കാണാ മറയത്ത്..❤: ഭാഗം 46 || അവസാനിച്ചു

kanamarayath

രചന: മീര സരസ്വതി

ലൈലയും അവളുടെ മുറിയിലേക്ക് നടന്നു... പിറകെ കാശിയും... അകത്തെത്തിയതും കാശി ലൈലയെ വലിച്ചവന്റെ നെഞ്ചോട് ചേർത്തിരുന്നു... ഇരുവരും ഇറുകെ പുണർന്നു... " ഐ മിസ്ഡ് യൂ എ ലോട്ട് ലൈലൂ... നീയില്ലാതെ ഞാനെങ്ങനെയാ ഇത്രയും നാൾ തള്ളി നീക്കിയതെന്നറിയില്ല.... നിന്നെ കാണാതിരുന്നാൽ പ്രാണൻ പോലും പോകുമെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.... " അവനവളുടെ മുഖം കൈകുമ്പിളിൽ കോരിയെടുത്ത് ചുംബനങ്ങൾ കൊണ്ട് മൂടി... കുളിച്ച് വേഷം മാറാനായി കബോർഡ് തുറന്ന ലൈല അത്ഭുതപ്പെട്ടു.. കാശിയുടെ വസ്ത്രങ്ങളും അവിടെയിരിപ്പുണ്ട്... " നീ പോയതിൽ പിന്നെ ഞാനിവിടെയാ കിടന്നത്... ഇവിടെ നിന്റെ പ്രെസെൻസുള്ളത് പോലെ തോന്നും.. നിന്നെ ഒത്തിരി മിസ്സ്‌ ചെയ്യുമ്പോ ദേ ആ തലയിണയും കെട്ടിപ്പിടിച്ചുറങ്ങും... " അവനവളെ പിറകിലൂടെ പുണർന്നവളുടെ കഴുത്തിടുക്കിൽ ചുംബിച്ചു... ആ ചുംബനത്തിന്റെ മാസ്മരികതയിൽ ലയിച്ച് അവന്റെ ലൈലൂസും നിന്നു..

" ഫ്രഷായിട്ട് വാടോ... ഞാൻ പോയി ഫുഡ് ഓർഡർ ചെയ്യട്ടെ...." കുളിക്കാനായി ഷവറിന്റെ കീഴിൽ നിൽക്കുമ്പോൾ അവൾ കാശിയുടെ ചുംബനമോർത്തു... ആ കഴുത്തിടുക്കിൽ ഒരു ചുംബനം കൂടിയാ നിമിഷം അവൾ ആഗ്രഹിച്ചു... ആ ചുംബനത്തിന്റെ മാസ്മരികതയിൽ മതിമറന്നങ്ങനെ നിമിഷങ്ങൾ തള്ളി നീക്കാനും... കഴുത്തിടുക്കിൽ വെള്ളം വീണപ്പോൾ അവന്റെ ചുംബനമേറ്റത് പോലെയവൾ പുളഞ്ഞു... പ്രണയത്തിന്റെ മായാ ലോകത്താണവൾ... ശരീരത്തിലെ ഓരോ അണുവും അവന്റെ ചുംബനങ്ങൾക്കായി കാത്തിരിക്കുന്നുണ്ട്... ശരീരത്തിൽ ഉറ്റു വീഴുന്ന വെള്ളത്തുള്ളികൾ പോലെയൊരു ചുംബന മഴ.... അവളുടെ അധരങ്ങളൊന്ന് വിറച്ചു... കവിൾ തുടിച്ചു... തന്റെ മനസ്സിനൊപ്പം ശരീരവുമവന്റെ പ്രണയം കൊതിക്കുന്നുണ്ടെന്ന് ലൈല തിരിച്ചറിഞ്ഞു.. നാണത്താൽ പെണ്ണിലൊരു പുഞ്ചിരി രൂപപ്പെട്ടു.. കുളിച്ച് തീരുന്നത് വരെയും ചിന്തകൾ കടിഞ്ഞാണില്ലാതെ അവനു ചുറ്റും പാഞ്ഞു കൊണ്ടിരുന്നു.. ദൂരയാത്ര ടീച്ചറെ വല്ലാതെ തളർത്തിയിട്ടുണ്ട്.. ആഹാരം പോലും കഴിക്കാൻ നിൽക്കാതെ അവർ കിടന്നു.. ലൈല ടീച്ചറുടെ മുറിയിൽ ചെന്ന് നോക്കിയപ്പോൾ നല്ലയുറക്കമാണ്...

അവരുടെ തലമുടിയുടെ വിരലോടിച്ച് ആ മൂർദ്ധാവിൽ പതിയെ ഉമ്മ വെച്ചു... പുതപ്പ് നേരെയിട്ട് കൊടുത്ത് തിരിഞ്ഞു നടന്നപ്പോൾ വാതിൽക്കൽ കാശി കൈയും കെട്ടി ചിരിയോടെ നിൽപ്പുണ്ട്... തന്റെ അമ്മയെ സ്വന്തം അമ്മയെ പോലെ സ്നേഹിക്കുന്ന ഒരു ഭാര്യ.. ഏതൊരു പുരുഷന്റെയും ആഗ്രഹം... " നമുക്കിന്ന് മുകളിൽ കിടക്കാമല്ലേ...??!!" ആഗ്രഹിച്ചതെന്തോ കേട്ടത് പോലെ അവൾ തല കുലുക്കി.. ടെറസിൽ ചെല്ലുമ്പോഴേക്കും കാശിയവിടെ പായയ്ക്ക് മുകളിൽ ഒരു മാട്രസ്സ് വിരിച്ച് റെഡിയാക്കി വെച്ചിട്ടുണ്ട്.. അരികിലായി സുഗന്ധം പരത്തുന്ന മെഴുകുതിരിയും കത്തിച്ചു വെച്ചിട്ടുണ്ട്... അരികിൽ കിടക്കുന്ന ലൈലയെ കാശി വലിച്ചവന്റെ നെഞ്ചോട് ചേർത്ത് കിടത്തി.. കൊതിച്ചതെന്തോ കേൾക്കാൻ ആഗ്രഹിച്ചത് പോലെ അവളുടെ കാതുകൾ അവന്റെ നെഞ്ചിടിപ്പ് ആസ്വദിക്കുകയാണ്... " നിന്നോടൊപ്പം ഈ ടെറസിൽ സ്പെൻഡ്‌ ചെയ്ത രാത്രിയൊക്കെയും ഇതുപോലെ നെഞ്ചോട് ചേർക്കാൻ എത്ര കൊതിച്ചിട്ടുണ്ടെന്നോ...?!!"

അവളെ തന്നിലേക്ക് ഒന്നും കൂടി ചേർത്ത് പിടിച്ചു കാശി... " ഞാനും....!!" " ഏഹ്ഹ്...??!!" " ഇഷ്ടം തോന്നിത്തുടങ്ങിയ നേരത്തെന്നോ.." അത് കേൾക്കെ അവന്റെ മുഖമൊന്ന് വിടർന്നു... മെഴുകുതിരി വെട്ടത്തിൽ അവളുടെയധരങ്ങളിൽ നാണം കലർന്ന പുഞ്ചിരിയവൻ കണ്ടു... ആ അധരങ്ങൾ കവരാൻ അവൻ കൊതിച്ചു.. തന്റെ പാതിയിൽ ലയിക്കാൻ, തന്റെ ഇണയെ സ്വന്തമാക്കാൻ അവനിലെ പ്രണയിതാവും കൊതിച്ചു തുടങ്ങിയിരുന്നു... തന്റെ അധരങ്ങളിലേക്ക് വീണു കിടക്കുന്ന നോട്ടമവളും കണ്ടിരുന്നു... ചുണ്ടുകൾ തമ്മിലുള്ള ദൂരം കുറഞ്ഞു വന്നു... താമസിയാതെയവ യോജിച്ചതും അവിടെയൊരു ചുംബന പുഷ്പം വിടർന്നു... അവളിലാകെയും പ്രണയത്തിന്റെ വിത്തുകൾ പാകി കാശി... ചുംബനങ്ങൾ കൊണ്ടൊരു പൂന്തോട്ടം തന്നെയവൻ പണിതു.. പ്രണയത്തിന്റെ നിറങ്ങൾ ചാലിച്ച മനോഹര പുഷ്പങ്ങൾ വിരിഞ്ഞൊരു പൂന്തോട്ടം... " സ്വന്തമാക്കിക്കോട്ടെ ഞാൻ...??" അവളുടെ ചെവിയിൽ പതിയെ കടിച്ചു കൊണ്ടവൻ ചോദിച്ചതും അവൾ മൃദുവായി മൂളി...

ആകാശത്തിലെ നിലാവിനെയും നക്ഷത്രങ്ങളെയും സാക്ഷിയാക്കി അവർ രമിച്ചു.... *************** " എന്താണ് കൈവിട്ട്‌ കളയേണ്ടിയിരുന്നില്ലെന്ന് തോന്നുന്നുണ്ടോ...??!!" ഫൈസിയുടെ തോളിലൂടെ കൈയിട്ട് അവനോടൊപ്പം സ്റ്റേജിലേക്ക് നോക്കി ഇഷ.. അവിടെയൊരു മുസ്ലിം വധുവായി അണിഞ്ഞൊരുങ്ങി ലൈലയും അരികത്തായ് തനി മലയാളിത്തനിമയിൽ കാശിയും നിൽപ്പുണ്ട്... സ്റ്റേജിലേക്ക് കയറി വരുന്ന സുഹൃത്തുക്കളോടും കൊളീഗ്സിനോടും ഇരുവരും സൗഹൃദപൂർവ്വം സംസാരിക്കുകയും അവരോടൊപ്പം ഫോട്ടോ എടുക്കുകയും ചെയ്യുന്നുണ്ട്.. ഫൈസിയൊന്ന് പുഞ്ചിരിച്ചു... " വിധിക്കാത്തതൊന്നും ഫൈസി കൊതിക്കാറില്ലെന്ന് നിനക്കറിയില്ലേ ഇഷാ...." പറഞ്ഞതിങ്ങനെയാണെങ്കിലും മുഖത്ത് സങ്കടം മിന്നിമാഞ്ഞു... ഇഷയത്‌ മനസ്സിലാക്കി... അവളവന്റെ പുറത്ത് പതിയെ തലോടി ആശ്വസിപ്പിച്ചു... " അവരങ്ങ് സന്തോഷായി ജീവിക്കട്ടെ... അത് മതി..," " ഭയ്യാ... വന്നേ നമുക്കും ഫോട്ടോയെടുക്കാം..."

പെട്ടെന്നെവിടുന്നോ അമ്മു ചാടി വീണിരുന്നു... അല്ലെങ്കിലും ഫൈസിയെ മനസ്സ് വിഷമിച്ചിരിക്കാൻ ഒരു നിമിഷം പോലും അവൾ അനുവദിച്ചിരുന്നില്ല... സ്റ്റേജിലേക്ക് ഇരുവരും കയറിപ്പോകുന്നത് ഒരു നിമിഷം ഇഷ നോക്കി നിന്നു... എന്നെങ്കിലും തന്റെ മനസ്സവൻ മനസ്സിലാക്കുമെന്ന പ്രതീക്ഷയോടെ അവൾ നിന്നു... പ്രണയം പറഞ്ഞ് നഷ്ടപ്പെടുത്തേണ്ടതല്ല ആത്മാർത്ഥ സൗഹൃദമെന്ന തിരിച്ചറിവ് ഉണ്ടായ കാലത്തെങ്ങോ അവനിൽ നിന്ന് അകലാൻ ശ്രമിച്ചതാണ്... പക്ഷെ, അകലും തോറും സ്നേഹത്തിന്റെ ആഴവും പരപ്പും കൂടുകയാണവന്നവൾ തിരിച്ചറിയുകയായിരുന്നു... *************** " എന്റെ 🌍" ഇൻസ്റ്റാഗ്രാമിൽ തൻ പോസ്റ്റ് ചെയ്ത ഫോട്ടോയ്ക്ക് താഴെ കാശിയുടെ കമെന്റ് കണ്ടപ്പോൾ ലൈല പുഞ്ചിരിച്ചു.. അതേ, താനാണ് അവന്റെ ഉലകം, അവന്റെ ഉയിര്... ഇപ്പൊ എത്രമാത്രം മിസ്സ്‌ ചെയ്യുന്നുണ്ടാകുമെന്നും അവൾക്കറിയാം... " മിസ്സിംഗ് യൂ മൈ മാൻ...🥺" മണാലിയിലെ മഞ്ഞു പുതച്ച ആ താഴ്വാരയിൽ ഇരുന്നു കൊണ്ടവൾ മറുപടി കൊടുത്തു...

ഉടനെ വന്നു ഫോൺ കോൾ.. റേഞ്ച് കമ്മിയായത് കൊണ്ട് തന്നെ കുറച്ചു നിമിഷങ്ങൾ സംസാരിച്ച് കൊണ്ടവൾ ഫോൺ വെച്ചു.,, മാസങ്ങൾക്ക് മുന്നേ കാശിക്കൊപ്പം ഹണിമൂണിനായി മണാലിയിൽ എത്തിച്ചേർന്ന നിമിഷങ്ങളെകുറിച്ച് അവളോർത്തു.... " ഇങ്ങനെ നാടായ നാടൊക്കെ ചുറ്റിക്കാണണമെന്ന് ഒരുപാട് ആഗ്രഹിച്ചിരുന്നു.. സ്കൂളിൽ നിന്ന് ട്രിപ്പ് പോകാൻ ചോദിക്കുമ്പോൾ എന്നും ഉമ്മ പറയുന്ന ഡയലോഗ് ഉണ്ട്... കെട്ടിക്കഴിഞ്ഞ് കെട്ട്യോന്റൊപ്പം പൊയ്ക്കോന്ന്.. സർവ്വ ആഗ്രഹങ്ങളും ആ ഒറ്റവാക്കിൽ അടിച്ചമർത്തപ്പെടും... പല പെൺകുട്ടികളുടെയും അനുഭവം അതാവും.... എന്തായാലും ഉമ്മ പറഞ്ഞ ഡയലോഗ് എന്റെ കാര്യത്തിൽ കറക്റ്റായി... പക്ഷെ, കല്യാണം കഴിഞ്ഞും അടിച്ചമർത്തപ്പെട്ട ആഗ്രഹങ്ങളെ മൂടിവെക്കാൻ പാടുപെടുന്ന എത്ര സ്ത്രീകൾ കാണുമല്ലേ...??!! അവരെയും ഇതുപോലെ നാടൊക്കെ കാണിക്കാൻ ആരെങ്കിലും ഉണ്ടായെങ്കിൽ..." " എങ്കിൽ പിന്നെ നിനക്ക് കാണിച്ചാൽ എന്താ...??" " ഏഹ്ഹ് ഞാനോ..??!!! ഞാനെങ്ങനെയാ...??!!"

" അതിനൊക്കെ വഴിയുണ്ട്... നാട്ടിലെത്തട്ടെ... ഇപ്പോ നമുക്ക് നമ്മുടെ നിമിഷങ്ങൾ എൻജോയ് ചെയ്യാം വാ..." അവിടെ നിന്നും കാശി തിരിച്ചു ചെന്നത് ഒരു ബിസിനെസ്സ് പ്ലാനുമായി ആയിരുന്നു... " Fly with lailah... The complete she travels...!! " യാത്രയെ സ്നേഹിക്കുന്ന, ആഗ്രഹിക്കുന്ന സ്ത്രീകൾക്ക് മാത്രമായൊരു യാത്രാ പ്ലാൻ... ഇന്ത്യൻ ഗ്രാമങ്ങളിലൂടെ ഒരു യാത്ര.... ട്രക്കിങ്ങും ട്രിപ്പുകളും... കുടുംബ ഭാരങ്ങളോ ചുമതലകളോ ഒന്നും തലയിലേറാത്ത സന്തോഷങ്ങളുടേത് മാത്രമായ കുറച്ചു ദിവസങ്ങൾ... കുഞ്ഞു മത്സരങ്ങളും ഫയർ ഡാൻസും പാട്ടുമൊക്കെയായി കേരളത്തിൽ തന്നെ വൺ ഡേ ക്യാമ്പിങ്ങും അവരുടെ പ്രത്യേകതയാണ്.... ലൈലയാണ് ഗൈഡ്... പാർട്ണറായി നമ്മുടെ അമ്മുവും... ഇൻസ്റാഗ്രാമിലൂടെ പോസ്റ്റുകൾ ഷെയർ ചെയ്ത് അവർ ആളുകളെ ക്ഷണിച്ചു... യാത്രകളുടെ ഫോട്ടോകളും വീഡിയോകളും ആഘർഷിച്ചും ഇപ്പോൾ നിരവധി ആളുകൾ അവരോടൊപ്പം ചേരുന്നുണ്ട്..... " ലൈലാ ദീദി... കമ്മോൺ... ലെറ്റ്'സ് മേക്ക് എ റീൽ..."

കൂടെ വന്ന ഹൈദരാബാദി പെൺകുട്ടി കുറച്ചകലെ നിന്നും ഉറക്കെയവളെ ക്ഷണിച്ചു... " ആം കമിങ്...." തൽക്കാലം ചിന്തകൾക്ക് വിരാമമിട്ടുകൊണ്ട് തന്റെ ടീമിനരികിലേക്ക് ലൈല നടന്നു.... അമ്മുവും ലൈലയും ആടിയും പാടിയും ആ ട്രിപ്പ് ആഘോഷമാക്കുന്നുണ്ട്... താൽക്കാലികമായെങ്കിലും എല്ലാ ബന്ധനങ്ങളുടെയും കെട്ടുകൾ പൊട്ടിച്ച് കൂടെ അവരുടെ ടീമും.... ( അവസാനിച്ചു....)

ലൈലയും കാശിയും നമ്മോട് വിട പറയുകയാണ്... പലപ്പോഴും കഥയൊരുപാട് ഡിലെ ആക്കിയിട്ടുണ്ട്.. എന്നിട്ടും പകുതി വെച്ച് വായന നിർത്താതെ ക്ഷമയോടെ കാത്തിരുന്നു വായിച്ച നിങ്ങൾക്കോരോരുത്തർക്കും സ്നേഹത്തിന്റെ ഒരായിരം പൂച്ചെണ്ടുകൾ... ലൈലയുടെ ജീവിതം എത്രത്തോളം എഴുതി ഫലിപ്പിക്കാൻ എനിക്ക് കഴിഞ്ഞെന്നറിയില്ല... അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു.. ഹാർട്ടും ലൈക്കും മാറ്റിവെച്ച് ഇന്നെങ്കിലും എനിക്ക് കഥയെ പറ്റിയുള്ള കമന്റ്‌സ് തരുമെന്ന് പ്രതീക്ഷിക്കുന്നു.. ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും രണ്ടു വരി എനിക്കായി കുറിക്കണേ... ഒരുപാട് സ്നേഹത്തോടെ സന്തോഷത്തോടെ ഇഷ്ടത്തോടെ നിങ്ങളുടെ മീര ❤️❤️😘

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story