ഇശൽ തേൻകണം: ഭാഗം 4

ishal then kanam

രചന: ജീഫ്‌ന നിസാർ

"ആ അമ്മയുടെ മോനെ വിളിച്ചൊന്നു പറ സുധി.. അവരിത്ര കൊതിയോടെ കാത്തിരിക്കുന്ന കാര്യം " സായി പറയുമ്പോൾ സുധി വേദനയോടെ ചിരിച്ചു.. അകത്തേക്ക് ഒന്ന് പാളി നോക്കി.. "അതിന്... അതിന് നമ്മൾ വിളിച്ചാൽ കേൾക്കുന്ന ദൂരെ അൻസാർ ഇല്ലെടാ " സുധി പറയുമ്പോൾ സായി പകച്ചുപോയി.. ഡാ... സായി വിളിച്ചപ്പോൾ സുധി അവന്റെ നേരെ നോക്കി.. "ഒരു വർഷം കഴിഞ്ഞു... ജേർണലിസ്റ്റ് ആയിരുന്നു.. മിടു മിടുക്കൻ... അത് കൊണ്ട് തന്നെയാണ് അവന്റെ ജീവൻ പോയതും " സുധി പറയുമ്പോൾ സായിക്ക് ആ ഉമ്മയുടെ തളർന്ന കണ്ണുകൾ ഓർമ വന്നിരുന്നു.. പിന്നെയും എന്തോ പറയാൻ തുടങ്ങിയ സുധി... പെട്ടന്ന് നിർത്തി.. സായി നോക്കുമ്പോൾ ചുവരിൽ ചാരി അവളുണ്ട്.. ഉമ്മയെ അകത്തു കൊണ്ട് പോയി കിടത്തി വന്നതാവും... ചുണ്ടിൽ ചെറിയൊരു മന്ദഹാസം ബാക്കിയുണ്ട്.. "നല്ല കുറവുണ്ടായിരുന്നല്ലോ ഉമ്മാക്ക്... പെട്ടന്ന് എന്ത് പറ്റി ജാസ്മി " സുധിയുടെ ചോദ്യം.. ജാസ്മി... സായി വെറുതെ ഉരുവിട്ട് നോക്കി.. അവളൊന്നും പറയുന്നില്ല.. മിണ്ടാതെ നിൽക്കുന്നു..

"പറ മോളെ... മരുന്ന് തീർന്നു പോയോ.." സുധി അലിവോടെ ചോദിക്കുമ്പോൾ ആ നിറഞ്ഞ കണ്ണുകൾ.. സായിക്കൊരു വേദന തോന്നി.. "എന്നിട്ടെന്തേ ജാസ്മി നീ പറയാഞ്ഞേ.. ഇന്നലെ കൂടി വന്നു പോയതല്ലേ ഞാൻ... അൻസു പോയതോടെ ഞാൻ ഇവിടെ അന്യൻ ആയി പോയോ മോളെ " സുധി ചോദിക്കുമ്പോൾ അവൾ ചുവരിൽ ചാരി കണ്ണടച്ച് പിടിച്ചു.. എന്നിട്ടും കവിളിൽ കൂടി ഒലിച്ചിറങ്ങിയ കണ്ണുനീർ ജാസ്മി ധൃതിയിൽ തുടച്ചു മാറ്റുന്നുണ്ട്.. "രണ്ടു ദിവസം ആയിരുന്നു സുധിയേട്ടാ... മരുന്ന് തീർന്നിട്ട്... ഞാൻ കരുതി...മാമ വരുമെന്ന് " അവൾ പതിയെ പറഞ്ഞു... "വരുമെന്ന് ഇല്ല്യാസ് ഇക്കാ പറഞ്ഞിരുന്നോ " സുധി ചോദിച്ചപ്പോൾ അവൾ ഇല്ലെന്ന് തലയാട്ടി.. "എന്താണ് ജാസ്മി.. പനി പോലെ നിസാരമാണോ മോളെ.. മനസ്സിന്റെ നില തെറ്റിയ ഒരാൾ അല്ലേ.. മരുന്ന് മുടക്കാൻ പാടില്ലെന്ന് നിനക്കറിയില്ലേ... " സുധി വീണ്ടും ചോദിച്ചു.. അവൾ വിളറിയ ചിരിയോടെ സുധിയേയും സായിയെയും നോക്കി.. "എത്രയെന്നു വെച്ച.. സുധിയേട്ടാ ഞാൻ " അവൾ പാതിയിൽ നിർത്തി..

"എനിക്കിതൊക്കെ ബുദ്ധിമുട്ട് ആണെന്ന് നീ എന്തിനാ കരുതുന്നത്.. അൻസും ഞാനും തമ്മിലുള്ള കൂട്ട് നിനക്കറിയില്ലേ.. അവൻ പോയാലും ഞാൻ ജീവനോടെ ഉള്ളപ്പോൾ അവന്റെ കുടുംബം അനാഥയാവില്ല... അവന്റെ ആത്മാവ് പോലും പൊറുക്കില്ല എന്നോട്... നീ ആ ചീട്ട് ഇങ്ങേടുത്തോണ്ട് വാ " സുധി പറയുമ്പോൾ ഒന്ന് മടിച്ചു നിന്ന ജാസ്മിയുടെ നോട്ടം സായിയിൽ തങ്ങി.. ആള് വല്ല്യ അഭിമാനി ആണെന്ന് സായിക്ക് തോന്നി... അവൻ പുറത്തേക്ക് നോക്കി ഇരുന്നു.. വീണ്ടും സുധി പറഞ്ഞപ്പോൾ ജാസ്മി അകത്തു പോയി ഒരു ചീട്ട് കൊണ്ട് വന്നിട്ട് അവന്റെ നേരെ നീട്ടി.. "ഒരാഴ്ചകുള്ളത് മതി കേട്ടോ സുധിയേട്ടാ.. അപ്പോഴേക്കും മാമ വരുമായിരിക്കും " പതിയെ പറയുന്ന പെണ്ണിനെ സായി നോക്കി..ഉറപ്പൊന്നും ഇല്ലേലും... തനിക്കു അന്തസ് ഉണ്ടെന്ന് അവളുടെ കണ്ണുകൾ വിളിച്ചു പറയും പോലെ... അവളുടെ മാമ ഇല്ല്യാസ്... കദീജുമ്മയുടെ ഒരേ ഒരു കൂടപ്പിറപ്പ്.. അത്തർ കച്ചവടം ആണ് ആൾക്ക്.. അതിൽ നിന്നും കിട്ടുന്ന വരുമാനം കൊണ്ടാണ് അയാളുടെ ചെറിയ കുടുംബവും പെങ്ങളുടെയും മോളുടെയും കാര്യങ്ങളും നടന്നു പോകുന്നത്..

ഇത്തിരി ദൂരെ ആണ് ആളുടെ വീട്... ഇടയ്ക്കിടെ ഇങ്ങോട്ട് വരും.. കയ്യിലുള്ളത് നുള്ളി പൊറുക്കി എല്ലാം ഒപ്പിച്ചു കൊടുത്തിട്ട് തിരിച്ചു പോകും.. അയാളുടെ വീട്ടിലേക്കു ഇവരെ കൂടി കൊണ്ട് പോവാൻ വയ്യാത്തൊരു സാഹചര്യം ആയിരുന്നു... ചെറിയൊരു വീട്ടിൽ അയാളുടെ ഭാര്യയും മൂന്ന് മക്കളും തിങ്ങി ഞെരുങ്ങി പോകുന്നു.. അതിനിടയിൽ മനോനില തെറ്റിയ പെങ്ങൾ... എങ്കിലും ആവും പോലെ അയാൾ ഒരു സഹോദരന്റെ കടമകൾ ചെയ്തു പോന്നിരുന്നു.. "ഡാ... ഈ മരുന്ന് ടൗണിൽ പോയി വാങ്ങണം... ഞാൻ വീട്ടിൽ പോയിട്ട് ബൈക്ക് എടുത്തു വരാം.. നീ ഇവിടെ ഇരിക്കുന്നോ... അതോ എന്റെ കൂടെ വരുന്നോ " സുധിയുടെ ചോദ്യം.. "നീ പോയിട്ട് വാ സുധി.. ഞാൻ ഇവിടെ ഇരിക്കാം.. ഇത് വഴി തന്നെ അല്ലേ പോവേണ്ടത്.." സായി പറയുമ്പോൾ സുധി വേഗം ഇറങ്ങി പോയി.. ജാസ്മി ചുവരിൽ ചാരി നിൽക്കുന്നുണ്ട്.. ജാസ്മി എന്നാണോ പേര് " സായി പതിയെ ചോദിച്ചു.. ജാസ്മിൻ... അവൾ മുഴുവനും പറഞ്ഞു കൊടുത്തു... "അൻസാർ... ഇയാളുടെ ബ്രദർ ആവും ല്ലേ " വീണ്ടും സായി ചോദിച്ചു..

മ്മ്... നേർത്തൊരു മൂളൽ മാത്രം.. കണ്ണിൽ പിടച്ചിൽ.. "ആൾക്ക് എന്താണ് പറ്റിയത്..." സായി ചോദിച്ചപ്പോൾ നിറഞ്ഞ കണ്ണോടെ അവൾ അവനെ നോക്കി.. "ബുദ്ധിമുട്ട് ആണേൽ പറയണ്ട കേട്ടോ.. അറിയാനുള്ള ആകാംഷ കൊണ്ട്.. ഞാൻ " സായി പതറി കൊണ്ട് പറഞ്ഞു.. അവൾ പതിയെ ഒന്ന് ചിരിച്ചു.. "എന്റെ അൻസിക്കാനെ കൊ-ന്നതാ " അവളുടെ സ്വരം വിറച്ചു പോയിരുന്നു.. സായി ഞെട്ടലോടെ അവളെ നോക്കി.. "സത്യം... എന്നോട് പറഞ്ഞിട്ടുണ്ട് അൻസിക്ക... ഞാൻ അത് പലയിടത്തും പറഞ്ഞു.. പക്ഷേ.. പക്ഷേ ആരും കേൾക്കാൻ പോലും മിനക്കെട്ടില്ല.. ഞങ്ങൾക്ക് കാശ് ഇല്ലല്ലോ... വലിയ പിടിപാട് ഇല്ലല്ലോ..." കണ്ണീർ നനവ് പുരണ്ട വാക്കുകൾ.. സായി അവളുടെ മുഖത്തു നോക്കി.. "കുഞ്ഞിലേ മുതൽ അൻസിക്ക കൊതിച്ചു പോയതാ.. എപ്പോഴും പറയും... എനിക്കൊരു ജേർണലിസ്റ്റ് ആവണം എന്ന്.. കോളേജിൽ വെച്ച് തന്നെ അൻസിക്കാക്.. വ്യൂപോയിന്റ് മിഡിയ ചാനലിൽ ജോലി കിട്ടി...അന്നത്തെ ആ സന്തോഷം.. അതൊന്ന് കാണേണ്ട കാഴ്ച തന്നെ ആയിരുന്നു...അത്രയും ആഗ്രഹിച്ചു പോയിരുന്നു...

അൻസിക്ക ആ ജോലിക്ക് " പറയുമ്പോൾ ജാസ്മിയുടെ വാക്കുകൾ ഇടറി.. "ഇവിടെ അടുത്തുള്ളോരൊക്കെ എപ്പോഴും പറയുന്നത് കേൾക്കാം... മക്കൾ ആയ അൻസാറിനെ പോലെ ഉള്ളവരെ കിട്ടാൻ ഭാഗ്യം ചെയ്യണം ന്ന്... സത്യമായിരുന്നു അത്.. എന്ത് സന്തോഷം ആയിരുന്നു.. ഞങ്ങളുടെ വീട്ടിൽ... ഞാനും ഉപ്പയും ഉമ്മയും അൻസിക്കയും ചേർന്ന ലോകം..." അവൾ മിഴികൾ അടച്ചു... കണ്മുന്നിൽ ആ സ്വർഗം ഒരിക്കൽ കൂടി തേടുന്ന പോലെ.. സായിക്കും വല്ലാത്തൊരു വേദന തോന്നി... "ഞാനും ഓനും സഹോദരങ്ങളെ പോലെ അല്ലായിരുന്നു... എനിക്കവൻ എല്ലാം ആയിരുന്നു... ഉപ്പാക്കും ഉമ്മാക്കും എല്ലാം അങ്ങനെ തന്നെ.. രഹനത്തയെ ഓന് ഇഷ്ടമാണെന്ന് ആദ്യം പറഞ്ഞത് ഇന്നോടാ... ആ നിക്കാഹ് കഴിഞ്ഞു... എന്ത് സന്തോഷമായിരുന്നു ....." അവൾ പാതിയിൽ നിർത്തി.... നിറഞ്ഞ കണ്ണുകൾ തുടച്ചു.. വേണ്ടായിരുന്നു.. ഇത്രമാത്രം ഇവളെ വേദനിപ്പിച്ചിട്ട് അത് അറിയണ്ടായിരുന്നു.. ഒരു നിമിഷം സായിക്ക് അങ്ങനെ തോന്നി.. മങ്ങിയ ഒരു പുഞ്ചിരിക്ക്‌ പിന്നിൽ ഇത്രയും നോവ് ഇവൾ ഒതുക്കി പിടിച്ചിരുന്നോ..

"ഓൻ ജോലി ചെയ്യുന്ന ചാനലിലെ എന്തോ ആവിശ്യത്തിനുള്ള യാത്രയിൽ... ഏതോ വലിയ ഒരാളിന്റെ എന്തോ രഹസ്യത്തിന്റെ തെളിവുകൾ ഓന് കിട്ടിയിരുന്നു പോലും... അത് തിരിച്ചു കൊടുക്കണം എന്നാവിശ്യപെട്ടു കൊണ്ട് അയാൾ അവനെ ഒത്തിരി ഭീഷണി പെടുത്തി എന്നൊക്കെ വൈകി ആണ് ഇവിടെ അറിഞ്ഞത്.." നെടുവീർപ്പോടെ ജാസ്മി പറയുമ്പോൾ... സായി അവളെ തന്നെ നോക്കി. "സ്വന്തം ജോലിയെ ജീവന് തുല്യം സ്നേഹിക്കുന്ന അൻസിക്ക ഒരിക്കലും ഒരു നീതി കേട് കാണിക്കില്ല... സ്വന്തമായി നിലപാട് ഉള്ളവർക്ക് എപ്പോഴും ശത്രുക്കൾ ഉണ്ടാവും എന്നൊക്കെ എന്നോട് എപ്പോഴും പറയാറുണ്ട്.. അത് സത്യം ആയിരുന്നു.. ഒരുപാട് ശത്രുക്കൾ ഉണ്ടായിരുന്നു അവന്.... എന്തൊക്കെയോ പ്രശ്നം ഉണ്ടെന്ന് തോന്നി ഞാനും ചോദിച്ചു ഒരിക്കൽ... അപ്പോഴാണ് പറഞ്ഞത്... ഇങ്ങനെയൊക്കെ ഉണ്ടെന്ന്... എന്നെ അവർ ചിലപ്പോൾ കൊന്നു കളയും.. എന്നാലും ഇതെല്ലാം ഞാൻ ലോകത്തിന് കാണിച്ചു കൊടുക്കും എന്ന് പറഞ്ഞു പോയവൻ പിന്നെ വന്നത്...."

ജാസ്മി ഒന്ന് പിടഞ്ഞ പോലെ... സായിയും. "തുന്നി പൊതിഞ്ഞു കൊണ്ട് വന്നത് കാണാൻ ഉള്ള ഉറപ്പ് ഉപ്പാക്ക് ഇല്ലായിരുന്നു.. ജീവനറ്റ അൻസിക്കാന്റെ കാൽ ചുവട്ടിൽ വീണ് ഉപ്പയും...." കണ്ണീർ നനവോടെ ജാസ്മി ഒന്ന് ചിരിച്ചു.. "ഇതൊക്കെ പോരെ... ഉമ്മാന്റെ മനസ്സ് പിടി വിട്ടു പോയി..." ജാസ്മി പറഞ്ഞു നിർത്തുമ്പോൾ സായി പതിയെ എഴുന്നേറ്റു... അവന് വല്ലാത്തൊരു വീർപ്പു മുട്ടൽ തോന്നി.. ഒരു വാക്ക് പോലും അവളോട്‌ പറയാൻ അവന് കിട്ടിയില്ല... "കേസ്... കേസോന്നും കൊടുത്തില്ലേ ടോ " ഒടുവിൽ സായി ചോദിച്ചു.. "എന്തിന് വേണ്ടി... അവരോടു കൊമ്പ് കോർക്കാൻ മാത്രം ഞങ്ങൾ ഉണ്ടോ.. ഇന്റെ അൻസിക്ക പോയി... ഇനി എന്ത് നേടാൻ.. എന്നിട്ടും ഇവിടെ വന്ന പോലീസുകാരോട് ഞാൻ പറഞ്ഞു... കൊല്ലും ന്ന് ആരോ പറഞ്ഞു എന്ന് അൻസിക്ക പറഞ്ഞത്..." അവളുടെ ചുണ്ടിൽ ഒരു പുച്ഛം ഉണ്ടായിരുന്നു... "ആര് കേൾക്കാൻ... പറഞ്ഞു മടുത്തിട്ട് അവസാനം ഞാൻ പറച്ചിൽ നിർത്തി എന്നല്ലാതെ ഒന്നും ഉണ്ടായില്ല.. അത്രയും പിടിപാട് ഉള്ള ഒരാൾ ആയിരിക്കും മറു വശത്ത്..

.ഓർക്കുമ്പോൾ ഇപ്പോഴും ന്റെ നെഞ്ച് പൊട്ടും... തെറ്റ് ചെയ്തവര് ഇപ്പോഴും വല്ല്യ ജോലിയും കെട്ടിപിടിച്ചു സുഖമായി ജീവിക്കുന്നു.. ആ തെറ്റിനെ തുറന്നു കാട്ടാൻ ശ്രമിച്ചു എന്ന കാരണത്താൽ... ഒരു കുടുംബത്തിന്റെ മുഴുവനും സന്തോഷം തല്ലി കെടുത്തി.. വയ്യാത്ത ഉമ്മാനെ കൊണ്ട് ഞാൻ... " ഉള്ളിലെ രോഷം കൊണ്ടാണ്... പെണ്ണ് വിയർത്തു പോയിരുന്നു.. കൂടെ പിറന്നവൻ... സ്വന്തം കുടുംബത്തിന്റെ മുഴുവനും സന്തോഷമായവൻ.. അവനെയാണ് നഷ്ടം വന്നിരിക്കുന്നത്... ഇങ്ങിനി തിരിച്ചു കിട്ടാത്ത വിധം.. അതും മറ്റൊരാൾ ചെയ്ത തെറ്റിനെ മറച്ചു പിടിക്കാൻ വേണ്ടി.. എങ്ങനെ സഹിക്കും... ഈ നീതികേടിനെ.. ആരോട് പരാതി പറയും... ഇവളെ പോലുള്ള പാവങ്ങൾ.. സായിക്ക് ഓർക്കുമ്പോൾ പോലും ദേഷ്യം തോന്നി.. അപ്പോൾ... ജാസ്മിയുടെ മാനസികഅവസ്ഥയെ കുറിച്ചാണ് അവൻ ഓർത്തത്... എത്രമാത്രം രോഷം ഉണ്ടാവും അവൾക്ക് ഈ ലോകത്തിനോട്... തന്നെ കേൾക്കാൻ പോലും കൂട്ടാക്കാത്ത നീതിദേവതയോട്... ദൈവം നേരിട്ട് ഇറങ്ങി വരാത്തയിടങ്ങളിൽ മനുഷ്യരുടെ അവസാന പ്രതീക്ഷയായ കോടതിയിൽ..... കണ്ണുകൾ മൂടി കെട്ടിയ ആ കറുത്ത തുണി കഷ്ണം കൊണ്ട് തന്നെ ഹൃദയവും പുതപ്പിച്ച പോലായി കാര്യങ്ങൾ.. ഇതാണ് ന്റെ അൻസിക്ക "

ജാസ്മിയുടെ പതിഞ്ഞ സ്വരം കേട്ടപ്പോൾ.. സായി തിരിഞ്ഞു നോക്കി.. അവൾ നീട്ടിയ ഒരു ഫോട്ടോ അവൻ കൈ നീട്ടി വാങ്ങി... കണ്ണട വെച്ച് നിറഞ്ഞ ചിരിയോടെ ഒരു ചെറുപ്പക്കാരൻ.. സായിക്ക് വീണ്ടും വീണ്ടും ഹൃദയം പിടഞ്ഞു.. തന്റെ ഒരു വിദൂരഛായ ഉള്ളത് പോലെ.. "നിങ്ങളുടെ കണ്ണടയും ചിരിയും കണ്ടപ്പോൾ ഉമ്മ കരുതികാണും അൻസിക്ക ആണെന്ന്... അത് കൊണ്ടാണ്... " ജാസ്മി പാതിയിൽ നിർത്തി.. സായി ചിരിച്ചു കൊണ്ട് അവളെ നോക്കി.. "ഇങ്ങനെ... എപ്പോഴും.. വൈലന്റ് ആണോ ആള് " മടിച്ചു മടിച്ചു കൊണ്ടാണ് സായി ചോദിച്ചത്.. ജാസ്മി വേദനയോടെ ഒന്ന് ചിരിച്ചു.. "മരുന്ന് തീർന്നത് മുതലാ ഇങ്ങനെ... അല്ലങ്കിൽ വല്ലപ്പോഴും വല്ലതും ഓർമ വരുമ്പോൾ....." ജാസ്മി പറയുമ്പോൾ... ഒന്നൂടെ നോക്കിയിട്ട് സായി ആ ഫോട്ടോ തിരിച്ചു കൊടുത്തു.. ജാസ്മി തട്ടം കൊണ്ട് അതൊന്ന് തുടച്ചിട്ട് നെഞ്ചോടു ചേർത്ത് പിടിച്ചു.. "ഇയാൾ... ഇയാൾ ഒറ്റയ്ക്ക്.. ഇതൊക്കെ മാനേജ് ചെയ്യാൻ ആവുമോ " സായി ചോദിച്ചു.. "ഈ നാട് മൊത്തം... എനിക്കൊപ്പം ഉണ്ട്... അവരുള്ളത് കൊണ്ടാണ് ഞാനും.. ന്റെ ഉമ്മയും ഇപ്പോഴും...."

നന്ദി കൊണ്ടായിരിക്കും... ജാസ്മിയുടെ കണ്ണുകൾ തിളങ്ങി.. "വേറെ ആരും... ഐ മീൻ ബന്ധങ്ങൾ ആയിട്ട് " സായി അവളെ നോക്കി.. "ഉപ്പാക്ക് ഒരു ഉമ്മ മാത്രം ആയിരുന്നു ഉള്ളത്...അവര് ഞങ്ങളുടെ ചെറുപ്പത്തിൽ തന്നെ മരിച്ചു പോയി... ഉമ്മാക്കും പറയത്തക്ക ആരും ഇല്ല... ഒരു ആങ്ങള ഉണ്ട്... ഇല്ല്യാസ് മാമ... നിറയെ ബാധ്യതകൾ ഉണ്ടായിട്ടും മാമയാണ്...." ജാസ്മി സായിയെ നോക്കി പറഞ്ഞു.. "ആരേം ബുദ്ധിമുട്ടിക്കരുത് എന്നായിരുന്നു ഇന്റെ ഉപ്പ എപ്പോഴും പറയുന്നത്.. ഉപ്പാക്ക് ഇഷ്ടമല്ലായിരുന്നു.. സ്വന്തം കാര്യത്തിന് കൈ നീട്ടുന്നത്.. ആവും പോലെ അധ്വാനിച്ചു ജീവിക്കണം എന്ന് എപ്പോഴും പറയും... പക്ഷേ.... പക്ഷേ.... ഇഷ്ടം ഇല്ലേലും... വയ്യാത്ത ഉമ്മാനെ കൊണ്ട് ഞാൻ എങ്ങനെ ഒരു ജോലിക്ക് പോവും..." ജാസ്മി വേദനയോടെ ചിരിച്ചു.. സായിക്ക് അവളോട്‌ പറയാൻ ഒരു മറുപടി കിട്ടിയില്ല... സുധി വേലിക്കരികിൽ നിന്നും ഹോൺ മുഴക്കി തുടങ്ങിയപ്പോൾ സായി അവളെ നോക്കി.. "പോട്ടെ.... " യാത്ര പറയും പോലെ അവൻ പറഞ്ഞു.. ജാസ്മി തലയാട്ടി.. "ഒരുപാട് സംസാരിച്ചു ... പേര് പോലും പറഞ്ഞില്ലല്ലോ " സായിയെ നോക്കി ചിരിച്ചു കൊണ്ട് ജാസ്മി ചോദിച്ചു.. സായന്ത്‌ കൃഷ്ണ... സായി... അവനും ചിരിച്ചു കൊണ്ട് മറുപടി പറഞ്ഞു... കാണാം... തിരിച്ചിറങ്ങി അവൻ പോയിട്ടും... എവിടെയോ കേട്ട് മറന്നൊരു പേര് പോലെ അവൾ അത് തന്നെ ഉരുവിട്ടു.. സായന്ത്‌ കൃഷ്ണ.......... തുടരും...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story