കാണാ മറയത്ത്..❤: ഭാഗം 29

kanamarayath

രചന: മീര സരസ്വതി

"പിണക്കമാണോ ലൈലൂ...??" "ആഹ്.. അതെ..." ലൈല മുന്നോട്ട് വന്ന് മുഷ്ടി ചുരുട്ടി അവന്റെ നെഞ്ചത്ത് ചെറുതായി കുത്തിക്കൊണ്ട്‌ പറഞ്ഞു... "ആഹ്ഹ...." വേദനിച്ചതായി അഭിനയിച്ചു കൊണ്ട് അവൻ നെഞ്ചത്ത് കൈ വെച്ചതും പെണ്ണ് ചിരിച്ചു പോയി... അന്തരീക്ഷത്തിനു അയവു വരാൻ അവളുടെയാ ചിരി മതിയാരുന്നു.... " എന്നാലേ പറ... എന്തിനാ പിണക്കം..,???" "അത് പറയൂല..." ചിരിയോടെ പറഞ്ഞു കൊണ്ട് ലൈല ചായ ഉണ്ടാക്കുന്നതിൽ ശ്രദ്ധ തിരിച്ചു... " ഈ പിണക്കം മാറ്റാൻ എനിക്കറിയാം ട്ടോ...!" ചിരിയോടെ പറഞ്ഞു കൊണ്ട് പോകുന്നവനെ ഒരു നിമിഷമവൾ നോക്കി നിന്നു പോയി... "അല്ല ടീച്ചറെ, ലൈലയുടെ കാര്യത്തിൽ എന്തേലും തീരുമാനമെടുത്തോ..?? പ്രായം തികഞ്ഞൊരു പെണ്ണല്ലേ, ഇങ്ങനെയൊരു സാഹചര്യത്തിൽ കൂടെ കൂട്ടിയതാണെങ്കിൽ കൂടിയും അവൾക്കും കാശിക്കും നാളെയൊരു ജീവിതമൊക്കെയാകുമ്പോ ചോദ്യങ്ങൾ വരും... അല്ലെങ്കിലെന്തിനാ വേറെയൊരു ജീവിതം..??!! നമ്മുടെ കാശിയും ലൈലയും തമ്മിൽ നല്ല മാച്ചല്ലേ ടീച്ചറെ..?!! അവരെയങ്ങ് ഒരുമിപ്പിച്ചു കൂടെ..??

" ലൈലയോട് കുസൃതി കാണിച്ച് പുറത്തേക്കിറങ്ങി വന്ന കാശി ടീച്ചറോട് ശരണ്യ സംസാരിക്കുന്നത് യാദൃശ്ചികമായി കേട്ടതും അവിടെ തന്നെ നിന്നു.. " ഞാനിതു വരെ അതേ കുറിച്ചൊന്നും ചിന്തിച്ചിട്ടില്ല മോളെ... ഒന്നിന് പിറകെ ഒന്നായി എന്റെ കുട്ടിക്ക് പ്രശ്നങ്ങൾ വരുന്നുണ്ട്... അതേ കുറിച്ച് മാത്രമായിരുന്നു ഇത്രേം നാളത്തെ ചിന്തകൾ.. അവർക്ക് പരസ്പരം ഇഷ്ടമാണെങ്കിൽ, ഒരുമിച്ചുള്ള ജീവിതത്തിനു തയ്യാറാണെങ്കിൽ അങ്ങനെയാവട്ടെ.. എനിക്ക് സന്തോഷമേയുള്ളൂ... ഇനിയെന്തു തന്നെയായാലും എന്റെ മനസ്സിലെപ്പോഴും അവളെന്റെ മോളാ... " അത് കേട്ടപ്പോൾ കാശിക്ക് സന്തോഷം കൊണ്ട് അലറി വിളിക്കാൻ തോന്നിപ്പോയി... പണ്ടൊരിക്കൽ മനസ്സിൽ പൊട്ടിമുളച്ച പ്രണയത്തെ മുളയിലേ നുള്ളിക്കളഞ്ഞയാളാണ് ഈ പറഞ്ഞേക്കുന്നത്... ചിരിയോടെ കാശി മുറ്റത്തേക്കിറങ്ങി.. തിരിച്ചു വരുമ്പോൾ കയ്യിലൊരു പൊതിയുണ്ടായിരുന്നു.. അടുക്കളയിലെത്തിയപ്പോൾ ലൈല ചായ ഗ്ലാസ്സുകളിലേക്ക് പകർത്തുകയാണ്...

മുന്നിലാരോ വന്നു നിൽക്കുന്നുവെന്ന തോന്നലിൽ തലയുയർത്തി നോക്കിയ ലൈല കാണുന്നത് വിടർന്ന ചിരിയോടെ മുന്നിൽ നിൽക്കുന്ന കാശിയെയാണ്... ആ ചിരിക്ക് പതിവിലും കൂടുതൽ പ്രത്യേകതയുള്ളതായി അവൾക്ക് തോന്നിപ്പോയി.... " വൈകുന്നേരം പാർട്ടിക്ക് പോകുമ്പോ ഇതിടോ..??" കയ്യിലെ കവർ അവളുടെ നേരെ നീട്ടിക്കൊണ്ട് ചോദിച്ചപ്പോൾ ഒരു നിമിഷമവൾ കൗതുകത്തോടെ അതിലേക്ക് നോക്കി... ആദ്യത്തെ പകപ്പ്‌ മാറിയതും കാശി നീട്ടിപ്പിടിച്ചിരിക്കുന്ന കവർ അവൾ വാങ്ങിച്ചു.. ശേഷമൊന്നും പറയാതെ ട്രേയിൽ വെച്ചിരിക്കുന്ന ചായ കപ്പുകളുമെടുത്ത് കാശി മുകളിലേക്ക് നടന്നു.. അടക്കാനാകാത്ത സന്തോഷം തോന്നി ലൈലയ്ക്ക്... ആകാംക്ഷയടക്കാതെ കവറുമെടുത്ത്‌ റൂമിലേക്ക് ഓടിക്കയറി കതകടച്ചു.. തുറന്നു നോക്കിയപ്പോൾ അധികം ആർഭാടമില്ലാത്ത എന്നാൽ മനോഹരമായ പാർട്ടി വെയർ ചുരിദാറായിരുന്നു... ഒലിവ് ഗ്രീൻ കളർ സിമ്പിൾ ടോപ്പിന് ലൈറ്റ്‌ പീച്ച് കളർ പാന്റും സീക്വൻസ് വർക്കുകളുള്ള‌ മാച്ച് ദുപട്ടയും....

കണ്ണാടിയുടെ അരികിലേക്ക് നീങ്ങി നിന്നവൾ ദുപട്ട തലയിലൂടെ പുതച്ചു നോക്കി.. തനിക്കത്‌ നന്നായി ഇണങ്ങുന്നുണ്ടെന്ന് കണ്ടതും ആ മുഖത്ത് പുഞ്ചിരി വിടർന്നു... സന്തോഷത്തോടെ ദുപട്ടയിൽ മുഖം പൂഴ്ത്തി ആ പുതുമണമവൾ ആഞ്ഞു ശ്വസിച്ചു... 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 " രണ്ടാൾടേം ഒരുക്കം കഴിഞ്ഞില്ലേ അമ്മൂസേ...??" ലൈലയുടെ റൂമിന് പുറത്തു നിന്ന് കതകിൽ തട്ടിക്കൊണ്ട് ഫൈസി ചോദിച്ചു.. " ജസ്റ്റ് ടു മിനുട്സ് ഭയ്യാ... കഴിയാറായി...... ഇപ്പോ വരാം..." " അമ്മിയും അബ്ബയും വന്നിട്ടുണ്ട്... ഞങ്ങളെല്ലാരും മുകളിൽ കാണും... അങ്ങോട്ടേക്ക് വന്നേക്ക്ട്ടാ...." അത്രയും പറഞ്ഞ് ഫൈസി പോയി.. " ആഹാ അങ്കിളും ആന്റിയും ഉണ്ടോ..?? അതേതായാലും നന്നായി... ഏതു മൂവിക്കാ പോകുന്നെ അമ്മൂസേ..?? ഫൈസിക്ക എന്തേലും പറഞ്ഞാരുന്നോ...??" " ഇല്ലഡാ... അവിടെ ചെന്നിട്ടാവും ടിക്കറ്റ് എടുക്കുന്നെ... " ശ്രദ്ധയോടെ ലൈലയ്ക്ക് ഐലൈനർ വരച്ചു കൊടുക്കുന്നതിനിടയിൽ അമ്മു പറഞ്ഞു... ബെഡിൽ കിടക്കുന്ന ദുപട്ട കൂടി അവളെ അണിയിച്ചു...

" wooooww....!!!! മേകപ്പ് ആർട്ടിസ്റ്റ്‌ ഞാനായത് കൊണ്ട് പറയുവല്ല ലൈലൂ.... you are looking gorgeous....!!!!" ലൈലയുടെ കവിളിൽ മുത്തിക്കൊണ്ട് അമ്മു പറഞ്ഞതും അവളൊന്ന് പുഞ്ചിരിച്ചു.. ലൈലയെ ഒരുക്കി കഴിഞ്ഞ് അമ്മുവും ഒരുങ്ങിയതിനു ശേഷം ഇരുവരും ടെറസിലേക്കുള്ള കോണിപ്പടികൾ കയറി.. ടെറസിലേക്കുള്ള വാതിൽ കടന്നപ്പോൾ അവിടെയാകെ അലങ്കരിച്ചു കണ്ട ലൈല നിമിഷ നേരത്തേക്ക് അത്ഭുധത്താൽ വാ പൊളിച്ചു നിന്നു പോയി... " ഏഹ്ഹ് ഔട്ടിങ് എന്ന് പറഞ്ഞ് ഇവിടെയാണോ പാർട്ടി...??!!" അത്ഭുതം മറച്ചു വെക്കാതെ ലൈല ചോദിച്ചു... " അതൊക്കെയുണ്ട് നീ വന്നേ..." അമ്മു അവളെ പിടിച്ചു വലിച്ച് മുന്നോട്ട് നടന്നു.. മ്യൂസിക് ക്ലാസ് സ്റ്റുഡിയോയിൽ എല്ലാവരും കൂട്ടം കൂടി നിൽപ്പുണ്ട്.. ലൈലയെ കണ്ടതും ഇഷ കയ്യിലുള്ള പാർട്ടി പോപ്പർ തിരിച്ചു പൊട്ടിച്ചു.. അവളുടെ മേലേക്ക് വർണ്ണക്കടലാസുകൾ വീണതും എല്ലാവരുമൊരുമിച്ച് കയ്യടിച്ച് ആർത്തു വിളിച്ചു കൊണ്ടവളെ വരവേറ്റു... " Happy birthday ലൈലാ....!!!" എല്ലാവരും ഒരുമിച്ച് പറഞ്ഞപ്പോൾ ലൈലയാകെ ഞെട്ടി.. സന്തോഷത്താൽ അവൾ കരഞ്ഞു പോയപ്പോൾ അമ്മു അവളെ കെട്ടിപ്പിടിച്ചു... ഇന്നത്തെ ദിവസം തന്നെ താൻ മറന്നു പോയിരിക്കുന്നു..

കോളേജിൽ പോകാതെ ചുമ്മാ വീട്ടിലിരിപ്പായത് കൊണ്ടാവണം ദിവസങ്ങളോ ഡേറ്റോ ഒന്നുമിപ്പോൾ ഓർമയിൽ ഉണ്ടാവാറില്ല... " മതി മതി... ഇന്നിനി കരച്ചിലൊന്നും വേണ്ടാ... ചിൽ ഗേൾ ചിൽ.... !! വാ...." ഇഷ അവളെയും കൊണ്ട് മുന്നോട്ട് നടന്നു... ഓരോരുത്തരായി അവൾക്ക് ഷേക്ക് ഹാൻഡ് കൊടുത്തു കൊണ്ട് ഒന്നുകൂടി വിഷ് ചെയ്തു.. " ദേ നിൽക്കുന്നു നമ്മുടെ സർപ്രൈസിന്റെ മാസ്റ്റർ ബ്രെയിൻ...!!" അടുത്ത് നിൽക്കുന്ന കാശിയെ ചൂണ്ടിക്കാണിച്ച് ഒരു ആക്കിയ ചിരിയോടെ ശരത്ത് പറഞ്ഞു... പക്ഷേ, താൻ സമ്മാനിച്ച ഡ്രെസ്സിൽ മനോഹാരിയായി നിൽക്കുന്നവളെ പരിസരം മറന്ന് നോക്കുകയായിരുന്ന കാശി അവൻ പറഞ്ഞത് കേട്ടതേയില്ല... അത് മനസ്സിലായതും ശരത്ത് അവന്റെ തോൾ കൊണ്ട് കാശിയുടെ തോളിൽ തട്ടി.. പെട്ടെന്നുള്ള തിരിച്ചറിവിൽ അവളുട കൈ പിടിച്ച് കുലുക്കി കാശി ആശംസിച്ചപ്പോൾ ലൈല അവനെ നോക്കി ഹാർദ്രമായി പുഞ്ചിരിച്ചു... കേക്ക് വെച്ച ടേബിളിനു അരികിൽ എത്തിയപ്പോൾ ലൈല ചുറ്റുമൊന്ന് കണ്ണോടിച്ചു..

ഭിത്തിയിലൊക്കെയും ബലൂൺ കൊണ്ട് മനോഹരമായി അലങ്കരിച്ചിട്ടുണ്ട്... സോഫ സ്വിങ്ങിൽ ഡെക്കറേഷൻ ലൈറ്റ്സ്‌ വെച്ച് അലങ്കരിച്ചിട്ടുണ്ട്.. റോസാപ്പൂക്കളുടെ ഫ്രോസ്റ്റിങ്ങുള്ള കേക്കിൽ നല്ല ഭംഗിയായി " ഹാപ്പി ബേത്ത്ഡേ ലൈലൂസ്‌" എന്നെഴുതി വെച്ചിട്ടുണ്ട്... കേക്ക് കൂടാതെ ടേബിളിനു മുകളിൽ ഡോണട്സും കപ്പ് കേക്ക്സും ഡ്രിങ്ക്‌സും ഉണ്ട്.. എല്ലാം പീച്ച് ഒലിവ് ഗ്രീൻ കളർ തീമിലായിരുന്നു എന്നതാണ് പ്രത്യേകത.. കുറച്ച് മാറി ഇട്ടിരിക്കുന്ന ടേബിളിൽ ഫുഡിന്റെ അറേഞ്ച്മെന്റ്സ്‌ ചെയ്തു വെച്ചിട്ടുണ്ട്... ടെറസിന്റെ ഒരറ്റത്ത് ചിക്കൻ ഗ്രിൽ ചെയ്യാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്... " ഇതെന്റെ മോൾക്ക് ടീച്ചറമ്മേടെ വക...." ടീച്ചറവളുടെ കയ്യിലൊരു സമ്മാനപ്പൊതി വെച്ച് കൊടുത്ത് കവിളിൽ മുത്തിയതും അവളുടെ കൺ കോണുകളിൽ നീർക്കണങ്ങൾ ഉരുണ്ടു കൂടി... ടീച്ചറുടെ പിറകെ ഓരോരുത്തരായി വന്ന് സമ്മാനപ്പൊതി അവളെയേൽപ്പിച്ചു.. ജീവിതത്തിൽ ആദ്യമായിട്ടാണ് ഇങ്ങനെയൊരു ജന്മ ദിനാഘോഷം.. ഇത്രയും സമ്മാനങ്ങൾ കിട്ടുന്നത് ആദ്യമായിട്ടാവും.. സാധാരണ ഇക്കാക്കമാർ രണ്ടാളും രേണുവും സ്ഥിരമായി സമ്മാനങ്ങൾ തരും...

ഉമ്മയുടെയും വലിയുമ്മയുടെയും വക രാത്രിയിൽ ബിരിയാണി കാണും അതിൽ കൂടുതലൊരാഘോഷവും ഉണ്ടാകാറില്ല... തന്നെ സ്നേഹിക്കാനും തന്റെ സന്തോഷങ്ങൾ ആഘോഷമാക്കാനും ഇപ്പോൾ നിറയെ ആളുകളുണ്ടല്ലോ... ഓർത്തതും സന്തോഷത്താൽ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി... അതേ സമയം തന്നെ ഇന്നത്തെ ഒരു ദിവസം വിഷ് ചെയ്യാൻ ഉമ്മ പോലും വിളിച്ചില്ലല്ലോ എന്നോർത്തതും ചെറിയൊരു നോവുള്ളിൽ തികട്ടി വന്നു... "കേക്ക് കട്ട് ചെയ്ത് നമുക്ക്‌ തുടങ്ങാം അല്ലെ...??!!" ഇഷ പറഞ്ഞതും എല്ലാരും ഒരുപോലെ സമ്മതം മൂളി... ലൈല കേക്ക് കട്ട് ചെയ്തതും അവിടെയാകെ കരഘോഷം മുഴങ്ങി... " സന്തോഷ ജന്മദിനം കുട്ടിക്ക്.. സന്തോഷ ജന്മദിനം കുട്ടിക്ക്..." ശരത്ത് പാടി തുടങ്ങിയതും കാശിയും അമ്മുവും ഇഷയും ഫൈസിയും അതേറ്റു പിടിച്ചു... കേക്ക് എല്ലാവർക്കും പങ്കു വെച്ചു കഴിഞ്ഞതും ശരത്ത് അതിൽ നിന്നും ക്രീമെടുത്ത് കാശിയുടെ മുഖത്തു പുരട്ടി ലൈലയ്ക്ക് ചുറ്റും ഓടി.. പിന്നാലെ ക്രീമുമായി കാശിയുമോടി...

വട്ടം ചുറ്റി തളർന്നപ്പോൾ ലൈലയെ പിടിച്ച് നേരെ നിർത്തി ശരത്ത് അവളുടെ പിന്നിലൊളിച്ചു.. ലൈലയുടെ കഴുത്തിന് പിറകിലൂടെ കയ്യിട്ട് ക്രീം ശരത്തിന്റെ മുഖത്തു പുരട്ടാൻ അവൻ ശ്രമിച്ചപ്പോൾ ശരത്ത് പെട്ടെന്നവളെ കാശിയുടെ മേലേക്ക് തള്ളിയിട്ട് ഓടി... ലൈല വീഴാതിരിക്കാൻ അവളെ കാശി താങ്ങിയെങ്കിലും ബാലൻസ് കിട്ടാതെ അവളെയും കൊണ്ടവൻ താഴേക്ക് പതിച്ചു... കാശിയുടെ മുകളിൽ വീണു കിടക്കുന്നവൾ പതിയെ കണ്ണ് തുറന്നു നോക്കി... തന്നെ തന്നെ നോക്കി കിടക്കുന്ന കാശിയെ കണ്ടതും ലൈലയുടെ കണ്ണുകൾ കുറുകി, ചുണ്ടുകൾ വിറച്ചു... കാശിയുടെ കണ്ണാകെയും അവളുടെ മുഖത്തിലൂടെ പരതി നടന്നപ്പോൾ ആ നോട്ടത്തിന്റെ മാന്ത്രിക വലയത്തിൽ തരിച്ചിരിപ്പായിരുന്നു അവൾ... പെട്ടെന്നൊരു നിമിഷം രണ്ടു പേരുമേതോ മായാ ലോകത്തിൽ എത്തിപ്പെട്ട അവസ്ഥയിലായിരുന്നു.. ഇരുവരുടെയും ഹൃദയമിടിപ്പുകൾ ഏറി വന്നു... ചുറ്റിനും കൂട്ടച്ചിരി മുഴുങ്ങിയപ്പോഴാണ് ഇരുവർക്കും പരിസര ബോധമുണ്ടായത്...

കാശിയുടെ മുകളിൽ നിന്നും ലൈല എഴുന്നേൽക്കാൻ ശ്രമിക്കുമ്പോൾ സഹായിക്കാനായി ഒരു കൈ നീണ്ടു വന്നു.. ഫൈസിയാണേ.... അവളാ കൈയിൽ പിടിച്ച് എഴുന്നേറ്റു നേരെ നിന്നു... " സോറി ഡാ മച്ചാ..." കാശിയ്ക്ക് നേരെ എഴുന്നേൽക്കാനായി കൈ നീട്ടികൊണ്ട് ശരത്ത് പറഞ്ഞു.. "പോടാ..." കോപം നടിച്ചു കാശി... " നമുക്കെന്നാൽ ടീച്ചറുടെയും ലൈലയുടെയും പാട്ട് കേട്ടാലോ....???" ശരത്ത് വിഷയം മാറ്റാനായി പറഞ്ഞതും എല്ലാവരും ഓരോ ഇടങ്ങളിലായി പോയി ഇരുന്നു.. " വാ കാശി നമുക്ക് ഗ്രിൽ ചെയ്യാം..." " ഇപ്പോ വരാടാ.. ഒരു മിനിറ്റ്..." " ഏഹ്ഹ് എവിടെ പോകുവാടാ...???!!! " ശരത്ത് ചോദിച്ചപ്പോൾ കാശി ചിരിയോടെ ചെറുവിരൽ ഉയർത്തിക്കാണിച്ചു... " ഉം.. ഊം... മനസ്സിലായി....!!" പിന്നിൽ ശരത്ത് കളിയാക്കി ചിരിച്ചത് കേട്ടതായി ഭാവിക്കാതെ അവൻ ടെറസിനു പുറത്തേക്ക് നടന്നു... വെളിയിലെത്തിയതും അവൻ നെഞ്ചിൽ കൈ വെച്ച് നിന്നു... ശ്വാസം ആഞ്ഞെടുത്ത് പുറത്തു വിട്ടുകൊണ്ട് നെഞ്ചിടിപ്പ് സാധാര ഗതിയിലാക്കാൻ ഒരു ശ്രമം നടത്തി... ടെറസിൽ നിന്നും ടീച്ചറുടെ പാട്ടുയർന്നു കേൾക്കാം..

നിമിഷങ്ങളോളം വീഴ്ചയുടെ ഓർമകളിൽ പാട്ടും കേട്ട് അവിടെ തന്നെ നിന്നവൻ.. കുറച്ചു കഴിഞ്ഞതും അകത്തേക്ക് കയറി ശരത്തിന്റെ സമീപത്തേക്ക് ചെന്ന് അവനോടൊപ്പമിരുന്നു... എത്ര നിയന്ത്രിച്ചിട്ടും അവന്റെ നോട്ടം ഇടയ്ക്കിടെ ലൈലയിലേക്ക് പാളി വീണു കൊണ്ടേയിരുന്നു... പക്ഷെ, ലൈലയാണേൽ കാശിയുള്ള ഭാഗത്തേക്ക് പോലും നോക്കാതിരിക്കാൻ ശ്രദ്ധിച്ചു... എല്ലാവരും പാട്ടും ഡാൻസുമൊക്കെയായി ആഘോഷം പൊടിപൊടിച്ചു.. ഒടുവിൽ തളർന്നപ്പോൾ ഫുഡ് കഴിക്കാമെന്നുള്ള തീരുമാനത്തിലെത്തി... ഡിസ്പോസബിൾ പ്ലേറ്റിൽ കഴിക്കാനുള്ളതുമെടുത്ത് അവർ ചുറ്റിനും കൂടിയിരുന്നു... അമ്മുവിന്റെയടുത്ത് ലൈലയിരുന്നപ്പോൾ ഇത്തവണ അവസരം നഷ്ടപ്പെടുത്താതെ കാശി ലൈലയുടെ അടുത്ത് ചെന്നിരുന്നു... കഴിച്ചു കഴിഞ്ഞതും അവരെല്ലാം അവിടെ തന്നെയിരുന്ന് ഓരോരോ സംസാരത്തിലായി... " നീയിനി എന്നാടാ ജോയിൻ ചെയ്യുന്നേ...?" " പ്രശ്നങ്ങളൊക്കെ തൽക്കാലത്തേക്ക് ഒതുങ്ങിയ സ്ഥിതിക്ക് ഈ വീക്കിൽ തന്നെ ജോയിൻ ചെയ്യണമെടാ..." കാശിയും ശരത്തും ഫൈസിയും ഇഷയും ഓഫീസ് ടോക്കിലേക്ക് വഴുതി വീണു..

. "രേണു ഒന്ന് വിളിച്ചത് പോലുമില്ലല്ലോ അമ്മൂ... ??!!സാധാരണ പന്ത്രണ്ട് മണിയാകുമ്പോ വിളിച്ച് വിഷ് ചെയ്യുന്നതാ... ഇന്നലെത്തെ പ്രശ്നത്തിന് ശേഷം ഞാൻ ഫോണെടുത്തത് കുറവാ..." " ചിലപ്പോ വിളിച്ചു കാണും ലൈലൂ..." നിരാശയോടെ ലൈല പറഞ്ഞപ്പോൾ അമ്മു അവളെ സമാധാനിപ്പിച്ചു.. " വിളിച്ചു കാണുമെന്നല്ല വിളിച്ചിരുന്നു... സർപ്രൈസ് പൊളിയേണ്ടെന്ന് കരുതി തന്റെ ഫോണിൽ നിന്നും ഞാൻ മെസ്സഞ്ചർ ഡിലീറ്റ് ചെയ്തു.. അവളുടെ നമ്പറും വാട്സാപ്പുമൊക്കെ ബ്ലോക്ക് ചെയ്തേക്കുവാ... വെരി സോറി... ഫ്രീയാകുമ്പോ അവളെയൊന്ന് വിളിച്ചേക്ക് ട്ടാ...." അമ്മുവിന്റെയും ലൈലയുടെയും സംസാരത്തിനിടയിൽ കയറി കള്ളച്ചിരിയോടെ കാശി പറഞ്ഞു... " ഹെമ്മേ, എന്തൊരു പ്ലാനിങ്...!!" അത് കേട്ടതും പൊട്ടിച്ചിരിയോടെ അമ്മു പറഞ്ഞു... പെട്ടെന്നാണ് ലൈലയുടെ ഫോണിലേക്കൊരു കോൾ വന്നത്.... ഈ വൈകിയ സമയത്തെ പ്രതീക്ഷിക്കാതെയുള്ള കോളായതിനാൽ നെഞ്ചിടിപ്പോടെയാണ് അവൾ ഫോണെടുത്തത്...........തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story