ഇശൽ തേൻകണം: ഭാഗം 11

ishal then kanam

രചന: ജീഫ്‌ന നിസാർ

ചോറിന് മുന്നിൽ ഇരുന്നിട്ടും രഹന മിണ്ടുന്നില്ല.. ജാസ്മി തൊട്ട് മുന്നിലെ സ്റ്റൂളിൽ ഇരുന്നിട്ട് അവളെ നോക്കുന്നുണ്ട്. അത് പോലും അറിയാതെ... ഓർമകൾ കൊണ്ട് തീർത്ത ചങ്ങലകണ്ണികൾ... കഴുത്തിൽ ചുറ്റിയത് പോലെ.... രഹന ഇരിക്കുന്നു. എന്തൊരു ഉത്സാഹം നിറഞ്ഞ ആളായിരുന്നു.. എനിക്കൊരു ഇഷ്ടമുണ്ടെന്ന് അൻസിക്ക പറയുമ്പോൾ... അതിനി ആരായാലും.. ഒന്ന് കാണാൻ അത്രമാത്രം കൊതിച്ചു പോയിരുന്നു.. ആ കൂടെ കൊണ്ട് പോയി കാണിച്ചു തരുമ്പോൾ... ഒരുപാട് പരിജയം ഉള്ളവരെ പോലെ... ആദ്യകാഴ്ചയിൽ തന്നെ കൈകൾ കവർന്നെടുത്തു... ഒത്തിരി വിശേഷങ്ങൾ പറഞ്ഞു.. തിരിച്ചു പോരുമ്പോൾ... അൻസിക്കയോളം രഹ്‌നയും മനസ്സിൽ പടർന്നു കയറിയിരുന്നു... കഴിക്ക് ഇത്താ " പതിയെ ആ കയ്യിൽ തൊട്ട് കൊണ്ട് പറയുമ്പോൾ.... രഹന ജാസ്മിയെ നോക്കി.. നിറഞ്ഞ ആ കണ്ണുകൾ വീണ്ടും വീണ്ടും കൊളുത്തി വലിക്കാൻ പോന്നതായിരുന്നു. ഓരോ ഉരുളയും...കഴിക്കുമ്പോൾ രഹന പതറി കൊണ്ട് ചുറ്റും നോക്കുന്നുണ്ട്.. ഇവിടെ എത്തുമ്പോൾ അവളുടെ ഓർമകൾക്ക് തീ പിടിക്കുന്നുണ്ടാവാം...

കുത്തി നോവിക്കുന്നും ഉണ്ടാവാം.. ഓർമയെന്ന വിഷകുപ്പിയിൽ വീണു പിടഞ്ഞിട്ട് അവളെത്ര വട്ടം ആത്മഹത്യ ചെയ്തു പോയിരിക്കും.. ജാസ്മിക്കും കഴിക്കാൻ പറ്റുന്നില്ല.. രഹന ഇച്ചിരി കൊത്തി പെറുക്കും പോലെ കഴിച്ചു തീർത്തിട്ട് എഴുന്നേറ്റു.. പാത്രം എടുത്തിട്ട് പോയവളെ ജാസ്മി തടഞ്ഞിട്ടും... ഒന്നും മിണ്ടാതെ അടുക്കളയിലേക്ക് പോയ രഹ്‌നയെ വേദനയോടെ നോക്കി ഇരുന്നു.. മൗനം കൊണ്ട് പോലും മുറിവുകൾ ഏൽക്കുന്നു.. "ഉമ്മാക് കൊടുക്കണ്ടേ..." തട്ടം കൊണ്ട് കൈ തുടച്ചു വന്നിട്ട് രഹന പതിയെ ചോദിച്ചു.. "ഉമ്മ കഞ്ഞി കുടിച്ചു കിടന്നതാ ഇത്താ.. ഇനി ഇച്ചിരി കഴിയും. എഴുന്നേൽക്കാൻ " പാതിയിൽ നിർത്തിയ ചോറ് പാത്രം എടുത്തിട്ട് ജാസ്മി പറഞ്ഞു.. രഹന പിന്നെ ഒന്നും പറയാതെ കദ്ധീജുമ്മയുടെ മുറിയിലേക്ക് പോയി.. അടുക്കള ഒതുക്കി... ജാസ്മി വന്നപ്പോഴും രഹന ഉമ്മയെ തന്നെ നോക്കി... ആ കൈയ്യിൽ തലോടി ഇരിക്കുന്നു.. ജാസ്മി ചുവരിൽ ചാരി നിന്നിട്ട് അവളെ നോക്കി.. "വീട്ടില്... എല്ലാർക്കും.. സുഖമാണോ ഇത്താ " ജാസ്മി പതിയെ ചോദിക്കുമ്പോൾ രഹന തല ഉയർത്തി...

അവളെ നോക്കി.. പിന്നെ അതേ എന്ന് തലയാട്ടി കാണിച്ചു. "എല്ലാർക്കും സുഖം.. ഇനി... ഇനി ഇപ്പൊ കൂടുതൽ സുഖമാവും..." പിറു പിറുക്കുന്നവളെ ജാസ്മി പതറി കൊണ്ട് നോക്കി.. "എന്താ... ഇത്താ.. എന്താ ഇങ്ങള് ഇങ്ങനെയൊക്കെ പറയുന്നേ " ജാസ്മി ആ അരികിൽ പോയിരുന്നു... രഹന ഒരു നിമിഷം അവളെ തുറിച്ചു നോക്കി.. "ന്റെ കല്യാണമാണ് ജാസ്മി.. ഈ മാസം.. ലാസ്റ്റ്... ഒടുക്കം അന്റിത്ത തോറ്റു പോയല്ലോ പെണ്ണെ.. ന്നെ കൊന്നു കളയാൻ അവര് തീരുമാനം എടുത്തു " പൊടുന്നനെ നിറഞ്ഞ കണ്ണോടെ രഹന പറയുമ്പോൾ ജാസ്മി വിറച്ചു പോയിരുന്നു.. ഹൃദയം ഒരു നിമിഷം മിഡിക്കാൻ മറന്നു പോയിരുന്നു.. ഇടയ്ക്കിടെ തല്ല് പിടിക്കുമ്പോൾ... അൻസിക്കയെ ദേഷ്യം പിടിപ്പിക്കാൻ... തോൽപ്പിക്കാൻ ഉള്ള അവസാന അടവ് എന്നോണം പറയാറുണ്ട്.. അവള് അന്നെ തേച്ചിട്ട് പോകും.. നോക്കിക്കോ ന്ന് " എന്റെ കല്യാണമാണ് എന്ന് രഹന പറഞ്ഞ നിമിഷം ജാസ്മിക്ക് അതാണ്‌ ഓർമ വന്നത്.. ഇത്താ... പതിയെ വിളിക്കുമ്പോൾ ശ്വാസം പോലും വിറച്ചു.. "വീട്ടിലെ അവസ്ഥ അനക്ക് അറീലെ.. ഇത്രേം ഞാനും പിടിച്ചു നിന്നു..

ഇപ്പൊ.. ഇപ്പൊ ന്റെ അവസാന പിടിയും വിട്ട് പോയി മോളെ... ഇനി.... ഞാനും മരിച്ചു ജീവിക്കണം " കരച്ചിൽ അടക്കാൻ രഹന പാട് പെടുന്നുണ്ട്.. അവൾ എഴുന്നേറ്റു നടന്നു മറഞ്ഞു.. ജാസ്മിക്ക് ഉറക്കെ അലറി കരയാൻ തോന്നി. അവൾ തളർന്നുറങ്ങുന്ന ഉമ്മയെ നോക്കി.. ശെരിക്കും ഇങ്ങക്ക് ഭാഗ്യം ഉണ്ട് ഉമ്മാ.. ഇതൊന്നും അറിയണ്ടല്ലോ.. വീണ്ടും വീണ്ടും സങ്കടം കൊണ്ട് പിടയണ്ടല്ലോ.. ജാസ്മിക്ക് കണ്ണ് നിറഞ്ഞിട്ട് കാഴ്ച മറഞ്ഞു.. മങ്ങിയ കണ്ണുകൾക് മുന്നിൽ... അൻസാറിന്റെ ചിരിച്ച മുഖം.. അവൾ ഒന്ന് തേങ്ങി പോയി.. പടച്ചോനെ... എന്തൊരു പരീക്ഷണം ആണിത്... വീട്ടിലെ നിർബന്ധം കൊണ്ട് മാത്രം ആയിരിക്കും.. മരണം കൊണ്ട് പോലും അവളെന്നെ മറക്കൂല മോളെ " അഭിമാനത്തോടെ അൻസിക്ക പറയാറുണ്ട്.. അവസാന ആശ്രയവും അറ്റ് പോയി കാണും.. ഇല്ലെങ്കിൽ രഹന അങ്ങനെ ഒന്നിന് നിന്ന് കൊടുക്കും എന്ന് അവൾക്ക് തോന്നിയില്ല.. ഒരു ആങ്ങളയും അനിയത്തിയും കൂടി ഉണ്ട് അവൾക്ക്.. ആങ്ങള... ഗൾഫിൽ.. അവന്റെ ഭാര്യയും കുട്ടിയും ഇവരുടെ കൂടെ..

അനിയത്തി ഡിഗ്രിക്ക്‌ പഠിക്കുന്നു.. രഹനയുടെ ഉപ്പ സൈതലവി... ടൗണിൽ മില്ല് നടത്തുന്നു.. സഹനത്തിന്റെയും സഹതാപത്തിന്റെയും വലിയൊരു കഥ പറയാനുണ്ട് രഹനക്ക്.. നാത്തൂൻ ആരിഫയുടെ കുറ്റപ്പെടുത്തൽ അവൾ അതിജീവിച്ചു.. ആങ്ങളയുടെ ഭീഷണി അവൾ അതിജീവിച്ചു.. ഉമ്മയുടെ കണ്ണീരും അവൾ അതിജീവിച്ചു.. പക്ഷേ... ഉപ്പയുടെ കണ്ണിലെ ഭയമായിരുന്നു അവളെ തളർത്തി കളഞ്ഞത്.. മറ്റൊരു ജീവിതം തിരഞ്ഞെടുക്കൂ എന്ന് അവളോട്‌ പറയാൻ വയ്യാതെ... മകളുടെ ഭാവി ഓർത്തു ഉരുകുന്ന ആ ഭയമായിരുന്നു.... അവൾ ആകെ പേടിച്ചത്.. അവളുടെ ആങ്ങള യാസറിന് ആദ്യം മുതലേ അൻസിക്കയെ വല്ല്യ ഇഷ്ടമായിരുന്നില്ല.. അതിപ്പോഴും പറഞ്ഞു തീർക്കുന്നുണ്ടാവും ആള്.. കെട്ട് പ്രായം തികഞ്ഞ ഒരു അനിയത്തി കൂടി അവളുടെ വഴിയിലെ മുള്ളാണ്.. ജാസ്മി മുഖം ഒന്ന് അമർത്തി തുടച്ചിട്ട്... ശ്വാസം എടുത്തു.. പോയി ജീവിക്കട്ടെ... ഓർമകൾ കൊണ്ട് തീർത്ത ഈ മുറിവ് ആ പാവത്തിനെ ഇനിയും ഇനിയും ശ്വാസം മുട്ടിക്കാൻ പാടില്ല.. തിരിച്ചു വരാത്ത അൻസിക്കാക്കു വേണ്ടി ഇനിയും ആ പാവം നീറി തീരണ്ട.. പോട്ടെ...

പോയി രക്ഷപെടട്ടെ.. ജാസ്മി ഉമ്മയെ ഒന്നൂടെ നോക്കിയിട്ട് എഴുന്നേറ്റു നടന്നു... അൻസാറിന്റെ മുറിയിൽ തന്നെ ഉണ്ട് രഹന.. മുഖം കുനിഞ്ഞു ഇരിക്കുന്നു.. നേരത്തെ ഇറുക്കി പിടിച്ച ആ ഫോട്ടോ ഇപ്പോഴും നെഞ്ചിൽ ചേർത്ത് പിടിച്ചിട്ടുണ്ട്.. വിട്ട് കളയാൻ ആവാത്ത പോലെ. ജാസ്മി വാതിലിൽ നിന്നിട്ട് ഒരു നിമിഷം അവളെ നോക്കി.. അവൾക്ക് വീണ്ടും കരച്ചിൽ വന്നു.. മുറിയിലെ കാബോർഡിൽ വെച്ചിട്ടുള്ള അൻസാറിന്റെ ഫോട്ടോയിലേക്ക് ജാസ്മിയുടെ നിറഞ്ഞ കണ്ണുകൾ പാഞ്ഞു.. അവന്റെയാ നോട്ടത്തിൽ ഉരുകി പോവുന്നു.. എന്താണ് അൻസിക്ക ഞാൻ ഈ പെണ്ണിനോട് പറയേണ്ടത്.. അവൾ മൂകമായി ചോദിച്ചു.. ഒരിക്കലും തിരിച്ചു വരാത്ത ഒരാൾക്ക് വേണ്ടി... ഈ ജീവിതം വെറുതെ കളയണം എന്ന് ഇച്ചിരി പോലും മോഹിച്ചിട്ടില്ല.. പക്ഷേ.. പക്ഷേ.. വിട്ട് കളയാനും വയ്യല്ലോ.. അസ്തമയ സൂര്യനെ പോലെ... അണയാറാവുമ്പോൾ കൂടുതൽ ഭംഗി തോന്നും പോലെ.. എനിക്കീ പെണ്ണിനോട് എന്തൊരു ഇഷ്ടമാണ്..സ്നേഹമാണ്. അവളെ മറ്റാർക്കും വിട്ടു കൊടുക്കാൻ വയ്യാത്ത പോലെ.. ജാസ്മി പതിയെ പോയി രഹ്‌നയുടെ അരികിൽ ഇരുന്നു..

ആ കൈകൾ പിടിച്ചെടുത്തിട്ട്... തലോടി കൊടുക്കുമ്പോൾ.... രഹന പതിയെ മുഖം ഉയർത്തി നോക്കി. "അൻസിക്ക ന്നെ ശപിക്കില്ലേ...ആത്മാർത്ഥ പ്രണയം എന്നൊക്കെ പറഞ്ഞിട്ട്.. ഓൻ പോയിട്ട് ഒരു കൊല്ലം ആയുള്ളൂ അപ്പോഴേക്കും ഞാൻ...എനിക്ക് സഹിക്കാൻ വയ്യ ജാസ്മി... പക്ഷേ... ആർക്കും.. ആർക്കും എന്നെ.. എന്റെ അവസ്ഥയെ മനസ്സിലാവുന്നില്ല പെണ്ണെ.." ആ കണ്ണുനീർ കവിളിലേക്ക് ഒലിച്ചു.. "അയ്യേ... അങ്ങനെ ആണോ ഇത്താ അൻസിക്കാനെ മനസ്സിലാക്കി വെച്ചേക്കുന്നേ...' ജാസ്മി അവളുടെ കവിളിൽ രണ്ടു കയ്യും ചേർത്ത് വെച്ചു.. "സന്തോഷം തോന്നും ഓന്.. ഓനെ ഓർത്തിട്ട് ഈ ജീവിതം ഇങ്ങനെ നീറി ജീവിക്കുമ്പോൾ... കാണാമറയത്ത് ഇരുന്നിട്ട് അവനും നീറുന്നുണ്ടാവും.. അവന്റെ പ്രണയം ഓർത്തിട്ട്... ഇതിപ്പോൾ... ഓന്... ഓന് സന്തോഷം ആവട്ടെ " ജാസ്മി അവസാനം എത്തിയപ്പോൾ ഇടറി പോയി.. രഹന അവളെ തന്നെ നോക്കി.. "സത്യം... സന്തോഷമായി ജീവിക്കണം... ഒരിക്കലും തിരിച്ചു വരാത്ത അൻസിക്കാനെ ഓർത്തിട്ട് ഇത്ത ജീവിക്കുമ്പോൾ... അറിയാതെ ആണേലും... ഇത്താന്റെ വീട്ടുകാർ... ദേഷ്യം തോന്നും ഇന്റെ ഇക്കാനോട്.. പാവല്ലേ ഇത്താ ഓൻ... ഒരുപാട് സ്നേഹിച്ചു എന്നൊരു കുറ്റത്തിന് അങ്ങനെ ഒരു ശിക്ഷ കൊടുക്കണോ ഓന് " ജാസ്മി പറയുമ്പോൾ...

രഹന പൊള്ളിയത് പോലെ ഒന്ന് പിടഞ്ഞു.. "കാണുന്നോർക്കേ ഇന്റെ അൻസിക്ക മരിച്ചിട്ടുള്ളു.. എന്റെ മനസ്സിൽ ഇപ്പോഴും ജീവനോടെ തന്നെ ഉണ്ട്.. ഒരുപാട് സ്നേഹം കൊണ്ട്... അങ്ങനെ ഉള്ളപ്പോൾ.. ഞാൻ... ഞാൻ എങ്ങനെ മോളെ... മറ്റൊരാളെ.. അറിയില്ലെനിക്ക്..." ജാസ്മിയുടെ തോളിൽ ചാഞ്ഞു രഹന.. പൊട്ടി വന്ന കരച്ചിൽ ജാസ്മി കടിച്ച് പിടിച്ചു.. കരഞ്ഞാൽ.... ഈ പാവം ഒന്നൂടെ തളർന്നു പോകും.. "മറ്റെല്ലാം ഞാൻ കണ്ടില്ലെന്ന് വെക്കാം... പക്ഷേ മോളെ... ഉപ്പ... ഉപ്പാന്റെ നോവ് എനിക്ക് സഹിക്കാൻ വയ്യെടി.. ചങ്ക് പൊട്ടുവാ... ശഹനക്ക്‌ കൂടി ആലോചന വരാൻ തുടങ്ങിയത്തോടെ ആ പാവത്തിന് ഉറക്കം തീരെ ഇല്ലാണ്ടായി.. ഇനിയും... ഇനിയും പിടിച്ചു നിൽക്കാൻ... ഇത്താക്ക് പറ്റുന്നില്ല മോളെ " രഹന അവളെ ഇറുക്കി കെട്ടിപിടിച്ചു കൊണ്ട് പറഞ്ഞു.. ജാസ്മി കണ്ണുകൾ അടച്ചു പിടിച്ചു.. "ഇന്റെ അൻസിക്കാന്റെ കൂടെ ഇന്നേ കൂടി വിളിക്കായിരുന്നു പടച്ചോന്... ഇതിപ്പോൾ... ഇതിന് മാത്രം എന്ത് തെറ്റാണ് ഞാൻ ചെയ്തിട്ടുണ്ടാവുക... മരിക്കാൻ പേടി ഉണ്ടായിട്ടൊന്നും അല്ല.. ഇത്രേം വളർത്തിയ വീട്ടുകാരുടെ കഷ്ടപാടിന്... ജീവിതം മുഴുവനും നീറാനുള്ള ഒരു സമ്മാനം കൂടി കൊടുക്കാൻ ഇത്താക്ക് വയ്യ ജാസ്മി..." ജാസ്മിയുടെ തോളിൽ നനവ് പടർന്നു...

അവൾ രഹ്‌നയുടെ തലയിൽ തലോടി കൊടുത്തു.. "എത്ര കാലം വേണേലും ഒറ്റയ്ക്ക് ജീവിക്കാൻ.... എനിക്കുള്ള സ്നേഹം പോവും മുന്നേ അൻസിക്ക തന്നിട്ടുണ്ട്.. പക്ഷേ... കടമയും കടപ്പാടും പറയുന്നവർക്ക് മുന്നിൽ ഇനിയും ഞാൻ എന്ത് പറയാൻ..." കരച്ചിൽ കൊണ്ട് വാക്കുകൾ ഇടയ്ക്കിടെ മുറിഞ്ഞു പോകുന്നുണ്ട്... പലപ്പോഴും. ജാസ്മി പതിയെ രഹ്‌നയുടെ പുറത്ത് തട്ടി കൊടുത്തു.. "ഒരുമിച്ചു ജീവിക്കുന്നതും... ഓർത്ത് ജീവിക്കുന്നതും വെത്യാസം ഉണ്ട് ഇത്താ...ഒക്കെ പടച്ചോൻ തീരുമാനിച്ചു വെക്കുന്നതല്ലേ.. എല്ലാം നല്ലതിനാവും " ജാസ്മി പറഞ്ഞു.. "സ്നേഹിക്കാൻ ഒരാളെ കിട്ടുമ്പോൾ ഇത്ത എല്ലാം മറക്കും... മറക്കണം.. ജീവിതം ഇങ്ങനെയൊക്കെ തന്നെ ആണ്.. ആശിക്കുന്നത് എല്ലാം കിട്ടിയ പിന്നെ പടച്ചോനെ മറക്കും..." ജാസ്മി പറയുമ്പോൾ... രഹന തല ഉയർത്തി അവളെ നോക്കി.. "അൻസൂനെ മറക്കാൻ... ഈ ജന്മം എനിക്ക് പറ്റില്ല ജാസ്മി " ഒട്ടും പതറാതെ... ജാസ്മിയെ നോക്കി രഹന പറയുമ്പോൾ... ജാസ്മി അവളെ ചേർത്ത് പിടിച്ചു.. "വേണ്ട... മനസ്സിന്റെ ഒരു കോണിൽ ഓനും നിന്നോട്ടെ..

പക്ഷേ.. മഹർ തന്നവനോട് നീതികേട് കാണിക്കരുത്.. ന്റെ ഇത്താക്ക് പറ്റും.. കാരണം ഇത്ത വേദന തിന്ന് ഓരോ നിമിഷവും കഴിഞ്ഞു കൂടുമ്പോൾ നീറുന്ന ഒരു കുടുംബം മൊത്തം.. മനസ്സിലെങ്കിലും അൻസിക്കാനെ വെറുത്തു പോകും... അത് ഇല്ലാതെ ആക്കാൻ...ഇത് നടന്നെ തീരൂ.. വേറെ ഒരു വഴിയും ഇല്ല..അങ്ങനെ കരുതണം... തളർന്നു പോവില്ല.." ജാസ്മി പറയുമ്പോൾ വീണ്ടും വീണ്ടും കയ്യിലുള്ള ഫോട്ടോ രഹന കൂടുതൽ ഇറുക്കി പിടിച്ചു.. എന്താണ്.. ന്റെ ഇത്താന്റെ മൊഞ്ചന്റെ പേര് " ചോദിക്കുമ്പോൾ ഉള്ളിലെ വിറയൽ ശബ്ദതിൽ വരാതിരിക്കാൻ ജാസ്മി ശ്രദ്ധിച്ചു.. രഹന മിണ്ടുന്നില്ല.. പറയ്‌ ഇത്താ... ജാസ്മി വീണ്ടും ചോദിച്ചു.. നൗഫൽ... പതിയെ പറയുമ്പോൾ... രഹനയുടെ കണ്ണുകൾ വീണ്ടും നിറഞ്ഞു.. നൗഫലിക്ക എന്ത് ചെയ്യുന്നു.. വീണ്ടും അവളുടെ ചോദ്യം കേട്ടപ്പോൾ രഹന ദയനീയമായി ജാസ്മിയെ നോക്കി.. ഗൾഫിൽ ആണ്..വീണ്ടും പതറി കൊണ്ട് ഉത്തരം.. "ആഹാ.. അപ്പൊ ന്റെ ഇത്ത ഇനി ഗൾഫ്കാരിയാണ് അല്ലേ... പടച്ചോൻ അനുഗ്രഹിക്കട്ടെ " ജാസ്മിയുടെ കണ്ണ് നിറഞ്ഞത്.. രഹന കാണാതെ...

അവൾ തുടച്ചു കളഞ്ഞു... "ഞാൻ... ഞാനൂടെ ഇങ്ങോട്ട് പോന്നോട്ടെ ജാസ്മി.. നമ്മുക്ക് ഇവിടെ നിക്കടി... ഇത്താക്ക് വയ്യാഞ്ഞിട്ടാ മോളെ... ന്റെ ചങ്ക് കത്തുന്നുന്നത് ആരും അറിയുന്നില്ല " കണ്ണീരോടെ ഉള്ള രഹ്‌നയുടെ ചോദ്യം. ജാസ്മി ചുണ്ട് കടിച്ചു പിടിച്ചിട്ട് ഒരു നിമിഷം മിണ്ടാതെ ഇരുന്നു.. "എന്നിട്ടോ ഇത്താ... എങ്ങനെ ജീവിക്കും.. എന്ത് പറഞ്ഞിട്ട് ഇത്ത ഇവിടെ നിൽക്കും.. ഇത്താടെ വീട്ടുകാർ സമ്മതിച്ചു തരുമെന്ന് തോന്നുന്നുണ്ടോ..." ചിരിച്ചു കൊണ്ടാണ് ജാസ്മി ചോദിച്ചത്.. രഹ്‌നയുടെ കണ്ണിലെ പിടച്ചിൽ.. അവൾ മനഃപൂർവം അവഗണിച്ചു.. "ഒന്നും ഇല്ല... ഈ സങ്കടം ഒക്കെ മാറും.. ന്റെ ഇത്താ നന്നായി ജീവിക്കുന്നു എന്ന് കേൾക്കണം എനിക്ക്... പടച്ചോന്റെ അരികിൽ ഇരുന്നിട്ട് നമ്മുടെ അൻസിക്ക കാണുന്നുണ്ട്... എല്ലാം.." ജാസ്മി രഹ്‌നയുടെ കവിളിൽ പിടിച്ചിട്ട് നെറ്റിയിൽ ഒരു ഉമ്മ കൊടുത്തു........ തുടരും...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story