ഇശൽ തേൻകണം: ഭാഗം 29

ishal then kanam

രചന: ജീഫ്‌ന നിസാർ

വാതിൽ അടച്ചു കൊണ്ട് തിരിച്ചു വരുന്ന ദേവികയുടെ ചുണ്ടിലെ വിടർന്ന ചിരിയിലേക്ക് നോക്കുമ്പോഴും സായിയുടെ മനസ്സ് രാമ കൃഷ്ണന്റെ വാക്കുകളിൽ കൊരുത്തിട്ടു.. പറയാൻ ആവാത്തൊരു അസ്വസ്ഥത പൊതിയും പോലെ.. അരുതാത്തതെന്തോ നടക്കാൻ പോകും പോലെ.. ടേബിളിൽ ഇരുന്ന ഗ്ലാസ്‌ ട്രെയിലേക്ക് എടുത്തു വെച്ചു കൊണ്ട് പിന്തിരിഞ്ഞു നടക്കാൻ തുടങ്ങിയ അമ്മയെ സായി വീണ്ടും നോക്കി.. അമ്മയൊന്ന് നിന്നേ " എഴുന്നേറ്റു കൊണ്ട് സായി പറയുമ്പോൾ ദേവിക തിരിഞ്ഞു നോക്കി. ആ പിൻവിളി പ്രതീക്ഷിക്കുന്നു എന്നൊരു ഭാവമായിരുന്നു മുഖം നിറയെ. "എന്താ മോനെ. " വീണ്ടും വാത്സല്യത്തിന്റെ അഭിനയങ്ങൾ. സായിക്ക് ശെരിക്കും ദേഷ്യം വന്നിരുന്നു.. എന്തോ കാര്യം സാധിക്കാൻ ഉണ്ടാവും.. പല്ല് കടിച്ചു കൊണ്ട് അവൻ മുരണ്ടു.. "രാമകൃഷ്ണൻ അങ്കിൾ പറഞ്ഞിട്ട് പോയതിന്റെ അർഥം എന്താ " സായി ചോദിക്കുമ്പോൾ വീണ്ടും ദേവിക ചിരിച്ചു. "നീ ശെരിക്കും കേട്ടില്ലേ സായി " ദേവിക തിരിച്ചു ചോദിച്ചു. "ഞാനും കേട്ട്..പക്ഷേ എനിക്ക് മനസ്സിലായില്ല..

അമ്മ അയാളുടെ ഫ്രണ്ട് അല്ലേ.. പറ.. എന്തിന് ഞാൻ അയാളുടെ മകളെ കാണാൻ പോണം... എന്തിനുള്ള ഡീൽ ആണ് നിങ്ങൾ ഇവിടെ ഉറപ്പിച്ചു വെച്ചിട്ടുള്ളത് " പരുഷമായി തന്നെ സായി ചോദിക്കുമ്പോൾ ദേവിക കയ്യിലുള്ള ട്രെ ടേബിളിൽ തന്നെ തിരികെ വെച്ചിട്ട് സായിയുടെ അരികിൽ വന്നു.. അവന്റെ വലിഞ്ഞു മുറുകിയ മുഖം അൽപ്പം പോലും അയഞ്ഞിട്ടില്ല. "അതിന് നീ എന്തിനാ സായി പ്രഷർ കൂടുന്നെ.. ഇങ്ങോട്ട് ഇരിക്ക്.. ഞാൻ പറയാം " ദേവിക ചിരിച്ചു കൊണ്ട് പറയുമ്പോൾ വീണ്ടും സായിയുടെ നെറ്റി ചുളിഞ്ഞു. ഈ ചിരിയിൽ ഒരു അപകടം പതിയിരിക്കും പോലെ. കാശ് കൊടുത്താൽ പോലും ചുണ്ടിൽ ചിരി കാണാത്ത ആളാണ്‌.. പ്രതേകിച്ചും വീട്ടിൽ ആണേൽ ഏത് നേരവും ഗൗരവത്തോടെ നടക്കുന്നത് കാണാം.. അല്ല... അങ്ങനെയേ കണ്ടിട്ടുള്ളു.. ഉള്ളിൽ പുകഞ്ഞു കൊണ്ട് തന്നെ സായി സോഫയിൽ ഇരുന്നു.. ദേവിക കസേരയിൽ ഇരുന്നു.. "നിനക്ക് വയസ്സ് ഇരുപത്തി ആറ് കഴിഞ്ഞു..." മുഖവുര പോലെ ദേവിക പറയുമ്പോൾ ഉള്ളിലെ സംശയങ്ങൾ സത്യമാവുകയാണോ എന്നുള്ള ഓർമയിൽ സായിക്കുള്ളിൽ ഒരു വിറയൽ പാഞ്ഞു കയറി..

"രാമ കൃഷ്ണൻ സർ... നിനക്കറിയാലോ ആളിന്റെ പവർ... ഒട്ടനവധി ബിസിനസ് സ്ഥാപനം... പിന്നെ വേറെയും പല പ്രൊജക്റ്റ്‌സ്... മൊത്തത്തിൽ ഇട്ട് മൂടാൻ ഉള്ളത്ര കാശ് " ആവേശത്തിൽ ദേവിക പറയുമ്പോൾ.. സായി അവരെ തുറിച്ചു നോക്കി.. ഒരായുസ്സ് മുഴുവനും ലാവിഷായി കഴിഞ്ഞു കൂടാനുള്ളത് സ്വന്തം ജീവിതം പോലും നഷ്ടപെടുത്തി സമ്പാദിച്ചു വെച്ചിട്ടുണ്ട്.. എന്നിട്ടും തീരാത്ത ആർത്തിയിലേക്ക് അവൻ വെറുപ്പോടെ നോക്കി.. "അദ്ദേഹത്തിന്റെ ഒറ്റ മോളാണ് ഷേഹ.. മെഡിക്കൽ സ്റ്റുഡന്റ്റ് ആണ് ആ കുട്ടി.." ദേവിക പറയുബോൾ സായി അവരെ തുറിച്ചു നോക്കി.. ഉള്ളിലെ പിടച്ചിൽ പുറത്ത് കാണും വിധം കണ്ണുകൾ കൂടി പിടയുന്നു. "അദ്ദേഹം തന്നെ ഇങ്ങോട്ട് കൊണ്ട് വന്ന പ്രപ്പോസൽ ആണ്.. കേട്ടപ്പോൾ എനിക്കും തോന്നി നിന്റെ ഭാഗ്യം ആണെന്ന്.. അദ്ദേഹത്തെ പോലെ ഒരാളോട്...." നടക്കില്ല അമ്മേ " ദേവിക പറഞ്ഞു മുഴുവനാക്കും മുന്നേ സായി ചാടി എഴുന്നേറ്റു കൊണ്ട് പറഞ്ഞു.. അവന്റെ മുഖം ചുവന്നു പോയിരുന്നു.. "മോനെ.. അമ്മ പറയട്ടെ.. ഒറ്റയടിക്ക് നീ ഒരു തീരുമാനം പറയരുത്...

എത്രയോ ആളുകൾ കൊതിക്കുന്ന ബന്ധം ആണ് " ദേവികയും എഴുന്നേറ്റു കൊണ്ട് പറയുമ്പോൾ സായിക്ക് അവിടെ നിന്നും ഓടി പോകാൻ തോന്നി.. കേട്ട് നിൽക്കാൻ കൂടി വയ്യ.. എന്റെ പാവം പെണ്ണ്... മരണം കൊണ്ടല്ലാതെ അവളെ മറക്കാൻ ആവില്ല.. അവന്റെ ഉള്ളിൽ ജാസ്മിയുടെ നിറഞ്ഞ കണ്ണുകൾ വീണ്ടും തെളിഞ്ഞു.. "പ്ലീസ് അമ്മാ... ഒന്ന് നിർത്തു.. ഇനി എന്തൊക്കെ പറഞ്ഞാലും ഒരു കാര്യം ഞാൻ ഉറപ്പിച്ചു പറയാം... ഈ ബന്ധം ഒരിക്കലും... ഒരിക്കലും നടക്കില്ല " വല്ലാത്തൊരു ഉറപ്പോടെ സായി പറയുമ്പോൾ ദേവികയുടെ മുഖത്തെ പ്രസന്നത മാഞ്ഞു തുടങ്ങി.. "എന്ത് കൊണ്ട് നടക്കില്ല സായന്ത്‌ " ആ സ്വരം വീണ്ടും പഴയ പോലെ പരുഷമായി.. "എന്റെ മാരേജ് ഫിക്സ് ചെയ്യേണ്ടത്.... പെണ്ണിനെ കണ്ടെത്തേണ്ടത്.. അതെല്ലാം ഞാൻ തന്നെ ആയിരിക്കും " അപ്പോൾ അങ്ങനെ പറയാൻ ആണ് അവൾക്ക് തോന്നിയത്.. ഇപ്പോൾ തന്നെ ജാസ്മിയെ ഇതിലേക്ക് വലിചിഴക്കാൻ തോന്നിയില്ല അവന്.. അമ്മയാണ് ആള്... സ്വന്തം ഭാഗം ജയിക്കാൻ എന്തും ചെയ്യും..

സായി പറയുമ്പോൾ വീണ്ടും ദേവിക ദേഷ്യം കൊണ്ട് ചുവന്നു തുടങ്ങി.. "ഓഹോ.. അപ്പൊ അമ്മയ്ക്ക് എന്റെ ജീവിതത്തിൽ സ്ഥാനം ഇല്ലാന്ന്.. അല്ലേടാ.. അതല്ലേ ഇപ്പൊ നീ പറഞ്ഞതിന്റെ അർഥം... ഞാൻ പിന്നെ എന്തിനാടാ നിന്നെയൊക്കെ ഇത്രേം വളർത്തി വലുതാക്കി വിട്ടത്.. ഒരിഷ്ടം പോലും നടത്തി തരാതെ വിട്ടിട്ടുണ്ടോ നിന്റെ ഒക്കെ... ഏഹ് " ദേവിക വിറഞ്ഞു തുള്ളി.. സായി നെറ്റിയിൽ കൈ ചേർത്ത് പിടിച്ചു.. എപ്പോ തന്റെ പ്രണയം വീട്ടിൽ അവതരിപ്പിച്ചാലും ഒരു പൊട്ടിത്തെറി പ്രതീക്ഷിച്ചിരുന്നു.. ഇത് പക്ഷേ... പെട്ടന്ന് ആയത് കൊണ്ട് പ്രിപയർ ആവാൻ ടൈം കിട്ടിയില്ല.. "നല്ലൊരു പെൺകൊച്ചിനെ കണ്ടെത്തി കൊടുത്തപ്പോൾ അവന് വേണ്ട പോലും... അഹങ്കാരം... അല്ലാതെന്താ... " ദേവിക കത്തി കയറുവാണ്... "ഒരായുസ്സ് മുഴുവനും ഒന്നിച്ചു ജീവിക്കേണ്ടവരെ തിരഞ്ഞെടുക്കാൻ എനിക്ക് കഴിയും എന്ന് ഞാൻ പറഞ്ഞതിൽ എവിടെയാണ് തെറ്റ്... അതെങ്ങനെ എന്റെ അഹങ്കാരമാവും..അമ്മ പറയുന്ന ആളെ ഞാൻ കെട്ടിക്കോള്ളാം എന്ന് വാക്കൊന്നും തന്നിട്ടില്ല ..."

കടുപ്പത്തിൽ തന്നെ സായി മറുപടി കൊടുത്തു... "അത് പോലെ തന്നെ എന്റെ മനസ്സിൽ ഒരു കൂട്ട് വേണം എന്ന് തോന്നുമ്പോൾ ആണ് ഞാൻ കല്യാണത്തിന് ആലോചിച്ചു തുടങ്ങണ്ടത്... അല്ലാതെ അമ്മയ്ക്ക് ഇഷ്ടമുള്ള ആള്... അമ്മയുടെ പാട്ണർ...നിങ്ങളുടെ ബിസിനസ് എന്നൊക്കെ പറഞ്ഞിട്ട് എന്റെ ജീവിതം ഞാൻ വെറുതെ കളയാൻ തത്കാലം ഉദ്ദേശിചിട്ടില്ല.. അതിന് വേണ്ടി അമ്മ ഇനി എന്തൊക്കെ നാറിയ കളികൾ കളിച്ചാലും... ഈ കാര്യത്തിൽ ഒരു മാറ്റവുമില്ല " സായി വെട്ടിത്തുറന്നു പറയുമ്പോൾ ദേവികയുടെ മുഖം വിളറി പോയിരുന്നു... "നിനക്കൊരു പെണ്ണ് അന്വേഷിച്ചു എന്നതാണോ ടാ ഞാൻ ചെയ്ത തെറ്റ് " ചോദിക്കുമ്പോൾ ദേവിക ദേഷ്യം കൊണ്ട് വിറച്ചു... തുടക്കത്തിൽ സമ്മതിച്ചു തരില്ലേലും ഇവനിത്രയും എതിർക്കുമെന്ന് കരുതിയതേ ഇല്ല.. സിതാരയുടെ കാര്യത്തിൽ വൈകിയത് പോലെ ഇനിയും നിൽക്കുന്നത് വീണ്ടും തന്റെ സ്വപ്നങ്ങൾ തകർന്നടിയും എന്നുറപ്പ് ഉള്ളത് കൊണ്ട് തന്നെയാണ് ഉടനെ തന്നെ രാമകൃഷ്ണനോട്‌ വരാൻ പറഞ്ഞത്... "പെട്ടന്ന് ഉള്ള ഈ സ്നേഹം കണ്ടപ്പോൾ എനിക്ക് ആദ്യം തന്നെ സംശയങ്ങൾ ഉണ്ടായിരുന്നു.. ഇപ്പോൾ അത് ഒന്നൂടെ ഉറപ്പാകും പോലെ ആണ് അമ്മയുടെ ഈ ഭാവം " സായി പറയുമ്പോൾ ദേവിക മുഖം തുടച്ചു..

പതർച്ച ഒഴിവാക്കാൻ എന്നത് പോലെ.. "എനിക്കൊരു പെണ്ണ് എന്നതല്ല ശെരിക്കും അമ്മയുടെ മനസ്സിൽ... മറ്റെന്തോ പ്ലാൻ ഉണ്ട് " ദേവികയുടെ കണ്ണിലേക്കു നോക്കി സായി പറയുമ്പോൾ അവർ വേഗം നോട്ടം തെറ്റിച്ചു.. "അമ്മയെ ശെരിക്കും അറിയാവുന്ന മോനല്ലേ ഞാൻ... എനിക്ക് മനസ്സിലാവും.. പക്ഷേ വീണ്ടും ഞാൻ പറയുന്നു ഒന്നും നടക്കാൻ പോവുന്നില്ല.. അതിന് വേണ്ടി വെറുതെ മനക്കോട്ട കെട്ടുകയും വേണ്ട " സായി പറഞ്ഞിട്ട് തിരിഞ്ഞു നടന്നു.. ദേവിക അവൻ പോയ വഴിയേ നോക്കി.. ചുണ്ടിൽ പഴയ ചിരി വലിഞ്ഞു കയറി വന്നിരുന്നു.. ആഗ്രഹിക്കുന്നു എങ്കിൽ അത് ഞാൻ നടത്തുമെന്നൊരു ധ്വനി കൂടി ഉണ്ടായിരുന്നു അതിൽ.. ❤❤❤❤❤❤❤❤❤❤❤❤❤❤❤ ഇരുന്നിട്ടും നടന്നിട്ടും മാറാത്തൊരു പരവേശം.. സായി ദേഷ്യവും സങ്കടവും വരുന്നുണ്ട്.. അമ്മയോട് അങ്ങനെയൊക്കെ പറഞ്ഞെങ്കിലും...

മരണത്തിൽ പോലും അവളെ വിട്ട് കളയാൻ കൊതിക്കുന്നില്ല എങ്കിലും ഉള്ളിലേക്ക് പേടി അരിച്ചു കയറുന്നു.. ഇത്രയും ആഴത്തിൽ നീ എന്നിലേക്ക് ആ പെണ്ണിനെ നിറച്ചു വെച്ചത് പാതിയിൽ ഉപേക്ഷിച്ചു കളയാൻ മാത്രം നിസ്സഹായത എന്നിൽ നിറയ്ക്കാൻ ആയിരുന്നോ ദൈവമേ.. ഉള്ളിലെ പിടച്ചിൽ ശക്തമായ ഒരു നിമിഷം അവൻ ഫോൺ എടുത്തിട്ട് അവളെ വിളിച്ചു.. ഒറ്റ ബെല്ലിന് തന്നെ ഫോൺ എടുക്കുമ്പോൾ വാക്കുകൾ നഷ്ടം വന്നു ഒരു നിമിഷം അവനും മൗനം സ്വീകരിച്ചു.. എന്ത് പറ്റി സായി യേട്ടാ... " ഇപ്രാവശ്യം അവളാണ് മൗനം മുറിച്ചത്.. ഒന്നൂല്ലെടി "പറയുമ്പോൾ ശബ്ദം പരമാവധി മയപെടുത്താൻ അവനും ശ്രദ്ധിച്ചു.. പറയാതെ തന്നെ തന്റെ ഉള്ളിലെ ആധി അറിയുന്നവൾ.. ശബ്ദം ചെറുതായി ഇടറിയാൽ പോലും അവൾക്ക് മനസ്സിലാവും.. "ഉമ്മ ഉറക്കമാണോ ജാസ്മി " സായി ചോദിക്കുമ്പോൾ അവളൊന്നു മൂളി.. പിന്നെയും ഒന്നും ചോദിക്കാൻ കിട്ടുന്നില്ല.. അവളും മിണ്ടുന്നില്ല... വല്ലാത്തൊരു മൂകത.. ഉള്ളിലൂടെ തെന്നി നീങ്ങുന്ന ടെൻഷൻ അവളെ കൂടി അറിയിക്കാൻ തോന്നിയില്ല എന്നിട്ടും അവന്.. എന്ത് വന്നാലും നിന്നെ ഞാൻ കൈവിടില്ലെന്ന് അപ്പോൾ ഒക്കെയും അവൻ സ്വയം പറഞ്ഞു... വെക്കുവാ ട്ടോ " ഒടുവിൽ സായി പറയുമ്പോൾ ജാസ്മി മിണ്ടുന്നില്ല.. ജാസ്മി...

അവൻ വീണ്ടും വിളിച്ചു നോക്കി.. അതിന് മൂളുന്നുണ്ട്... "എന്തെങ്കിലും പ്രശ്നം ഉണ്ടോ സായിയേട്ടാ നിങ്ങൾക്ക്.. എന്നും വിളിക്കും പോലെ അല്ലല്ലോ...സുഖമില്ലേ " ജാസ്മി പതിയെ ചോദിക്കുമ്പോൾ സായിക്ക് വീണ്ടും വീണ്ടും അവളെ കാണാൻ തോന്നിയിരുന്നു.. "ഒന്നൂല്ല ടി...പിന്നെ വിളിക്കാം ട്ടോ.. പെട്ടന്ന് ശബ്ദം കേൾക്കാൻ തോന്നിയപ്പോൾ വിളിച്ചതാ.. സായി വീണ്ടും പറഞ്ഞു.. ഐ ലവ് യൂ.... പതിയെ അവൻ പറയുമ്പോൾ മറുവശം... ശ്വാസം പോലും അടക്കി പിടിച്ചിട്ട് അവളും നിന്നിരുന്നു.. ❤❤❤❤❤❤❤❤❤❤❤❤❤❤❤ രണ്ടു മൂന്നു ദിവസം ദേവിക പിന്നെ അതിനെ കുറിച്ച് ഒന്നും പറയാതെ ആയപ്പോൾ അവരത് വിട്ട് കാണും എന്നവനും തോന്നി.. നഷ്ടപെട്ടിരുന്ന മനസമാധാനം തിരിച്ചു കിട്ടിയത് പോലെ.. മറക്കാൻ പോയിട്ട്... മറന്നെന്നു അഭിനയിക്കാൻ കൂടി കഴിയില്ല തനിക്കവളെ എന്ന് തിരിച്ചറിയാൻ കഴിഞ്ഞു.. ഓരോ വിളിയിലും വീണ്ടും വീണ്ടും ഉള്ളിലേക്ക് അവളെ ഒതുക്കി പിടിച്ചു.. വിട്ട് കളയില്ലെന്ന് വാശി കാണിക്കുന്ന പോലെ... തിരക്കുകൾ ഒന്നും തമ്മിൽ അകലാനുള്ള കാരണമായില്ല..

സിത്തുവും പ്രണവും സന്തോഷത്തിന്റെ ആഴിയിലേക്ക് ഒഴുകി ഇറങ്ങുന്നത് കാണുമ്പോൾ ഒക്കെയും.... അവരെത്ര മാത്രം സ്നേഹിക്കുന്നുണ്ട് പരസ്പരം എന്നറിയാൻ കഴിഞ്ഞു... സുധി വിളിക്കുമ്പോ നിരന്തരം അവനെ ശല്യപെടുത്തി..അല്ലാതെ തന്നെ അവനെല്ലാം ചെയ്യുമെന്ന് അറിയാരുന്നിട്ട് കൂടി.... ജാസ്മിക്ക് വേണ്ടത് ഒരുക്കാൻ അകലെ ഇരുന്നിട്ട് പറയുമ്പോഴും... മനസ്സ് കൊണ്ട് ആ അരികിൽ തന്നെ ആയിരുന്നു.. കണ്ണൊന്നടച്ചിട്ട് കാത്തോർക്കുമ്പോൾ അരികിൽ അവളുടെ പതിഞ്ഞ ചിരി കേൾക്കാം.. എത്ര ചുട്ട് പൊള്ളുന്ന ചൂടിയും പൊഴിയുന്ന മഴ തുള്ളികൾ പോലെ.. പ്രണയം കൊണ്ട് ഉള്ള് നിറയ്ക്കുന്ന എന്റെ പെണ്ണ്.. അവളിൽ ചേരാൻ ഉള്ളിലെ ആഗ്രഹം ശക്തമാവുന്നുണ്ട്... 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰 വൈകുന്നേരം ചായ ഊതി കുടിച്ചു കൊണ്ട് ബാൽകണിയിലെ ചാരു പടിയിൽ ഇരിക്കുമ്പോൾ സിത്തു വന്നിട്ട് അരികിൽ ഇരുന്നു.. അവളുടെ മുഖത്തെ സ്നേഹതണുപ്പിലേക്ക് നോക്കുമ്പോൾ അതേ കുളിർമ അവനിലും തോന്നി..

"എന്താണ്.. പതിവില്ലാതെ.. ഇപ്പോൾ ഇരുപത്തി നാല് മണിക്കൂർ പോരല്ലോ എന്റെ അനിയത്തിക്ക്.. പ്രേമിച്ചു നടക്കാൻ " കള്ള ചിരിയോടെ സായി കളിയാക്കി പറഞ്ഞപ്പോൾ പെണ്ണിന്റെ മുഖം കൂർത്തു.. സായി അത് നോക്കി ഇരുന്നു.. രണ്ടൂസം ലീവ് കിട്ടിയപ്പോൾ വന്നതാണ് സിത്തു. കഴിഞ്ഞ ആഴ്ച പ്രണവ് തന്നെയാണ് കൊണ്ട് വിട്ടത്.. ഇപ്പോൾ കൊണ്ട് വന്നതും... "നിശ്ചയം കഴിഞ്ഞപ്പോൾ തന്നെ ഏട്ടനെ ഓർമയില്ല.. കല്യാണം കൂടി കഴിയുമ്പോൾ നീ എന്നെ പൂർണമായും മറന്നു പോകുമോ ഡി " കൂർത്ത മുഖത്തെ മൂക്കിൻ തുമ്പിൽ പിടിച്ചുലച്ചു കൊണ്ട് സായി പറയുമ്പോൾ അവൾ ഒരു നിമിഷം അവന്റെ നേരെ നോക്കി.. കണ്ണുകളിൽ പിടച്ചിൽ.. "അങ്ങനെ ചെയ്യാൻ എനിക്കാവുമെന്ന് ഏട്ടന് തോന്നുന്നുണ്ടോ " പതിയെ അവൾ ചോദിക്കുമ്പോൾ.. സായി ചിരിച്ചു കൊണ്ടവളുടെ തോളിൽ ചേർത്ത് പിടിച്ചു... "വെറുതെ പറഞ്ഞതാ സിത്തു.. അവന്റെയാ കരുതൽ കാണുമ്പോൾ... സ്നേഹം കാണുമ്പോൾ എല്ലാം എനിക്ക് എന്ത് സന്തോഷമാണെന്ന് അറിയുവോ... നമ്മുക്ക് സെലക്ഷൻ തെറ്റിയിട്ടില്ല.. എന്നും നിന്റെ മുഖം ഈ സന്തോഷം നിറഞ്ഞതാവണം എന്നതല്ലേ എന്റെയും മോഹം " സായി പറയുമ്പോൾ സിത്തു അവന്റെ നേരെ നോക്കി ചിരിച്ചു..

വീണ്ടും ഓരോന്നു പറഞ്ഞു ഇരുന്നപ്പോഴും ജാസ്മിയുടെ കാര്യം സിത്തുവിനോട് പറയണോ വേണ്ടയോ എന്നത് അവന്റെ മനസ്സിൽ ഒരു ചരട് വലി നടക്കുന്നുണ്ട്.. മനസ്സിലെ വെലിയേറ്റം ഒന്നും അറിയാതെ വീണ്ടും എന്തെക്കെയോ പറഞ്ഞിട്ട് ഉറക്കെ ചിരിക്കുന്നവളുടെ മുഖത്തേക്ക് നോക്കി... സായി ഇരുന്നു.. സിത്തൂ..... പതിയെ അവൻ വിളിക്കുമ്പോൾ അവൾ ചിരിയോടെ അവന്റെ നേരെ നോക്കി പുരികം പൊക്കി കാണിച്ചു.. ഒടുവിൽ എല്ലാം അവളോട്‌ പറയാം എന്നൊരു തീരുമാനംമനസ്സിൽ എടുത്തപ്പോൾ വിളിച്ചു പോയതാണ്.. എനിക്ക്.. നിന്നോടൊരു കാര്യം പറയാനുണ്ട് " സായി പറയുമ്പോൾ സിത്തുവിന്റെ കണ്ണിൽ അത്ഭുതം നിറഞ്ഞു.. "പറ ഏട്ടാ... അതിന് എന്തിനാണ് ഈ ആമുഖം.. അതും ഏട്ടൻ എന്നോട്.." സിത്തു തിരിച്ചു ചോദിച്ചപ്പോൾ സായി ഒരു നിമിഷം ഒന്നും മിണ്ടാതെ ഇരുന്നു.. കയ്യിലുള്ള ചായ കപ്പ് അവിടെ വെച്ചിട്ട് അവൻ എഴുന്നേറ്റു.. ഉള്ളിലുള്ളത് മുഴുവനും അവളോട്‌ പറയുമ്പോൾ... ആ പറയുന്ന ഓരോ അക്ഷരങ്ങളിൽ പോലും അവന് അവളോടുള്ള സ്നേഹം സിത്തു കണ്ടെടുത്തു..

അവനവൾ എത്ര പ്രിയപ്പെട്ടതാണ് എന്നും അവൾക്ക് മനസ്സിലായി.. എല്ലാം പറഞ്ഞിട്ട് അരികിൽ വന്നിരിക്കുന്ന ഏട്ടനെ സിത്തു അലിവോടെ നോക്കി.. അവളും നീങ്ങി അവന്റെ തോളിൽ ചാരി ഇരുന്നു.. "ആ കുട്ടി അത്രയും ഭാഗ്യം ചെയ്തവളാണ്.. അല്ലേൽ എന്റെ ഏട്ടന്റെ സ്നേഹം അനുഭവിക്കാൻ കഴിയില്ല." സായിയുടെ കയ്യിൽ ചുറ്റി പിടിച്ചിട്ട് മുഖം ഉയർത്തി സിത്തു പറയുമ്പോൾ അവനൊന്നു ചിരിച്ചു.. "പക്ഷേ... നമ്മൾ വിചാരിക്കുന്ന അത്രയും സിമ്പിൾ ആയിട്ട് കാര്യങ്ങൾ നടക്കില്ല സിത്തു..." ആകുലതയോടെ സായി പറയുമ്പോൾ സിത്തുവിന്റെ ചിരി മാഞ്ഞു പോയിരുന്നു.. പകരം അവിടെ പേടിയുടെ പുതുനമ്പുകൾ തളിരിട്ട് കണ്ടിരുന്നു. ഏട്ടാ... നേരെ ഇരുന്നു കൊണ്ട് സിത്തു വിളിക്കുമ്പോൾ ആ ഒച്ച പോലും വല്ലാത്തൊരു പേടി.. "പക്ഷേ എനിക്കവളില്ലാതെ ഇനി ഒരു ജീവിതം ഇല്ല... അത് ഞാൻ എന്റെ പെണ്ണിന് കൊടുത്ത വാക്കാണ്.. മരണം കൊണ്ടല്ലാതെ അത് മാറാനും പോകുന്നില്ല " ഉറപ്പോടെ സായി പറയുമ്പോൾ സിത്തു അവന്റെ മുറുകിയ മുഖത്തേക്ക് പാളി നോക്കി..

"ഇത്തിരി കാലം കൊണ്ട് എന്റെ മനസ്സിൽ വലിയൊരു സ്നേഹത്തിന്റെ ലോകം നിറച്ച പെണ്ണിനെ... എന്തിന്റെ പേരിലും ഞാൻ ഉപേക്ഷിച്ചു മടങ്ങില്ല " വീണ്ടും സായി പറഞ്ഞു. "ജാതിയോ മതമോ ഒന്നും ആയിരിക്കില്ല ഏട്ടാ... ഏറ്റവും വലിയൊരു പ്രശ്നം.. അത് നമ്മുടെ അമ്മയാണ്... അമ്മയുടെ സ്വഭാവം അറിയില്ലേ " സിത്തു പതിയെ പറയുമ്പോൾ സായി അവളെ നോക്കി.. "അതും എനിക്കറിയാം.. പക്ഷേ എന്റെ ജീവിതം തീരുമാനം എടുക്കുന്നത് ഞാൻ ആണെന്ന് ചെറിയൊരു സൂചന അമ്മയ്ക്ക് ഞാൻ കൊടുത്തിട്ടുണ്ട്... അല്ലാത്ത ഒന്നിലും അഭിപ്രായം പറയാൻ അമ്മയ്ക്ക് സമയം ഇല്ലായിരുന്നു.. അച്ഛനും.പിന്നെ ഇത് മാത്രമായി എതിർക്കാനും തീരുമാനം പറയാനും എനിക്കവരുടെ ആവിശ്യംമില്ല " അവന്റെ സ്വരത്തിന് തീ പിടിച്ചു തുടങ്ങി... "ഏട്ടന്റെ തീരുമാനം എന്ത് തന്നെ ആയാലും അതിനൊപ്പം ഈ ഞാനും ഉണ്ടാവും " വീണ്ടും അവന്റെ കയ്യിൽ ചുറ്റി പിടിച്ചു കൊണ്ട് സിത്തു പറഞ്ഞു.. സായി ഒന്നു ചിരിച്ചിട്ട് അവളെ ചേർത്ത് പിടിച്ചു..

"പ്രണവിനെ ഇത്രയും എളുപ്പം അമ്മ അസെപ്റ്റ് ചെയ്തത് അഖില ആന്റി ഇടയിൽ ഉള്ളത് കൊണ്ടാണ്... അത് പോലെ ആവില്ല ഇത്... നല്ലത് പോലെ എതിർക്കും.. കാരണങ്ങൾ നിരവധിയുണ്ട്.. " സായി വീണ്ടും പറഞ്ഞു.. സിത്തു ഒന്നും മിണ്ടിയില്ല... അവളുടെ മനസ്സിൽ ദേവികയുടെ ചുവന്ന മുഖം മിന്നി മാഞ്ഞു.. കണ്ണിലെ ദേഷ്യം ആ ഇരിപ്പിലും അവളെ പേടിപ്പിച്ചു.. സിത്തു ഒന്നുകൂടി സായിയുടെ കയ്യിൽ പിടി മുറുക്കി... ❤❤❤❤❤❤❤❤❤❤❤❤❤❤❤ തമ്മിലുള്ള ഓരോ കാഴ്ചകൾ കൊണ്ടും സിത്തുവും പ്രണവും പ്രണയത്തിന്റെ ലോകം ഒന്നൂടെ തൊട്ടറിഞ്ഞപ്പോൾ.. ഒന്ന് കാണുകപോലും ചെയ്യാതെ എങ്ങനെ ഇത്രയൊക്കെ സ്നേഹിക്കാൻ ആവും എന്ന ചോദ്യത്തിന്റെ മികച്ച ഉത്തരമായിരുന്നു സായിയും ജാസ്മിയും.. മൗനം കൊണ്ട് പോലും മനോഹരമായി പ്രണയം പങ്കു വെക്കാൻ അറിയുന്നവർ. അകലങ്ങൾ ഒരിക്കലും സ്നേഹത്തെ ഇല്ലാതെയാകില്ലെന്നു അവരുടെ വിളികളിലൂടെ തെളിയിച്ചു.. അടുത്തൊന്നു കാണാതെ തന്നെ ഹൃദയം പിടയുന്നത് അറിയാൻ കഴിയുന്നത് എങ്ങനെ എന്ന് ചോദിച്ചാൽ.... അത്രത്തോളം തമ്മിൽ ആഴ്ന്നിറങ്ങി പോയിട്ടുണ്ട് എന്നത് തന്നെ ആവും മറുപടി... വിധിയെ പോലും വെല്ലുവിളിച്ചു കൊണ്ട് ഒരുമിച്ച് ഒരു സ്വർഗം സ്വപ്നം കാണുമ്പോൾ... കാത്തിരിക്കുന്ന നരകത്തിനെ അവർ കണ്ടതെ..ഇല്ലായിരുന്നു........ തുടരും...

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story