കാണാ മറയത്ത്..❤: ഭാഗം 33

kanamarayath

രചന: മീര സരസ്വതി

" അതല്ല.... കാശിയേട്ടന് റിയയെ ഇഷ്ടാണോ...??!! കല്യാണത്തിന് സമ്മതിച്ചോ...???" പെട്ടെന്നുള്ള ടെൻഷനിൽ ചോദിച്ചു പോയതാണ് ലൈല... ആവേശം ലേശം കൂടിപ്പോയെന്ന് കാശിയുടെ പൊട്ടിച്ചിരി കേട്ടപ്പോഴാണ് മനസ്സിലായത്... പെണ്ണ് ചമ്മലോടെ തല താഴ്ത്തി.. കാശിയവളുടെ താടിത്തുമ്പിൽ പിടിച്ച് തലയുയർത്തി... " എന്താണന്റെ ലൈലൂസേ ഒരു വെപ്രാളം...?? ഹ്മ്മ്...?? " " ഏഹ്ഹ്.. വെപ്രാളാമോ..?? ഒന്നൂല്ല...!!" പെണ്ണ് ചാടിയെഴുന്നേറ്റ് വേഗത്തിൽ മുന്നോട്ട് നടന്നു... " ഞാൻ സമ്മതിച്ചിരുന്നേൽ എന്റെ കല്യാണമിപ്പോൾ കഴിഞ്ഞു കാണും ട്ടോ... " അവള് കേൾക്കാൻ പാകത്തിൽ ചിരിയോടെ കാശി പറഞ്ഞു.. ലൈലയുടെ ചുണ്ടിലുമപ്പോൾ ഒരു മനോഹര പുഞ്ചിരി തെളിഞ്ഞു വന്നിരുന്നു... 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸

കാശി ജോലിക്ക് പോയിത്തുടങ്ങി.. ലൈല പരീക്ഷയ്ക്കുള്ള പ്രെപ്പറേഷൻസ് തുടങ്ങി.. രാവിലെ നേരത്തെ ജോലിയൊക്കെ കഴിഞ്ഞതിനാൽ ഉച്ച നേരമായപ്പോൾ ലൈല പഠിക്കാനിരുന്നു.. ടീച്ചറാവട്ടെ ടീവീ കണ്ടിരിപ്പാണ്... പെട്ടെന്നാണ് കോളിംഗ് ബെല്ലടിച്ചത്.. ടീച്ചർ ക്ലോക്കിലേക്ക് നോക്കി.. രണ്ടു മണി ആവുന്നതേയുള്ളൂ.. " ഇന്നേരത്തിതാരാ...???!!" സംശയത്തോടെ ടീച്ചർ ചെന്ന് വാതിൽ തുറന്നു... മുന്നിൽ ജിതേഷും റിനിയും റീത്തു മോളുമുണ്ട്... പ്രതീക്ഷിക്കാതെ കണ്ടതിനാലാകും ടീച്ചറെ ഭയം പിടികൂടി... ഇനിയെങ്ങാനം കാര്യങ്ങളെല്ലാം അറിഞ്ഞു കൊണ്ടുള്ള വരവാകുമോ...??!! സംശയത്തോടെ ഇരുവരുടെയും മുഖത്തേക്ക് ടീച്ചർ നോക്കി... " ടീച്ചറേ... " പകപ്പോടെയുള്ള ടീച്ചറുടെ നിൽപ്പ് കണ്ടതിനാലാകണം റിനി പതിഞ്ഞ ശബ്ദത്തിൽ ടീച്ചറെ വിളിച്ചു... " ഓഹ്... ഹാ... കേറിയിരിക്ക് രണ്ടാളും..." റിനിയും ജിതേഷും ഉമ്മറത്തിട്ടിരിക്കുന്ന കസേരയിൽ ചെന്നിരുന്നു... " എങ്ങനിണ്ട് മോളേ ഇപ്പോൾ...

മോന്റെ കൂട്ടുകാരൊക്കെ നാട്ടിന്നു വന്നതിനാൽ കുറച്ച് തിരക്കായിപോയി... അതാണേ വന്ന് കാര്യം അന്വേഷിക്കാതിരുന്നേ.... " " അത് കുഴപ്പമില്ല ടീച്ചറെ.. ഞങ്ങൾ നാട്ടിലേക്ക് പോകുവാ... പറഞ്ഞിട്ട് പോകാം കരുതി വന്നതാ... " " എന്തെ മോളേ പെട്ടെന്ന്..?? " " തനിയെ ഇവിടെ വയ്യ ടീച്ചറേ.. ട്രാവൽസിൽ ബിസിയായത് കൊണ്ടാ ജിതേഷേട്ടൻ ഇത്രയും നാൾ നാട്ടിൽ വിടാതിരുന്നേ.. പ്രസവം അടുക്കുമ്പോൾ അമ്മയെ കൊണ്ട് വരാം കരുതിയിരുന്നതാ... പക്ഷെ, ഇപ്പൊ ട്രാവൽസ് അടച്ചത് കൊണ്ട് ഏട്ടനും കൂടെ വരാലോ... " അപ്പോഴേക്കും അവരുടെ സംസാരം കേട്ട് ലൈല ഉമ്മറത്തേക്കിറങ്ങി വന്നു... ലൈലയെ കണ്ടതും റീത്തു മോൾ ജിതേഷിന്റെ കയ്യിൽ നിന്നുമിറങ്ങി അവളുടെ അരികിലേക്ക് ചെന്ന് എടുക്കാനായി ആവശ്യപ്പെട്ടു.. ലൈലയവളെ വാരിയെടുത്ത് ചുംബിച്ചു... " ട്രാവൽസ് അടച്ചോ..?? അതെന്താ..?? " " തല തിരിഞ്ഞ ആങ്ങളമാർ ഉണ്ടാവുമ്പോൾ അങ്ങനെയൊക്കെ സംഭവിക്കും ടീച്ചറേ...

റോഷന്റെ കാര്യോക്കെ ടീച്ചർ അറിഞ്ഞു കാണുമല്ലോ...??!! ആങ്ങളെയെന്ന് പറയാൻ തന്നെ മാനക്കേടാ... അവൻ എത്തരക്കാരൻ ആണെന്ന് മനസ്സിലാക്കാൻ ഞങ്ങൾ വൈകിപ്പോയി... സ്റ്റേഷനിന്ന് വിളിച്ചപ്പോഴാ കാര്യമൊക്കെ അറിഞ്ഞത്.. ഞങ്ങൾ ഇന്ന് രാവിലെ ആ കൊച്ചിനെ പോയി കണ്ടതാ.. ആ കുട്ടി വല്ലാത്തൊരു ട്രോമയിലാ ടീച്ചറേ... എന്തായാലും ജാമ്യത്തിനൊന്നും ശ്രമിച്ചില്ല ഞങ്ങൾ, കേസ് മുന്നോട്ട് പോകട്ടെ.. ഇത്തരം വൃത്തികേട് കാണിച്ചിട്ട് അവനെ രക്ഷിച്ചാൽ അവൻ തെറ്റിന്റെ വ്യാപ്തി മനസ്സിലാക്കാനും പോണില്ല, അത് ആവർത്തിക്കുകയും ചെയ്യും... വീട്ടിൽ അമ്മയോടും അച്ഛനോടും സംസാരിച്ചപ്പോൾ ഇത് തന്നെയാ അവരും പറഞ്ഞത്.. ഇത്രയും വൃത്തികേട് കാണിച്ചതല്ലെ അനുഭവിച്ചോട്ടെയെന്ന്....!!" അത്രയും പറഞ്ഞതും റിനി ലൈലയെ നോക്കി നെടുവീർപ്പിട്ടു...

ലൈലയ്ക്ക് അവരുടെ നോട്ടം താങ്ങാനാവാതെ താഴോട്ട് നോക്കി നിന്നു.. റിനി പ്രയാസപ്പെട്ട് കസേരയിൽ നിന്നുമെഴുന്നേറ്റ് അവളുടെ അരികിലേക്ക് ചെന്ന് നിന്നു... " ഇങ്ങനെ തല കുനിച്ചു നിൽക്കാനുള്ള കുറ്റമൊന്നും മോൾ ചെയ്തിട്ടില്ല... ദിവസങ്ങൾ മാത്രമുള്ള പരിചയമാണെങ്കിൽ കൂടിയും നിന്നെയെനിക്ക് മനസ്സിലാകും... ഒരു മാപ്പ് പറച്ചിലിലൊന്നും ഒതുങ്ങുന്നതല്ല അവൻ മോളോട് ചെയ്തതെന്ന് എനിക്കറിയാം... എങ്കിലും, അവൻ ചെയ്ത് കൂട്ടിയത്തിനില്ലാം മാപ്പ്... ഇൻസ്‌പെക്ടർ ഇന്ദ്ര് ഹെഗ്‌ഡെ ഞങ്ങളോട് എല്ലാം പറഞ്ഞിട്ടുണ്ട്... അവൻ കാരണമാണ് ഇങ്ങനെയൊക്കെ സംഭവിച്ചതെന്ന് ഞാൻ ലൈലയുടെ വീട്ടുകാരോട് ഏറ്റു പറയാം... അങ്ങനെയെങ്കിലും മോളെയവർ തിരികെ സ്വീകരിച്ചോളും..." കൂപ്പു കൈയ്യോടെ റിനി പറഞ്ഞതും നിഷേധാർത്ഥത്തിൽ തലയാട്ടിക്കൊണ്ട് അവളാ കൈകളിൽ പിടിച്ചു...

" മാപ്പൊന്നും വേണ്ടാ ചേച്ചി... നിങ്ങളെന്നെ തെറ്റിദ്ധരിക്കുമോ എന്നുള്ള പേടിയായിരുന്നു എനിക്ക്.. നിങ്ങളെന്നെ മനസ്സിലാക്കിയല്ലോ...!! എനിക്കത് മതി..." പിന്നെയും കുറച്ചു നേരം കൂടി സംസാരിച്ച് മനസ്സിലെ വിഷമങ്ങളും തെറ്റിദ്ധാരണകളും മാറ്റിയെടുത്താണവർ തിരികെ പോയത്... ലൈലയ്ക്കും ടീച്ചർക്കും മനസ്സിനകത്ത് നിന്നും വലിയൊരു ഭാരമൊഴിഞ്ഞ ഫീലായിരുന്നു... കേവലം കുറച്ചു ദിവസം മാത്രമുള്ള പരിചയമാണെങ്കിലും റിനിയും ജിതേഷും റീത്തു മോളും ഇരുവരുടെയും മനസ്സിലിടം നേടിയിരുന്നു... ടീച്ചർ അപ്പോൾ തന്നെ കാശിയെ വിളിച്ചു കാര്യങ്ങൾ പറഞ്ഞു.. അവനുമതൊരു ആശ്വാസമായിരുന്നു... ഇന്നേരമത്രയും ലൈലയ്ക്ക് ഇനിയൊരു പ്രശ്നമുണ്ടാകരുതേ എന്ന പ്രാർത്ഥനയിൽ ആയിരുന്നു... ഇനി ആശ്വാസത്തോടെ ജോലി ചെയ്യാമല്ലോ...!! 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸

ദിവസങ്ങളങ്ങനെ കൊഴിഞ്ഞു പോയി... അമ്മുവിന്റെ പ്രവചനം പോലെ വെക്കേഷൻ ആയതോട് കൂടി ടീച്ചറമ്മയ്ക്ക് സ്റ്റുഡന്റ്സിനെ കിട്ടി... പാട്ട് പഠിപ്പിക്കലും കൊണ്ട് ആള് തിരക്കിലായി.. കാശിയാവട്ടെ ഓഫീസ് വർക്കുകളുമായി തിരക്കിലായി... ലൈല പഠനവുമായി തിരക്കായത് കൊണ്ട് റസീന അമ്മുവിനെ ടീച്ചറുടെ വീട്ടിലേക്ക് പോകുന്നത് വിലക്കിയിട്ടുണ്ട്.. ഈ ഒരാഴ്ചക്കുള്ളിൽ ഫൈസിയും അമ്മുവും ഒരേയൊരു തവണ മാത്രമാണ് വന്നത്.. അതും ഒരു മണിക്കൂറിൽ കൂടുതൽ നിന്നതുമില്ല.... ടീച്ചറും കാശിയും അവള് പഠിച്ചോട്ടെയെന്ന് കരുതി അധികം സംസാരത്തിനും പോകാറില്ലായിരുന്നു... പഠനവും തനിയെ ഉള്ള ഇരിപ്പുമൊക്കെയായി ലൈലയ്ക്ക് ആകെ മടുത്തു തുടങ്ങിയിരുന്നു... ഞായറാഴ്ച ആയതും പെണ്ണിൽ ഉത്സാഹം നിറഞ്ഞു... കാശിയ്ക്ക് ലീവാണ്...

ഇന്നത്തെ ഒരു ദിവസമെങ്കിലും ആളെ കിട്ടുമല്ലോയെന്ന ആശ്വാസത്തിലാണ് ചെയ്യാനുള്ള ജോലികളൊക്കെ പെട്ടെന്ന് ചെയ്ത് തീർത്തത്... കാശിയുടെ റൂമിലേക്ക് ചെന്നപ്പോൾ ആളവിടെ ലാപ്ടോപ്പിൽ വീണു കിടപ്പാണ്... "ഓഹ് ഇന്നും വർക്കിലാണോ...!!" ആത്മഗതം പറഞ്ഞു കൊണ്ടവൾ മുന്നോട്ട് നടന്നതും പിന്നിൽ നിന്നുമവന്റെ വിളി വന്നിരുന്നു.... " എന്താണ് ലൈലൂ എത്തി നോക്കി പോവുന്നേ...??!!" " അത് പിന്നേ ഞാൻ... ബോറടിച്ചപ്പോൾ.... ടീച്ചറമ്മ ക്ലാസ്സിലാണ് അതാ പിന്നേ ഇങ്ങോട്ട്... " " ഉരുണ്ടു മറിയാതെ കാര്യം പറ പെണ്ണേ.... " " ശെരിക്കും ബോറടിച്ചിട്ടാ... ആകെയൊരു മടുപ്പ്... പഠിക്കാൻ ഇരുന്നിട്ടാണെൽ ഒന്നും തലയിൽ കയറുന്നുമില്ല....!!!" "അത്രേയുള്ളൂ....??!! ഒരേ കാര്യം തന്നെ ഏത് നേരവും ചെയ്‌താൽ ആർക്കായാലും മടുക്കും... ഒന്ന് കറങ്ങിയേച്ചും വന്നാൽ ആ ബോറടിയൊക്കെ മാറിക്കോളും... പോയി ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്ത് വാ... ഞാനപ്പഴേക്കും അമ്മയുടെ പെർമിഷൻ എടുത്തിട്ട് വരാം..." ലൈല ഒരുങ്ങി വരുമ്പോഴേക്കും ടീച്ചറോട് അനുവാദം വാങ്ങിച്ച് കാശിയുമെത്തി...

" പോകാം..??" കാശി ചോദിച്ചതും അവൾ ചിരിയോടെ തലയാട്ടി... ആ യാത്ര ചെന്നവസാനിച്ചത് ഗരുഡ മാളിലായിരുന്നു... " നമുക്കൊരു മൂവി കണ്ടാലോ ലൈലൂ..??" കാറിൽ നിന്നുമിറങ്ങുന്നതിനു മുന്നേ കാശി ചോദിച്ചതും ലൈല പൂർണ്ണ സമ്മതത്തോടെ ചിരിച്ചു.. തിയേറ്ററിൽ ലൈല സന്തോഷത്താൽ മതി മറന്നിരിപ്പായിരുന്നു.. ആദ്യമായാണ് തിയേറ്ററിൽ ഇരുന്ന് കൊണ്ട്‌ ഒരു സിനിമ കാണുന്നത്.. കോളേജ് ദിവസങ്ങളിൽ പലപ്പോഴും രേണു തിയേറ്ററിൽ പോകാൻ നിർബന്ധിക്കുമെങ്കിലും വീട്ടിൽ അറിഞ്ഞാലുള്ള ഭവിഷ്യത്തോർക്കുമ്പോൾ അവൾ ഉൾവലിയും.. ആദ്യത്തെ അനുഭവമായതിനാൽ ആ ആവേശമവളിൽ നിറഞ്ഞു നിൽപ്പുണ്ട്... കൂടാതെ കാശിയുടെ തോളോട് തോൾ ചേർന്നിരുന്നു കൊണ്ടുള്ള നിമിഷങ്ങളും... ആനന്ദലബ്ദിക്ക് പിന്നെയെന്ത് വേണം...?!! കാശിയുടെ അവസ്ഥയും മറിച്ചായിരുന്നില്ല... ജോലി തിരക്കിനിടയിൽ ലൈലയോടൊപ്പം ചിലവഴിക്കാനുള്ള സമയം കിട്ടാറില്ലായിരുന്നു.. ഇന്നത്തെ ദിവസം അവളെ സന്തോഷിപ്പിക്കാൻ തന്നാലാവും വിധം അവൾക്കിഷ്ടമുള്ളതെല്ലാം ചെയ്തു കൊടുക്കണം... " ഇന്നെങ്കിലും മനസ്സിലുള്ള ഇഷ്ടം തുറന്നു പറഞ്ഞൂടെ ലൈലൂ...??!!"

മനസ്സാലെ മൊഴിഞ്ഞു കൊണ്ട് അവനവളെ മെല്ലെ ചെരിഞ്ഞൊന്ന് നോക്കി.. സിനിമയിൽ മുഴുകിയിരിപ്പാണ് പെണ്ണ്... ആ ഇരുത്തം കണ്ടതും കാശിക്കൊരു കുസൃതി തോന്നിപ്പോയി.. ലൈലയുടെ കയ്യിൽ കൈകോർത്ത് പിടിച്ചവൻ... അപ്രതീക്ഷിത നീക്കമായതിനാൽ അമ്പരപ്പോടെയവൾ കൈ വലിക്കാൻ ശ്രമിച്ചെങ്കിലും കാശി പിടിത്തം വിടാഞ്ഞതിനാൽ അനുസരണയുള്ള കുട്ടിയെ പോലെ അവളിരുന്നു... "ഇനിയെന്താ പ്ലാൻ...??? തനിക്കെവിടേലും പോവാനുണ്ടോ...???" സിനിമ കണ്ടിറങ്ങിയതും കാശി ചോദിച്ചു... " പോകാനൊന്നുമില്ല.. എന്നാലും വീട്ടിൽ പോകേണ്ട.. ചുമ്മാ കറങ്ങി നടക്കാം..." " ഹ്മ്മ്മ്..??!! എന്നാ വാ ഒരു കോഫീ കുടിച്ചാകാം ബാക്കി കാര്യങ്ങൾ..." കാശി അവളുടെ കയ്യിൽ പിടിച്ച് നേരെ സ്റ്റാർബക്ക്സിന്റെ കഫെയിലോട്ട് നടന്നു... " ഓർഡർ ചെയ്യ്..." അവിടെ എത്തിയതും അവനൊരു ടേബിളിനരികിൽ ചെന്നിരുന്നു ലൈലയോട് ആവശ്യപ്പെട്ടു... " ഏഹ്ഹ് ഞാനോ...??!!" "പിന്നെ ഞാനോ...??!! പോയി രണ്ട് കോഫി ഓർഡർ ചെയ്ത്‌ വാ ലൈലൂ... ചെല്ല്.." "ഫ്ലേവർ...???"

" നിനക്ക് ഇഷ്ടമുള്ള ഏതേലും രണ്ട് ഫ്ലേവർ വാങ്ങിച്ചോ... നമുക്ക് രണ്ടും ഷെയർ ചെയ്ത്‌ കഴിക്കാം..." കാശി നിർബന്ധിച്ചതും തെല്ലൊരു മടിയോടെ ലൈല കൗണ്ടെറിലോട്ട് നടന്നു... വല്ലപ്പോഴും ഇക്കാക്കമാരൊപ്പം കഫെയിൽ ചെന്നിട്ടുണ്ട്‌, അപ്പോഴൊക്കെയും അവർ വാങ്ങിച്ചു തരുന്നതെന്താണോ അത് കുടിച്ചാണ് ശീലവും.. ഈ ഇരുപത്തിയൊന്ന് വയസ്സിനിടയിൽ ആദ്യമായാണ് തനിയെ ഒരു കോഫി ഓർഡർ ചെയ്ത് കുടിക്കാൻ പോകുന്നത്.. അതിന്റെ ആകാംക്ഷയും കുഞ്ഞു പേടിയുമൊക്കെയുണ്ട് താനും... രണ്ടു പേർ കഴിഞ്ഞാണ് ലൈലയുടെ ഊഴമെത്തിയത്... ഒരു ഫ്രാപ്പച്ചിനോയും ഹോട്ട് ചോക്ലേറ്റും ഓർഡർ ചെയ്ത ശേഷമവൾ കാശിക്കരികിലേക്ക് നടന്നു... അതുവരെ അവളുടെ ചലനങ്ങൾ വീക്ഷിക്കുകയായിരുന്ന കാശി അവളിൽ നിന്നും ശ്രദ്ധ തിരിച്ചു ഫോണിലോട്ട് നോക്കിയിരിപ്പായി... അവളരികിൽ ചെന്നിരുന്നിട്ടും അറിഞ്ഞതായുള്ള ഭാവം നടിച്ചില്ലവൻ.. ലൈലയൊന്ന് മുരടനക്കി നോക്കി.. എന്നിട്ടും ഫോണിൽ വീണു കിടപ്പാണ് ആള്.. "കാശിയേട്ടാ...."

ആ വിളി പ്രതീക്ഷിച്ചതിനാൽ തന്നെയുമവൻ പുഞ്ചിരിയോടെയാണ് തലയുയർത്തി നോക്കിയത്... "ഓർഡർ ചെയ്തു..." അവളതു പറഞ്ഞതും തലയുമാട്ടി പിന്നെയും ഫോണിലോട്ട് ശ്രദ്ധ തിരിച്ചു... " എ.. എനിക്കൊരു കാര്യം പറയാനുണ്ട്... തിരക്കില്ലെങ്കിൽ..." ലൈല മുഖവുരയോടെ തുടർന്നതും കാശി ഫോൺ മറ്റി വെച്ച് ശ്രദ്ധയോടെ അവളുടെ മുഖത്തേക്ക് നോക്കിയിരുന്നു... അത് കൊണ്ടാവണം അതുവരെയില്ലാത്ത വെപ്രാളവും പരവശവും അവളിൽ വന്നു നിറഞ്ഞത്... എങ്കിലും ഉള്ളിൽ നുരഞ്ഞു പൊങ്ങുന്ന പ്രണയം ഇനിയെങ്കിലും തുറന്നു പറയണമെന്നവൾ ഉറപ്പിച്ചു... ഇനിയും പറയാതെ മൂടിവെച്ചു നടന്നാൽ താൻ മരിച്ചു പോകുമെന്ന് തന്നെ പെണ്ണിന് തോന്നിപ്പോയി... മാത്രമല്ല, ആൾക്ക് തന്നോടങ്ങനെ ഒരു ഫീലിങ്ങ്സും ഇല്ലായെന്നാണെങ്കിൽ ഇപ്പോൾ തനിക്കംഗീകരിക്കാൻ പറ്റിയെന്ന് വരും.. കുറച്ചു കൂടെ വൈകിയാൽ തന്റെ കയ്യിൽ കണ്ട്രോൾ കിട്ടില്ലെന്നവസ്ഥ വരും.. പ്രണയം, അതൊരിക്കൽ അനുഭവിച്ചതിനാൽ തന്നെയും ഏതൊരവസ്ഥകളിലൂടെയാകും താൻ കടന്നു പോവുകയെന്ന ഉത്തമ ബോധ്യം ലൈലയ്ക്കുണ്ട്... " അല്ല!! പറയാനുണ്ടെന്ന് പറഞ്ഞിട്ട് സ്വപ്നം കാണുകയാണോ...??!!"

തന്റെ മുഖത്ത് ദൃഷ്ടി പതിപ്പിച്ച് ചിന്തയിലാണ്ട പെണ്ണിന്റെ കണ്ണിനു നേരെ വിരൽ ഞൊടിച്ചു കൊണ്ട് കാശി ചോദിച്ചു... "മ്മ്ഹ്മ്മ്.... പറയണമോ വെണ്ടയോന്ന് ഒരുവട്ടം കൂടി ആലോചിച്ചതാ..." "ആഹാ... അത്രയൊക്കെ ആലോചിച്ചു പറയേണ്ട കാര്യമാണോ..??!! എങ്കിൽ കേട്ടിട്ട് തന്നെ കാര്യം.." താടിക്ക് കയ്യും കൊടുത്ത് അവളുടെ കണ്ണിലേക്ക് നോക്കിയിരിപ്പായി കാശി... "എനിക്കിങ്ങനെയൊക്കെ പറയാമോയെന്നറിയില്ല... എന്നാലും പറയണം.... ഇനിയും ടെൻഷനടിക്കാൻ മേലാ..." " പറഞ്ഞാലും പറഞ്ഞില്ലേലും മോളാ ബില്ല് പിച്ചിപറിക്കുന്നത് നിർത്തിക്കെ.. ന്റെ കോഫീ...!!!" കാശി പൊട്ടിച്ചിരിയുടെ അകമ്പടിയോടെ പറഞ്ഞതും ടെൻഷൻ കൊണ്ട് ബില്ലിന്റെ കുഞ്ഞു കുഞ്ഞു പീസുകൾ പിച്ചി പറിച്ചു കളയുകയായിരുന്ന ലൈല പെട്ടെന്ന് തന്നെ ബില്ല് അവനെ ഏൽപ്പിച്ചു... "പോയി.. പോയി... മൂഡ് പോയി... എന്നെകൊണ്ട് മേലാ ഇനി പറയാൻ..." ചുണ്ടു കോട്ടി കെറുവോടെയവൾ പറഞ്ഞതും അവൻ പിന്നെയും പൊട്ടിച്ചിരിച്ചു പോയി... " ശേയ്‌... അങ്ങനെ പറയല്ലേ...!!! പറയ്..." പിന്നെയുമവൻ താടിക്ക് കയ്യും കൊടുത്ത് ഗൗരവമണിഞ്ഞ് ഇരുന്നു.. " ഇല്ല... ഇപ്പോ വേണ്ടാ... തിരിച്ച് പോകുമ്പോ വീട്ടിലേക്ക് ഇടവഴിയിൽ നിന്ന് അന്നത്തെ പോലെ നമുക്ക് നടന്നാലോ..???!!

അപ്പൊ കാര്യം പറയാം.. എനിക്ക് കുറച്ചൂടെ കംഫർട്ടബിൾ അപ്പഴാവും..." "ഹ്മ്മ്...???!! ഓക്കേ... എന്നാ ഞാൻ പോയി കോഫി കളെക്റ്റ്‌ ചെയ്യട്ടെ..." ലൈല മനസ്സ് തുറക്കാനുള്ള തയ്യാറെടുപ്പിലാണെന്ന് മനസ്സിലായതും കാശിക്ക് എങ്ങനേലും തിരിച്ചു പോയാൽ മതിയെന്നായി... കോഫി പെട്ടെന്ന് തന്നെ കുടിച്ച് ഇരുവരുമിറങ്ങി... " ഇവിടെ നിർത്താം... ഇവിടാകുമ്പോൾ രാവിലെ വന്ന് വണ്ടിയെടുത്താൽ മതി..." ഇടവഴിയ്ക്ക് കുറച്ചു മുന്നിലായുള്ള കോംപ്ലെക്സിന്റെ പാർക്കിങ്ങിൽ വണ്ടി നിർത്തിക്കൊണ്ട്‌ കാശി പറഞ്ഞു... ഇടവഴിയെത്തും വരെ ലൈല മുന്നിലും കാശി തൊട്ടു പിറകിലുമായാണ് നടന്നതെങ്കിലും ഇടവഴിയെത്തിയപ്പോൾ ലൈലയ്‌ക്കൊപ്പം തോളോട് തോൾ ചേർന്നുകൊണ്ട് നടന്നു കാശി... വല്ലാത്തൊരു നിശബ്ദത മൂടി ഇരുവരെയും.. എവിടെ തുടങ്ങുമെന്നറിയാതെയവൾ ഉഴറി.. അത് മനസ്സിലായതിനാലാകണം അവൾ സമയമെടുത്തു പറയട്ടെയെന്ന് കരുതി കാശിയും മിണ്ടാതെ നടന്നത്... " എനിക്ക്... എനിക്കെങ്ങനെ തുടങ്ങണമെന്നറിയില്ല കാശിയേട്ടാ...

എനിക്ക് പറയാൻ അർഹതയുണ്ടോയെന്നുമറിയില്ല... ഞാൻ പറഞ്ഞത് തെറ്റായിപ്പോയാൽ തന്നെ എന്നോട് പിന്നെ മിണ്ടാതെ മാറി നടക്കരുത്... ഇപ്പോഴെങ്ങനെയാണോ അത്പോലെ തന്നെയാകണം ഇനിയങ്ങോട്ടും..." നിശബ്ദതയെ ബേദിച്ചു കൊണ്ട് ലൈല സംസാരിച്ചു തുടങ്ങി... " ഇങ്ങനെ ഫോർമലിറ്റിയൊക്കെ എന്തിനാ ലൈലൂ... നിനക്കെന്നോട് എന്തും പറയാനുള്ള ഫ്രീഡമുണ്ടല്ലോ.... ?!! നീ കാര്യം പറ..." രണ്ടും കല്പിച്ച് ലൈല പറയാൻ തുടങ്ങിയപ്പോഴേക്കും കാശിയുടെ ഫോണിലേക്കൊരു കോൾ വന്നു... " അമ്മയാണ്... ഒരു മിനിറ്റ്‌..." ക്ഷമാപണത്തോടെ പറഞ്ഞു കൊണ്ട് കാശി ഫോണെടുത്തു... " ഏഹ്ഹ്...?? വീ.... വീട്ടിലോ..??!! അമ്മ പേടിക്കേണ്ട.. ഞങ്ങളിതാ എത്തി...." ഫോൺ വെച്ചതും കാശി ലൈലയുടെ കയ്യും പിടിച്ച് ധൃതിയിൽ നടന്നു... " എന്താ കാശിയേട്ടാ...??!! വീട്ടിലെന്താ...??!!" ലൈല ചോദിച്ചതും കാശിയവിടെ ഒരുനിമിഷം നിന്നു... അവളുടെ ഇരു തോളുകളിലും പിടിച്ചു കൊണ്ടവൻ അവനഭിമുഖമായി നിറുത്തി...

" ആര് വന്നാലും എന്ത് തടസ്സങ്ങളുണ്ടായാലും നിന്നെ ഞാൻ വിട്ടു കൊടുക്കില്ല ലൈലൂ.. നിന്റെ വല്ല്യുമ്മയ്ക്ക്‌ കൊടുത്ത വാക്കാണത്...!! അത് ഞാൻ പാലിക്കുക തന്നെ ചെയ്യും...!!" "ആര്...?? ആര് വന്നെന്നാ....??!!" മറുപടിയേതും പറയാതെ അവളുടെ കയ്യിൽ കൈ കോർത്ത് പിടിച്ച് അവൻ മുന്നോട്ട് നടക്കാൻ ശ്രമിച്ചു... എന്നാൽ ഒരടിപോലും മുന്നോട്ട് ചലിക്കാതെ കൈ അവനിൽ നിന്നുമടർത്തി മാറ്റാതെ ലൈലയവിടെ തന്നെ നിന്നു... അവൻ തിരിഞ്ഞു നോക്കിയപ്പോൾ തൊട്ടരികിലെ വീടിന്റെ ലൈറ്റിൽ ആശങ്കയോടെ നിൽക്കുന്നവളുടെയാ മുഖം കണ്ടതും അവൾക്കഭിമുഖമായി വീണ്ടുമവൻ നിന്നു... " എനിക്ക് പറയാനുള്ളത് കേട്ടിട്ട് പോകാം കാശിയേട്ടാ... എനിക്കിനി പറയാൻ സാധിച്ചില്ലേലോ.." വേഗത്തിൽ മിടിക്കുന്ന ഹൃദയവുമായി കാശി ലൈലയെ ശ്രവിച്ചു... "

എപ്പഴാണെന്നോ എങ്ങനെയാണെന്നോ ഒന്നുമറിയില്ല, കാശിയേട്ടനെന്റെ മനസ്സിൽ കയറിക്കൂടിയിട്ട് കുറച്ചു നാളുകളായി... എപ്പോഴൊക്കെയോ നിങ്ങളെന്റെ ജീവിതത്തിലേക്ക് കയറി വന്നാൽ കളറാകുമല്ലോ എന്നൊക്കെ തോന്നിത്തുടങ്ങിയിരുന്നു.. കാരണം ഇത്രയും കംഫർട്ടബിളായി മറ്റൊരാളോടും സംസാരിക്കാനും പെരുമാറാനും എനിക്ക് കഴിയാറില്ല... ഇനിയും പറഞ്ഞില്ലെങ്കിൽ ഒരിക്കലും പറയാൻ കഴിഞ്ഞില്ലെങ്കിലോയെന്ന പേടി കൊണ്ട് മാത്രാ ഇപ്പൊ തന്നെ ഇത് പറയുന്നേ... എനിക്ക് നിങ്ങളിയിഷ്ടാ...." ഒറ്റ ശ്വാസത്തിൽ അത്രയും പറഞ്ഞു കൊണ്ട് മുന്നോട്ട് നടന്നവളെ ഓടിച്ചെന്ന് പുൽകാൻ തോന്നിപോയി അവന്... പക്ഷെ, വീട്ടിൽ വന്നിരിക്കുന്നത് അപകടമാണോ അനുഗ്രഹമാണോ എന്നറിയാത്ത സാഹചര്യം ഓർത്തതും മറുത്തൊന്നും പറയാതെ, പ്രകടിപ്പിക്കാതെ അവളുടെ പിന്നാലെ കാശി നടന്നു........തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story