കാവ്യമയൂരം: ഭാഗം 37

kavyamayooram

രചന: അഭിരാമി ആമി

" നിനക്കിതിന്റെ വല്ല ആവശ്യോമുണ്ടാരുന്നോ എന്റെ സീതേ ഭാഗ്യമായി നമ്മുടെ മരുമോൻ മതില് ചാടി കൈയ്യും കാലുമൊടിക്കാഞ്ഞത്...." പൊട്ടിച്ചിരിച്ചുകൊണ്ട് അയാൾ പറഞ്ഞത് കേട്ട് സീതയും പതിയെ ചിരിച്ചു. " അതിപ്പോ ഞാനോർത്തോ നമ്മുടെ കളക്ടർ മരുമോൻ ഇത്രേയുള്ളെന്ന്.... എന്തായാലും ഇനി ഞാൻ പറയില്ല അവളെ ഇവിടെ നിർത്താൻ. ഈ സമയത്ത് നമ്മളായിട്ടവരെ വിഷമിപ്പിക്കുന്നതെന്തിനാ. ചാരുമോൾക്കും ആകെയൊരു വാട്ടമായിരുന്നു. " " അതുമൊരു ഭാഗ്യമല്ലേഡോ..... അവർ സ്നേഹിക്കട്ടെ. എന്നും ഇതുപോലെ തന്നെ. " ഭാര്യയേ തോളിലൂടെ കയ്യിട്ട് ചേർത്ത് പിടിച്ചുകൊണ്ട് പറയുമ്പോൾ വല്ലാത്തൊരു സന്തോഷമലതല്ലിയിരുന്നു ശിവപ്രസാദിൽ. " ഛേ എനിക്കിതെന്തിന്റെ കേടായിരുന്നു...??? " താഴെ നടന്ന സംഭാഷണങ്ങളോർത്തുകൊണ്ട് മുകളിലേക്ക് നടക്കുമ്പോൾ സിദ്ധു സ്വയം പറഞ്ഞു.

" ഓഹ് അല്ല ഞാനിത്ര ചമ്മുന്നതെന്തിനാ.... ഞാൻ വന്നത് എന്റെ കെട്ടിയോളെ കാണാൻ അല്ലേ.... അതേ അതിന് നീ നാണിക്കേണ്ട കാര്യമൊന്നുല്ല സിദ്ധു. ഇതൊക്കെ സ്വാഭാവികം.... അതേ അവരും ഇവിടമൊക്കെ കഴിഞ്ഞു വന്നവരല്ലേ. അല്ലേ...??? " സ്റ്റെപ് തീരുന്നിടത്ത് അറേഞ്ച് ചെയ്തിരുന്ന വലിയ മിററിലെ പ്രതിബിംബം നോക്കി അവൻ സ്വയം സമാധാനിപ്പിക്കും പോലെ ചോദിച്ചു. അപ്പോഴാണ് അരുന്ധതിയുടെ മുഖമവന്റെ ചിന്തകളിലേക്ക് വന്നത്. " ദൈവമേ ഇവിടുത്തേ അമ്മയിനി അമ്മേ വിളിക്കുമ്പോ മരുമോൻ രാത്രി വിറ്റാമിൻ ഗുളികേം കൊണ്ട് വന്ന കഥ പറയോ...??. ഈശ്വരാ എങ്കിലെന്റെ മാനം പോകും. അതെങ്ങനാ പോകാതിരിക്കുന്നത് കല്യാണം വേണ്ട....അവളെ ഇഷ്ടമല്ല എന്നൊക്കെ പറഞ്ഞുനടന്നിട്ട് ഇപ്പൊ ഈ ചീവീടില്ലാതെ ഒരു നിമിഷം വയ്യല്ലോ എന്റീശ്വരാ.... " ഒരു ചിരിയോടെ ഓർത്തുകൊണ്ട് അവൻ പതിയെ സ്റ്റെയർ കേസിനടുത്തുള്ള ചാരുവിന്റെ മുറിക്ക് നേരെ നീങ്ങി. അതിന്റെ വാതിൽ ചാരി കിടക്കുകയായിരുന്നു. വാതിൽ തുറക്കുന്നത് കേട്ടതും അതുവരെ അവനേ പ്രതീക്ഷിച്ച് കിടക്കുകയായിരുന്ന ചാരു വേഗം കണ്ണുകളടച്ചു.

( അമ്മ പറഞ്ഞില്ലേ കുഞ്ഞാ അപ്പ വരുമെന്ന്..... ദാ കണ്ടില്ലേ ഓടി പാഞ്ഞുവന്നത്. അല്ലേലും നിന്റപ്പക്ക് നമ്മളില്ലാതെ പറ്റില്ല. ) സ്വന്തം വയറിൽ തലോടി കുഞ്ഞിനോടായി അവൾ മന്ത്രിച്ചു. അപ്പോഴേക്കും വാതിലടച്ച് ബോൾട്ടിട്ട് സിദ്ധുവന്നവൾക്കരികിലേക്ക് കിടന്നിരുന്നു. പിന്നെ പതിയെ അവളെ കെട്ടിപ്പിടിച്ച് തന്നോട് ചേർത്ത് കിടത്തി ആ നെറുകയിലെ സിന്ദൂരചുവപ്പിൽ ചുംബിച്ചു. " നീയില്ലാതെ ഞാനെങ്ങനാഡി ഒറ്റയ്ക്ക്.... " അവളുറക്കാമാണെന്ന ധാരണയിൽ വളരെ പതിയെ അതിലേറെ ആർദ്രമായി അവൻ ചോദിച്ചു. " കുറച്ചുനേരത്തെ വന്നൂടെ മനുഷ്യ....കാത്തിരുന്ന് മടുത്തു. " പെട്ടന്നായിരുന്നു അവന്റെ നെഞ്ചിൽ ചുണ്ടമർത്തികൊണ്ടുള്ള ചാരുവിന്റെ ചോദ്യം. " ഏഹ് നീയുറങ്ങിയില്ലാരുന്നോ...?? " " ആഹ് അതുകൊള്ളാം. കണ്ണേട്ടൻ വരാതെ ഞാനെങ്ങനെ ഉറങ്ങും...??? " " അതിന് വരുമെന്ന് ഞാൻ പറഞ്ഞില്ലാരുന്നല്ലോ....??? " ലേശമൊരമ്പരപ്പോടെ സിദ്ധു ചോദിച്ചു. " പറഞ്ഞില്ലാ.... പക്ഷേ എനിക്കറിയില്ലേ എന്റെ കെട്ടിയോനെ.... "

അവന്റെ നെഞ്ചിലേക്ക് ഒന്നുകൂടി ഒതുങ്ങിക്കിടന്ന് അടക്കി ചിരിച്ചുകൊണ്ടവൾ പറഞ്ഞതും സിദ്ധുവും ചിരിച്ചു. പിന്നെ അവളെയൊന്നുകൂടി ചേർത്ത് പിടിച്ചു. മുടിയിഴകളിലൂടെ തലോടി. " നമ്മുടെ കുഞ്ഞിക്കുറുമ്പിയുറങ്ങിയോടീ....??? " ആ വയറിൽ പതിയെ തഴുകി അവൻ ചോദിക്കുമ്പോൾ ചെറിയ ഇക്കിളി തോന്നിയിരുന്നു ആ പെണ്ണിന്. " ഓഹ് പിന്നെ പാതിരാത്രി അച്ഛൻ നട്ടാൽ കുരുക്കാത്ത നുണയും പറഞ്ഞ് വരും വരെ ഉറങ്ങാതിരിക്കാൻ പോവല്ലേ എന്റെ കുഞ്ഞ്.... അമ്മേം വാവേം നേരത്തെ ഉറങ്ങിയല്ലേടാ പൊന്നേ..." ചിരിയടക്കിപ്പിടിച്ച് വാത്സല്യത്തോടെ വയറിൽ തഴുകി അവൾ പറഞ്ഞത് കേട്ട് സിദ്ധുവും വാത്സല്യത്തോടവളുടെ വയറിനെ തലോടി. " അതേ കണ്ണേട്ടാ..... " " എന്താടീ.....???? " " അല്ല രാവിലെ നമുക്കൊരുമിച്ച് വീട്ടിലേക്ക് പോയാലോ ???? " തന്റെ നെഞ്ചിൽ വിരലോടിച്ചുകൊണ്ട് അവൾ ചോദിക്കുമ്പോൾ സിദ്ധു പതിയെ ചിരിച്ചു. " അതിന് നിന്റമ്മ വിടുവോ..... പിന്നെ അമ്മ ആഗ്രഹിച്ച് വിളിച്ചിട്ട് ഞാൻ നിർബന്ധിച്ചു കൊണ്ടുപോയാൽ അമ്മയെന്ത് കരുതും....??? "

" ഓഹ് പിന്നേ.... അമ്മ കരുതാനുള്ളതൊക്കെ ഇപ്പൊ തന്നെ കരുതിക്കാണും. എന്റൊരു ഊഹം ശെരിയാണെങ്കിൽ നാളെ കണ്ണേട്ടൻ പോകുമ്പോ മിക്കവാറും അമ്മ തന്നെ പറയും എന്നേക്കൂടേ കൊണ്ടുപോകാൻ. അല്ലേ അമ്മക്കറിയാം നാളെ മരുമോൻ ഉറപ്പായും മതില് ചാടുമെന്ന്. " കിലുങ്ങി ചിരിച്ചുകൊണ്ട് പറയുന്നവളുടെ മിഴിയിലേക്ക് തന്നെ നോക്കി കിടക്കുമ്പോൾ സിദ്ധുവിലും അതൊക്കെ തന്നെയായിരുന്നു. അവളില്ലാതെ ഒരു നിമിഷം പോലും വയ്യെന്നോർക്കേ അവനവളെ ഒന്നുകൂടി ചേർത്തുപിടിച്ചു. " മ്മ്ഹ് അതൊക്കെ നേരം വെളുത്തുള്ള കാര്യമല്ലേ. ഇപ്പൊ മോള് തല്ക്കാലം ഉറങ്ങാൻ നോക്ക്. " അവൻ പറഞ്ഞതും ആ നെഞ്ചിലേക്ക് ഒന്നുകൂടി ചേർന്നുകിടന്നവൾ മിഴികളടച്ചു. രാവിലെ സീതയവർക്കുള്ള ചായയുമായി വന്ന് വാതിലിൽ തട്ടുമ്പോഴായിരുന്നു സിദ്ധു ഉറക്കമുണർന്നത്. അപ്പോഴും തന്റെ നെഞ്ചിൽ പറ്റി ചേർന്ന് കിടന്നുറങ്ങുകയായിരുന്ന ചാരുവിനെ ബെഡിൽ നേരെ കിടത്തി അവൻ ചെന്ന് വാതിൽ തുറന്നു.

" ചാരു എവിടെ സിദ്ധു...??? " പ്രതീക്ഷക്ക് വിപരീതമായി അവനേ കണ്ട് സീത ചോദിച്ചു. " അവളെണീറ്റില്ലമ്മേ. അവൾടെ കണക്ക് ഇപ്പോഴും എട്ടര തന്നാ.... " തിരിഞ്ഞ് ബെഡിലേക്ക് നോക്കിക്കൊണ്ട് അവൻ ചിരിയോടെ പറഞ്ഞു. " ഓഹ് ഈ പെണ്ണിന്റൊരു കാര്യം. കെട്ട് കഴിഞ്ഞാലെങ്കിലും ഒരുത്തരവാദിത്വം കാണുമെന്ന് കരുതി. ഇതിപ്പോ പണ്ടത്തേന്റെ പിന്നത്തേതായല്ലോ. " മുറിയിലേക്കൊന്നെത്തി നോക്കി ഉറങ്ങികിടക്കുന്ന മകളെ നോക്കി പിറുപിറുത്തുകൊണ്ട് സീത താഴേക്ക് നടന്നു. പത്തുമണിയോടെ ബ്രേക്ക്‌ ഫാസ്റ്റൊക്കെ കഴിഞ്ഞ് സിദ്ധുവും ചാരുവും റെഡിയായിറങ്ങി. " ചെന്നിട്ട് വിളിക്കണേ മക്കളേ.... " അമ്മമാരുടെ പതിവ് വേവലാതിയോടെ സീത പറഞ്ഞു. " എന്നാ ഇറങ്ങട്ടെ അച്ഛാ.... അമ്മേ.... " ഒരിക്കൽ കൂടി യാത്ര പറഞ്ഞ് സിദ്ധു പുറത്തേക്കിറങ്ങി. ഒപ്പം തന്നെ ചാരുവും. അവർ പോകുന്നത് നോക്കി സിറ്റൗട്ടിൽ നിൽക്കുമ്പോൾ സന്തോഷം കൊണ്ട് മനസ് നിറഞ്ഞിരുന്നു ശിവപ്രസാദിനും സീതക്കും. അവർ ദേവരാഗത്തിലെത്തുമ്പോൾ എല്ലാവരും ഹാളിൽ തന്നെയുണ്ടായിരുന്നു.

" അല്ല ഇന്നലെ ഇവിടുന്ന് പോകുമ്പോ ചാരു ഒറ്റയ്ക്കായിരുന്നല്ലോ. പിന്നിപ്പോ എന്താ ഇങ്ങനൊരു വരവ്. നീയെപ്പോ പോയി....??? " നരേന്ദ്രനായിരുന്നു. " അത്.... ഞാൻ.... പിന്നെ... " എല്ലാവരെയും നോക്കി എന്ത് പറയണമെന്നറിയാതെ സിദ്ധു വിക്കി. " അതച്ഛനറിഞ്ഞില്ലേ. ചാരുന്റെയാ ഗുളികയില്ലെ അതിവിടെ വച്ച് മറന്നിട്ടാ ഇവള് വീട്ടിലോട്ട് പോയത്. പിന്നെ ഇന്നലെ രാത്രി ഇവനാ അത് കൊണ്ടുകൊടുത്തത്. " ഒരു പ്രത്യേക ഈണത്തിൽ സഞ്ജയ്‌ പറഞ്ഞതും എങ്ങോട്ടിറങ്ങിയോടണം എന്നറിയാത്ത അവസ്ഥയിലെത്തിയിരുന്നു സിദ്ധു. ചാരുവിനും ചിരിയടക്കാൻ കഴിയാതെ കടിച്ചമർത്തി നിൽക്കുന്നത് കണ്ട് അവനവളെ നോക്കി കണ്ണുരുട്ടി. " ഗുളികയോ..... അതിന് മോൾക്ക് പ്രത്യേകിച്ച് കുഴപ്പമൊന്നുമില്ലല്ലോ. പിന്നേത് ഗുളിക. " നരേന്ദ്രൻ വിടാൻ ഭാവമില്ലായിരുന്നു. " ഓഹ് ഈയച്ഛന്റെയൊരു കാര്യം. അച്ഛാ ഹോസ്പിറ്റലിൽ പോയപ്പോ ഇവൾക്ക് രക്തകുറവുണ്ടെന്ന് പറഞ്ഞ് തന്ന ആ വൈറ്റമിൻ ടാബ്ലറ്റ് ഇല്ലേ. അത് തന്നെ. " സഞ്ജയ്‌ ചിരി കടിച്ചമർത്തിക്കൊണ്ട്‌ പറഞ്ഞു. അത് കേട്ട് എല്ലാരും ചിരിച്ചു.

പിന്നീടവിടെ നിന്നാൽ ശെരിയാവില്ലെന്ന് തോന്നിയ സിദ്ധുവും ചാരുവും ആരെയും ശ്രദ്ധിക്കാതെ ചമ്മിയ മുഖത്തോടെ മുകളിലേക്ക് പോയി. " ഛേ നാറി നാണംകെട്ടു. " മുറിയിലെത്തിയതും ബെഡിലേക്കിരുന്ന് സിദ്ധു പറഞ്ഞു. അത് കേട്ട് ചാരു പൊട്ടിച്ചിരിച്ചു. . പിന്നെ വാതിലടച്ച് പതിയെ അവനരികിലേക്ക് ചെന്നു. " ചിരിക്കല്ലേഡീ ചീവീടെ..... മനുഷ്യൻ നാറി നാണം കെട്ടു. അതിന്റെ കൂടെ അവളടൊരു കിണി. " " പിന്നെ ഞാനെന്ത് ചെയ്യാനാ.. ഇത്ര നാണക്കേടാണേൽ പിന്നെ രാത്രിക്ക് രാത്രി അങ്ങോട്ടോടി വന്നതെന്തിനാ...???" അവൾ കുറുമ്പോടെ ചോദിച്ചു. " എടിയെടി കുട്ടിപിശാചെ..... ഞാൻ വരുമെന്നും പറഞ്ഞു കാത്തുകിടന്നതും പോരാ എന്നിട്ടിപ്പോ ഡയലോഗടിക്കുന്നോ.....??? " മോന്ത വീർപ്പിച്ചിരുന്നുകൊണ്ടുള്ള അവന്റെ ചോദ്യം കേട്ട് അവൾ വീണ്ടും ചിരിച്ചു. '' എന്തുപറ്റി ഭാര്യ വീട്ടിൽ വന്നൊരുദിവസം തങ്ങിയതൊക്കെ ഒരു കുറച്ചിലായി തോന്നിയോ കളക്ടർ സാറിന്....??? " അവന്റെ അരികിലേക്ക് വന്നുകൊണ്ട് ചാരു ചോദിച്ചു. " ഛേ അങ്ങനല്ല പെണ്ണേ..... "

" പിന്നെങ്ങനാ സാറെ....??? " " അതുപിന്നെ കല്യാണം വേണ്ട , നിന്നേവേണ്ടാന്നൊക്കെ പറഞ്ഞ് കുറേ ഡയലോഗടിച്ചതല്ലേ ഞാൻ. എന്നിട്ടിപ്പോ ആ നീയില്ലാതെ വയ്യാതേ രാത്രിക്ക് രാത്രി നിന്റെ വീട്ടിലോട്ട് ഓടിയെന്ന് പറയുമ്പോ ഛേ..... " അവൻ തല ശക്തമായി കുടഞ്ഞു. '' ഈ കണ്ണേട്ടന്റെയൊരു കാര്യം..... ഇതൊക്കെ എല്ലായിടത്തും പതിവല്ലേ കണ്ണേട്ടാ. അതിനിങ്ങനെ ചമ്മണോ..... " ചോദിച്ചുകൊണ്ട് അവന്റെ മടിയിലേക്കിരുന്ന് കഴുത്തിൽ ചുറ്റിപ്പിടിച്ച് കവിളിൽ അമർത്തി കടിച്ചു ആ പെണ്ണ്. " കടിക്കല്ലേടി കുരുപ്പേ.... " കവിൾ തടവിക്കൊണ്ട്‌ അവൻ പറഞ്ഞതും അവൾ വീണ്ടും അവിടെത്തന്നെ പല്ലുകളാഴ്ത്തി. പിന്നെ അവന്റെ കൺകളിലേക്ക് നോക്കി കുസൃതിയോടെ ചിരിച്ചു. " എന്നാലേ പൊന്നുമോൻ പോകാൻ നോക്ക്.... " പറഞ്ഞിട്ട് അവൾ എണീക്കാൻ ഒരുങ്ങിയെങ്കിലും അതേപോലെ തന്നെ തിരികെപിടിച്ചിരുത്തി അവളെ വരിഞ്ഞുമുറുക്കി സിദ്ധു.

എന്നിട്ട് ആ കവിളിണകളിലും ചെഞ്ചുണ്ടിലും അമർത്തി ചുംബിച്ചു. ഒപ്പം അവന്റെ വിരലുകൾ അവളുടെ പിൻകഴുത്തിലും പുറത്തുമായി ഇഴഞ്ഞു കൊണ്ടുമിരുന്നു. " ആ മതിമതി.... ഇനിയിവിടിങ്ങനിരുന്നാലേ ശരിയാവില്ല. പൊന്നുമോൻ വേഗം താഴേക്ക് ചെല്ല്. ഞാനെ ഈ ഡ്രസൊക്കെയൊന്ന് മാറ്റട്ടെ. " അവനേ തള്ളിമാറ്റി ചാടിയെണീറ്റുകൊണ്ട് ചാരു പറഞ്ഞു. " അതിനിപ്പോ ഞാൻ പോണതെന്തിനാ. ഞാനിവിടിരുന്നോളാം നീ മാറിക്കോ. വല്ല കൈസഹായത്തിനും ആള് വേണമെങ്കിൽ അതുമാകാല്ലോ..... " ഒരു കള്ളച്ചിരിയോടെ അവൻ പറഞ്ഞു. " അയ്യടാ..... അങ്ങനിപ്പോ പൊന്നുമോൻ സഹായിക്കണ്ടാട്ടോ. പോയെ പോയെ.... " ചിരിയോടെ അവനേ തള്ളി റൂമിന് പുറത്തേക്കിറക്കി ചാരു വാതിൽ ചാരി. പിന്നെ പതിയെ ചുരിദാറിന്റെ ഷാൾ എടുത്ത് ബെഡിലേക്കിട്ടിട്ട് ബാത്‌റൂമിലേക്ക് നടന്നു. " കണ്ണേട്ടാ........!!!!!!!!!!! "

സിദ്ധു താഴെയെത്തി ടീവിയുടെ മുന്നിലേക്കിരിക്കാൻ തുടങ്ങിയപ്പോഴായിരുന്നു മുകളിൽ നിന്നും ചാരുവിന്റെ നിലവിളി കേട്ടത്. " ചാരു..... " പെട്ടന്ന് ഒന്ന് പകച്ചുപോയ സിദ്ധു വിളിച്ചുകൊണ്ട് മുകളിലേക്ക് തന്നെ തിരികെയോടി. " ചാരു..... " തങ്ങളുടെ ബെഡ്‌റൂമിന് മുന്നിലേക്ക് വന്നുകൊണ്ടവൻ വിളിച്ചപ്പോഴേക്കും വാതിൽ തുറന്ന് ചാരു പുറത്തേക്ക് വന്നിരുന്നു. അവളുടെ മുഖമാകെ ഭയം കൊണ്ട് വിളറി വെളുത്തിരുന്നു. മിഴികൾ നിറഞ്ഞ് അധരങ്ങൾ വിതുമ്പിയിരുന്നു. " എന്താ..... നീയെന്തിനാ നിലവിളിച്ചത്.....??? " അവളുടെ വെപ്രാളവും പരവേശവുമൊക്കെ കണ്ട് സിദ്ധാർഥ് ചോദിച്ചു. " കണ്ണേട്ടാ ചോര.....ബ്ലീഡിങ് ഉണ്ട്.... " " ബ്ലീഡിങ്ങോ.... എന്താ ചാരു നീയീ പറയുന്നത്....??? " അവനിലും ഭയം മുളച്ചുതുടങ്ങി യിരുന്നു. " എനിക്ക് പേടിയാവുന്നു കണ്ണേട്ടാ.... നമ്മുടെ കുഞ്ഞ്..... " അവനെയള്ളിപ്പിടിച്ച് വിതുമ്പിക്കൊണ്ട്‌ ആ പെണ്ണ് പറയുമ്പോൾ എന്ത് ചെയ്യണമെന്നറിയാതെ പതറി നിൽക്കുകയായിരുന്നു അവനും. " കണ്ണേട്ടാ എന്താ ഇങ്ങനെ നിക്കുന്നെ എന്റെ കുഞ്ഞ്..... "

അവന്റെ നിൽപ്പ് കണ്ട് ചാരു ഒച്ചവച്ചു. " കരയല്ലേഡാ ഒന്നും വരില്ല.... നമുക്കിപ്പത്തന്നെ ഹോസ്പിറ്റലിൽ പോകാം. പതിയെ ഇറങ്ങ്..... '' അവളെ താങ്ങിപ്പിടിച്ച് താഴേക്ക് നടത്തുന്നതിനിടയിൽ അവൻ പറഞ്ഞു. ചാരുവിന്റെ കൈകളപ്പോഴും താനുള്ളിൽ പേറിയിരുന്ന തുടിപ്പിനെ പൊതിഞ്ഞിരുന്നു. " അമ്മേ.... അമ്മേ.... " താഴെയെത്തിയപ്പോൾ അവനുച്ചതിൽ വിളിച്ചു. " എന്താ സിദ്ധു നീയെന്തിനാ ഇങ്ങനെ കിടന്നുവിളിച്ചുകൂവുന്നത്.....??? " അടുക്കളയിൽ നിന്നും പ്രതീക്ഷിച്ചത് അരുന്ധതിയെയായിരുന്നുവെങ്കിലും പുറത്തേക്ക് വന്നത് മൃദുലയായിരുന്നു. " ഏട്ടത്തി അമ്മയെവിടെ....???? ഇവൾക്ക് ചെറിയൊരു ബ്ലീഡിങ്ങുണ്ടെന്ന്. " " അയ്യോ..... " അവൻ പറഞ്ഞതും മൃദുവറിയാതെ വിളിച്ചുപോയി. " ഞങ്ങളൊന്ന് ഹോസ്പിറ്റലിൽ പോയിട്ട് വരാം ഏട്ടത്തി. " " ഞാനും വരാം സിദ്ധു. ഒറ്റക്കിവളേം കൊണ്ട് പോകണ്ട. "

പറഞ്ഞതും അവളോടിചെന്ന് ചാരുവിനെ താങ്ങിപിടിച്ചു. അതോടെ ജീൻസിന്റെ പോക്കറ്റിൽ കയ്യിട്ട് കാറിന്റെ കീ കയ്യിലെടുത്തുകൊണ്ട് സിദ്ധു പോർച്ചിലേക്ക് ഓടി. ചാരുവിനെക്കൊണ്ട്‌ മൃദു പിൻസീറ്റിലേക്ക് കേറിയപ്പോഴേക്കും സിദ്ധു കാർ മുന്നോട്ടെടുത്തു. " ദേവീ ഒരാപത്തും വരുത്തല്ലേ..... " യാത്രയിലുടനീളം ചാരുവിനെ ചേർത്തുപിടിച്ചിരിക്കുമ്പോൾ മൃദു ഉള്ളുരുകി പ്രാർത്ഥിച്ചുകൊണ്ടിരുന്നു. " ഏട്ടത്തി എനിക്ക് പേടിയാവുന്നു. " " കരയല്ലേടാ..... ഒന്നുല്ല. നമ്മളിപ്പോ ഹോസ്പിറ്റലിലെത്തും. ഇതൊക്കെ ഇപ്പൊ എല്ലാർക്കും പതിവാ. നീ വെറുതേ ടെൻഷനടിക്കാതിരിക്ക്. " തന്റെ നെഞ്ചിലൊരു നെരിപ്പോടെരിയുമ്പോഴും അവൾ ചാരുവിനെ ചേർത്തുപിടിച്ചുകൊണ്ട് പറഞ്ഞു. ഹോസ്പിറ്റലിലെത്തി ചാരുവിനെ അകത്തേക്ക് കൊണ്ടുപോയ ശേഷം പുറത്ത് കാത്തുനിൽക്കുമ്പോൾ വല്ലാത്തൊരു ഭയം നിറഞ്ഞിരുന്നു സിദ്ധുവിൽ.

അതുകൊണ്ട് തന്നെ ചെയറിൽ തല കുനിച്ച് മൗനമായിരിക്കുകയായിരുന്നു അവൻ. മൃദുവാണെങ്കിൽ സഞ്ജുവിനെയോ അരുന്ധതിയേയോ ഒക്കെ ഫോണിൽ വിളിച്ച് കാര്യങ്ങൾ പറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. ഏകദേശം ഒന്നര മണിക്കൂറുകൾക്ക് ശേഷമായിരുന്നു സിദ്ധുവിനെ അകത്തേക്ക് വിളിപ്പിച്ചത്. " ഡോക്ടർ ചാരു...... " ഡോക്ടർ ശാരികയുടെ മുന്നിലേക്ക് ചെന്നിരിക്കുമ്പോൾ വെപ്രാളത്തോടെ അവൻ ചോദിച്ചു. ആ സ്വരത്തിലെ ഭയവും വിറവലും തിരിച്ചറിഞ്ഞത് പോലെ അവരൊന്ന് പുഞ്ചിരിച്ചു. " ഇപ്പൊ കുഴപ്പമൊന്നുല്ല സാർ.... ആളോക്കെയാണ്. സ്കാനിങ്ങിൽ പ്രോബ്ലമൊന്നുല്ല. ബേബി ഈസ്‌ പെർഫെക്ട്ലി ആൾറൈറ്റ്. " അവരിൽ നിന്നും ആ വാക്കുകൾ കേട്ടപ്പോഴായിരുന്നു സിദ്ധുവിൽ ജീവൻ വീണത്. അതോടെ വല്ലാത്തൊരാശ്വാസത്തോടെ അവൻ ചെയറിൽ ഒന്ന് നിവർന്നിരുന്നു. " പിന്നെ സാർ ചാരു കുറച്ച് വീക്കാണ്. അതിന്റെ ചില പ്രശ്നങ്ങളൊക്കെ ഉണ്ട്. അതുകൊണ്ട് കുറച്ചുകൂടൊക്കെ ഒന്ന് സൂക്ഷിക്കണം.. എന്ത് ചെയ്യുവാ പഠിക്കുവോ വല്ലതുമാണോ...??? "

" അതേ ഡോക്ടർ ഫൈനൽ ഇയർ ആണ്. " " മ്മ് പഠനം ഇമ്പോർടന്റാണ്. പക്ഷേ കഴിയുമെങ്കിൽ യാത്രകളൊക്കെ തല്ക്കാലം ഒന്നൊഴിവാക്കുന്നത് നല്ലതാണ്. ഒരു നാല് മാസം വരെ എങ്കിലും. പിന്നെ ഫുഡ് ഒന്ന് കണ്ട്രോൾ ചെയ്യണം. കണ്ട്രോൾ മീൻസ്..... ചാരുവിന് ഷുഗർ കുറച്ചു പ്രോബ്ലം ഉണ്ട്. അതുകൊണ്ട് അതൊന്ന് ശ്രദ്ധിച്ചുവേണം ഇനിയത്തെ ആഹാരകാര്യങ്ങളൊക്കെ. തല്ക്കാലം വേറെ പ്രശ്നങ്ങളൊന്നും ഇല്ല. കുറച്ചു മെഡിസിൻസൊക്കെ എടുക്കേണ്ടി വരും....." " ഓക്കേ ഡോക്ടർ. ഇപ്പൊ ഇവിടെ കിടക്കേണ്ടി വരുമോ...??? " " ഏയ് നോ സാർ.... തല്ക്കാലം അങ്ങനെയൊരു സാഹചര്യം ഇല്ല. ഡ്രിപ് തീരുമ്പോ കൊണ്ടുപോകാം. ഇപ്പൊ ചെന്ന് കണ്ടോളു. " പുഞ്ചിരിയോടെ ഡോക്ടർ ശാരി പറഞ്ഞു. " താങ്ക്യൂ ഡോക്ടർ.... " ഒരു മറുചിരി പകരം നൽകി പുറത്തേക്ക് വരുമ്പോൾ അവന്റെ മനസും തണുത്തിരുന്നു. പുറത്ത് കാത്തുനിന്ന മൃദുവിനോട് ഡോക്ടർ പറഞ്ഞതൊക്കെ പറഞ്ഞിട്ട് അവരൊരുമിച്ചായിരുന്നു ചാരുവിനെ കിടത്തിയിരുന്ന റൂമിലേക്ക് പോയത്.

ബെഡിൽ കണ്ണ് തുറന്നുകിടക്കുകയായിരുന്ന അവളെ കണ്ട് ആ നെറ്റിയിലൊന്ന് തലോടിയാശ്വസിപ്പിച്ചിട്ട് പുറത്തേക്ക് നടക്കുമ്പോൾ അരുന്ധതിയേ വിളിച്ച് ഡോക്ടർ പറഞ്ഞതൊക്കെ അറിയിക്കാനുള്ള ധൃതിയായിരുന്നു മൃദുലയിൽ. " കണ്ണേട്ടാ....." അവൾ പുറത്തേക്ക് പോയതും അരികിൽ നിന്നിരുന്ന സിദ്ധുവിനെ നോക്കി ചാരു പതിയെ വിളിച്ചു. " മ്മ്ഹ്..... " " ഇവിടിരിക്ക്.... " തളർന്ന സ്വരത്തിൽ അവൾ പറഞ്ഞതും അവൻ പതിയെ ആ ബെഡിന്റെ ഓരം ചേർന്നിരുന്നു. " പേടിച്ചോ....???? " " പിന്നെ പേടിക്കാതിരിക്കോ..... ഞാനെന്തൊക്കെയോ വിചാരിച്ചു. എല്ലാം കഴിഞ്ഞുന്നോർത്തു. " " ഒന്നും കഴിയില്ല..... ഒരു കുഴപ്പോമില്ല. ഒന്ന് സൂക്ഷിക്കണം അത്രേയുള്ളൂ. " " അത്രേയുള്ളൂ......???? " സംശയം വിട്ടുമാറാത്തത് പോലെ അവൾ വീണ്ടും ചോദിച്ചു. " മ്മ്ഹ്...... നിനക്ക് ഞാനില്ലെടീ.... " നിറമിഴികളോടെ കിടന്നിരുന്നവളുടെ കൈവിരലുകൾ കൊരുത്തുപിടിച്ചുകൊണ്ട് സിദ്ധു ചോദിച്ചു. അത് കേട്ടതും അവൾ പതിയെ പുഞ്ചിരിച്ചു. " എന്താടി ചീവീടെ.....?? " " ഒന്നുല്ല....... ഞാനുണ്ടെന്ന കണ്ണേട്ടന്റെ ഈ വാക്കിലും മനോഹരമായ മറ്റൊന്നും ഞാൻ കേട്ടിട്ടില്ല കണ്ണേട്ടാ..... " " ഓഹോ ഭാര്യ നല്ല മൂഡിലാണല്ലോ. തല്ക്കാലം പൊന്നുമോള് ഒന്നുറങ്ങിക്കോട്ടോ..... " പറഞ്ഞുകൊണ്ട് സിദ്ധു കുനിഞ്ഞവളുടെ നെറ്റിയിൽ ചുംബിച്ചു...... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story