കാണാ മറയത്ത്..❤: ഭാഗം 35

kanamarayath

രചന: മീര സരസ്വതി

മാലിക്ക് നിർത്തിയതും അമ്മു സന്തോഷം കൊണ്ട് തുള്ളിച്ചാടി പോയി... എന്നാൽ ലൈലയും കാശിയും ഞെട്ടിത്തരിച്ചു നിൽപ്പാണ്... ഇരുവരുടെയും ഹൃദയം കത്തികൊണ്ട് നൂറായി കീറിയിട്ടത് പോലെ വേദനിച്ചു... കണ്ണുകൾ നിറഞ്ഞൊഴുകാതിരിക്കാൻ കാശി പാടുപെട്ടപ്പോൾ ലൈലയുടെ കണ്ണുകൾ പിടിച്ചു നിർത്താൻ കഴിയാതെ ധാരയായി ഒഴുകി.... ദയനീയമായി അവൾ ടീച്ചറമ്മയെയും കാശിയെയും മാറിമാറി നോക്കി.. പെണ്ണിന്റെ ദയനീയ നോട്ടം ടീച്ചറുടെ കണ്ണുകളെ നനച്ചു... ആരും കാണാതെ അവരാ കണ്ണുകൾ സാരി തുമ്പ് കൊണ്ട് തുടച്ചു... കാശി അവളുടെ നോട്ടം പാടെ അവഗണിച്ചു... അവന്റെ നോട്ടം ചെന്നെത്തിയത് ഫൈസിയുടെ മുഖത്താണ്... ആ മുഖത്തെ ഭാവമാറ്റം ഒപ്പിയെടുക്കുന്നതിലായി പിന്നെയവന്റെ ശ്രദ്ധ.... അവന്റെ അഭിപ്രായമെന്താവും..???!! അതുമാത്രമറിഞ്ഞാൽ മതിയിനി.... കാശി പോക്കറ്റിൽ നിന്നും കർചീഫ് എടുത്ത് മുഖത്തു പൊടിഞ്ഞു വന്ന കുഞ്ഞു വിയർപ്പിൻ കണങ്ങൾ ഒപ്പിയെടുത്തു...

ഫൈസിയുടെ മുഖത്തെ നിറ പുഞ്ചിരി കണ്ടതും ശരീരമാകെയും കുഴഞ്ഞു പോകും പോലെ തോന്നിപ്പോയി കാശിയ്ക്ക്... " അതെനിക്കും നല്ലൊരു തീരുമാനമായി തോന്നുന്നുണ്ട്... ഉപ്പയുടെ മനം മാറ്റാൻ ഇതിനോളം വലിയ ഐഡിയ വേറെയില്ല... ഉപ്പയുടെ ഇപ്പോഴത്തെ പ്രശ്നം മോൾ അന്യ മതക്കാരന്റെ കൂടെ ഒളിച്ചോടി പോയെന്ന് നാട്ടുകാർ പറയുന്നതാണ്... അങ്ങനെ അല്ല സംഭവിച്ചതെന്ന് മനസ്സിലാക്കി കൊടുക്കാൻ നമ്മുടെ മതക്കാരനുമായി ഒരു വിവാഹാലോചന അതെന്ത് കൊണ്ടും നല്ലതാ..." പ്രതീക്ഷയോടെ ലൈലയുടെ മുഖത്തേക്ക് നോട്ടമെറിഞ്ഞു ഇജാസ്... തന്റെ നിറ കണ്ണുകൾ കാണാതിരിക്കാൻ മുഖം താഴ്ത്തി നിന്നു പെണ്ണ്.... " ഭയ്യാ എന്താണിത്ര ആലോചിക്കാൻ...??!! ഭയ്യായ്ക്ക് ലൈലയെ ഇഷ്ടാണെന്ന് കുറച്ചു ദിവസം മുന്നേ എന്നോട് പറഞ്ഞതേയുള്ളൂ അബ്ബാ.... അമ്മു പറഞ്ഞതും ഫൈസി ചിരിയോടെ അവളുടെ തലയിലൊരു കൊട്ട് കൊടുത്തു... എല്ലാ കണ്ണുകളും തന്നിലാണെന്ന് കണ്ടതും ഫൈസി സംസാരിച്ചു തുടങ്ങി.... "

ലൈലയ്ക്ക് സമ്മതമാണേൽ എനിക്കും സമ്മതം തന്നെയാ..." ഫൈസി സമ്മതമറിയിച്ചതും ലൈല തലയും താഴ്ത്തി മുറിയിലോട്ട് കയറിപ്പോയി.. പിന്നാലെ അമ്മു ചെല്ലാൻ ശ്രമിച്ചെങ്കിലും മാലിക്ക് തടഞ്ഞു... " മോളിപ്പോ അങ്ങോട്ട് ചെല്ലേണ്ട... അവൾക്ക് സമ്മതമാണേൽ അവൾ അറിയിക്കും... തനിച്ചിരുന്ന് ആലോചിക്കട്ടെ... ഇനിയിപ്പോ അവൾക്കീ ബന്ധത്തിന് താൽപര്യമില്ലെങ്കിൽ അങ്ങനെയാവട്ടെ.. നമ്മളുമായുള്ള അടുപ്പത്തിന്റെ പേരിൽ മാത്രം അവൾ സമ്മതിക്കേണ്ടാ..." ലൈലയെ തനിച്ചിരിക്കാൻ സമ്മതിച്ചു കൊണ്ട് എല്ലാവരും സംസാരത്തിലായി... ഇജാസും മാലിക്കും കുടുംബ മഹിമകളും പാരമ്പര്യവുമൊക്കെ ചർച്ച ചെയ്തവിടെ ഇരുന്നു... അത് കേട്ടിരിപ്പാണ് ടീച്ചറും റസീനയും ഫൈസിയും അമ്മുവും.. കാശിയ്ക്കാകെ ശ്വാസം മുട്ടും പോലെ തോന്നി തുടങ്ങിയതും പുറത്തേക്ക് നടന്നു... പിന്നാലെ ഫൈസിയുമിറങ്ങി... "എവിടേക്കാ മച്ചൂ...??!!" " ഞാൻ പോയി എന്റെ വണ്ടിയെടുത്തിട്ട് വരാടാ... അതാ വഴിയിൽ കിടപ്പുണ്ട്..."

ഫൈസിയുടെ മറുപടിക്ക് കാത്തു നിൽക്കാതെ അവൻ ഗേറ്റിനു വെളിയിലേക്കിറങ്ങി.... അത് വരെ പിടിച്ചു നിർത്തിയ കണ്ണ്നീർ സ്വാതന്ത്ര്യത്തോടെ ഒഴുകി തുടങ്ങി... അലറിയലറി കരയാൻ തോന്നിയെങ്കിലും സഹിച്ചു പിടിച്ചവൻ നിശബ്ദമായി തേങ്ങി... പക്ഷേ കാറിൽ കയറും വരെ മാത്രമേ പിടിച്ചു നിൽക്കാനവനു സാധിച്ചുള്ളൂ... കാറിൽ കയറിയതും പൊട്ടിക്കരഞ്ഞു പോയിരുന്നു... ഇങ്ങനെയൊരു സിറ്റുവേഷൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.. തങ്ങളുടെ ജീവിതത്തിൽ കരടായി ഒരുത്തനും വരില്ലെന്ന് കരുതിയിരുന്നതാണ്... ലൈല ഇഷ്ടം പറഞ്ഞ സ്ഥിതിക്ക് അവളോട് തിരികെ ഇഷ്ടമെന്നൊരു വാക്ക് പറഞ്ഞാൽ മതിയാകും.. അവൾ തന്റേതാകാൻ പിന്നൊരാളും തടസ്സമാകില്ല... പക്ഷെ, സ്വന്തം കുടുംബത്തിൽ നിന്ന് എന്നെന്നേക്കും പടിയിറക്കി വിട്ടാൽ പിന്നീട് ആരുമില്ലാതാകുന്ന ആ അവസ്ഥ ആർക്കു മനസ്സിലായില്ലെങ്കിലും തനിക്ക് മനസ്സിലാകും.... ജീവിതകാലം മുഴുവനും താനും കുടുംബവും ഒരു പരസഹായത്തിനു പോലും ആരുമില്ലാതെ ജീവിക്കേണ്ടി വരും... ജനിച്ചപ്പോൾ തൊട്ട് അനുഭവിക്കുന്നവന് ഒറ്റപ്പെടലിന്റെ വേദന ആരും പറഞ്ഞു കൊടുക്കേണ്ടതില്ലല്ലോ...!!

ലൈലയ്ക്ക് നഷ്‌ടമായ കുടുംബം ഇങ്ങനെയൊരു ബന്ധത്തിലൂടെ ലഭിക്കുകയാണെങ്കിൽ അങ്ങനെയാവട്ടെ... താനായിട്ട് ഒരു പ്രശ്നത്തിലും നിൽക്കില്ല.. മനസ്സിലുറപ്പിച്ചു കൊണ്ട് കാറിലിരുന്ന ഒരു ബോട്ടിൽ വെള്ളവുമായി പുറത്തേക്കിറങ്ങി... മുഖം കഴുകി തുടച്ചതിനു ശേഷം മുഖത്തൊരു കൃത്രിമ ചിരിയണിഞ്ഞു കൊണ്ട് വണ്ടി മുന്നോട്ടെടുത്തു.. കാശി വീട്ടിലെത്തിയപ്പോഴേക്കും അവരെല്ലാം തിരികെ പോകാൻ ഇറങ്ങിയിരുന്നു... " ഞാനിറങ്ങുവാണ് കാശി... ലൈല സമ്മതമറിയിക്കുകയാണേൽ ഞാൻ ബാംഗ്ലൂരിൽ നിന്നും തിരികെ പോകുമ്പോൾ അവളെയും കൂടെ കൂട്ടും.. ഹാ പിന്നേ, വല്ല്യുമ്മയുടെ സമ്മതമില്ലാതെ ഞാൻ കൊണ്ട് പോകില്ല കേട്ടോ...!!!" ഒരു പൊട്ടിച്ചിരിയുടെ അകമ്പടിയോടെ ഇജാസ് പറഞ്ഞതും കാശി മുഖത്തൊരു പുഞ്ചിരി വരുത്തി...ആ ചിരിയിൽ ഒളിഞ്ഞിരിക്കുന്ന വേദന കാണാൻ ടീച്ചറമ്മയ്ക്ക് മാത്രമേ കഴിഞ്ഞുള്ളു... അവരുടെ ഹൃദയം ഭാരം കൊണ്ട് പിളർന്നു പോകും പോലെ തോന്നിപ്പോയി അവർക്ക്...

തന്റെ മോളാണവൾ, ആർക്കുമവളെ വിട്ടു തരില്ലെന്ന് ഉറക്കെ വിളിച്ചു പറയാൻ തോന്നിയവർക്ക്... എങ്കിലും ലൈലയുടെ തീരുമാനത്തിൽ പ്രതീക്ഷ വെച്ചവർ ക്ഷമയോടെ നിന്നു... " ഞങ്ങളും ഇറങ്ങിയേക്കുവാ കാശി... ലൈലൂസിന്റെ മറുപടി അതെന്തു തന്നെയാണേലും വിളിച്ചറിയിക്ക് ട്ടോ..." മാലിക്കും കുടുംബവും കൂടി യാത്ര പറഞ്ഞിറങ്ങി... " മോനേ... എന്റെ കുഞ്ഞിനെ നഷ്ടപ്പെടുന്ന കാര്യം എനിക്ക് ചിന്തിക്കാൻ പോലും വയ്യായിപ്പോൾ... " " എന്നാണെങ്കിലും സംഭവിക്കേണ്ട കാര്യല്ലേ അമ്മാ... ആമിനുമ്മ സംരക്ഷിക്കാൻ ഏൽപ്പിച്ച നിധി മാത്രമല്ലേ അവൾ... എന്നാണെങ്കിലും അവരത് തിരികെ ചോദിക്കുമ്പോൾ നമുക്ക് കൊടുത്തല്ലേ പറ്റുള്ളൂ... നമ്മുടെ തെറ്റാ... നമ്മളൊരിക്കലും ആ നിധിയുടെ ഉടമസ്ഥരല്ല, വെറും കാവൽക്കാരാണെന്ന് മറക്കരുതായിരുന്നു...!!" അത്രയും പറഞ്ഞു കൊണ്ട് കാശി മുന്നോട്ട് നടന്നു... ലൈലയുടെ മുറി ഇപ്പോഴും അടഞ്ഞു കിടപ്പാണ്... അവളുടെ കരച്ചിൽ ചീളുകൾ ഇപ്പോഴാ മുറിയിലെ ഭിത്തിയിൽ തട്ടി ചിതറി തെറിക്കുന്നുണ്ടാകും...

കരഞ്ഞു കരഞ്ഞു പാവമൊരു പരുവമായിട്ടുണ്ടാകും... പക്ഷെ, മനുഷ്യരല്ലേ... മാറും മറക്കും... ഫൈസിയുടെ കൈകളിൽ അവൾ സുരക്ഷിതയാകുമെന്ന ധൈര്യത്തോടെ തനിക്കുമിനി മുന്നോട്ട് ജീവിക്കാൻ കഴിയുമല്ലോ... ഓരോന്ന് ഓർത്തു കൊണ്ട് കാശി മുകളിലേക്ക് നടന്നു.... ലൈല മുറിയിൽ നിന്നും പിന്നീട് പുറത്തിറങ്ങിയതേയില്ല... കുറച്ചു മണിക്കൂറുകൾ ടീച്ചർ അവളെ കാത്തിരുന്നു.. വരാതായപ്പോൾ വാതിലിൽ മുട്ടിവിളിച്ചു... കുറച്ചധിക നേരം കാത്തിരുന്നിട്ടും പെണ്ണ് തുറക്കാതായപ്പോൾ ടീച്ചറാകെ ഭയന്നു... " മോളേ... ലൈലൂ... വാതിൽ തുറക്ക്..." ടീച്ചർ കതകിൽ തട്ടി വിളിച്ചു കൊണ്ടേയിരുന്നു.. താഴെയുള്ള ബഹളം കേട്ടതും കാശി സ്റ്റെയർ ഇറങ്ങി.. പകുതി വരെ എത്തിയപ്പോഴേക്കും ലൈല വാതിൽ തുറന്നിരുന്നു... മുടിയൊക്കെ പാറിപ്പറന്നു മൂക്ക് ചുവന്ന് കരഞ്ഞു കൺ പോളകൾ നീരുവെച്ചുള്ള പെണ്ണിന്റെ രൂപം കണ്ടതും ഇരുവരുടെയും നെഞ്ച് വിങ്ങി.. " മോളെ...." ഇടർച്ചയോടെ ടീച്ചർ വിളിച്ചതും അവളാ മാറിൽ വീണു പൊട്ടിക്കരഞ്ഞു.... "

എന്നെ വിട്ട് കൊടുക്കല്ലേ ടീച്ചറമ്മേ.... എനിക്ക് നിങ്ങളോടൊപ്പം ജീവിച്ചാൽ മതി..." തേങ്ങലുകൾക്കിടയിൽ ഇടർച്ചയോടെ അവൾ പറഞ്ഞു... " വേണ്ടാ... മോൾക്കിഷ്ടമില്ലേൽ ഒന്നും വേണ്ട.. ആരും ഒന്നിനും നിർബന്ധിക്കില്ല... പോട്ടെ..." അവളെ കെട്ടിപ്പുണർന്നു കൊണ്ട് അവളുടെ മുടിയിഴകളിലൂടെ വിരലോടിച്ചു കൊണ്ടവർ ആശ്വസിപ്പിച്ചു... കോണിപ്പടിയിൽ നിന്ന് കൊണ്ട് അവരെ വീക്ഷിച്ച കാശിക്ക് ആ കാഴ്ച സഹിക്കാവുന്നതിനും അപ്പുറമായിരുന്നു... ജീവനോളം സ്നേഹിക്കുന്ന രണ്ട് സ്ത്രീകളാണ് സങ്കടപ്പെട്ടു നിൽകുന്നത്... അല്ലെങ്കിലും നമ്മുടെയേറ്റവും പ്രിയപ്പെട്ടവരുടെ സങ്കടം കണ്ടു നിൽക്കുകയെന്നത് വലിയ മനഃപ്രയാസം ഉണ്ടാക്കുന്ന ഒന്നാണല്ലോ... കണ്ടു നിൽക്കാൻ വയ്യെന്നായതും കാശി മുകളിലേക്ക് തന്നെ കയറിപ്പോയി... " മോള് വാ... നമുക്ക് വല്ലതും കഴിച്ച് കിടക്കാം... ഇന്ന് നടന്നതൊക്കെ തൽക്കാലം മറക്കാം... വാ...." " എനിക്ക് വിശപ്പില്ല ടീച്ചറമ്മേ... " ടീച്ചർ കുറേ നിർബന്ധിച്ചിട്ടും അവളൊന്നും കഴിക്കാൻ സമ്മതിച്ചില്ല... "

ആർക്കും വേണ്ടെങ്കിൽ ഞാനാ ആഹാരമൊക്കെ എടുത്ത് ഫ്രിഡ്ജിൽ വെക്കട്ടെ... വിശക്കുമ്പോ ചൂടാക്കി കഴിക്കാം....!!" ടീച്ചർ അടുക്കളയിലേക്ക് കയറിപ്പോയതും ലൈല മുകളിലേക്ക് പോകാൻ തീരുമാനിച്ചു... " ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് ഞാനൊരിക്കലും കരുതിയില്ല ശരത്തേ... അവളില്ലാതെ ഞാനെങ്ങനെയാടാ...??!!! അവളെ നഷ്ടപ്പെടുന്നത് ആലോചിക്കാൻ പോലും വയ്യെനിക്ക്..." കാശി ശരത്തിനെ വിളിച്ച് പൊട്ടിക്കരഞ്ഞു.... " അവള് തുറന്നു പറഞ്ഞ സ്ഥിതിക്ക് തിരികെ ഇഷ്ടമാണെന്ന് പറ കാശി... നിങ്ങൾ പരസ്പരം ഇഷ്ടമാണെന്ന് ഒരു വാക്ക് പറഞ്ഞാൽ മതി ആരും പിന്നെ നിങ്ങളുടെ വഴിയിൽ തടസ്സമായി വരില്ല... അല്ലെങ്കിലും ഒരു ലവ് സക്സസ്ഫുൾ ആവാൻ ചിലപ്പോളൊരു കൊച്ചു കലാപങ്ങളൊക്കെ വേണ്ടി വരും...." " പക്ഷേ, ഞങ്ങളൊന്നായാൽ എന്നെ പോലെ തന്നെ അവൾക്ക് പിന്നെ ആരുമില്ലാതാകും... ഞങ്ങൾ മൂവരും തനിച്ചു ഒരു കുടുംബമായി... മറിച്ച് എന്റെ സ്ഥാനത് ഫൈസിയാണേൽ അവൾക്ക് അവളുടെ കുടുംബം തിരിച്ചു കിട്ടും....

ഫൈസി നല്ല പയ്യനാടാ.. അവര് തമ്മിലാ ചേർച്ച..." " അപ്പൊ നീയോ കാശി..??!! എല്ലാം ത്യജിച്ച് മഹാത്മാവ് ആവാനുള്ള പുറപ്പാടിലാണേൽ ആയിക്കോ... ഇനി ഇതും പറഞ്ഞു കരഞ്ഞു കൊണ്ട് എന്നെ വിളിച്ചു പോയേക്കല്ല്...!!" ദേഷ്യത്തോടെ പറഞ്ഞു കൊണ്ട് ശരത്ത് ഫോൺ കട്ട്‌ ചെയ്തു... കണ്ണ് രണ്ടും അമർത്തി തുടച്ചു കാശി അതേ നിൽപ്പ് തുടർന്നു... പെട്ടെന്നാണ് പിറകിലൂടെ ആരോ ശക്തമായി കെട്ടിപ്പുണർന്നത്... " എന്നെ ഇഷ്ടണെന്ന് പറഞ്ഞൂടെ കാശിയേട്ടാ...?? എനിക്കറിയാം ആ മനസ്സിൽ ഞാനുണ്ടെന്ന്... എനിക്ക് വേറെ ആരും വേണ്ടാ... നിങ്ങൾ രണ്ടുപേരും മാത്രം മതി... ഇത്രയും നാൾ എന്നെ വിശ്വസിക്കാതെ തള്ളിപ്പറഞ്ഞവരാ ഇപ്പൊ റിലേഷൻഷിപ് കീപ് ചെയ്യാൻ ശ്രമിക്കുന്നെ... എനിക്ക്... എനിക്ക് ആരും വേണ്ട... എന്നോട് പോകാൻ പറയല്ലേ..., പ്ലീസ്‌..." പെണ്ണ് കരഞ്ഞു കേണു കൊണ്ട് പറഞ്ഞതും കാശി പതിയെ തന്റെ ദേഹത്ത് ചുറ്റിപ്പിടിച്ചിരിക്കുന്ന അവളുടെ കൈകളഴച്ചു... വലിച്ച് മുന്നിലേക്ക് നിർത്തി... വാക്കുകൾക്കായി പരതുന്നവന്റെ മറുപടിയറിയാൻ ആകാംക്ഷയോടെ അത്യധികം പ്രതീക്ഷയോടെ ലൈല കാത്തിരുന്നു.........തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story