ഇശൽ തേൻകണം: ഭാഗം 10

ishal then kanam

രചന: ജീഫ്‌ന നിസാർ

എന്താണ്... ഒരു റൊമാന്റിക് സോങ് ഒക്കെ.. " കിരൺ ചിരിച്ചു കൊണ്ട് ചോദിച്ചു. സായി സീറ്റിൽ ചാരി കിടന്നു കൊണ്ട് തന്നെ അവനെ നോക്കി കണ്ണിറുക്കി കാണിച്ചു.. ഇടയ്ക്കിടെ ഉള്ള ഈ നാട്ടിൽ പോക്ക് എനിക്ക്.. സംശയം ഉണ്ട് ട്ടോ " കിരൺ പറയുമ്പോൾ സായി കണ്ണുരുട്ടി.. "പൊന്നു മോനെ... നീ എന്ത് വിചാരിച്ചു വെച്ചാലും... അങ്ങനെ ഒന്നും ഇല്ല.. ഈ നിമിഷം വരെയും...ഇനി.. ഇനി ഉണ്ടാകുമോ എന്നും അറിയില്ല.." പറയുമ്പോൾ... സായിയുടെ ഹൃദയം നിറയെ... ജാസ്മിയുടെ മുഖമായിരുന്നു. "ആ.. അപ്പൊ പ്രതീക്ഷക്കു വകയുണ്ട്... അല്ലേടാ" കിരൺ ചിരിച്ചു. ഞങ്ങളെ കാണുന്നത് തന്നെ ചെകുത്താൻ കുരിശ് കണ്ട പോലാ അമ്മയ്ക്ക്.. അപ്പഴാ.. ഇനി ഒരു പെണ്ണ്... വേണ്ട മോനെ... അത് ശെരിയാവില്ല.. ആദ്യം അമ്മ നേരെയാവട്ടെ " സായി ചിരിച്ചു കൊണ്ട് പറഞ്ഞു. "ഓ.. ഈ ഓർമയൊക്കെ ഉണ്ടായിട്ടാണ് ഇപ്പോഴും... ആന്റി വിളിച്ചു വല്ലോം പറഞ്ഞതിന് പെട്ടി എടുത്തു പോന്നത് " കിരൺ കളിയാക്കി.. സായി പതിയെ ചിരിച്ചു.. "എനിക്ക് വേണ്ടി അല്ലെടാ കിരൺ..

ഞാൻ അവിടെ നിൽക്കുന്ന ഓരോ നിമിഷവും അമ്മ ചിറ്റയെ വെറുതെ ഓരോന്നു വിളിച്ചു പറയും.. ഫോൺ എടുക്കാൻ ഞാൻ അൽപ്പം വൈകിയ... അപ്പൊ വിളിക്കും ചിറ്റയെ.. എടുക്കും വരെയും വിളിക്കും... ഒരു തരം വാശി പോലെ.. എന്തിനാണ് വെറുതെ... ഞാൻ കാരണം... ചിറ്റയെ കൂടി.. " സായി പറയുമ്പോൾ കിരൺ അവനെ ഒന്ന് നോക്കി.. "ഞാനും സിത്തും ചെല്ലുന്നത്... ചിറ്റയ്ക്ക് സ്വർഗം കിട്ടും പോലെ ആണ്.. അതൊന്നും അമ്മയ്ക്ക് പറഞ്ഞ മനസ്സിലാവില്ല.. നല്ലതൊന്നും അമ്മയുടെ കണ്ണിൽ കാണില്ല... നെഗറ്റീവ് കാണാൻ ഇരട്ടി കാഴ്ചയും ആണ് " സായി പറഞ്ഞു.. "നിങ്ങൾ എല്ലാവരും കൂടി... വളർത്തിയ സ്വഭാവം ആണ് നിന്റെ അമ്മയ്ക്ക്.. ലോകത്തിലെ ദേഷ്യമുള്ള ആദ്യത്തെ ആളൊന്നും അല്ല.. ദേവിക ആന്റി..ഏത് അമ്മമാർക്കാണ് ദേഷ്യം ഇല്ലാത്തത്... മക്കളുടെ കാര്യത്തിൽ സ്വാർത്ഥത ഇല്ലാത്തത്... ആന്റിക്ക് ഇത് രണ്ടും മാത്രം ഒള്ളൂ.. മക്കളോട് ലവലേശം സ്നേഹം ഇല്ല.. അതാണ്‌ കാര്യം " കിരൺ പറയുമ്പോൾ സായി പുറത്തേക്ക് നോക്കി.. വെയിലിൽ തിളങ്ങുന്ന നഗരം..

തിരക്ക് പിടിച്ചു ഓടുന്ന ജനങ്ങൾ.. തമ്മിലൊന്ന് ചിരിക്കാൻ കൂടി സമയം ഇല്ല.. ഇതേ തിരക്കാണ് അമ്മയ്ക്കും... പണം നേടാൻ... പദവി നേടാൻ... എന്നിട്ട് ഒടുവിൽ എല്ലാം നേടിയിട്ടും... ഒന്നും കയ്യില്ലില്ലാത്ത... ഭിക്ഷകാരിയെ പോലെ.. ഇപ്പോഴും അമ്മയ്ക്ക് ആക്രാന്തം മാറിയിട്ടില്ല.. കിരൺ പറഞ്ഞത് പോലെ.... സത്യമാണത്.. തുടക്കത്തിൽ തന്നെ തിരുത്താൻ പറ്റുമായിരുന്നു... പക്ഷേ.... അതിനെതിരെ മുഖം തിരിച്ചു എല്ലാരും.. പഠിച്ചു നേടുന്നതെ അമ്മയ്ക്ക് മുന്നിൽ വിലയൊള്ളു.. ബാക്കി എല്ലാം ഒരു തരം പുച്ഛമാണ്.. പാട്ടും നൃത്തവുമെല്ലാം ആഭാസമാണ്.. "ഇപ്പൊ ഉള്ളത് പോലെ അല്ല.. നീയും സിത്തുവും... സ്വന്തം ജീവിതം തിരഞ്ഞെടുക്കേണ്ട പ്രായം ആയി തുടങ്ങി.. അപ്പോഴും ഈ സ്വഭാവം കയ്യിലുള്ള ആന്റിയുടെ അടുത്തേക്ക് വേണ്ടേ... പാതിയുടെ കൈ പിടിച്ചു വരേണ്ടത്... അതിലും ഭേദം നീ ഒക്കെ ജീവിതകാലം മുഴുവനും ബ്രഹ്മചാരി ആയി തുടരുന്നതാ " കിരൺ പറയുമ്പോൾ സായി അവന്റെ നേരെ നോക്കി.. ശെരിയാണ്.. അമ്മയല്ലേ എന്ന് എന്ന് കരുതി മക്കൾ സഹിക്കും. അത് പോലെ ആവില്ലല്ലോ.. "

ദൈവമേ.. അതോർക്കാൻ കൂടി വയ്യ കിരൺ." സായി പറയുമ്പോൾ കിരൺ അമർത്തി നോക്കി അവനെ.. വേണ്ട... മോൻ ഓർക്കേണ്ട... ജീവിതം മുഴുവനും ഇങ്ങനെ വാ ഉള്ളിലിട്ട് മിണ്ടാതെ ജീവിച്ചോ.. എന്നേലും അമ്മ നന്നാവും എന്നുള്ള മന്ത്രവും ജപിച്ചോ ഇടയ്ക്കിടെ... അല്ല. പിന്നെ.. എടാ ക്ഷമക്കും വേണം ഒരു പരിധി.. " കിരൺ ദേഷ്യത്തിൽ ആയിരുന്നു.. സായി പുറത്തേക്ക് നോക്കി ഇരുന്നു.. "ദേവിക ആന്റിക്ക് അറിയാം... എന്ത് ചെയ്താലും ആരും ചോദിക്കാനോ പറയാനോ വരില്ലെന്ന്.. പിന്നെ എന്തും ആയിക്കൂടെ.. ഇഷ്ടമില്ലാത്തത് പറയുമ്പോൾ... അതിനി പറയുന്നത് ആരായാലും തിരിച്ചു ചോദിച്ചു പഠിക്കണം..." കിരൺ പറഞ്ഞു.. "ചോദിക്കാൻ പേടിച്ചിട്ടോ... അറിയാഞ്ഞിട്ടോ അല്ല കിരൺ. അത് കൊണ്ട് ഒരു കാര്യവും ഇല്ലെന്ന് ശെരിക്കും അറിയാം എനിക്ക്.. എല്ലാർക്കും അറിയാം.. പിന്നെ ഉള്ളത് ഉപേക്ഷിച്ചു പോരുക എന്നതാ.. അതും പറയാൻ എളുപ്പമാണ്..." സായി പറയുമ്പോൾ കിരൺ ചുണ്ട് കോട്ടി.. "അതൊക്കെ നിന്റെ തോന്നലാ.. ഞാൻ എങ്ങാനും ആയിരിക്കണം " കിരൺ കടുപ്പത്തിൽ പറഞ്ഞു..

"നീ ആണേലും ഒന്നും സംഭവിക്കില്ല കിരൺ.. അതും തോന്നലാണ്.. അപ്പോഴും കാണാത്ത കുറച്ചു ചങ്ങല കണ്ണികൾ കൊണ്ട് കാൽ രണ്ടും കൂട്ടി കെട്ടിയ പോലെ ബന്ധങ്ങൾ പിടിച്ചു നിർത്തും.. അങ്ങ് സഹിക്കും.. അത്ര തന്നെ..."സായി പറഞ്ഞു കിരൺ അവന്റെ നേരെ നോക്കി.. "എന്തിന്റെ പേരിലാണ് അമ്മ ഞങ്ങളോട് സ്നേഹം കാണിക്കാത്തത് എന്നോർക്കുമ്പോൾ... ഇപ്പോഴും ഉള്ളിലൂടെ ഒരു മിന്നൽ ആണ്... എത്ര സന്തോഷത്തോടെ ജീവിക്കാം... എന്തെല്ലാം സൗഭാഗ്യങ്ങൾ ദൈവം തന്നിട്ടുണ്ട്.. പക്ഷേ... ചിറ്റ പറയുമ്പോലെ... അനുഭവിക്കാൻ വിധിയുണ്ടാവില്ല " സായി പറയുമ്പോൾ കിരൺ പിന്നെ ഒന്നും പറഞ്ഞില്ല.. സായി പുറത്തേക്ക് നോക്കി ഗ്ലാസ്സിൽ മുഖം ചേർത്തിരുന്നു.. അവനപ്പോൾ ജാസ്മിയെ ഓർമ വന്നു... ഒരുപാട് ഉപദ്രവിച്ചിട്ടും എന്റെയല്ലേ എന്നുള്ള സ്വാർത്ഥതയോടെ ഉമ്മയെ അടക്കി പിടിച്ച അവളുടെ പിടക്കുന്ന കണ്ണുകൾ ഓർമ വന്നു വെറുതെ.. വെറുതെ ഓർത്തിരിക്കാൻ പോലും വല്ലാത്തൊരു സുഖം തോന്നും പോലെ... ❤❤❤❤❤❤❤❤❤❤❤❤❤❤❤

ചോറ് വാർത്തു വെക്കുന്നതിനിടെ ആണ് ജാസ്മി കോളിങ് ബെൽ അടിക്കുന്നത് കേട്ടത്.. ഉച്ച സമയമാണ്.. ഉമ്മ ഉണർന്നു കിടക്കുമ്പോൾ ആ അരികിൽ തന്നെ വേണം. ഇല്ലെങ്കിൽ ഇറങ്ങി പോയി കളയും.. ആ കൂടെ വല്ലതും മിണ്ടിയും പറഞ്ഞും ഇരിക്കും.. ഒന്നും തിരിച്ചു പറയില്ല.. നോക്കുക കൂടി ചെയ്യില്ല.. എങ്കിലും... ഉമ്മയോട് കളി പറയുമ്പോൾ... കുറുമ്പ് കാണിക്കുമ്പോൾ എല്ലാം.. വെറുതെ മോഹിക്കും... ഒന്നും നഷ്ടം വന്നിട്ടില്ല.. ഉപ്പയും അൻസിക്കയും വൈകുന്നേരം ജോലി കഴിഞ്ഞു വരും എന്നൊക്കെ.. ജാസ്മി ചോറ് പാത്രം മൂടി മൂടി വെച്ചിട്ട് പുറത്തേക്ക് നടന്നു. ആരാവും ഈ നേരത്ത്. പടച്ചോനെ... ഇച്ചിരി മോര് കറിയും പപ്പടവും മാത്രം ആണ് കറിയുള്ളത്.. അവൾ വേവലാതിയോടെ ഓർത്തു നടന്നു.. പോകും വഴി ഉമ്മയുടെ മുറിയിലേക്ക് ഒന്ന് പാളി നോക്കി.. ഉറക്കമാണ്.. അല്ല... മരുന്നുകൾ തളർത്തി ഇടുന്നതാണ് അത്.. മുൻ വശത്തെ വാതിൽ തുറക്കുമ്പോൾ തന്നെ കണ്ടിരുന്നു.. ചുവരിൽ ചാരി... വാടിയ പൂവ് പോലെ... രഹന.. അൻവറിന്റെ പ്രണയം... ജാസ്മിയുടെ നെഞ്ച് തുള്ളിയ പോലെ.. ഇത്താ.

.. പതിയെ അവൾ വിളിക്കുമ്പോൾ... രഹന മിഴികൾ ഉയർത്തി നോക്കി.. തിളക്കം കെട്ട് പോയ ആ കണ്ണിലെ നോവിലേക്ക് നോക്കുമ്പോൾ ജാസ്മി നെഞ്ച് വേദനിച്ചു.. വാ... ജാസ്മി കൈ പിടിച്ചപ്പോൾ രഹന ഉള്ളിലേക്ക് കയറി.. ഹാളിൽ നിന്നും ചുറ്റും നോക്കുന്നുണ്ട്.. കാബോർഡിലെ അൻസാറിന്റെ ചിരിക്കുന്ന ഫോട്ടോ.. പതിയെ രഹന അതിന്റെ മുന്നിലെത്തി.. വിറക്കുന്ന കൈ കൊണ്ട് അതെടുത്തു നെഞ്ചിൽ ചേർത്ത് കണ്ണടച്ച് പിടിച്ചു.. ജാസ്മിയുടെ കണ്ണുകൾ നിറഞ്ഞു.. എന്താ ഇത്താ ഇത്... വാ.. ഇങ്ങോട്ട്.. ഉമ്മയെ കാണണ്ടേ.. വാ " ജാസ്മി പിടിച്ചു വലിച്ചപ്പോൾ.. രഹന ആ ഫോട്ടോ ഇറുക്കി പിടിച്ചു കൊണ്ട് തന്നെ മുന്നോട്ട് നടന്നു.. ഉമ്മയുടെ അരികിൽ പോയിരുന്നു.. ഉമ്മാ... പതിയെ രഹന വിളിക്കുമ്പോൾ... തളർന്നഉറക്കത്തിൽ പോലും കദ്ധീജുമ്മ മെല്ലെ ഒന്ന് മൂളി.. "ഇപ്പൊ എങ്ങനെ ഉണ്ട് ജാസ്മി ഉമ്മാക്ക് " രഹന കദ്ധീജുമ്മയുടെ കയ്യിൽ തലോടി കൊണ്ട് ചോദിച്ചു.. പരുക്കമായ സ്വരം.... എത്ര മനോഹരമായി സംസാരിക്കാൻ കഴിയുന്ന ആളായിരുന്നു.

"അങ്ങനെ തന്നെ ഇത്താ.. വല്ല്യ മാറ്റം ഒന്നൂല്ല " ജാസ്മി പറയുമ്പോൾ രഹന വീണ്ടും ഉമ്മയെ നോക്കി.. "ഇത്തയിരിക്ക്... ഞാൻ വെള്ളം കൊണ്ട് വരാം " ജാസ്മി പറഞ്ഞപ്പോൾ... രഹന പതിയെ തലയാട്ടി.. ജാസ്മി അടുക്കളയിൽ പോയിട്ട്... നാരങ്ങ ഉള്ളത് കൊണ്ട് വെള്ളം കലക്കി കൊണ്ട് വന്നു.. ഉമ്മയുടെ അടുത്ത് രഹന ഇല്ല.. ജാസ്മി തിരഞ്ഞു ചെല്ലുമ്പോൾ... അൻസാറിന്റെ മുറിയിലെ ബെഡിൽ കമിഴ്ന്നു കിടക്കുന്നുണ്ട്‌.. ശക്തമായ തേങ്ങലിൽ ശരീരം ഉലയുന്നുണ്ട് അവളുടെ.. ജാസ്മി തളർച്ചയോടെ ചുവരിൽ ചാരി.. ഒരായിരം സ്വപ്നങ്ങൾ കൂട്ടി വെച്ചിട്ട് ഈ മുറിയിൽ പ്രിയപ്പെട്ടവനൊപ്പം ഒരു ജീവിതം പങ്കിടാൻ മോഹിച്ചവളാണ്.. എന്ത് പറഞ്ഞിട്ടാണ് അവളെ ആശ്വാസിപ്പിക്കുന്നത്.. കൈ പിടിക്കുമെന്നും... കണ്ണ് നിറക്കില്ലെന്നും വാക്ക് കൊടുത്തവൻ ഇന്ന് കാണാ മറയത്താണ്... അതോർത്തു ഉരുകി ഉരുകി... അവന്റെ പെണ്ണും. ഒരിക്കലും തിരിച്ചു കിട്ടാത്ത അവളുടെ പ്രാണനെ... എങ്ങനെയാണ് അവളോട് മറക്കാൻ പറയേണ്ടത്.. കണ്ട് കുളിരണിഞ്ഞ ഒരായിരം സ്വപ്നങ്ങൾ...

എന്ത് പറഞ്ഞാലാണ് അവൾക്ക് മറക്കാൻ ആവുന്നത്.. ജാസ്മിക്ക് കരച്ചിൽ വന്നിട്ട് തൊണ്ട കനച്ചു.. പക്ഷേ മുഖം അമർത്തി തുടച്ചിട്ട് അവൾ രഹ്‌നയുടെ അരികിൽ പോയിരുന്നു.. ഇത്താ.. പതിയെ വിളിച്ചപ്പോൾ രഹന മുഖം ഉയർത്തി നോക്കി.. എഴുന്നേറ്റു ഇരുന്നു.. കരഞ്ഞു വീർത്ത മുഖം.. ചുവന്നു വിങ്ങിയ കണ്ണുകൾ.. പാറി പറന്ന മുടി ഇഴകൾ.. ഇന്നാ.. കുടിക്ക് ഇത്താ.. ജാസ്മി അലിവോടെ പറഞ്ഞു.. രഹന തട്ടം കൊണ്ട് മുഖം അമർത്തി തുടച്ചിട്ട് അവളെ നോക്കി... കുടിക്ക്... ജാസ്മി വീണ്ടും പറഞ്ഞു.. രഹന കൈ നീട്ടി വാങ്ങി.. എന്നിട്ട് പതിയെ കുടിച്ചു.. ജാസ്മി ഒന്നും പറയാതെ അവളെ തന്നെ നോക്കി ഇരുന്നു.. എന്തൊരു ഭംഗിയുള്ള മുഖമായിരുന്നു.. അൻസിക്കാന്റെ കൂടെ ചേർന്ന് നിന്നപ്പോൾ... ആ മഹർ അണിഞ്ഞപ്പോൾ... സൂര്യനെ പോലെ തിളങ്ങുന്ന ആളായിരുന്നു ഇതെന്ന് ഓർക്കുമ്പോൾ പോലും നെഞ്ച് പൊട്ടും പോലെ.. ജീവനില്ലാത്ത ഈ മിഴികൾ... വിളറി വെളുത്ത മുഖം.. ഉള്ളിലെ സങ്കടം... അണയാതെ കൊണ്ട് നടന്നപ്പോൾ അവൾക്ക് കിട്ടിയ സമ്മാനം.. അൻസിക്കയുടെ ജീവനിലാത്ത ശരീരം കണ്ടു തളർന്നു വീണവൾ...

ഒന്നുറക്കെ കരയാൻ പോലും മറന്നെന്ന പോലെ ഉള്ള ആ ഇരിപ്പിന്റെ ഓർമ ഇന്നും നോവിക്കാറുണ്ട്.. ജാസ്മി അലിവോടെ.... രഹ്‌നയെ നോക്കി.. തല താഴ്ത്തി ഇരിപ്പുണ്ട്.. ചോറ് തിന്നാലോ ഇത്താ.. നേരം ഒത്തിരി ആയില്ലേ.. " ജാസ്മി വീണ്ടും ചോദിച്ചു.. രഹന അപ്പോഴും തലയാട്ടി.. ഒന്നും മിണ്ടാൻ കഴിയാത്ത വിധം തളർന്നു പോയ പോലെ.. അൻസിക്ക പോയി കഴിഞ്... ഒന്ന് രണ്ടു പ്രാവശ്യം വന്നിരുന്നു... ഉമ്മാനെ കാണാൻ.. അന്ന് അവരുടെ കുടുംബം മുഴുവനും ഉണ്ടായിരുന്നു ആ കൂടെ..ഒരു പാവയെ പോലെ.... വികാരങ്ങൾ ഏതും ഇല്ലാത്ത ഒരാളായി മാറിയ ഇത്ത അന്നത്തെ ഉറക്കം കെടുത്തി.. ഇന്നിപ്പോൾ... ഒറ്റയ്ക്ക്... ആദ്യമായിട്ടാണ്.. രഹ്‌നയെ ഒന്നൂടെ നോക്കിയിട്ട് ജാസ്മി അടുക്കളയിൽ പോയി ചോറ് എടുത്തു വെച്ചു.. വീണ്ടും വന്നു നോക്കിയപ്പോൾ... മുഖം താഴ്ത്തി തന്നെ... ആ ഫോട്ടോ ഇറുക്കി പിടിച്ചിട്ട് ഇരിപ്പുണ്ട്.. "വാ... ഇത്താ.. ചോറ് കഴിക്കാ " ജാസ്മി വിളിക്കുമ്പോൾ പതിയെ എഴുന്നേറ്റു നടന്നു.. നടക്കുമ്പോൾ പോലും അവൾക്കൊരു തളർച്ചയുണ്ട്.. ജാസ്മി കൈ പിടിച്ചു........ തുടരും...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story