ഇനിയും പൂക്കാം നിനക്കായ് : ഭാഗം 3

iniyum pookkam ninakkay

എഴുത്തുകാരി: ബിജി

പൊന്നോത്ത് മഠം........ തങ്കലിപികളാൽ പടിപ്പുരയുടെ ചുവരിൽ എഴുതിയിരിക്കുന്നു. ജ്വാല ചുറ്റും ഒന്ന് വീക്ഷിച്ചു........ അച്ഛൻ്റെ തറവാട്....... ബോൾഡാകാൻ മനസ്സ് ശ്രമിച്ചെങ്കിലും ...... ഒരു തരിപ്പ് മേലാകെ പടർന്നു...... വയലറ്റ് കളർ സാധാ കോട്ടൻ സാരിയാണവൾ ധരിച്ചിരുന്നത്.തോളൊപ്പമുള്ള മുടി ഒന്നിച്ച് ഒരു ബണ്ണിട്ട് കെട്ടിയിരുന്നു...... അവളൊന്നു വിയർത്തു. പരിഭ്രാന്തി മുഖത്ത് തെളിഞ്ഞു..... ഓട്ടുമണി മുഴക്കുമ്പോൾ കൈവിരലിലേക്കും വിറയൽ പടർന്നിരുന്നു........!! ഈ സമയം പൊന്നോത്ത് മഠത്തിനുള്ളിൽ..... അകത്തളത്തിലെ ഗ്രാമഫോണിൽ നിന്ന്........ കർണ്ണാട്ടിക് മ്യൂസിക് അന്തരീക്ഷത്തിൽ ഒഴുകുന്നു....... രാജരാജവർമ്മ പൂജാമുറിയിലേക്ക് നടന്നു...... നടരാജ വിഗ്രഹത്തിൽ...... പൂക്കൾ അർപ്പിച്ച്.....തൊഴുത് ഇറങ്ങി..... ""സോമരാജാ...... ഇൻകം ടാക്സ് റിട്ടേൺഫയൽ ചെയ്തില്ലേ......"" അപ്പോഴേക്കും സോമരാജൻ ബഹുമാനത്തോടെ ...... ""ഉവ്വ്.... അച്ഛാ..... എല്ലാം ഭഗത് ചെയ്തിട്ടുണ്ട്......"" ""മ്മ്മ്...... ഒന്നമർത്തി മുളിക്കൊണ്ട്..... മുറിയിലേക്ക് പോയി..... ""അമ്മാ എനിക്ക് ഞാൻ പറഞ്ഞ എമൗണ്ട് വേണം.....""

""ഷട്ടപ്പ്..... ചീനൂ.... നിനക്ക് 2 ലക്ഷം എന്തിന്...... നന്ദിനി മകനോട് ദേഷ്യപ്പെട്ടു....."" ""അമ്മയ്ക്ക് പറ്റില്ലെങ്കിൽ പറയ്...... ഞാൻ ചേട്ടനോട് ചോദിച്ചോളാം....... ചിൻമയ് ദേഷ്യപ്പെട്ടു......"" ""ഇരുപത് വയസ്സുള്ള പഠിക്കുന്ന നിനക്ക് എന്തിന് ഇപ്പോൾ 2 ലക്ഷം...... നിൻ്റെ അച്ഛന് ഒന്നും അറിയേണ്ടല്ലോ....... നന്ദിനി...... അരിശപ്പെട്ടു......"" സോമരാജ് മിണ്ടാതെ ഇരിക്കുന്നു..... പൊന്നോത്ത് തറവാടിൻ്റെ ആൾ ഇൻ ആൾ ......പ്രത്യേകിച്ചും രാജ രാജ വർമയുടെ ശിങ്കിടി...... ... അമ്പതോളം വയസ്സുള്ള പട്ടാഭിരാമനെന്ന എല്ലാവരുടേയും രാമേട്ടൻ പെട്ടെന്ന്:അങ്ങോട്ടേക്കു പാഞ്ഞു വന്നു...... പൊന്നോത്ത് മഠത്തിലെ വിശ്വസ്ഥനാണയാൾ.... ""സോമ കുഞ്ഞേ...... ശ്രീദേവി തമ്പുരാട്ടിയെ നോക്കാൻ...... ആളെ വേണമെന്ന് പറഞ്ഞില്ലാരുന്നോ ആള് എത്തീട്ടുണ്ട്......"" ""മമ് മ് .... ഞാൻ വരുന്നു...... എഴുന്നേല്ക്കാൻ ആഞ്ഞതും സോമരാജൻ വീണ്ടും ഇരുന്നിട്ട് പറഞ്ഞു അല്ല....... ഭഗത് വന്നു നോക്കട്ടെ......."" ""വേണ്ട...... ഞാൻ വരാം..... നന്ദിനി ..... ഈർഷ്യയോടെ പറഞ്ഞു......... അവനല്ലിയോ ഇവിടുത്തെ കാര്യങ്ങള് നോക്കുന്നത്.......

എനിക്കറിയാം എന്താ വേണ്ടതെന്ന് അവർ ഭർത്താവിനോട് ദേഷ്യപ്പെട്ടു....'' സോമരാജൻ ദയനീയതോടെ നന്ദിനിയെ ഒന്നു നോക്കി. നന്ദിനി ഗർവ്വോടെ പൂമുഖത്തേക്ക് നടന്നു....... വിസിറ്റേഴ്സ് റൂമിലിരുന്ന യുവതിയെ കണ്ടപ്പോൾ കണ്ണൊന്നു ചുഴിഞ്ഞു.....!! വെണ്ണക്കൽ ശില്പം പോലൊരു പെണ്ണ്..... വിടർന്ന മിഴികളും ചുണ്ടിലൊളിപ്പിച്ച മനം മയക്കുന്ന ചിരിയും........ അവളുടെ സൗന്ദര്യം...... നന്ദിനിയെ അങ്ങ് പൊള്ളിച്ചു.... !! ""നിൻ്റെ പേര്........ ചിറി കോട്ടി കൊണ്ട് നന്ദിനി ചോദിച്ചു....."" ""അഗ്നി ജ്വാല ..... പുഞ്ചിരിയോടെ ജ്വാല പറഞ്ഞു......."" """മ്മ്മ്........ നന്ദിനി.... ഒന്നിരിത്തിമൂളി...."" മുന്നിൽ വില കൂടിയ ഡിസൈനർ സാരിയിൽ പൊതിഞ്ഞ രൂപത്തിലെ ഗർവ്വും അഹംഭാവവും....... ജ്വാല പ്രത്യേകം ശ്രദ്ധിച്ചു......!! ആദ്യമായി കണ്ട തൻ്റെ മേൽ വർഷിക്കുന്ന പുശ്ച ഭാവം ...... എല്ലാം അടക്കിപ്പിടിച്ചു ഭരിക്കുന്ന അഹന്ത അവരിൽ എപ്പോഴും നിഴലിച്ചിരുന്നു......!! ""പിന്നെ.... ആണുങ്ങളൊക്കെയുള്ള വീടാ അടങ്ങിയൊതുങ്ങി നിന്നോണം.... വീട്ടിൽ ജോലിക്കായി വന്നവളുടെ തീ പോലെ ജ്വലിക്കുന്ന സൗന്ദര്യം അവരെ അമർഷം കൊള്ളിച്ചു......""" ജ്വാലയ്ക്ക് അവരുടെ പ്രകടനത്തിൽ വിറഞ്ഞു വന്നെങ്കിലും ...... അവൾ തൻ്റെ ദേഷ്യംഅടക്കി.....!!

ഇടനാഴി കടന്ന് ഒരു വലിയ മുറിയിലേക്ക് പ്രവേശിച്ചു. പരിഭ്രമം വിട്ടകലാതെ പിടിമുറുക്കിയിരുന്നു. അന്യമായ തൻ്റെ സ്വന്തങ്ങളൊക്കെ ...... ഒരു കൈയ്യകലത്തിൽ......!! പറഞ്ഞറിയിക്കാനാകാത്ത വീർപ്പുമുട്ടൽ ഓടിയൊളിക്കാൻ തോന്നുന്നു......!! ഈ വീടിനുള്ളിൽ എവിടെയോ തനിക്ക് ജന്മം തന്നയാളുണ്ട്...... ആ ഓർമ്മയിൽ ഉള്ളം കാല് മുതൽ ഉച്ചി വരെ ഒരു വിറയൽ പടർന്നു കയറി.... ""ഈ ഭൂമിയിൽ ഇങ്ങനെയൊരു പുത്രി ജനിച്ചതറിയാത്ത അച്ഛൻ......"" അമ്മയുടെ വീർത്ത ഉദരത്തിൽ ചുംബനം നല്കാത്ത..... ഭൂമിയിലെ തൻ്റെ ആദ്യ നിമിഷത്തിൽ തന്നെ നെഞ്ചോടു ചേർക്കാത്ത പിച്ചവയ്ക്കാൻ ആ ചൂണ്ടുവിരൽ തരാത്ത.... കാലിടറി വീഴുമ്പോൾ വാത്സല്യത്തോടെ വാരിയെടുത്ത് ഉമ്മവെയ്ക്കാത്ത...... അച്ഛൻ,,,,,,, എല്ലാം...... എല്ലാം എനിക്കന്യമായിരുന്നു......"" തൻ്റെ കയ്പ്പേറിയ ജീവിത പാതകളിലൊന്നും..... അച്ഛനെന്ന തണൽ...... സാന്ത്വനം... ഒന്നും ലഭിച്ചിരുന്നില്ല...ഒന്നും.....""" ചിന്തകളിൽ മുഴുകി രാമേട്ടൻ്റെ കൂടെ വിശാലമായ മുറിയിൽ പ്രവേശിച്ചു....... വലിയ കട്ടിലിൽ ദൈന്യതയേറിയ രൂപം..... ആ മുഖത്ത് നോക്കിയപ്പോൾ അവൾക്ക് വിസ്മയം തോന്നി. എവിടെയൊക്കെയോ തന്നേപ്പോലെ....... നീണ്ട സമൃദ്ധമായ മുടി ബെഡ്ഡിൽ ചിതറികിടക്കുന്നു. ചികിയിടാത്തതുമൂലം ജട കെട്ടി അലങ്കോലമായിരിക്കുന്നു. ഒരു കാലത്ത് അവരെത്ര മനോഹരി ആയിരുന്നു എന്ന തോന്നലുളവാക്കുന്ന അവശേഷിപ്പുകൾ......"" ""കുട്ടീ...... ഒരു കാലത്ത് പൊന്നോത്തെ രാജകുമാരി ആയിരുന്നു.......

രാമേട്ടൻ വേദനയോടെ പറഞ്ഞു....."" മെഡിസിൻ്റെ ആലസ്യത്തിൽ ഉറക്കത്തിലായിരുന്നു... ശ്രീദേവി ""ഞാനങ്ങട് പോണു കുട്ടിയേ..... കുഞ്ഞിനോടൊപ്പം കമ്പനീ വരെ പോകണം ...... പറഞ്ഞതും അയാൾ നടന്നകന്നു......"" ഇങ്ങോട്ടേക്ക് ആരും വരവില്ലെന്ന് കുറച്ചു നേരം കൊണ്ട് മനസ്സിലായി. അവിടുത്തെ വാല്യക്കാരിലാരോ കൊണ്ടു വെച്ച ചൂടുവെള്ളം ഫ്ലാസ്കിൽഇരുപ്പുണ്ട്.......!! തനിക്കായി അനുവദിച്ച റൂമിൽബാഗ് കൊണ്ടു വച്ചു. ചെറിയൊരു കട്ടിലും ടേബിളും ചെയറും .... ചെറിയൊരു കബോൾടും ആ മുറിയിൽ ഉണ്ടായിരുന്നു. അറ്റാച്ഡ് ബാത്റൂം ആണ്. ജ്വാല ഒന്നു ഫ്രെഷായി വന്നു. ചന്ദനകളർ കോട്ടൻ ചുരിതാറായി രുന്നു വേഷം.....!! വീണ്ടുമവൾ ശ്രീദേവി തമ്പുരാട്ടിയുടെ അടുത്തേക്ക് ചെന്നു. ആളിപ്പോഴും നല്ല ഉറക്കമാണ്. തൻ്റെ അച്ഛൻ പെങ്ങൾ..... ഒരേ ചോരയിലുള്ളവർ പക്ഷേ എത്രയോ അകലങ്ങളിലാണ് ഈ ബന്ധങ്ങളൊക്കെയും.....!! അപ്പച്ചി വിവാഹിതയല്ലേ.....?? മക്കളൊക്കെ ഉണ്ടാവില്ലേ ....?? പക്ഷേ ഇത്ര നേരമായിട്ടും ആരെയും ഇങ്ങോട്ട് കാണുന്നില്ലല്ലോ ....?? എന്തൊക്കെയോ നിഗൂഡതകൾ നിറഞ്ഞ പൊന്നോത്ത് മഠം.... വിശാല എട്ടുകെട്ട് ..... ആണ് പൊന്നോത്ത് മഠം..... രണ്ട് നടുമുറ്റവും വലിയ കുളവും.... വലിയൊരു പടിപ്പുരയും......

ക്ഷേത്ര മാതൃകയിൽ പൂമുഖവും ഏക്കറുകണക്കിന് ഭൂമിയുടെ ഒത്ത നടുക്കായി എട്ടുകെട്ട്...... വളപ്പിൽ നിറയെ പൂത്തമരങ്ങൾ കാണാമായിരുന്നു...... ചെമ്പകവും ഇലഞ്ഞിയുമെല്ലാം .... പൂമരുതും...... എല്ലാം എന്നാൽ എന്നെ ഏറെ ആകർഷിച്ചത്....... ഇളം വെയിലിൽ തിളങ്ങി നില്ക്കുന്ന നീർമാതളമായിയിരുന്നു...... അപ്പോഴൊക്കെയും നീർമാതളത്തെ പ്രണയിച്ച ആമിയെ ഓർമ്മ വന്നു......."" ദേവദാരു പൂക്കൾ സ്വർണ്ണ തുണ്ടുകൾ പോലെ പൊഴിയുന്നു. പൂച്ചെടികളെക്കാൾ കൂടുതൽ മരങ്ങളായിരുന്നു വളപ്പിൽ മിക്കതും പൂമരങ്ങൾ.....!! എന്നാൽ കുറേ മരങ്ങൾ വെട്ടിനശിപ്പിച്ചതിൻ്റെ അവശിഷ്ടങ്ങൾ അവിടെ കാണാമായിരുന്നു. ഉണങ്ങിയ മരBറ്റികൾ അവളിൽ വേദന നിറച്ചു..... !! അവൾ ഏറെ ഇഷ്ടപ്പെടുന്നയാളുടെ ജീവവായുവാണല്ലോ മരങ്ങളെന്നവളോർത്തു......"" അപ്പോഴേക്കും ഒരു സ്ത്രീ ആഹാരം കഴിക്കാനായി ഊട്ടുപുരയിലേക്ക് വരാൻ പറഞ്ഞു..... അകം പണിക്കായി മനയിൽ നില്ക്കുന്ന ലളിതേടത്തിയായിരുന്നു. ശുദ്ധഗതിക്കാരി..... പൊന്നോത്തുമഠത്തിലെ ഓരോ അംഗങ്ങളേയും ദൈവത്തെ പോലെ കാണുന്നവർ....... ലളിതേടത്തിയുടെ ഭർത്താവ് വാസുദേവനും ഇവിടെ തന്നെയാണ്..... പുറം പണിയൊക്കെ പുള്ളിയുടെ നേതൃത്വത്തിലാണ്........ അടുക്കളയുടെ പിന്നാം പുറത്ത് രണ്ട് സ്ത്രീകൾ എന്തൊക്കെയോ പണിയിൽ ഏർപ്പെട്ടിരിക്കുന്നു......!! ""ഇവിടെ ആരൊക്കെയാ താമസം...... അറിയാനുള്ള ആകാംക്ഷയുടെ പേരിൽ ജ്വാല ലളിതേടത്തിയോട് ചോദിച്ചു......"

" ആ പുഞ്ചിരിക്കുന്ന മുഖത്ത് നോക്കി ഒന്നു ചിരിച്ചിട്ട് അവർ പറഞ്ഞു.... പൊന്നോത്ത് മഠത്തിലെ വല്യ തമ്പുരാൻ രാജ രാജ വർമ്മ അദ് ദേഹത്തിന് രണ്ട് മക്കളാ..... സോമരാജവർമ്മ തമ്പുരാനും..... ശ്രീദേവി തമ്പുരാട്ടിയും..... ജ്വാലയ്ക്കു കൃഷ്ണമണികൾ ദ്രുതഗതിയിൽ ചലിക്കാൻ തുടങ്ങി..... സോമരാജ തമ്പുരാൻ്റെ സഹധർമ്മണി നന്ദിനി തമ്പുരാട്ടി..... മക്കൾ ചൈതന്യയും..... ചിൻമയും അവര് പഠിക്കുകയാ. പിന്നെ ശ്രീദേവി തമ്പുരാട്ടി.... ഒരു മോനേയുള്ളു....... കുഞ്ഞാ ബിസിനസ്സ് നോക്കുന്നത്...... വർത്തമാനം പറഞ്ഞവർ ഊട്ടുപുരയിൽ എത്തിയിരുന്നു...."" ""അയ്യോ ... കുഞ്ഞു വരാൻ നേരമായി..... വേഗം വാ കുട്ടിയേ...... പറഞ്ഞതും ലളിതേടത്തി നടന്നകന്നു...... സോമരാജവർമ്മ അച്ഛൻ......ആ പേര് ലളിതേടത്തിയിൽ നിന്ന് കേട്ടതും ജ്വാലയുടെ മിഴികൾ നിറഞ്ഞു തൂവി...... അറിയുമോ അച്ഛാ.... ഈ മകളെ....?? എന്നെങ്കിലും തിരിച്ചറിയുമോ? നിറഞ്ഞു വന്ന മിഴികൾ തുടച്ചു കൊണ്ട് ഊട്ടുപുരയിലേക്ക് കയറി...."" നല്ല വലുപ്പം ഉണ്ടായിരുന്നു. ഊട്ടുപുരയ്ക്ക്....... എവിടെ നിന്നോ കർണ്ണാട്ടിക് സംഗീതത്തിൻ്റെ ശീലുകൾ ഒഴുകിയെത്തി. ഊട്ടുപുരയിൽ ഏഴെട്ട് ഊണുമേശകൾ കാണാമായിരുന്നു. ഇത് ഇവിടെയുള്ള ജോലിക്കാർക്കും പുറത്തു നിന്ന് വരുന്നവർക്കും വേണ്ടിയുള്ളതാണ് കുടുംബാഗങ്ങൾക്കുള്ളത് ഉള്ളിൽ പ്രത്യേകം തയ്യാറാക്കിയിട്ടുണ്ട്......"" അവൾ ആഹാരം കഴിച്ചു കൊണ്ടിരിക്കുമ്പോളാണ്.

പിച്ചിപ്പൂവിൻ്റെ സൗരഭ്യം ഊട്ടുപുരയിൽ നിറഞ്ഞത്....."" ആരുടെയോ പാദപതനം ..... അവളിലെ ഹൃദയമിടുപ്പ് വർദ്ധിപ്പിച്ചു. തന്നിലുളവാകുന്ന മാറ്റങ്ങളെ നിയന്ത്രിക്കാനാവാതെ അവളൊന്നുഴറി. ആരെന്നറിയാനുള്ള ആകാംക്ഷയോടെ മുഖമുയർത്തി നോക്കി...... ഒറ്റ കല്ലിൽ തീർത്ത ചുവന്ന കടുക്കനിൽ നോട്ടം പതിച്ചതും ശ്വാസം വിലങ്ങിയതുമാതിരി അവളെഴുന്നേറ്റു......!!! ഭഗത് സാർ അവളുടെ ഓർമ്മത്താളിൽ ഇടയ്ക്ക കൊട്ടി കൊണ്ട് അഷ്ടപദി ശീലുകൾ ഉതിർത്ത് മൂവായിരത്തിൽപ്പരം വിദ്യാർത്ഥികളെ ആനന്ദത്തിലാറാടിച്ച ..... അല്ലെങ്കിൽ ആ കൈകളിൽ ഇല്ലാത്ത വിദ്യകൾ ഒന്നുമില്ലായിരുന്നു...... സിലബസ് ഷെഡ്യുൾ അനുസരിച്ച് എൻവയോൺമെൻ്റിനെ കുറിച്ച് ഭാവിയിലെ ഡോക്ടേഴ്സിന് അവയർനെസ്സ് നല്കാനെത്തിയ എൻവയോൺമെൻ്റൽ സൈൻറ്റിസ്റ്റ്..... ഭഗത് വർമ്മ....!! കാടും മലകളും പുഴകളും സാഗരങ്ങളും പൂത്തുലഞ്ഞ ഭൂമിയും..... പ്രകൃതിയെക്കുറിച്ച് പറയുമ്പോൾ ആ കണ്ണിൽ നക്ഷത്രങ്ങൾ പൂക്കുമായിരുന്നു......!! കവിതകൾ കൊണ്ടും..... പല പ്രശസ്തരുടേയും ജീവിതാനുഭവങ്ങൾ എണ്ണി പറഞ്ഞും...... സൂര്യനു താഴെയുള്ള എല്ലാ വിഷയങ്ങളേയും കുറിച്ചും വിദ്യാർത്ഥികളുടെ ഇടയിലേക്ക് ഇറങ്ങിചെന്ന് അവർക്കുള്ള സംശയങ്ങളൊക്കെ തീർത്ത് അവരിലൊരാളായി മാറിയ ഭഗത് സർ..... മെഡിക്കൽ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട നിമിഷങ്ങളായിരുന്നു അത്.....!! ""സാർ...അച്ചീവ് ചെയ്യാനാഗ്രഹിക്കുന്ന ഡ്രീം എന്താണെന്ന് വിദ്യാർത്ഥികൾക്കിടയിൽ നിന്ന് ആരോ ചോദിച്ചു....??

""ഞാനാ സ്വപ്നങ്ങൾക്കു പിന്നാലെ ഇപ്പോഴും സഞ്ചരിക്കുകയാണ്. വസന്തങ്ങൾ നിറയുന്ന ഭൂമി...... പൊട്ടിച്ചിരിയോടെ എത്തുന്ന വർഷം....... തെളിനീരാൽ തുള്ളിച്ചാടുന്ന പുഴകൾ....... പൊടി പടലങ്ങളില്ലാത്ത വായൂ....... ഇളം തെന്നൽ തഴുകുമ്പോൾ പൂമരങ്ങൾ ഇളകിയാടണം പൂക്കളുടെ ഗന്ധം നിറയണം...... എങ്ങും പൂമരം നീറയണം. ഒരു മഴയിൽ പൂമരത്തിൻ്റെ കീഴിൽ കുളിർന്ന് നില്ക്കണം എന്നിലേക്ക് ചില്ലകളിൽ നിന്ന് പൂക്കൾ ഉതിരണം......."" ഭഗത് സാർ കണ്ണടച്ച് നിന്ന് ഇതൊക്കെ പറയുമ്പോൾ ആഡിറ്റോറിയത്തിൽ ആർപ്പുവിളികൾ ഉയർന്നു.....!! ഭൂമിയെ സ്നേഹിച്ച പ്രകൃതി തന്ന സൗഭാഗ്യങ്ങളെ നഷ്ടപ്പെടുത്താൻ ആഗ്രഹിക്കാത്ത അയാളെ ആരാധനയോടെ ഏവരും നോക്കി നിന്നു. ജ്വാലയുടെ ഓർമ്മത്താളുകളെ ഭംഗപ്പെടുത്തിക്കൊണ്ട് ലളിതേടത്തിയുടെ ശബ്ദം ഉയർന്നു. കുഞ്ഞെത്തിയോ......?? അതും പറഞ്ഞ് ലളിതേടത്തി ചോറും ചേന തീയലും എത്തക്കായ് ഉപ്പേരിയും വെണ്ടയ്ക്ക കൊണ്ടാട്ടവും..... തൈരും ഭഗതിന് വിളമ്പി കൊടുത്തു. ഒരഭിപ്രായവും പറയാതെ വിളമ്പിയ തൊക്കെയും വേഗം കഴിച്ച് ,,പാത്രം കഴുകി വച്ച് ആരെയും നോക്കാതെ അവൻ അകത്തളത്തിലേക്ക് നടന്നു...... അപ്പോഴും ജ്വാല ഒരേ നില്പ്പാണ്..... ""എന്താ കുട്ടി ഇങ്ങനെ നില്ക്കുന്നത് വേഗം കഴിച്ച് ശ്രീദേവി തമ്പുരാട്ടിയുടെ അടുത്തേക്ക് ചെല്ലൂ നന്ദിനി തമ്പുരാട്ടി കാണണ്ടാ.....,"" ലളിതയുടെ ഒച്ചയിൽ ജ്വാല ഞെട്ടിയുണർന്നു.. ""ഇത്..... അല്ല ഇപ്പോ പോയത് ആരാ ? ജ്വാല വിക്കലോടെ ചോദിച്ചു....??

ശ്രീദേവി തമ്പുരാട്ടിയുടെ മോനാ.... ലളിത മോര് ചോറിലേക്ക് ഒഴിച്ചു കൊണ്ട് പറഞ്ഞു......"" ""അല്ലാ.... ഇവിടെ ..... ഈ ജോലിക്കാരുടെ കൂടെ ഊട്ടുപുരയിൽ...... ആഹാരം കഴിച്ചത്.... ജ്വാല പിന്നെയും ചോദിച്ചു......"" ""കൊച്ച് ....തമ്പുരാട്ടിയെ നോക്കാനല്ലേ വന്നത് ഭാരിച്ച കാര്യം അന്വോഷിക്കേണ്ട ..... ലളിത ഈർഷ്യയോടെ പറഞ്ഞു..... തൻ്റെ സംസാരം അവർക്ക് പിടിച്ചില്ലെന്ന് മനസ്സിലായി...... ഒന്നും മറുത്തു പറയാതെ ശ്രീദേവി തമ്പുരാട്ടിയുടെ മുറിയിലേക്ക് പോയി.......""" ഊർജ്ജസ്വലതയോടെ ...... എല്ലാവരുടേയും ആരാധനാപാത്രമായ ഭഗത് സാറിൽ നിന്ന് താനിപ്പോൾ കണ്ട ഭഗത് സാർ ..... കോപ്പറേറ്റീവ് കമ്പനികളുടെ തലപ്പത്ത്....... RR ഗ്രൂപ്പ് ഓഫ് കമ്പനീസിൻ്റെ എംഡിയായി...... ബിസ്സിനസ്സ് ടൈക്കൂണായി അൺ ബിലീവബിൾ മൂന്നാല് വർഷം കൊണ്ട് ഒരു മനുഷ്യനുണ്ടായ മാറ്റം..... ശുദ്ധവായു ശ്വസിക്കാനാഗ്രഹിച്ച.... പറന്നു നടക്കാനാഗ്രഹിച്ച പുഴകളേയും പൂമരങ്ങളേയും സ്നേഹിച്ച വ്യക്തി ഇടുങ്ങിയ ഓഫീസ് മുറിക്കുള്ളിൽ ഇരുന്ന് AC യുടെ തണുപ്പിൽ ശ്വാസം മുട്ടി...... റോബോട്ടിനെ പോലെ..... കംബ്യൂട്ടറുകളുടെ മുന്നിൽ രാപകലില്ലാതെ ഇൻവെസ്റ്റും... പ്രോഫിറ്റും ടാക്സും ഷെയറും ബിസിനസ്സ് ഗ്രോത്തും മാത്രമായി ഒതുങ്ങിയിരിക്കുന്നു. ഫാസ്റ്റ് ലൈഫിൻ്റെ ഭാഗമായി....

ധരിച്ചിരിക്കുന്ന കോട്ടും സ്യൂട്ടും ടൈയും കണ്ടാൽ തന്നെയറിയാം.... ഇടയ്ക്കയിൽ നാദബ്രഹ്മം തീർത്ത..... കവിതകളാൽ ഭൂമിയെ പുഷ്പിച്ച പഴയ ഭഗത് സാറിൻ്റെ ജഢം മാത്രമാണിതെന്ന്....... വിശാലമായ പച്ച പരവതാനി വിരിച്ച...... ഭൂമിയെ കൊതിയോടെ നോക്കി കണ്ട ന്നക്ഷത്രങ്ങൾ വിരിയുന്ന കണ്ണ് നിർജ്ജീവം........ തറവാടിൻ്റെ ഇടനാഴിയിലൂടെ നടക്കുമ്പോൾ....... മനസ്സിൽ ആ സമയം നിറഞ്ഞു നിന്നത് ഭഗത് മാത്രമായിരുന്നു. പിച്ചിപ്പൂവിൻ്റെ ഗന്ധമുള്ള.....ഭഗത്.... മെഡിക്കൽ കോളേജിലെ ആഡിറ്റോറിയത്തിൽ വൈറ്റ് കുർത്തയും ബ്ലൂ ജീൻസും അണിഞ്ഞ്....... നിറചിരിയുടെ ആഘോഷത്തോടെ ചുവന്ന ഒറ്റ കല്ലിൻ കടുക്കനിൽ ഹൃദയത്തിൽ പതിഞ്ഞ രൂപം......."" വെറും ആരാധന അല്ലായിരുന്നു.... ആ മനുഷ്യനോട്...... ആരെയും തന്നിലേക്ക് വലിച്ചടുപ്പിക്കാനുള്ള കാന്തീക ശക്തി ആ കണ്ണുകൾക്കുണ്ടായിരുന്നു....... വെറും മൂന്ന് മണിക്കൂറിന് ശേഷം ആ മനുഷ്യൻ കോളേജിൽ നിന്ന് യാത്രയാകുമ്പോൾ തൻ്റെ ഹൃദയം അറിയാതെ പിടഞ്ഞിരുന്നു. ആരെങ്കിലും വിവാഹത്തെ കുറിച്ച് ചോദിക്കുമ്പോൾ അങ്ങനെയൊരു ജീവിതം തനിക്കൊരിക്കലും ഇല്ലെന്ന് പറഞ്ഞൊഴിയുമ്പോഴും താനൊരു സ്വപ്നത്തെ താലോലിച്ചിരുന്നു....... സ്വന്തമാക്കാനല്ല.......

പൂജിക്കാൻ....... തൻ്റെ ഹൃദയപുഷ്പങ്ങളാൽ ആ പാദങ്ങളെ അലങ്കരിക്കുവാൻ ഭക്ത മീരയാവുകയായിരുന്നു താൻ...... ദൂരെ നിന്ന് പ്രണയിക്കാനെ കൊതിച്ചിട്ടുള്ളു. അല്ലെങ്കിൽ അതിനുള്ള അർഹതയെ തനിക്കുള്ളുവെന്ന് അവൾക്കറിയാമായിരുന്നു......!!!! അപ്പോഴും നല്ല ഉറക്കമാണ് തമ്പുരാട്ടി...... താനിവിടെ കാലത്ത് വന്നതാണ് ഉച്ച സമയം കഴിഞ്ഞിട്ടും ഉറക്കം വിട്ടിട്ടില്ല...... എന്തോ അസ്വഭാവികത തോന്നി..... ജ്വാലയിലെ ഡോക്ടർക്ക്..... അവളാ കവിളിലൊന്ന് തഴുകി..... ""എൻ്റെ അപ്പേ......"" പുഞ്ചിരിയോടെ നിശബ്ദമവൾ വിളിച്ചു..... പെട്ടെന്നവൾ എഴുന്നേറ്റ് ടേബിളിൽ വച്ചിരുന്ന ട്രീറ്റ്മെൻ്റ് ഫയൽ ഒന്നു നോക്കി..... പിന്നെ ടേബിളിലിരുന്ന മെഡിസിനിലും... ""ഓഹ്...... നടുങ്ങിയിരുന്നു ജ്വാല.... അവളെന്തോ തീരുമാനിച്ചുറപ്പിച്ച പോലെ ഫയൽ ടേബിളിൽവച്ച് ' അപ്പയുടെ മുഖത്ത് നോക്കി...... തന്നെ ജീവിക്കാൻ പ്രേരിപ്പിച്ചതെല്ലാം ഈ പൊന്നോത്ത് മഠത്തിലുണ്ട്.... ഒരിക്കലും സ്വന്തമാക്കാൻ ആവില്ലെങ്കിലും..... സ്വന്തമായ ചിലതൊക്കെ മിഴികൾ വീണ്ടും നനഞ്ഞു....""..........................................തുടരും…………

ഇനിയും പൂക്കാം നിനക്കായ്  : ഭാഗം 2

Share this story