കാണാ മറയത്ത്..❤: ഭാഗം 12

kanamarayath

രചന: മീര സരസ്വതി

"എവിടെ നോക്കിയാ ഇവളുമാരൊക്കെ നടക്കുന്നേ... മനുഷ്യനെ മിനക്കെടുത്താൻ...." അയാളുടെ കയ്യിൽ നിന്നും തെറിച്ചു വീണ ഫോൺ കയ്യിലെടുത്ത് തിരിച്ചും മറിച്ചും നോക്കികൊണ്ട് അയാൾ പറഞ്ഞു... "അറിയാതെ പറ്റിയതാ ചേട്ടാ.. സോറി.. ഫോണിന് എന്തേലും പറ്റിയോ..??" അപ്പോഴാണ് ലൈലയെ അയാൾ ശ്രദ്ധിക്കുന്നത്... " ഏയ്‌ സാരമില്ല.. ചെറുതായി സ്ക്രീൻ കാർഡിൽ പൊട്ടലുണ്ട്.. അത്‌ കുഴപ്പമില്ല.. മലയാളിയാണെന്ന് അറിഞ്ഞില്ല.. അതാ അങ്ങനെ പറഞ്ഞത്.... " ചമ്മലോടെ അയാൾ പറഞ്ഞു... ഒരിക്കൽ കൂടി ക്ഷമ പറഞ്ഞു കൊണ്ട് ലൈല മുന്നോട്ട് നടന്നു... അവൾ പോകുന്നത് നോക്കി നിന്ന അയാളുടെ ചുണ്ടിൽ തേടിയതെന്തോ കണ്ടെത്തിയത് പോലെ ഒരു പുഞ്ചിരി വിടർന്നിരുന്നു... " ശിവന്യ...!!" അയാളുടെ ചുണ്ടുകൾ സന്തോഷത്തോടെ മന്ത്രിച്ചു.... "പർദ്ദയിങ്ങ് താ അമ്മൂ... ആരേലും കണ്ടാൽ തീർന്നു...." നാല് ഭാഗവും കണ്ണോടിച്ചു കൊണ്ട് ലൈല പറഞ്ഞു.... " ഓഹ്ഹ് ആ കാര്യമേ ഞാൻ മറന്നുപോയെടാ.. ദാ വേഗം എടുത്തിടൂ.... " ലൈല പർദ്ധയും ഹിജാബും ധരിച്ചു....

അപ്പോഴേക്കും ഫൈസി എത്തിയിരുന്നു... " കഴിഞ്ഞോ രണ്ടാളുടേം സെലെക്ഷൻ...?? ഇനിയെന്താ പ്ലാൻ...?? " "താൽക്കാലത്തേക്കുള്ളത് ആയി.... വേഗം പേ ചെയ്യാം.... എനിക്ക് വിശന്നിട്ടു കണ്ണുകാണാൻ മേലാ... വന്നേ രണ്ടാളും...." രണ്ടാളുടെയും കയ്യിൽ പിടിച്ചു വലിച്ചു കൊണ്ട് അമ്മു മുന്നോട്ട് നടന്നു... ബില്ല് പേ ചെയ്ത് നേരെ ഫുഡ് കോർട്ടിലേക്ക് വിട്ടു... " നമുക്ക് പാഴ്‌സൽ വാങ്ങിക്കാം.. ഇവിടുന്ന് കഴിച്ചിട്ട് ഇനി ലൈലയെ ആരേലും ശ്രദ്ധിക്കേണ്ട... " " വീട്ടിലെത്തും വരെ പിടിച്ചു നിൽക്കാൻ വയ്യ ഭയ്യാ... " അത്‌ കേട്ടതും അമ്മൂസ് ചിണുങ്ങി... " നമുക്കെന്നാൽ ഓരോ ഫാലൂദ വാങ്ങിക്കാം.. വണ്ടിയിലിരുന്ന് കഴിക്കാലോ അല്ലേൽ ബ്രോസ്റ്റഡ് ചിക്കനോ ജ്യൂസോ വല്ലോം വങ്ങിക്കാം.. ഏതാ വേണ്ടേ...??" " എനിക്ക് മംഗോ ബെറി സ്മൂത്തീസ്‌ മതി... ലൈലു നിനക്കോ..?? " " എ... നിക്ക്.... എനിക്കതൊന്നും അറിയില്ല..." അതെന്താണെന്ന് അറിയാത്തതിനാൽ തന്നെ പെണ്ണ് കൈമലർത്തി.... " എങ്കിൽ പിന്നെ അത് കഴിച്ചിട്ട് തന്നെ.... ഭയ്യാ ബാസ്കിൻ റോബിനിലോട്ട് വിട്ടോ.... "

കൗണ്ടറിൽ ഓർഡർ ചെയ്ത സ്മൂത്തിക്കായി വെയിറ്റ് ചെയ്യുമ്പോഴാണ് എതിർവശത്തുള്ള ടേബിളിൽ ഇരിക്കുന്നയാളുടെ ശ്രദ്ധ ലൈലയിലും അമ്മുവിലുമാണെന്ന് ഫൈസി ശ്രദ്ധിക്കുന്നത്.. അവർ ഇരുവരും സംസാരത്തിലായതിനാൽ ഒന്നുമറിയുന്നുമില്ല... ലൈല ഹിജാബിട്ടതിനാൽ ലൈലയെ അന്വേഷിച്ചു വന്നവനാകില്ല.. വല്ല കോഴിയും ചിക്കിപ്പെറുക്കുന്നതാകണം... ഫൈസി എഴുനേറ്റ് അവരെ മറയുന്ന വിധത്തിൽ അവർക്ക് മുന്നിൽ നിന്നതും അയാൾ നോട്ടം പിൻവലിച്ചിരുന്നു... ഫൈസി സ്മൂത്തി വാങ്ങിക്കാനായി കൌണ്ടറിലോട്ട് ചെന്നപ്പോഴാണ് എതിർവശത്തു നിന്നുള്ള കൂർപ്പിച്ചുള്ള നോട്ടം ലൈല ശ്രദ്ധിക്കുന്നത്.. നേരത്തെ കൂട്ടിയിടിച്ച ആളാണ്... അവളുടെ ശ്രദ്ധ തന്നിലേക്കാണെന്ന് മനസ്സിലായതും അയാൾ കൈയുയർത്തി ശബ്ദം പുറത്ത് വരാത്ത രീതിയിൽ ചുണ്ടുകളനക്കി ഒരു ഹായ് പറഞ്ഞു.... അയാളുടെയാ നോട്ടവും ചിരിയും പന്തിയല്ലെന്ന് തോന്നിയതും ലൈല അമ്മുവിന്റെ കൈപിടിച്ചു കൌണ്ടർ ലക്ഷ്യമാക്കി നടന്നു...

" എന്താ ലൈലു എങ്ങോട്ടായീ ഓടണേ... " " നമ്മുടെ ഓപ്പോസിറ്റ് ഇരുന്നാളുടെ തുറിച്ചു നോട്ടം തീരെ ശരിയല്ലമ്മൂ... എനിക്കെന്തോ പേടി തോന്നുവാ.. നമുക്ക് ഫൈസിക്കയുടെ അടുത്തേക്ക് പോകാം... " നടത്തത്തിനിടയിൽ തന്നെ അമ്മുവിനോടവൾ പറഞ്ഞു... അപ്പോഴേക്കും സ്മൂതിയുമായി ഫൈസി അവർക്കരികിൽ എത്തിയിരുന്നു... " എന്താ പറ്റിയെ...??!" പെട്ടെന്നുള്ള ലൈലയുടെ വെപ്രാളം കണ്ടതും ഫൈസി ചോദിച്ചു.... " അവിടെ ആരോ തുറിച്ചു നോക്കിയെന്ന്... " " നിങ്ങടെ ഓപ്പോസിറ്റ് ഇരുന്നവനല്ലേ...???!! അവൻ കുറേ നേരായല്ലോ തുടങ്ങിയിട്ട്.. അവനുള്ളത് ഞാൻ കൊടുത്തോളാം... വാ... " രോഷത്തോടെ ഫൈസി മുന്നോട്ട് നടന്നു.... പക്ഷേ മൂവരും അവിടെയെത്തിയപ്പോഴേക്കും അയാൾ അപ്രത്യക്ഷനായിരുന്നു.... " അതേതോ കാട്ടു കോഴിയാ... എന്തായാലും ലൈലയെ അന്വേഷിച്ച് വന്നവനൊന്നുമാകില്ല... നമുക്ക് പെട്ടെന്ന് ഇറങ്ങിയേക്കാം...." തിരികെയുള്ള യാത്രയിൽ ഷോപ്പിങ് നടത്തിയ ക്ഷീണമോ അതോ വയറു നിറയെ സ്മൂത്തി കുടിച്ചതിന്റെയോ ആണെന്നറിയില്ല അമ്മു പെട്ടെന്ന് ഉറങ്ങിപ്പോയി...

ലൈലയ്ക്കും ഫൈസിക്കും പ്രത്യേകിച്ചൊന്നും സംസാരിക്കാനില്ലാത്തതിനാൽ പിന്നെയവിടെ ശോകമൂകമായി... ലൈല പുറത്തെ കാഴ്ചകളിൽ കണ്ണ് നട്ടിരുന്നു... കുറച്ചു ദിവസങ്ങളായി തന്റെ ലൈഫിൽ സംഭവിച്ച കാര്യങ്ങളോരൊന്നും അവൾ ഓർത്തെടുത്തു... കുറേ കാലത്തിനു ശേഷം ഒന്ന് സന്തോഷിച്ചത് ഇന്നാണെന്ന് നേർത്ത പുഞ്ചിരിയോടെ അവളോർത്തു.... ഉറക്കത്തിനിടയിൽ എപ്പോഴോ അമ്മു ലൈലയുടെ തോളിലേക്ക് ചാഞ്ഞു... ഒരു ചിരിയോടെ ലൈല അവളുടെ തലയിൽ തല ചേർത്ത് വെച്ചിരുന്നു... എപ്പോഴോ അവളും ഉറങ്ങിപ്പോയി.. " ഹെലോ.. ഹെലോ... എണീറ്റെ രണ്ടും.... " ഫൈസി വിളിച്ചപ്പോൾ രണ്ടുപേരും ഉറക്കച്ചിമിടോടെ എഴുന്നേറ്റു... " എന്താ ഭയ്യാ...? വീടെത്തിയോ...?? " ഉറക്കത്തിന്റെ അലസ്യത്താൽ ഒരു കൊട്ടുവാ വിട്ടുകൊണ്ട് അമ്മു ചോദിച്ചു... " അതുശരി... പാനിപൂരി വേണ്ടേ അപ്പോ..?? എന്നാ വീട്ടിൽക്ക് വിടാം... " " അയ്യോ ചതിക്കല്ലേ ഭയ്യാ ഞാനത് മറന്നു.. " സ്വയം തലയിലൊന്ന് കൊട്ടിക്കൊണ്ട് അമ്മു നേരെയിരുന്നു... രണ്ടു പേരെയും വാഹനത്തിൽ തന്നെയിരുത്തി വഴിയിലെ തട്ടു കടയ്ക്ക് അരികിലേക്ക് ഫൈസി നടന്നു.... കൈയിൽ ഓരോ കുഞ്ഞു പ്ലേറ്റിൽ മൂവർക്കുമുള്ള പാനിപൂരിയുമായി തിരികെ വന്നു...

"അങ്ങനല്ലാ... ദേ ഇത് പോലെ മുഴുവനായി വായേലേക്കിടൂ..." ലൈല പാനിപൂരിയുടെ കഷ്ണം കടിച്ചെടുത്തു കഴിക്കുന്നത് കണ്ടപ്പോൾ ഫൈസി അത്‌ മുഴുവൻ വായിലോട്ടിടാൻ കാണിച്ചു കൊടുത്തു... ചെറു ചിരിയോടെ ലൈലയും ഒരു പാനി പൂരി മുഴുവനായി വായേലിട്ടു... "എങ്ങനിണ്ട് ലൈലൂ..??" അമ്മു ചോദിച്ചപ്പോൾ കൈകൊണ്ട് സൂപ്പർ എന്ന് കാണിച്ചു ലൈലു... അവൾക്കൊക്കെയും പുതിയ അനുഭവമായിരുന്നു... നാട്ടിലെ വഴിയോരത്തും ഇതുപോലെ നിറയെ വഴിയോര കച്ചവടക്കാരെ കാണാം.. പക്ഷേ ഇജാസിനൊപ്പം എവിടെയെങ്കിലും പോകുമ്പോഴും ഇതുപോലുള്ള കടകളിൽ നിന്നോന്നും വാങ്ങിക്കാൻ സമ്മതിക്കില്ല... "എന്നാ വിട്ടാലോ..?? " ഫൈസിയുടെ ചോദ്യമാണ് ആലോചനകളിൽ നിന്നും ലൈലയെ ഉണർത്തിയത്... "കാശി വീട്ടിലേക്കുള്ള കുറച്ചു സാധനങ്ങളും വാങ്ങാൻ ഏൽപ്പിച്ചിട്ടുണ്ട്.. അതും കൂടി വാങ്ങിച്ചിട്ട് തിരിച്ചു പോകാം..." ഡ്രൈവിംഗ് സീറ്റിലേക്ക് തിരികെ കയറുന്നതിനിടയിൽ കാശി പറഞ്ഞു... 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸

"അവരൊത്തിരി വൈകിയല്ലോ... ഒന്ന് വിളിച്ചു നോക്ക് കാശി...." അടുക്കളയിൽ നിന്നും ടീച്ചറമ്മ വിളിച്ചു പറഞ്ഞു.... " അവരെത്തിക്കോളും അമ്മാ... ചുമ്മാ ടെൻഷനാകാതെ.... " ടീവിയിലെ ചാനലുകൾ മാറ്റി മാറ്റി ഇരിക്കുകയാണ് കാശി... അമ്മയോട് അങ്ങനെ പറഞ്ഞുവെങ്കിലും ലൈല തിരിച്ചെത്താത്ത ടെൻഷനിലാണ് നമ്മുടെ കാശി... ഈ ചാനലുകൾ മാറ്റിയുള്ള കളിയൊക്കെ ആളുടെ ടെൻഷനിന്റെ ഭാഗമാണേ... അല്ലാതെ ആളവിടെ ടീവി കാണാൻ ഇരുന്നതൊന്നുമല്ല... ഇടക്ക് എഴുന്നേറ്റ് ബാൽക്കണിയിലേക്ക് പോകുന്നുണ്ട്... അമ്മുവിന്റെ ബാൽക്കണിയിലും അനക്കമില്ലെന്ന് കാണുമ്പോൾ തിരിച്ചു വന്നു പിന്നെയും ചാനൽ മാറ്റി കളി തന്നെ... ടീച്ചർ അടുക്കളയിലെ പണികൾ തീർത്ത് കാശിക്കരികിൽ വന്നിരുന്നു.... " ഉറക്കമിളിക്കേണ്ട.. പോയി കഴിച്ചിട്ട് കിടന്നോ അമ്മാ... " " വേണ്ടടാ മോള് വരട്ടെ... അവളെത്താതെ സമാധാനായിട്ട് കിടക്കാൻ പറ്റില്ല..." കാശി പിന്നേ നിർബന്ധിച്ചില്ല... നിമിഷങ്ങൾക്ക് ശേഷം കോളിംഗ് ബെൽ കേട്ടതും ധൃതിയിലവൻ ഡോർ തുറന്നു...

"ദേ ഒരു കേടുപാടും കൂടാതെ ആളെയിവിടെ ഏൽപ്പിക്കുവാണേ...." ലൈലയെ കാശിയുടെ അടുത്തേക്ക് നീക്കി നിർത്തിക്കൊണ്ട് അമ്മു പറഞ്ഞു... ഫൈസി കൊണ്ടുവന്ന സാധങ്ങൾ അകത്തേക്ക് കയറ്റി വെച്ചു... " പറഞ്ഞതൊക്കെ ഉണ്ടെന്നു തോന്നുന്നു... എന്തേലും വിട്ടുപോയതുണ്ടേൽ പറഞ്ഞാൽ മതി നാളെ വാങ്ങിക്കാമെടാ.... " " താങ്ക് യൂ സോ മച്ച് ഡാ.... " "ഏയ്‌ വരവ് വെച്ചേക്ക്.." കാശിയുടെ പുറത്ത് തട്ടിക്കൊണ്ട് ചിരിയോടെ ഫൈസി പറഞ്ഞു... " നമ്മളെന്നാൽ ഇറങ്ങുവാടാ.. നാളെ കാണാം... " ഫൈസിയും അമ്മുവും യാത്ര പറഞ്ഞിറങ്ങി... " ഉറങ്ങാരുന്നില്ലേ....??" ടീച്ചറമ്മയുടെ അരികിൽ ചെന്നിരുന്നു ലൈല ചോദിച്ചു... " മോളിങ്ങു വരട്ടെന്ന് കരുതി... കഴിക്കാം നമുക്ക്... " വയറു നിറഞ്ഞിരിപ്പായിട്ട് കൂടി വേണ്ടെന്ന് പറഞ്ഞില്ല ലൈല.. ഇത്രയും നേരം തന്നെ കാത്തിരുന്നവരെ നിരാശപ്പെടുത്താൻ അവൾക്ക് തോന്നിയില്ല... ഫുഡ് കഴിക്കാനിരുന്നപ്പോഴും ലൈല കാശിയെ നോക്കുകയോ കാശിയോട് മിണ്ടുകയോ ചെയ്തില്ല... കാശിക്ക് ഉള്ളിലെവിടെയോ നോവുന്നതറിഞ്ഞു... അവളോട് തനിയെ സംസാരിക്കാൻ ഒരവസരം ലഭിച്ചെങ്കിലെന്ന് വല്ലാതെയവൻ കൊതിച്ചു... 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸

എത്ര ശ്രമിച്ചിട്ടും കാശിയ്ക്ക് ഉറങ്ങാൻ കഴിഞ്ഞതേയില്ല... കണ്ണടയ്ക്കുമ്പോഴൊക്കെയും ലൈലയുടെ കരഞ്ഞു കലങ്ങിയ കണ്ണുകളാണ് തെളിയുന്നത്... പാവം... വഴക്ക് പറയേണ്ടിയിരുന്നില്ല... ദേഷ്യമാകും തന്നോട്.. പെണ്ണിനോടൊരു സോറി പറയാതെ ഇനി സമാധാനമായിട്ട് ഉറങ്ങാൻ പറ്റില്ല.... കുറച്ചു നേരം കൂടി ശ്രമിച്ചെങ്കിലും പരാജയമായിരുന്നു ഫലം... ഗത്യന്തരമില്ലാതെ മുറിവിട്ടിറങ്ങി കാശി.. ഫ്രിഡ്ജിൽ നിന്നും ഒരു ബോട്ടിൽ തണുത്ത വെള്ളവെടുത്ത് മുറിയിലേക്ക് തിരികെ നടക്കാനിരുന്നപ്പോഴാണ് പുറത്തെ ബാൽക്കണിയുടെ വാതിൽ തുറന്നു വെച്ചിരിക്കുന്നത് കണ്ടത്... പതിയെ അങ്ങോട്ടേക്ക് നടന്നു... തേടിയ വള്ളി കാലിൽ ചുറ്റി എന്ന് പറയും പോലെയായി അവസ്ഥ... ലൈല അവിടെയിരിപ്പുണ്ട്... നിലത്തു കാൽ നീട്ടി ചുമരും ചാരിയിരിപ്പാണ് ആള്... പുറത്ത് നല്ല നിലാവെളിച്ചമുണ്ട്.. അത്‌ കൊണ്ട് മുഖം ആ വെട്ടത്തിൽ വ്യക്തമാവുന്നുണ്ട്... ഇടയ്ക്ക് കണ്ണ് തുറക്കുന്നത് കണ്ടപ്പോൾ കരയുകയാണെന്ന് കാശിക്ക് തോന്നി.. കാശി ശബ്ദമുണ്ടാക്കാതെ തന്നെ അവളുടെ അരികിൽ ചെന്നിരുന്നു... അപ്രതീക്ഷിതമായതിനാൽ പെണ്ണൊന്ന് പേടിച്ചു.... " ഞാനാ.... പേടിക്കേണ്ട... " വളരെ മൃദുലമായി കാശി പറഞ്ഞു...

കുറച്ചു നേരത്തേക്ക് രണ്ടുപേരും നിശബ്ദരായി... "സോറി...." രണ്ടു പേരും ഒരേ സമയത്ത് ഒരേ സ്വരത്തിൽ പറഞ്ഞതും രണ്ടു മുഖങ്ങളിലും പുഞ്ചിരി വിടർന്നിരുന്നു... " ദേഷ്യണോ ലൈലൂ....??" " ഏയ്‌ ഇല്ല.... എല്ലാവരും ഞാൻ കാരണം ബുദ്ധിമുട്ടുകയാണല്ലോ ഓർത്താ നേരത്തെ ഞാനങ്ങനെ പറഞ്ഞത്... മനപ്പൂർവ്വം സീൻ ഉണ്ടാക്കാൻ പറഞ്ഞതല്ലാ... സോറി..." " ഏയ്‌ ഞാനാ സോറി പറയണ്ടേ... ഈയൊരു സിറ്റുവേഷനിൽ തന്റെ സ്ഥാനത് ഞാൻ ആണേലും ഇതൊക്കെ തന്നെയാ പറയുക.. പക്ഷ എന്തോ അപ്പഴത്തെ ദേഷ്യത്തിൽ അങ്ങനെയൊക്കെ ദേഷ്യപ്പെട്ടു പോയതാ... " " ഹ്മ്മ്‌.. സാരില്ല.... " " തന്റെ ഇന്നത്തെ അവസ്ഥയ്ക്ക് താൻ മാത്രമല്ലെടോ ഉത്തരവാദി... അന്ന് ഞങ്ങളുടെ കയ്യിൽ വന്ന മിസ്റ്റേക്ക് ആയിരുന്നു... തന്റെ വീട്ടിലെ സിറ്റുവേഷനൊക്കെ അറിയുന്ന നമ്മൾ തന്നെ കഫെയിലേക്ക് ക്ഷണിക്കേണ്ട കാര്യമില്ലായിരുന്നു... നരിയെ കുറിച്ചുള്ള കാര്യം വീട്ടിൽ വെച്ചു തന്നെ പറഞ്ഞാൽ മതിയായിരുന്നു... അന്നെന്തോ അങ്ങനൊരു അബദ്ധം സംഭവിച്ചതാ....

" നരിയെന്ന പേര് കേട്ടതും പെണ്ണിനുള്ളിൽ ഒരു സങ്കടക്കടൽ ഇരമ്പി... കണ്ണിൽ നീർതുള്ളികൾ ഉരുണ്ടു കൂടി... " വേണ്ട ലൈലൂ, ആ വൃത്തികെട്ടവനെയോർത്ത് ഇനിയും സങ്കടപ്പെടല്ലേ.... " അവളെ മനസ്സ് മനസ്സിലാക്കിയെന്നത് പോലെ കാശി പറഞ്ഞു... " അങ്ങനെ പെട്ടെന്നൊന്നും എനിക്ക് മറക്കാൻ പറ്റില്ല കാശിയേട്ടാ... എന്റെ വീട്ടിലെ അവസ്ഥ അറിയുന്നതല്ലേ... ഒട്ടും സ്വാതന്ത്ര്യമില്ലാതെ വളർന്നതിന്റെയാകണം ആഗ്രഹിച്ചത് പോലൊരു സൗഹൃദം ലഭിച്ചപ്പോൾ വല്ലാതങ്ങ് ഒട്ടിപ്പോയത്.. ആള് ജനുവിൻ ആണെന്ന് തോന്നിയതിനാൽ തന്നെയാ ഒരാളോട് പോലും ഷെയർ ചെയ്യാത്ത പല കാര്യങ്ങളും അയാളോട് പറഞ്ഞത്... വീട്ടിൽ ഉപ്പയുടെയും ഇജാസിക്കയുടെയും കർശനങ്ങളുടെ ഇടയിൽ ശ്വാസമുട്ടി ജീവിക്കുവാരുന്നു... അപ്പോഴൊക്കെയും ആ മുഖമില്ലാ മനുഷ്യൻ എനിക്ക് വല്ലാത്ത ആശ്വാസമായിരുന്നു.... എന്നെ ഇത്രയധികം സപ്പോർട്ട് ചെയ്തൊരാൾ എന്റെ ജീവിതത്തിൽ വേറെ ഉണ്ടായിരുന്നില്ല..

ഞാൻ പ്രാണനെ പോലെ കണ്ടിരുന്ന എഴുത്തിനെ പോലും അയാൾ നല്ല രീതിയിൽ പ്രോത്സാഹിപ്പിച്ചിരുന്നു... അതാകണം ആളോട് പ്രണയം തോന്നിയതും... അന്ന് ചുറ്റുമുള്ളതൊക്കെ ഇരുട്ടായിരുന്നു.. പല വട്ടം സോഷ്യൽ മീഡിയ അബ്യൂസിനെ പറ്റിയും ചതിക്കുഴികളെ പറ്റിയും അറിഞ്ഞിട്ടും വായിച്ചിട്ടും ഞാനും അതിലൂടെയാണ് കടന്നു പോകുന്നതെന്ന് ചിന്തിച്ചതേയില്ല.. നരിയെന്ന മനുഷ്യനിൽ ഞാൻ അത്രമേൽ വിശ്വാസമർപ്പിച്ചിരുന്നു.... അയാളുടെ പ്രണയം ആത്മാർത്ഥമായിരുന്നില്ലേലും എന്റെ പ്രണയം ആത്മാർത്ഥമായിരുന്നു.... അത് കൊണ്ടാ ഞാനിന്ന് ആ പേര് കേൾക്കുമ്പോ പോലും ഇത്രയേറെ വേദനിക്കുന്നതും എത്ര ശ്രമിച്ചിച്ചിട്ടും ആളെ വെറുക്കാൻ സാധിക്കാത്തതും.." നിറഞ്ഞു വന്ന കണ്ണുകൾ അപ്പോഴേക്കും ഒഴുകി തുടങ്ങിയിരുന്നു... പെണ്ണ് രണ്ടു കണ്ണുകളും കൈകൾ കൊണ്ട് അമർത്തി തുടച്ചു.... " ഇങ്ങനെയൊരു പ്രശ്നം വന്നില്ലായിരുന്നെങ്കിൽ ആ നാറിയെ ഞാനെന്നെ തന്റെ മുന്നിൽ ഇട്ടു തന്നേനെ... ആാഹ്ഹ് സാരില്ല.. എല്ലാത്തിനും അതിന്റെതായ സമയം ഉണ്ടല്ലോ അല്ലേ...??!! അവനെ എന്റെ കയ്യിൽ കിട്ടും.... " ക്രോധത്തോടെ കയ്യിലെ ബോട്ടിൽ ഞെരിച്ചു കൊണ്ട് കാശി പറഞ്ഞു..

"ഹ്മ്മ്‌..." "ലൈലൂ... ശിവന്യ അക്കൗണ്ട് താൻ ഡിലീറ്റ് ചെയ്തായിരുന്നോ...??" " ഇല്ല, ഡിആക്ടിവേഷനിൽ ഇട്ടേക്കുവാ..." "എങ്കിൽ നമുക്കൊരു കളി കളിച്ചു നോക്കിയാലോ..?? അവനെ ചക്കിലിടാൻ പറ്റുമോന്നു നോക്കാം...." "എങ്ങനെ....??!!!" ലൈല സംശയത്തോടെ കാശിയുടെ മുഖത്തേക്ക് നോക്കി.... " ഇതിൽ തന്റെ ഐഡി ഓപ്പൺ ചെയ്യ്... " കൈയിലെ ഫോൺ ലൈലയെ ഏൽപ്പിച്ചു കൊണ്ട് കാശി പറഞ്ഞു... ലൈല അക്കൗണ്ട് ലോഗിൻ ചെയ്ത് ഫോൺ തിരികെ കാശിയെ ഏൽപ്പിച്ചു.... " പക്ഷേ നരിയുടെ അക്കൗണ്ട് ഡിലീറ്റ് ആക്കിയില്ലേ.. പിന്നെങ്ങനെയാ....???!" " ഞങ്ങളും ലൈലയും തമ്മിലുള്ള ബന്ധം എന്തായാലും അവനറിയാൻ വഴിയില്ല.... ഇത്രയും നാളായിട്ടും പിടിക്കപ്പെട്ടില്ലെന്ന കോൺഫിഡൻഡ് അവന് കാണും.. അത് കൊണ്ട് തന്നെ പുതിയ ഫേക്ക് ഐഡി എടുത്ത് ശിവന്യയുടെ അടുത്തേക്ക് അവൻ വരാതിരിക്കില്ല... എന്തേലും ന്യായീകരണവും കൊണ്ട് അവൻ വരുമെന്ന് തീർച്ചയാ... നമുക്ക് കാത്തിരിക്കാം.... " എന്തൊക്കെയോ മനസ്സിൽ ഉറപ്പിച്ചു കൊണ്ട് കാശി പറഞ്ഞു...............തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story