കാണാ മറയത്ത്..❤: ഭാഗം 10

kanamarayath

രചന: മീര സരസ്വതി

ലൈലയുടെ കണ്ണുകൾ നിറഞ്ഞു വന്നു.. പല രാത്രികളിലും ഉറക്കം തഴുകാതെയിരിക്കുമ്പോൾ ഇതുപോലൊരു സാമീപ്യം അവളും കൊതിച്ചിട്ടുണ്ട്... പലപ്പോഴും ഉമ്മയൊന്ന് ചേർത്ത് പിടിച്ചു ഉറക്കിയെങ്കിൽ എന്നാഗ്രഹിച്ചിട്ടുണ്ട്... ഉപ്പ വരച്ചു വെച്ച വരയിൽ ജീവിക്കുന്ന ഉമ്മയ്ക്ക് അതൊക്കെ അസാധ്യമായിരുന്നു... ആരെന്തു പറഞ്ഞാലും ഉമ്മ കൂടെയുണ്ടെന്ന ആ ഒരു വാക്കിനായി പലപ്പോഴും കൊതിച്ചിട്ടുണ്ട്... ഉമ്മ നിസ്സഹായ ആണെന്ന് അറിയാമായിരുന്നിട്ടും ഒരു സ്വാന്തനം താൻ കൊതിച്ചിട്ടുള്ളതാ... ഇന്നിപ്പോ വിഷമങ്ങളൊന്നും ചോദിക്കാതെ കൂടെ ഞാനുണ്ടെന്ന് പറയാതെ പറഞ്ഞു ചേർത്ത് പിടിച്ചു കിടക്കുന്ന ടീച്ചറമ്മയോട് എന്തെന്നില്ലാത്ത സ്നേഹം തോന്നി പെണ്ണിന്.. ഈ സ്നേഹത്തിനു പകരം ഞാനെന്താണ് നൽകേണ്ടതെന്ന് മനസ്സാലെയവൾ മൊഴിഞ്ഞു... സന്തോഷം കൊണ്ടാവാം മനസ്സാകെ ശൂന്യമായത് പോലെ.. വിഷമങ്ങളോ തന്റെ പ്രശ്നങ്ങളോ ഈ ഒരു നിമിഷത്തിൽ അപ്രത്യക്ഷമയത് പോലെ.... ലൈല കണ്ണുകളടച്ചു..

പതിയെ ഉറക്കത്തിലേക്ക് വഴുതി വീണു..... 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 ഇതേ സമയം ലൈലയുടെ വീട്.... ഹസീനയുടെ കല്യാണം കഴിഞ്ഞതും കുടുംബക്കാരെല്ലാം ഒരുമിച്ചു കൂടി... കല്യാണം കഴിയുന്നത് വരെ ലൈലയുടെ ഒളിച്ചോട്ടം സ്വകാര്യമായി സൂക്ഷിക്കാൻ അവരെല്ലാവരും ശ്രമിച്ചിരുന്നു... " കുടുംബത്തിന് മാനക്കേടായെന്ന് പറഞ്ഞാൽ മതീലോ... ഇനിയെങ്ങനെ നാട്ടരുടെ മുഖത്ത് നോക്കും...??!" "കുടുംബത്തിലിനിയും പെമ്പിള്ളേരില്ലേ.. ഇനിയൊരെണ്ണത്തിനു നല്ല പുത്യാപ്ല വരുവോ..??!! ഈ കല്യാണം നടന്നതോ നടന്നു... ഭാഗ്യം...!!" " മതം മാറ്റി അവരെ കൂട്ടത്തിൽ ചേർക്കാനല്ലെന്ന് ആര് കണ്ടു...!!" അമർഷത്തോടെ അവിടെ കൂടിയിരുന്ന ബന്ധുക്കൾ പിറുപിറുത്തു തുടങ്ങി.. ഓരോന്ന് കേട്ടതും ആലിഹാജിയുടെ ദേഷ്യമിരട്ടിച്ചു... "ഇജാസേ..... " അതേ ദേഷ്യത്തിൽ ശബ്ദമുയർത്തിക്കൊണ്ട് ആലിഹാജി ഇജാസിനെ വിളിച്ചു... " ബാംഗ്ലൂർ സ്റ്റേഷനിൽ സൽമാനും പിള്ളേരും അരിച്ചു പെറുക്കിയാരുന്നു ഉപ്പാ... അവരവിടെ ഇല്ലെന്നാ സൽമാൻ തറപ്പിച്ചു പറഞ്ഞത്.... " ചോദ്യം വരുന്നതിനു മുമ്പേ ഇജാസ് ആലിഹാജിയോടായി പറഞ്ഞു.. " എവിടെ ആയിരുന്നാലും വേണ്ടീല നാളെ രാത്രിക്കുള്ളിൽ അവളിവിടെ ഉണ്ടാവണം....

" അത്രയും പറഞ്ഞയാൾ അകത്തേക്ക് കയറിപ്പോയി... " എന്നാലും നിങ്ങളീ ചതി ചെയ്യുമെന്ന് കരുതീല വല്യുമ്മാ... അവൾടെ താളത്തിനൊത്ത് നിങ്ങളു തുള്ളുമെന്ന് കരുതീല...!!" ഇജാസ് വല്യുമ്മയോടായി പറഞ്ഞു.... " അതേടാ.. അവൾടെ താളത്തിനൊത്ത് ഞാൻ തുള്ളി.... അതെന്റെ ലൈലാബി ഒരു തെറ്റും ചെയ്തില്ലെന്ന് ഉറപ്പുള്ളോണ്ട് തന്നെയാ.... ഒരു തെറ്റും ചെയ്യാത്ത ന്റെ കുഞ്ഞിനെ ഇന്നീ ഗതിയിൽ എത്തിച്ചതും നിങ്ങളൊക്കെയാ.... അന്ന് അവളോട് സാവധാനത്തിൽ കാര്യങ്ങൾ ചോദിച്ചറിഞ്ഞെങ്കിൽ ഈ പ്രശ്നങ്ങളൊന്നും ഉണ്ടാവില്ലാരുന്നു... നിങ്ങക്കൊക്കെ അവളെക്കാൾ വലുത് നിങ്ങടെ അഭിമാനമായിരുന്നില്ലേ.... അവസാനമായി പറയുവാ എന്റെ കുഞ്ഞിന് എന്തേലും സംഭവിച്ചാ പിന്നെ നിങ്ങളൊരാളെ പോലും എന്റെ തറവാട്ടിൽ കാലുകുത്താൻ ഞാൻ സമ്മതിക്കില്ല.." ആമിനുമ്മ പറഞ്ഞു നിർത്തി.... "റൈഹാനേ... ഒന്നിങ്ങ് വന്നേ... " വല്യുമ്മ വിളിച്ചതും റൈഹാൻ അവരുടെ അടുത്തേക്ക് നടന്നു...

"എന്താ വല്യുമ്മാ...???" അരികിലേക്ക് നീങ്ങി നിന്നവൻ ചോദിച്ചതും അവന്റെ മുഖത്തേക്ക് ആമിനുമ്മ കാർക്കിച്ചു തുപ്പി.. അവൻ അവജ്ഞയോടെ പോക്കറ്റിൽ നിന്നും കർച്ചീഫെടുത്ത് തുടച്ചു... " എന്ത് പണിയാ വല്യുമ്മ നിങ്ങള് കാണിച്ചേ...??!! " റൈഹാൻ ദേഷ്യത്തോടെ മുരണ്ടു.... " നിനക്ക് ദണ്ണമുണ്ടല്ലേ...? അത്രയും പേരുടെ മുന്നിൽ വെച്ച് നീ ലൈല മോൾടെ മുഖത്തു തുപ്പിയപ്പോൾ അവളെത്ര നാണം കെട്ടിട്ടുണ്ടാകും....??!! എത്ര വേദനിച്ച് കാണും...??!! ഇതിപ്പോൾ തുപ്പിയത് ഞാനായതുകൊണ്ട് നീ തിരിച്ച് പ്രതികരിക്കുന്നില്ല... അതു പോലെ തന്നെയായിരുന്നു അന്നവളും... നിന്റെ പ്രായത്തെ മാനിച്ച് നിന്നോടുള്ള ബഹുമാനം കൊണ്ട് അവൾ പ്രതികരിച്ചിട്ടില്ല...!!! അല്ലാതെ അവൾ തെറ്റ് ചെയ്തത് കൊണ്ടല്ല..." " നിങ്ങളോടൊക്കെയായി പറയുവാണ്..... കുടുംബത്തിന് ചീത്തപ്പേരുണ്ടാക്കുന്ന ഒന്നും തന്നെ എന്റെ മോൾ ചെയ്തിട്ടില്ല.. കാശി അവളെ മതം മാറ്റുമെന്നുള്ള പേടിയും നിങ്ങൾക്ക് വേണ്ട.. നിങ്ങളുടെ അത്രയും ദുഷിച്ച ചിന്താഗതിയൊന്നും അവനില്ല... ഇനിയെങ്ങാനം ഇതിന്റെ പേരിൽ അനാവശ്യ സംസാരങ്ങൾ ഇവിടെയുണ്ടായാൽ...." താക്കീതോടെ അത്രയും പറഞ്ഞ് അവിടെ കൂടിയിരുന്ന വരെയൊക്കെ കൂർപ്പിച്ചു നോക്കിക്കൊണ്ട് വല്ല്യുമ്മ അകത്തേക്ക് കയറിപ്പോയി... അവിടെ കൂടിയിരുന്ന കുടുംബക്കാർ ഓരോരുത്തരായി അവരുടെ വീടുകളിലേക്ക് മടങ്ങി...

ഫോണിലൂടെ ആർക്കോ നിർദേശവും കൊടുത്തു കൊണ്ട് ഇജാസ് അകത്തേക്ക് കയറി.. ഫൗസിയ ഡൈനിങ് ടേബിളിന് അരികിലിരിപ്പുണ്ട്.. ഇജാസ് ഒരു കസേര വലിച്ച് അവിടെയിരുന്നു.. " നാളെ വൈകുന്നേരത്തിനുള്ളിൽ അവളിവിടെ എത്തിയിരിക്കും ഉമ്മാ... അതിനുള്ള ഏർപ്പാടൊക്കെ ഞാൻ ചെയ്തിട്ടുണ്ട്... പിള്ളേർ എല്ലായിടവും അരിച്ചു പെറുക്കുന്നുണ്ട്... " " അവൾ ഇവിടെ എത്തിയിട്ടെന്തിനാ..?? എല്ലാവർക്കും കൂടി ഇവിടെയിട്ട് അവളെ ഉപദ്രവിക്കാനല്ലേ...?? എവിടെയെങ്കിലും പോയി എന്റെ മോൾ സമാധാനത്തോടെ ജീവിച്ചോട്ടെ... നിങ്ങളെ ആരെയും ഒരുതരത്തിലും അവള് ബുദ്ധിമുട്ടിക്കില്ല... എവിടെയാ വെച്ചാൽ പൊക്കോട്ടെ.... ദയവു ചെയ്തു ഇനിയെങ്കിലും ന്റെ മോളേ ജീവിക്കാൻ അനുവദിക്കണം... നിങ്ങടെ പേരും പ്രശസ്തിയെക്കാളും നിക്ക് വലുത് ന്റെ കുഞ്ഞാണ്... അവൾ നിന്റെ പെങ്ങളാണ്... കൂടപ്പിറപ്പാണ്...!! ഒരു കോട്ടം പോലും തട്ടാതെ സംരക്ഷിക്കേണ്ട നിങ്ങൾ തന്നെ അവളെ ഇതുപോലൊരു അവസ്ഥയിലേക്ക് തള്ളിവിട്ടത്..

അവളുടെ വിഷമം കാണാനോ വേദന കാണാനോ നിങ്ങൾ ആരും ശ്രമിച്ചില്ല... കുടുംബത്തിൽ തന്നെ മറ്റുള്ളവരുടെ മുന്നിൽ വെച്ച് എത്ര അപമാനം സഹിച്ചിട്ടുണ്ട് ന്റെ മോൾ.. കുറച്ചുനാൾ ആൾക്കാർ പറയുമായിരിക്കും... പിന്നെ അവളെ കാണാതിരിക്കുമ്പോൾ ഓരോ കാര്യങ്ങളെ മറന്നുപോകും... ഉമ്മാന്റെ കാലടിപ്പാടിലാണ് സ്വർഗ്ഗം എന്നല്ലേ ഹദീസിലും ഖുർആനിലുമൊക്കെ പറഞ്ഞിരിക്കുന്നത്...?? ഉമ്മയോട് ഒരിത്തിരിയെങ്കിലും സ്നേഹം തോന്നുന്നുണ്ടെങ്കിൽ ഞാൻ പറയുന്നത് അനുസരിക്കണം എന്റെ കുഞ്ഞിനെ വെറുതെ വിട്ടേക്കണം... ഇനി അതല്ലാ ബാപ്പയുടെയും മറ്റുള്ളവരുടെയും വാക്കുകൾ കേട്ട് അവളെ ഉപദ്രവിക്കുവാൻ ആണ് ലക്ഷ്യമെങ്കിൽ പിന്നെ ഇങ്ങനെ ഒരു ഉമ്മ നിനക്ക് ഉള്ളതായി കരുതേണ്ട.. മരിച്ചെന്ന് തന്നെ കരുതിക്കോ... " ധരിച്ചിരുന്ന തട്ടത്തിൽ കണ്ണുകൾ രണ്ടും അമർത്തി തുടച്ച് അവർ അവിടെ നിന്നും എഴുന്നേറ്റ് പോയി.... ഉമ്മയുടെ സംസാരം ഇജാ സിനെ വല്ലാതെ ഉലച്ചു.... ശരിയാണ്... അന്നവിടെ സംഭവിച്ചതെന്താണെന്ന് അറിയാൻ താൻ ശ്രമിച്ചില്ല... കാശിയും ലൈലയും സംസാരിക്കാൻ വന്നപ്പോഴും താൻ കേൾക്കാൻ നിന്നില്ല.. അന്നവിടെ നടന്ന കാര്യങ്ങൾ എന്തൊക്കെയാണെന്ന് അറിയണം....

മനസ്സിൽ ഉറപ്പിച്ചു അവൻ... എന്തൊക്കെയോ ആലോചനകളോടെ ഇജാസ് ഫോൺ കയ്യിലെടുത്തു.. അന്വേഷണങ്ങളൊക്കെ തൽക്കാലം നിർത്തിവെക്കാൻ ഫോണിലൂടെ നിർദ്ദേശങ്ങൾ കൊടുത്തു കൊണ്ടവൻ മുകളിലേക്കുള്ള കോണിപ്പടികൾ കയറി.. 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 അപരിചിതമായ വഴിയിലൂടെ മുന്നിൽ കാണുന്ന നിഴൽ രൂപത്തെ പിന്തുടർന്ന് മുന്നോട്ട് നടക്കുകയാണവൾ... മുന്നിലെ വൃക്ഷത്തിന്റെ ഇലകൾക്കിടയിലൂടെ നിലാവെളിച്ചം അരിച്ചിറങ്ങുന്നുണ്ട്... ഏറെ ദൂരം പിന്നിട്ടതും ആ നിഴൽ രൂപം പെട്ടെന്ന് തിരിഞ്ഞു നോക്കി... മുഖം വ്യക്തമായില്ലെങ്കിലും ആ ഇരുട്ടിൽ ആളുടെ കണ്ണുകളുടെ തീക്ഷണത മാത്രം മുന്നിട്ട് നിന്നു.... ജ്വലിക്കുന്ന കണ്ണുകളുമായി അവളുടെ നേർക്ക് അയാൾ പാഞ്ഞടുത്തു... പിന്തിരിഞ്ഞോടാൻ ശ്രമിക്കുന്നതിനിടയിൽ എപ്പോഴോ മുന്നിലെ കല്ലിൽ തട്ടിത്തടഞ്ഞ് താഴെ വീണു... എഴുന്നേൽക്കാൻ കഠിനമായി പരിശ്രമിച്ചിട്ടും സാധിച്ചില്ല... ആ രൂപം അടുക്കും തോറും അവൾ വെട്ടി വിയർത്തു. ആളുടെ കൈകൾ കഴുത്തിനു നേരെ വന്നതും പെട്ടെന്നവൾ കണ്ണാഞ്ഞു വലിച്ചു തുറന്നു... സ്വപനമായിരുന്നെങ്കിലും അനുഭവത്തിലെന്നത് പോലെ ലൈല വല്ലാതെ വിയർത്തിട്ടുണ്ട്..

അവൾ നെഞ്ചിൽ കൈ വെച്ചു നോക്കി.. നെഞ്ച് വല്ലാതെ മിടിക്കുന്നുണ്ട്... വല്ലാതെ ഭയന്നു പോയിരുന്നു.. സ്വപ്നമാണിതെന്ന് വിശ്വസിക്കാൻ പ്രയാസം തോന്നിപ്പോയി പെണ്ണിന്... എന്തോ അപായ സൂചന പോലെ... ഭിത്തിയിലെ ക്ലോക്കിൽ നോക്കിയപ്പോൾ മണി അഞ്ചായെന്ന് കണ്ടു.. അരികിൽ കിടക്കുന്ന ടീച്ചറമ്മയെ ശല്യപ്പെടുത്താതെ ബെഡിൽ നിന്നുമിറങ്ങി വാഷ്റൂമിലോട്ട് നടന്നു... രാവിലത്തെ നിസ്കാരം നിർവഹിച്ചതിനു ശേഷം റൂമിനു വെളിയിലേക്കിറങ്ങി. കാശിയുടെ റൂം അടഞ്ഞു കിടപ്പാണ്... ഉറക്കമാവണം.. സോഫയ്‌ക്കരികിലെ ടീപ്പോയ്ക്ക് മുകളിൽ കണ്ട മാഗസിൻ കയ്യിലെടുത്ത് ബാൽക്കണിയിലേക്ക് ഇറങ്ങിച്ചെന്നു ലൈല.. നേർത്ത തണുപ്പ് മൂക്കിനുള്ളിലേക്ക് അരിച്ചു കയറുന്നുണ്ട്... ശരീരമാകെയും നേരിയ തണുപ്പ് അനുഭവപ്പെട്ടതും തട്ടമൊന്ന് ഷോൾഡറിൽ നിന്നും താഴ്ത്തിയവൾ പുതച്ചിട്ടു... അതിരാവിലെ ആയതിനാലാകണം അപ്പാർട്മെന്റ് കോമ്പൗണ്ട് വിജനമായിരുന്നു... അവളാ സ്വപ്നമൊന്ന് ഓർത്തെടുക്കാൻ ശ്രമിച്ചു..

പക്ഷേ എത്ര ശ്രമിച്ചിട്ടും തന്നെ തുറിച്ചു നോക്കിയിരുന്ന കണ്ണുകൾ മാത്രം ഓർമയിൽ വന്നില്ല... ഇന്നലത്തെ ഒരു ദിവസത്തെ പേടിയും ടെൻഷനുമൊക്കെയാകാം സ്വപ്നത്തിന് പിന്നിലെന്ന് ആശ്വസിച്ചു കൊണ്ട് കയ്യിലിരുന്ന മാഗസിൻ മറിച്ചു തുടങ്ങി... അതിനിടയിലാണ് ഒരു ശൂ ശൂ വിളി കേട്ടത്.. ശബ്ദം കെട്ട ഭാഗത്തേക്ക്‌ ലൈല നോക്കി.. തൊട്ടപ്പുറത്തെ ഫ്ലാറ്റിന്റെ ബാൽക്കണിൽ നിന്നാണ്... ഏകദേശം ലൈലയുടെ അതേ പ്രായക്കാരിയായ ഒരു പെൺകുട്ടി.. ലൈലയെ കണ്ടതും അവളൊന്ന് നാവ് കടിച്ചു... " അയ്യോ സോറി സോറി.. ഇഷച്ചേച്ചിയാണെന്ന് കരുതിയാ വിളിച്ചേ... ഷാൾ പുതച്ച് കണ്ടപ്പോ എനിക്കാളെ മനസ്സിലായില്ല.." "ഏയ്‌ അത്‌ സാരമില്ല..." "ചേച്ചീടെ റിലേറ്റീവ് ആണോ...??" "ഫ്രണ്ടാണ്..." പെട്ടെന്ന് ലൈലയ്ക്ക് അങ്ങനെ പറയാനാണ് തോന്നിയത്... "ഞാൻ അമാൽ മാലിക്ക്.... ഇതെന്റെ ബ്രോ ഫൈസാൻ മാലിക്ക്..." അപ്പോഴാണ് കയ്യിലൊരു ചായക്കപ്പുമായി ചെയറിൽ ഇരിക്കുന്ന ചെറുപ്പക്കാരനെ ലൈല ശ്രദ്ധിക്കുന്നത്... അവരുടെ ബാൽക്കണിയിൽ നിറയെ ചെടികൾ അങ്ങിങ്ങായി തൂക്കിയിട്ടതിനാൽ പെട്ടെന്ന് അവിടെ ആളുള്ളത് ശ്രദ്ധയിൽ പെടില്ല...

അമാൽ പരിചയപ്പെടുത്തിയതും അവൻ സൗമ്യമായി ഒന്ന് ചിരിച്ചു... തിരികെ ലൈലയും... "ഞാൻ ലൈല...." അമാലിനോടായി ലൈല പറഞ്ഞു... " ശരിയെന്നാൽ... കാണാം.... " ലൈല ഇരുവരോടും യാത്ര പറഞ്ഞ് അകത്തേക്ക് കയറിപ്പോയി... ടീച്ചറമ്മ വാഷ്റൂമിലാണ്.. ലൈല അടുക്കളയിലേക്ക് നടന്നു.... ഇഷാനി ഇടയ്ക്ക് വന്ന് നിൽക്കുന്നത് കൊണ്ടാവാം അവശ്യ സാധങ്ങൾ കുറച്ചൊക്കെയവിടെ ഉണ്ടായിരുന്നു... മൂന്ന് പേർക്കുള്ള കട്ടനിടുമ്പോഴേക്കും ടീച്ചർ എത്തിയിരുന്നു... " ആഹാ മോള് നേരത്തെ ഉണർന്നല്ലേ....?? " "കുറച്ചു നേരമേ ആയുള്ളൂ... സ്വപ്നം കണ്ട് ഞെട്ടിയുണർന്നതാ.. പിന്നെ കിടക്കാൻ തോന്നീല..." കയ്യിലേക്ക് ചായക്കപ്പ് വെച്ച് കൊടുത്തു കൊണ്ട് ലൈല പറഞ്ഞു... 🎶സ്വപ്നങ്ങള്‍ സ്വപ്നങ്ങളേ നിങ്ങള്‍ സ്വര്‍ഗ്ഗകുമാരികളല്ലോ.... 🎶 ടീച്ചറമ്മ പാടിത്തുടങ്ങിയതും ലൈല ബാക്കിയേറ്റു പാടി.... 🎶നിങ്ങളീ ഭൂമിയില്‍ ഇല്ലായിരുന്നെങ്കില്‍... നിങ്ങളീ ഭൂമിയില്‍ ഇല്ലായിരുന്നെങ്കില്‍... നിശ്ചലം ശൂന്യമീ ലോകം... സ്വപ്നങ്ങള്‍... സ്വപ്നങ്ങളേ നിങ്ങള്‍ സ്വര്‍ഗ്ഗ കുമാരികളല്ലോ...🎶 കാശി ഉണർന്നു വരുമ്പോൾ കേൾക്കുന്നത് തന്നെ ഇരുവരുടെയും പാട്ടായിരുന്നു.. കുറച്ചു നേരം അവിടെ തന്നെ നിന്ന് പാട്ടാസ്വദിച്ച ശേഷം അടുക്കളിയിലോട്ട് വച്ചു പിടിച്ചു...

കാശിയെ കണ്ടതും ലൈല നിശബ്ദയായി.. ചമ്മലോടെ ചിരിക്കുന്ന പെണ്ണിനെ കണ്ടതും കാശിയുടെ മുഖത്തും ചെറു പുഞ്ചിരി വിടർന്നു.. " ഫുഡ്‌ പുറത്ത് നിന്നും ഓർഡർ ചെയ്യാം അമ്മാ.. തല്ക്കാലം കുറച്ചു ദിവസത്തേക്കുള്ള സാധനങ്ങൾ ഒപ്പിക്കുവാൻ പറ്റുവോന്ന് നോക്കാം... " പകർന്ന് വെച്ചിരിക്കുന്ന ചായ കയ്യിലെടുത്ത് അടുക്കളയിൽ നിന്നും പുറത്തേക്ക് ഇറങ്ങുന്നതിനിടയിൽ കാശി പറഞ്ഞു... ലൈലയും ടീച്ചറും ടീവി കണ്ടിരിപ്പാണ്.. ബ്രേക്ക് ഫസ്റ്റ് ഓർഡർ ചെയ്യാമെന്നോർത്ത് കാശി ഫോണുമെടുത്ത് സോഫയിൽ വന്നിരുന്നു... അപ്പോഴാണ് കാളിങ് ബെൽ മുഴങ്ങിയത്.... മൂവരും ഒരു നിമിഷം മുഖത്തോട് മുഖം നോക്കിയിരുന്നു... ലൈലയുടെയും ടീച്ചറുടെയും നെഞ്ചിടിപ്പ് വർദ്ധിച്ചു... പേടിയോടെ ടീച്ചറോട് ചേർന്നിരുന്ന് ആ കൈയ്യിൽ അമർത്തി പിടിച്ചവൾ... കാശി ഡോർ തുറക്കാനായി എണീറ്റു ചെന്നു.. ഡോർ ലെൻസിലൂടെ നോക്കിയതും അവന്റെ മുഖത്തൊരു ചിരി വിടർന്നു... ഡോർ തുറന്നതും കയ്യിൽ പാത്രങ്ങളുമായി അമാൽ തിടുക്കത്തിൽ അകത്തു കയറി... "ഹേയ് മാൻ... ഇതൊന്ന് പിടിച്ചേ...." കയ്യിലിരുന്ന കേസ്രോൾ അവന്റെ കയ്യിൽ വെച്ചു കൊടുത്തു മുന്നോട്ട് നടന്നു പെണ്ണ്... "

നിങ്ങൾ വരുന്നത് മുൻകൂട്ടി പറഞ്ഞിരുന്നേൽ മമ്മിജാൻ വല്ല സ്പെഷ്യലും ഉണ്ടാക്കിയേനെ.. ഇതിപ്പോ പുട്ടും കടലയുമാ... കാശിയേട്ടന് ഇഷ്ടാണെന്നും പറഞ്ഞാ ഉമ്മി ഉണ്ടാക്കിയിക്കണേ... " കയ്യിലിരുന്ന പാത്രം ഡെയിനിങ് ടേബിളിന് മുകളിലേക്ക് വെക്കുന്നതിനിടയിൽ അവൾ പറഞ്ഞു.... അകത്തേക്ക് കയറി വന്ന അമാലിനെ കണ്ടതും ടീച്ചറും ലൈലയും ആശ്വാസത്തോടെ നിശ്വസിച്ചു... "ഇത് അമാൽ.... ഞാൻ പറഞ്ഞിട്ടില്ലേ അമ്മേ ഫൈസിയെ കുറിച്ച്..??? അവന്റെ അനിയത്തിയാ..." ടീച്ചർക്ക് അമാലിനെ പരിചയപ്പെടുത്തിക്കൊണ്ട് കാശി പറഞ്ഞു... "ഇതെന്റെ അമ്മയാ അമ്മൂസേ... അത്‌....." " ലൈല...!! " അമാൽ പറഞ്ഞതും കാശി അതിശയത്തോടെ അവളെ നോക്കി... " രാവിലെ ബാൽക്കണിയിൽ വെച്ച് ഞങ്ങൾ പരിചയപ്പെട്ടതാണല്ലോ....!!" ലൈലയെ നോക്കി കണ്ണിറുക്കി ചിരിച്ചു കൊണ്ട് അമ്മു പറഞ്ഞു... "അല്ലെടി അമ്മൂസേ, ഞാൻ വന്നത് എങ്ങനെ അറിഞ്ഞു...??!" " അതോ... നിങ്ങൾ വന്ന വഴിയിലെ സിസിടീവി നോക്കി കണ്ടു പിടിച്ചതാ..!! ഹല്ല പിന്നെ... ഇഷു ഫൈസി ബ്രോയെ വിളിച്ചിരുന്നു... കാര്യോക്കെ പറഞ്ഞു... എന്നാലും നിങ്ങളാള് കൊള്ളാലോ ബ്രോ..!!! ഒരുത്തനെ അടിച്ചിട്ട് പെണ്ണിനേം കൊണ്ട് ഒളിച്ചോടിയേക്കുന്നു....!!"

ഒരു സ്റ്റെപ് പിറകിലേക്ക് വെച്ച് തടിക്ക് കൈയും കൊടുത്ത് കാശിയെ അടിമുടി നോക്കികൊണ്ട് പെണ്ണത് പറഞ്ഞതും കാശി ചൂളിപ്പോയി... ലൈലയും ടീച്ചറും ചിരി കടിച്ചമർത്തി നിന്നു... " ഡി ബ്ലഡി കള്ള കുരിപ്പേ... " തല്ലാൻ എന്ന പോലെ കാശി കയ്യോങ്ങിയതും അമ്മു പിന്നോട്ട് ഓടിയിരുന്നു... "ഫൈസി എന്തിയെ....??!!" " ഓഫീസിൽ പോകാൻ ഇറങ്ങുവാ.. തിരിച്ചു വന്നിട്ട് കാണാമെന്ന് പറഞ്ഞു..." " അതേയ്, വേഗം കഴിച്ചിട്ട് അങ്ങോട്ട് വന്നേക്കണേ.. എനിക്ക് നിങ്ങടെ സഹസീക കഥ കേൾക്കണം.. ആ മണക്കൂസ്‌ ബ്രോയോട് സ്പീക്കറിൽ ഇട്ട് ഇഷുനോട് സംസാരിക്കാൻ പറഞ്ഞ് കേട്ടില്ല.. ഇനിയാ കഥ അറിഞ്ഞില്ലേൽ എനിക്ക് ഉറക്കം വരില്ല..!!" അവിടെ നിന്നും തിരികെ പോകുമ്പോൾ അമ്മു ലൈലയോട് പറഞ്ഞു... 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 " കാശിയേട്ടാ,ഞാൻ വീട്ടിലോട്ട് വിളിച്ചോട്ടെ...?? എനിക്ക്.. എനിക്കൊന്ന് വല്യുമ്മയോട് സംസാരിക്കണമെന്നുണ്ട്... " ആഹാരം കഴിച്ച ശേഷം മൊബൈലിൽ തല കുമ്പിട്ടിരിക്കുന്ന കാശിയോടായി ലൈല പറഞ്ഞു... " എന്തായാലും വീട്ടിലേക്ക് ഡയറക്റ്റ് വിളിക്കേണ്ട ലൈലാ... ശരത്തിനോട് ഫസിയുടെ നമ്പർ ചോദിക്കട്ടെ... അവളെ വിളിച്ചു തരാം അതാ സേഫ്... "

കാശി പറഞ്ഞത് അനുസരിക്കാതെ പെണ്ണിന് വേറെ നിർവാഹമില്ലായിരുന്നു... വീട്ടിലെ അവസ്ഥയെന്താകുമെന്ന് ആലോചിച്ചതും പെണ്ണിന്റെ ഉടലൊന്ന് വിറച്ചു.. ഉപ്പയും ഇജാസിക്കയും നല്ല ദേഷ്യത്തിലാകും.. അവരുടെ ഇടയിൽ കുറ്റവാളികളെ പോലെ ഉമ്മയും വല്യുമ്മയും നിൽക്കുന്നുണ്ടാകും.. ബന്ധുക്കളും നാട്ടുകാരും പൊടിപ്പും തൊങ്ങലും വെച്ച് ഒളിച്ചോട്ട കഥ ആഘോഷിക്കുന്നുണ്ടാകും... അത്‌ കേൾക്കുമ്പോൾ ഉപ്പയുടെ ദേഷ്യം പിന്നെയും വർദ്ധിക്കും.. ചെയ്യാത്ത തെറ്റിനു ശിക്ഷ അനുഭവിക്കേണ്ടി വരുന്നത് അവരും കാശിയും ടീച്ചറമ്മയുമാണല്ലോ ഓർത്തതും പെണ്ണിൽ പിന്നെയും കുറ്റബോധം നിറഞ്ഞു... ശരത്തിനെ കുറേ തവണ വിളിച്ചിട്ടും എടുക്കാതെ ആയപ്പോൾ കാശി വാട്സാപ്പിൽ മെസേജിട്ടു... പക്ഷേ ഡാറ്റ ഓഫായിയിരിക്കണം... മെസ്സേജ് ഡെലിവെർഡ് ആയില്ല... എന്തോ അപകടമുണ്ടെന്ന് മനസ്സ് മന്ത്രിച്ചതും ഇഷാൻവിയുടെ നമ്പറിലേക്കവൻ വിളിച്ചു... മറുപുറത്ത് നിന്ന് കേട്ട വാർത്തയറിഞ്ഞതും തലയിൽ കൈ കൊടുത്ത് കാശി സോഫയിലേക്ക് ഇരുന്നു പോയി...........തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story