ഇശൽ തേൻകണം: ഭാഗം 13

ishal then kanam

രചന: ജീഫ്‌ന നിസാർ

അഹങ്കാരി... വാക്കുകൾ ആ പല്ലിനിടയിൽ കിടന്നു പുളഞ്ഞു.. അപ്പോഴും സായി അമ്മയെ നോക്കി ചിരിച്ചു.. "സത്യം പറയുമ്പോൾ അഹങ്കാരം ആവുമെങ്കിൽ... അതേ... സായന്ത്‌ അഹങ്കാരിയാണ്... ആ അഹങ്കാരം ഞാൻ എന്റെ അലങ്കാരമായി കൊണ്ട് നടക്കുന്നു " "നിന്നോട് ഞാൻ അംബികയുടെ അടുത്ത് പോകരുത് എന്ന് പറയുന്നതിന്റെ കാരണം ചോദിച്ചു തുള്ളാറില്ലേ നീ ഇവിടെ... ഇതാണ്... ഇപ്പൊ ഉള്ള നിന്റെ ഈ തറുതല പറയലാണ് അതിനുള്ള ഉത്തരം.. അവൾ അവിടെ നിന്നും പിരി കയറ്റി വിടും..." ദേവിക ദേഷ്യത്തോടെ പറഞ്ഞു.. "തെറ്റ് മാത്രമാണ് അമ്മേ തിരുത്താൻ ആവുന്നത്.. തെറ്റ് ധാരണ.... അതിനാവില്ല " സായി പറഞ്ഞു.. "നല്ല വിദ്യാഭ്യാസം കൊണ്ട് നേടാൻ കഴിയാത്ത പലതും... നല്ല പെരുമാറ്റം കൊണ്ട് ഒരാൾക്ക് നേടി എടുക്കാൻ കഴിയും... " സായി ദേവികയെ നോക്കി.. "ഉണ്ണുന്ന ഭക്ഷണത്തിന്റെ മേന്മയോ.. ഉടുക്കാൻ കിട്ടിയ വസ്ത്രത്തിന്റെ വിലയോ ഉറങ്ങുന്ന വീടിന്റെ വലുപ്പമോ ഒന്നും അല്ല.. മനസമാധാനം ഉണ്ടോ എന്നതാ ഒരു മനുഷ്യന്റെ വിജയം.. തോറ്റു പോയി... അത്ര തന്നെ.."

എന്നിട്ടും ഇപ്പോഴും ഞാനും എന്റെ അനിയത്തിയും ആർത്തിയോടെ കാത്തിരിക്കുന്നു... സ്നേഹം നിറഞ്ഞ ഒരു ഒന്ന് ചേരലിനായി.. ഒരിക്കലും നടക്കില്ലെന്നു വാക്കുകൾ കൊണ്ടും പ്രവർത്തനം കൊണ്ട് അമ്മയും അച്ഛനും തെളിയിക്കുന്നുണ്ട്.. പലവട്ടം. എന്നിട്ടും... കൊതി കൊണ്ടാണ് അമ്മേ.. അച്ഛനും അമ്മയും ഞങ്ങളും ഒരുമിച്ചു ജീവിക്കാൻ ഉള്ള കൊതി കൊണ്ട് മാത്രം ആണ് പറഞ്ഞിട്ട് സായി തിരിഞ്ഞു നടന്നു... ദേവിക അപ്പോഴും ദേഷ്യം കൊണ്ട് ചുവന്നു പോയ മുഖത്തോടെ.... കൈകൾ കൂട്ടി തിരുമ്പി.. ദേവികക്ക് അംബികയെ കൊല്ലാനുള്ള ദേഷ്യം തോന്നിയിരുന്നു.. ആ നിമിഷം. സായിയുടെ വാക്കുകൾ വീണ്ടും വീണ്ടും കേൾക്കുന്ന പോലെ.. ഉള്ളിൽ തോന്നിയത് മുഖം നോക്കാതെ പറയാൻ അംബിക പണ്ടേ മിടുക്കിയാണ്. അവളുടെ ശാന്തത കാണുമ്പോൾ തോന്നും ഒരു മിണ്ടാപൂച്ചയാണെന്ന് രൂപമല്ല... ഭാവമാണ് ഒരാളുടെ ആക്ടിറ്റ്യുട് നിർണയി ക്കുന്നത്.. കൈ കൊണ്ട് നെറ്റിയിൽ താങ്ങി ദേവിക ഇരുന്നു.. ❤❤❤❤❤❤❤❤❤❤❤❤❤❤❤

കരഞ്ഞു തളർന്ന കണ്ണുകൾ അമർത്തി തുടച്ചിട്ട് ജാസ്മി ചുവരിൽ ചാരി.. ഓർക്കുമ്പോ പോലും വേദന.. രഹനയുടെ നിറഞ്ഞ കണ്ണിലെ അപേക്ഷ വീണ്ടും വീണ്ടും കരയിക്കും.. ഒരു മാറ്റവും സംഭവിക്കില്ല എന്നറിയാവുന്ന കാര്യത്തിന് കരയുന്നത് വിഡ്ഢിത്തം ആണെന്ന് അറിയാം.. പക്ഷേ.. ഹൃദയം പൊള്ളി പിടയുമ്പോൾ കണ്ണുകൾ അത് ഏറ്റെടുത്തു പിടയുന്നു.. സഹിക്കാൻ ആവുന്നില്ല.. ജാസ്മി അൻസാറിന്റെ ഫോട്ടോ നിവർത്തി പിടിച്ചു.. മനോഹരമായ ആ ചിരിയിലേക്ക് നോക്കുമ്പോൾ... വീണ്ടും കണ്ണ് നിറഞ്ഞു.. "ഓള്.. പോട്ടെ.. ല്ലേ അൻസിക്ക.. പോയി ജീവിക്കട്ടെ.." ആ മുഖത്തു വിരൽ കൊണ്ട് തലോടി ജാസ്മി പിറുപിറുത്തു... നിലത്ത് കൈ കുത്തി പതിയെ എഴുന്നേറ്റു.. കാലുകൾ മരവിച്ചു പോയിരുന്നു.. തലയ്ക്കുള്ളിൽ വിങ്ങുന്ന വേദന.. കരഞ്ഞു നിലിച്ച കണ്ണുകൾ കടയുന്നു.. നടക്കുമ്പോൾ പോലും വേച്ചു പോകും പോലെ.. ചുവരിൽ കൈ പിടിച്ചിട്ട് ജാസ്മി അൻസാറിന്റെ മുറിയിലെത്തി.. കയ്യിലുള്ള ഫോട്ടോ അവിടെ ഉള്ള കുഞ്ഞു മേശപുറത്ത് വെച്ചു..

ചുളിഞ്ഞു കിടക്കുന്ന കിടക്കവിരിയിൽ രഹനയുടെ കണ്ണീർ പാടുകൾ... അവൾ പതിയെ ബെഡിൽ ഇരുന്നു.. ഇവിടെ ഇരുന്നിട്ട് അവനെത്ര കൊതിച്ചു കാണും... അവളോടൊപ്പമുള്ള നല്ല നിമിഷങ്ങൾ.. ഈ ചുവരുകൾ എത്ര കേട്ട് കാണും... അവരുടെ പ്രണയസല്ലാപങ്ങൾ.. വീണ്ടുംവീണ്ടും കണ്ണ് നീറുന്നു.. ഇച്ചിരി കഴിയുമ്പോൾ... നൗഫൽ തുറക്കുന്ന സ്നേഹവാതിലിൽ കൂടി അവളിലേക്ക് സ്നേഹം ഒഴുകി എത്തുമ്പോൾ... രഹന എല്ലാം മറക്കുമായിരിക്കും..ഓർക്കുമ്പോൾ പൊള്ളുന്ന ഈ ഓർമകൾ ഇനിയും അവളെ നോവിക്കാതിരിക്കട്ടെ.. ഹൃദയത്തിന്റെ ഒരു കോണിലേക്ക് അൻസിക്കാന്റെ ഓർമകൾ മാറ്റി വെച്ചേക്കാം.. അങ്ങനെ തന്നെ ആവട്ടെ.. നന്നായി ജീവിക്കുന്നു എന്ന് മാത്രം കേൾക്കാൻ ആണ് ഇഷ്ടം.. പക്ഷേ... അപ്പോഴും അൽപ്പം പോലും കുറയാത്ത ഈ ഹൃദയവേദനയും കൊണ്ട് ഞാൻ ഇനിയും ജീവിക്കണ്ടേ ...

എന്റെ ആയുസ്സ് തീരുവോളം.. ഈ സങ്കടമൊന്നു ഇറക്കി വെക്കാൻ കൂടി ആരും ഇല്ലാതെ ആയി പോയല്ലോ എനിക്ക്.. ജാസ്മി കൈകൾ കൊണ്ട് മുഖം പൊതിഞ്ഞു പിടിച്ചു തേങ്ങി.. എല്ലാം സഹിക്കാൻ ഉള്ള ശക്തി തരണേ എന്ന് മൂകമായി പ്രാർത്ഥന നടത്തി.. ജീവിതം നൽകുന്ന ശിക്ഷകൾ എല്ലാം ഞാൻ സ്വീകരിക്കാം.. പകരം ഒന്നേ വേണ്ടൂ.. ഞാൻ ചെയ്ത പാപം എന്തെന്ന് എനിക്ക് പറഞ്ഞു തരിക... അവൾ തട്ടം കൊണ്ട് മുഖം തുടച്ചു.. ഇപ്പോഴും അൻസിക്കാന്റെ മണമുള്ള ഈ മുറിയിൽ.... ഓർമകൾ കൊണ്ട് ശ്വാസം മുട്ടുന്നു.. പൊതുവെ ഗൗരവകാരൻ ആയിരുന്ന ഉപ്പാന്റെ കയ്യിൽ... എന്നും വരുമ്പോൾ ഉണ്ടാവുന്ന സ്നേഹപൊതികൾക്ക് ഉള്ള തല്ല് പിടി.. ഉമ്മ വടി എടുത്തു ഓടിക്കുമ്പോൾ ഇപ്പോഴും അഞ്ചും ആറും വയസ്സാണ് തനിക്കും ഓനും എന്ന് തോന്നിയിരുന്നു.. നേരിട്ട് കാണുന്നില്ലേലും മാറി ഇരുന്നിട്ട് എല്ലാം നോക്കി ചിരിക്കുന്ന ഉപ്പയുടെ ചുണ്ടിലും ഗൗരവത്തിന്റെ മൂടുപടം നീക്കി ഒരു കുഞ്ഞു പുഞ്ചിരി വിരിഞ്ഞിരിക്കും.. ഓർക്കുമ്പോൾ വീണ്ടും ഹൃദയം അതിയായി കൊതിക്കുന്നു..

ആ നല്ല നാളുകൾ.. ആയുസ് കുറവായിരിക്കും... അത് കൊണ്ടായിരിക്കും പടച്ചോൻ അന്ന് അത്രയും വാരി വിതറി തന്നത്.. ജാസ്മി കണ്ണീർ പുരണ്ട കവിൾ തടം അമർത്തി തുടച്ചു... ദുഃഖമെന്ന നഗ്നതയെ മറക്കാൻ... പുഞ്ചിരി എന്ന ഉടുപ്പെടുത്തണിഞ്ഞു നടപ്പായിരുന്നു.. കരള് കുത്തി പറിക്കുന്ന അനുഭവങ്ങൾ.. ഒറ്റ ദിവസം കൊണ്ട്... തുണയാവേണ്ട തണലാവേണ്ട.. രണ്ട് കൈകൾ പടച്ചോൻ പിഴുതു കളഞ്ഞു.. വേര് പോലും ബാക്കി ഇല്ലാതെ.. തളർന്നു തൂങ്ങി നിൽക്കാൻ ആവില്ലായിരുന്നു.. താളം പിഴച്ചു പോയ ഉമ്മയെ കൊണ്ട്... ഒഴുക്ക് നിലക്കും വരെയും.. ആഞ്ഞു തുഴഞ്ഞു.. ഒറ്റക്കായല്ലോ എന്ന സങ്കടം പറഞ്ഞു അറിയിക്കുക എന്നതാണ് കൂടുതൽ പ്രയാസം.. പാതിയിൽ നിർത്തിയ പഠനം ഏറെ വേദനിപ്പിച്ചു..എന്തെല്ലാം സ്വപ്നങ്ങൾ ആയിരുന്നു... നേടി എടുക്കും എന്ന് ഉറപ്പുള്ള സ്വപ്നങ്ങൾ നിശബ്ദമായ പിൻ‌വാങ്ങൽ ചിലപ്പോൾ അനിവാര്യമാണ്.. ഉമ്മയെ പഴയ പോലെ തിരിച്ചു കിട്ടും എന്നുള്ള പ്രതീക്ഷയാണ്.. ഓരോ ദിവസവും. ജാസ്മി മുടി ഒന്ന് കെട്ടി വെച്ചിട്ട്... കൈകൾ കൊണ്ട് മുഖം തുടച്ചു..

തളർന്നിരിക്കാൻ കൂടി സമയമില്ല.. ഉമ്മയെ വിളിച്ചിട്ട്... ഭക്ഷണം കൊടുക്കണം.. മരുന്ന് കൊടുക്കണം... അങ്ങനെ അങ്ങനെ നീളുന്നു... ഇനിയും ചെയ്തു തീർക്കാൻ ഉള്ളത്. അവൾ എഴുന്നേറ്റു.. കബോർഡിലെ... മെഡലുകൾ... അൻസാർ പഠിച്ചു നേടിയത്.. അവളുടെ വിരലുകൾ തഴുകി നടന്നു.. അവയിൽ. ചിരിച്ചു കൊണ്ടുള്ള വലിയൊരു ഫോട്ടോ ഉണ്ട്.. ചുണ്ടുകൾ കൊണ്ടല്ല... കണ്ണുകൾ കൊണ്ട്.. ജാസ്മിയും അൻസാറും ചേർന്നുള്ള ഫോട്ടോസ്... കുടുംബം മുഴുവനും ഉള്ളത്.. അങ്ങനെ അങ്ങനെ.. പകർത്തി എടുത്ത ഒരുപാട് നല്ല നിമിഷങ്ങളുടെ ഓർമപെടുത്തൽ.. ഇന്നിപ്പോൾ കാണുമ്പോൾ ഒക്കെയും... സങ്കടത്തിന്റെ കൊടുമുടി കയറ്റാൻ മാത്രം കെൽപ്പുള്ളവ.. അവ ഓരോന്നും ഓർമ പെടുതലാണ്.. നഷ്ടം എത്ര വലുതാണ് എന്നും... ഇനി അങ്ങോട്ട്‌ തനിച്ചാണ് എന്നും.. അതിന് മുന്നിൽ ചെന്ന് നിൽക്കുമ്പോൾ.. വീണ്ടും കണ്ണ് നിറഞ്ഞു.. "അനക് സങ്കടം ണ്ടോ അൻസിക്ക..ഇത്താന്റെ സങ്കടം സഹിക്കാൻ വയ്യെടാ.. എന്തിന്റെ പേരിലാണ് ഇത്താനെ ഞാൻ ഇവിടെ നിർത്തേണ്ടത്.. ഇവിടുത്തെ അവസ്ഥ അനക്കറീലെ.." പരിഭവം പോലെ അവൾ പറഞ്ഞു..

"ഓള് പോയിക്കോട്ടെ അൻസിക്ക... ഒരു പാവം ആണത്.. അന്നേ ഓർത്തിട്ട് ഇപ്പൊ തന്നെ പാതി മരിച്ചത് പോലായി.. ഇനി അങ്ങോട്ട്‌ സന്തോഷത്തോടെ ജീവിക്കട്ടെ.. ല്ലേ " അവൾ വീണ്ടും അത് തന്നെ പറഞ്ഞു.. 'എനിക്കവളെ പറഞ്ഞയക്കാൻ ഒട്ടും ഇഷ്ടമല്ല.. പക്ഷേ അവൾക്കു മുന്നിൽ ഒരു ജീവിതം ബാക്കി ഉണ്ട്.. അത് ഇല്ലാതെയാക്കി എന്നുള്ള ശാപം ഇന്റെ ഇക്കാക്ക് കിട്ടരുത്.. " ജാസ്മി പുറം കൈ കൊണ്ട് വീണ്ടും കണ്ണ് തുടച്ചു.. "എവിടേം പോയിട്ടില്ല... ഇവിടെ തന്നെ ഉണ്ട്.. ഇയ്യും ഉപ്പയും.. ന്റെ കൂടെ തന്നെ.. അത് മാത്രം മതി... ഞാൻ ജീവിക്കും.. നമ്മടെ ഉമ്മാക്ക് വേണ്ടി എങ്കിലും..ഞാൻ ജീവിക്കണം.." ജാസ്മി... ഉപ്പയുടെ ഫോട്ടോയിൽ തലോടി.. ഇങ്ങക്ക് ഇപ്പഴും അൻസിക്കാനെ തന്നെ ആണ് ല്ലേ കൂടുതൽ ഇഷ്ടം.. അതല്ലേ ഓന്റെ കൂടെ ഇറങ്ങി പോയത്.. ഒരിക്കലും തിരിച്ചു വരില്ലെന്ന് ഉറപ്പുണ്ടായിട്ടും ഓനെ ഒറ്റയ്ക്ക് വിട്ടില്ലല്ലോ.. ഇവിടെ ഇങ്ങനെ നീറാൻ ഞാൻ മാത്രം ഒറ്റയ്ക്ക് ആയില്ലേ. പരിഭവം പറയുമ്പോൾ... വീണ്ടും അവൾ ഉപ്പാന്റെ രാജകുമാരി മാത്രം ആയിരുന്നു.. ❤❤❤❤❤❤❤❤❤❤❤❤❤❤

മുറിയുടെ വാതിൽ വലിച്ചടച്ചു കൊണ്ട് സായി...അകത്തു കയറി.. ബാഗ് ബെഡിലേക്ക് നീട്ടി എറിഞ്ഞു.. ആകെ നീറുന്ന പോലെ.. അകവും പുറവും എല്ലാം. ബെഡിലേക്ക് ഇരുന്നു കൊണ്ടവൻ തല കുനിച്ചിരുന്നു. പറയിച്ചതാണ്.. പക്ഷേ ഇനി പറയുമ്പോൾ.. അത് അമ്മയോട് ചെയ്ത അനീതി ആണെന്ന് പറയും.. ഇങ്ങോട്ട് ചൊറിയാൻ വന്നാലും വഴി മാറി പോവുകയായിരുന്നു.. ഇതിപ്പോൾ.. ആ കുറ്റവും.. അച്ഛന്റെ പറ്റുബുക്കിലേക്ക് എഴുതി ചേർക്കും.. വാശിയുടെയും ദേഷ്യത്തിന്റെയും അളവ് ഒന്നൂടെ കൂട്ടും. അവൻ തല മുടി കിള്ളി പറിച്ചു.. ബെഡിലേക്ക് മലർന്ന് കിടന്നു.. ഡൽഹി നഗരത്തിന്റെ ചൂട് കാറ്റ്.. അതിനേക്കാൾ ഭയങ്കരമായി ഉള്ളിലെ ഉഷ്ണം.. നാളെ മുതൽ ഓഫീസിൽ പോയി തുടങ്ങണം.. പിന്നെയും പിന്നെയും തിരക്കുകളിൽ അലിയണം... സായി കണ്ണുകൾ അടച്ചു പിടിച്ചിട്ട് അതേ കിടപ്പ് തുടർന്നു. പോക്കറ്റിൽ നിന്നും ഫോൺ ബെല്ലടിച്ചപ്പോൾ ആണ് എഴുന്നേറ്റത്.. ഭാസ്കരമാമയാണ്.. "സായി... യാത്രയൊക്കെ സുഖയിരുന്നോ മോനെ " ചിറ്റയുടെ സ്വരം. തണുപ്പ് പോലെ.... "അതേ..."

സായി പതിയെ പറഞ്ഞു. "ഒന്നും മനസ്സിൽ ഇട്ടിട്ടു വെറുതെ.. ആലോചിച്ചു കൂട്ടണ്ട..." മനസ്സറിഞ്ഞ പോലെ... അല്ലങ്കിൽ സ്വരത്തിലെ ചൂടറിഞ്ഞ പോലെ... അംബിക പറയുമ്പോൾ... "ഇല്ലാ... ഒരു കുഴപ്പവും ഉണ്ടായില്ല ചിറ്റേ.. ഐആം ഒക്കെ..." സായി പറയുമ്പോൾ... മറുവശം നിശബ്ദമായിരുന്നു.. എനിക്കെല്ലാം മനസിലായി എന്ന് പറയും പോലുള്ള അംബികയുടെ മുഖം സായിക്ക് അവിടെ ഇരുന്നും കാണാമായിരുന്നു. പിന്നെയും ഇച്ചിരി കൂടി വർത്താനം പറഞ്ഞിട്ട് വെക്കുമ്പോൾ... മനസ്സിൽ ഉറഞ്ഞു കൂടിയ നോവുകൾ അൽപ്പം മാഞ്ഞു പോയത് പോലെ.. ഫോൺ വെച്ചിട് സായി എഴുന്നേറ്റു.. വിശാലമായ മുറിയിൽ ഒന്ന് കണ്ണോടിച്ചു.. എന്നീറ്റു കണ്ണാടിയുടെ മുന്നിൽ പോയി നിന്നു.. മുടി ഇഴകൾ കൊതി ഒതുക്കി.. കണ്ണട എടുത്തിട്ട് മേശ പുറത്ത് വെച്ചു.. ചുണ്ടിൽ ഊറി കൂടിയ പാട്ടോടെ തന്നെ അവൻ കുളിക്കാൻ കയറി........ തുടരും...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story