ജാനകീരാവണൻ 🖤: ഭാഗം 153

janageeravanan

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

ജാനിയെ തലോടി അങ്ങനെ കിടക്കുമ്പോഴാണ് റാവണിന്റെ ഫോൺ റിങ് ചെയ്തത്.... ജാനി മയക്കത്തിലാണെന്ന് കണ്ടതും അവളെ ഉണർത്താതെ അവൻ ഫോൺ അറ്റൻഡ് ചെയ്തു ചെവിയിൽ വെച്ചു.... "ഹലോ...."അറ്റൻഡ് ചെയ്തയുടൻ തന്നെ ജനകന്റെ സ്വരം അവന്റെ കാതിൽ എത്തിയിരുന്നു.... "പറയു...."ജാനിയെ തലോടിക്കൊണ്ട് തന്നെ അവൻ പറഞ്ഞു.... ജനകൻ വിളിച്ച കാര്യം വിശദമായി റാവണിനോട് പറഞ്ഞു.... റാവൺ കുറച്ച് നേരം നിശബ്ദനായി ഇരുന്നു.... "മോൻ ഒന്നും പറഞ്ഞില്ലല്ലോ.... എന്താ ഞങ്ങൾ അവരോട് പറയേണ്ടത്....?" കുറച്ച് നേരത്തെ നിശബ്ദക്ക് ശേഷം അയാൾ തിരക്കി.... "നാളെ ഞാൻ അങ്ങോട്ട് വരുന്നുണ്ട്... വന്നിട്ട് തീരുമാനിക്കാം...." അവൻ ഒന്ന് ചിന്തിച്ച ശേഷം പറഞ്ഞു.... "എന്നാൽ പിന്നെ അങ്ങനെ ആയിക്കോട്ടെ...."അയാൾ പറഞ്ഞു.... "ജാനിയോട്.... പറയണ്ടേ....?"

ജനകന്റെ ചോദ്യം കേട്ട് അവൻ മയങ്ങി കിടക്കുന്നവളെ ഒന്ന് നോക്കി.... "ഇപ്പൊ വേണ്ട...." അവന്റെ അഭിപ്രായത്തെ മാനിച്ചുകൊണ്ട് എതിരൊന്നും പറയാതെ ജനകൻ ആ സംഭാഷണം അവസാനിപ്പിച്ചു.... ഫോൺ മാറ്റി വെച്ച ശേഷം അവളുടെ നെറുകയിൽ മൃദുവായി ചുംബിച്ചവൻ.... •••••••••••••••••••••••••••••••••••••••••° പിറ്റേന്ന് തന്നെ റാവൺ ജാനിയോട് പറഞ്ഞു നാട്ടിലേക്ക് പുറപ്പെട്ടു.... എവിടേക്ക് ആണെന്ന ചോദ്യത്തിന് നുണ പറയാൻ അവൻ മുതിർന്നില്ല.... ഒപ്പം വരാനും അമ്മയെയും അപ്പയെയും ജെനിയെയും ഒക്കെ കാണാനുള്ള അവളുടെ താല്പര്യത്തെ അവൻ പ്രോത്സാഹിപ്പിച്ചില്ല.... പിന്നെ ഒരിക്കൽ ആവാമെന്ന് പറഞ്ഞവൻ യാത്ര പറഞ്ഞിറങ്ങി.... മനുവിനെയും ഒപ്പം കൂട്ടി.... "ജിത്തു കൂടി അറിഞ്ഞിട്ട് തന്നെയാണോ ഈ പ്രൊപോസൽ....?" കാര്യമറിഞ്ഞപ്പോൾ മനു അവനോട് തിരക്കി.... "മ്മ്.... അച്ഛമ്മ മുന്നോട്ട് വെച്ച പ്രൊപോസൽ ആണ്.... ജിത്തുവിന്റെ സ്റ്റാൻഡ് കൂടി അറിയാനാണ് ഈ യാത്ര...." അവൻ പറഞ്ഞു.... "നീ അവനെ വിളിച്ചിരുന്നോ.... നാട്ടിലാണോ അവനിപ്പോൾ...?"

മനുവിന്റെ ചോദ്യത്തിന് അവൻ മൂളി.... "വിളിച്ചപ്പോൾ ചോദിക്കാമായിരുന്നില്ലേ....?" അവൻ സംശയത്തോടെ തിരക്കി.... "എനിക്ക് ജിത്തുവിന്റെ മാത്രമല്ല അവന്റെ പേരെന്റ്സിന്റെ സ്റ്റാൻഡ് കൂടിയാണ് അറിയേണ്ടത്..." അന്നേരം അവന്റെ മനസ്സിൽ ജാനിയെ ജിത്തു വിവാഹം കഴിക്കുന്നതിൽ സമ്പത്തിന്റെ പേരിൽ താല്പര്യക്കുറവ് കാണിച്ചിരുന്ന ജിത്തുവിന്റെ മാതാപിതാക്കൾ ആയിരുന്നു.... രക്തബന്ധം ഇല്ലെങ്കിലും ജാനിക്ക് ജെനി സ്വന്തം അനുജത്തി തന്നെയാണ്.... അവളുടെ ഭാവി സുരക്ഷിതമാക്കണമെന്ന ചിന്ത അവളെക്കാൾ അവനിലുണ്ടെന്നതാണ് വാസ്തവം... മണിക്കൂറുകൾ പിന്നിട്ട് ഒടുവിൽ അവർ നാട്ടിലെ തറവാട്ടിൽ എത്തി ചേർന്നു.... ഉമ്മറത്തു തന്നെ അച്ഛമ്മ ഇരിപ്പുണ്ട്.... തൊട്ട് അരികിൽ തന്നെ ജിത്തുവിന്റെ അമ്മയും.... ജിത്തുവിന്റെ അച്ഛൻ അവിടെ ഉണ്ടാവില്ലെന്ന് അവന് അറിയാമായിരുന്നു.... അദ്ദേഹം തിരക്കുകൾക്കിടയിൽ വല്ലപ്പോഴും മാത്രമേ വീട്ടിൽ വരാറുള്ളു.... "കുഞ്ഞാ...." അവനെ കണ്ടതും അച്ഛമ്മ ആവേശത്തോടെ വിളിച്ചു....

ഇരുന്നിടത്ത് നിന്ന് എണീറ്റു ധൃതിയിൽ പടികൾ ഇറങ്ങാൻ തുടങ്ങി.... പ്രയാധിക്യം മൂലമുള്ള ചെറിയ ബുദ്ധിമുട്ടുകൾ അവരുടെ നടത്തത്തെ ബാധിച്ചിരുന്നു.... അവരെ കൂടുതൽ നടത്തിക്കാതെ റാവൺ അവരുടെ അടുത്തേക്ക് ചെന്നു.... സ്നേഹത്തോടെ ആലിംഗനം ചെയ്തു.... ആ വൃദ്ധ സ്നേഹത്തോടെ അവനെ തലോടി.... മനു അതൊക്കെ നോക്കി നിൽക്കുകയാണ്.... ഒരു പുഞ്ചിരിയോടെ..... അച്ഛമ്മയുടെ കണ്ണുകൾ അവനിലേക്കും നീണ്ടു.... അവർ വാത്സല്യത്തോടെ അവനെ നോക്കി.... അവനും തന്റെ പേരക്കുട്ടിയാണ്.... തന്റെ ചോരയാണ്..... അവന്റെ അച്ഛന്റെ നെറികേടുകൾക്കും അപ്പുറമാണ് അവനീ തറവാട്ടിലെത് ആണെന്നുള്ള സത്യം..... അവനെ കണ്ടതും ഈറനണിഞ്ഞ കണ്ണുകളോടെ അച്ഛമ്മ അവനെ മാടി വിളിച്ചു.... "നീ എന്തിനാ കുഞ്ഞേ മാറി നിന്നെ....?" അവന്റെ മുടിയിൽ തഴുകി അവർ തിരക്കി.... "അത് പിന്നെ.... ഞാൻ മുൻപും ഈ പടി വരെ അല്ലേ വന്നിട്ടുള്ളൂ.... ആ ഓർമയിൽ അങ്ങ് നിന്നതാ...."

എന്ത് വിളിച്ചു സംസാരിക്കണം എന്ന ചിന്തയോടെയാണെങ്കിലും പുഞ്ചിരി വിടാതെ അവൻ പറഞ്ഞു.... അത് കണ്ട് അവർക്ക് വാത്സല്യമാണ് തോന്നിയത്.... "ഇവനുള്ള അതേ അധികാരവും അവകാശവും നിനക്കും ഉണ്ടിവിടെ.... വാതിൽക്കൽ വന്ന് മടങ്ങിപ്പോവാൻ നീ അന്യനല്ല.... ഓർക്കാനും ഓർമിപ്പിക്കാനും ആഗ്രഹിക്കാത്ത ഒരു സത്യത്തിന്റെ ബാക്കിയാണ് നിങ്ങൾ.... നിങ്ങൾ മാത്രമല്ല.... എന്റെ ഗർഭപാത്രത്തിൽ കുരുത്ത ഒരു അസുരന്റെ ചോരയിൽ പിറന്ന ഒരുപാട് കുഞ്ഞുങ്ങൾ ഉണ്ട്.... നിരപരാധികളായ ഒരുപാട് അമ്മമാരുടെ കരളിന്റെ കഷ്ണങ്ങൾ.... ഈ തറവാടിന്റെ അനന്തരാവകാശികൾ.... അറിയില്ല ആരൊക്കെയാണെന്നും അവർ എവിടെയൊക്കെയാണെന്നും.... ആ അസുരനോടുള്ള വിദ്വേഷം ഒരിക്കലും ആ കുഞ്ഞുങ്ങളോട് കാണിക്കില്ല ഈ അച്ഛമ്മ.... ചേർത്തു പിടിക്കേ ഉള്ളൂ...."മനുവിനെ അണച്ച് പിടിച്ചാണ് അച്ഛമ്മ അത് പറഞ്ഞത്..... അവൻ മറുപടി ഒന്നും പറഞ്ഞില്ലെങ്കിലും പുഞ്ചിരി മാഞ്ഞിരുന്നില്ല അവന്റെ മുഖത്ത്.... "ഇനി മടിക്കാതെ അച്ഛമ്മ എന്ന് വിളിക്കാം.... കേട്ടോ...."

അച്ഛമ്മ അവന്റെ കവിളിൽ തട്ടി..... "അമ്മ അവരെ അകത്തേക്ക് വിളിക്ക്...."ജിത്തുവിന്റെ അമ്മ പുഞ്ചിരിയോടെ പടികൾ ഇറങ്ങി.... റാവൺ അവരെ ഒന്ന് നോക്കി.... ആദ്യ കാലങ്ങളിലെ പെരുമാറ്റരീതികൾ ഒക്കെ ഇന്ന് അവരിൽ മാറിയിരിക്കുന്നു.... നന്ദുവിന്റെ വിവാഹത്തിനും അധികം സഹകരണം ഒന്നും ഉണ്ടായിരുന്നില്ലെങ്കിലും അകന്ന് മാറി നിൽക്കാതെ ചടങ്ങുകളിൽ ഒക്കെ പങ്കെടുത്തിരുന്നു.... ആദ്യമൊക്കെ ഉണ്ടായിരുന്ന അകൽച്ച കുറഞ്ഞു വരുന്നതായി അവനും തോന്നിയിരുന്നു.... "ജിത്തു....?" അകത്തേക്ക് കയറിക്കൊണ്ട് അവൻ തിരക്കി.... "അകത്തുണ്ട് ഞാൻ വിളിക്കാം മോനെ...."എന്ന് പറഞ്ഞു അവന്റെ അമ്മ അകത്തേക്ക് പോകാൻ തുനിഞ്ഞതും ജിത്തു പുറത്തേക്ക് ഇറങ്ങി വന്നു.... "ആഹാ... ആരൊക്കെയോ.... ബ്രദേഴ്സ് എന്താ ഈ വഴിക്ക്...."മുണ്ട് മടക്കി കുത്തി അവൻ അവർക്ക് നേരെ നടന്നു.... "നിനക്ക് ഒരു കല്യാണാലോചനയും ആയിട്ട് വന്നതാ.... എന്തേ....?" മനുവാണ് അത് ചോദിച്ചത്.... "ഓഹോ.... ആദ്യം നമ്മൾ കൊണ്ട് വന്ന ആലോചനക്ക് ഒരു മറുപടി പറയ്....

എന്നിട്ടല്ലേ ഇനി പുതിയ ആലോചന...."അവൻ നിറ ചിരിയോടെ പറഞ്ഞു.... "മൂത്ത മരുമകന്റെ സമ്മതം ഇല്ലാതെ അമ്മായിയപ്പൻ മോളെ കെട്ടിച്ചു തരില്ലെന്ന്...." അവൻ തമാശ രൂപേണ പറഞ്ഞു.... അവൻ കൂൾ ആയി നിൽക്കുന്നത് കണ്ടപ്പോൾ തന്നെ എതിർപ്പ് ഇല്ലെന്ന് അവർക്ക് മനസ്സിലായി.... എങ്കിലും റാവൺ ചോദിക്കാൻ തന്നെ തീരുമാനിച്ചു.... "നീ വാ...." അതും പറഞ്ഞു റാവൺ അകത്തേക്ക് കയറി.... പിന്നാലെ ജിത്തുവും മനുവും.... മൂന്ന് പേരും മുറിയിലേക്ക് കയറിയതും അമ്മയും അച്ഛമ്മയും മുഖാമുഖം നോക്കി.... കാര്യമറിയാതെ..... "എന്താണ് ബ്രദേഴ്സ്.... ഒരു ചോദ്യം ചെയ്യലാണ് ഉദ്ദേശം എന്ന് തോന്നുന്നു...."ടേബിളിൽ ചാരി നിന്ന് ജിത്തു ചോദിച്ചു... "ഇനി കെട്ടില്ലെന്നുള്ള മൈൻഡിൽ ഒക്കെ അല്ലായിരുന്നോ നീ.... ഇത്ര പെട്ടെന്ന് മനസ്സ് മാറിയോ....?" മനുവിന്റെ ചോദ്യത്തിന് അവനൊന്ന് കണ്ണിറുക്കി.... "നിനക്ക് പൂർണസമ്മതം ഉണ്ടെങ്കിൽ മാത്രമേ ഈ പ്രൊപോസൽ മുന്നോട്ട് കൊണ്ട് പോകാവൂ.... " റാവൺ മറ്റൊന്നും ചോദിക്കുകയോ പറയുകയോ ചെയ്തില്ല.... "സത്യം പറ.... ശരിക്കും കെട്ടാൻ ഇഷ്ടം ഉണ്ടായിട്ട് തന്നെയാണോ....?"മനു ചോദിച്ചു... "പിന്നല്ലാതെ.... എത്ര കാലമെന്ന് വെച്ചാ ഞാൻ ഇങ്ങനെ തനിച്ച്.... എനിക്കും വേണ്ടെടാ ഒരു ലൈഫ് ഒക്കെ....?" അവൻ ചിരിച്ചുകൊണ്ട് തിരക്കി....

റാവൺ അവനെ സൂക്ഷിച്ചു നോക്കി..... "പ്രേമിച്ച പെണ്ണിനെ കിട്ടിയില്ലെങ്കിൽ അവളുടെ അനിയത്തി.... അതാ നമ്മടെ ലൈൻ...." അവൻ ഇടം കണ്ണിട്ട് റാവണിനെ നോക്കി.... "ഡാ ഡാ...." മനു ഇരുത്തി ഒന്ന് വിളിച്ചു.... "എന്താടാ.... നിന്റെ പൂർവകാലം വെറുതെ എന്നെക്കൊണ്ട് പറയിക്കരുത്.... എന്തേ.... വേണോ....?" ജിത്തു അവനെ നോക്കി പുരികം പൊക്കിയതും മനു റാവണിനെ പാളി നോക്കി.... അവൻ രണ്ടു പേരെയും വിടാതെ നോക്കുന്നത് കണ്ടതും രണ്ട് പേരും ഒന്ന് ചിരിച്ചു കാട്ടി.... "നമുക്ക് ചേച്ചീനെയും അനിയത്തിനേം കെട്ടി അങ്ങ് കൂടാം ബ്രോ...." ജിത്തു കണ്ണിറുക്കി പറഞ്ഞത് കേട്ട് റാവണിന്റെ ചുണ്ടിന്റെ കോണിൽ ഒരു പുഞ്ചിരി തെളിഞ്ഞു.... ആ പുഞ്ചിരി വിടാതെ അവൻ മുറി വിട്ടിറങ്ങി.... നേരെ ചെന്ന് നിന്നത് ജിത്തുവിന്റെ അമ്മക്ക് മുന്നിലാണ്.... "സ്ത്രീധനം വാരി കോരി കൊടുത്ത് ജെനിയെ ഒരു വില്പനചരക്ക് ആക്കാൻ എനിക്ക് ഉദ്ദേശമില്ല.... എനിക്ക് അറിയേണ്ടത് ഒന്ന് മാത്രം.... പൂർണമനസ്സോടെ അവളെ മരുമകളാക്കാൻ നിങ്ങൾക്ക് സമ്മതമാണോ.....?" അവൻ ഡയറക്റ്റ് ആയി ചോദിച്ചു....

"റാവൺ.... ജിത്തുവിന്റെ കാര്യത്തിൽ ഞാനും അവന്റെ അച്ഛനും ഒരുപാട് തെറ്റുകൾ ചെയ്തു..... ഒരിക്കൽ അവൻ സ്നേഹിച്ച പെണ്ണിനെ ഞങ്ങൾ അംഗീകരിച്ചില്ല.... വിധിയുടെ കളിയിൽ അവന് അവളെ നഷ്ടമാവുകയും ചെയ്തു.... പിന്നീട് അവന്റെ ഇഷ്ടം നോക്കാതെ ആ റിയയെ അവന്റെ തലയിൽ കെട്ടി വെക്കാൻ നോക്കി.... അത് മുടങ്ങിയപ്പോൾ ഇവൻ വീണ്ടും അപമാനിതനായി.... അതിന് ശേഷം കൊണ്ട് വരുന്ന ഒരു ആലോചനയ്ക്കും ഇവൻ നിന്ന് തന്നിട്ടില്ല.... കയറി ഇറങ്ങാത്ത അമ്പലങ്ങളില്ല.... ചെയ്യാത്ത വഴിപാടുകൾ ഇല്ല.... സ്വത്തും പണവും ഒക്കെ നോക്കിയിരുന്നു.... പക്ഷേ ഇപ്പോൾ ഇവൻ ഒന്ന് വിവാഹം കഴിച്ച് കുടുംബമായി ജീവിക്കുന്നത് കണ്ടാൽ മതി ഞങ്ങൾക്ക്.... വർഷങ്ങൾക്കിപ്പുറം അവൻ സമ്മതം മൂളിയത് ജെനിയുടെ കാര്യത്തിൽ മാത്രമാണ്.... സ്വത്തും പണവും ഒന്നും വേണ്ട.... ഒരു തടസ്സവും കൂടാതെ ഇതൊന്ന് നടന്ന് കിട്ടണം എന്നെ എനിക്കും ഇവന്റെ അച്ഛനും ഇപ്പൊ ഉള്ളൂ.... പൊന്നുപോലെ നോക്കാം ഞാൻ അവളെ.... ഒരിക്കലും ഈ തീരുമാനത്തെ ഓർത്ത് നിങ്ങൾക്കാർക്കും ദുഖിക്കേണ്ട ഗതി വരുത്തില്ല ഞങ്ങൾ....."

ആ സ്ത്രീ ഇന്ന് ഒരുപാട് മാറിയിരിക്കുന്നു... മകനെ നിസ്വാർത്ഥമായി സ്നേഹിക്കുന്ന നല്ലൊരു അമ്മയായി മാറിക്കഴിഞ്ഞു അവർ... "വെറും കൈയോടെ അയക്കില്ല ഞാൻ അവളെ.... സ്ത്രീധനത്തെ പ്രോത്സാഹിപ്പിക്കുന്നും ഇല്ല... എന്റെ നന്ദുവിനെ പോലെ നാളേക്ക് അവളുടെ ജീവിതം ഭദ്രമാക്കാൻ എന്നാൽ ആവുന്നതൊക്കെ ഞാൻ ചെയ്യും...." അവൻ അത്രയും പറഞ്ഞു അച്ഛമ്മയുടെ കൈയും പിടിച്ചു തൊട്ട് അപ്പുറത്തെ വീട്ടിലേക്ക് നടന്നു ഉമ്മറത്തു തൂക്കിയിട്ട മണി അടിച്ചുകൊണ്ട് റാവൺ അച്ഛമ്മക്കൊപ്പം പടികൾ കയറി.... ഒപ്പം മനുവും.... വൈകാതെ ഡോർ തുറന്ന് ജനകനും ഭാര്യയും മകളും പുറത്തേക്ക് വന്നു.... ജെനി ഇപ്പൊ പിജി ചെയ്യുവാണ്.... റാവണിന്റെ കെയർ ഓഫിൽ ഹോസ്റ്റലിൽ നിന്നാണ് അവളുടെ പഠിപ്പ് ഒക്കെ..... എല്ലാ വീക്ക്‌ എന്റിലും ഇതുപോലെ വന്ന് പോകും.... വിവാഹം കഴിഞ്ഞ് ജിത്തുവിനൊപ്പം പോവാമെന്നും പഠനം തുടരാം എന്നും ജിത്തുവിന്റെ വീട്ടുകാർ പറഞ്ഞിരുന്നു..... റാവൺ വരുമെന്ന് മുൻകൂട്ടി പറഞ്ഞത് കൊണ്ട് ജനകൻ ഇന്ന് കടയിൽ പോയില്ല.... അവന് വേണ്ടി ഫുഡ്‌ ഒരുക്കി കാത്തിരുന്നു....

ഉണ്ടാവില്ലെന്ന് അറിഞ്ഞിട്ടും അവർ മൂന്ന് പേരും ജാനിയെ പ്രതീക്ഷിച്ചിരുന്നു.... ഇല്ലെന്ന് അറിഞ്ഞപ്പോൾ മൂന്ന് പേരുടെയും മുഖമൊന്നു വാടി..... ജെനിയുമായി അടുത്തിടെ ജാനി ചെറിയ കോൺടാക്ട് ഒക്കെ ഉണ്ടായിരുന്നു..... ജെനിക്ക് ഫോൺ ഒക്കെ കിട്ടിയ സമയത്ത് ജാനി ഓർമ്മകൾ വീണ്ടെടുത്ത സമയം ജെനി അവൾക്ക് മെസ്സേജ് അയച്ചിരുന്നു.... റിപ്ലൈ ഉണ്ടാവില്ലന്ന് കരുതിയ അവളോട് ജാനി നന്നായി തന്നെ ഇടപെട്ടു.... പിന്നീട് ജെനിയിലൂടെയാണ് ജാനി അമ്മയുടെയും അപ്പയുടെയും വിശേഷങ്ങൾ അറിയുന്നത്.... എന്ത് കൊണ്ടോ അവരോട് മിണ്ടാൻ അവൾ വിമുഖത കാട്ടി.... ഒരു കുഞ്ഞു പരിഭവം ഇന്നും അവളിൽ ബാക്കി ഉണ്ടാവാം.... "ആർക്കും എതിർപ്പ് ഇല്ലാത്ത സ്ഥിതിക്ക് ഇത് നമുക്ക് അങ്ങ് ഉറപ്പിക്കാം...." അകത്തേക്ക് ഇരുന്നുകൊണ്ട് അച്ഛമ്മ പറഞ്ഞതും ജനകനും ശാരദയും നോക്കിയത് റാവണിനെയാണ്..... "മനുവല്ലേ മൂത്തത്.... അപ്പൊ അവന്റെ ആദ്യം നടക്കട്ടെ.... അത് കഴിഞ്ഞ് ഇത് നടത്താം.... അത് പോരെ കുഞ്ഞാ...." അച്ഛമ്മ അവനോട് തിരക്കി.... അവൻ നോക്കിയത് ജെനിയെയാണ്.... "എനിക്ക് സമ്മതാ ഏട്ടാ...." അവന്റെ നോട്ടത്തിന്റെ അർത്ഥം മനസ്സിലാക്കിയ പോൽ അവൾ വേണോ വേണ്ടയോ എന്ന മട്ടിൽ മടിച്ചു മടിച്ചു പറഞ്ഞു.... ശേഷം അവൾ അവർക്ക് കുടിക്കാൻ എടുക്കാൻ കിച്ചണിലേക്ക് പോയി....

റാവണിന് സമ്മതം ആണെന്നത് അവരെ ആഹ്ലാദിപ്പിച്ചു..... എങ്കിലും ഒരു ആശങ്ക അവരെ പൊതിഞ്ഞു.... കാര്യം ഇപ്പോൾ നല്ല സാമ്പത്തികഭദ്രത ഉണ്ടെങ്കിലും ജിത്തുവിന്റെ വീട്ടുകാരുടെ പ്രതീക്ഷക്ക് അനുസരിച്ചു കാര്യങ്ങൾ ചെയ്യാൻ പറ്റുമോ എന്ന ചിന്ത അയാളെ അലട്ടി.... "അയ്യോ അച്ഛമ്മേ.... എന്റെ പേരും പറഞ്ഞു ഇവരെ നീട്ടി വെക്കണ്ട.... ഇവരുടെ ഇഷ്ടം നോക്കി നടത്തിയാൽ മതി...."മനു ഇടയിൽ കയറി.... "ഏയ്യ്..... അങ്ങനെ ഒന്നും ഇല്ല മോനെ.... എടുപിടി എന്ന് വേണമെന്ന് ഞങ്ങൾക്കും ഇല്ല.... കുറച്ച് സാവകാശം കിട്ടിയാൽ അത്രയും നല്ലത്...." അയാൾ ഒന്ന് ചിരിക്കാൻ ശ്രമിച്ചു..... "ജനകാ.... താൻ ഒന്നും ഓർത്ത് വിഷമിക്കണ്ട.... ജ്യോൽസ്യനെ കണ്ട് നല്ലൊരു നാള് കുറിക്കണം.... എന്തായാലും ആദ്യം മനുവിന്റെ നടക്കട്ടെ.... എന്നിട്ടാവാം ബാക്കി...." അച്ഛമ്മ പറഞ്ഞു തീർന്നതും നേരത്തെ തയ്യാറാക്കി വെച്ച ജ്യൂസുമായി ജെനി അവിടേക്ക് വന്നു.... ജ്യൂസ് കുടിക്കുന്നതിനിടയിൽ അവർ ഭാവി കാര്യങ്ങൾ തീരുമാനിച്ചുറപ്പിക്കുകയായിരുന്നു..... ••••••••••••••••••••••••••••••••••••••°

"ഡോക്ടർ.... എനിക്കും മോളുടെ ഒപ്പം ഇവിടെ നിൽക്കണമെന്നുണ്ട്.... മോളെ തനിച്ചാക്കി പോകാൻ ഒരു ധൈര്യക്കുറവ്...."ചന്ദനയുടെ തലയിൽ തഴുകി അദ്ദേഹം ഇളയോട് പറഞ്ഞു..... "പക്ഷേ ഞാൻ സിറ്റുവേഷൻ മനസ്സിലാക്കുന്നു.... ഡോക്ടർ ഫാമിലി ആയി താമസിക്കുന്നിടത്ത് എനിക്ക് അങ്ങനെ സ്റ്റേ ചെയ്യാൻ കഴിയില്ലല്ലോ.... വിവാഹം അടുത്തിരിക്കുന്ന ഈ സമയത്ത് ഞാൻ ഡോക്ടറെ ഒരുപാട് ബുദ്ധിമുട്ടിച്ചു എന്നറിയാം.... വേറെ വഴി ഇല്ലാത്തത് കൊണ്ടാണ് ഡോക്ടർ.... പലരെയും കൺസൾട്ട് ചെയ്തു നോക്കി.... പക്ഷേ നിങ്ങളിൽ നിന്നുണ്ടായ ഒരു ഇമ്പ്രൂവ്മെന്റ് മറ്റാരിൽ നിന്നും മോൾക്ക് ഉണ്ടായില്ല.... അത് കൊണ്ടാണ് ഇങ്ങനെ ബുദ്ധിമുട്ടിക്കുന്നത്...."അദ്ദേഹം തന്റെ നിസ്സഹായാവസ്ഥ തുറന്ന് പറഞ്ഞു.... "എനിക്ക് മനസ്സിലാവും സർ.... ബുദ്ധിമുട്ടിച്ചു എന്നൊന്നും കരുതണ്ട.... ഒരു ഡോക്ടർ എന്ന നിലയിൽ ഇതെന്റെ റെസ്പോൺസിബിലിറ്റി ആണ്.... അത് ചെയ്യുന്നതിൽ സന്തോഷമേ ഉള്ളൂ... "അപ്പോഴും നിർവികാരയായി നിൽക്കുകയാണ് ചന്ദന.... കുറച്ച് നാളുകൾക്ക് മുൻപ് മാനസയും ഇങ്ങനെ ആയിരുന്നെന്നു വിക്രം ഓർത്തെടുത്തു.... വിക്രത്തെയും മാനസയെയും വികാസിനെയും ഒക്കെ ശിവശങ്കർ വീക്ഷിക്കുന്നുണ്ടായിരുന്നു.... "I'm doctor vikaas.... ചന്ദന ഇവിടെ സേഫ് ആയിരിക്കും....

ഇളയെ അയക്കാൻ പറ്റാത്ത ഒരു സാഹചര്യം ആയിപ്പോയി.... താങ്കൾക്ക് എപ്പോ വേണമെങ്കിലും ഇവിടെ വന്ന് മകളെ കാണാം...."വികാസ് സ്വയം പരിചയപ്പെടുത്തിക്കൊണ്ട് പറഞ്ഞു "സർ ധൈര്യമായിട്ട് പൊയ്ക്കോളൂ....ഇത് പോലൊരു അവസ്ഥയിൽ കൂടി കടന്ന് പോയവളാണ് ഞാനും.... എന്നെ ജീവിതത്തിലേക്ക് കൊണ്ട് വന്നത് ഈ ഇളയാണ്.... സാറിന്റെ മകളെ മിടുക്കി ആക്കി തിരിച്ചു ഏൽപ്പിക്കും ഇവൾ..... ഞങ്ങളും കൂടെ ഉണ്ട് ചന്ദനയെ ശ്രദ്ധിക്കാൻ.... സാർ ധൈര്യമായിട്ട് ഇരിക്കൂ...."മാനസയുടെ വാക്കുകൾ അയാൾക്ക് ധൈര്യം പകർന്നു.... "അമ്മയില്ലാത്തവളാണ്.... ശ്രദ്ധിക്കണേ...."പോകാൻ നേരം അദ്ദേഹം മാനസയെ ഓര്മപ്പെടുത്തി.... മാനസ അദ്ദേഹത്തിനെ സമാധാനിപ്പിച്ചു പറഞ്ഞയച്ചു.... അച്ഛൻ പോയിട്ടും അപരിചിതർക്കിടയിൽ ആയിട്ടും അവളിൽ യാതൊരു ഭാവ വ്യത്യാസവും ഉണ്ടായില്ല.... നിർവികാരത മാത്രമായിരുന്നു അവളുടെ മുഖത്ത് ഉണ്ടായിരുന്നത്.....

ഇത്രയൊക്കെ തകർന്നു പോകാൻ മാത്രം എന്തായിരിക്കും ഇവളുടെ ജീവിതത്തിൽ സംഭവിച്ചത് എന്ന ചിന്ത വിക്രത്തെയും അലട്ടിയിരുന്നു.... പിന്നെയും ദിവസങ്ങൾ കടന്ന് പോയി..... ചന്ദന ഇലയുമായി മാത്രം സമയം ചിലവഴിച്ചു.... മാനസ അവളുടെ എല്ലാ കാര്യങ്ങളും ശ്രദ്ധിക്കാൻ നടക്കുമ്പോൾ ഇളയും വികാസും വിക്രവും മാനസയെ കെയർ ചെയ്യാൻ നോക്കും.... എങ്കിലും ഒരു സഹോദരിയെ പോലെ മാനസ ചന്ദനയെ നോക്കി.... പക്ഷേ ഇളയോട് അല്ലാതെ മാറ്റാരോടും സംസാരിക്കാനോ അടുക്കാനോ ചന്ദന കൂട്ടാക്കിയില്ല.... എങ്കിലും ഇളയോട് അവൾ അവളുടെ ഫീലിങ്‌സും ഇമോഷൻസും ഒക്കെ പങ്ക് വെക്കുമായിരുന്നു.... പതിയെ പതിയെ അവൾ റിക്കവർ ആവുമെന്ന് ഇളക്ക് ഉറപ്പുണ്ടായിരുന്നു..... ഇളയുടെ ചികിത്സക്ക് ഒപ്പം വിവാഹത്തിന്റെ ഒരുക്കങ്ങളും തകൃതിയായി നടക്കുന്നുണ്ടായിരുന്നു......തുടരും....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story