ഇശൽ തേൻകണം: ഭാഗം 8

ishal then kanam

രചന: ജീഫ്‌ന നിസാർ

എഴുന്നേറ്റു വന്നപ്പോൾ മുതൽ ആകെ ഒരു മൂകത. ചിറ്റയിലും അതുണ്ട്. പക്ഷേ പോവണ്ട എന്ന് ഒരിക്കലും ആള് പറയാറില്ല. പകരം കൂടുതൽ കൂടുതൽ സ്നേഹിക്കും.. ഭാസ്കര മാമയും അന്ന് വീട്ടില് ഉണ്ട്. സായി പക്ഷേ മനസ്സിൽ ഊറി കൂടിയ സങ്കടം പുറത്ത് കാണിക്കാതെ കഴിവതും ശ്രമിക്കുന്നുണ്ട്.. വൈകുന്നേരം നാല് മണിക്കാണ് ട്രയിൻ.. സുധിയാണ് കൊണ്ട് വിടുന്നത്. വരുന്നത് മിക്കവാറും ഒറ്റക്കാണ്. പക്ഷേ കൊണ്ട് വിടാൻ എത്ര തിരകാണേലും സുധി കൂടെ പോന്നിരിക്കും.. ഉച്ചക്ക് ഭക്ഷണം കഴിക്കുമ്പോഴും വല്ലാത്തൊരു വീർപ്പു മുട്ടൽ പോലെ.. "ചെയ്യുന്ന ജോലി.. അതിനി എന്തും ആയിക്കോട്ടെ.. നിനക്ക് ഓക്കേ ആണേൽ മറ്റുള്ളവരെ നീ എന്തിന് പേടിക്കണം സായി... പാട്ടിൽ തന്നെ മുഴുവൻ ശ്രദ്ധയും കൊടുക്കണം നിനക്ക് നേടാൻ ഇനിയും ഇനിയും ഒത്തിരി കാര്യങ്ങൾ ഉണ്ട്.. ആരുടേയും വാക്കുകൾ കേട്ടിട്ട് നിനക്ക് നിന്നിലുള്ള വിശ്വാസം ഇല്ലാതെയാക്കരുത് " ഭാസ്കര മാമ പറയുമ്പോൾ സായി ഒന്നും പറയാതെ ഒന്ന് തലയാട്ടി കാണിച്ചു.. അംബിക ഒന്നും മിണ്ടാതെ അവന്റെ അരികിൽ ഇരിക്കുന്നു.. കൂടുതൽ ഒന്നും പറയാതെ തന്നെ സായി കഴിച് എഴുന്നേറ്റു.. റൂമിലെത്തി... ചെറിയ ബാഗിൽ എല്ലാം എടുത്തു വെച്ചു..

തിരിച്ചിറങ്ങി വന്നപ്പോൾ... സുധി ഇരിപ്പുണ്ട് ഭാസ്കര മാമയുടെ അരികിൽ.. "പോവാം " സായിയെ കണ്ടപ്പോൾ കയ്യിലുള്ള ഗ്ലാസ്‌ ചിറ്റക്ക് നേരെ നീട്ടി കൊണ്ട് സുധി എഴുന്നേറ്റു.. മ്മ്... സായി പതിയെ മൂളി.. ശേഷം അവൻ ചിറ്റയെ നോക്കി.. "പോയിട്ട് വാ.. വിഷമിക്കണ്ട.. എല്ലാം ഒരിക്കൽ നന്നായി വരും " അവന്റെ കവിളിൽ തട്ടി അംബിക പറയുമ്പോൾ... സായി പതിയെ ഒന്ന് ചിരിച്ചു.. ശേഷം അവന്റെ കണ്ണുകൾ ഭാസ്കരനിൽ പതിഞ്ഞു.. "അയാൾ ഒന്ന് കണ്ണടച്ച് കാണിച്ചിട്ട് ചിരിച്ചു.. സുധി ആണ് ആദ്യം ഇറങ്ങിയത്.. പുറകിൽ സായിയും.. അവന്റെ തന്നെ ബൈക്കിൽ ആണ് പോകുന്നത്.. ഭാസ്കര മാമ കാറിൽ പോകാൻ പറഞ്ഞു.. പക്ഷേ... സുധിയാണ് പറഞ്ഞത്.. ബൈക്ക് മതി... ഡൽഹിയിൽ എത്തിയ പിന്നെ സായി അല്ലല്ലോ... സായന്ത്‌ കൃഷ്ണ അല്ലേ.. സെലിബ്രിറ്റി അല്ലേ... ബൈക്കിൽ കറങ്ങി നടക്കാൻ ആവില്ലല്ലോ.. അപ്പൊ ഇവിടെ എങ്കിലും ഇച്ചിരി ശുദ്ധവായു ശ്വസിച്... അവൻ... അവനായി നടക്കട്ടെ എന്ന് " ചിലപ്പോൾ ബഹുമാനം തോന്നും.

സുധിയോട്. പറയാതെ തന്നെ എത്ര പെട്ടന്നാണ് അവന് തന്റെ ഇഷ്ടങ്ങളെ മനസ്സിലാകുന്നത്.. സുധി ബൈക്ക് സ്റ്റാർട്ട് ചെയ്തപ്പോൾ സായി പോയി പിറകിൽ കയറി.. വണ്ടി മുന്നോട്ട് നീങ്ങുമ്പോൾ സായി ഒന്നൂടെ തിരിഞ്ഞു നോക്കി.. കൈ വീശി കൊണ്ട് ചിറ്റയും മാമയും അവിടെ തന്നെ ഉണ്ട്... ❤❤❤❤❤❤❤❤❤❤❤❤❤❤ "നീ എന്താ സായി... ഒന്നും മിണ്ടാതെ.." ഇച്ചിരി കഴിഞ്ഞും ശബ്ദം ഒന്നും കേൾക്കാഞ്ഞാവും... സുധി ചോദിച്ചു.. ഒന്നുല്ല ടാ... സായി പതിയെ പറഞ്ഞു.. "നിനക്കിവിടെ സെറ്റായി കൂടെ സായി.. ഇതെന്തിനാ ഇത്രയും ബുദ്ധി മുട്ടി നീ നിന്റെ ഇഷ്ടങ്ങളെ വിട്ട് കളയുന്നത്.. അത് കൊണ്ട് നഷ്ടം നിനക്ക് തന്നെ അല്ലേ..." സുധി പതിയെ പറഞ്ഞു.. "ലാഭം... നഷ്ടം.. ഇതൊന്നും ഞാൻ ചിന്തിക്കുന്നില്ല സുധി... പക്ഷേ എന്റെ ഇഷ്ടങ്ങളെ കൊല്ലേണ്ടി വരുമ്പോൾ എനിക്കും വേദനിക്കുന്നു..." സായി പറയുമ്പോൾ സുധി ഒന്നും മിണ്ടിയില്ല.. ഇടവഴികൾ പിന്നിട്ടു തുടങ്ങി.. സായി സുധിയുടെ തോളിൽ താടി ചേർത്തിട്ട് മിണ്ടാതെ ഇരുന്നു.. പറഞ്ഞറിയിക്കാൻ പറ്റാത്തൊരു സങ്കടം..

ഇവിടെ നിന്നും പോകുമ്പോൾ എല്ലാം... എപ്പോഴും തോന്നുന്നത് പോലെ.. വീണ്ടും തിരക്കിലേക്ക് അലിയാൻ.. സായിയിൽ നിന്ന് സായന്ത് കൃഷ്ണയാവും.. ആളും ആരവങ്ങളും... പക്ഷേ ഇവിടെ ഉള്ളപ്പോൾ മനസ്സിന് തോന്നുന്ന പോലെ... ഒരു സന്തോഷം ഉണ്ടാവില്ല.. ചിരികൾക്ക് പിന്നിൽ ഒരു വെച്ച് കെട്ട് ഉള്ളത് പോലെ.. സ്നേഹത്തിന് പിന്നിൽ ഒരു അസൂയ ഉള്ളത് പോലെ അവിടെ കാണുന്ന ഓരോ മുഖത്തും ആത്മാർത്ഥയുടെ അംഗീകാരം ഉണ്ടാവില്ല.. ഇവിടെ അങ്ങനെ അല്ല.. സായി എന്ന് ചേർത്ത് പിടിച്ചു വിളിക്കുമ്പോൾ... ഹൃദയത്തിന്റെ അടിത്തട്ടോളം ഇറങ്ങി ചെല്ലും... വിളിക്കുന്നവരിലെ സ്നേഹം.. ഡാ... സുധി വിളിച്ചപ്പോൾ സായി ഞെട്ടി.. ബൈക്ക് നിർത്തിയിട്ടുണ്ട്‌.. സായിയുടെ നെറ്റി ചുളിഞ്ഞു.. അവനൊന്നു ചുറ്റും നോക്കി.. സ്റ്റേഷനിൽ അല്ലല്ലോ.. മുള വേലിക്കപ്പുറത്തെ കുഞ്ഞു വീട്ടിൽ സായിയുടെ കണ്ണുകൾ തടഞ്ഞു.. "ഇറങ്ങേടാ... ജാസ്മിക്ക് കൊടുക്കാൻ അമ്മ തന്നയച്ച പായസം ആണ്.. ഈ വഴി ആണ് എന്ന് പറഞ്ഞപ്പോൾ എന്നെ ഏല്പിച്ചു.. ഇതൊന്ന് കൊടുത്തിട്ട് ഞാൻ ദാ വരുന്നു..

സുധി പറഞ്ഞപ്പോൾ സായി ചിരിച്ചു കൊണ്ട് ഇറങ്ങി.. സുധി ബൈക്കിൽ തൂക്കി ഇട്ടിരുന്ന കവർ എടുത്തു കൊണ്ട് മുന്നോട്ട് നടക്കുമ്പോൾ സായി ബൈക്കിൽ ചാരി അവിടെ തന്നെ നിന്നു... പക്ഷേ അവന്റെ കണ്ണുകൾ ആ വീടിന്റെ അടഞ്ഞു കിടക്കുന്ന വാതിലിൽ ഇടയ്ക്കിടെ പാറി വീഴുന്നുണ്ട്.. അത് വരെയും തോന്നിയ സങ്കടം എല്ലാം.. പെട്ടന്ന് മറന്നു പോയത് പോലെ. ഒന്ന് കണ്ടങ്കിൽ എന്ന് വെറുതെ മോഹിച്ചു പോയിരുന്നോ അതിവേഗം മിടിക്കുന്ന നെഞ്ചിൽ സായി കൈ ചേർത്ത് പിടിച്ചു.. നോക്കി നിൽക്കെ.. വാതിൽ തുറന്നിറങ്ങി വന്ന... ഏറെ ഭംഗിയുള്ള ആ ചിരിയിൽ ലയിച്ചു ചേർന്നിരുന്നു... അവനും ആ നിമിഷം. സുധി എന്തോ പറയുന്നുണ്ട്.... കയ്യിലുള്ള കവർ നീട്ടുമ്പോൾ ചിരിച്ചു കൊണ്ട് തന്നെ അവൾ അത് സ്വീകരിച്ചു.. ശേഷം സുധി.. തനിക്കു നേരെ വിരൽ ചൂണ്ടുന്നതും... ചിരിയോടെ തന്നെ ആ കണ്ണുകൾ തന്നിലേക്ക് പതിയുന്നതും എല്ലാം... താളം തെറ്റിയ ഹൃദയമിടിപ്പോടെ തന്നെ സായി അറിഞ്ഞിരുന്നു.. തിരിച്ചിറങ്ങിയ സുധിക്കൊപ്പം.. അകത്തേക്ക് ഒന്ന് പാളി നോക്കിയിട്ട്...

കയ്യിലുള്ള കവർ തിണ്ണയിൽ വെച്ച് കൊണ്ട് ജാസ്മിയും ഉണ്ടായിരുന്നു.. സായി നിവർന്നു നിന്നിരുന്നു... അവൾ മനോഹരമായി ചിരിച്ചപ്പോൾ... അവനും അവളെ നോക്കി ചിരിച്ചു.. "പോവാ.. ല്ലേ " ജാസ്മിയുടെ ചോദ്യം.. സായി ഒന്ന് തലയാട്ടി കാണിച്ചു.. "ഉമ്മ എവിടെ..." വീടിന്റെ നേരെ നോക്കിയാണ് സായി ചോദിച്ചത്. "ഉറക്കമാണ് " ജാസ്മി പതിയെ പറഞ്ഞു.. "ഇപ്പൊ എങ്ങനെ ഉണ്ട് " സായി വീണ്ടും ചോദിച്ചു.. അന്നത്തെയാ തകർന്ന രൂപം ആയിരുന്നു അപ്പോഴും അവന്റെ കണ്ണിൽ.. "മരുന്ന് കഴിക്കുമ്പോ പിന്നെ യാതൊരു കുഴപ്പവുമില്ല... ഏത് നേരത്തും ഭയങ്കര ക്ഷീണം ആവും " അവളുടെ ആ മനോഹരമായ ചിരി മാഞ്ഞിരുന്നു. "സുധി ബൈക്ക് സ്റ്റാർട്ട് ചെയ്തു.. "പോട്ടെ ജാസ്മി " സുധി പറഞ്ഞപ്പോൾ.. സായി പതിയെ അവന്റെ പുറകിൽ കയറി.. ജാസ്മിയെ നോക്കി.. പോട്ടെ... പതിയെ പറഞ്ഞു.. തട്ടം നേരെ വലിച്ചിട്ടു കൊണ്ട് അവളും തലയാട്ടി.. ഇടവഴി തീർന്നിടത്തു നിന്നുമുള്ള വളവിൽ വെച്ചിട്ട് അവനൊന്നു കൂടി തിരിഞ്ഞു നോക്കി.. അവൾ അവിടെ ഇല്ലായിരുന്നു.. ❤❤❤❤❤❤❤❤❤❤❤❤❤❤

എത്തിയിട്ട് വിളിക്കണേ.. കയറും മുന്നേ സുധി പറഞ്ഞു.. മ്മ്... സായി മൂളി കൊണ്ട് തലയാട്ടി. "വെറുതെ ഓരോന്നു ആലോചിച്ചു വിഷമിക്കണ്ട " സുധി വീണ്ടും പറഞ്ഞു.. തോളിൽ ഇട്ട കോട്ട് എടുത്തിട്ട് കൊണ്ട് സായി ചിരിച്ചു.. തലയിൽ ഒരു തൊപ്പിയും വെച്ചിട്ടുണ്ട്.. പെട്ടന്ന് ആരും തിരിച്ചറിയാൻ പാടില്ല.. യാത്രയുടെ രസം കളയും അത്.. ക്യാമറ കണ്ണുകൾ... കഴുകൻമാരെ പോലെ കൊത്തി പറിക്കും.. വയ്യെന്നും വേണ്ടന്നും പറയാൻ ആവില്ല.. ഇഷ്ടം കൊണ്ട് ചെയ്യുന്നവരാണ്.. ഇഷ്ടമുള്ള ഗായകനെ.. മുന്നിൽ കാണുമ്പോൾ ആവേശത്തിൽ സ്വയം മറന്നു പോകുന്നവരാണ്... ചെയ്യരുത് എന്ന് പറയുന്നതെങ്ങനെ.. ഒറ്റയ്ക്ക് യാത്ര ചെയ്യാൻ പണ്ടും ഇഷ്ടമാണ്. പക്ഷേ... ആദ്യഗാനം ഹിറ്റായതിന് ശേഷം.. അത് പലപ്പോഴും സ്വപ്നം മാത്രമാവാറുണ്ട്.. സുധിയെ ഒന്നൂടെ ഇറുകെ പിടിച്ചിട്ട് സായി പെട്ടന്ന് ട്രെയിനിൽ കയറി... തണുത്ത കാറ്റിന്റെ ഗന്ധം ആസ്വദിച്ച് സായി പുറത്തേക്ക് നോക്കി ഇരുന്നു.. ജനറൽ കമ്പാർട്ട്മെന്റാണ്.. എങ്കിലും അധികം തിരക്കില്ല... ട്രെയിൻ കുതിച്ചു പായുന്ന ശബ്ദത്തിനൊപ്പം...

വേറെയും പല തരത്തിലുള്ള ശബ്ദകോലാഹലങ്ങൾ കാതിൽ വന്നലക്കുന്നുണ്ട്.. തോളിലുള്ള ചെറിയൊരു ബാഗ്... അത് സായി മടിയിൽ വെച്ചിട്ടുണ്ട്.. പുറത്തെ പോക്കുവെയിന്റെ... സ്വർണവെളിച്ചം.. അവൻ പുറത്തേക്ക് നോക്കി ഇരുന്നു.. വീണ്ടും മനസ്സിൽ വിഷാദത്തിന്റെ അലകൾ ഓടി കയറുന്നുണ്ട്. പോക്കറ്റിൽ നിന്നും ഫോൺ ബെല്ലടിച്ചപ്പോൾ സായി അതെടുത്തു നോക്കി. ഭാസ്കരമാമയാണ്.. കയറിയോ എന്നറിയാൻ ഉള്ള വിളിയാണ്.. സൂക്ഷിച്ചു പോണം എന്ന് കൂടി പറഞ്ഞു കൊണ്ട് ഫോൺ വിളി അവസാനിപ്പിച്ചു പോയപ്പോൾ സായിക്ക് ആകെ ഒരു ശൂന്യത തോന്നി.. വീട്ടിലേക്ക് പോണമല്ലോ എന്നോർക്കുമ്പോൾ തന്നെ തല പെരുക്കുന്നു.. എത്രയോ വട്ടം തോന്നിയിട്ടുണ്ട്.. എല്ലാത്തിനെയും കുടഞ്ഞെറിഞ്ഞിട്ട് എങ്ങോട്ടെങ്കിലും ഓടി പോകുവാൻ.. പക്ഷേ... താൻ വിട്ട് കളഞ്ഞാലും തന്റെ പ്രശ്നങ്ങൾ ഒരു നിരാളിയെ പോലെ ചുറ്റി പിടിക്കുമെന്നു ശെരിക്കും അറിയാവുന്നത് കൊണ്ട്.. വീണ്ടും വീണ്ടും തോറ്റു കൊടുക്കും.. എറണാകുളം വരെയും... ട്രെയിൻ യാത്ര... അത് കഴിഞ്ഞു ഫ്ലൈറ്റ് ആണ്..

കിരൺ വരും... ഫ്ലൈറ്റ് ഇറങ്ങുമ്പോൾ.. ഡൽഹിയിൽ ഒത്തിരി കൂട്ടുകാരുണ്ട്.. അതിലേറ്റവും പ്രിയപ്പെട്ടവനാണ് കിരൺ.. തന്നെ കുറിച്ച് എല്ലാം അറിയാവുന്നവൻ.. ഇടക്കുള്ള ഈ മുങ്ങൽ നാട്ടിലേക്ക് ആണെന്ന് അവനറിയാം.. ഇവിടെ എത്തി കഴിഞ്ഞാൽ.. സായി മാത്രം ആണെന്നും അവനറിയാം.. സൈഡിലെ... ജനൽ കമ്പിയിൽ തല മുട്ടിച്ചു കൊണ്ട് സായി ഇരുന്നു... ❤❤❤❤❤❤❤❤❤❤❤❤❤❤❤ "കുറച്ചു കൂടി കഴിക്ക് ഉമ്മാ.. മരുന്ന് കഴിക്കാൻ ഉള്ളതല്ലേ ഇങ്ങക്ക് " ജാസ്മി പറയുമ്പോൾ കദ്ധീജുമ്മ അവളെ മിഴിച്ചു നോക്കി.. തളർന്നു തൂങ്ങിയ ആ കണ്ണുകൾ.. ഹൃദയം വല്ലാത്ത വേദന തോന്നി അവൾക്ക്.. ജാസ്മി നീട്ടിയ ചോറ് ഉരുള യാതൊരു വികാരവും ഇല്ലാതെ കഴിച്ചു തീർക്കുന്ന ഉമ്മയെ അവൾ നോവോടെ നോക്കി.. ഈ കൈ കൊണ്ട് എത്രയോ തവണ വാരി ഉരുട്ടി തന്നതാണ്. സ്നേഹം കൂടി കൂട്ടി കുഴച്ചിട്ട്.. താനും അൻസിക്കയും കുറുമ്പോടെ തല്ല് കൂടും.. രാത്രിയിൽ ഉപ്പ വരും വരെയും കോലായിലെ... തണുത്ത തറയിൽ ഉമ്മ കാലു നീട്ടി ഇരിക്കും.. പ്രാർത്ഥന കഴിഞ്ഞ ശേഷം..

അന്നൊക്കെ ആ മടിയിൽ ഓടി വന്നു കിടക്കുമ്പോൾ കിട്ടിയിരുന്ന ആ ഒരു സുരക്ഷാ.. ഇന്നിപ്പോൾ... സ്വന്തം മോളെന്നു പോലും ഓർമ ഇല്ലാതെ.. ജീവനും... ജീവന്റെ പാതിയും ഈ ഭൂമിയിൽ ഇല്ലെന്ന് കൂടി അറിയാതെ.. ജാസ്മി ഉമ്മയെ അലിവോടെ നോക്കി.. അവരാകട്ടെ... ഉറച്ചു നിലക്കാത്ത നോട്ടം കൊണ്ട് അങ്ങങ്ങായി പതറി നോക്കുന്നുണ്ട്.. എന്തിനായിരുന്നു പടച്ചോനെ നീ അത്രയും സന്തോഷം നൽകിയിട്ടു... പെട്ടന്ന് ഞങ്ങളുടെ ജീവിതം ഇരുട്ടിലേക്ക് തള്ളി വിട്ടത്.. മുന്നോട്ട് ഉള്ള വഴിയിൽ മൊത്തം കൂരിരുൾ പടർന്നു കിടക്കുന്നു.. ഒരു മെഴുകുതിരി വെട്ടം പോലും കാണാതെ... സ്നേഹം കൊണ്ട് മാറ്റി എടുക്കണം എന്ന് ഡോക്ടർ പറഞ്ഞു... ഉമ്മയുടെ അസുഖം.. ഇനിയും എങ്ങനെയാണ്... ഇതിലും കൂടുതൽ ഞാൻ എങ്ങനെയാണ്... ഉമ്മയെ സ്നേഹിക്കേണ്ടത്.. ജാസ്മിക്ക് കണ്ണ് നിറഞ്ഞു.. തന്റെ അരികിൽ വെച്ചിട്ടുള്ള വെള്ളം ഉമ്മാ നോക്കുന്നുണ്ട്.. 'വെള്ളം വേണോ ഉമ്മാ " പതിയെ അവൾ ചോദിച്ചപ്പോൾ അവർ വീണ്ടും അവളെ തുറിച്ചു നോക്കി.. ജാസ്മി അതെടുത്തു നീട്ടിയപ്പോൾ...

അവരത് കുടിച്ചു.. "ഞാൻ കൈ കഴുകി വരാം... എന്നിട്ട് നമ്മുക്ക് മരുന്ന് കഴിക്കാ ട്ടോ.. ന്റെ ഉമ്മാന്റെ അസുഖം മാറണ്ടേ " അവരുടെ കവിളിൽ തലോടി ജാസ്മി ചോദിച്ചു.. അപ്പോഴും അവരൊന്നും മിണ്ടാതെ... മറ്റെങ്ങോ നോക്കി.. ജാസ്മി പോയി കൈ കഴുകി... വന്നപ്പോഴും അതേ ഇരുത്തമാണ്.. ഗുളിക എടുത്തിട്ട് അവൾ വായിലിട്ട് കൊടുത്തു.. യാതൊരു പ്രതികരണവും ഇല്ലാതെ കദ്ധീജുമ്മ അവളെ അനുസരിച്ചു... ശേഷം... തോളിൽ കിടന്ന മുണ്ട് എടുത്തിട്ട് ആ മുഖം തുടച്ചു കൊടുത്തിട്ട്... പതിയെ അവൾ ചായ്ച്ചു കിടത്തി.. കഴുത്തോപ്പം പുതച്ചു കൊടുത്തു.. അവളും ആ കൂടെ ചെരിഞ്ഞു കിടന്നു... തോളിൽ പതിയെ തട്ടി കൊടുക്കുമ്പോൾ..ക്ഷീണം കൊണ്ടാവും ആ കണ്ണുകൾ അടഞ്ഞു പോകുന്നുണ്ട്.. എത്ര പ്രസരിപ്പോടെ ഓടി നടന്നിരുന്ന ആളാണ്‌.. സ്നേഹം കൊണ്ട് വീർപ്പുമുട്ടിച്ച... ഉമ്മയാണ്.. ജാസ്മി അവരുടെ കൈ എടുത്തിട്ട് വിരൽ കൊരുത്തു പിടിച്ചു... ചുണ്ട് ചേർത്തു... മുന്നേ പലപ്പോഴും .. ഉറക്കം വരാതെ കിടക്കുമ്പോൾ... അരികിൽ വന്നിരുന്നു.. തലയിൽ തലോടി... ഈണത്തിൽ പാടി ഉറക്കുന്ന ഉമ്മ ആയിരുന്നു അവളുടെ മനസ്സിൽ നിറയെ........ തുടരും...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story