കാണാ മറയത്ത്..❤: ഭാഗം 3

kanamarayath

രചന: മീര സരസ്വതി

പ്രതീക്ഷയോടെ കൈകൊണ്ട് കണ്ണുകൾ രണ്ടും അമർത്തി തുടച്ചു.. കണ്ണാടി നോക്കി ചിരിക്കാൻ ശ്രമിച്ചെങ്കിലും പ്രതീക്ഷകൾ അസ്തമിച്ചവളുടെ വിളറിയ ചിരിയാണ് ആ ചുണ്ടിൽ പ്രത്യക്ഷപ്പെട്ടത്... " നിനക്കായ്‌ ഞാനൊരു രൂപം പകുത്തു വെച്ചിട്ടുണ്ട് ശിവൂ... എനിക്കുറപ്പാ ആ രൂപത്തിൽ ഒരു മാറ്റവും നിനക്കുണ്ടാകില്ലെന്ന്... ഞാൻ വരുമ്പോ അതും കൊണ്ടേ വരുള്ളൂ... നീ ഞെട്ടും നോക്കിക്കോ... " നരിയുടെ വാക്കുകൾ ഓർത്തു പെണ്ണ്... 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 "വല്യുമ്മാ... ഞാൻ ഇറങ്ങുവാണേ... " " ഇന്നെന്താ ലൈലൂ നേരത്തെ.. രേണു വന്നോ..?? " "ആാഹ് അവളു വന്നു.... പോകും വഴി ഞാനൊന്ന് ഹോസ്പിറ്റലിൽ കേറും വല്യുമ്മാ.. ടീച്ചറമ്മയ്ക്ക് എന്തേലും ആവശ്യമുണ്ടേൽ ചെയ്ത് കൊടുത്തിട്ടേ കോളേജിലോട്ട് പോകുള്ളൂ... വൈകിട്ട് ഇനി ഹോസ്പിറ്റലിൽ കയറി വീട്ടിൽ എത്താൻ താമസിച്ചാൽ ഇങ്ങടെ ആലി ഹാജി സാഹിബ്‌ പ്രശ്നമാക്കില്ലേ....??!!" ഒരു പുഞ്ചിരിയോടെ വല്യുമ്മയോട് പറഞ്ഞു ഉമ്മയെ നീട്ടി വിളിച്ചു.... " ഉമ്മാ........ ഞാൻ ഇറങ്ങുവാ..... " " നില്ല് ലൈലൂ...... ദാ ഈ പത്തിരിയും കോഴിക്കറിയും കൂടി എടുത്തോളൂ.... " അപ്പോഴേക്കും ഫൗസിയ തട്ടുപാത്രം ഇട്ടു വെച്ച കവറും കൊണ്ട് അടുക്കളയിൽ നിന്ന് ഉമ്മറത്ത് എത്തിയിരുന്നു... " വാപ്പ എത്തും മുന്നേ പോകാൻ നോക്ക് രണ്ടാളും... "

" ശരി ഉമ്മാ.... " ഉമ്മയോട് യാത്ര പറഞ്ഞു ഗേറ്റിനരികിലേക്ക് നടന്നു ലൈല... രേണു ഗേറ്റിനു അടുത്തായി കാത്തു നിൽപ്പുണ്ട്... "എന്ത് കോലമാടി.... കണ്ണൊക്കെ വീർത്തല്ലോ... രാത്രി നന്നായുറങ്ങി അല്ലേ..??!! ഒട്ടും കരഞ്ഞില്ല അല്ലേ...??!!! " രാവിലെ നേരത്തെ ഇറങ്ങാൻ വേണ്ടി രേണുവിനെ വിളിച്ചപ്പോൾ പറഞ്ഞ കാര്യങ്ങളാണ് ചുണ്ടു കോട്ടി പുച്ഛിച്ചു കൊണ്ട് അവൾ തിരിച്ചു ചോദിക്കുന്നത്.... " എനിക്ക് പറ്റുന്നില്ല രേണു... അവൻ എന്നോട് സംസാരിക്കാതെ ഒരു രാത്രി കഴിച്ചു കൂട്ടിയെന്ന് വിശ്വസിക്കാനേ പറ്റുന്നില്ല.... എന്നും ഉറക്കം വന്നാൽ പോലും ഫോൺ വെക്കാൻ സമ്മതിക്കാത്തവനാ... ഉറക്കം വരുമ്പോൾ ഉറങ്ങിക്കോളൂ നിന്റെ ശ്വാസഗതി കെട്ട് ഞാനും ഉറങ്ങിക്കോളാം എന്ന് പറയുന്നവനാ... ഒരു വാക്ക് പോലും പറയാതെ പൊയ്ക്കളഞ്ഞുവെന്ന് വിശ്വസിക്കാനേ പറ്റുന്നില്ല.... " " ശോകമടിച്ചിരിക്കല്ലേ ലൈലൂ.... അവനു നിന്നോട് യഥാർത്ഥ സ്നേഹമാണേൽ ഒന്നും പറയാതെ ഇട്ടറിഞ്ഞു പോവത്തൊന്നുമില്ല.. അവൻ തിരിച്ചു വരും... ഇനി അതല്ല അവൻ ഫ്രോഡ് ആണെങ്കിൽ നീ അംഗീകരിച്ചേ പറ്റുള്ളൂ...

ഈ നേരവും കഴിഞ്ഞു പോകും ലൈലൂ.. നീ സമാധാനപ്പെട്.... " ഹോസ്പിറ്റൽ എത്തും വരെയും രേണുവിന്റെ ഉപദേശവും ശാസനയുമായിരുന്നു.. ഹോസ്പിറ്റലിൽ ചെന്നപ്പോൾ അവിടെ കാശി തനിച്ചേ ഉണ്ടായിരുന്നുള്ളൂ... പെട്ടെന്നു ഒന്നുമെടുക്കാതെ കയറി വന്നത് കൊണ്ട് അത്യാവശ്യമുള്ള സാധനങ്ങളും ഡ്രെസ്സുമെടുക്കാൻ ശരത്തിന്റെ കൂടെ പോയേക്കുവാണ് ടീച്ചർ... " എന്തേലും കഴിച്ചായിരുന്നോ കാശിയേട്ടാ...?" " ചായ കുടിച്ചിരുന്നു രേണു... അവരു വരുമ്പോൾ കഴിക്കാൻ വാങ്ങിച്ചോണ്ട് വരാം പറഞ്ഞിട്ടുണ്ട്.... " " കഴിക്കാൻ ഞങ്ങൾ കൊണ്ട് വന്നിട്ടുണ്ട്.. ടീച്ചറമ്മയോട് ഞാൻ വിളിച്ചു പറഞ്ഞോളാം... " ലൈല ഫോണെടുത്ത് ടീച്ചറുടെ നമ്പറിലേക്ക് വിളിച്ചു.. അതിനിടയിൽ ഒരു സിസ്റ്റർ വന്ന് ഇൻജെക്ഷനുള്ള മരുന്ന് ഫാർമസിയിൽ ചെന്ന് വാങ്ങിക്കാൻ പറഞ്ഞതും രേണു മരുന്ന് ചീട്ടുമെടുത്ത് പുറത്തേക്ക് നടന്നു... ലൈല ഫുഡ്‌ കൊണ്ട് വന്ന കാര്യം ടീച്ചറെ വിളിച്ചറിയിച്ച ശേഷം ബൈസ്റ്റാൻഡേഴ്സ് ബെഡും ചാരിയിരുന്നു.... " ലൈലാ.... താൻ ഓക്കേ അല്ലേ...??" " ഏഹ്ഹ്... എന്താ...??!!" എന്തോ ആലോചനയിലിരുന്ന പെണ്ണവൻ ചോദിച്ചത് ശ്രദ്ധിച്ചിരുന്നില്ല.... " താൻ ഓക്കേ അല്ലേ...? പ്രശ്നങ്ങൾ ഒന്നുമില്ലാലോ...??!!! "

അവന്റെ ചോദ്യത്തിലെ പൊരുളിനായി ചോദ്യ ഭാവത്തിൽ ലൈല അവനെ നോക്കി... " അല്ലാ.. എന്നെ കണ്ടാൽ പുച്‌ഛം കൊണ്ട് കോടിപ്പോകുന്ന ചുണ്ടിലിപ്പോൾ മനോഹരമായ പുഞ്ചിരിയൊക്കെ കാണാനുണ്ട്... നോർമൽ അല്ല... അല്ലിയോ...??!! ഈ കയ്യും കാലും ഒടിഞ്ഞ എന്നെ കണ്ടുള്ള സിംപതി ആണേൽ അത്‌ വേണ്ടാ കേട്ടോടി.... ഈ കാശിനാഥന് ആരുടേം സിംപതി ആവശ്യമില്ല.. പ്രത്യേകിച്ചു നിന്റെ..." " ഹും കാട്ട് പോത്ത്... ബ്ലഡി ഫൂൾ... എന്തൊക്കെയായിരുന്നു ഇന്നലെ..??!! ഇങ്ങേരല്ലേ എന്നെ നോക്കി ഒലിപ്പീരു ചിരി ചിരിച്ചത്... എന്നിട്ടിപ്പോ എനിക്കായോ കുറ്റം...." പെണ്ണ് പിറുപിറുത്തു... " എന്താടി പിറു പിറുക്കുന്നെ..?? എന്തേലും ഉണ്ടേൽ മുഖത്ത് നോക്കി പറയണം... " " നീ പോടാ പട്ടീ...." ചവിട്ടി തുള്ളി പുറത്തേക്ക് പോകാൻ അവളൊരുങ്ങിയതും കതക് തുറന്ന് ഒരു പെൺകുട്ടി അകത്തേക്ക് കയറി... സ്ലീവ്ലെസ്സ് ബ്ലൗസും കോട്ടൺ സാരിയും ധരിച്ചു മുടി ബോയ് കട്ടടിച്ച തീരെ മെലിഞ്ഞൊരു പെൺകുട്ടി..

ഒറ്റ നോട്ടത്തിൽ ഏതോ പരസ്യത്തിലെ മോഡൽ ആണെന്നെ തോന്നിക്കുള്ളൂ... "ഇഷാ......" മുന്നിൽ വന്ന് നിന്ന പെണ്ണിനെ അത്ഭുധത്തോടെ വിളിച്ചു കാശി... " എന്തുവാടാ ഇത്... നല്ലൊരു ഉദ്യമത്തിന് ചെന്നിട്ട് ഈ ഗതിയിലാണോ തിരിച്ചെത്തിയെ...??!!" കാശിയുടെ ഫ്രാക്ചർ ഉള്ള കയ്യിലൂടെ വിരലോടിച്ചു കൊണ്ട് അവൾ ചോദിച്ചു... അവളോട് സംസാരിക്കുമ്പോൾ പ്രസന്നമായ അവന്റെ മുഖവും പൊട്ടിച്ചിരിച്ചു കൊണ്ടുള്ള സംസാരവും കൗതുകത്തോടെയാണ് ലൈല വീക്ഷിച്ചത്... അവളുടെ മുന്നിൽ കാട്ടുപോത്തിനെ പോലെ പെരുമാറുന്ന കാശിയ്ക്ക് ഇങ്ങനെയും സ്നേഹത്തോടെ പെരുമാറാൻ അറിയാമോ എന്ന് അവൾ അത്ഭുധത്തോടെ ചിന്തിച്ചു.... "മ്മ്ഹ്ഹ്... ഇഷ.. ഇതാണ് ലൈല...... " അവരെ രണ്ടുപേരെയും പരിസരം മറന്നു വീക്ഷിക്കുന്ന ലൈലയെ നോക്കി കാശി പറഞ്ഞു.. " ഓഹ്ഹ്ഹ്... ആാഹ്ഹ്.... ലൈല..... അമ്മേടെ പ്രിയപ്പെട്ട ആള്.... ഹായ്... ഞാൻ ഇഷാൻവി.. കാശിയുടെ കോളേജ്മേറ്റ്‌ ആണ്... അല്ല അങ്ങനെ പറഞ്ഞാൽ കുറഞ്ഞു പോകും...

അവന്റെ ബെസ്റ്റ് ഫ്രണ്ട് ആണ്.... " ലൈല ചിരിയോടെ അവൾക്ക് ഹസ്തദാനം നൽകി... രണ്ടുപേരുടെയും സംസാരത്തിനിടയിൽ താനൊരു അധികപറ്റാണെന്ന് തോന്നിയതും ലൈല പതിയെ മുറിവിട്ടിറങ്ങി... വരാന്തയും ചാരി നിന്ന് ഫോണെടുത്ത് മെസ്സഞ്ചറിലൂടെ കണ്ണോടിച്ചു... ഇന്നലെ തൊട്ട് വന്ന മെസ്സേജുകളെല്ലാം ഓപ്പൺ ചെയ്യാതെ കിടപ്പുണ്ട്... നരിയുടെ അക്കൗണ്ട് ഇപ്പോഴും ഡിലീഷനിൽ തന്നെയാണ്... പെട്ടെന്നാണ് ഗ്രൂപ്പിന്റെ കാര്യം ഓർത്തത്... ലൈലയും കൂടി മോഡ് ആയിട്ടുള്ള എഴുത്തു ഗ്രൂപ്പിന്റെ ചാറ്റ് ബോക്സ് എക്സാം തിരക്ക് വന്നപ്പോൾ മ്യൂട്ട് ചെയ്ത് വെച്ചേക്കുവാരുന്നു.. അതിൽ നരിയുമുണ്ട്... അക്കൗണ്ട് ഡിലീറ്റ് ചെയുന്നതിനെ കുറിച്ച് ഗ്രൂപ്പിൽ പറഞ്ഞു കാണുമെന്ന് എന്നോർത്തതും തുറന്നു നോക്കി.. നരിയെ കുറിച്ച് തന്നെയാണ് അവിടെയുള്ള ചർച്ച... ആള് പോയതിനെക്കുറിച്ച് ഗ്രൂപ്പിലെ അഡ്മിൻസ്നു പോലും കാര്യമായി അറിയില്ലെന്ന് ചാറ്റ് വായിച്ചപ്പോൾ മനസ്സിലായി.. നരിയും ലൈലയും തമ്മിലുള്ള ആത്മ ബന്ധം അറിയുന്നത് കൊണ്ട് ഒന്ന് രണ്ടുപേര് അവളുടെ പേര് മെൻഷൻ ചെയ്തു കാര്യം ചോദിച്ചിട്ടുമുണ്ട്... ഒരുത്തരം കൊടുക്കാൻ ഇല്ലാത്തതിനാൽ തന്നേ ചാറ്റ് ക്ലോസ് ചെയ്ത് ഡാറ്റയും ഓഫ്‌ ചെയ്തു...

എന്തോ ഓർക്കുംതോറും വല്ലാത്ത നോവ് തികട്ടി വന്നു... "സ്നേഹിച്ചു സ്നേഹിച്ചൊടുക്കം തീരാ വേദനകൾ സമ്മാനിച്ച് ഓർമകളിലേക്ക് ആണ്ടുപോകാനാണോ നരീ നീയെന്റെ ജീവിതത്തിലേക്ക് ഇടിച്ചു കയറി വന്നത്....??!!! മനസ്സാലെ മൊഴിഞ്ഞു പെണ്ണ്... " നീയെന്താടാ പുറത്ത് നിൽക്കുന്നെ..." രേണുവാണേ... " കാശിയേട്ടന്റെ ഫ്രണ്ട് ഉണ്ട്‌ അകത്ത്... അവരു സംസാരിക്കട്ടെ വിചാരിച്ച് ഞാൻ പുറത്തേക്കിറങ്ങിയതാ... " " ഏഹ്ഹ് ഫ്രണ്ടോ...??!! അതാരാ..??! കൊള്ളാവുന്ന വല്ലവനുമാണോ...??!!" രേണുവിലെ കോഴി ചിറകു വിടർത്തി പറക്കാൻ ഒരുങ്ങുവാണെ... ലൈലയ്ക്ക് ചിരിപ്പൊട്ടിപ്പോയി.... " ആഹ്മ് കിടുവാ... ചെന്ന് കൊത്തി വലിച്ചേച്ചും വാ.... " രേണു ആവേശത്തോടെ കതകു തട്ടി അകത്തേക്ക് കയറി... പിന്നാലെ ലൈലയും... അകത്ത് കാശിയോട് സംസാരിച്ചു നിൽക്കുന്ന ഇഷയെ കണ്ടതും അവളാകെ ചമ്മിപ്പോയി... ലൈലയെ നോക്കി രേണു ഈർഷ്യയോടെ പല്ല് കടിച്ചു.... പൊട്ടി വന്ന ചിരി കടിച്ചു പിടിച്ചു അവളും നിന്നു... അതിനിടയിൽ ശരത്തും ടീച്ചറമ്മയും അവിടെ എത്തിയിരുന്നു...

രേണുവും ലൈലയും യാത്ര പറഞ്ഞു ഇറങ്ങാൻ നേരം ഇഷയും അവരുടെ കൂടെ ഇറങ്ങി... പാർക്കിംഗ് ഏരിയ വരെയും സംസാരിച്ചു കൊണ്ട് മൂന്ന് പേരും നടന്നു.... " ലൈലാ... ഇങ്ങനെയൊന്നുമായാൽ പറ്റില്ലാട്ടോ... നല്ല ബോൾഡായി നിൽക്കണം... നമ്മുടെ മനസ്സിനെ ഭരിക്കാൻ നമുക്കല്ലാതെ വേറെരോൾക്കൊരിക്കലും അധികാരം കൊടുക്കരുത്... നമ്മുടെ സന്തോഷത്തിന്റെ കീ അതെപ്പോഴും നമ്മുടെ കയ്യിൽ തന്നെയാവണം.... കൂടെ നിൽക്കുന്നവരെ പോലും വിശ്വസിക്കാൻ വയ്യാത്ത കാലമാണ്... അപ്പൊ സ്വന്തമായി രൂപമോ മുഖമോ ഇല്ലാത്തവരെയൊന്നും അധികമങ്ങോട്ട് വിശ്വസിക്കരുത് ട്ടോ... പോട്ടെടോ... പിന്നെക്കാണാം... ടേക്ക് കെയർ... " രണ്ടുപേരോടും യാത്ര പറഞ്ഞു ഇഷ വണ്ടിയെടുത്തു.... കണ്മുന്നിൽ നിന്നും അവളുടെ കാർ മറയും വരെയും ലൈല ആലോചനയോടെ നിന്നു.. സ്കൂട്ടിയുമെടുത്ത് രേണു മുന്നിൽ വന്നു നിന്നതും ലൈല യന്ത്രികമായി പിന്നിൽ കയറിയിരുന്നു... അവളുടെ മനസ്സ് അപ്പോഴും ഇഷ പറഞ്ഞതിന്റെ പൊരുൾ തേടുകയായിരുന്നു...

"രേണൂ... ഡി... അവരെന്താകും എന്നോട് അങ്ങനെയൊക്കെ പറഞ്ഞെ...?? അവർക്ക് എന്നെയും നരിയെയും കുറിച്ച് എന്തേലും അറിയോന്നെനിക്ക് ഡൌട്ട് തോന്നിപോയി...." " ഓഹ്ഹ് പിന്നെ... എഫ്ബിയിൽ നീ ശിവന്യയും അവൻ നിരക്ഷരനും... നിങ്ങളുടെ യഥാർത്ഥ പേരോ ഊരോ അവിടെയുള്ള ആർക്കുമാറിയില്ല... എനിക്കൊഴികെ ഈ ലോകത്ത് വേറെയർക്ക് അറിയാം ശിവന്യയുടെ പിന്നിൽ ലൈലയാണെന്ന്...?? അത്‌ പോലെ നിന്റെ നരി.. നിനക്ക് പോലും അറിയില്ല അവൻ ആരാണെന്ന്.. അപ്പഴാ.." അവള് പറഞ്ഞതത്രയും പുച്ഛിച്ചു തള്ളിക്കൊണ്ട് രേണു ഡ്രൈവിങ്ങിൽ ശ്രദ്ധ കേന്ദ്രീകരിച്ചു... പെട്ടെന്ന് എന്തോ ഓർത്തെന്നത് പോലെയവൾ വണ്ടി സൈഡിലേക്ക് ഒതുക്കി.... " അല്ല ലൈലൂ... ഇനിയീ ഇഷയാണോ നിന്റെ നരി...???!!" എന്തോ വലിയ കണ്ടുപിടിത്തം നടത്തിയത് പോലെ രേണു പറഞ്ഞു... "ഏഹ്ഹ്...?!! എടി മരപ്പൊട്ടി അതെങ്ങനെ ശരിയാകും...??!! നരി എന്നോട് ഫോണിൽ സംസാരിക്കാറുണ്ടല്ലോ... ആ അക്കൗണ്ടിനു പിന്നിലെന്തായാലും ഒരു പുരുഷനാണ്.. സ്ത്രീയല്ല..."

" ഈ... ആണല്ലേ...?? എന്നാലുറപ്പിച്ചോ നിന്റെ കരഞ്ഞു വീർത്ത കണ്ണ് കണ്ട് അവളൊരു ഊഹം പറഞ്ഞതാവും... " " മതി മോളുസ് മണ്ടത്തരം വിളമ്പിയത്.. വണ്ടിയെടുക്ക്.. ഇല്ലേൽ സെക്കന്റ്‌ ഹവറും ഇന്ന് ഗുദാ ഹവ... " ലൈലയ്ക്ക് അന്നത്തെ ചിന്ത മുഴുവനും ഇഷ പറഞ്ഞതിനെ കുറിച്ചായിരുന്നു... ഇഷയ്ക്ക് എന്തൊക്കെയോ അറിയാമെന്ന് അവളുടെ മനസ്സ് മന്ത്രിച്ചു കൊണ്ടേയിരുന്നു... ഇഷയെ കുറിച്ച് കൂടുതൽ അറിയണമെന്ന് തോന്നി.. ചിലപ്പോൾ ആ വഴി ശ്രമിച്ചാൽ നരിയെ കണ്ടെത്താനായാലോ എന്ന പ്രതീക്ഷ മാത്രമായിരുന്നു പെണ്ണിൽ... ഇൻസ്റ്റയിൽ ഇഷാൻവി എന്ന് സെർച്ച്‌ ചെയ്ത് നോക്കി... ആ പേരിൽ ഒരുപാട് ഐഡി കിടപ്പുണ്ട്... എത്ര തിരഞ്ഞിട്ടും ആളുടെ പ്രൊഫൈൽ മാത്രം കിട്ടിയില്ല... " എടി മണ്ടൂസേ.. നീ കാശിയേട്ടന്റെ പ്രൊഫൈൽ എടുത്ത് നോക്ക്.. അതിൽ മ്യൂച്ച്വൽ ലിസ്റ്റിൽ കാണാതിരിക്കില്ല.... " രേണു ഫോണും തട്ടിപ്പറിച്ച് കാശിയുടെ പ്രൊഫൈൽ പരതി കണ്ടുപിടിച്ചു... " ലോക്ക്ഡ് ആണല്ലോ... റിക്വസ്റ്റ് അയക്കാം...." ലൈല വേണ്ടെന്ന് പറയും മുന്നേ രേണു റിക്വസ്റ്റ് അയച്ചിരുന്നു... പെണ്ണ് തലയിൽ കൈ വെച്ചിരുന്നു പോയി.... "രാവിലെ ഒരു വഴക്ക് കഴിഞ്ഞതേയുള്ളൂ... അങ്ങേരങ്ങനെ ആക്സെപ്റ്റ് ചെയ്യാനൊന്നും പോണില്ല..... നീ ഫോണിങ്ങ് തന്നേ... ക്യാൻസൽ ചെയ്യട്ടെ...."

" ആര് പറഞ്ഞു അക്‌സെപ്റ്റ് ചെയ്യില്ലെന്ന്... ഒരു സെക്കന്റ്‌ പോലും എടുത്തില്ല.. അങ്ങേര് അക്‌സെപ്റ് ചെയ്തു... കാശിയേട്ടൻ മുത്താണ്.. പിന്നല്ല... " ഫോൺ തിരികെ കൊടുക്കാതെ രേണു ഫ്രണ്ട്ലിസ്റ്റിൽ മുങ്ങിത്തപ്പൽ ആരംഭിച്ചു... "ദോ കിട്ടി..... 'Ish_an_vi' ഇതാണ് ഐഡി.. പ്രൊഫൈൽ ലോക്ക്ഡ് അല്ലാ... " കുറച്ചു നേരത്തെ തിരച്ചിലിന് ഒടുവിൽ ആളെ കണ്ടുപിടിച്ചു രേണു... "ആളെ കുറിച്ച് കൂടുതൽ ഡീറ്റെയിൽസ് ഒന്നുമില്ലാലോ ഇതിൽ... മാത്രമല്ല ഫോട്ടോസും കാര്യമായില്ല.. ഇതിൽ നിന്ന് എന്ത് കോക്കനട്ട് കണ്ടു പിടിക്കാനാ..." നിരാശയോടെ ഫോൺ തിരികെ കൊടുത്തു കൊണ്ട് രേണു പറഞ്ഞു... "ഇനി ഒരു വഴിയേ ഉള്ളൂ.. കാശിയേട്ടനോട് കാര്യം പറയുക.. രണ്ടാളുടെയും കമ്പനി കണ്ടിട്ട് പരസ്പരം ഷെയർ ചെയ്യാത്തതായി ഒന്നുമില്ലെന്ന് തോന്നുന്നുണ്ട്... കാശിയേട്ടന് കാര്യം അറിയാതെയിരിക്കില്ല... വൈകിട്ട് നേരത്തെ ഇറങ്ങിയാലോ നമുക്ക്...???" അതാണ് നല്ലതെന്ന് ലൈലയ്ക്കും തോന്നി.. കാശി ഇഷയെ അവൾക്ക് പരിചയപ്പെടുത്തിയ വിധമൊന്ന് പെണ്ണ് ആലോചിച്ചു നോക്കി... തന്നെക്കുറിച്ച് അറിയാമെന്നുള്ള രീതിയിലാണ് കാശി പറഞ്ഞത്... പേര് പറഞ്ഞയുടനെ അമ്മയുടെ പ്രിയപ്പെട്ട ആളെന്ന് ഇഷ തിരിച്ചു പറഞ്ഞതും ഓർത്തു പെണ്ണ്.........തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story