ഇശൽ തേൻകണം: ഭാഗം 31

ishal then kanam

രചന: ജീഫ്‌ന നിസാർ

നിങ്ങലൊരു അമ്മയാണോ " ചോദിക്കുമ്പോൾ സായിയുടെ വാക്കും ശരീരവും വിറച്ചു.. ദേവികയുടെ മുഖത്തു പ്രതേകിച്ചു ഭാവമാറ്റം ഒന്നും തന്നെ ഇല്ല... അപ്പോഴും.. ജയനും ദേഷ്യത്തോടെ അവളെ നോക്കുന്നുണ്ട്.. "വല്ല്യ ഡയലോഗ് ഒന്നും പറയാൻ നിൽക്കണ്ട... ഞാൻ പറഞ്ഞത് നിനക്ക് സമ്മദമാണോ.. എങ്കിൽ നിന്റെ ആഗ്രഹവും നടക്കും.. അത്ര തന്നെ " സായി തളർന്ന് തൂങ്ങിയ പോലെ ആയിരുന്നു.. "എന്റെ ജീവിതം...എന്നെ വിശ്വസിച്ചു ജീവിക്കുന്ന എന്റെ പെണ്ണ്.. എങ്ങനെ ഞാൻ..." അവന് വാക്കുകൾ പോലും പറയാൻ കിട്ടുന്നില്ല വികാരക്ഷോഭം കൊണ്ട്.. "നിന്റെ അമ്മയാണ് ഞാൻ... നിനക്ക് നന്മ വരുന്നത് മാത്രമേ ചിന്തിക്കുക കൂടി ഒള്ളൂ.. രാമകൃഷ്ണൻ സാറിന്റെ മകളെ.... ഷെഹയെ നീ വിവാഹം ചെയ്യാം എന്ന് സമ്മതിച്ചു തന്നാൽ... ഞാനും എന്റെ വാശി പിൻവലിക്കും.. ഞാനും നിന്റെ അച്ഛനും പിന്നെ ഒരുമിച്ച് താമസിക്കും... സ്നേഹത്തോടെ തന്നെ... സിതാര അവളുടെ ആഗ്രഹം പോലെ ജീവിക്കും... എല്ലാത്തിനും.... എല്ലാത്തിനും പക്ഷേ നിന്റെ ഒരു ഉറപ്പ് വേണം " സായി അമ്മയെ ദയനീയമായി നോക്കി..

നിറഞ്ഞ കണ്ണോടെ രണ്ടു വശത്തും... സിത്തുവും ജാസ്മിയും...നിരന്നു. രണ്ടു പേരുടെയും കണ്ണുനീർ ഒരുപോലെ പൊള്ളിക്കും.. ദൈവമേ... നിന്റെ ക്രൂരത കുറച്ചു കൂടി പോയി ഇപ്രാവശ്യം.. എനിക്കിത് സഹിക്കാൻ ആവുന്നില്ല.. സായി സോഫയിൽ ഇരുന്നു.. കണ്ണുകൾ വലിച്ചടച്ചു.. അവന്റെ പരവേശം കാണുമ്പോൾ ജയനും ശ്വാസം മുട്ടും പോലെ.. ദേവിക അപ്പോഴും നെഞ്ചിൽ കൈ കെട്ടി സൂഷ്മമായി നോക്കി നിൽക്കുന്നുണ്ട്.. "എനിക്ക് പറ്റില്ല അമ്മാ.. ഞാൻ വാക്ക് കൊടുത്തത് മുറുകെ പിടിച്ചു ജീവിക്കുന്ന ഒരു പെണ്ണുണ്ട് " പതിയെ വളരെ പതിയെ അവൻ പറയുമ്പോൾ ദേവിക ഞെട്ടി പോയിരുന്നു.. പക്ഷേ നിമിഷനേരം കൊണ്ട് ആ മുഖം വീണ്ടും പഴയ പോലെ ആയി.. അവർക്കറിയാമായിരുന്നു സായിക്ക് സിത്തു എത്ര മാത്രം പ്രിയപ്പെട്ടവളാണ് എന്ന്.. അവൻ അവൾക്ക് വേണ്ടി എന്തും ചെയ്യുമെന്ന്.. സായി വീണ്ടും പ്രതീക്ഷയോടെ ദേവികയെ നോക്കി. "ശെരി... നിന്റെ ഇഷ്ടം നീ മുറുകെ പിടിക്ക്... സിതാരയുടെ കാര്യം ഇവിടെ പിന്നെ പൊന്നു മോൻ പറയരുത്.." ദേവിക കടുപ്പത്തിൽ പറയുമ്പോൾ സായി നിസ്സഹായതയോടെ മുഖം കുനിച്ചു.

പ്ലീസ് അമ്മ... ഒന്ന് മനസ്സിലാക്ക് ഞങ്ങളെ.." വാക്കിൽ തുളുമ്പിയ സങ്കടം പോലും ദേവികയിൽ അലിവുണർത്തിയില്ല... "നിനക്ക് നിന്റെ ഇഷ്ടം വേണം... സിതാരക്ക് അവളുടെയും.. ഇതിന് വേണ്ടി ഞാൻ എന്തിന് ‌ എന്റെ സന്തോഷം വേണ്ടെന്ന് വെക്കണം..." ദേവിക കലിയോടെ ചോദിച്ചു.. സായിക്ക് ഒന്നും പറയാൻ കഴിഞ്ഞില്ല.. നിങ്ങൾ ഞങ്ങളുടെ അമ്മയല്ലേ.. അതൊരു കാരണം അല്ലേ എന്ന് ചോദിക്കണം എന്നുണ്ടായിരുന്നു അവന്. പക്ഷേ മിണ്ടിയില്ല.. സ്വന്തം മക്കളുടെ കണ്ണ് നിറയാതിരിക്കാൻ വേണ്ടി മരിച്ചത് പോലെ ജീവിക്കുന്ന എത്രയോ അമ്മമാർക്ക് മുന്നിലെ കീടമാണ് നിങ്ങളെന്നു പറയണം എന്നുണ്ടായിരുന്നു അവന്.. എന്നിട്ടും മിണ്ടിയില്ല അമ്മയാണെന്ന് സ്വയം ഓർക്കേണ്ടതല്ലേ.. അത് മറ്റൊരാൾ ഓർമിപ്പിക്കുമ്പോൾ ആ വാക്കിന്റെ തന്നെ പവിത്രതയല്ലേ നശിച്ചു പോകുന്നത്.. എന്ത് വേണം എന്നവനും അറിയില്ലായിരുന്നു.. അമ്മ പറഞ്ഞത് പോലെ ചെയ്യുമ്പോൾ... വയ്യ... അതോർക്കാൻ കൂടി വയ്യ.. ഇത്തിരി നാൾ കൊണ്ട് ഹൃദയമാകെ പടർന്നു കയറിയൊരു പെണ്ണിനെ....

അവളോട്‌ പറഞ്ഞ സ്നേഹവാക്കുകളെ... അവൾക്ക് കൊടുത്ത സ്നേഹവാക്തനങ്ങളെ.. അവയെല്ലാം ഇനിയെങ്ങനെ മറന്നു കളയുമെന്ന് അവനും അറിയില്ലായിരുന്നു.. പിന്നെ മറക്കേണ്ടത് അവളെയാണ്... സിത്തുവിനെ.. അവളുടെ സന്തോഷത്തെ.. ജീവനോടെ ഉണ്ടങ്കിൽ നിന്റെ ഇഷ്ടം ഞാൻ നേടി തരുമെന്ന് വാക്ക് കൊടുത്തു.. അവൾക്കൊരു ഉറപ്പും വാങ്ങി കൊടുത്തു.. ഇനി എന്ത് പറഞ്ഞിട്ടാണ് അവളോട്‌ അത് നീ മറക്കണം എന്ന് പറയേണ്ടത്... സായിക്ക് ആകെ ഒരു പെരുപ്പ് തോന്നി.. പ്രണയം വീട്ടിൽ അവതരിപ്പിക്കുമ്പോൾ ഒരു പൊട്ടിത്തെറി പ്രതീക്ഷിക്കുന്നുണ്ടായിരുന്നു. ഇത് പക്ഷേ ചെകുത്താനും കടലിനും നടുവിൽ പെട്ടത് പോലെ.. സ്വപ്നത്തിൽ പോലും കരുതിയില്ല ഇങ്ങനൊരു കുരുക്ക്.. ജയൻ അവന്റെ ഇരിപ്പ് കണ്ടപ്പോൾ ദേവികയെ ഒന്ന് കൂർപ്പിച്ചു നോക്കി കൊണ്ട് എഴുന്നേറ്റു പോയി.. "ഇന്നോ ഇന്നലെയോ കണ്ടൊരു പെണ്ണിന്റെ പിറകിൽ പോണോ... അനിയത്തിയുടെ സന്തോഷം വേണോ..... അച്ഛനും അമ്മയും ഒരുമിച്ചു കൊണ്ട്.. നീ തന്നെ തീരുമാനം എടുക്ക് "

ദേവിക പറയുമ്പോൾ സായി അവരെ നോക്കിയതേ ഇല്ല.. ഇനിയെന്ത് പറഞ്ഞാലും ആ മനസ്സൊ വാക്കോ മാറാനും പോകുന്നില്ല.. പിന്നെ എന്തിനു വെറുതെ.. എല്ലാം നഷ്ടപെട്ടത് പോലുള്ള ആ ഇരുപ്പിൽ നിന്നും അവൻ അനങ്ങിയില്ല.. ❤❤❤❤❤❤❤❤❤❤❤❤❤❤ ഫോണിലേക്ക് തുറിച്ചു നോക്കുമ്പോൾ ചങ്ക് കലങ്ങുന്നുണ്ട്.. അവളാണ് വിളിക്കുന്നത്.. തന്റെ പ്രാണൻ.. ഇന്നൊരു ദിവസം മുഴുവനും അവളെ മറക്കാനുള്ള വഴികൾ വെറുതെ ഒന്ന് ചികഞ്ഞു നോക്കി.. കഴിയില്ലെന്ന് അറിഞ്ഞു കൊണ്ട് തന്നെ.. എന്റെ ഉള്ളിൽ നീ ഭദ്രമാണെന്ന് അവൾക്ക് വാക്ക് കൊടുത്തത്.. സുധിയുടെ കൈ പിടിച്ചിട്ട് വീണ്ടും അത് തന്നെ പറഞ്ഞത് എല്ലാം അവനാ നിമിഷം ഓർമ വന്നിരുന്നു.. മരണം കൊണ്ട് പോലും മറക്കാൻ ആഗ്രഹിക്കുന്നില്ല.. പക്ഷേ അവിടെ അപ്പോൾ എന്ത് തീരുമാനം എടുക്കണം എന്ന് മാത്രം അവന് മനസ്സിലായില്ല.. ഉള്ളേരിയുന്നു... ആകെ തോന്നുന്ന പുകച്ചിൽ.. ഫോൺ തനിയെ നിലച്ചു തീർന്നു.. മറുവശം... തന്റെ ശബ്ദം ഒന്ന് കേൾക്കാൻ... താൻ പകർന്നു കൊടുക്കുന്ന ആശ്വാസം കൊണ്ട് ഉറങ്ങാൻ...

ഏറെ കൊതിയോടെ കാത്തിരിക്കുന്ന ആ പെണ്ണിനെ ഓർക്കുമ്പോൾ വീണ്ടും നിറഞ്ഞ കണ്ണുകൾ അവൻ വാശിയോട് കൂടി തുടച്ചു.. എന്ത് പറയും അവളോട്‌ എന്നറിയില്ല... എന്റെ അനിയത്തിയുടെ സന്തോഷത്തിനു വേണ്ടി ഞാൻ നിന്നെ ഉപേക്ഷിക്കുന്നു എന്ന് കേൾക്കുമ്പോൾ ആ നെഞ്ച് പൊടിഞ്ഞു പോകുമെന്ന് തന്നോളം മാറ്റാർക്ക് അറിയാം.. അത് കൊണ്ടാണ് ഫോൺ പോലും എടുക്കാതെ ഇരിക്കുന്നത്.. ശബ്ദം ഒന്ന് മാറിയാൽ പോലും അത് പറയാതെ കണ്ട് പിടിക്കാൻ കഴിയുന്നവളോട് നുണകൾ പറഞ്ഞിട്ട് പിടിച്ചു നിൽക്കാൻ ആവില്ലെന്നും അറിയാം.. പക്ഷേ ഇതും എത്ര സമയം.. ഈ ഒളിച്ചു കളി.. ഉടനെ ഒരു തീരുമാനം വേണമെന്ന് അഖിലാന്റി പറഞ്ഞിട്ടാണ് പോയത്... വീണ്ടും വീണ്ടും ഉള്ളിലൂടെ ഒരു വിറയൽ.. ഓർക്കുമ്പോൾ ഒക്കെയും.. ഒരു പോള കണ്ണടക്കാൻ ആയില്ല അന്നവന്... ❤❤❤❤❤❤❤❤❤❤❤❤❤❤ രാവിലെ എഴുന്നേറ്റ ഉടനെ തന്നെ ഫോൺ എടുത്തു നോക്കി... ഇല്ല വിളിച്ചിട്ടില്ല.. ജാസ്മിക്ക് കരച്ചിൽ വന്നിരുന്നു.. ഇങ്ങനെ വിളിച്ചിട്ട് മറുപടി ഇല്ലാതെ ഇരുന്നിട്ടെ ഇല്ല..

എത്ര തിരക്കാണ് എങ്കിലും അത് പറയും.. ആ തിരക്കൊഴിഞ്ഞ അടുത്ത നിമിഷം വിളിക്കും.. സോറി പറഞ്ഞു കൊണ്ട് പരിഭവം തീർക്കുന്നവൻ അന്നൊരു ദിവസം മുഴുവനും വിളിച്ചില്ലെന്നോർക്കേ.... കരച്ചിൽ തൊണ്ടയിൽ തടഞ്ഞു അവൾക്ക്.. എന്തായിരിക്കും കാരണം എന്നറിയാത്ത ഒരു പിടച്ചിൽ.. ഒരിക്കൽ കൂടി ഫോൺ എടുത്തിട്ട് അവന്റെ ഫോട്ടോ നോക്കി.. മുടി ഉച്ചിയിലേക്ക് വാരി പിടിച്ചു കെട്ടി അവൾ എഴുന്നേറ്റു.. കദ്ധീജുമ്മയുടെ ദേഹത്ത് മാറി കിടന്നിരുന്ന പുതപ്പ് അവൾ നേരയാക്കി കൊടുത്തു.. പുറത്തിറങ്ങി അടുക്കളയിൽ കയറി അന്നത്തെ ദിവസത്തിന് തുടക്കം കുറിക്കുമ്പോഴും ഹൃദയം മാത്രം എങ്ങും എത്താതെ മടി പിടിച്ചത്... ജീവിതത്തിൽ പുതിയ നാമ്പുകൾ തളരിട്ട് തുടങ്ങിയിരുന്നു.. സായിയുടെ സ്നേഹതണലിൽ.. ഓർമകളായും ഈണമായും നിഴൽ പോലെ കൂടെ ഉണ്ടെന്ന് ഓരോ നിമിഷവും തോന്നിയിരുന്നു.. സന്തോഷമായിരിക്കൂ എന്ന് ഓർമിപ്പിക്കുമ്പോൾ... സന്തോഷമായിരിക്കാനുള്ള കാരണം തന്നെ അവനായിരുന്നു..

കള്ളച്ചിരിയോടെ അടുത്തെവിടെയോ നിൽക്കുന്ന പോലെ.. ഹോസ്പിറ്റലിൽ പോകുന്നതിന്റെ കാര്യങ്ങൾ അറിയിക്കാൻ വിളിക്കാം എന്ന് പറഞ്ഞു പോയതാണ്.. തിരക്കിട്ട ജോലിക്ക് ഇടയിലും നിറഞ്ഞ കണ്ണുകൾ അവൾ തുടക്കുന്നുണ്ട്.. ഒന്നും വേണ്ട.. കടലോളം സ്നേഹം ഒളിപ്പിച്ചു പിടിച്ച ആ വിളിയൊന്നു കേട്ടാൽ മാത്രം മതിയല്ലോ... ഈ മനസ്സ് നിറയാൻ.. ”പ്രേമിക്കുമ്പോൾ... നീയും ഞാനും... നീറിൽ വീഴും പൂക്കൾ...” അകത്തെ ടേബിളിൽ നിന്നും ഫോണിന്റെ റിങ് ടൂൺ.. സായിയുടെ സ്വരം.. എപ്പഴോ പാടി അയച്ചു തന്നതാണ്.. അവനാവും വിളിക്കുന്നത്.. പരിഭവം മറന്നിട്ട് അവൾ അകത്തേക്ക് ഓടി... ❤❤❤❤❤❤❤❤❤❤❤❤❤❤ നിനക്ക് കഴിക്കാൻ ഒന്നും വേണ്ടേ സായന്ത്‌ " വാതിലിൽക്കൽ വന്നു നിന്നിട്ട് ദേവികയുടെ ചോദ്യം.. സായി കണ്ണ് തുറന്നില്ല.. ഒറ്റ ദിവസം കൊണ്ട് പാതി തേഞ്ഞു പോയത് പോലുള്ള രൂപം.. സായന്ത്‌.. നിന്നോടാണ് ചോദ്യം " ഇപ്രാവശ്യം ദേവികയുടെ ഒച്ച അൽപ്പം കൂടി വലുതായി.. സായി എഴുന്നേറ്റു ഇരുന്നു..

ടേബിളിൽ ഊരി വെച്ച കണ്ണട എടുത്തണിഞ്ഞു.. "നിന്റെ സംസാര ശേഷി പോയോ ടാ... വല്ല്യ ഡയലോഗ് ഒക്കെ പറയാൻ പഠിച്ചു വന്നതായിരുന്നു " ദേവിക കളിയാക്കി.. നെറ്റിയിൽ കൈ താങ്ങി സായി കുനിഞ്ഞിരുന്നു.. ഒരു വാക്ക് പോലും പറയാൻ കഴിയുന്നില്ല... "വേണേൽ വന്നു ഭക്ഷണം കഴിച്ചോ... ഇത്രേം വേദനിക്കാൻ മാത്രം എന്താ ഉള്ളത്... സ്വന്തം കുടുംബത്തിന് വേണ്ടിയല്ലേ എന്നങ്ങു കരുതി...." സായിയുടെ കത്തുന്ന നോട്ടത്തിൽ ദേവിക പാതി വിഴുങ്ങി.. "അതമ്മയ്ക്കും ആവാലോ.. സ്വന്തം കുടുംബം... മക്കള് ഇതൊക്കെ ഓർമയുള്ള ആളാണോ അതിന് " കണ്ണിലേക്കു നോക്കി ചോദിച്ചിട്ട് സായി എഴുന്നേറ്റു.. "എന്താണ് എന്റെ വേദന എന്നറിയണോ അമ്മയ്ക്ക്... വേണോ " അവന്റെ ഒച്ചയും ഉയർന്നു.. ദേവിക മിണ്ടുന്നില്ല.. പക്ഷേ മുഖത്തെ ഭാവത്തിന് മാത്രം മാറ്റമില്ല. "നിങ്ങളെ പോലെ ഒരാളുടെ വയറ്റിൽ ജനിച്ചല്ലോ എന്നതാ എന്റെ സങ്കടം...." പറയുമ്പോൾ അവന്റെ സ്വരം ഇടറി.. "സങ്കടം കൊണ്ട് ഞാൻ നീറുന്നുണ്ട്... ഓരോ നിമിഷവും.. അറിയോ നിങ്ങൾക്കത്.. എനിക്കറിയാം..

സിത്തുവിന്റെ സന്തോഷം ഓർത്തിട്ടല്ല... നിങ്ങളുടെ ലാഭം തന്നെ ആണ് ഈ തീരുമാനത്തിന് പിന്നിൽ എന്ന് " വിരൽ ചൂണ്ടി സായി പറയുമ്പോൾ ദേവികയുടെ മുഖം വിളറി... പെട്ടന്ന് നോട്ടം മാറ്റി.. "പ്ലീസ് അമ്മാ... ഒന്ന് മനസ്സിലാക്ക്.. എന്റെ ഉയിരിൽ അലിഞ്ഞു പോയൊരു പെണ്ണുണ്ട് എനിക്ക്.. പിരിയാൻ പോയിട്ട് പിരിയുന്നത് എനിക്ക് ഓർക്കാൻ കൂടി വയ്യ... അവൾക്കും... പിരിച്ചു കളയല്ലേ ഞങ്ങളെ.. പ്ലീസ് " സായി കേഴും പോലെ പറഞ്ഞിട്ടും ദേവിക അനങ്ങിയില്ല.. "ഇത്തിരി നാൾ കൊണ്ട് ഒരുപാട് സ്വപ്നം ഒരുമിച്ച് കണ്ടിട്ടുണ്ട്.. അമ്മയും മനസ്സിൽ ഒരാളെ നിറച്ചു കൊണ്ട് നടന്നൊരു കാലം ഉണ്ടായിരുന്നില്ലേ.. അമ്മയ്ക്കും മനസ്സിലാവില്ലേ..." സായി വീണ്ടും ചോദിച്ചു.. "സിത്തുവും അവളും എനിക്കെന്റെ രണ്ടു കണ്ണുകൾ പോലെ പ്രിയപ്പെട്ടതാണ്.. എങ്ങയാണ് ഒരാൾക്ക് വേണ്ടി മറ്റൊരാളെ എടുത്തു കളയുന്നത്... ഒരു ഭാഗം മുഴുവനും പിന്നെ ഇരുട്ടിലായി പോകും ഞാൻ..." കരച്ചിൽ അവന്റെ തൊണ്ടയിൽ തടഞ്ഞു.. കണ്ണട എടുത്തിട്ട് കൈകൾ കൊണ്ടവൻ മുഖം അമർത്തി തുടച്ചു..

ചുവന്നു വിങ്ങി പോയിരുന്നു.. "എന്റെ മരണം കൊണ്ടല്ലാതെ അവളെ എനിക്ക് മറക്കാൻ ആവില്ല.. അവൾക്ക് എന്നെയും... പ്ലീസ്... പ്ലീസ്..." വീണ്ടും വീണ്ടും സായി അപേക്ഷിക്കുന്ന പോലെ പറഞ്ഞു.. ആ സമയം അങ്ങനെ മാത്രമേ ചെയ്യാനാവൂ.. "അഖിലയോട് ഞാൻ പറയാം.... സിതാരയും പ്രണവും തമ്മിലുള്ള മാരേജ് നടക്കില്ലെന്ന് " ചെറിയ ചിരിയോടെ അത്ര മാത്രം അവന് മറുപടി കൊടുത്തിട്ട് തിരിഞ്ഞു നടക്കുമ്പോൾ... അതിലൊളിപ്പിച്ചു പിടിച്ച ഉത്തരം അവനും മനസ്സിലായി.. ഹൃദയം അടർന്നു പോകുന്ന വേദനയോടെ അവൻ ബെഡിലേക്ക് ഇരുന്നു പോയി... ഇത്രേം പറഞ്ഞിട്ടും... ആരാണ് നിന്റെ ഹൃദയം നിറഞ്ഞു നിൽക്കുന്നാ ആ പെൺകുട്ടി എന്ന് പോലും അമ്മ ചോദിച്ചില്ലല്ലോ എന്ന് സായി ഓർക്കുമ്പോൾ.. നിറഞ്ഞ കണ്ണുകൾ കവിളിലേക്ക് ഒഴുകി ഇറങ്ങി.. ഫോൺ സ്ക്രീനിലെ ജാസ്മിയുടെ ഫോട്ടോ എടുത്തു നോക്കുമ്പോൾ സങ്കടം സഹിക്കാൻ കഴിയാത്ത പോലെ.. എന്തോ നിയോഗം പോലെ തന്നിലേക്ക് വന്നു ചേർന്നവളെ പാതി വഴിയിൽ ഉപേക്ഷിച്ചു മടങ്ങാൻ ആണോ ദൈവമേ വിധി..

നിന്നെ മാത്രം മതിയെന്ന് പറഞ്ഞിട്ട് നിന്നിലേക്ക് പറന്നു വരാൻ ആഗ്രഹിക്കുന്നു ഞാൻ... ഒരുപാട് ഒരുപാട്.. പക്ഷേ എനിക്കതിനു കഴിയുന്നില്ലല്ലോ.. പിന്നെ ഉള്ളത് നിന്നെ മറക്കണം.. ഞാൻ. അതിനൊട്ടും വയ്യ.. ഫോട്ടോയിലൂടെ സായി പതിയെ തലോടി... ❤❤❤❤❤❤❤❤❤❤❤❤❤❤❤ "കാത്തിരിപ്പാണോ" ചെറിയ ചിരിയോടെ രഹന വന്നിട്ട് ജാസ്മിയെ കെട്ടിപിടിച്ചു.. കാർ ലോക്ക് ചെയ്തിട്ട് അവൾക്ക് പിറകിൽ കയറി വരുന്നവനിൽ ആയിരുന്നു ജാസ്മിയുടെ കണ്ണുകൾ.. ഹൃദയം ആകെ ശൂന്യത നിറയും പോലെ.. അസ്സലാമു അലൈക്കും " നിറഞ്ഞ ചിരിയോടെ നൗഫൽ പറയുമ്പോൾ.. രഹന ജാസ്മിയെ വിട്ടിട്ട് ഒതുങ്ങി നിന്നു.. ജാസ്മിയും വേഗം ഒരു ചിരി എടുത്തണിഞ്ഞു.. സന്തോഷം അഭിനയിച്ചു കൊണ്ട് അവളും അരങ്ങു തകർത്തു വാരുമ്പോൾ... ഹൃദയം അലമുറയിട്ട് കരയുന്നത് ഒതുക്കാൻ അവൾ കിണഞ്ഞു ശ്രമിച്ചു...

ആവും പോലെ അവരെ സൽകരിച്ചു.. രഹ്‌നയുടെ മൗനം.... നൗഫലിന്റെ സ്നേഹത്തിൽ അലിഞ്ഞു ചേരുമെന്ന് ജാസ്മിക്ക് ഉറപ്പായി.. യാതൊരു അപരിചിത്യം പോലും ഇല്ലാതെ നന്നായി ഇടപെടുന്ന നൗഫൽ ജാസ്മിയെ വാത്സല്യത്തോടെയാണ് നോക്കുന്നത്... ഇല്ലേ രഹന... ഇല്ലേ രഹന എന്ന് ഓരോ ചോദ്യത്തിനും ഉത്തരത്തിനും അവസാനം അവളെ കൂടി പരിഗണിച്ചു നിർത്തുന്നത് ജാസ്മിയെ കുറച്ചൊന്നുമല്ല സന്തോഷപെടുത്തിയത്... രഹ്‌നയുടെ കണ്ണീരിന്റെ ശാപം ഇനി അൻസാറിന്റെ തലക്ക് മുകളിൽ ഉണ്ടാവില്ലെന്നും അവൾക്കു തോന്നി.. യാത്ര പറഞ്ഞവർ പോയിട്ടും അവളാ ഉരുളൻ തൂണിൽ മുറുകെ പിടിച്ചു നിന്ന് പോയി.. പ്രിയപ്പെട്ടവന്റെ ശബ്ദമൊന്നു കേൾക്കാൻ... ഉള്ളും ഉയിരും വല്ലാതെ മോഹിക്കുന്നുണ്ട്.. മുള്ള് വേലിക്കപ്പുറം അപ്പോഴും അവൾ അവന്റെ വരവും കാത്തിരുന്നു....... തുടരും...

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story