ഇശൽ തേൻകണം: ഭാഗം 26

ishal then kanam

രചന: ജീഫ്‌ന നിസാർ

"പോട്ടെ... " സായി തിരിഞ്ഞു നോക്കി കൊണ്ട് പറഞ്ഞപ്പോൾ ജാസ്മി തട്ടം നേരെ ഇട്ടു കൊണ്ട് തലയാട്ടി അവനിറങ്ങി മുറ്റത്തു ഇറങ്ങി.. വാ..മുണ്ട് മടക്കി കുത്തി തല ചെരിച്ചു നോക്കി അവൻ വിളിച്ചപ്പോൾ അവൾ അകത്തേക്ക് ഒന്ന് നോക്കിയിട്ട് പതിയെ ഇറങ്ങി വന്നു.. അവനൊപ്പം പതിയെ നടക്കുമ്പോൾ ഷാളിന്റെ തുമ്പിൽ വിരൽ ചുറ്റി വലിക്കുന്നുണ്ട്.. "ഒറ്റക്കാണ് എന്ന തോന്നലേ വേണ്ട... ഇനി അങ്ങോട്ട്‌ ഞാനും കൂടെ ഉണ്ട്.. സന്തോഷം ആണേലും സങ്കടം ആണേലും നിനക്ക് എന്നോട് പറയാം.." അവളെ നോക്കി പറയുമ്പോൾ ജാസ്മി തലയാട്ടി കാണിച്ചു. "ഉമ്മാന്റെ അസുഖം ഇങ്ങനെ ഇട്ടാൽ മാറ്റം വരില്ല.. അതിനുള്ള വഴി ഞാനും അന്വേഷിച്ചു നോക്കുന്നുണ്ട്.. സുധിയോട് കൂടി ഒന്ന് പറയട്ടെ " സായി പറയുമ്പോൾ ജാസ്മിയുടെ ചുണ്ടിലെ ചിരി മാഞ്ഞു.. സുധി ഏട്ടൻ അറിയുമ്പോൾ.. "പേടിക്കണ്ട... ഒറ്റയടിക്ക് ഞാൻ ഒന്നും പറയില്ല.. എനിക്ക് മനസ്സിലാവും ജാസ്മി " ആ മനസ്സറിഞ്ഞ പോൽ സായി പറയുമ്പോൾ അവൾ അവന്റെ നേരെ സൂക്ഷിച്ചു നോക്കി.. അവനൊന്നു കണ്ണടച്ച് കാണിച്ചു ചിരിച്ചു..

"നമ്മുക്ക് IPS ആവണ്ടേ " ചിരിച്ചു കൊണ്ട് പറയുമ്പോൾ ജാസ്മി ചുണ്ട് കൂർപ്പിച്ചു നോക്കി.. അവൻ ചുണ്ടുകൾ കൂട്ടി പിടിച്ചിട്ട് ചിരി അമർത്തി പിടിച്ചു.. ഉണ്ട കണ്ണിലെ പരിഭവം പോലും അവൻ ആസ്വദിച്ചു.. "അത്.. ഞാൻ വെറുതെ പറഞ്ഞതാ " ജാസ്മി പറയുമ്പോൾ ആ മുഖത്തെ ഭാവം കണ്ടിട്ട് അവന് വീണ്ടും ചിരി വരുന്നുണ്ട്. "ഇപ്പോൾ പറഞ്ഞത് വെറുതെയാണ്... Ips എന്നത് മനസ്സിൽ മോഹിച്ചതല്ലേ എന്റെ പെണ്ണ്.. മ്മ് " അവൻ അവളുടെ കണ്ണിലേക്കു നോക്കി ചോദിച്ചു.. കണ്ണടക്കുള്ളിലെ കണ്ണിലെ തിളക്കം... പ്രണയം... ജാസ്മി വേഗം തല താഴ്ത്തി.. "നമ്മുക്ക് നേടി എടുക്കടോ " മുള്ള് വേലി കഴിഞ്ഞു ഇറങ്ങി സായി റോഡിൽ ഇറങ്ങി. മുള വേലിയിൽ പിടിച്ചിട്ട് അവൾ അവന്റെ കണ്ണിലേക്കു തന്നെ നോക്കി.. ഇത്തിരി നേരം രണ്ടാളും ഒന്നും മിണ്ടിയില്ല.. പോയി ട്ടോ " കൈ വീശി അവൻ പറയുമ്പോൾ അവളും തിരിച്ചു കൈ വീശി കൊണ്ട് തലയാട്ടി.. ഒന്നൂടെ വരുമോ പോകും മുന്നേ എന്ന് ചോദിക്കാൻ ഉള്ളിൽ ഒരുപാട് ആഗ്രഹിക്കുന്നു എങ്കിലും അവൾ മിണ്ടിയില്ല... വരാം എന്ന് അവനും പറഞ്ഞില്ല..

പക്ഷേ ഒരിക്കൽ കൂടി വരുമെന്ന് അവൾക്ക് ഉറപ്പായിരുന്നു.. തിരിഞ്ഞ് നോക്കി നടന്നു മറയുന്ന അവനെ നോക്കി അവളപ്പോഴും അവിടെ തന്നെ ഉണ്ടായിരുന്നു.. ❤❤❤❤❤❤❤❤❤❤❤❤❤❤ ഉച്ചക്ക് ഭക്ഷണം പുറമെ നിന്നും കഴിഞ്ഞു വന്നതിനാൽ സൽക്കരിക്കാൻ ആയില്ലെന്നൊരു പരിഭവം ചിറ്റക്ക് ഉണ്ടായിരുന്നു.. വൈകുന്നേരം ടേബിൾ നിറച്ചും പലഹാരം എത്തിച്ചു വിളിക്കുമ്പോൾ ആ മുഖം നിറഞ്ഞ സംതൃപ്തി ഉണ്ടായിരുന്നു.. അച്ഛൻ മുറിയിൽ കിടന്നു വിശ്രമിക്കുമ്പോൾ ഏതോ ചിന്തയുടെ ഭാരം പേറി അമ്മ ഹാളിലെ സോഫയിൽ ഇരിക്കുന്നുണ്ട്‌. അവരെ ഒന്ന് നോക്കിയിട്ട് ഒരു മൂളി പാട്ടോടെ സായി അടുക്കളയിൽ നടന്നു.. വൈകുന്നേരം അമ്മയുടെ വീട്ടിൽ പോവാനുള്ളതാണ്.. സിത്തുവിന്റെ ചിരി ഉയർന്നു കേൾക്കാൻ കഴിയുന്നുണ്ട്.. അവൾ പറയുന്ന പൊട്ടത്തരങ്ങൾക്ക് എല്ലാം ചിറ്റ ചിരിക്കുന്നുണ്ട്.. അടച്ചു വെച്ച പാത്രത്തിൽ എല്ലാം പ്രിയപ്പെട്ട വിഭവങ്ങൾ.. സായി പിറകിൽ കൂടി ചെന്നിട്ടു അംബികയെ കെട്ടിപിടിച്ചു.. "വന്നോ നായകൻ..." ചിരിച്ചു കൊണ്ട് അംബിക പറയുമ്പോൾ സായി അവരുടെ നേരെ നെറ്റി ചുളിച്ചു നോക്കി..

അവന്റെ കണ്ണുകൾ സിത്തുവിൽ പതിഞ്ഞു പോയിരുന്നു.. അവൾക്കൊരു കള്ളചിരിയില്ലേ... അവൻ ഒന്ന് കണ്ണുരുട്ടി.. "എന്റെ മോൻ അടിപൊളി ഡയലോഗ് ഒക്കെ പറയാൻ പഠിച്ചെന്ന് സിത്തു പറഞ്ഞു.. ആണോടാ " ചിറ്റ പറയുമ്പോൾ സായി ഒന്ന് ചിരിച്ചു.. "അള മുട്ടിയ ചേരയും കടിക്കും എന്നൊരു ചൊല്ല് കേട്ടിട്ടില്ലേ ചിറ്റ... അത് തന്നെ സംഭവം.. സഹിച്ചു മടുത്തു.. എന്നിട്ടും തമ്മിൽ തല്ലി അവർക്ക് മതിയായിട്ടില്ല.. അടുക്കളയിൽ ഉള്ള കുഞ്ഞു മേശയിൽ ചാരി നിന്നിട്ട് സായി പറയുമ്പോൾ അംബിക ഒരു നിമിഷം അവന്റെ നേരെ നോക്കി.. "നന്നായെടാ മോനെ... കിട്ടേണ്ടത് കിട്ടുമ്പോഴേ ചിലരൊക്കെ പഠിക്കേണ്ടത് പഠിക്കൂ... സഹിക്കുന്നതും ക്ഷമിക്കുന്നതും നല്ല ശീലം തന്നെ... എന്നും കരുതി അത് മുതലെടുപ്പ് നടത്തുന്നവരോട് വാ തുറന്നു പറയുക തന്നെ വേണം " അംബിക ചിരിച്ചു കൊണ്ട് പറയുമ്പോൾ... സായി ചിരിച്ചു..

സിത്തുവിന്റെ പാത്രത്തിൽ നിന്നും നെയ്യപ്പത്തിന്റെ ഒരു കഷ്ണം എടുത്തു കടിച്ചു കൊണ്ട് അവൻ ആസ്വദിച്ചു കഴിച്ചു.. "ഇനി ഇങ്ങനെ തന്നെ തുടരാൻ ആണ് എന്റെ തീരുമാനം... ചിറ്റേടെ ചേച്ചിയുടെ കൊമ്പ് ഞാൻ ഒടിക്കും " സായി പറയുമ്പോൾ അംബിക കണ്ണുരുട്ടി നോക്കി.. "നല്ലതല്ലാത്ത ഒന്നും എന്റെ മോൻ ചെയ്യില്ലെന്ന് എനിക്കറിയാടാ ചെക്കാ " അംബിക അവന്റെ നേരെ നോക്കി പറഞ്ഞു... അവനപ്പോൾ ജാസ്മിയെ കുറിച്ചാണ് ഓർത്തത്.. അത് ഇവരുടെ ഒക്കെ കണ്ണിൽ നന്മയായിരിക്കുമോ... ഇതേ മനസ്സോടെ സ്വീകരിക്കുമോ.. അമ്മയുടെ കാര്യത്തിൽ ഒരുപാട് റിസ്ക് എടുക്കേണ്ടി വരുമെന്ന് ആദ്യം മുതലേ അറിയാം.. അപ്പോഴും മനസ്സിൽ പ്രതീക്ഷയുള്ളത് ചിറ്റയിലും മാമയിലും തന്നെയായിരുന്നു.. ആർക്ക് മനസ്സിലായില്ല എങ്കിലും അവർക്ക് മനസ്സിലാവും എന്നുള്ളത്... ഇവർക്കെല്ലാം വേണ്ടി ഉപേക്ഷിച്ചു മടങ്ങേണ്ടി വരുമോ തനിക്കവളെ.. അവളെയല്ലാതെ മറ്റൊരാളെ ഇനിയുമെങ്ങനെ ഹൃദയം കൊണ്ട് സ്വീകരിക്കും.. ആ ഓർമ പോലും വേദന നൽകുന്നുണ്ട്..

എല്ലാത്തിനും ഉപരി ആ പാവം പെണ്ണിനോട് ഇതിനേക്കാൾ വലിയൊരു ക്രൂരത ചെയ്യാനില്ല.. ഒറ്റയ്ക്ക് ജീവിക്കാൻ പഠിച്ചോരാൾക്ക്... കൂട്ട് വരാമെന്നു പറഞ്ഞു പറ്റിച്ചിട്ട് തിരിച്ചു നടക്കുന്നതും.. അവരെ ജീവനോടെ എരിയിച്ചു കളയുന്നതും ഒരുപോലെ വേദനയാണ്.. മുറിവുകൾ തീർത്തിട്ട്... ചോര കിനിയും പോൽ.. "മാമ ഇല്ലാത്തത് കഷ്ടമായി പോയി.... അല്ലേ ഏട്ടാ " സിത്തു കയ്യിൽ തോണ്ടിയിട്ട് പറയുമ്പോൾ അവൻ തലയാട്ടി.. "അങ്ങനെ തന്നെ വേണം നിങ്ങൾക്ക്.. സർപ്രൈസ് എന്നൊക്കെ പറഞ്ഞിട്ട് വിളിക്കാതെ വന്നിട്ടല്ലേ " ചിറ്റ കണ്ണുരുട്ടി... ഒരു പാത്രത്തിൽ മൂന്നാല് ഉണ്ണിയപ്പം കൂടി അവരുടെ മുന്നിലേക്ക് നീക്കി വെച്ചിട്ട് അവർ ഹാളിലേക്ക് നടന്നു.. ഭാസ്കരമാമ ബിസിനസ് ടൂറിൽ ആയിരുന്നു... നാളെ കഴിഞ്ഞു വരുമെന്ന് ചിറ്റ പറഞ്ഞു... ഹാളിൽ കസേരകൾ നിരത്തിയിട്ട് ചിറ്റ അച്ഛനെയും അമ്മയെയും കഴിക്കാൻ വിളിക്കുന്നുണ്ട്.. സായി എഴുന്നേറ്റു അങ്ങോട്ട്‌ നടന്നു... അമ്മ ഒരു ഗ്ലാസ്‌ ചായ മാത്രം എടുത്തു കൊണ്ട് ഗിയർ പിടിച്ചിരിക്കുവാ.. ചിറ്റ പ്ളേറ്റ് അരികിൽ നീക്കി കൊടുത്തിട്ട് എടുക്കാൻ പറയുന്നുണ്ട്.. ആള് പക്ഷേ അത് ശ്രദ്ധിക്കുക പോലും ചെയ്യുന്നില്ല.. അച്ഛൻ എടുത്തു കഴിക്കുന്നുണ്ട്.. ഇങ്ങോട്ട് താ ചിറ്റേ... നല്ല രുചിയുണ്ട് "

മനഃപൂർവം സായി അമ്മയുടെ മുന്നിലെ പ്ളേറ്റ് നീക്കി എടുത്തു.. അമ്മയെ നോക്കാതെ അവൻ ഓരോന്നു എടുത്തു കഴിച്ചു.. "സിത്തുവിന്റെ നിശ്ചയം നടത്താൻ ഉദ്ദേശം ഉണ്ട് അംബികേ.." ജയൻ ആണ് തുടങ്ങി വെച്ചത്... "എന്റെ ഫ്രണ്ട്ന്റെ മകനാണ്... കൊള്ളാവുന്ന കുടുംബം.." അച്ഛൻ പറയുന്നതിനേക്കാൾ ഒരു പടി മുകളിൽ നിൽക്കാൻ എന്നപോലെ ഇടയിൽ കയറി അമ്മ പറയുമ്പോൾ സായിക്ക്‌ ചിരി വന്നിരുന്നു.. മകളുടെ കല്യാണമാണെന്ന് പറയുന്ന സന്തോഷം അല്ല അവർക്ക്... വാക്കുകൾ കൊണ്ടായാലും മറ്റുള്ളവരെക്കാൾ ഒരു പടി മുകളിൽ നിൽക്കാൻ ഉള്ള ആക്രാന്തമാണ്.. കാര്യങ്ങൾ എല്ലാം സിത്തുവും സായിയും മുന്നേ പറഞ്ഞു കൊടുത്തത് കൊണ്ട് തന്നെ അവരിൽ നിന്നും പ്രതേകിച്ചു ഒന്നും അംബികയ്ക്ക് അറിയാനും ഉണ്ടായിരുന്നില്ല.. എല്ലാം കേട്ടിട്ടും അവരൊന്നു ചിരിക്കുക മാത്രം ചെയ്തു. ❤❤❤❤❤❤❤❤❤❤❤❤❤❤

വണ്ടിയിൽ നിന്നിറങ്ങി ജയനെ ഒന്ന് നോക്കുക കൂടി ചെയ്യാതെ ദേവിക കയറി പോകുമ്പോൾ.. സിത്തുവും സായിയും പരസ്പരം നോക്കി.. ജയൻ പക്ഷേ ഭാവഭേദം ഏതും ഇല്ലാതെ പുറത്തിറങ്ങി.. ചിറ്റയുടെ വീട്ടിൽ നിന്നും കാറെടുത്തു പോരുകയായിരുന്നു... മുന്നത്തെ പോൽ അമ്മയുടെ വീട്ടിലേക്കു പോരുമ്പോൾ തോന്നുന്ന അസ്വസ്ഥത ഇപ്പോൾ ഇല്ലെന്ന് സായിക്ക് തോന്നി.. സിത്തുവിന്റെ മുഖം പക്ഷേ കാർമേഘപാളികൾ മൂടിയിരുന്നു.. ആകെ ഒരു ഉത്സാഹകുറവ്.. സായി വണ്ടി ഒതുക്കി ഇറങ്ങി വരുന്നതും നോക്കി സിത്തുവും ജയനും കാത്തു നിൽക്കുന്നു.. വാതിൽ തള്ളി തുറന്നിട്ട്‌ ദേവിക അകത്തു കയറി പോയിരുന്നു.. വാ... വിളിച്ചു കൊണ്ട് മുന്നോട്ട് നടന്നിട്ട് സായി ചെന്ന് ബെല്ലടിച്ചു.. കയറി പോര് ഇങ്ങോട്ട്... സ്വീകരിക്കാൻ ഒന്നും ആരുമില്ല ഇവിടെ.. " അശരീരി പോലെ അകത്തു നിന്നും വിളിച്ചു പറയുന്നത് കേട്ടപ്പോൾ സായി അച്ഛന്റെ നേരെയാണ് നോക്കിയത്.. ആ മുഖത്തെ വിളർച്ച ചിരി കൊണ്ട് എത്ര പൊതിഞ്ഞു പിടിക്കാൻ നോക്കിയിട്ടും തെളിഞ്ഞു കണ്ടിരുന്നു അവൻ അന്നേരം.

വാ അച്ഛാ.. അവൻ വിളിച്ചിട്ട് അകത്തു കയറി.. ഹാളിൽ തന്നെ ഉണ്ട് അമ്മയും കുടുംബകാരും.. അമ്മയുടെ മുഖം നിറഞ്ഞ പുച്ഛം... അതേ സ്ഥായിയായ ഭാവം.. അത് വീണ്ടും കയറി കൂടിയ പോലെ.. അതിനുള്ളിൽ ഒളിപ്പിച്ചു പിടിച്ച പരിഹാസത്തിന്റെ അലകൾ സായി പെട്ടന്ന് കണ്ടെടുത്തു.. വാ മക്കളെ... അച്ഛൻ എന്ന മനുഷ്യനെ തീർത്തും അവഗണിച്ചു കൊണ്ട് അമ്മമ്മ സ്നേഹത്തോടെ സായിക്കും സിത്തുവിനും നേരെ നോക്കി പറയുമ്പോൾ സായിയുടെ മുഖം കടുത്തു.. സിത്തു അവന്റെ നേരെ നോക്കുന്നുണ്ട്.. "ഇരിക്ക് സായി..." വീണ്ടും രാജേഷ് അങ്കിൾ പറയുമ്പോൾ അവന്റെ കണ്ണുകൾ ദേവികയിൽ തറച്ചു.. ജയന്റെ നേരെയാണ് നോട്ടം മുഴുവനും.. എന്നോട് ജയിക്കാൻ നിങ്ങളെ ഞാൻ വിടില്ലെന്നൊരു ഭാവം അവൻ അവിടെ കണ്ടിരുന്നു....... തുടരും...

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story