ജാനകീരാവണൻ 🖤: ഭാഗം 56

janageeravanan

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

"ദേ അങ്ങോട്ട് നോക്കിയേ...." അവൾ വാതിൽക്കലേക്ക് കൈ ചൂണ്ടിയതും അവൻ തല ചെരിച്ചു അങ്ങോട്ട് നോക്കി ആ സമയം കൊണ്ട് ജാനി അവന്റെ കവിളിൽ അമർത്തി മുത്തി..... റാവൺ കവിളിൽ കൈ വെച്ച് അവളെ നോക്കിയതും "എന്തേ.... ഇനിയും നോക്കി പേടിപ്പിച്ചാൽ ഞാൻ ഇനിയും ഉമ്മ വെക്കും...."അവൾ ഇടുപ്പിൽ കൈ കുത്തി പറഞ്ഞു "ആദ്യം പോയി പല്ല് തേക്കെടി...."അവൻ കണ്ണുരുട്ടിയതും അവൾ അവനെ നോക്കി ചുണ്ട് കൂർപ്പിച്ചു റാവൺ ഒന്ന് തറപ്പിച്ചു നോക്കിയതും ജാനി അങ്ങ് ഒതുങ്ങി.... അവൾ മുഖവും വീർപ്പിച്ചു ഡ്രസ്സും എടുത്ത് ബാത്ത്റൂമിലേക്ക് കയറിയതും റാവൺ മുറി വിട്ട് പുറത്തേക്കിറങ്ങി നന്ദുവിന്റെ മുറിയിലേക്ക് പോകുമ്പോഴാണ് റിയയുടെ റൂമിന് പുറത്ത് നിന്ന് റിയയെ കെട്ടിപ്പിടിച്ചു നിൽക്കുന്ന വിക്രമിനെ അവൻ കണ്ടത്.... റിയ ഇഷ്ടക്കേടോടെ നിൽക്കുന്നുണ്ടെങ്കിലും അവനെ അടർത്തി മാറ്റാൻ ശ്രമിക്കുന്നുണ്ടായിരുന്നില്ല അവൻ അത് കണ്ട് ആദ്യം നോക്കിയത് നന്ദുവിന്റെ റൂമിന്റെ ഡോറിലേക്കാണ്.... പക്ഷേ ആ ഡോർ അടച്ചിരിക്കുവായിരുന്നു എന്നിട്ടും റാവൺ ദേഷ്യത്തോടെ അവർക്ക് നേരെ നടന്നു

"വിക്രം....!!" റാവൺ ദേഷ്യത്തോടെ അലറിയതും വിക്രം ഞെട്ടലോടെ റിയയിൽ നിന്ന് അകന്ന് മാറി "ഇത് എന്റെ വീടാണ്.... അല്ലാതെ.... " റാവൺ ബാക്കി പറയാതെ രണ്ടിനെയും തുറിച്ചു നോക്കി "So.... Sorry Daa...." വിക്രം ആ നോട്ടത്തിൽ പതറിക്കൊണ്ട് പറഞ്ഞതും റിയ അകത്തേക്ക് കയറിപ്പോയി റാവൺ പിന്നെ വിക്രമിനെ മൈൻഡ് ചെയ്യാതെ നന്ദുവിന്റെ റൂം തുറന്ന് അകത്തേക്ക് കയറി.... അത് കണ്ട് വിക്രം റിയയുടെ മുറിയിലേക്ക് പോയി •••••••••••••••••••••••••••••••° നന്ദു ബാത്‌റൂമിൽ നിന്ന് ഫ്രഷ് ആയി ഇറങ്ങി ഒരു വിധത്തിൽ പതിയെ പതിയെ സ്വയം നടന്ന് വരുന്നത് കണ്ടുകൊണ്ടാണ് റാവൺ അകത്തേക്ക് ചെന്നത് "നന്ദു..." അവൾ വേച്ചു വേച്ചു നടക്കുന്നത് കണ്ട് അവൻ ഓടി ചെന്ന് അവളെ ചേർത്തു പിടിച്ചു ബെഡിൽ ഇരുത്തി "നീ എന്തിനാ ഒറ്റക്ക് നടന്നെ.... എന്നെ വിളിച്ചാൽ ഞാൻ വരില്ലായിരുന്നോ....?"അവൻ ശാസനയുടെ സ്വരത്തിൽ ചോദിച്ചതും അവൾ അവനെ നോക്കി പുഞ്ചിരിച്ചു "ഇടക്കൊക്കെ ഒന്ന് നടക്കാൻ ശ്രമിക്കുന്നത് നല്ലതാണെന്നു ഡോക്ടർ ആന്റിയാ ഏട്ടാ പറഞ്ഞെ...." അവൾ പറയുന്നത് കേട്ട് അവനൊന്നു മൂളി

"ഞാൻ പോയി നിനക്കുള്ള കോഫീ എടുക്കാം.... നീ ഇവിടെ ഇരിക്ക്...."അവളെ ഹെഡ് ബോർഡിലേക്ക് ചാരി ഇരുത്തിക്കൊണ്ട് റാവൺ പുറത്തേക്ക് ഇറങ്ങിപ്പോയി റാവൺ പോയതിന് പിന്നാലെ റിയ അവളുടെ മുറിയിലേക്ക് കയറി വന്നു നന്ദു താല്പര്യം ഇല്ലാത്ത മട്ടിൽ മുഖം തിരിച്ചു.... റിയ അവൾക്ക് നേരെ ഫോൺ നീട്ടിക്കൊണ്ട് ചുണ്ട് കോട്ടി ചിരിച്ചു പരസ്പരം ചുണ്ട് ചേർത്തു നിൽക്കുന്ന വിക്രമും റിയയും.....ഫോണിലെ ആ ചിത്രം കാണാൻ ആവാതെ നന്ദു മുഖം തിരിച്ചു എന്തോ കണ്ണുകൾ നിറഞ്ഞു.... നെഞ്ച് പിടയുന്നത് പോലെ അവൾക്ക് തോന്നി....! "കണ്ടില്ലേ.... നീ സ്വപ്നം കണ്ട വിക്രം ഇപ്പൊ എന്റെതാ..... അവനെ എന്റേതാക്കാൻ എനിക്ക് ഇപ്പോഴും ഒരു താല്പര്യം ഇല്ല.... പക്ഷേ നിന്നെയും നിന്റെ ചേട്ടനെയും നോവിക്കാൻ എനിക്ക് ഇപ്പൊ അവനെ ആവശ്യമാണ്‌..... അത് കഴിഞ്ഞാൽ അവൻ വെറും കറിവേപ്പില....." റിയ ചുണ്ട് കോട്ടി ചിരിച്ചതും നന്ദുവിന്റെ മുഖം വലിഞ്ഞു മുറുകി വിക്രമിനെ അവൾ ചതിക്കുകയാണെന്ന് അറിഞ്ഞപ്പോൾ നിയന്ത്രിക്കാനാവുന്നില്ല എരിഞ്ഞു കയറിയ ദേഷ്യം അടക്കാനാവാതെ നന്ദു കൈ പൊക്കി റിയയുടെ കരണത്ത് അടിച്ചു

"ഡീ.....!" റിയ കവിളിൽ കൈ വെച്ച് അലറിയതും വിക്രം അത് കേട്ട് ഓടി വന്നു "എന്റെ പ്രണയം വിക്രം മനസ്സിലാക്കിയില്ലെങ്കിലും സാരമില്ല.... നിന്നെ അവനിൽ നിന്ന് ഞാൻ അകറ്റിയിരിക്കും..... നിന്റെ ഉള്ളിലിരുപ്പ് ഒന്നും നടക്കാൻ ഞാൻ സമ്മതിക്കില്ല റിയ.... അതിന് ഏത് അറ്റം വരെയും ഞാൻ പോകും...." വാതിൽക്കൽ വന്ന് നിൽക്കുന്ന വിക്രമിനെ കാണാതെ നന്ദു വീറോടെ പറഞ്ഞതും ഒക്കെ കേട്ട് വിക്രം ഞെട്ടി "അവന്തികാ.... 😡!!!" വിക്രം ദേഷ്യത്തോടെ അലറിയതും രണ്ട് പേരും ഞെട്ടലോടെ അങ്ങോട്ട് നോക്കി റിയ ഒന്ന് ഞെട്ടിയെങ്കിലും പെട്ടെന്ന് എന്തോ ഓർത്തത് പോലെ ഓടിപ്പോയി അവനെ കെട്ടിപ്പിടിച്ചു "വിക്രം.... ഇവൾ എന്നെ തല്ലി.....നിന്നെ ഞാൻ തട്ടിയെടുത്തതാണെന്ന്.... ഇതൊക്കെ കേൾക്കേണ്ട ആവശ്യം എനിക്കില്ല വിക്രം...."അവൾ വേദനയോടെ പറയുന്നത് കേട്ട് വിക്രം അവളുടെ കവിളിൽ പതിയെ തഴുകി റിയയുടെ കവിളിൽ ചുവന്ന് കിടക്കുന്ന പാട് കണ്ട് അവന്റെ മുഖം മാറി "വിക്രം ഞാൻ...." നന്ദു എന്തോ പറയാൻ വന്നതും വിക്രം അവളുടെ കരണത്ത് ആഞ്ഞടിച്ചു നന്ദു ഞെട്ടലോടെ ബെഡിലേക്ക് വീണു "മിണ്ടരുത് നീ.... ഇത്രയും കാലം ഇങ്ങനൊരു ചിന്ത മനസ്സിലിട്ടാണോ നീ നടന്നത്....?" അവൻ വെറുപ്പോടെ മുഖം തിരിച്ചതും ആരോ അവനെ പിടിച്ചു വലിച്ചു കരണത്ത് ഒന്ന് പൊട്ടിച്ചു

"ഇവളെ തല്ലാൻ നീ ആരാടാ....?" മുന്നിൽ കലി തുള്ളി നിൽക്കുന്ന ജാനിയെ കണ്ട് വിക്രം കവിളത്തു കൈ വെച്ചു "ജാനി.... നീ കാര്യം അറിയാതെയാ...." വിക്രം എന്തോ പറയാൻ വന്നതും ജാനി അവന് നേരെ കൈ പൊക്കി നിർത്താൻ പറഞ്ഞു "എല്ലാം എനിക്കറിയാം.... ഇനി ഒരു തവണ കൂടി നീ ഇത് ആവർത്തിച്ചാൽ..... ഇതായിരിക്കില്ല എന്റെ പ്രതികരണം...." ജാനി അവന് നേരെ വിരൽ ചൂണ്ടിയതും വിക്രം ഒന്നും മിണ്ടാതെ നിന്നു "മേലിൽ.... നീയോ ഇവളോ.... ഈ മുറിയുടെ പരിസരത്ത് പോലും വന്നേക്കരുത്.... പോ.... ഇറങ്ങിപ്പോകാൻ...." ജാനി ഒച്ചയെടുത്തതും രണ്ടും കൂടി പുറത്തേക്ക് ഇറങ്ങി "നന്ദൂ...." നിറ കണ്ണുകളോടെ ഇരിക്കുന്ന നന്ദുവിനെ ജാനി ചേർത്തു പിടിച്ചതും അവൾ ജാനിയെ കെട്ടിപ്പിടിച്ചു കരഞ്ഞു "എനിക്ക് തന്ന വാക്ക് നീ മറന്നോ നന്ദൂ....?" ജാനിയുടെ ചോദ്യം കേട്ടതും നന്ദു അവളിൽ നിന്ന് വിട്ട് മാറി കണ്ണ് രണ്ടും അമർത്തി തുടച് ജാനിയെ നോക്കി ചിരിക്കാൻ ശ്രമിച്ചു അപ്പോഴും അവളുടെ ചുണ്ട് വിതുമ്പുന്നുണ്ടായിരുന്നു "വിക്രം നിനക്ക് ചേരില്ലെന് അവൻ ഓരോ തവണയും തെളിയിച്ചു കൊണ്ടിരിക്കുകയാണ്...... അവന്റെ ലൈഫ് എങ്ങനെ ആയാലും നിനക്ക് എന്താ.... നീ എന്തിനാ അവന്റെ ലൈഫിനെ ഓർത്ത് വിഷമിക്കുന്നത്..... " നന്ദുവിനെ പിടിച്ചു കുലുക്കി ജാനി ചോദിച്ചതും നന്ദു ചുണ്ട് കടിച്ചു പിടിച്ചു വിതുമ്പി

"നീ അവനെക്കുറിച്ച് ചിന്തിച്ചാൽ അത് നിന്നെ കൂടുതൽ കരയിക്കെ ഉള്ളു.... ഇനി നീ നിന്നെ കുറിച്ച് വേണം ചിന്തിക്കാൻ.... നിന്റെ ഏട്ടനെ കുറിച്ചും നിന്നെ സ്നേഹിക്കുന്നവരെ കുറിച്ചും മാത്രം ചിന്തിച്ചാൽ മതി..... മറ്റാരെയും ഓർക്കണ്ട..... നിന്നെ മനസ്സിലാക്കാത്തവർക്ക് വേണ്ടി വെറുതെ കണ്ണീർ പൊഴിക്കരുത് നന്ദു.... "നന്ദുവിന്റെ മുഖം ഒക്കെ തുടച്ചു ജാനി പറഞ്ഞു "നിനക്ക് ഞാൻ പറയുന്നതൊക്കെ മനസ്സിലാവുന്നുണ്ടോ....?" ജാനി അവളുടെ മൗനം കണ്ട് അവളുടെ താടയിൽ പിടിച്ചു ഉയർത്തിയതും അവൾ തല കുലുക്കിക്കൊണ്ട് ജാനിയെ കെട്ടിപ്പിടിച്ചു "നീ ഇനി ഇവിടെ ഇരിക്കണ്ട.... വേഗം റെഡി ആയിക്കേ.... എന്റെ കൂടെ കോളേജിലേക്ക് വാ.... കാലിന് ചെറിയ ബുദ്ധിമുട്ട് ഉണ്ടന്നല്ലേ ഉള്ളു.... അത് ഞാൻ നോക്കിക്കോളാം.... "നന്ദുവിനെ അടർത്തി മാറ്റി ജാനി പറഞ്ഞതും അവൾ തല കുലുക്കി "ഏട്ടൻ...?" അവൾ സംശയഭാവത്തിൽ ജാനിയെ നോക്കി "നിന്റെ ഏട്ടനോട് ഞാൻ പറഞ്ഞോളാം.... നീ റെഡി ആകാൻ നോക്ക്...." നന്ദുവിനെ റെഡി ആക്കി ബെഡിൽ ഇരുത്തിയപ്പോഴാണ് റാവൺ കോഫിക്കൊപ്പം നന്ദുവിനുള്ള ഫുഡുമായി വന്നത് "നീ ഇത് എങ്ങോട്ടാ....?" കോളേജിൽ പോകാൻ റെഡി ആയി ഇരിക്കുന്ന നന്ദുവിനെ നോക്കി റാവൺ നെറ്റി ചുളിച്ചതും നന്ദു ജാനിയെ നോക്കി.... ജാനി നന്ദുവിനെയും

"പറ.. " നന്ദു ജാനിയെ നോക്കി ചുണ്ടനക്കിയതും ജാനി ഇല്ലെന്ന് തലയാട്ടി "ചോദിച്ചത് കേട്ടില്ലേ...?" അവരുടെ കോപ്രായം ഒക്കെ കണ്ട് റാവൺ ഗൗരവത്തോടെ ചോദിച്ചതും നന്ദു ബെഡിൽ ഇരുന്നുകൊണ്ട് ജാനിയെ പിടിച്ചു മുന്നോട്ട് തള്ളി "എന്താ....?" അവൻ ജാനിയെ നോക്കി കടുപ്പിച്ചു ചോദിച്ചതും ജാനി ഒന്ന് ശ്വാസം വലിച്ചു വിട്ടു "അത്.... നന്ദുന് കോളേജിൽ പോണമെന്നു പറഞ്ഞു.... അതാ ഞാൻ...." ജാനി പറയുന്നത് കേട്ട് നന്ദു ഞെട്ടി "ചുമ്മാതാ ഏട്ടാ.... ഞാൻ പറഞിട്ടില്ല...." റാവണിന്റെ നോട്ടം കണ്ട് നന്ദു സത്യം പറഞ്ഞതും ജാനി അവളെ നോക്കി പല്ല് കടിച്ചു "ഡീ...." റാവൺ ജാനിക്ക് നേരെ അലറിയതും അവൾ ഞെട്ടി അവനെ നോക്കി "നിനക്കെന്താ തലക്ക് സുഖമില്ലേ.... അവൾക്ക് കാല് വയ്യെന്ന് നിനക്കറിയില്ലേ....?" അവൻ കടുത്ത സ്വരത്തിൽ ചോദിച്ചത് കേട്ട് ജാനി നന്ദുവിനെ ഒന്ന് നോക്കി "ഇവിടെ തനിച്ചിരുന്നാൽ അവളുടെ മനസ്സിന് കൂടി സുഖമില്ലാതാകും.... അത് കൊണ്ടാ കോളേജിലേക്ക് കൊണ്ട് പോകാമെന്നു കരുതിയത്.... " അവൾ നന്ദുവിനെ തന്നെ നോക്കിക്കൊണ്ട് പറഞ്ഞതും റാവൺ ഒന്ന് മൂളി "ഫുഡ്‌ കഴിക്ക്.... രണ്ട് പേരെയും ഞാൻ തന്നെ ഡ്രോപ്പ് ചെയ്യാം...." ഒരു അലർച്ച പ്രതീക്ഷിച്ച ജാനിയെ ഞെട്ടിച്ചു കൊണ്ട് റാവൺ നന്ദുവിന് നേരെ ഫുഡുമായി നടന്നു കോഫീ അവളുടെ കൈയിൽ ഏൽപ്പിച്ചു കൊണ്ട് അവൻ അവൾക്ക് ഫുഡ്‌ വാരി കൊടുത്തു...

ജാനി ബെഡിൽ ഇരുന്ന് താടക്ക് കൈ കൊടുത്തു അത് നോക്കി ഇരുന്നു കുറച്ചു കഴിഞ്ഞ് ജാനി നന്ദുവിന്റെ കൈയിൽ പിടിച്ചു കോഫീ കപ്പ് അവൾക്ക് നേരെ നീട്ടിക്കൊണ്ട് അതിൽ നിന്ന് ഒരു സിപ് കുടിച്ചു "കോഫീ വേണേൽ താഴെ പോയി എടുത്ത് കുടിക്കെടി...."റാവൺ ആ കോഫീ വാങ്ങി ടേബിളിൽ വെച്ച് അവളെ നോക്കി കണ്ണുരുട്ടിയതും ജാനി ചുണ്ട് കോട്ടി അവിടുന്ന് എണീറ്റ് പോയി "ഞാൻ അതിൽന്ന് ഒരു സിപ് കുടിച്ചാൽ അതിലെ കോഫീ അങ്ങ് വറ്റിപ്പോകുവോ.....ഹും...." അവൾ സ്വയം പിറുപിറുത്തുകൊണ്ട് കിച്ചൻ സ്ലാബിൾ ചാടി കയറി ചമ്രം പടിഞ്ഞിരുന്നു "എന്താണ് ജാനിക്കുട്ടി.... ഒറ്റക്ക് ഒരു സംസാരം....?"ദോശ പ്ളേറ്റിലേക്ക് എടുത്തു വെച്ചുകൊണ്ട് ശിവദ പുഞ്ചിരിയോടെ ചോദിച്ചത് കേട്ട് അവൾ മുഖം വീർപ്പിച്ചു ഇരുന്നു "രാവിലെ തന്നെ ഗൗരവത്തിലാണല്ലോ...." പ്ലേറ്റിന്റെ സൈഡിൽ കറി ഒഴിച്ച് ജാനിക്ക് നേരെ നീട്ടികൊണ്ട് ശിവദ അവളുടെ മൂക്കിൻ തുമ്പിൽ നുള്ളി "ആ.... നൊന്തു...."അവൾ മൂക്ക് ഉഴിഞ്ഞതും ശിവദ പ്ലേറ്റ് അവളുടെ കൈയിൽ വെച്ചു കൊടുത്തു "വേഗം കഴിച്ചിട്ട് ചെല്ലാൻ നോക്ക്.... അല്ലേൽ കുഞ്ഞൻ ഇങ്ങോട്ട് വരും...." അവളെ നോക്കി ചിരിച്ചുകൊണ്ട് ശിവദ തിരിഞ്ഞതും അവൾ മുഖം വീർപ്പിച്ചു കഴിക്കാൻ തുടങ്ങി

ശിവദ കോഫീ എടുത്ത് അവൾക്ക് കൊടുത്തുകൊണ്ട് അവിടുന്ന് പോയതും അവൾ ഉള്ളിലെ ദേഷ്യം മുഴുവൻ ആ ദോശയിൽ തീർത്തു ഫുഡ്‌ ഒക്കെ വേഗം കഴിച്ചു തീർത്തു ജാനി സ്ലാബിൽ നിന്ന് ചാടി ഇറങ്ങി.... പ്ലേറ്റും കപ്പും ഒക്കെ കഴുകി വെച്ച് ബാഗ് എടുക്കാൻ റൂമിലേക്ക് ഓടി അവിടെ ചെന്നപ്പോൾ റാവൺ ഷർട്ടിന്റെ ബട്ടൺ ഇടുന്നത് കണ്ട് അവൾ അവനെ പുച്ഛിച്ചു പോയി ബാഗ് എടുത്തു.. "മൂർത്തി കോളേജിൽ ഉണ്ടെന്ന ഓർമ വേണം.... കഴിഞ്ഞ പ്രാവശ്യത്തെ പോലെ വന്ന് വിളിക്കുമ്പോൾ കൂടെ പോകാൻ ഒന്നും നിൽക്കരുത്...." വാച്ച് എടുത്ത് കൈയിൽ കേട്ടുന്നതിനിടയിൽ അവൻ പറഞ്ഞതും അവൾ ചുണ്ട് കോട്ടി അവിടുന്ന് ഇറങ്ങിപ്പോയി അവൾക്ക് പിന്നാലെ കോട്ടും കൈയിൽ എടുത്ത് അവനും പോയി.. •••••••••••••••••••••••••••••••° "പറഞ്ഞതൊക്കെ ഓർമ ഉണ്ടല്ലോ....? പൊട്ടത്തരം കാണിച്ചു പ്രശ്നത്തിൽ ഒന്നും പോയി ചാടരുത്.... " കോളേജ് ഗേറ്റിന് മുന്നിൽ അവരെ ഡ്രോപ്പ് ചെയ്തുകൊണ്ട് ജാനിയെ നോക്കി റാവൺ പറഞ്ഞു അവൾ അത് ഇഷ്ടപ്പെടാത്ത പോലെ മുഖം വീർപ്പിച്ചു ഇതൊക്കെ കണ്ട് നന്ദു ചിരിക്കുന്നത് കണ്ടതും ജാനിയുടെ ചുണ്ടിൽ ഒരു പുഞ്ചിരി സ്ഥാനം പിടിച്ചു

"പൊട്ടത്തരം കാണിക്കാൻ ഞാൻ RK അല്ലാ...." നന്ദുവിനെ ഒന്ന് നോക്കിക്കൊണ്ട് അവൾ റാവണിനെ നോക്കി ചുണ്ട് കൂർപ്പിച്ചു "ഡീ...."റാവൺ ദേഷ്യത്തിൽ ഡോർ തുറന്ന് പുറത്തേക്ക് ഇറങ്ങാൻ നിന്നതും "മ്മേ...." അവൾ അലറി വിളിച്ചു അവിടുന്ന് അകത്തേക്ക് ഓടി..... അത് കണ്ടതും നന്ദു പൊട്ടി പൊട്ടി ചിരിച്ചു നന്ദുവിന്റെ ചിരി കണ്ട് റാവൺ ഒരു നെടുവീർപ്പോടെ തിരിച്ചു കാറിൽ കയറി "ഏട്ടത്തി.... എന്നെ കൂടി കൊണ്ട് പോ...." ചിരി നിർത്തി നന്ദു വിളിച്ചു പറഞ്ഞത് കേട്ട് ജാനി തലക്ക് കൈയും കൊടുത്ത് തിരിഞ്ഞു നോക്കി "സോറിയെ.... 🙆‍♀️" എന്നും പറഞ്ഞു ജാനി തിരിച്ചു നന്ദുവിന്റെ അടുത്തേക്ക് ഓടി റാവണിനെ ഇടം കണ്ണിട്ട് അവൻ പുറത്തേക്ക് ഇറങ്ങുന്നുണ്ടോ എന്ന് നോക്കി നോക്കി അവൾ നന്ദുവിനെ പിടിച്ചു വേഗത്തിൽ നടന്നു "ഞഞ്ഞാഞ്ഞ....." കോളേജ് ഗേറ്റ് കടന്നയുടൻ അവൾ തിരിഞ്ഞു റാവണിനെ നോക്കി കൊഞ്ഞനം കുത്തി "പോടീ...." അവൻ കണ്ണുരുട്ടിയതും അവൾ അത് പുച്ഛിച്ചു തള്ളി പോയി "ഏട്ടത്തിക്ക് ഇപ്പൊ ഏട്ടനെ പഴേ പേടി ഒന്നും ഇല്ലല്ലേ...?"ജാനിയുടെ കാട്ടിക്കൂട്ടൽ ഒക്കെ കണ്ട് നന്ദു നടക്കുന്നതിനിടയിൽ ചോദിച്ചു "പേടിയോ.... എനിക്കോ..... ഹഹഹ....." ജാനി വല്യ ഗമയിൽ പറഞ്ഞുകൊണ്ട് തിരിഞ്ഞു നോക്കി "ദേവ്യേ.... തിരിച്ചു വീട്ടിൽ ചെല്ലുമ്പോൾ അങ്ങേര് എന്നെ ബാക്കി വെച്ചാൽ മതിയായിരുന്നു....

"അവൾ മനസ്സിൽ ചിന്തിച്ചു ഉമിനീരിറക്കി നന്ദുവിനെ കൂട്ടി മുന്നോട്ട് നടന്നു "ഇതാരൊക്കെയാ.... കൊറേ ആയല്ലോ ഇങ്ങോട്ടൊക്കെ കണ്ടിട്ട്....?" ക്ലാസ്സിലേക്ക് പോകുമ്പോഴാണ് പരിചിതമായ ആ ശബ്ദം കേട്ടത്.... തലയുയർത്തി നോക്കിയപ്പോൾ മുന്നിൽ പുഞ്ചിരിയോടെ നിൽക്കുന്ന ജിത്തു.... ജിത്തുവിനെ കണ്ടതും ജാനി തല ചെരിച്ചു നന്ദുവിനെ നോക്കി..... നന്ദു അവളെ ചൂഴ്ന്ന് നോക്കുന്നുണ്ട് "ഇപ്പൊ എങ്ങനെ ഉണ്ട് രണ്ടാൾക്കും....?" അവരെ നോക്കി ജിത്തു ചോദിച്ചതും "ഞങ്ങൾ ഓക്കെയാണ് സർ...." നന്ദു മറുപടി കൊടുത്തു "ക്ലാസ്സ്‌ ഒക്കെ കുറേ മിസ്സ്‌ ആയില്ലേ.... എന്തെങ്കിലും ഡൌട്ട് ഉണ്ടെങ്കിൽ എന്നെ വിളിച്ചാൽ മതി.... എന്റെ നമ്പർ കൈയിൽ ഉണ്ടല്ലോ....?" ജാനിയെ നോക്കിയാണ് ജിത്തു ചോദിച്ചത്.... ജാനി ഉണ്ടെന്ന അർത്ഥത്തിൽ തല കുലുക്കി "എന്നാൽ പിന്നെ നിങ്ങൾ പൊയ്ക്കോ.... ഞാൻ പ്രിൻസിയെ ഒന്ന് കണ്ടിട്ട് വരാം...." അതും പറഞ്ഞു ജിത്തു അവിടുന്ന് പോയതും നന്ദു ജാനിയെ ഇരുത്തി ഒന്ന് നോക്കി "എന്താടി... 😬?" അവളുടെ നോട്ടം കണ്ട് ജാനി ദേഷ്യം നടിച്ചു "പൊന്ന് മോളെ ജാനി.... എന്റെ ഏട്ടനെ എങ്ങാനും തേക്കാനാണ് പ്ലാനെങ്കിൽ രണ്ടിനേം കൊന്ന് കെട്ടി തൂക്കും ഞാൻ...."

നന്ദു കണ്ണുരുട്ടി പറയുന്നത് കേട്ട് ജാനി അന്തം വിട്ട് അവളെ നോക്കി "വായും നോക്കി നിൽക്കാതെ വാ...."നന്ദു അവളുടെ കൈയിൽ പിടിച്ചു വലിച്ചത് കണ്ട് ജാനി നാവ് കടിച്ചു അവളെ പിടിച്ചു ക്ലാസ്സിലേക്ക് കൊണ്ട് പോയി ക്ലാസ്സിൽ ചെന്നപ്പോൾ അഭിയും ആമിയും ഭരത്തും ഒക്കെ ഉണ്ടായിരുന്നു.... "നിങ്ങൾ രണ്ടും ഇതെവിടെയായിരുന്നു.... നിങ്ങൾക്ക് എന്താ പറ്റിയെ.... ക്ലാസ്സിലും വന്നില്ല.... വിളിച്ചാൽ ഫോണും എടുക്കില്ല.... " ചെന്ന് കയറിയപ്പോൾ തന്നെ അഭിയുടെ വക പരാതി ഉണ്ടായതൊക്കെ അവരോട് പറഞ്ഞു അവർക്കൊപ്പം കൂടിയതോടെ നന്ദു പഴേത് പോലെ ആയത് കണ്ട് ജാനി ഉള്ള് കൊണ്ട് ആശ്വസിച്ചു "അല്ലെങ്കിലും ഫ്രണ്ട്സിനൊപ്പം കൂടിയാൽ മനസ്സിന് എന്ത് വിഷമം ഉണ്ടായാലും അതൊക്കെ നമ്മൾ മറക്കും...." ചിരിച്ചു കളിച്ചിരിക്കുന്ന നന്ദുവിനെ നോക്കിക്കൊണ്ട് ജാനി ചിന്തിച്ചു അവൾക്കൊപ്പം തല്ല് കൂടി ഇരിക്കുന്ന ഭരത്തിനോട് അവൾ അവന്റെ സഹോദരിയാണെന്ന് പറഞ്ഞാലോ എന്ന് ഒരു നിമിഷം അവൾ ചിന്തിച്ചു മൂർത്തി അത് അറിഞ്ഞാളുണ്ടാകാൻ പോകുന്ന ഭാവിശ്യത് ഒക്കെ ഓർത്ത് അവൾ അത് വേണ്ടെന്ന് വെച്ചു കുറച്ചു കഴിഞ്ഞു ജിത്തു വന്ന് ക്ലാസ്സ്‌ തുടങ്ങിയതോടെ എല്ലാവരും ക്ലാസ്സ്‌ ശ്രദ്ധിച്ചിരുന്നു •••••••••••••••••••••••••••••••° റൂമിൽ ഇരുന്ന് ബോറടിച്ചപ്പോഴാണ് മാനസ ഡോർ തുറന്ന് മുറിക്ക് പുറത്തിറങ്ങിയത് പുറത്ത് തന്നെ അവൾക്ക് കാവലെന്ന പോലെ ഇരിക്കുന്ന വികാസിനെയും മനുവിനെയും കണ്ട് അവൾ ഒന്ന് നിന്നു

കുറച്ചു നേരം അവരെ തന്നെ നോക്കി നിന്നു.... അവർ അവളെ കണ്ടതും പെട്ടെന്ന് ചാടി എണീറ്റു അവർ എണീറ്റത് കണ്ട് അവൾ പിന്നിലേക്ക് നീങ്ങി നിന്നു "പേടിക്കണ്ട.... ഞങ്ങൾ ഒന്നും ചെയ്യില്ല...." വികാസ് സൗമ്യമായി പറഞ്ഞതും മാനസ അവനെ ഉറ്റുനോക്കി "ചേച്ചീ....!" മനു വേദനയോടെ വിളിച്ചതും മാനസ സംശയത്തോടെ അവനെ നോക്കി "ആഹ്.... മുറിയിൽ അടച്ചിരിക്കാതെ പുറത്തൊക്കെ ഒന്ന് ഇറങ്ങാൻ പറയാൻ വന്നതായിരുന്നു ഞാൻ...." ഇള റൂമിൽ നിന്ന് പുറത്തേക്കിറങ്ങിക്കൊണ്ട് മാനസയോട് പറഞ്ഞു "മാനസ വരൂ... നമുക്കൊന്ന് നടക്കാം...." മാനസയുടെ കൈ പിടിച്ചു ഇള പതിയെ മുന്നോട്ട് നടന്നു "ഇളാ.... അത് വേണോ...?" ആശങ്കയോടെ വികാസ് ചോദിക്കുന്നത് കേട്ട് മാനസ അവനെ നോക്കി "ദൂരെ എങ്ങും പോകില്ല.... ഈ മുറ്റത്ത് തന്നെ ഉണ്ടാവും....." വികാസിനെ നോക്കി പുഞ്ചിരിച്ചുകൊണ്ട് മാനസയെ കൂട്ടി ഇള മുറ്റത്തേക്കിറങ്ങി മനുവും വികാസും സിറ്റ്ഔട്ടിൽ വന്ന് ഇരുന്നുകൊണ്ട് അവരെ വീക്ഷിച്ചു രണ്ടുപേരും എന്തൊക്കെയോ സംസാരിക്കുന്നുണ്ട്.... അവരുടെ സംസാരം നോക്കി രണ്ടുപേരും പ്രതീക്ഷയോടെ ഇരുന്നു

"എനിക്കൊരു സഹായം ചെയ്യാമോ....?" സംസാരത്തിനിടയിൽ മാനസ ഇളയോട് ചോദിച്ചു "Sure...." ഇള പുഞ്ചിരിയോടെ പറഞ്ഞു "എന്റെ മനൂട്ടനെ എനിക്ക് കണ്ടെത്തി തരുമോ ....?" അവൾ പ്രതീക്ഷയോടെ ഇളയെ നോക്കി.... ഇള പുഞ്ചിരിച്ചു "I can't....." അത് കേട്ട് മാനസയുടെ മുഖം വാടി.... ഇള അപ്പോഴും പുഞ്ചിരിക്കുകയായിരുന്നു "Hey.... വിഷമം ആയോ....?" ഇള മാനസയുടെ താടയിൽ പിടിച്ചു മുഖമുയർത്തി "കണ്മുന്നിൽ ഉള്ള ആളെ ഇനി ഞാനായിട്ട് എന്തിനാ കണ്ടെത്തുന്നെ....?" ഇള ചിരിയോടെ ചോദിക്കുന്നത് കേട്ട് മാനസ ഞെട്ടലോടെ തലയുയർത്തി നോക്കി "മാനവ്.... ഒന്ന് ഇങ്ങോട്ട് വരുമോ....?" സിറ്റ് ഔട്ടിൽ ഇരിക്കുന്ന മാനവിനെ നോക്കി ഇള ഉറക്കെ വിളിച്ചതും അവൻ സംശയത്തോടെ എണീറ്റ് വന്നു അന്നേരം ഇള വിളിച്ച ആ പേരിൽ കുരുങ്ങി കിടക്കുകയായിരുന്നു മാനസയുടെ മനസ്.....! ...തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story