ഇശൽ തേൻകണം: ഭാഗം 22

ishal then kanam

രചന: ജീഫ്‌ന നിസാർ

മുഖം അടച്ചു കിട്ടിയ അടിയുടെ വേദനയെക്കാൾ സിത്തുവിന്റെ മുഖത്തു പേടി ആയിരുന്നു നിറഞ്ഞു നിന്നിരുന്നത്.. "നീയും നിന്റെ അച്ഛനും കൂടി വഷളാക്കി.. പെണ്ണിനെ.." സിത്തുവിന്റെ മുഖം നോക്കി അടിച്ചിട്ടും അടങ്ങാത്ത കലിയോടെ ദേവിക സായിക്ക് നേരെ ചീറി. നെഞ്ചിൽ കൈ കെട്ടി തീഷ്ണതയോടെ ഉള്ള അവന്റെ നോട്ടത്തിൽ ദേവികയുടെ സമനില തെറ്റുന്നത് പോലെ.. മകളെ ഒരാൾ സ്നേഹിക്കുന്നു എന്നും... അവൻ അവളെ പാതിയാക്കാൻ കൊതിക്കുന്നു എന്നും... അതേ ഇഷ്ടം അവളിൽ കൂടി ഉണ്ടെന്നും സായി പറയുമ്പോൾ... ജയൻ പതിയെ ഒന്ന് ചിരിച്ചിട്ട് മകളെ നോക്കി.. അവളിത്രയും വളർന്നു വലുതായോ എന്നൊരു സന്തോഷം ആയിരിക്കും ആ കണ്ണിൽ.. പക്ഷേ സായി പോലും പ്രതീക്ഷിക്കാതെ കാറ്റ് പോലെ പാഞ്ഞു ചെന്നിട്ട് സിത്തുവിന്റ മുഖം നോക്കി ദേവിക അടിക്കുമ്പോൾ... ഞെട്ടി പോയിരുന്നു... അവരെല്ലാം.. "നീ പഠിക്കാൻ അല്ലേടി കോളേജിൽ പോണത്.. അവളുടെ ഒരു ഇഷ്ടം.. ഡിഗ്രി ആയിട്ടുള്ളു..

അപ്പോഴേക്കും അവൾക്ക് കെട്ടാഞ്ഞിട്ട് മുട്ടി " വീണ്ടും അടിക്കാൻ മുന്നോട്ട് ആഞ്ഞാ ദേവികയുടെ മുന്നിലേക്ക് സായി കയറി നിൽക്കുമ്പോൾ ജയൻ നെഞ്ചിൽ കൈ കെട്ടിയിട്ട് അഭിമാനത്തോടെ ആ കാഴ്ച നോക്കി.. തന്നോളം വളർന്ന തന്റെ മക്കൾ.. തനിക്കില്ലാത്ത ഒന്ന് കൂടി അവരിൽ അയാൾ കണ്ടിരുന്നു.. പ്രതികരണശേഷി.. "ഒരടി അമ്മ അടിച്ചില്ലേ... തത്കാലം അതിനുള്ള തെറ്റ് പോലും അവൾ ചെയ്തിട്ടില്ല..." കടുപ്പത്തിൽ സായി പറയുമ്പോൾ ദേവിക അവന്റെ നേരെ തുറിച്ചു നോക്കി.. സിത്തു അവന്റെ മറവിൽ പതുങ്ങി.. "ഇല്ലെടാ.. ഞാൻ ഒരു അവാർഡ് വാങ്ങിച്ചു കൊടുക്കാം ഇവൾക്ക്.." കിതാപ്പോടെ... ദേവിക പറയുമ്പോൾ.. സായി സിത്തുവിന്റെ തോളിൽ കൈ ചേർത്തിട്ട് അവളെ അണച്ചു പിടിച്ചു.. "അച്ഛനൊപ്പം ചേരുമ്പോൾ അമ്മയും ഡിഗ്രി സെക്കന്റ്‌ ഇയർ വിദ്യാർത്ഥിനി ആയിരുന്നു എന്നാണ് എന്റെ അറിവ്.. അന്ന് അത് എന്തേ തെറ്റാല്ലായിരുന്നോ.. അതോ അമ്മയ്ക്ക് അറിയില്ലായിരുന്നോ " സായിയുടെ ചോദ്യം... ദേവിക വിളറി പോയി..

ജയൻ സായിയെ തന്നെ നോക്കി നിൽക്കുന്നുണ്ട്.. "അന്ന് തെറ്റാണ് എന്ന് തോന്നാത്തതൊന്നും ഇന്നും വേണ്ട...ഇന്നോ നാളെയോ കല്യാണം വേണം എന്ന് ഇവൾ പറഞ്ഞിട്ടില്ല.. അവളോട്‌ ഒരാൾ ഇഷ്ടം പറഞ്ഞു.. അവൾക്കും അതേ ഇഷ്ടം ഉള്ളിലുണ്ട്... സിത്തൂന് വേണേൽ അത് മറച്ചു വെക്കാം... ആരും അറിയാതെ... അവനൊപ്പം പ്രായത്തിന്റെയും പ്രണയത്തിന്റെയും തീവ്രതയിൽ ഉള്ളിൽ തോന്നിയത് മുഴുവനും ചെയ്യാം.. ജീവിതം ഒന്നേ ഒള്ളൂ അത് ആസ്വദിച്ചു ജീവിക്കണം എന്നുള്ള ഈ ജനറേഷന്റെ മുദ്രവാക്യം ഏറ്റെടുത്തു കൊണ്ട് എന്തെല്ലാം ചെയ്യാം... അവളത് ചെയ്‌തോ... ഇല്ലല്ലോ... ഇഷ്ടം തോന്നിയ ആളെ അറിയിക്കും മുന്നേ എന്നോട് പറഞ്ഞു എന്റെ അനിയത്തി... അതെങ്ങനെ തെറ്റാവും അമ്മേ " കലിപ്പോടെ സായി ചോദിച്ചപ്പോൾ... ദേവികയ്ക്ക് ശബ്ദം നഷ്ടം വന്നിരുന്നു.. തിളച്ചു തുള്ളിയ ചോര തണുത്തുറഞ്ഞു പോയി.. അവൻ പറയുന്നതാണ് സത്യം.. തുറന്നു പറയുന്നതിനേക്കാൾ മറച്ചു പിടിക്കുന്നതാണ് കൂടുതൽ സേഫ് എന്നവൾക്ക് തോന്നിയില്ല.. കല്യാണം... ദാമ്പത്യം.. ബന്ധങ്ങൾ...

ഇതെല്ലാം വെറും പ്രഹസനം മാത്രം ആണെന്ന് വിശ്വസിക്കുന്നു... ഇന്നത്തെ തലമുറ.. അവർക്ക് മുന്നിൽ ജീവിതം ആസ്വദിക്കാൻ മാത്രം ഉള്ളതാണ്.. അതിനവർ അതിർ വരമ്പുകൾ പോലും കരുതിയിട്ടില്ല.. സ്വയം സേഫ് ആണെന്ന് തോന്നുന്ന എന്തും ചെയ്യാനുള്ള ധൈര്യം ഉള്ളൊരു ജനതയുടെ വളർച്ചയാണ് കണ്മുന്നിൽ അരങ്ങേറുന്നത്.. ചിന്തിക്കാൻ കൂടി കഴിയാത്ത പലതും അവർ പ്രവർത്തിച്ചു കാണിക്കുമ്പോൾ... അടുത്തറിയുന്ന ആർക്കും അങ്ങനൊരു ബുദ്ധി തോന്നരുതേ എന്ന് പ്രാർത്ഥിക്കാൻ അല്ലാതെ മറ്റൊന്നും ചെയ്യാനില്ല.. കൂടുതൽ സംതൃപ്തി കിട്ടുന്ന... അല്ലങ്കിൽ കൂടുതൽ ഫ്രീഡം കിട്ടുന്ന എന്തിലേക്കും നിമിഷനേരം കൊണ്ട് അലിയാൻ അവർക്കൊരു കുറ്റബോധവും ഇല്ല.. ബി... പ്രാറ്റിക്കൽ എന്നൊരു വാക്കിനെയും മറച്ചു പിടിച്ചു കാണിക്കുന്ന... ഓർക്കാൻ പോലും അറക്കുന്ന എത്രയോ കാഴ്ചകൾ..

ഒരു പുൽകൊടിയേ പോലും മറയാക്കി പിടിച്ചും... ഒരു പുൽക്കൊടി പോലും മറയില്ലാതെയും കാണിച്ചു കൂട്ടുന്ന കാമകേളികളിൽ പെട്ടിട്ട്... വഴി നടക്കാൻ പോലും കഴിയാത്ത എത്രയോ ഒഴിവിടങ്ങൾ...കടൽ തീരങ്ങൾ.. നീളുന്ന യാത്രയിൽ പോലും രസം പകരുന്ന വിദ്യ അറിയുന്നവർ.. അവർക്ക് മുന്നിൽ കുടുംബമില്ല.. സംസ്കാരമില്ല.. ഓർക്കുമ്പോൾ ഒക്കെയും പേടിപ്പിക്കുന്ന ഇത്തരം കാഴ്ചകൾ നിത്യ സംഭവം പോലെ അരങ്ങേറുമ്പോൾ..പോലും നമ്മൾ കരുതറില്ലേ... എന്റെ മക്കൾ അങ്ങനൊന്നും ചെയ്യില്ലെന്ന്.. വെറുതെയാണത്.. ആരും ചെയ്യും... അതാണ്‌ കാലം. മകൾ സ്വന്തം അച്ഛന്റെ കുഞ്ഞിന് ജന്മം കൊടുക്കുമെന്നോ... അമ്മ സ്വന്തം മകളെ കൂട്ടി കൊടുക്കുമെന്നോ.. യാതൊരു ദയവും ഇല്ലാത്ത അമ്മമാർ തുടർകഥ പോലെ സ്വന്തം സുഖം മാത്രം മുന്നിൽ കണ്ടു കൊണ്ട് മക്കളെ കല്ലിലടിച്ചും... വെള്ളത്തിൽ മുക്കിയും കൊല്ലുന്നതൊക്ക നിത്യസംഭവം ആകുമെന്നൊക്കെ നമ്മൾ കരുതിയിരുന്നോ.. എന്നിട്ട് അതൊക്കെ നടന്നില്ലേ.. ഇപ്പഴും നടക്കുന്നില്ലേ.. ദൂരം വിട്ട് പഠിക്കാൻ എന്നൊരു പേരും പറഞ്ഞു പോകുന്നവർ...

കാശിനു വേണ്ടി എന്തും ചെയ്യ്യുമെന്നൊരു അവസ്ഥയിൽ എത്തി നിൽക്കുന്നതിന് ചിലപ്പോലെങ്കിലും നമ്മളും സാക്ഷികളല്ലേ.. ഫിസിക്കൽ റിലേഷൻ എന്നത് ശരീരത്തിന്റെ വെറുമൊരു ആവിശ്യം മാത്രം ആണെന്നും... കുറ്റബോധം തോന്നേണ്ട കാര്യം ഒന്നും അതിലില്ലെന്നും... ആർക്കും ആരോടും ചെയ്യാമെന്നും കരുതുന്നവർ നമ്മുക്കിടയിൽ ഇല്ലേ.. അതിനെതിരെ പറയുന്നവരെ കുലസ്ത്രീകൾ എന്നും കുല പുരുഷൻമാർ എന്നും മുദ്ര കുത്തിയിട്ട് യാതൊരു ഉളിപ്പും ഇല്ലാതെ നടക്കുന്നില്ലേ പലയിടത്തും.. ഇനിയും ഇതിനേക്കാൾ ഭീകരമായി തന്നെ ഇത് തുടരും എന്നും തിരിച്ചറിയാൻ നമ്മൾക്കും കഴിയണംഎന്നോർക്കുമ്പോൾ പേടി തോന്നാറില്ലേ.. പിന്നെ വെറുതെ ആശ്വാസിക്കാം... നമ്മളും നമ്മൾക്ക് വേണ്ട പെട്ടവരും അങ്ങനൊന്നും ചെയ്യില്ലെന്ന്.. ഇനിയും എങ്ങനെ ഇവളെ കുറ്റം പറയും.. ദേവിക വിയർത്തു തുടങ്ങി.. സായി അവരെ തന്നെ സൂക്ഷിച്ചു നോക്കി നിൽക്കുന്നുണ്ട്.. "മക്കൾക്കൊരു ഇഷ്ടം ഉണ്ടെന്ന് കേൾക്കുമ്പോൾ വാളെടുത്തു ഇറങ്ങും മുന്നേ ഓർത്തു നോക്കൂ..

സ്വന്തം ജീവിതം പിന്നിട്ട വഴികൾ..." പരിഹാസം പോലെ സായി പറയുമ്പോൾ ദേവിക ചൂളി പോയി.. കഥകൾ എല്ലാം അവനറിയാം എന്നത് ദേവികയ്ക്ക് ഉറപ്പാണ്.. "തെറ്റും ശെരിയും വിധിക്കും മുന്നേ.. കൈ കരുത്ത് കൊണ്ട് കലിപ്പ് മാറ്റും മുന്നേ... ഒന്നരികെ വിളിച്ചിട്ട് ആരാന്നും എന്താന്നും ചോദിക്കാൻ തോന്നിയോ അമ്മയ്ക്ക്.." വീണ്ടും അവന്റെ ചോദ്യം.. സിത്തു കലങ്ങി ചുവന്ന കണ്ണുകൾ തുടച്ചിട്ട് തല താഴ്ത്തി നിൽക്കുന്നു.. സായി അപ്പോഴും അവളിലെ പിടി വിട്ടിട്ടില്ല.. "അതിന് അവൾ എന്നോട് പറഞ്ഞോ ആദ്യം ... ഈ കാര്യം " ദേവിക അടുത്ത അടവെന്നോണം പറയുമ്പോൾ... "പറയാൻ മാത്രം അടുപ്പം അവളോട്‌ അമ്മ ഉണ്ടാക്കി എടുത്തിട്ടുണ്ടോ.. ഉണ്ടോ അമ്മേ " സായി ചോദിച്ചു.. പുച്ഛം ആയിരുന്നു അവന്റെ സ്വരം നിറയെ.. സിത്തു കരഞ്ഞു തുടങ്ങി..സങ്കടം കൊണ്ടാണ് "ഒരു മകളെ ഏറ്റവും ചേർത്ത് പിടിക്കേണ്ടത് അവളുടെ അമ്മയാണ്.. മക്കളിൽ വരുന്ന മാറ്റങ്ങൾ ആദ്യം അറിയേണ്ടതും അമ്മയാണ്.. ഇവിടെ അമ്മയ്ക്ക് ഞങ്ങളെ ചട്ടം പഠിപ്പിക്കാൻ മാത്രമല്ലേ നേരമുള്ളൂ "

ദേഷ്യം കൊണ്ട് സായി ചുവന്നു പോയിരുന്നു.. "നീ അതിര് വിട്ട് സംസാരിക്കാൻ ശ്രമിക്കുന്നു സായന്ത് " ദേവിക ദേഷ്യത്തോടെ അലറി.. സ്വന്തം കുറവുകൾ ആരെങ്കിലും വിളിച്ചു പറയുന്നത് അവർക്ക് കൊല്ലുന്നതിനു തുല്യം ആയിരുന്നു.. അതറിയാവുന്ന പോലെ ജയൻ പതിയെ ചിരിച്ചു.. "പരമാവധി ക്ഷമിച്ചില്ലേ ഞാനും... ഇവളും. എന്നിട്ടും നിങ്ങളുടെ മനോഭാവം അൽപ്പമെങ്കിലും മാറിയോ.. ഇല്ലല്ലോ.. ഒന്നൂടെ കൂടി.. അപ്പൊ ഇനി അങ്ങോട്ട് പ്രതികരിക്കാൻ തന്നെയാണ് എന്റെ തീരുമാനം. വിജയിക്കും വരെയും ഞാനും പോരാടും നല്ല മക്കൾ ആവണം എന്ന് മാതാപിതാക്കൾ ആഗ്രഹിക്കുന്ന പോലെ മനസ്സിലാക്കാൻ കഴിയുന്ന പേരന്റസ് ആവണേ എന്ന് മക്കളും കൊതിക്കാറുണ്ട്.. അതാരും എന്താ മനസ്സിലാക്കാത്തെ " അതേ ദേഷ്യത്തോടെ സായി വിളിച്ചു പറയുമ്പോൾ.. ദേവിക തിരിഞ്ഞു നിന്നിട്ട് ജയന്റെ നേരെ നോക്കി.. "തൃപ്തിയായില്ലേ ഇപ്പൊ നിങ്ങൾക്ക്.. വേണ്ടാത്തത് മുഴുവനും പറഞ്ഞു കൊടുത്തിട്ട് ഇവനെ എനിക്കെതിരെ തിരിച്ചപ്പോൾ " തീ പാറും പോലെ മൂർച്ചയുള്ള നോട്ടം..

"ഞാൻ പറഞ്ഞിട്ടല്ല ദേവി.. നമ്മുടെ മോനൊരു ആൺകുട്ടിയാണ്.. അവന് പ്രതികരിക്കാൻ അറിയാം.. അവന്റെ അച്ഛനെ പോലെയല്ല അവൻ.." അഭിമാനത്തോടെ ജയൻ പറയുമ്പോൾ... ദേവിക കത്തും പോലുള്ള പരുവത്തിൽ ആയിരുന്നു.. "സഹിക്കാനും ക്ഷമിക്കാനും നന്നായി അറിയാമായിരുന്ന അവനെ... നിരന്തരമുള്ള കുറ്റപ്പെടുത്തൽ കൊണ്ടും അവഗണന കൊണ്ടും നമ്മൾ തന്നെ ആണ് ഇങ്ങനെ ആക്കി എടുത്തത്.. ഇപ്പോഴും അവന്റെ ഭാഗത്ത് തെറ്റൊന്നും കാണുന്നില്ല ഞാൻ " പതിയെ ചിരിച്ചു കൊണ്ട് ജയൻ പറയുമ്പോൾ ദേവിക പുച്ഛത്തോടെ അയാളെ നോക്കി.. "നിങ്ങൾ കാണില്ല.. നിങ്ങളുടെ കൂടെ അവനെ ചേർക്കാൻ നടക്കുവല്ലേ.. തെറ്റ് എന്ന് പറയുമ്പോൾ അവൻ നിങ്ങളുടെ സൈഡിൽ വരില്ലല്ലോ.. ബുദ്ധിമാൻ ' ദേവിക പരിഹസിച്ചു.. "തെറ്റിനെ തെറ്റാണ് എന്ന് പറയുന്നിടത്താണ് സ്നേഹം എന്നും.. അത് മറച്ചു പിടിച്ചിട്ട്... ന്യായീകരിക്കാൻ നോക്കുന്നത് സ്നേഹമെന്ന അഭിനയം ആണെന്നും എന്റെ മകനിൽകൂടിയാണ് ദേവി ഞാനും പഠിക്കുന്നത് " ശാന്തമായി അപ്പോഴും ജയൻ പറയുമ്പോൾ...

ദേവിക അയാളെ ചിറഞ്ഞു നോക്കി.. സായി രണ്ടു പേരെയും സൂക്ഷിച്ചു നോക്കി നിൽക്കുന്നുണ്ട്.. സിത്തു ഇരു കൈകൾ കൊണ്ടും അവനെ ചുറ്റി പിടിച്ചു വെച്ചിട്ടുണ്ട്. "മക്കളെ നന്നായി കാണാൻ ആഗ്രഹിക്കുന്നു എങ്കിൽ നിങ്ങൾ ഇങ്ങനെ അവരെ വിട്ട് പോവുമായിരുന്നോ.. നിങ്ങൾ നിങ്ങളുടെ സൗകര്യം നോക്കി പോയില്ലേ.. അപ്പൊ ഇതല്ല ഇതിനപ്പുറവും നടക്കും " വീണ്ടും ദേവിക വിളിച്ചു കൂവുമ്പോൾ സായിയുടെ നിയന്ത്രണം അപ്പാടെ വിട്ട് പോയിരുന്നു... ഒന്ന് നിർത്തുന്നുണ്ടോ രണ്ടാളും... ഉറക്കെ അവൻ പറയുമ്പോൾ സിത്തു ഞെട്ടി കൊണ്ട് ഒന്നൂടെ പിടി മുറുക്കി.. അവൻ അവളെയും.. "ഇപ്പോഴും തമ്മിലുള്ള പരാതി തീർക്കാൻ ആണ് നിങ്ങൾക്ക് ഉത്സാഹം.." പുച്ഛത്തോടെ സായി പറയുമ്പോൾ... ജയൻ അവനെ നോക്കി.. ദേവികയും.. "താലി കെട്ടിയത് കൊണ്ട് ഒരുവൻ നല്ല ഭർത്താവോ... താലി അണിഞ്ഞു നടന്നത് കൊണ്ട് ഒരുവൾ നല്ല ഭാര്യയോ ആവില്ല.. അത് പോലെ ജന്മം കൊടുത്തത് കൊണ്ട് നല്ല അച്ഛനോ... പത്തു മാസം കൊണ്ട് നടന്നിട്ട് പ്രസവിച്ചു എന്നത് കൊണ്ട് നല്ലൊരു അമ്മയോ ആവുന്നില്ല ആരും..

ഓരോരുത്തർക്കും അവർ ചെയ്യേണ്ടുന്ന കുറച്ചു കടമകളും കർത്തവ്യങ്ങളും ബാക്കിയുണ്ട്.. അതൂടെ ഭംഗിയായി ചെയ്യുമ്പോൾ മാത്രമേ ആ സ്ഥാനത്തിന് അർഹരാവുന്നുള്ളു " സായി പറയുമ്പോൾ.... ദേവികയും ജയനും ഒന്ന് പരസ്പരം നോക്കി.. ദേവികയുടെ ഭാവത്തിൽ ലവലേശം മാറ്റമില്ലായിരുന്നു.. "തമ്മിൽ മനസിലാക്കൂക എന്നത് ജീവിതത്തിൽ ഒഴിച്ച് കൂടാനാവാത്ത ഒന്നാണ് എന്ന് ഇനിയും എങ്ങനെ ഞാൻ നിങ്ങളോട് പറയും.. എത്രയൊക്കെ ആഴത്തിൽ മുങ്ങി തപ്പിയാൽ പോലും ഇറങ്ങി ചെല്ലാൻ ആവാത്ത അത്രയും നിഗൂഢയും ആഴമുള്ള ഓരോ മനുഷ്യമനസ്സിലും സ്നേഹത്തിനൊപ്പം തന്നെ വേണ്ടത് പരിഗണ കൂടിയാണെന്ന് എന്തേ നിങ്ങള് മറന്നു പോയത് " ഇപ്രാവശ്യം സായിയുടെ സ്വരത്തിൽ വേദനയാണ്.. "ഓ... ഇപ്പൊ കുറ്റം മുഴുവനും എന്റെയാണ് എന്നാവും നീ പറഞ്ഞു വരുന്നത്.. അല്ലേ " ദേവിക പെട്ടന്ന് ചോദിച്ചു.. സായി ഒന്ന് ചിരിച്ചു.. "അങ്ങനെയാണ് അത് മനസ്സിലായത് എങ്കിൽ... അതമ്മയുടെ തെറ്റാണ്.. ഞാൻ അതല്ല പറഞ്ഞത്... ഇനി പറയുന്നതും.."

സായി സിത്തുവിനെ അടർത്തി മാറ്റി.. അവൾ കവിൾ തുടച്ചു കൊണ്ട് ചുവരിൽ ചാരി.. കൈകൾ കൊണ്ട് അവനും മുഖം അമർത്തി തുടച്ചിട്ട് സോഫയിൽ പോയിരുന്നു.. "ഇഷ്ടമാണെങ്കിൽ കുറവുകളെ പോലും നമ്മൾ സ്നേഹിക്കും... വെറുത്തു കഴിഞ്ഞാൽ കഴിവുകൾ പോലും വെറുത്തു പോകും.. ഇതാണ് നമ്മൾ മനുഷ്യർ.. അതാരുടെയും കുറ്റമല്ല " പതിയെ സായി പറയുമ്പോൾ ജയൻ അവനരികിൽ വന്നിരുന്നു.. ദേവിക അതേ നിൽപ്പ് തന്നെ.. കൈ വിരൽ പിടിച്ചു ഞെരിക്കുന്നുണ്ട്.. "ആരാണ് നീ സ്നേഹിക്കുന്ന ആളെന്ന് ഇത് വരെയും നിങ്ങൾ അവളോട്‌ ചോദിച്ചില്ല " സായി പറഞ്ഞു.. അപ്പോഴും ആരും ഒന്നും മിണ്ടിയില്ല.. അവൾ പറഞ്ഞില്ലെന്നു പരാതി പറഞ്ഞല്ലോ.. നിങ്ങൾ ചോദിച്ചോ എന്നവൾ തിരിച്ചു ചോദിച്ചാലോ.. അത് അപരാതം.. അല്ലേ അമ്മേ സായി വീണ്ടും വിളിച്ചു ചോദിച്ചു.. മുഖം ഒന്നൂടെ വീർപ്പിച്ചു പിടിച്ചു എന്നതല്ലാതെ ദേവിക ഒന്നും പറഞ്ഞില്ല.. അപ്പോഴും. ജയൻ പതിയെ സായിയുടെ തോളിൽ തട്ടി.. അവൻ തിരിഞ്ഞിട്ട് അയാളെ ഒന്ന് നോക്കി..

"വാശി ദേഷ്യം എന്നൊക്കെ പറഞ്ഞിട്ട് ഇത് വരെയും ഉള്ള ജീവിതം സമാധാനം എന്നൊന്ന് ഞങ്ങൾക്ക് തന്നിട്ടില്ല.. ഇനിയെങ്കിലും ഞങ്ങളുടെ ജീവിതം അങ്ങനെ ആവരുത്.. അത് ഞങ്ങൾ തീരുമാനം എടുത്തതാണ്... അതിലെവിടെയാ അച്ഛാ തെറ്റ് " സായി അയാളോട് ചോദിച്ചു.. "ഇറങ്ങി പോകുമ്പോൾ ഞങ്ങൾ മക്കളെ കൂടി ആണ് അച്ഛൻ ഉപേക്ഷിച്ചു കളഞ്ഞത്.. അത് അച്ഛന്റെ തെറ്റല്ലേ.. ആവിശ്യങ്ങൾ എല്ലാം നടത്തി തന്നത് കൊണ്ട് അച്ഛന്റെ സ്നേഹത്തിന് പകരം ആവുമോ.. എല്ലാം നിശബ്ദത കൊണ്ട് സഹിക്കാം എന്നും സ്നേഹം എന്നാൽ എല്ലാം സഹിക്കുന്നതും ക്ഷമിക്കുന്നതും കൂടി ആണെന്നും വിചാരിച്ചു വെച്ചതും അച്ഛന്റെ തെറ്റല്ലേ... തിരുത്തേണ്ടത് അങ്ങനെ ചെയ്യുമ്പോൾ അത് കൂടി സ്നേഹം ആണ്..." ഇപ്രാവശ്യം ജയന്റെ തല കുനിഞ്ഞപ്പോൾ ദേവികയുടെ കണ്ണിൽ വല്ലാത്തൊരു ഭാവം വിരിഞ്ഞു.. അതവർക്ക് ഒരുപാട് ഇഷ്ടമായി എന്ന് വിളിച്ചു പറയും പോലെ.. "ഞങ്ങളുടെ കാര്യം നിങ്ങൾ രണ്ടു പേരും ഒരുമിച്ച് നിന്നിട്ട് വേണം തീരുമാനം എടുക്കാൻ.. ഇല്ലെങ്കിൽ പിന്നെ എനിക്ക് സിത്തുവും അവൾക്ക് ഞാനും ഉള്ളൊന്ന് അങ്ങ് കരുതും ഞങ്ങൾ..

അച്ഛനും അമ്മയും ഇല്ലാത്തവരും ജീവിക്കുന്നില്ലേ " സായി പറയുമ്പോൾ ജയനും ദേവികയും അവന്റെ നേരെ നോക്കി.. ജയൻ പതിയെ അവന്റെ തോളിൽ തട്ടി കൊടുത്തു.. "അച്ഛൻ ഉണ്ട് കൂടെ " പതിയെ പറയുമ്പോൾ... അവൻ അമ്മയെ നോക്കി.. 'ഞാനും " കടുപ്പത്തിൽ ആണേലും ദേവിക പറഞ്ഞു.. സിത്തു മുഖം ഉയർത്തി സായിയെ നോക്കി.. ഇങ്ങ് വാ.. അവൻ കൈ മാടി വിളിച്ചപ്പോൾ... ദേവികയെ ഒന്ന് നോക്കിയിട്ട് അവൾ അവന്റെ അടുത്ത് പോയി നിന്നു.. സായി അവളെ അരികിൽ പിടിച്ചിരുത്തി.. "അഖില ആന്റിയുടെ മകൻ.... പ്രണവ് ആണ് ആ പയ്യൻ " സായി പറയുമ്പോൾ ദേവിക ഞെട്ടി പോയിരുന്നു.. പ്രണവ്... അവൻ.. അങ്ങനെ.. " പതിയെ അവർ പിറുപിറുത്തു... "അതേ... അവൻ എന്നെയും വന്നു കണ്ടിരുന്നു.. നല്ല പയ്യനാണ്.. നമ്മുക്ക് അറിയാവുന്ന ഫാമിലിയുമാണ് " സായി പറയുന്നതിനൊപ്പം വിറച്ചു തുടങ്ങിയ സിത്തുവിന്റെ കൈ വിരൽ കോർത്തു പിടിച്ചു.. "അവൻ വീട്ടിൽ സംസാരിക്കാൻ സാധ്യതയുണ്ട്.. ഉടനെ തന്നെ ഇങ്ങോട്ട് വിളി വെന്നേക്കും.."

സായി മുന്നറിയിപ്പ് എന്നോണം പറയുമ്പോൾ.. ജയൻ ചിരിച്ചു കൊണ്ട് സിത്തുവിന്റെ തോളിൽ ചേർത്ത് പിടിച്ചു.. ചുവന്നു തിണർത്ത സിത്തുവിന്റെ കവിളിൽ സായി പിടിച്ചു വലിച്ചു.. അവളൊന്നു കണ്ണുരുട്ടി അവന്റെ നേരെ നോക്കി.. "പ്രണയത്തിൽ ഒരടിയൊക്കെ കൊള്ളണം സിത്തു... ഭാവി ജീവിതത്തിൽ.. എപ്പോഴേലും തമ്മിൽ തല്ലാനുള്ള അവസരം വരുമ്പോൾ വെറുതെ ഓർക്കാലോ... എത്ര റിസ്ക് എടുത്തു നേടിയ ജീവിതം ആണ്.. അത് വെറുതെ ഇല്ലാതെയാക്കണോ എന്ന് " സായി പറയുമ്പോൾ... അതിനുള്ളിലെ മുള്ള് തിരിച്ചറിഞ്ഞ പോലെ ജയൻ ഉറക്കെ പൊട്ടിച്ചിരിച്ചു.. ഈ വീടിന്റെ അകത്തളങ്ങൾ മറന്നു പോയിരുന്നു... ചിരിയുടെ ഈണമെന്ന് സായി അപ്പോൾ ഓർത്തു.. ദേവിക അപ്പോഴും ഗഹനമായ ഏതോ ചിന്തയുടെ അറ്റതാണ്.. ❤❤❤❤❤❤❤❤❤❤❤❤❤❤

ഭക്ഷണം കഴിഞ്ഞു വന്നു കിടക്കുമ്പോൾ മനസ്സിൽ വല്ലാത്തൊരു ശാന്തത തോന്നിയിരുന്നു സായിക്ക്.. വിചാരിച്ച അത്രയും ഭീകരമല്ലാതെ അത് അവതരിപ്പിക്കാൻ കഴിഞ്ഞു.. ഇനിയും ഏറെ കടമ്പകൾ മുന്നിലുണ്ട്.. എന്തൊക്കെ നേരിടേണ്ടി വന്നാലും.. അവളുടെ ഇഷ്ടം നേടി കൊടുക്കണം.. ഒത്തിരി അവഗണനയുടെ നീറ്റൽ അറിഞ്ഞവളാണ്.. അവളുടെ ഇഷ്ടത്തിനൊപ്പം ഒരു ജീവിതം തന്നെ ആയിക്കോട്ടെ.. ഓരോന്നു ഓർത്തു കിടക്കുമ്പോൾ... അവന് ജാസ്മിയെ ഓർമ വന്നു പെട്ടന്ന്.. ചുണ്ടിൽ അറിയാതെ ഒരു ചിരി ഒഴുകി ഇറങ്ങി.. ഒന്ന് വിളിച്ചാലോ എന്നാണ് ആദ്യം കരുതിയത്.. പിന്നെ തോന്നി വേണ്ട.. സമയം പത്തു കഴിഞ്ഞു.. ഉറങ്ങി കാണും..

അല്ലെങ്കിൽ എന്ത് പറഞ്ഞിട്ട് വിളിക്കും.. കിടന്ന അവൻ ചാടി എഴുന്നേറ്റു.. എന്നിട്ടും അടങ്ങാത്ത പരവേശം.. ദാഹിക്കുന്നു എന്ന് തോന്നിയപ്പോൾ വെള്ളം എടുത്തു കുടിച്ചിട്ട് കൈകൾ കൂട്ടി തിരുമ്പി അവൻ മുറിയിൽ കൂടി നടന്നു.. ആ ശബ്ദം ഒന്ന് കേൾക്കാൻ ഉള്ള മോഹത്തെ തടയാൻ ആവുന്നില്ല.. വേണ്ടന്ന് വിവേകം ഉപദേശിച്ചു പറയുമ്പോൾ പോലും... വേണം എന്നുള്ള വികാരം വെല്ലുവിളി നടത്തുന്നു.. ഫോണെടുത്തു... ഇങ്ങോട്ട് അവൾ വിളിച്ചപ്പോൾ.. My love എന്ന് സേവ് ചെയ്ത നമ്പറിൽ അമർത്തുമ്പോൾ..ചെയ്യുന്നതിലെ ശെരികേടുകളെ അവൻ മനഃപൂർവം കണ്ടില്ലെന്ന് നടിച്ചു.. ആ ബെല്ലടിയേക്കാൾ ഉച്ചത്തിൽ ഹൃദയം ആർത്തു വിളിക്കുന്നത് അപ്പോഴും അവൻ അറിയുന്നുണ്ട് ...... തുടരും...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story