലും അറിയരുത്..... അതോടെ കോളും കട്ടായി.....??? ബ്ലാക്ക് ഓഡി NH വഴി അക്ഷരാർത്ഥത്തിൽ പറക്കുകയായിരുന്നു...ഡ്രൈവിങ് സീറ്റിൽ ഭഗത് അക്ഷമനായിരുന്നു. എന്തോ ആപത്തിൽ പെട്ടിട്ടുണ്ട്.... സ്വഭാവം അനുസരിച്ച്...... എന്തി ലോ തല വെച്ചിട്ടുണ്ട്.....??? അതും പോരാഞ്ഞിട്ട് താനറിയരുതെന്ന്........??? അവൾക്ക് നന്നായി അറിയിച്ചു കൊടുക്കാം...... ഒന്നും പറ്റാണ്ടിരുന്നാൽ മതിയാരുന്നു...... അവളുടെ വിറയലോടെയുള്ള ശബ്ദം അവൻ്റെ നെഞ്ചിൽ വീണ് പിടയുന്നുണ്ടായിരുന്നു....... മൂന്ന് ദിവസങ്ങൾക്ക് ശേഷം സന്ധ്യയോടെ ദർബാർ ഹാളിൻ്റെ മുന്നിൽ ഭഗത് എത്തിയിരുന്നു....... എത്രയും പെട്ടെന്ന് രാത്രി ആയാൽ മതിയെന്നുള്ള ചിന്തയായിരുന്നവന് .... ആരെങ്കിലും അവളെ ഉപദ്രവിച്ചോ? എന്തിന് അവൾ ഇവിടെയെത്തി.....?? ഇങ്ങനെ നൂറ് നൂറ് ചോദ്യങ്ങൾ അവനെ ഉത്കണ്ഠപ്പെടുത്തി കൊണ്ടിരുന്നു..... 10.30 pm കഴിഞ്ഞപ്പോഴേക്കും ഭഗതിൻ്റെ നെഞ്ചിടിപ്പേറി.....

മാസങ്ങൾക്കു ശേഷം കാണുന്നതിൻ്റെ സന്തോഷത്തിനൊപ്പം അവൾക്കെന്തെങ്കിലും പറ്റിയോന്നുള്ള വിഷമവും ഒരു പോലെയവനെ അലട്ടുന്നുണ്ടായിരുന്നു....... പതിനൊന്നായപ്പോഴേക്കും ഹാളിനു പിനിലുള്ള റോഡ് സൈഡിൽ വണ്ടി ഒതുക്കി...... നാലുപാടും നോക്കിക്കൊണ്ട് ഡ്രൈവിങ് സീറ്റിലിരുന്നു..... ഒന്നു കണ്ണു ചിമ്മി തുറന്ന മാത്രയിൽ ആരൊക്കെയോ ഓടിയടുക്കുന്ന ശബ്ദം കേട്ടുകൊണ്ടവൻ ഡോർ തുറന്ന് പുറത്തേക്കിറങ്ങി....... മൂന്നാല് ചെറിയ പെൺകുട്ടികൾക്കൊപ്പം ജ്വാല..... അവർ പ്രാണരക്ഷാർത്ഥം ഓടി വരികയാണ്..... ജ്വാല ഇടയ്ക്കൊക്കെ തിരിഞ്ഞു നോക്കുന്നുണ്ട്. .... മുടിയൊക്കെ അഴിഞ്ഞുലഞ്ഞ്..... അടുത്ത് വരുംതോറും അവളെ വ്യക്തമായി കണ്ടു...... കൈയ്യില് കത്തിയാൽ വരഞ്ഞതു പോലെ... അതിൽ നിന്ന് രക്തം ഒലിക്കുന്നുണ്ട്...... ഇട്ടിരിക്കുന്ന ആഷ് കളർ ചുരിതാർ അവിടവിടെയായി കീറിയിട്ടുണ്ട് '.... മുഖമാകെ വിയർത്തൊലിച്ച്...... അവളാകെ തളർന്നിരുന്നു. പത്ത് പതിനഞ്ചു വയസ്സുള്ള പെൺകുട്ടിയും .... കൂട്ടത്തിൽ ഏഴോ എട്ടോ വയസ്സ് തോന്നിക്കുന്ന രണ്ട് പെൺകുട്ടികളും .... നാലുവയസ്സു തോന്നിക്കുന്ന പെൺകുട്ടിയെ ജ്വാല എടുത്തിട്ടുണ്ട്...... ഇതൊക്കെ കണ്ട് തലകറങ്ങിയ അവസ്ഥയിൽ ഭഗത് നിന്നു..... ഇവളിതെന്താണോ കാട്ടി കൂട്ടുന്നത്......

കൈയ്യിൽ നിന്ന് രക്തം വരുന്നത് കണ്ടതും നെഞ്ചൊന് കലങ്ങി...... ഭഗത് പെട്ടെന്ന് അവരുടെ മുന്നിലേക്ക് ചെന്നു....... ഭഗതിനെ കണ്ടതും ഉരുകിപ്പോയവൾ...... ശ്വാസം വിലങ്ങിയ പോലെ നിന്നു പോയവൾ....... ഇത്രകാലം വിട്ടകന്ന ആത്മാവ് കൈയ്യെത്തുംദൂരത്ത്...... അവളെയൊന്ന് ചേർത്തു പിടിക്കാൻ ഉള്ളം കൊതിച്ചു.... ഋഷി..... ഋഷിയേട്ടൻ വിക്കി വിക്കിയവൾ ചോദിച്ചു...... എന്തേ ഋഷിയുണ്ടേലേ നീ വരികയുള്ളോ.....?? ഭഗത് അവളുടെ മിഴികളിൽ നോട്ടമുറപ്പിച്ചു ചോദിച്ചതും ഒന്നും മിണ്ടിയില്ല...... ജ്വാലയാണേൽ ആകെ ഫ്യൂസ് പോയ അവസ്ഥയാരുന്നു...... ഒന്നും മിണ്ടാതെ കുട്ടികളുമായി പിന്നാലെ കയറി...... വേഗം തന്നെയവൻ വെള്ളം നിറച്ച ബോട്ടിലെടുത്ത് കൊടുത്തു... ഫസ്റ്റ് എയ്ഡ് ബോക്സെടുത്ത് ..... അവളെയൊന്നു നോക്കി കൊണ്ട് ആ കൈയ്യിലെ മുറിവ് അവൻ ക്ലീൻ ചെയ്തു..... വേദനിച്ച് കൈ വലിച്ചപ്പോൾ മെല്ലെയവൻ ഊതി കൊടുത്തു..... നേരിയ ഒരു വിറയൽ പൊള്ളിയടർന്നവളിൽ ..... ചുണ്ടിൻ്റെ ഒരു കോണിൽ വിരിയുന്ന പുഞ്ചിരിയിൽ അവൾ വേദനകളെല്ലാം മറന്നു പോയി. ഭഗത് ഒന്നും മിണ്ടാതെ മരുന്നൊക്കെ വച്ച് മുറിവ് കെട്ടി..... പിന്നെ വണ്ടി ഓടിക്കുന്നതിലേക്ക് ശ്രദ്ധ ഊന്നി . ഭഗത് ഫ്രണ്ട് ഗ്ലാസിലൂടെ നോക്കിയപ്പോൾ ആ കുട്ടികളേയും നെഞ്ചോട് ചേർത്ത് കണ്ണടച്ചിരിക്കുന്നവളെയാണ് കണ്ടത്.... കവിളിലും ചുണ്ടിലും കരിനീലിച്ച പാടുകൾ ..... എവിടെ ആയിരുന്നു ഇവൾ...... ഈ കുട്ടികളൊക്കെ ഏതാണ്....?? ഒരായിരം ചോദ്യങ്ങൾ അവൻ്റെയുള്ളിൽ ചിറക് മുളച്ചുവെങ്കിലും .....

ഒന്നുമവൻ ചോദിച്ചില്ല....... കാർ അവരെയും കൊണ്ട് കിലോമീറ്ററുകൾ താണ്ടി കൊണ്ടേയിരുന്നു....... അതിരാവിലെ മുഖത്ത് വെളിച്ചം തട്ടിയപ്പോഴാണ് ജ്വാല ഉണർന്നത്....... ഏതോ ഗ്രൗണ്ടിലേക്ക് വണ്ടി ഒതുക്കിയിട്ട് ഭഗത് നല്ല ഉറക്കമാണ്...... എത്രയൊക്കെ കണ്ണുകളെ അരുതെന്നു പറഞ്ഞു പഠിപ്പിച്ചാലും മിഴികൾ അനുസരണയില്ലാതെ അങ്ങോട്ടേയ്ക്ക് പായുന്നു...... ഋഷിയേട്ടൻ പറഞ്ഞിട്ടാണോ മാഷ് വന്നത്..... ഒട്ടും പ്രതീക്ഷിക്കാതെ മുന്നിൽ ആളെ കണ്ടതും മനസ്സൊന്നു കുതിച്ചിരിന്നു...... മനസ്സിനെ അടക്കി നിർത്തി ........ തൊട്ടരികിൽ മാസങ്ങൾക്കു ശേഷം ...... ചുവന്ന ഒറ്റക്കലിൻ കടുക്കനിൽ മിഴിയിണകളെ തളച്ചിട്ടവൾ...... ഏതോ കോൾ വന്ന ശബ്ദം കേട്ടതും ഭഗത് ഉണർന്നു....... മുഖമൊന്ന് അമർത്തി തുടച്ചു കൊണ്ട് നിവർന്നിരുന്നു...... അപ്പോഴാണവന് താൻ കാറിലാണെന്ന ബോധം തോന്നിയത്..... അവൻ പെട്ടെന്ന് തിരിഞ്ഞു നോക്കിയതും.... തന്നെ നോക്കി ഇരിക്കുന്ന ജ്വാലയെ കണ്ടത്..... അവൻ്റെ മനസ്സും ചായുകയാണ് അകലാൻ ആവാത്ത വിധം...... ആ കണ്ണുകൾ കൊതിയാണ് തോരാത്തൊരു പെരുമഴയ്ക്കായി..... ഭഗതിൻ്റെ നോട്ടത്തിൽ നിന്ന് മിഴികളെ അടർത്തിമാറ്റിയിട്ടും ..... അവളുടെ മനസ്സ് ചികയുകയാണ് മാഷിൻ്റെ കണ്ണുകളിൽ വിരിയുന്ന ഇതു വരെ കാണാത്തൊരു ഭാവത്തെ......

ഇടയിൽ അവർക്ക് ഫ്രെഷാകാനും ഭക്ഷണം കഴിക്കാനുമായി ഹോട്ടലിൽ നിർത്തിയതൊഴിച്ചാൽ കണ്ടിന്യൂസ് ഡ്രൈവിങ് തന്നെയായിരുന്നു...... കേരളാ ബോർഡർ താണ്ടിയതും ജ്വാല സമാധാനത്തോടെയിരുന്നു. . കാർ ഇല്ലത്തേക്ക് തിരിയുന്ന വഴിയിൽ എത്തിയതും ..... ജ്വാല പറഞ്ഞു എനിക്ക് ചെമ്പുറത്താണ് പോകേണ്ടത്...... ഹാ.... അത് ശരിയാ ..... ജ്വാലയ്ക്ക് വേണ്ടപ്പെട്ടവരൊന്നും ഇവിടില്ലല്ലോ.....?? ഭഗത് പറഞ്ഞതും ജ്വാലയുടെ മുഖം കുനിഞ്ഞു..... എങ്ങനെയാ ഞാനെൻ്റെ ഇഷ്ടത്തെ നിന്നോട് പറയുന്നത് അതോർത്തവൻ വണ്ടി ചെമ്പുറത്തേക്ക് തിരിച്ചു...... കാർ ചെമ്പുറത്ത് നിർത്തി....... കുട്ടികളും ജ്വാലയും ഇറങ്ങിയതും.... ജ്വാല അവനെ ഒന്നു നോക്കാനായി തല ഉയർത്തിയതും കാർ മുരളിച്ചയോടെ ഓടിച്ചു പോയി...... ഇതിപ്പോ എന്താന്നുള്ള ഭാവത്തിൽ ജ്വാല അവൻ പോകുന്നതും നോക്കി നിന്നു..... കുറുപ്പ് വന്നപ്പോഴേക്കും കാണുന്നത് ഭഗതിൻ്റെ കാർ ചീറി പോകുന്നതാണ്....... അഹാ.... കുഞ്ഞ് പോയോ...?? ഇന്ന് എന്തു പറ്റിയോ കയറാതെ പോയത്......?? അല്ലെങ്കിൽ ഇവിടെത്തന്നെയായിരുന്നു മിക്ക പകലും ...... ചില രാത്രികളിൽ നിൻ്റെ മുറിയിൽ തങ്ങും........ മാഷോ......??? എൻ്റെ മുറിയിലോ.....?? ഹൃദയം വിങ്ങുന്നു...... പിന്നെയും .... എന്തിനു വേണ്ടിയോ വിങ്ങുന്നു........ അതൊരു പാവം കുട്ടിയാണ് ....

കഴിയുമെങ്കിൽ നീ അതിനെ മനസ്സിലാക്ക്..... ഒരെണ്ണം വച്ച് തരികയാ വേണ്ടത്..... പറയാതൊരു പോക്കും.... ബാക്കിയുള്ളവരെ വിഷമിപ്പിക്കാനായി. ഇനി ഇങ്ങനെ ഉണ്ടായാൽ ഞാനും വല്ല വഴിയിലും പോകും '.... കുറുപ്പ് കുട്ടികളുമായി അകത്തേക്ക് പോയി ഭഗത് ഫോൺ ' വിളിച്ച്എല്ലാ കാര്യങ്ങളും പറഞ്ഞതു കൊണ്ട് .. കുറുപ്പ് അവളോട് കൂടുതൽ ചോദിച്ചില്ല. തൻ്റെ മുറിയിൽ തങ്ങിയെന്നോ എന്തിന്? അതും ആലോചിച്ചവൾ മുറിയിലേക്ക് പോയി ദിവസങ്ങൾ കൊഴിഞ്ഞു പോകുമ്പോഴും ജ്വാല ഉത്തരവാദിത്വങ്ങളുമായി തിരക്കിലായിരുന്നു...... കുട്ടികളെ സ്പന്ദനത്തിലെ സ്കൂളിൽ ചേർത്തു..... ഇതിനിടയിൽ പലയിടങ്ങളിലും ഭഗതിൻ്റെ സാന്നിധ്യം ജ്വാല അറിയുന്നുണ്ടായിരുന്നു....... ചില നേരങ്ങളിൽ ..... തൊട്ടരികിലൂടെ കടന്നു പോകും ..... പിച്ചിപ്പൂവിൻ്റെ ഗന്ധത്തിൽ അലിഞ്ഞ് നില്ക്കുമ്പോഴേക്കും ആള് മറഞ്ഞിട്ടുണ്ടാവും..... ചിലപ്പോൾ ഒരു നോട്ടം തന്നിലേക്കെത്തും...... ഉള്ളുരുക്കുന്നൊരു നോട്ടം...... ഒരു തിരയിളക്കം ആ മിഴികളിൽ ഉഴറുന്നു...... ആ നോട്ടത്തിൻ്റെ അർത്ഥമറിയാതെ താനും ഉരുകുന്നു....... സഹതാപം ആണോ .... അതോ താലികെട്ടിയതിൻ്റെ പേരിൽ ആ ആളിൻ്റെ നിസ്സഹായതയാണോ കണ്ണിൽ തെളിയുന്നത് ഇതിനിടയിൽ ഒരു ദിവസം നന്ദിനി ആൻ്റിയെ കണ്ടിറങ്ങുമ്പോൾ ഭഗത് മാഷിനെ കണ്ടു...... നേർത്തൊരു പുഞ്ചിരി മാഷിന് സമ്മാനിച്ച് കാർ പാർക്കിങ്ങിലേക്ക് നടക്കാൻ തുനിഞ്ഞതും...... ജ്വാലാ....... അങ്ങേയറ്റം ആർദ്രമായി മാഷ് വിളിക്കുന്നു........

എത്രകാലം .... എത്രകാലം ഈ വിളി എനിക്ക് കേൾക്കാനാകും..... മനസ്സ് തുള്ളി തുളുമ്പുമ്പോഴും ചിലവാക്കുകൾ അവളെ നീറ്റുന്നു....... """പഴയതുപോലെ ഭ്രാന്തനായിരുന്നാൽ മതിയാരുന്നു....."" ആ വാക്കുകളിൽ നിന്ന് ചോര ഇറ്റുവീഴുന്നു അതെന്നെയും മുറിവേല്പ്പിക്കുന്നു..... വീണ്ടും ഹൃദയം മുറിയുന്നു..... ജ്വാല എനിക്കൊന്ന് സംസാരിക്കണം....... ഭഗത് ഇടർച്ചയോടെ പറഞ്ഞു....... വരണ്ട പുഞ്ചിരി അവളിൽ നിഴലിട്ടു....... എന്നിൽ നിന്ന് ഒരു മോചനം അല്ലേ....?? അത് ഉറപ്പാക്കിയാണല്ലോ ഞാൻ ഇവിടുന്ന് പോയത്. ജ്വാല വരില്ല മാഷേ...... ഇനി ലീഗലായി വേണമെങ്കിൽ കുറച്ച് മാസം വെയിറ്റ് ചെയ്യണം .... ഇതിനായിരുന്നോ ഞാനുള്ളിടത്തെല്ലാം..... വന്നിരുന്നത്.....??? ഭഗത് ആകെ ചുറ്റിപ്പോയി...... ഒരു വേള അവന് അരിശം തോന്നി..... ഇവളിതെന്തൊക്കെയാ പറയുന്നത് .....?? ഒന്നു പറയാൻ സമ്മതിക്കുമോ അതുമില്ല...... അവള് കാറിൽ കയറിപ്പോകുന്നതും നോക്കി ഒന്നും ചെയ്യാനാകാതെ നിന്നു പോയി...... ജ്വാല വന്നതറിഞ്ഞ് ചെമ്പുറത്തേക്ക് മുത്തശ്ചനടക്കം ഒരു പട പുറപ്പെട്ടു ... ഭഗത് എല്ലാവരും നിർബന്ധിച്ചിട്ടും പോയില്ല........ ചെമ്പുറത്തെ പൂമുഖത്ത് എല്ലാവരും ഒത്തുകൂടി..... എൻ്റെ കൊച്ചുമോളേ കാണാൻ ഈ വയസ്സനും ഇവിടെ വരെ വരണം അല്ലേ.....??? ജ്വാലയോടായി ചോദിച്ചതും അവൾ മുഖം കുനിച്ചു...... എല്ലാ മുഖങ്ങളിലും അവളോടുള്ള സ്നേഹത്താൽ ചാലിച്ച പിണക്കം കാണാൻ കഴിഞ്ഞു........??? ഭാഗികുട്ടിയാണേൽ ജ്വാലയുടെ ഇടുപ്പിൽ കയറി ഇരുപ്പുണ്ട്.....

ഒരു വാക്കു പോലും പറയാൻ തോന്നിയില്ലല്ലോ കുട്ടി ഈ വൃദ്ധനോട്.... മുത്തശ്ചൻ്റെ വാക്കുകളിലെ നോവ്... അവളുടെ കണ്ണുകളേയും ഈറനണിയിച്ചു...... ഭാഗിമോളേ താഴെ നിർത്തി മുത്തശ്ചൻ ഇരിക്കുന്ന ചെയറിൻ്റെ താഴെ മുട്ടുകുത്തിയിരുന്ന് മുത്തശ്ചൻ്റെ കൈത്തലത്തിൽ മുഖം ചേർത്തു..... എങ്ങലടി മാത്രം ഉയർന്നു കേട്ടു ..... രാജരാജവർമ്മയുടെ പേരക്കുട്ടി..... കരയാനോ....?? ഇപ്പോ എനിക്ക് നീ രണ്ട് വരി മൂളണം...... എൻ്റെ ലക്ഷ്മിയുടെ ഛായ എന്നു പറഞ്ഞത് വെറുതെയായില്ല..... ലക്ഷ്മി തന്നെയാ..... എൻ്റെ ഗ്രാമഫോൺ പാടിക്കോളൂ..... അവളും സങ്കടം മറന്ന് പാട്ടു മൂളി...... ""അലൈപായുതേ കണ്ണാ എന്‍ മനം ഇഹ അലൈപായുതേ... ഉന്‍ ആനന്ദ മോഹന വേണുഗാനമതില്‍‍ അലൈപായുതേ കണ്ണാ എന്‍ മനം ഇഹ അലൈപായുതേ നിലൈ പെയറാത് ശിലൈ പോലവേ നിന്‍ട്ര് നേരമാവതറിയാമലേ മിഹ വിനോദമാന മുരളീധരാ എന്‍ മനം തെളിന്ത‍നിലവ് പട്ടപകല്‍‍ പോ‍ലെരിയുതേ ‍ദിക്കൈ നോക്കി എന്നിരുപുരുവം നെരിയുതേ.."" മിഴി നിറച്ചവൾ മുത്തശ്ചനെ നോക്കി ആ കൺപീലികളും ഈറനായിരുന്നു..... ഇറങ്ങാൻ നേരം ഋഷി അവളെ വിളിച്ചു.....?? അതെന്താ ജ്വാലാ അപ്പു സംസാരിക്കണമെന്നു പറഞ്ഞപ്പോൾ കേൾക്കാത്തത് ..... ""ഏകപക്ഷീയമായ പ്രണയം ആത്യന്തികമായി തോൽവിയാണ് .... ഋഷിയേട്ടാ..." ""പിടിച്ചു വാങ്ങാനും പറ്റാതെ വിട്ടുകൊടുക്കാനും പറ്റാതെ മനസ്സിൻ്റെ ഒരു വിങ്ങലുണ്ട് ....... കരയ്ക്കെടുത്തിട്ട മത്സ്യത്തെ പോലെ...... പ്രാണനു വേണ്ടി....

ആത്മാവ് വേർപിരിയുമ്പോഴുള്ള പിടച്ചിൽ ....."" ""കവികൾ പാടും പോലെ വിട്ടുകൊടുക്കലും പ്രണയമാണ്...... പക്ഷേ വിട്ടുകൊടുത്തിട്ട് പിന്നിടുള്ള ഓരോ നിമിഷങ്ങളും ഒരു തരം വിഭ്രാന്തിയാണ് ഋഷിയേട്ടാ .... ലോകം നിലച്ച അവസ്ഥ....... പിന്നെ എന്തൊക്കെയോ ചെയ്തുകൂട്ടും രാപ്പകൽ ഇല്ലാതെ എൻഗേജ്ഡ് ആകും...... എത്ര തളർന്നാലും ഒരു പോള കണ്ണടയ്ക്കാനാകാതെ......"" അവളൊന്ന് ഇടറിപ്പോയി.... ജ്വാല പൈങ്കിളി ആയിയെന്നു തോന്നുന്നുവോ ഋഷിയേട്ടന് ..... ജ്വാല ആ വേദനകളേയും പുണരുകയാണ് ..... ആസ്വദിക്കുകയാണ് .... അതും എനിക്ക് മാത്രം സ്വന്തം...... ടാ .... അപ്പൂ നീ ഭാഗ്യവാനാടാ ഇതുപോലൊക്കെ സ്നേഹിക്കപെടുന്നതിനും പുണ്യം ചെയ്യണം.... ഋഷി മനസ്സിലോർത്തു...... മാഷ് .... മാഷ് എന്താവശ്യപ്പെട്ടാലും ചെയ്യും ഞാൻ..... ഈ താലി ചോദിച്ചാലും കൊടുക്കും മാഷ് വേദനിക്കാതിരിക്കാൻ ആ മനുഷ്യൻ ഭ്രാന്തനായി കാണാതിരിക്കാൻ... എന്തായാലും ജ്വാല കൊച്ച് അപ്പു പറയുന്നത് കേൾക്ക്..... കടുത്ത തീരുമാനമൊന്നും എടുക്കാതെ.... കുസൃതിച്ചിരിയോടെയവൻ പറഞ്ഞു........ നന്ദിനിക്ക് നല്ല മാറ്റമാണ് ഉണ്ടായത് ഓർമ്മകളിലേക്ക് തിരിച്ച് വന്നപ്പോൾ അവർ കൂടുതൽ തളർന്നു പോയിരുന്നു........ ചെയ്തു പോയ തെറ്റുകൾ അവരെ നീറ്റുകയാണ്.... ജ്വാല അപ്പോഴും അവർക്കൊരു താങ്ങായി കൂടെ ഉണ്ടായിരുന്നു. നന്ദിനി പൊന്നോത്ത് തിരിച്ചെത്തിയപ്പോൾ.....

ആദ്യം ചെയ്തത് ഇല്ലത്ത് പോയി താൻ ചെയ്തു കൂട്ടിയ തെറ്റുകൾക്കൊക്കെ രാജ രാജ വർമ്മയുടെ കാലു പിടിച്ച് മാപ്പു പറയുകയാണ് ചെയ്തത്. ..... അച്ഛാ ചില സത്യങ്ങൾ അറിഞ്ഞപ്പോഴേക്കും വൈകിപ്പോയി..... എൻ്റെ ഭർത്താവിനെ കൊല്ലാക്കൊല ചെയ്തു ഞാൻ..... ഒരു പാട് വേദനിച്ചാ പോയത്...... ഇതിനെല്ലാം കാരണക്കാരയവർ ഒന്നുമറിയാതെ വിലസുന്നു....... ഇതിനെല്ലാം അവരും അനുഭവിക്കണ്ടേ..... എന്നെ വിധവയാക്കിയ .... കാവേരിയെ കൊന്നു തള്ളിയ..... ശ്രീദേവി ഏടത്തിയെ മരുന്നു മാറി കൊടുത്ത് തളർത്തിയ ആളെ ചുമ്മാ വിടണോ? നന്ദിനി രോഷത്തോടെ പറഞ്ഞു...... എല്ലാം അറിഞ്ഞതും രാജ രാജ വർമ്മ ഞെട്ടിപ്പോയി... പൊന്നോത്തേക്ക് നന്ദിനിക്കൊപ്പം രാജ രാജവർമ്മയും...... ചിത്തുവും ചീനുവും പോയി..... 🌹 കള്ള കർക്കിടകത്തിന് എന്തൊരു സൗന്ദര്യമാണ്...... ചില നേരങ്ങളിൽ പൊട്ടിച്ചിരി വാരി വിതറി പെയ്തു തോരും..... ചിലപ്പോൾ കള്ളകെറുവ് കാണിച്ച് പിണങ്ങി നില്ക്കും ..... ഈറൻ കാറ്റവളുടെ മേനിയിൽ തഴുകി കടന്നു പോയി.... എന്തിനോ ഒരു മാത്രയവൾ കണ്ണടച്ചു....... അപ്പോഴാളുടെ കണ്ണുകളിൽ തെളിഞ്ഞു നിന്നത് കണ്ണൻ്റെ ശ്രീകോവിലിനു മുന്നിൽ അഷ്ടപദി ഉതിർക്കുന്ന മാഷിനെയാണ്.... ൻ്റെ കണ്ണാ നീയും പരീക്ഷിക്കുകയാണോ..... ആരെ ഓർക്കാതിരിക്കാൻ ശ്രമിക്കുന്നുവോ.... ആ മുഖം മാത്രം ഇങ്ങനെ ഉള്ളുരുക്കും..... ഹൃദയത്തെ ഞെരിച്ചമർത്തും. ഭഗതിൽ മുഴുകി ലയിച്ചങ്ങനെ നില്ക്കുമ്പോളാണ്.... ഒരു കോൾ അവളെ തേടിയെത്തിയത്..... "ഋഷിയേട്ടൻ..." കോൾ അറ്റൻഡ് ചെയ്തതും.... ""വിജനമാം പാതയിൽ ഏകനായി ഞാൻ കാത്തു നില്ക്കുന്നു..... ഒരു പെരുമഴക്കാലത്തിനായി...""

മാഷ്...... മാഷിൻ്റെ മുഴക്കമുള്ള ശബ്ദം....... എങ്കിലും കുഴഞ്ഞ ശബ്ദം...... മാഷ് മദ്യപിച്ചുവോ? ജ്വാല ഒന്നു പിടഞ്ഞു..... ഇനിയെൻ്റെ ഹൃദയത്തിൽ കൂടു കൂട്ടാനും ഇനിയെൻ്റെ കരളിലെ പ്രണയമാകാനും.... ഇനിയെൻ്റെ ജീവനിൽ ശ്വാസമാകാനും......"" (കടപ്പാട്) ഭഗത് ഒന്നു ഉറക്കെ ചിരിച്ചു...... ഋഷി നീയറിഞ്ഞോ ...... അവളെനിക്ക് അവളിൽ നിന്ന് മോചനം തരുമെന്ന്......??? തന്നെ കുറിച്ചാണ് പറയുന്നതെന്നറിഞ്ഞതും അവളുടെ ശ്വാസം വിലങ്ങി വിയർത്തുപോയവൾ..... കണ്ണു നിറഞ്ഞാടാ അവളത് പറഞ്ഞത്....... അപ്പോഴുണ്ടല്ലോ...... അപ്പോഴെനിക്ക് ...... എൻ്റെ പെണ്ണിനെ.... ൻ്റെ നെഞ്ചിലേക്ക് ചേർക്കാനാ തോന്നിയത്....... എൻ്റെ ....എൻ്റെ പ്രണയം അവളാണെന്ന് എന്നാടാ അവളൊന്ന് മനസ്സിലാക്കുന്നത്.....?? അവളുടെ മുന്നിൽ ചെന്നു നിന്നാൽ ഒന്നും പറയാനാകാതെ ഞാൻ..... പിന്നെ ഒന്നും പറയാനാകാതെയവൻ നെടുവീർപ്പെട്ടു.... ഋഷിയാണേൽ ടേബിളിലിരുന്ന ഫോണിലേക്ക് പാളി നോക്കി ഊറി ചിരിക്കുന്നുണ്ടായിരുന്നു..... ടാ അപ്പൂ.... പോത്തേ.... നിൻ്റെ പ്രണയം ഇപ്പോൾ അവൾ അറിഞ്ഞിട്ടുണ്ടാകും...... ഋഷി പിറുപിറുത്തു. ഇതു കേട്ട് ലവളുടെ കാറ്റു പോയോ......??? ഋഷി മനസ്സിൽ ഓർത്തു....... തണുത്തുറഞ്ഞു പോയവൾ....... ഒരായിരം പിച്ചി പൂക്കൾ കൊഴിഞ്ഞു വീഴുകയാണ് തനുവാകെ...... ഏതോ ഓർമയിൽ ഗോവണി ഇറങ്ങി ഓടിയവൾ...... കള്ള കർക്കിടകത്തിൻ്റെ ഈറൻസന്ധ്യയും കുളിർന്നു നില്ക്കുന്നു..... ഒട്ടും നിനച്ചിരിക്കാതെ ആർത്തലച്ച് മഴ പെയ്തു..... അവളുടെ മനസ്സിലും പെരുമഴക്കാലം.....

ഇരുകവിളിലും കൈ ചേർത്തവൾ മാനത്തേക്ക് നോക്കി കണ്ണടച്ചു നിന്നവൾ..... മഴയെ പുൽകി....... കണ്ണുകളും ഇടതടവില്ലാതെ പെയ്തു കൊണ്ടേയിരുന്നു. രാവേറെ ആയിട്ടും ഉറങ്ങാനാകാതെ അപ്പൂപ്പൻ താടി പോലെ ഒട്ടും ഭാരമില്ലാതെയവൾ ..... പാറി നടക്കുകയായിരുന്നു. അല്ല ....ഏതോ ലോകത്തായിരുന്നവൾ..... വെറുതെ ഡയറി എടുത്തവൾ തുറന്നതും... താൻ അവസാനമായി എഴുതിയ വരികൾക്കടിയിൽ വടിവൊത്ത അക്ഷരത്തിൽ മാഷ് കോറിയിട്ട വാക്കുകൾ...... ""പൊയ്പ്പോയ കാലത്തിൻ്റെ ഓർമ്മകളിലെല്ലാം നീയുണ്ടായിരുന്നു പ്രീയതേ..... സ്വരുക്കൂട്ടീവച്ച മഞ്ചാടിമണി പോലെ ... ഞാനെൻ്റെ പ്രണയത്തേയും നെഞ്ചിൽ നിറച്ചിരുന്നു. നീയറിയാതെ പോയ എൻ്റെ പ്രണയം......"" """നീയറിയാതെ പോയ എൻ്റെ പ്രണയം......""" ആ വരി അവളെ പിടിച്ചുലച്ചു...... മാഷ്.... മാഷ് എന്നെ പ്രണയിച്ചിരുന്നുവെന്നോ ....??? ആദ്യമായി ...... അവൾക്കവനെ ഒന്നു തൊടാൻ തോന്നി...... തന്നെ ഒളിപ്പിച്ചു വെച്ച നെഞ്ചിലൊന്ന് കൈ ചേർക്കാൻ തോന്നി..... മെല്ലെ .... മെല്ലെ പിച്ചിപ്പൂവിൻ്റെ സുഗന്ധം നുകർന്നു കൊണ്ട് ആ നെഞ്ചിലൊന്ന് മുഖം ചേർക്കാൻ തോന്നി...... ഒരു മഞ്ഞുതുള്ളിപോൽ അവൾ കള്ള കണ്ണൻ്റെ നടയിൽ തൊഴുകൈയ്യാൽ നിന്നു....... അവളുടെ മുഖമാകെ അരുണാഭമായിരുന്നു...... കാലത്ത് മാഷ് വിളിച്ചിരുന്നു .....

ആൽത്തറയിൽ വെച്ച് കാണാമെന്നു പറഞ്ഞതും കോൾ കട്ടാക്കി... ആ ഓർമ്മയിൽ അവളൊന്ന് മന്ദഹസിച്ചു...... തൊഴുതിറങ്ങിയതും കുഞ്ഞൂലി മുത്തശ്ശിയെ കണ്ടു...... അവളാ താടി തുമ്പിൽ പിടിച്ച്..... കൊഞ്ചിച്ചു. പിന്നെയാ നെറ്റിയിൽ ഉമ്മ വെച്ചു..... കവിളൊക്കെ ചുവന്നല്ലോ......??? അപ്പോ ഇവിടെ എവിടെയോ അപ്പു ഉണ്ടാവും ല്ലേ? അവള് കണ്ണടച്ച് കള്ളച്ചിരി ചിരിച്ചു........... മുത്തശ്ശിയോട് യാത്ര പറഞ്ഞ് ആൽത്തറയിലേക്ക് നടന്നതും..... ആൽമരച്ചുവട്ടിൽ വെഗിളി പിടിച്ച പോലെ നടക്കുന്ന ഭഗതിനെ കണ്ട് അവളും നിന്നു....... കാവിമുണ്ടും ബ്ലാക് ഷർട്ടുമാണ് വേഷം അവനരികിലേക്ക് നടക്കാനാവാതെ കാലിൽ ചങ്ങല വിണ പോലെ...... മുഖവും കഴുത്തും അവൾ ഒന്നു തടവി..... വിറച്ചു പോയ ചുണ്ടിനെ കടിച്ചമർത്തിയവൾ അവനരികിലേക്ക് നടന്നു...... എന്തോ പിറുപിറുത്തോണ്ട് തിരിഞ്ഞതും മുന്നിൽ നിന്ന ജ്വാലയെ കണ്ടതും ഒന്നു മിഴിച്ചു നോക്കി..... പതിവില്ലാത്ത വിധം അവൾ സീമന്തരേഖ നന്നായി ചുമപ്പിച്ചിട്ടുണ്ട്..... മാഷ്..... മാഷ് എന്തിനാണ് ...... വിക്കിപ്പോയവൾ....... അവളേക്കാൾ ശ്വാസം മുട്ടിയാണ് ഭഗതിൻ്റെ നില്പ്പും.... കെട്ടിയ പെണ്ണിനോട് പ്രണയം പറയാനുള്ള തൻ്റെ അവസ്ഥയെ അവൻ പ്രാകി കൊണ്ട് നിന്നു പോയി..... താൻ വരുത്തി വച്ചതായതു കൊണ്ട് അനുഭവിക്കുക തന്നെ ..... അവൻ തലയ്ക്കൊരു കൊട്ടു കൊടുത്തു കൊണ്ട് ചിന്തിച്ചു...... ബ്ലാക്ക് ഷർട്ടിൻ്റെ കോളറൊന്ന് പൊക്കി ....

പിന്നെ എന്തോ ആലോചിച്ചെന്ന പോലെ ഇടുപ്പിന് ഇരു കൈയ്യും വെച്ച് തല തിരിച്ചവളെയൊന്നു നോക്കി...... എന്തിനുള്ള പുറപ്പാടാണെന്ന് അറിയുമെങ്കിലും അവൻ്റെ മട്ടും മാതിരിയും അവളിൽ ചെറുചിരി വിരിയിച്ചു....... ജ്വാലേ ......അത്.... ഭഗത് പറയാൻ തുടങ്ങിയതും. അവനെ കൂടുതൽ വട്ടുകളിപ്പിക്കേണ്ടെന്നു കരുതി .... ഇന്നലെ ഋഷിയോട് പറഞ്ഞതെല്ലാം താൻ കേട്ടുവെന്ന് പറയാൻ തുടങ്ങി വേണ്ട മാഷേ എനിക്കറിയാം എന്താ പറയാൻ പോകുന്നതെന്ന്......??? ഇതു കൂടി കേട്ടതും അവൻ്റെ നിയന്ത്രണം തെറ്റി..... അവൾ പറയാൻ പോകുന്നത് മോചനത്തെക്കുറിച്ചാണെന് പാവം തെറ്റിദ്ധരിച്ചു... ചെന്നിയിലെ ഞരമ്പൊന്നു പിടഞ്ഞു. ആ മൂക്കിൻ തുമ്പൊന്ന് ചുവന്നു..... നിനക്കെന്തെറിയാം..... പറയെടി.....??? എപ്പോ സംസാരിക്കാൻ വന്നാലും .... പിടിച്ചെടുക്കില്ല ... മോചിപ്പിക്കാം... പറയുന്നത് മുഴുവൻ കേൾക്കുമോ അതും ഇല്ല... അവൻ്റെ അരിശത്തോടെയുള്ള ചോദ്യവും നില്പ്പും.... തെല്ലൊന്ന് പകച്ചവൾ..... അവൾ മിണ്ടാതെ നില്ക്കുന്നത് കണ്ടതും... അവളുടെ കൈവിരലിൽ കൊരുത്തു പിടിച്ചു കൊണ്ടവൻ പറഞ്ഞു..... എനിക്ക് മഴ നനയണം നിന്നോടൊപ്പം....... ഇനിയുള്ള എല്ലാ മഴയും നിന്നെ ചേർത്തു പിടിച്ച് നനയണം...........................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story