ഇശൽ തേൻകണം: ഭാഗം 27

ishal then kanam

രചന: ജീഫ്‌ന നിസാർ

പ്രേമം ന്നൊക്കെ പറയുമ്പോ കൊള്ളാവുന്ന ചെക്കൻ ആണോ ദേവി.. നീയോ ഒരു മണുകുനാഞ്ജനെ കണ്ടു പിടിച്ചിട്ട് ജീവിതം തീർത്തു.. ഇപ്പൊ നരകിച്ചു സഹിച്ചു ജീവിക്കാൻ പഠിച്ചത് കൊണ്ട് വല്ല്യ കുഴപ്പമില്ല... അത് പോലെ തന്നെ ആണോ നിന്റെ മോളും കണ്ട് പിടിച്ചവൻ " അമ്മമ്മ അമ്മയെ നോക്കി ചോദിച്ചപ്പോൾ പോലും അച്ഛന്റെ ചുണ്ടിൽ ചിരിയാണ് എന്ന് സായി കണ്ട് പിടിച്ചു.. ഇതൊക്കെ പ്രതീക്ഷിക്കുന്നു എന്നൊരു ഭാവം.. അല്ലെങ്കിൽ ഇതൊക്കെ എന്ത് എന്നൊരു നിസ്സാരത.. "അല്ലമ്മേ... പ്രണവ് നല്ല പയ്യനാണ്... അധ്വാനിച്ചു ജീവിക്കാൻ പഠിച്ചവൻ... അതിനേക്കാൾ ഉപരി കലാകാരൻ എന്നുള്ളത് തൊട്ട് തീണ്ടിയിട്ടില്ല " ജയനേം സായിയേം പാളി നോക്കി ദേവിക പറയുമ്പോൾ ജയൻ വീണ്ടും ചിരിച്ചു.. അമ്മയുടെയും അമ്മയുടെ ആൾക്കാരുടെയും മുഖത്തെ നിറഞ്ഞ സംതൃപ്തി.. സായി കൈകൾ നെഞ്ചിൽ കെട്ടിയിട്ട് അമ്മയെ തുറിച്ചു നോക്കി... അവന്റെ നോട്ടത്തിൽ ദേവികയുടെ പതർച്ച അവനും കാണുന്നുണ്ട്.. എല്ലാവരെയും വരച്ച വരയിൽ നിർത്തുന്നവൾ എന്നൊരു ബഹുമതി നേടിയ വ്യക്തി...

താനെന്തിങ്കിലും വിളിച്ചു പറഞ്ഞാൽ ആ പദവി നഷ്ടം വരുമോ എന്നുള്ളതാണ് ആ പേടി മുഴുവനും.. "എന്റെ മോള് അമ്മയെ കണ്ടു പഠിച്ചത് കൊണ്ട് രക്ഷപെട്ടു.." സിത്തുവിനെ തലോടി അമ്മമ്മ പറയുമ്പോൾ അമ്മയുടെ മുഖം പ്രകാശപൂരിതമായി... "ഞാൻ എന്റെ അച്ഛനെ കണ്ടു പഠിച്ചിട്ടും എന്റെ ജീവിതത്തിൽ നഷ്ടം ഒന്നും വന്നിട്ടില്ല.. കേട്ടോ അമ്മമ്മേ " സായി പറഞ്ഞു തുടങ്ങി.. "മ്മ്... ആ ജോലിയിൽ കുറച്ചു കൂടി ശ്രദ്ധിച്ചു എങ്കിൽ... ഇപ്പൊ എവിടെ എത്തിയേനെ.. അപ്പൊ പാട്ട് കൂത്ത് എന്ന് പറഞ്ഞു നടന്നു... എന്നിട്ടവൻ പറയുവാ " ദേവിക ചുണ്ട് കോട്ടി.. "നമ്മൾ ഇവിടെ വന്നത് എന്തിനാ " സായി ദേവികയുടെ അരികിൽ പോയി നിന്നിട്ട് കടുപ്പത്തിൽ ചോദിച്ചു.. അവരൊന്നു പതറി.. "പറ അമ്മാ..." അവൻ വീണ്ടും ചോദിച്ചു.. "സിതാരയുടെ കല്യാണവിശേഷം പറയാൻ " പറയുമ്പോൾ ദേവിക സായിയെ നോക്കിയില്ല.. "അല്ലാതെ.. ലാഭനഷ്ടത്തിന്റെ കണക്കെടുപ്പ് നടത്താൻ അല്ലല്ലോ " സായി വീണ്ടും ചോദിച്ചു.. "നീ എന്താ സായി അവളെ ചോദ്യം ചെയ്യുന്നോ " ദേവികയുടെ അമ്മ ദാക്ഷയണിയുടെ സ്വരം നിറഞ്ഞ അനിഷ്ടം.. സായിക്കതു പെട്ടന്ന് മനസ്സിലായി.. അമ്മയുടെ കഷ്ടപാടും യാഥനകളും മൈന്റ് ചെയ്യാത്ത മക്കളാണ് എന്നാണ് ഇവിടെ പറഞ്ഞു കൊടുത്ത കഥ..

അതനുസരിച്ചു തന്നെയാണ് ഇവരുടെ പ്രതികരണവും.. കാണുമ്പോൾ തുടങ്ങും പുരാണം.. "മക്കളെ തിരുത്താൻ അമ്മമാർക്കും അച്ഛന്മാർക്കും ബാധ്യത ഉള്ളത് പോലെ തിരിച്ചും അത് അങ്ങനെ തന്നെ ആണ് അമ്മമ്മേ " പറയുമ്പോൾ സായിയുടെ മുഖവും കടുത്ത് പോയിരുന്നു.. "അതിനിപ്പോ അവളെന്താ സായി തെറ്റ് ചെയ്തത്.. നിനക്ക് തിരുത്താൻ മാത്രം.. അവളൊരാൾ ഒറ്റക് പൊരുതിയത് കൊണ്ടാണ് നീയൊക്കെ ഇത് വരെയും എത്തിയത്.. അത് മറക്കണ്ട " സതീഷ് പറയുമ്പോൾ അതിൽ പെങ്ങളോടുള്ള സ്നേഹം ആയിരുന്നില്ല.. അവളെ തൃപ്തി പൊടുത്തുമ്പോൾ കിട്ടുന്ന പാരിതോഷികം തന്നെ ആയിരുന്നു. "നിങ്ങൾക്കതൊന്നും ഒരിക്കലും മനസ്സിലാവില്ല അങ്കിൾ... പക്ഷേ എന്റെ അമ്മയോട് ഞാൻ എന്ത് പറയണം എന്ന് തീരുമാനം എടുക്കാൻ നിങ്ങൾക്ക് അവകാശം ഇല്ല " സതീഷിനെ നോക്കി സായി പറയുമ്പോൾ... അയാളുടെ മുഖം ഞെട്ടി പോയിരുന്നു.. "ഓഹോ... അപ്പൊ അത്രയ്ക്കു വളർന്നു നീ അല്ലേ... ഇവൾ പറഞ്ഞപ്പോൾ ഞാൻ ഇത്രയും കരുതിയില്ല..." ദാക്ഷയണി ചാടി എഴുന്നേറ്റ് പറയുമ്പോൾ അമ്മയുടെ മുഖത്തു വിജയതിളക്കം...

ഇപ്പൊ എങ്ങനെ ഉണ്ട് ഞാൻ പറഞ്ഞത് എന്നൊരു ഭാവം.. സായി അമ്മയുടെ നേരെ നോക്കി.. അവനെ നോക്കുന്നെ ഇല്ല.. "നിങ്ങളോട് പറയുന്നുണ്ടല്ലോ എല്ലാം.. അതിലെ തെറ്റും ശെരിയും നോക്കാതെ പറഞ്ഞു പിരി കയറ്റി വിടുന്നും ഉണ്ടല്ലോ.. അത് കൊണ്ട് തന്നെ അല്ലേ.. ഞങ്ങളുടെ ജീവിതം ഇങ്ങനെ ആയത് " പറയുമ്പോൾ... അതുവരെയും അനുഭവിച്ചതിന്റെ കൈപ്പു നീർ നിറഞ്ഞു തൂവിയിരുന്നു ആ വാക്കിൽ നിറയെ.. "ഓഹോ.. ആ കുറ്റവും നീ ഇവരുടെ നേരെയാണോ ചാർത്തി കൊടുക്കുന്നത്. ഏഹ് " പറയുമ്പോൾ ദേവിക ജ്വലിക്കുന്ന പോലെ.. "നിങ്ങളുടെ അച്ഛൻ കൊള്ളാത്തവൻ ആയത് ഞങ്ങളുടെ കുറ്റം ആണോ " രതീഷും അത് ഏറ്റു പിടിച്ചു.. "പണത്തിന് മീതെ പരുന്തും പറക്കില്ലെന്ന് തെളിയിച്ച ആളാണ്‌ നിങ്ങൾ... നിങ്ങളോട് ഇതിലും കൂടുതൽ ഇനിയെന്ത് പറയാൻ ഞാൻ " സായി പറയുമ്പോൾ ആ മുഖത്തിൽ എല്ലാം ദേഷ്യം ആണെന്ന് അവന് തോന്നി.. "സ്വന്തം വീട്ടിലേക്ക് ഒരാൾ വരുമ്പോൾ... അവരെത്ര ശത്രു ആണെന്നുണ്ടേലും ഇരിക്കാൻ പറയുന്നതും... ഒരു ഗ്ലാസ് വെള്ളം കൊടുക്കുന്നതും ഒരു മര്യാദയാണ്.. നിങ്ങൾക്ക് അതിന് പോലും തോന്നിയില്ല " പറഞ്ഞു കൊണ്ട് തന്നെ സായി പോയിട്ട് സോഫയിൽ ഇരിക്കുമ്പോൾ...

അവരുടെ മുഖം വിളറി.. ജയൻ പോയിട്ട് അവന്റെ അരികിൽ ഇരുന്നു.. "നിങ്ങളോട് ഒരു വാക്ക് പോരാട്ടം നടത്തി ജയിക്കാൻ വന്നതല്ല ഞാൻ... ഇത് വരെയും വന്നിട്ടുമില്ല... ഇനിയും വരില്ല.." ജയൻ പറഞ്ഞപ്പോൾ സായി അയാളെ നോക്കി.. "എന്റെ മകളുടെ കല്യാണം ആണ്.. അതിന്റെ വിവരങ്ങൾ... സന്തോഷം എല്ലാം നിങ്ങളോട് പങ്ക് വെക്കാൻ വന്നതാണ്.. നിങ്ങൾക് അത് എങ്ങനെ വേണേലും എടുക്കാം " എന്നിട്ടും ഒട്ടും അയവ് വരാത്ത മുഖങ്ങൾ സായി സഹതാപത്തോടെ നോക്കി.. മാറ്റങ്ങൾ ഒന്നും ഇവര് ആഗ്രഹിക്കുന്നില്ല.. മാറാനും ആഗ്രഹിക്കുന്നില്ല.. ഈ ഉള്ള വാശിയും ദേഷ്യവും എന്നും ഇങ്ങനെ തുടർന്നാലും വേദനയോ സഹതാപമോ ഇവരിൽ ഉണ്ടാവില്ല.. അതിനിടയിൽ മകളുടെ ജീവിതം ഉണ്ടന്നോ... പേരക്കുട്ടികളുടെ സന്തോഷം ഉണ്ടന്നോ... അതെല്ലാം തിരിച്ചെടുക്കാൻ ആവാത്ത വിധം അകന്നു പോവുകയാണെന്നോ ഇവര് ഓർക്കുന്നുമില്ല... ❤❤❤❤❤❤❤❤❤❤❤❤❤❤ ഇതാണോ പെട്ടന്ന് വരാനുള്ള കാരണം.. " സുധി സായിയെ ചുഴിഞ്ഞു നോക്കി.. "അതേ ടാ.. അത് ഇവരോട് നേരിട്ടു വന്നു പറയാൻ ഒരു മോഹം..

വാശി ദേഷ്യം എന്നൊക്കെ പറഞ്ഞിട്ട് കാലം കുറെ ആയില്ലേ.. എല്ലാത്തിനും ഒരു അവസാനം വേണ്ടേ..." സായി പറയുമ്പോൾ സുധി ഒന്ന് അമർത്തി മൂളി... "നീ എന്താടാ അങ്ങനെ ചോദിച്ചത് " ഉള്ളിൽ ഒരു കൊളുത്ത് ഉണ്ടായിട്ടും അത് മറച്ചു പിടിച്ചു കൊണ്ട് സായി സുധിയോട് ചോദിച്ചു.. നിനക്കറിയില്ലേ.. " സുധി തിരിച്ചു ചോദിച്ചു... സായിക്ക് ഒന്നും മിണ്ടാൻ ആയില്ല.. "പറയെടാ... നിനക്കറിയില്ലേ " സുധി വീണ്ടും ചോദിച്ചു.. "എടാ.. ഞാൻ.. ഞാനത് പറയാൻ ഇരിക്കയായിരുന്നു " സായി പറയുമ്പോൾ സുധി ഒന്ന് ചിരിച്ചു.. "എനിക്കറിയാം... നീ അത് എന്നോട് പറയും എന്നത്.. പക്ഷേ എനിക്ക് നിന്നോട് പറയാൻ ഉള്ളത് എന്താണ് എന്ന് വെച്ചാൽ..." സുധി ഒന്ന് നിർത്തിയിട്ട് സായിയെ നോക്കി. "ഒരുപാട് അനുഭവങ്ങൾ കൊണ്ട് മുറിവേറ്റ് പിടയുന്ന ഒരു പാവം പെണ്ണാണ് ജാസ്മി. അവൾക്ക് ഉഉളിൽ നീ മറ്റൊരു മുറിവ് ആകരുത്.. ദൈവം പോലും പൊറുക്കില്ല കേട്ടോ നിന്നോട് " സുധി പറയുമ്പോൾ സായി അവന്റെ കൈയിൽ അമർത്തി പിടിച്ചു.. "വേദനിപ്പിക്കാനോ വിട്ട് കളയനോ അല്ല സുധി. എന്റെ ആത്മാവിൽ ചേർക്കാനാണ്... എന്റെ സ്വന്തമാക്കാനാണ്.. അവളുടെ സന്തോഷവും സങ്കടവും എന്റേത് കൂടി ആക്കാനാണ്... നിനക്കെന്നെ വിശ്വാസം ഇല്ലേ സുധി "

സായി ചോദിക്കുമ്പോൾ സുധി ഒന്ന് ചിരിച്ചു.. "എനിക്ക് എന്നെപോലെ വിശ്വാസം ആണ് സായി നിന്നെ.. അവളെ നിന്നെ ഏൽപ്പിക്കാൻ നൂറു വട്ടം സമ്മദവും ആണ്.. പക്ഷേ...." ആ ഒരു പക്ഷേയിൽ നിന്റെ അമ്മയാണ് പ്രശ്നം എന്ന് അവൻ പറയാതെ പറഞ്ഞു.. സായിക്കതു കൃത്യമായും മനസ്സിലാവുകയും ചെയ്തു.. "എനിക്ക് മനസ്സിലായി സുധി... അത് നീ എനിക്ക് വിട്ടേക്ക് എനിക്കറിയാം ഡീൽ ചെയ്യാൻ... അമ്മയല്ല... ഞാനാണ് അവൾക്ക് വാക്ക് കൊടുത്തത് " ഉറപ്പോടെ സായി പറയുമ്പോൾ സുധി അവന്റെ നേരെ നോക്കി.. "പറയാനൊക്കെ എളുപ്പമാണ് സായി.. പക്ഷേ തീരുമാനം എടുക്കുമ്പോൾ..... എനിക്കറിയില്ല നിന്നോട് എന്ത് പറയും എന്ന്.. ഒത്തിരി വേദനകൾ കൂടപ്പിറപ്പ് പോലെ കൊണ്ട് നടക്കുന്നവളെ ഇനിയും സങ്കടപെടുത്താൻ ആരെയും അനുവദിക്കില്ല എന്നൊരു ഉറപ്പ് നീ എനിക്ക് തരണം " സായി സുധിയുടെ കൈയിൽ അമർത്തി പിടിച്ചു കൊണ്ട് അവന്റെ നേരെ നോക്കി.. "ഞാൻ കാരണം അവൾക്ക് വേദനോക്കേണ്ടി വരില്ല... അത്രയും ഞാൻ അവളെ സ്നേഹിക്കുന്നുണ്ട് സുധി... ആദ്യകാഴ്ച കൊണ്ടൊന്നും അല്ല...

എങ്ങനെയോ എന്റെ ഉള്ളിലേക്ക് കയറി പറ്റിയവളെ ഇനി പറിച് കളയുന്നതിനെ പറ്റി എനിക്ക് ചിന്തിക്കാൻ കൂടി കഴിയില്ല... അവൾക്കും..." പറയുമ്പോൾ സായിക്കുള്ളിൽ ജാസ്മിയുടെ വിടർന്ന കണ്ണുകൾ ആയിരുന്നു.. അവയിൽ ഒളിപ്പിച്ചു പിടിച്ച സ്നേഹകടൽ ആയിരുന്നു... "അധികം കാത്തിരിക്കേണ്ടി വരില്ല... സിത്തുവിന്റെ നിശ്ചയം ഒന്ന് കഴിയട്ടെ... എന്റെ സ്വന്തം ആക്കും ഞാൻ അവളെ... നഷ്ടപെട്ട സന്തോഷം മുഴുവനും എനിക്ക് തിരിച്ചു കൊടുക്കണം... അവളുടെ ഉമ്മയുടെ അസുഖം ചികിൽസിച്ചു ഭേദമാക്കാൻ ആ കൂടെ നിൽക്കണം " സായി പറയുമ്പോൾ ആ കണ്ണിൽ വിരിഞ്ഞ ഭാവം മതിയായിരുന്നു... അവൻ അവൾക്ക് മുന്നിലെ വിളക്കാവും എന്ന് തിരിച്ചറിയാൻ... ❤❤❤❤❤❤❤❤❤❤❤❤❤❤ "എന്നെന്നേക്കുമായി പോവുകയല്ല പെണ്ണെ... ഞാൻ ഇനിയും വരുമല്ലോ.. " സായി പറയുമ്പോൾ ജാസ്മി ഒന്നും മിണ്ടിയില്ല. അവളുടെ വീടിന്റെ പുറകിൽ നീണ്ടു പരന്നു കിടക്കുന്ന നെൽപ്പാടം ആയിരുന്നു.. അതിന്റെ അടുത്തുള്ളൊരു വലിയ മാവിൽ ചാരി അവൻ നിൽക്കുമ്പോൾ കുറച്ചു മാറി ശാളിൽ തുമ്പിൽ വിരൽ ചുറ്റി വലിച്ചു കൊണ്ട് അവളും അരികിൽ ഉണ്ടായിരുന്നു.. ആറി തുടങ്ങിയ വെയിൽ നാളങ്ങൾ...

പാടത്തു നിന്നും വീശുന്ന തണുത്ത കാറ്റിൽ കുളിരുന്ന പോലെ. നേർത്തൊരു മഞ്ഞ നിറം കലർന്ന വൈകുന്നേരം.. ധാരാളം കിളികൾ പാറി കളിക്കുന്ന വയലിന്റെ അരികിൽ സായി കാല് നീട്ടി ഇരുന്നു.. ജാസ്മി അവന്റെ അരികിൽ ഒന്നും മിണ്ടാതെ നിന്നു. ഇടയ്ക്കിടെ അവളുടെ കണ്ണുകൾ വീടിന്റെ നേരെ പോവുന്നുണ്ട്.. ഉറങ്ങുന്ന ഉമ്മയുടെ ശബ്ദം വല്ലതും കേൾക്കുന്നുണ്ടോ എന്നറിയാൻ അവളുടെ കാതുകൾ ശ്രദ്ധയോടെ നിൽക്കുന്നുണ്ട്.. "സന്തോഷമായിട്ടിരിക്ക്... ഇത്തിരി അകലെയാണേലും എന്റെ ഉള്ള് നിറയെ നിന്നെയും കൊണ്ടാണ് ഞാൻ പോകുന്നത്.. കൂടെ ഉണ്ട് എന്നല്ല.. കൂട്ടിനുണ്ട്..." പറയുമ്പോൾ അവൻ അവളെ നോക്കിയില്ല.. എങ്കിലും ആ കണ്ണിലെ സ്നേഹം അവൾക്ക് ആ വാക്കിൽ അറിയാമായിരുന്നു.. ഒച്ചയൊന്നും കേൾക്കാഞ്ഞിട്ട് അവനൊന്നു തിരിഞ്ഞു നോക്കി. മിണ്ടാതെ തന്നെ നോക്കി നിൽക്കുന്നവൾക്ക് നേരെ അവനൊന്നു പുരികം പൊന്തിച്ചു കാണിച്ചു.. അവൾ ഒന്നും ഇല്ലെന്ന് കാണിച്ചിട്ട് നോട്ടം വലിച്ചു. "സുധിയോട് ഞാൻ പറഞ്ഞിട്ടുണ്ട്.." വീണ്ടും അവൻ പറയുമ്പോൾ അവളിലെ ഞെട്ടൽ അവനും അറിഞ്ഞിരുന്നു.. "പേടിക്കണ്ട... അവനും കാര്യം മനസ്സിലാവും... നീ എന്റെ നെഞ്ചിൽ സുരക്ഷിതയാണെന്ന് ഞാൻ അവന് കൊടുത്ത വാക്ക് എനിക്ക് പാലിക്കണം.."

പറയുമ്പോൾ വീണ്ടും അവൾ അവന്റെ നേരെ നോക്കി.. ഇനി നീ എന്റെയാണെന്ന് ഇനിയുമെങ്ങനെ ഇതിനേക്കാൾ മനോഹരമായി പറയും എന്ന് കൂടി അവന്റെ മുഖത്തു നിന്നും അവൾ കണ്ടിരുന്നു വാക്കുകൾ കൊണ്ട് പ്രണയത്തിന്റെ ഒരു പൂക്കാലം തീർക്കുന്നവനല്ല.. മൗനത്തിന്റെ ചെപ്പിൽ ഒളിപ്പിച്ചു പിടിച്ച സ്നേഹത്തിന്റെ മുത്തുകൾ ഓരോ നോട്ടം കൊണ്ടും അവനിൽ നിന്നും പൊഴിഞ്ഞു വീഴുന്നുണ്ട്.. അത് കാണുമ്പോൾ ഒക്കെയും മറ്റെല്ലാം മറന്നിട്ട് അവനിൽ മാത്രം ലയിക്കാൻ കൊതിക്കുന്നുമുണ്ട്... ആ നെറ്റിയിലെ ചന്ദനകുറിയോട് പോലും സ്നേഹം തോന്നുന്നു.. രണ്ടു കാന്തകഷ്ണങ്ങൾ ആ കണ്ണിൽ ഒളിപ്പിച്ചു പിടിച്ചിട്ടുണ്ട് എന്ന് തെളിയിക്കും പോലെ.. ഓരോ നോട്ടത്തിലും ഉള്ളിലെ സ്നേഹത്തിന്റെ ആഴിയിൽ ലയിച്ചു പോകുന്നു.. തന്റെ നോട്ടം കണ്ടിട്ട് അവന്റെ ചുണ്ടിലൊരു കള്ളച്ചിരിയുണ്ട് എന്നറിഞ്ഞപ്പോൾ ജാസ്മി വിളറി പോയിരുന്നു... വാ... ഇവിടിരിക്ക്.. അരികിൽ നോക്കി കൊണ്ട് അതേ ചിരിയോടെ സായി വിളിക്കുമ്പോൾ അവൾ വേണ്ടന്ന് തലയാട്ടി..

"നിന്നെ പോലെ തന്നെ... ഇത്തിരി പ്രശ്നങ്ങൾ എനിക്കുമുണ്ട്.. അതൊന്ന് തീർത്തിട്ട് ഞാനും വരും.. ഈ കഴുത്തിൽ ഒരു താലി ചേർത്തിട് എന്നെന്നേക്കുമായി എന്റെ സ്വന്തം ആക്കുവാൻ... കാത്തിരിക്കണം..." പതിയെ അവൻ പറയുമ്പോൾ... തലയാട്ടാൻ കൂടി മറന്നെന്ന പോലെ അവനെ നോക്കി... ജാസ്മി "എന്റെ നോവിന്റെ ഈണങ്ങളിലെ പുഞ്ചിരിയാവാൻ... ഇനി അങ്ങോട്ട് നിന്നെ ഞാൻ എന്റെ ഉള്ളിൽ നിറച്ചു വെച്ചിട്ടുണ്ട്..." പതിയെ സായി എഴുന്നേറ്റ് കൊണ്ട് പറഞ്ഞു.. യാത്ര പറയുന്നില്ല... നിന്നെയും ഞാൻ കൊണ്ട് പോകുന്നുണ്ടല്ലോ... സ്വന്തം നെഞ്ചിൽ കൈ പതിയെ ഇടിച്ചു കൊണ്ട് ജാസ്മിയെ നോക്കി സായി ചിരിച്ചു കൊണ്ട് പറഞ്ഞു........ തുടരും...

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story