കാണാ മറയത്ത്..❤: ഭാഗം 36

kanamarayath

രചന: മീര സരസ്വതി

" എന്നെ ഇഷ്ടണെന്ന് പറഞ്ഞൂടെ കാശിയേട്ടാ...?? എനിക്കറിയാം ആ മനസ്സിൽ ഞാനുണ്ടെന്ന്... എനിക്ക് വേറെ ആരും വേണ്ടാ... നിങ്ങൾ രണ്ടുപേരും മാത്രം മതി... ഇത്രയും നാൾ എന്നെ വിശ്വസിക്കാതെ തള്ളിപ്പറഞ്ഞവരാ ഇപ്പൊ റിലേഷൻഷിപ് കീപ് ചെയ്യാൻ ശ്രമിക്കുന്നെ... എനിക്ക്... എനിക്ക് ആരും വേണ്ട... എന്നോട് പോകാൻ പറയല്ലേ..., പ്ലീസ്‌..." പെണ്ണ് കരഞ്ഞു കേണു കൊണ്ട് പറഞ്ഞതും കാശി പതിയെ തന്റെ ദേഹത്ത് ചുറ്റിപ്പിടിച്ചിരിക്കുന്ന അവളുടെ കൈകളഴച്ചു... വലിച്ച് മുന്നിലേക്ക് നിർത്തി... വാക്കുകൾക്കായി പരതുന്നവന്റെ മറുപടിയറിയാൻ ആകാംക്ഷയോടെ അത്യധികം പ്രതീക്ഷയോടെ ലൈല കാത്തിരുന്നു.... " അയ്യേ ഇതെന്താണ് ചെറിയ കുഞ്ഞുങ്ങളെ പോലെ കരയുന്നോ..?? എല്ലാവരും എല്ലാം മനസ്സിലാക്കി വീട്ടിലേക്ക് തിരികെ വിളിക്കാൻ കാത്തിരുന്നയാൾക്ക് ഇപ്പൊ പോകേണ്ടെന്നായോ..??!! ഹ്മ്മ്..??" മൂക്കത്ത് വിരൽ വെച്ച് കൊണ്ട് കാശി കളിയായി പറഞ്ഞു... " ഞാനീ പറയണത് കോമഡിയായി തോന്നുന്നുണ്ടോ കാശിയേട്ടാ....??"

അവൾ പൊട്ടിക്കരഞ്ഞു പോയി... " ഏയ്... നോ.. നെവർ... നീ.. നീയിങ്ങനെ കരയല്ലേ ലൈലൂ... നിന്റെ മൂഡ് മാറാൻ ഞാനൊരു തമാശ പറഞ്ഞതല്ലേ...?!! കാശി അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണേ... ഒരു വിധമവളെ സമാധാനിപ്പിച്ചു കൊണ്ട് സോഫ സ്വിങ്ങിൽ കൊണ്ടിരുത്തി കാശി... " നീയൊന്ന് ആലോചിച്ചു നോക്കിയേ ലൈലൂ .. ആമിനുമ്മ സംരക്ഷിക്കാൻ പറഞ്ഞ് ഏൽപ്പിച്ചതല്ലേ നിന്നെ..?? തിരികെ അവരാവശ്യപ്പെടുമ്പോൾ കൊടുത്തല്ലേ പറ്റുള്ളൂ... നീ പോകുന്നതിൽ ഞങ്ങൾക്കും വിഷമമുണ്ട്... പക്ഷേ... സാരമില്ല, എല്ലാം ശരിയാവും... ഫൈസി ആള് സൂപ്പറാ....!! അവൻ നിന്നെ ഒരു വിഷമവും വരാതെ നോക്കിക്കോളും..." ഒട്ടും പ്രതീക്ഷിക്കാത്ത കാര്യം കാശിയിൽ നിന്നും കേട്ടതിനാലാവും ലൈലയ്ക്ക് നെഞ്ച് പിളർന്നു പോകും പോലെ തോന്നിപ്പോയി.. ആ മനസ്സിൽ താനുണ്ടെന്നുള്ള വിശ്വാസമൊക്കെ വെറുതെ ആയിരുന്നു... ഓർക്കും തോറും കണ്ണ് നിറഞ്ഞൊഴുകി... "കരയല്ലേ ലൈലൂ..."

ആശ്വസിപ്പിച്ചു കൊണ്ട് കണ്ണുനീർ ഒപ്പിയെടുക്കാൻ കാശി ശ്രമിച്ചതും ലൈലയാ കൈ തട്ടിക്കളഞ്ഞു... പെട്ടെന്ന് തന്നെ ഇരുന്നിടത്തു നിന്നും എഴുന്നേറ്റവൾ വാതിൽ ലക്ഷ്യമാക്കി ഓടി... നിമിഷങ്ങൾ കഴിഞ്ഞതും അതേ വേഗത്തിൽ തിരികെയോടി വന്ന് കാശിയെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു... ഒന്ന് ആശ്വസിപ്പാക്കാൻ പോലും കഴിയാതെ അതേ ഹൃദയ വേദനയിൽ കാശിയും നിന്നു... കുറച്ചൊന്ന് കരഞ്ഞ് തോർന്നതുമവൾ കാശിയിൽ നിന്നും അടർന്നു മാറി അവന്റെ നെറ്റിയിലായി അമർത്തി ചുംബിച്ച ശേഷം അവനെയൊന്ന് നോക്കുക പോലും ചെയ്യാതെ താഴേക്ക് നടന്നു... കാശി ഒരു നിമിഷമവൾ പോയ വഴിയേ നോക്കിയിരുന്നു... കൈകൾ തലയുടെ പിന്നിലേക്ക് താങ്ങി വെച്ച് കൊണ്ട് സോഫ സ്വിങ്ങിലേക്ക് ചാഞ്ഞു കിടന്നു... അവന്റെ ചെന്നിയിലൂടെ കണ്ണുനീർ ഒലിച്ചിറങ്ങുന്നുണ്ട്... മുത്തം കൊടുത്തത് നെറ്റിയിലാണെങ്കിലും അത് ചെന്ന് തറച്ചതവന്റെ നെഞ്ചിലായിരുന്നു... " എനിക്കറിയാം ലൈലൂ, ഞാനാ മനസ്സ് ഒത്തിരി വിഷമിപ്പിക്കുന്നുണ്ടെന്ന്... വേറെ നിവൃത്തിയില്ലാത്തത് കൊണ്ടാണ് പെണ്ണേ.... നിന്റെ സന്തോഷകരമായ ജീവിതം, അതുമാത്രമാ ഞാനിപ്പോൾ ആഗ്രഹിക്കുന്നത്... ഇന്ന് കുറച്ച് സങ്കടപ്പെട്ടാലും നാളെ നീ സന്തോഷത്തോടെ ജീവിക്കുന്നത് കാണാമല്ലോ....." 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸

ഓഫീസിൽ പോകേണ്ടതിനാൽ രാവിലെ നേരത്തെ എഴുന്നേറ്റ്‌ വന്നതാണ് കാശി... ടീച്ചർ കയ്യിലൊരു കപ്പ് ചായ വെച്ച് കൊടുത്തതും അതുമായവൻ ഉമ്മറത്തേക്ക് നടന്നു.. ലൈലയുടെ മുറിക്കരികിൽ എത്തിയതും അവൻ അവിടേക്കൊന്ന് പാളി നോക്കി... വാതിലിപ്പൊഴും അടഞ്ഞു കിടപ്പാണ്... ചിലപ്പോൾ ഉറക്കമാവും, ഇന്നലെ ഉറങ്ങിക്കാണാൻ വഴിയില്ല.. ആലോചനയോടെ ഉമ്മറത്തെത്തിയപ്പോഴേക്കും അവിടൊരു കാർ വന്നു നിന്നു... കോ ഡ്രൈവർ സീറ്റിൽ നിന്നും ഇജാസ് ഇറങ്ങി വന്നപ്പോൾ കാശി അത്ഭുതപ്പെട്ടു.. രാവിലെ ആറു മണി ആയതേയുള്ളൂ... കണ്ണും മിഴിച്ചുള്ള അവന്റെ നോട്ടം കണ്ടതും ഇജാസ് ചിരിച്ചു... " ലൈല റെഡിയായോ കാശി...???" "ഏഹ്ഹ്...??!!" " ഏഴരയ്ക്ക് ഒരു ട്രെയിനുണ്ട്.. അതാ ഇന്നേരത്ത് വന്നത്... ലൈല സമ്മതമറിയിച്ചു കൊണ്ട് രാത്രി വിളിച്ചപ്പോഴേ ടിക്കറ്റ് ബുക്ക് ചെയ്തു.... നേരത്തിനു തന്നെ വീട്ടിൽ എത്താൻ കഴിഞ്ഞാൽ നല്ലതല്ലേ...??!!" ഇജാസ് പറഞ്ഞതും ഷോക്കടിച്ചത് പോലെയായി കാശി...

അതേ സമയം കാറിന്റെ ശബ്ദം കേട്ട് പുറത്തേക്ക് വന്ന ടീച്ചറും ഞെട്ടി നിന്നു... ലൈല തിരിച്ചു പോകുമെന്ന് അറിയാമെങ്കിലും ഇത്ര പെട്ടെന്ന് ഇരുവരും പ്രതീക്ഷിച്ചിരുന്നില്ല... " പക്ഷേ, അവൾ.....!!!" ടീച്ചർ എന്തോ പറയുവാനായി തുനിഞ്ഞതും അരുതെന്ന് കാശി മെല്ലെ തല ചലിപ്പിച്ചു കാണിച്ചു... ഒന്നും മിണ്ടാതെ നിസ്സഹായതയോടെ അവർ നിന്നു... നിമിഷങ്ങൾ കഴിഞ്ഞതും ലൈല റൂമിൽ നിന്നും ഇറങ്ങി വന്നു.. യാത്രയ്ക്കുള്ള തയ്യാറെടുപ്പിലായിരുന്നു അവൾ... കരഞ്ഞു വീർത്ത കൺപോളകൾ കണ്ടതും കാശിയുടെയും ടീച്ചറുടെയും നെഞ്ചകം ഒരുപോലെ വിങ്ങി.. " ഇന്നലെ ലൈല വിളിച്ചു പറഞ്ഞപ്പോൾ തന്നെ ഞാൻ ഉപ്പയെ വിളിച്ച് കാര്യങ്ങൾ അറിയിച്ചിരുന്നു.. ഒരു പുതിയ ബന്ധം തുടങ്ങുന്നതായത് കൊണ്ട് ചെറുക്കനെയും ചുറ്റുപാടുകളെയും കുറിച്ചൊക്കെ ഒരന്വേഷണം വേണമല്ലോ...!!! ഇന്നലെ തന്നെ ഫൈസാനെ കുറിച്ച് ചെറിയ രീതിയിൽ അന്വേഷണം നടത്തി.. നല്ലത് മാത്രമേ എവിടെയും കേട്ടിട്ടുള്ളൂ.. അപ്പോ പിന്നെ കുഴപ്പമില്ലലോ...!!!" ടീച്ചറോടായി ഇജാസ് പറഞ്ഞപ്പോൾ അവരൊന്ന് പുഞ്ചിരിച്ചതേയുള്ളൂ.. " ഫൈസി നല്ലവനാ... ലൈലൂനെ നന്നായിയവൻ നോക്കിക്കോളും..."

കാശി പറഞ്ഞതും ലൈലയവനെ ജീവനറ്റത് പോലെയൊന്ന് നോക്കി... തിരികെ നിസ്സഹായനായി അവനുമവളെ നോക്കി... പെട്ടെന്ന് തന്നെ കണ്ണുകൾ പിൻവലിച്ച് അവൾ ടീച്ചറുടെ അരികിലേക്ക് നടന്നു... അവൾ സമാധാനത്തോടെ യാത്ര പറഞ്ഞ് ഇറങ്ങട്ടെയെന്ന് കരുതിയാകണം ഇജാസ് കാറിനരികിലേക്ക് നടന്നു... ലൈല ചെന്ന് ടീച്ചറെ കെട്ടിപ്പുണർന്നതും അവർ പൊട്ടിക്കരഞ്ഞു പോയി.. " കരയല്ലേ ടീച്ചറമ്മേ... കുറച്ച് ദിവസം കഴിഞ്ഞാലും ഞാൻ ബാംഗ്ലൂർക്ക് തന്നെയല്ലേ തിരിച്ചു വരേണ്ടത്..??!!" തന്റെ മകന്റെ പാതിയായി വരേണ്ടവളാണ്... മറ്റൊരാളുടെ പുതുനാരിയാകാൻ അവളൊരുങ്ങിയെന്നത് ടീച്ചർക്ക് ഒരിക്കലും അംഗീകരിക്കാൻ കഴിഞ്ഞില്ല... "പോവാതിരുന്നൂടെ മോളെ...?? ഇനിയുള്ള കാലവും എന്റെ മോളായി കഴിഞ്ഞൂടെ..??!! ഞാനൊരു കുറവും വരുത്താതെ പൊന്നുപോലെ നോക്കിക്കോളാം..." " പോയേക്കാം ടീച്ചറമ്മേ.... അതാ നല്ലത്... ഇനിയുമിവിടെ നിൽക്കുന്ന ഓരോ നിമിഷവും ഞാൻ എന്തൊക്കെയോ പ്രതീക്ഷിച്ചു പോകും...!!അർഹതയില്ലാത്തത് ആഗ്രഹിച്ചു പോകും...

ഇതാകുമ്പോ എനിക്കെന്നും ടീച്ചറമ്മയെ വന്നു കാണാലോ...!!" ടീച്ചറിൽ നിന്നും അടർന്നു മാറിയവൾ കാശിയെ നോക്കിയൊന്ന് പുഞ്ചിരിച്ചു... അവനോടൊരു യാത്ര പോലും പറയാതെ അവളിറങ്ങിയത് അവനൊരു നോവായി മാറി... ആ കാർ അകന്നു പോകുന്നത് ഹൃദയം പിളരുന്ന വേദനയോടെ കാശി നോക്കി നിന്നു... 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 വീട്ടിൽ എത്തിയപ്പോൾ ലൈലയുടെ ഉമ്മയും വല്ല്യുമ്മയും ഉമ്മറത്ത് തന്നെ കാത്തു നിൽപ്പുണ്ട്... രണ്ടുപേരും നന്നേ ക്ഷീണിച്ചു പോയിട്ടുണ്ട്... ലൈല ഓടിച്ചെന്ന് ഇരുവരെയും ഒരുമിച്ച് കെട്ടിപ്പുണർന്നു... മൂവരും പൊട്ടിക്കരഞ്ഞു പോയി... " എന്റെ പൊന്നു മോളെ.... മോളെയൊന്ന് കാണാനായി പടച്ചോനോട് ദുവാ ചെയ്യാത്ത ഒരു ദിവസം പോലുമുണ്ടായിട്ടില്ല... അൽഹംദുലില്ലാഹ്, ജസാക്കല്ലാഹ്‌ ഖൈർ...

എന്റെ പൊന്നുമോളെ നീ തിരിച്ചു തന്നല്ലോ നാഥാ...!!" ഇടയ്ക്കെപ്പോഴോ ഫൗസിയ പതം പറയുകയുകയും കരയുകയും ചെയ്തു... കുറേ കാലത്തിനു ശേഷം മകളെ പിരിഞ്ഞു നിന്ന വേദനയോ, നാളുകൾക്ക് ശേഷം മകളെ കണ്ട സന്തോഷമോ ഒക്കെയുണ്ട് ആൾക്ക്... " ഉപ്പാനെ കാണേണ്ടേ മോൾക്ക്...??" ഫൗസിയ ചോദിച്ചതും ലൈല കാണണമെന്ന് തല ചലിപ്പിച്ചു കൊണ്ട് പറഞ്ഞു... ഉമ്മയോടൊപ്പം ഉപ്പയുടെ മുറിയിലേക്ക് നടക്കുമ്പോൾ കാലുകൾക്ക് ബലം പോരെന്ന് തോന്നിപ്പോയി.. ഉടലാകെയും വിറക്കും പോലെ... എന്താകും ഉപ്പയുടെ പ്രതികരണം...??!! പഴയത് പോലെ ദേഷ്യമാകുമോ...?? ഓടിപ്പോയതിനു ബെൽറ്റ് വെച്ച് അടിക്കുമോ..??? മനസ്സേ തകർന്നിരിക്കുകയാണ്... ഇനിയുമൊരു അടി വാങ്ങിക്കുവാനുള്ള ശേഷി ശരീരത്തിനോ മനസ്സിനോയില്ല... വളരെയധികം പേടിയോടെ റൂമിനകത്തേക്കവൾ പ്രവേശിച്ചു..........തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story