💕കാണാച്ചരട് 💕: ഭാഗം 9

kanacharad

രചന: RAFEENA MUJEEB

 " ഗിരിയേട്ടൻ " ദേവയുടെ ചുണ്ടിൽ അവൾ പോലുമറിയാതെ ആ പേര് വന്നു. അകത്തേക്ക് വന്ന ഗിരിയും ദേവയെ ഒന്ന് നോക്കി. ശേഷം ദേവനെ ഒന്ന് നോക്കി പുഞ്ചിരിച്ചു. വന്നിരിക്കുന്ന ആളെ മനസ്സിലാകാതെ ദേവൻ ഗിരിയെ നോക്കി. ഞാൻ ഗിരി, അനിരുദ്ധൻ സാർ പറഞ്ഞിട്ട് വന്നതാണ് ഗിരി സ്വയം പരിചയപ്പെടുത്തി. അദ്ദേഹം ചില കാര്യങ്ങൾ എന്നെ ഏൽപ്പിച്ചിട്ടുണ്ട്, നിങ്ങൾക്ക് നേരെ ഇന്നലെ ഉണ്ടായ ആക്രമണം നിങ്ങളെ അപായപ്പെടുത്താൻ ആണോ എന്ന് അനിരുദ്ധൻ സാറിന് സംശയമുണ്ട്. അങ്ങനെ ഒരു ആപത്ത് നിങ്ങൾക്ക് ഉണ്ടെങ്കിൽ ഈ ഗിരി അത് കണ്ടെത്തി തന്നിരിക്കും അതിൽ നിന്നും നിങ്ങളെ സംരക്ഷിച്ചിരിക്കും, ഇത് ഞാൻ എന്റെ സാറിന് കൊടുത്ത വാക്കാണ്. ഗിരി യുടെ സംസാരം ദേവൻ കൗതുകത്തോടെ നോക്കിനിന്നു. ഉറച്ച ഗാംഭീര്യമുള്ള ശബ്ദം, ഒന്നിനെയും ഭയപ്പെടാത്ത പ്രകൃതം, ഒറ്റനോട്ടത്തിൽ അറിയാം ആളൊരു ഒരു തന്റേടിയാണെന്ന്. അനിരുദ്ധൻ ഭയപ്പെടുന്നതുപോലെ ഒന്നുമില്ല, അത് വല്ല മോഷ്ടാക്കളും ആയിരിക്കും ദേവൻ ഒരു പുഞ്ചിരിയോടെ ഗിരി യോട് പറഞ്ഞു.

എന്താണ് ഇന്നലെ നടന്നത് ആരാണ് ആളെ നേരിൽ കണ്ടത് എനിക്ക് വിശദമായിട്ട് കാര്യങ്ങൾ അറിയണം, ഇതിനുമുമ്പും നിങ്ങൾക്ക് നേരെ ആക്രമണം ഉണ്ടായിട്ടുണ്ടോ...? ഈ ഹോസ്പിറ്റൽ വാസവും അങ്ങനെ ഒരു ആക്രമണം ആണോ...? ഗിരി ചോദ്യങ്ങൾക്കുമീതെ ചോദ്യവുമായി ദേവനെ നേരിട്ടു. ഇന്നലെ രാത്രിയാണ് സംഭവമുണ്ടായത്, മോളാണ് അക്രമിയെ കണ്ടത് അവൾ അലറി വിളിക്കുന്നത് കേട്ടാണ് ഞാനും ഭാര്യയും ഉണർന്നത്, ഇരുട്ടിൽ ആരോ ഓടി മറയുന്നത് മാത്രമേ ഞങ്ങൾ കണ്ടുള്ളൂ, ഇതിനു മുമ്പ് ഇങ്ങനെ ഒരു ആക്രമണം ഉണ്ടായിട്ടില്ല, ഇവളെ ആരും ആക്രമിച്ചത് കൊണ്ടല്ല ഇവിടെ അഡ്മിറ്റ് ആയത്, ഏതോ ഒരു തന്തയില്ലാത്ത തെരുവ് ഗുണ്ടയുടെ ആക്രമണം നേരിൽ കണ്ടത് കൊണ്ട് പേടിച്ചു പോയതാ എന്റെ മോള്, അങ്ങനെ പനി വന്ന് അഡ്മിറ്റ് ആയതാണ് ദേവൻ ഗിരിയെ നോക്കി പറഞ്ഞു. അച്ഛൻ പറഞ്ഞത് കേട്ട് ദേവ ഇരു കണ്ണുകളും അടച്ചു തലയിൽ കൈ വെച്ചു. ഗിരി ദേവയെ ദേഷ്യത്തോടെ നോക്കി. ഇന്നത്തെ കാലത്ത് മനുഷ്യന് സമാധാനത്തോടെ വഴിനടക്കാൻ പാടില്ലാതെ ആയിരിക്കുണൂ,

ഓരോ തലതെറിച്ചവൻമാര് പൂവ് പറിക്കുന്ന ലാഘവത്തോടെയാണ് ഓരോ ജീവൻ എടുക്കുന്നത് വളർത്തു ദോഷം എന്നല്ലാതെ എന്ത് പറയാനാ. ദേവൻ തുടർന്നുകൊണ്ടിരുന്നു. അച്ഛൻ പറയുന്നത് കേട്ട് നിസ്സഹായയായി ദേവ നിന്നു. ഗിരിയുടെ മുഖം വലിഞ്ഞു മുറുകുന്നത് അവൾ പേടിയോടെ നോക്കി. കണ്മുൻപിൽ ഇങ്ങനെ ഒരു പാതകം നടന്നാൽ ആരാണെങ്കിലും പേടിച്ചു പോകും, എന്റെ കൊച്ചിന്റെ പിറന്നാളായിട്ട് കണ്ണു മുൻപിൽ ഇങ്ങനെ ഒരു അനർഥം കാണാനാണ് എന്റെ കുട്ടിക്ക് വിധി, ദേവൻ നിർത്തുന്ന മട്ടില്ല എന്ന് മനസ്സിലായ ദേവാ ഇടയിൽ കയറി അച്ഛാ എന്ന് വിളിച്ചു. ദേവൻ അവളെ സംശയത്തോടെ നോക്കി. നല്ല ദാഹം, എനിക്ക് കുടിക്കാൻ ഒരു ജ്യൂസ് കൊണ്ട് തരുവോ.....? അവൾ നാവിൽ വന്ന ഒരു കള്ളം പറഞ്ഞു. ഈ പനിയുള്ള സമയത്ത് തന്നെ വേണം നിനക്ക് ജ്യൂസ് അല്ലേ...? അതും പറഞ്ഞു സുഭദ്ര അവളെ ദേഷ്യത്തോടെ നോക്കി. അല്ല അമ്മേ ഇത്തിരി ചായ ആയാലും മതി, അവൾ വിനയത്തോടെ അമ്മയെ നോക്കി പറഞ്ഞു. ഞാൻ പോയി ചായ വാങ്ങിയിട്ട് വരാം ദേവൻ കയ്യിൽ ഫ്ലാസ്ക് എടുത്തു മുറി വിട്ടിറങ്ങി. ദേവൻ പോയതും ഗിരി ദേവയെ ഒന്ന് സൂക്ഷിച്ചു നോക്കി. എനിക്കീ കുട്ടിയുമായിട്ട് ഒന്ന് സംസാരിക്കണമായിരുന്നു, ഇന്നലെ നടന്ന കാര്യങ്ങൾ ഒന്ന് ചോദിച്ചറിയാനാണ്, ഗിരി സുഭദ്രയെ നോക്കി പറഞ്ഞു. നിങ്ങൾ സംസാരിക്ക്, ഞാൻ ഇപ്പോൾ വരാം എന്നും പറഞ്ഞു സുഭദ്ര മുറി വിട്ടിറങ്ങി. അമ്മ മുറിവിട്ടു ഇറങ്ങുന്നത് ദേവ ഭീതിയോടെ നോക്കി നിന്നു.

സുഭദ്ര മുറിയിൽ നിന്ന് ഇറങ്ങിയതും ഗിരി പോയി ഡോർ ലോക്ക് ചെയ്തു. തിരിഞ്ഞ് ദേവയെ ഒന്ന് നോക്കി അവൾക്കരികിലേക്ക് നടന്നു വന്നു. അവിടെ ഇരിക്ക്, ഗിരി അവളെ നോക്കി പറഞ്ഞു. ദേവാ അവനെ നോക്കാതെ തറയിലേക്ക് മിഴികളൂന്നി അവിടെത്തന്നെ അനങ്ങാതെ നിന്നു. ഛീ... ഇരിക്കെടി അവിടെ ഗിരി ശബ്ദമുയർത്തി പറഞ്ഞതും ദേവ പേടിയോടെ ബെഡിൽ ഇരുന്നു. കൈവിരലുകൾ പേടിച്ചുവിറയ്ക്കുന്നുണ്ട്, മുഖം വിളറി വെളുത്തിട്ടുണ്ട്, തന്റെ മുന്നിൽ ഒരു പൂച്ചക്കുട്ടിയെ പോലെ ഇരിക്കുന്ന ദേവയെ കണ്ട് ഗിരി ഉള്ളിൽ ചിരിച്ചു. . അവിടെയുണ്ടായിരുന്ന ഒരു സ്റ്റൂൾ വലിച്ചിട്ട് ഗിരി അവൾക്കു മുൻപിൽ ഇരുന്നു. സംഭവിച്ച കാര്യങ്ങളെല്ലാം അച്ഛനോട് വിവരിച്ച കൂട്ടത്തിൽ മേടം ഒന്ന് പറയാൻ വിട്ടല്ലോ....? ആ തന്തയില്ലാത്തവൻ രക്ഷിച്ചില്ലായിരുന്നുവെങ്കിൽ മറ്റൊരാളുടെ കത്തിയിൽ ജീവിതം തീർന്നു പോയേനെ എന്ന്, ഗിരി അല്പം ഗൗരവത്തോടെ അവളെ നോക്കി ചോദിച്ചു. ഞാ... ഞാനല്ല ഒന്നും പറഞ്ഞത് എന്റെ കൂടെ ഉണ്ടായിരുന്നവരാണ് ദേവ വിക്കി വിക്കി പറഞ്ഞു..

ആര് പറഞ്ഞാലും ശരി, ആ കിളവൻ പറഞ്ഞതിന് എനിക്ക് മറുപടി അറിയാഞ്ഞിട്ടല്ല തിരിച്ചു പറയാഞ്ഞത്, ഞാനേറെ ബഹുമാനിക്കുന്ന അനിരുദ്ധൻ സാറിനെ ഓർത്തിട്ടാണ്. ആരു പറഞ്ഞു ഗിരി തന്തയില്ലാത്തവൻ ആണെന്ന്, ഗിരി ഒറ്റ തന്തക്ക് പിറന്നവനാ, അതാ ചില നെറികേടുകൾ കണ്മുൻപിൽ കാണുമ്പോൾ പ്രതികരിച്ചു പോകുന്നത്, നിങ്ങളെപ്പോലുള്ള മേലാളന്മാർ അതിന് എന്ത് പേരിട്ട് വിളിച്ചാലും ഗിരിക്ക് ഒരു പ്രശ്നവുമില്ല എന്റെ മനസാക്ഷിക്ക് ശരിയെന്നു തോന്നുന്നതേ ഞാൻ ചെയ്യുന്നുള്ളൂ, അതിന്റെ പേരിൽ ഒരുത്തനെയും ഗിരിക്ക് പേടിയില്ല. ഗിരി വിറച്ചുകൊണ്ട് പറഞ്ഞു. ദേവ ഒന്നും പറയാതെ മുഖം താഴ്ത്തിയിരുന്നു. ഇനി ഇതുപോലെ വല്ലതും ആണോ ഇന്നലെ രാത്രിയും സംഭവിച്ചത്...? ഗിരി ഒരു പരിഹാസരൂപേണ അവളോട് ചോദിച്ചു. അല്ല ആരോ ഈ മുറിയിൽ വന്നു, ആ കർട്ടന് പിന്നിൽ, ഞാൻ ശബ്ദം എടുത്തപ്പോഴാണ് അയാൾ ഓടി മറിഞ്ഞത്.. ദേവ ഭീതിയോടെ പറഞ്ഞു. നിനക്ക് അയാളെ കണ്ടാൽ തിരിച്ചറിയുമോ...? ഗിരിയുടെ ചോദ്യത്തിന് അവൾ ഇല്ലാ എന്ന് ഉത്തരം നൽകി.

തൽക്കാലം സംഭവിച്ച കാര്യങ്ങൾ ആരും അറിയേണ്ട, ബാക്കി കാര്യം ഞാനേറ്റു. ഗിരി അതും പറഞ്ഞു എഴുന്നേറ്റു. അവൻ തന്റെ മുന്നിൽ നിന്നും എഴുന്നേറ്റ് പോയപ്പോഴാണ് ദേവയ്ക്ക് ശ്വാസം നേരെ വീണത്. കതക് തുറക്കാനായി ഗിരി കൈകൾ ഉയർത്തിയതും വാതിലിൽ ശക്തമായ കൊട്ടു കേട്ടതും ഒരുമിച്ചായിരുന്നു. ഗിരി ദേവയെ ഒന്നുനോക്കി വാതിൽ വലിച്ചു തുറന്നു. പുറത്തു നിൽക്കുന്ന ആളുകളെ കണ്ട ദേവ ചാടിയെഴുന്നേറ്റു. ഗിരിയുടെ മുൻപിൽ നിൽക്കുന്നു ത്രിമൂർത്തികൾ. ശ്വേത, അരുണിമ, ആരോഹി മൂന്നുപേരും ഗിരിയെ മുൻപിൽ കണ്ടു കിളി പോയി നിൽക്കുകയാണ്. ഗിരി ഏട്ടൻ, ആരോഹി മെല്ലെ പറഞ്ഞു. മൂന്നുപേരെയും ഒന്ന് നോക്കി, തിരിഞ്ഞു ദേവയെ ഒന്നുകൂടി നോക്കി ഗിരി ആ മുറി വിട്ടിറങ്ങി. ഗിരി പോകുന്നതും നോക്കി മൂന്നുപേരും പകച്ചുനിന്നു. കുറച്ചുസമയം മൂന്നുപേരും ആ നിൽപ്പ് നിന്നു. പിന്നെ എന്തോ ഓർത്തിട്ടെന്നപോലെ ദേവയുടെ അടുത്തേക്ക് ധൃതിയിൽ വന്നു. അയാൾ എന്താ ഈ മുറിയിൽ....? ശ്വേതയാണ് ആദ്യം ചോദിച്ചത്. ആര്..? ദേവ മനസ്സിലാകാത്തത് പോലെ ചോദിച്ചു. ഗിരി ഏട്ടൻ.. ആരോഹി ആണ് അവൾക്ക് മറുപടി കൊടുത്തത്. അ.... അയാളോ... അയാൾ ഈ വഴി പോയപ്പോൾ വെറുതെ കയറിയതാവാം,

ദേവ ഒരു ഒഴുക്കൻ മട്ടിൽ പറഞ്ഞു. കളിക്കാതെ കാര്യം പറ ദേവാ., ഈ വഴി കേറാൻ ഇത് എന്താ സത്രമാണോ...? അരുണിമ കുറച്ച് ദേഷ്യത്തോടെ ചോദിച്ചു. ഞാൻ സത്യമാണ് പറയുന്നത്, അയാൾ എന്തിനാ വന്നത് എന്ന് എനിക്കറിയില്ല, ആരെയെങ്കിലും കണ്ടപ്പോൾ മറഞ്ഞിരിക്കാൻ വേണ്ടി കയറിയത് ആവാം, തലേദിവസം നടന്ന സംഭവങ്ങൾ ആരും അറിയരുതെന്ന് ഗിരി പറഞ്ഞതുകൊണ്ട് ദേവ മനപൂർവ്വം അതെല്ലാം അവരിൽ നിന്നും മറച്ചുവെച്ചു. അപ്പോൾ നീ ഒന്നും ചോദിച്ചില്ലേ അവളോട്..? ശ്വേത സംശയത്തോടെ ചോദിച്ചു. മനുഷ്യൻ പേടിച്ച് നിൽക്കുമ്പോൾ അല്ലെ സംശയം തീർക്കുന്നത്..? ദേവ മൂന്നുപേരെയും നോക്കാതെ പറഞ്ഞു. നീ പറയുന്നത് സത്യമാണോ...? ആരോഹി സംശയത്തോടെ ചോദിച്ചു. അല്ല നൊണ, വേണമെങ്കിൽ വിശ്വസിച്ചാൽ മതി ദേവ ചിറി കോടി കൊണ്ട് പറഞ്ഞു. അമ്മായിയും മാമനും ഒക്കെ എവിടെ...? അരുണിമ ചോദിച്ചു. അച്ഛൻ ചായ മേടിക്കാൻ പോയിട്ടുണ്ട്, അമ്മ ഇവിടെ ഉണ്ടായിരുന്നു. ദേവ അമ്മയെ അന്വേഷിക്കുന്നത് പോലെ കണ്ണുകൾ കൊണ്ട് പരതിക്കൊണ്ട് പറഞ്ഞു. നിന്റെ പനി എങ്ങനെയുണ്ട്...? അരുണിമ ദേവയുടെ നെറ്റിയിൽ കൈവെച്ച് ചോദിച്ചു. ആഹാ പനിയൊക്കെ പമ്പകടന്നല്ലോ അപ്പോൾ ഇന്ന് ഡിസ്ചാർജ് ഉണ്ടാവുമോ..,?

അവൾ ദേവയെ നോക്കി ചോദിച്ചു. അറിയില്ല, ഡോക്ടർ വന്നാൽ അറിയാം ദേവ അവളെ നോക്കി പുഞ്ചിരിയോടെ പറഞ്ഞു. നീ ഇന്നലെ ഇല്ലാത്തതുകൊണ്ട് പ്രസാദ് സാറിന് ഒരു ഉഷാർ ഉണ്ടായില്ല ക്ലാസ്സെടുക്കാൻ, ഇനി ഇന്ന് കൂടി നിന്നെ കണ്ടില്ലെങ്കിൽ ആള് വല്ലാത്ത നിരാശയിൽ ആവും ശ്വേത ഒരു പുഞ്ചിരിയോടെ അവളെ നോക്കി പറഞ്ഞു. അത് കേട്ടതും അതുവരെ ചിരിച്ചു കൊണ്ടിരുന്ന ദേവയുടെ മുഖം മാറി. മൂന്നുപേരെയും ദേഷ്യത്തോടെ നോക്കി അവൾ മുഖം തിരിച്ചിരുന്നു. അയ്യോടാ അപ്പോഴേക്കും പിണങ്ങിയോ...? ഞങ്ങൾ ചുമ്മാ പറഞ്ഞതല്ലേ...? അങ്ങനെ ഒരു പ്രസാദ് സാറിനും ഞങ്ങൾ വിട്ടുകൊടുക്കില്ല ഞങ്ങളുടെ ഈ തമ്പുരാട്ടി കുട്ടിയെ എന്ന് പറഞ്ഞ മൂന്ന് പേരും അവളെ ചേർത്തു പിടിച്ചു. മൂന്നുപേരുടെയും സ്നേഹപ്രകടനം കണ്ടുകൊണ്ടാണ് സുഭദ്ര അവിടേക്ക് വന്നത്. കുറച്ചുനേരം അവരുടെ കൂടെ ഇരുന്ന് മൂന്നുപേരും കോളേജിലേക്ക് പോയി.

തലേന്ന് സംഭവിച്ച കാര്യങ്ങൾ ആരെയും അറിയിക്കരുത് എന്ന് ഗിരി പ്രത്യേകം പറഞ്ഞതിനാൽ മൂന്നുപേരും അതിനെക്കുറിച്ച് ആരോടും മിണ്ടിയില്ല. ഓഫീസിലെ ഒരു അത്യാവശ്യ കാര്യം ചെയ്ത് തീർക്കാനുണ്ട് എന്നും പറഞ്ഞു ദേവൻ നകുലനോടൊപ്പം ഓഫീസിലേക്ക് പോയി. രാത്രി ഏറെ വൈകിയാണ് ദേവൻ ഹോസ്പിറ്റലിൽ എത്തിയത്. നകുലനും അഖിലിനും ഓഫീസിലെ ചില കാര്യങ്ങളുമായി കോയമ്പത്തൂരിലേക്ക് പോകണം എന്നതിനാൽ അവർ ഹോസ്പിറ്റലിൽ കയറാതെ ദേവനെ അവിടെ ഇറക്കി വീട്ടിലേക്ക് പോയി. ഭക്ഷണം കഴിച്ച് എല്ലാവരും കിടന്നപ്പോൾ നേരം ഒരുപാട് ആയിരുന്നു. പുറത്ത് അവർക്ക് കാവലായി ഗിരിയും ഉറക്കമൊഴിച്ച് ശത്രുവിനെ പ്രതീക്ഷിച്ചിരിക്കുന്നുണ്ട്...... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story