ഇശൽ തേൻകണം: ഭാഗം 2

ishal then kanam

രചന: ജീഫ്‌ന നിസാർ

"ആഹാ... നീ കഴിച്ചു കഴിഞ്ഞോ സായി..." അടുത്തുള്ള കസേരയിൽ വന്നിരുന്നു കൊണ്ട് ഭാസ്കരൻ ചോദിച്ചു.. സായി ചിരിച്ചു കൊണ്ട് തലയാട്ടി കാണിച്ചു.. "എനിക്ക് കൂടി കമ്പനി താ ടോ.. ഞാൻ ഒറ്റയ്ക്ക് കഴിക്കണ്ടേ... താൻ ഉള്ളപ്പോൾ അല്ലേ ഇങ്ങനെ ഒരുമിച്ച്... എന്റെ ഭാര്യ ഞാൻ കഴിച്ചു കഴിഞ്ഞു കഴിക്കാൻ കാത്തിരിക്കുവാ..." അംബികയെ നോക്കി കളിയാക്കി കൊണ്ട് ഭാസ്കരൻ പറയുമ്പോൾ ചിറ്റയുടെ കൂർത്ത മുഖത്തേക്ക് സായി ചിരിച്ചു കൊണ്ട് നോക്കി.. ഇപ്പോഴും പ്രണയിക്കയാണ് അവരെന്നു തോന്നി അവന്... എപ്പോഴത്തെയും പോലെ തന്നെ.. എന്തൊരു സ്നേഹം ആണ് പരസ്പരം രണ്ടാളും.. ഒരു കുഞ്ഞില്ല എന്ന പരാതി പറഞ്ഞു കേട്ടിട്ടേ ഇല്ല ഇവരിൽ നിന്നും...ഒരിക്കലും. ആ കാരണം കൊണ്ട് പരസ്പരം പഴി ചാരി വെറുതെ ജീവിതം കളയാൻ മാത്രം വിഡ്ഢികൾ അല്ലായിരുന്നു ഭാസ്കരനും അംബികയും..

പകരം അവരുടെ കുറവുകൾ അറിഞ്ഞു കൊണ്ട് ജീവിച്ചു... സ്നേഹിച്ചു. "ഓ... എനിക്കിനി ഒരു ഉരുള പോലും കഴിക്കാൻ വയറ്റിൽ ഒഴിവ് വേണ്ടേ മാമേ.. ഇത്രയും രുചിയായി എന്റെ ചിറ്റ ഒരുക്കി വെക്കുമ്പോൾ... ഡയറ്റ് പോലും ഞാൻ മറന്നു പോകും ഇവിടെ എത്തുമ്പോൾ " സായി പറയുമ്പോൾ അംബികയുടെ മുഖം തിളങ്ങി.. "പിന്നെ.... ഇതല്ലേ രുചി... ഒന്ന് പോടാ ചെക്കാ... നീയേ... ആ ഡൽഹിയിൽ നിന്നും കിട്ടുന്ന ചവറു മൊത്തം കഴിച്ചു കഴിഞ്ഞു ഇവിടെ വരുമ്പോൾ വെറുതെ തോന്നുന്നതാ... ഇതിനിത്ര രുചി ഉണ്ടെന്നൊക്കെ..." ദാസ്കരൻ അംബികയെ ഇടം കണ്ണിട്ട് നോക്കി കൊണ്ട് പറയുമ്പോൾ സായി ചിരി അമർത്തി പിടിച്ചു ഇരുന്നു.. "ഇതൊക്കെ ആണോ രുചി... എന്റെ അമ്മ... അതാണ്‌ മോനെ രുചി... എന്ത് നന്നായിട്ടാ എന്റെ അമ്മ ഭക്ഷണം ഉണ്ടാക്കി തന്നിരുന്നേ... ഇതൊരുമാതിരി " ദാസ്കരൻ പറയുമ്പോൾ അംബിക മുഖം വീർപ്പിച്ചു പിടിച്ചു കൊണ്ട് എഴുന്നേറ്റു പോയി.. അത് കണ്ടപ്പോൾ... ഭാസ്കരൻ ഉറക്കെ പൊട്ടിച്ചിരിച്ചു..

"എന്റെ മാമേ... എന്തിനാ വെറുതെ ചിറ്റയെ ദേഷ്യം പിടിപ്പിക്കുന്ന " സായി ചിരിയോടെ തന്നെ ചോദിച്ചു.. "ചുമ്മാ... എനിക്കിപ്പോഴും അവളുടെ കുറുമ്പുകൾ എന്ത് ഇഷ്ടണന്നറിയോ " ഭാസ്കരൻ കണ്ണിറുക്കി കൊണ്ട് പറയുമ്പോൾ സായി ചിരിച്ചു പോയിരുന്നു.. "അവൾക്കും അറിയാം അത്... തമ്മിൽ അറിഞ്ഞു കൊണ്ട് ഞങ്ങൾ പരസ്പരം സന്തോഷിപ്പിക്കുന്നു.. അത്രേം ഒള്ളു... അവളിപ്പോ കിച്ചണിൽ ഇരുന്നിട്ട് ചിരിക്കുന്നുണ്ടാവും... അത് എനിക്ക് ഇവിടെ ഇരുന്നാൽ പോലും അറിയാം " ഭാസ്കരൻ പറയുമ്പോൾ സായി അയാളെ ആരാധനയോടെ നോക്കി. "അടുത്ത ജന്മം എനിക്ക് നിങ്ങളുടെ മകനായി ജനിച്ചു വീഴണം മാമേ " സായി പറയുമ്പോൾ.. ഭാസ്കരൻ അവന്റെ നേരെ തുറിച്ചു നോക്കി.. "അതെന്താടാ... നീ ഇപ്പൊ ഞങ്ങളുടെ മോനല്ലേ " അയാൾ കണ്ണുരുട്ടി.. "പക്ഷേ... എനിക്ക് പിന്നിലെ കെട്ട് ഇല്ലാതെ പൂർണമായും നിങ്ങളുടെമാത്രം ആവാൻ ഒരു മോഹം " പറഞ്ഞു കൊണ്ട് അവൻ എഴുന്നേറ്റു.. കൈ കഴുകാൻ പോകുന്നവനെ ഭാസ്കരൻ ആർദ്രയോടെ നോക്കി..

ആ മനസ്സിൽ ഉരുണ്ടു കൂടിയ ചിന്തകൾ അവൻ പറയാതെ തന്നെ അയാൾക്ക് മനസ്സിലായി.. ചെറിയ പ്രായത്തിൽ മുതൽ അവനെ നീറ്റുന്ന സങ്കടം അയാളും കാണുന്നുണ്ട്.. പരസ്പരം കൊമ്പ് കോർത്തു കൊണ്ട്.... തമ്മിൽ ഒരു ഇഞ്ചുപോലും വിട്ടു കൊടുക്കാതെ... വാശിയും ദേഷ്യവും കാണിക്കുമ്പോൾ മാതാപിതാക്കൾ ഓർക്കുന്നില്ല... അതിനിടയിൽ കിടന്നു നീറി പുകയുന്ന മക്കളെ.. ഈ ഭൂമിയിലേക്ക് അവരെ വലിച്ചു കൊണ്ട് വന്നതായിരുന്നു... അത് അവരുടെ തെറ്റല്ല.. വിട്ട് വീഴ്ചകൾ കൂടി ആണ് സ്നേഹം എന്ന് തിരിച്ചറിയുന്നുമില്ല.. ഭാസ്കരൻ അലിവോടെ സായിയെ നോക്കി.. അവനൊന്നും മിണ്ടാതെ വേഗം കയറി പോയി.. ❤❤❤❤❤❤❤❤❤❤❤❤❤❤ മുകളിലെ മുറിയിലെ ജനലക്കരികിൽ സായി കസേര ചേർത്ത് ഇട്ടിരുന്നു.. താഴെ വിശാലമായ പറമ്പാണ്.. പഴമയുടെ പ്രൗഡി ഒട്ടും കുറയാതെ തന്നെ ഭാസ്കര മാമയും ചിറ്റയും തറവാടിനെ പുതുമയുടെ മോഡി പിടിപ്പിച്ചു വെച്ചിരിക്കുന്നു.. ഭാസ്കര മാമയുടെ തറവാട് ആയിരുന്നു അത്... മാമയുടെ അനിയത്തി സുകന്യ മാത്രം ജീവനോടെ ഒള്ളൂ...

അവര് കുടുംബത്തോടെ ഗൾഫിൽ ആണ്. അച്ഛനും അമ്മയും മരിച്ചു പോയി.. താഴെ മുറ്റം മുഴുവനും ചിറ്റ മനോഹരമായ പൂക്കൾ കൊണ്ടൊരു വസന്തം ഒരുക്കി വെച്ചിട്ടുണ്ട്.. പല വർണത്തിൽ പൊതിഞ്ഞ പല പൂക്കൾ.. മുറ്റത്തിന്റെ സൈഡിൽ നിറയെ മരങ്ങളുണ്ട്... കായ്കൾ നിറഞ്ഞ മരങ്ങൾ.. ചിറ്റക്കതു മക്കളെ പോലാണ്.. അത്രയും സ്നേഹത്തോടെ... ഇഷ്ടത്തോടെ പരിപാലിക്കുന്നത് കാണാൻ തന്നെ ഒരു ചേലാണ്.. പല ചെടികളും തൈകളും ഭാസ്കരൻ മാമ സമ്മാനം കൊടുക്കുന്നതാണ്.. മാമയ്ക്ക് അറിയാം ചിറ്റക്ക്‌ അവകളോട് ഉള്ള ഇഷ്ടം... താഴേക്കു നോക്കുമ്പോൾ സായി ഓർത്തു.. വരുമ്പോൾ ഒക്കെയും ഇവിടെ തളച്ചിടുന്ന എന്തോ ഒന്ന് ഈ വീടും പരിസരവും ഒളിപ്പിച്ചു പിടിച്ചിട്ടുണ്ട്... ചിറ്റയും... താഴെ മാമയുടെ അരികിൽ ചേർന്ന് നിന്ന് എന്തോ പറഞ്ഞു ചിരിക്കുന്ന അംബികയിൽ സായിയുടെ മിഴികൾ തറച്ചു...

കുറച്ചു മുന്നേ തെറ്റി പിരിഞ്ഞവരാണ് എന്ന് തോന്നിയതെ ഇല്ല അപ്പോൾ അവരെ കാണുമ്പോൾ... പിണക്കങ്ങൾക്കൊടുവിൽ ഇണങ്ങാൻ മടിക്കുമ്പോൾ അല്ലെ അല്ലങ്കിലും ബന്ധങ്ങളിൽ വിള്ളൽ വീഴുന്നത്.. മാമയുടെയും ചിറ്റയുടെയും പിണക്കം പോലും എത്ര സുന്ദരമാണ്.. ചിറ്റയുടെ കവിളിൽ തട്ടി കാറിലേക്ക് കയറുന്ന മാമയെ കാണുമ്പോൾ സായിയുടെ ചുണ്ടിലും ഒരു ചിരി തെളിഞ്ഞു... അവൻ കസേരയിൽ മലർന്ന് കിടന്നു... അച്ഛനെ ഓർമ വന്നു.. വിളിച്ചിട്ട് പോലും ഒത്തിരി ആയിരിക്കുന്നു.. അച്ഛനും മക്കളും തമ്മിൽ വല്ലാത്തൊരു വിടവ് ഉണ്ട്.. അമ്മ കഷ്ടപെട്ട് ഉണ്ടാക്കി എടുത്തിരുന്നു.. പലപ്പോഴും മക്കൾക്ക് മുന്നിൽ ഒരു വഴക്ക് വേണ്ടന്ന് കരുതി അച്ഛൻ മൗനം പാലിക്കുമ്പോഴും... അമ്മ ഉറഞ്ഞു തുള്ളും.. ഇല്ലാത്ത കഥകൾ പലതും വിളിച്ചു പറയും... അച്ഛൻ അപരാതിയെ പോലെ തല കുനിച്ചിരിക്കും.. പിണക്കങ്ങൾക്ക് ശേഷം അവരുടെ ഇണക്കവും കാണാൻ ഒത്തിരി കൊതിച്ചിട്ടുണ്ട് പണ്ടൊക്കെ.. നടന്നില്ല... അതിന് അവർ തമ്മിലുള്ള പിണക്കം ഒരിക്കലും അവസാനിക്കാൻ ഉള്ളതല്ലായിരുന്നു എന്ന് തിരിച്ചറിയാൻ തുടങ്ങിയത് മുതൽ ആ മോഹം ഉപേക്ഷിച്ചു..

സിത്തുവിന് ആയിരുന്നു കൂടുതൽ സങ്കടം.. അവരെ ഓർത്തിട്ട്.. അത് കൊണ്ട് തന്നെ സായി അവൾക്ക് ഏട്ടൻ മാത്രം അല്ലായിരുന്നു.. അമ്മയും അച്ഛനും കൂട്ടുകാരനും കൂടി അവനായി മാറി... ഫോൺ ബെല്ലടിച്ചപ്പോൾ സായി നിവർന്നിരുന്നു.. അമ്മ കാളിംഗ്.. അവന്റെ മനസ്സിൽ വീണ്ടും ഒരു മരവിപ്പ് നിറഞ്ഞു... എടുക്കാനെ തോന്നുന്നില്ല... നല്ലതൊന്നും പറയാൻ ആവില്ല എന്തായാലും വിളി.. കുറച്ചു കുറ്റപ്പെടുത്താൻ... പരിഹസിക്കാൻ... ദേഷ്യം കാണിക്കാൻ.. അവൻ നോക്കി ഇരിക്കെ തന്നെ ബെല്ലടിച്ചു തീർന്നു.. സായി ഒന്ന് നെടുവീർപ്പിട്ടു.. തൊട്ടടുത്തുള്ള നിമിഷം വീണ്ടും ബെല്ലടി കേട്ടു.. സായി.... കൈ നീട്ടി ജനൽ പടിയിൽ വെച്ചിരുന്ന ഫോൺ എടുത്തു ചെവിയിൽ ചേർത്ത് പിടിച്ചു.... "നിനക്കെന്താ സായി... ഫോണെടുക്കാൻ ഇത്രയും താമസം " ദേഷ്യം നുരയുന്ന ദേവികയുടെ സ്വരം...അതാണ്‌ ആദ്യം തന്നെ കേട്ടത്. സായി കണ്ണുകൾ അടച്ചു പിടിച്ചു.. "ഞാൻ വിളിക്കുമ്പോൾ ഫോൺ എടുക്കരുത് എന്ന് ആരാടാ നിന്നോട് പറഞ്ഞു വെച്ചിരിക്കുന്നത് " വീണ്ടും ചോദ്യം.. "പ്ലീസ് അമ്മാ "

സായി പതിയെ പറഞ്ഞു.. മറുവശം ഒരു നിമിഷം നിശബ്ദത.. "നീ എവിടാ..." വീണ്ടും ദേവികയുടെ അധികാര സ്വരം.. "ഞാൻ... ഞാൻ നാട്ടിൽ..." സായി പറഞ്ഞു... "നാട്ടിൽ എവിടെ... അമ്മമ്മയുടെ അടുത്താണോ " സായി പറഞ്ഞു മുഴുവനാക്കും മുന്നേ വീണ്ടും ദേഷ്യം നിറഞ്ഞ സ്വരം. "അല്ല.. ഞാൻ ചിറ്റയുടെ കൂടെ " സായി പറയുമ്പോൾ മറുവശം അമ്മയുടെ ദേഷ്യം നിറഞ്ഞ കണ്ണുകൾ... ചുവന്ന മുഖം എല്ലാം സായി കണ്ടിരുന്നു... മനസ്സ് കൊണ്ട്.. "നിനക്ക് എന്താണ് പറഞ്ഞ മനസ്സിലാവില്ല എന്നുണ്ടോ സായി... നിന്നോട് ഞാൻ എത്ര പ്രാവശ്യം പറഞ്ഞിട്ടുണ്ട് അങ്ങോട്ട്‌ പോവരുത് എന്ന്... നാട്ടിൽ പോവണ്ട എന്നല്ലല്ലോ... അംബികയുടെ അരികിൽ പോവരുത് എന്ന് പറഞ്ഞാൽ... പോവരുത്..." വീണ്ടും ദേവിക ഉറഞ്ഞു തുള്ളുന്നു... "എന്താ അമ്മാ അതിന്റെ കാരണം... അതൂടെ പറഞ്ഞു തരാൻ ഞാനും എത്ര പറഞ്ഞു അമ്മയോട് " സായി ശാന്തമായി തന്നെ പറഞ്ഞു... "അത്.. അത് നീ അറിയണ്ട... എനിക്ക് ഇഷ്ടമല്ല... അത്ര തന്നെ " കിതപ്പ് കലർന്ന അമ്മയുടെ സ്വരം.. സായി പതിയെ ചിരിച്ചു..

"അമ്മക്ക് അല്ലേലും ആരോടാ അമ്മേ ഇഷ്ടമുള്ളത്.. അമ്മയെ പൊക്കി നടക്കുന്നവരെ മാത്രം അമ്മ കാണുകയൊള്ളു "സായി പറഞ്ഞു. സായി.... അലർച്ച പോലെ തോന്നി അവന്.. "സത്യമല്ലേ അമ്മാ... ആരെയാ അമ്മ സ്നേഹിക്കുന്നത്.. എന്നെയും സിത്തുനേം അമ്മക്ക് ഇഷ്ടമാണോ... അച്ഛനെ ഇഷ്ടമാണോ... അല്ല.... അമ്മയ്ക്ക് ആരെയും ഇഷ്ടമല്ല... അതിനുള്ള കാരണവും അമ്മ തന്നെ കണ്ടു പിടിക്കും " സായി പറയുമ്പോൾ... ദേവിക പല്ല് കടിക്കുന്ന ഒച്ച കേട്ടു.. "എന്നെ ചോദ്യം ചെയ്യാൻ മാത്രം വളർന്നോ സായന്ദ് നീ... ആരാണ് നിന്നോട് ഇത് പറഞ്ഞു തന്നത്... നിന്റെ അച്ഛൻ ആവും അല്ലേ... അങ്ങേര് ഇതും ചെയ്യും ഇതിനപ്പുറവും ചെയ്യും " ദേവിക ദേഷ്യം കൊണ്ട് വിറക്കുന്നുണ്ടെന്നു ആ സ്വരം കേട്ടാൽ അറിയാം സായിക്ക്.. "പ്ലീസ് അമ്മാ... എന്തിനാണ് വെറുതെ അച്ഛനെ വലിചിഴക്കുന്നെ... അതിന് മാത്രം എന്താ അമ്മയോട് അച്ഛൻ ചെയ്തത് " വേദന ആയിരുന്നു അവന്റെ സ്വരത്തിൽ.. മനസ്സിൽ മുഖം കുനിച്ചിരിക്കുന്ന അച്ഛന്റെ ചുണ്ടിലെ മങ്ങിയ ചിരി തെളിഞ്ഞു.. "അതൊന്നും നിനക്ക് പറഞ്ഞ മനസ്സിലാവില്ല സായി.. ഒന്ന് ഞാൻ പറയാം..

അയാളുടെ വഴിയേ നടക്കാൻ തുനിയേണ്ട.. ജീവിതം പോയി കിട്ടും.. കാൽകാശിനു വകയില്ലാത്ത വെറും തെണ്ടി ആയി പോകും നീ.. മാന്യത യുള്ളൊരു ജോലി ഉണ്ടല്ലോ... വല്ല്യ ഗായകൻ ആണെന്ന് പറഞ്ഞു പൊക്കി കൊണ്ട് നടക്കുന്നവരൊന്നും കൂടെ ഉണ്ടാവില്ല...അത് കൊണ്ട് അത് നിർത്തി അന്തസ്സായി ജീവിക്കാൻ നോക്ക് നീ " ദേവിക പറയുമ്പോൾ സായി നെറ്റിയിൽ കൈ അമർത്തി... എന്റെ അച്ഛന് എല്ലാം ഉണ്ടായിരുന്നു.. അമ്മയ്ക്ക് വേണ്ടിയല്ലേ എല്ലാം നൽകിയത്... അച്ഛൻ ഒരു സംഗീത അധ്യാപകൻ ആണെന്ന് അറിഞ്ഞിട്ട് തന്നെ അല്ലെ അമ്മ പ്രണയിച്ചു നടന്നത്.. അമ്മയ്ക്ക് വേണ്ടി അല്ലേ അച്ഛന്റെ കുടുംബം വിട്ടേറിഞ്ഞത്.. ഇന്ന് അച്ഛനെ പുച്ഛിക്കാൻ മാത്രം അമ്മയെ വളർത്തിയതും എന്റെ അച്ഛനല്ലേ.. ചോദ്യങ്ങൾ സായിയെ ശ്വാസം മുട്ടിച്ചു.. എന്നിട്ടും അവനൊന്നും ചോദിച്ചില്ല... ചില ചോദ്യങ്ങൾ ചോദിച്ചിട്ടും... പ്രതേകിച്ചു കാര്യമൊന്നുമില്ല എന്ന് അവന് തോന്നി. അമ്മയോട് എന്ത് പറഞ്ഞിട്ടും കാര്യമില്ല.. അച്ഛനോടുള്ള ദേഷ്യം കൂടാനേ അതുപകരിക്കൂ... "അമ്മമ്മയുടെ അരികിൽ പോകുന്നില്ലേ നീ "

വീണ്ടും ദേവികയുടെ സ്വരം... ചിറ്റയുടെ വീട്ടിൽ നിന്നും കുറച്ചു ദൂരം ഉണ്ട് അമ്മയുടെ വീട്ടിലേക്ക്.. അങ്ങോട്ട് പോകുന്നത് ചിന്തിക്കാൻ കൂടി വയ്യായിരുന്നു അവന്.. അമ്മ ഇടയ്ക്ക് കൊടുക്കുന്ന കാശിന്റെ നന്ദി കാണിക്കാൻ മിടുക്കരാണ് അമ്മമ്മയും രതീഷ് അങ്കിളും... സുരേഷ് അങ്കിളും.. അച്ഛന്റെ കുറ്റങ്ങൾ മാത്രം എണ്ണി പറയും.. പ്രാകും... സത്യം എന്തെന്ന് പോലും അറിയാതെ അമ്മയുടെ കഴിവിന്റെയും ... സഹനത്തിന്റെയും സ്നേഹത്തിന്റെയും നീണ്ട കഥകൾ പറഞ്ഞു മടുപ്പിക്കും.. സായി.. കടുപ്പത്തിൽ വീണ്ടും വിളിക്കുമ്പോൾ അവൻ ഫോൺ ശെരിക്കും പിടിച്ചിട്ട് ഒന്ന് മൂളി.. "എന്താ നീ ഉത്തരം പറയാതെ... പോണില്ലേ.. അമ്മമ്മയെ കാണാൻ.. ഞാൻ വിളിച്ചു പറയാം നീ വരുന്നുണ്ടെന്ന്.." അമ്മ വീണ്ടും ആക്ഞ്ഞ കൊണ്ട് ടീച്ചർ ആവുകയാണ്.. വിളിച്ചു പറയ്‌.. എന്നിട്ട് അവര് അച്ഛനെതിരെ തുടുക്കേണ്ട പരിഹാസത്തിന്റെ അമ്പ് മൂർച്ച കൂട്ടി വെക്കട്ടെ.. സായി മനസ്സിൽ പറഞ്ഞു.. "രണ്ടു ദിവസം കഴിയട്ടെ.. ഞാൻ പോവാം അമ്മാ " ഒട്ടും ഇഷ്ടമില്ലാതെ തന്നെ സായി പറഞ്ഞു..

"എന്തിനാ ഇനിയും രണ്ടു ദിവസം... ഇന്ന് വൈകുന്നേരം പോണം.. അവിടെ നീ അതികം ഒട്ടി പിടിച്ചു നിൽക്കണ്ട... അംബിക നീ വിചാരിച്ചു വെച്ചത് പോലെ അല്ല... നിന്നെ എന്നിൽ നിന്നും അകറ്റാൻ നോക്കി നടക്കുന്ന അവൾക്കരികിൽ നീ നിൽക്കണ്ട..." ദേവിക വീണ്ടും ദേഷ്യം പിടിച്ചു.. "വേറൊന്നും ഇല്ലല്ലോ... വെക്കുവാ അമ്മേ " കൂടുതൽ ഒന്നും കേൾക്കാൻ ഇല്ലാത്ത പോലെ... സായി ഫോൺ കട്ട് ചെയ്തു ജനൽ പടിയിലേക്ക് തന്നെ ഇട്ടു.. കണ്ണടച്ച് കിടന്നു.. നെഞ്ചിൽ ഒരു കല്ല് കയറ്റിയ പോലെ.. അമ്മയ്ക്ക് അംബിക ചിറ്റയെ ഇഷ്ടമല്ല.. വേറൊന്നും കൊണ്ടല്ല... അമ്മ ചെയ്യുന്ന അനീതിക്കെതിരെ ചിറ്റ പലപ്പോഴും വിരൽ ചൂണ്ടി കാണിച്ചിട്ടുണ്ട് എന്നത് കൊണ്ട് തന്നെ.. അമ്മ നീട്ടുന്ന നോട്ടുകൾ കൊണ്ട് ചിറ്റയുടെ ഉള്ളിലെ അഭിമാനം പണയപെടുത്താൻ ശ്രമിച്ചിട്ടില്ല എന്നത് കൊണ്ട് തന്നെ.. സ്നേഹത്തോടെ ജീവിക്കുന്നു എന്നതാണ് ചിറ്റയിലും ഭാസ്കരമാമയിലും അമ്മ കണ്ടെത്തിയ വലിയ കുറ്റം.. വളരെ വലിയ കുറ്റം.. ജനൽ പടിയിൽ കിടന്നു കൊണ്ട് ഫോൺ വീണ്ടും വീണ്ടും നിലവിളിച്ചു കൊണ്ടേ ഇരുന്നു..... തുടരും...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story