കാവ്യമയൂരം: ഭാഗം 53

kavyamayooram

രചന: അഭിരാമി ആമി

സന്ധ്യക്ക്‌ അരുന്ധതി വിളക്ക് കൊളുത്തുന്നത് നോക്കി വെറുതേ ഉമ്മറത്ത് ഇരിക്കുകയായിരുന്നു ജ്യോതി. അപ്പോഴായിരുന്നു അകത്തെ മുറിയിൽ നിന്നും ഫോൺ റിങ് ചെയ്യുന്നത് കേട്ടത്. അവൾ വേഗം എണീറ്റ് ഫോണെടുക്കാനായി അങ്ങോട്ട് ചെന്നു. ശ്രീജയായിരുന്നു വിളിച്ചത്. " ആഹ് അമ്മേ..... " " എന്തെടുക്കുവാ മോളേ..... " " ഒന്നുല്ലമ്മേ വെറുതേയിരിക്കുന്നു. " " മ്മ്ഹ്..... വൈശാഖിന്റെ കാര്യം വല്ലതും അറിഞ്ഞോ.... " " ഇല്ലമ്മേ.... ഇതുവരെ ആരും അന്വേഷിച്ചു വന്നിട്ടില്ലെന്നാ സിദ്ധുവേട്ടൻ പറഞ്ഞത്. " ഒരു നെടുവീർപ്പോടെ അവൾ പറഞ്ഞു. പിന്നെ എന്തോ ഓർത്തിട്ടെന്നപോലെ തന്റെ കഴുത്തിൽ കിടന്ന ഒഴിഞ്ഞ മാലയുടെ അറ്റത്തേക്ക് വെറുതെയൊന്ന് നോക്കി. കുറച്ച് ദിവസം മുൻപ് വരെ അർഥമില്ലാത്തതെങ്കിലും ഒരു താലിയതിൽ കിടന്നിരുന്നതോർക്കവേ അവളുടെ ഉള്ളിലൂടെ ഒരു വിങ്ങൽ പാഞ്ഞു.

" മോളേ....." കുറച്ച് നിമിഷം അവളുടെ പ്രതികരണമൊന്നും കേൾക്കാതെ വന്നപ്പോൾ ശ്രീജ വിളിച്ചു. '' മ്മ്ഹ്..... " അവൾ വെറുതേയൊന്ന് മൂളി. " നീയിതുവരെ അതൊന്നും മറന്നില്ലേ മോളേ.....??? " " ഞാൻ..... ഞാനെങ്ങനെ അതൊക്കെ മറക്കും അമ്മേ..... ആരായിരുന്നാലും എന്തായിരുന്നാലും എന്റെ കഴുത്തിൽ താലി കെട്ടിയതല്ലേ അമ്മേ.....??? " എത്രയൊക്കെ പിടിച്ചുനിർത്താൻ ശ്രമിച്ചിട്ടും നിയന്ത്രണം വിട്ടൊരു തേങ്ങൽ അവളിൽ നിന്നും പുറത്തേക്ക് ചിതറി വീണു. " മോളേ...... എന്തിനാ കുഞ്ഞേ നീയിനിയുമിങ്ങനെ അവനെപ്പോലൊരുത്തനുവേണ്ടിയിങ്ങനെ കണ്ണീര് പൊഴിക്കുന്നത്....??? നീയീ പറയുന്ന താലിക്ക് അവനെന്തെങ്കിലും വില കല്പിച്ചിരുന്നോ....???? നിന്നോടൊരിറ്റ് സ്നേഹം അവനുണ്ടാരുന്നോ....??? " " ഇല്ലായിരുന്നു അതെനിക്കറിയാം.... ആ താലിക്കും അവനൊരു വിലയും കല്പിച്ചിട്ടില്ല.

അതവന്റെ വെറുമൊരാവശ്യം മാത്രമായിരുന്നു. അതുമെനിക്കറിയാം. പക്ഷേ..... പക്ഷേയെനിക്ക് പറ്റണ്ടേയമ്മേ..... " അവൾ വീണ്ടും വിതുമ്പി. " പോട്ടെ മോളേ അതൊക്കെ മറന്നേക്ക്. അതും ജീവിതത്തിലേ ഒരു ഭാഗമാണെന്ന് കരുതിയാൽ മതി..... " ശ്രീജയവളെ സമാധാനിപ്പിച്ചു. " അച്ഛനെവിടമ്മേ..... " " ഇവിടുണ്ട്.... ആഹ് മോളേ ഞാൻ വിളിച്ചത്.... ഇന്ന് അമൃതും സഞ്ജുവും മൃദുലയും കൂടി ഇവിടെ വന്നിരുന്നു. " " അവരെന്തിനാ വന്നേ....??? " പുരികം ചുളിച്ച് അവൾ ചോദിച്ചു. " അത് മോളേ..... അല്ലേ വേണ്ട ഞാനച്ഛന് കൊടുക്കാം. അച്ഛൻ പറയും..... " ശ്രീജ പെട്ടന്ന് ഫോൺ കൃഷ്ണകുമാറിന് കൊടുത്തു. " മോളേ.... " അയാൾ വാത്സല്യത്തോടെ വിളിച്ചു. " അച്ഛാ.... " " മോളേ അവര് വന്നത് മോൾക്കൊരു പ്രൊപോസലും കൊണ്ടാ. " അയാൾ മടിച്ചുമടിച്ച് പറഞ്ഞു. " എന്താ....??? " അവളുടെ സ്വരം വല്ലാണ്ട് ഉയർന്നിരുന്നു. " അതേ മോളേ.... അമൃതിന് മോളേ വിവാഹം കഴിച്ചാൽ കൊള്ളാമെന്നുണ്ട്. അതൊന്നാലോചിക്കാനാ അവര് വന്നത്.

മോൾക്ക് താല്പര്യമാണേൽ സഞ്ജുവൊക്കെ അമേരിക്കയിലേക്ക് പോകും മുന്നേ കല്യാണം നടത്താമെന്നാ അവരുടെ അഭിപ്രായം. " എല്ലാം കേട്ടിട്ടും ജ്യോതിയൊന്നും മിണ്ടുന്നേയുണ്ടായിരുന്നില്ല. അത് കൃഷ്ണകുമാറിനെ തെല്ല് ഭയപ്പെടുത്താതെയുമിരുന്നില്ല. " എ.... എന്നിട്ട് അച്ഛനെന്ത്‌ പറഞ്ഞു....???? " കുറേസമയത്തിന് ശേഷം അവൾ ചോദിച്ചു. " ഞാനെന്ത് പറയാനാ മോളേ.... തീരുമാനം മോൾടെയല്ലേ. പക്ഷേ ഒന്നച്ഛൻ പറയാം. ഇപ്പോഴത്തേ മോൾടെ അവസ്ഥയിൽ ഓരോ നിമിഷവും ഉരുകിതീർന്നുകൊണ്ടിരിക്കുവാ നിന്റമ്മ. അച്ഛനുമതേ. ആ സ്ഥിതിയിൽ അമൃതിനെപ്പോലൊരു പയ്യൻ എന്റെ മോളേ ഇങ്ങോട്ടാവശ്യപ്പെട്ട് വരുമ്പോൾ ഞങ്ങൾക്കത് സന്തോഷം തന്നെയാ.... പക്ഷേ മക്കളേക്കുറിച്ച് സ്വപ്നം കാണാനല്ലേ മാതാപിതാക്കൾക്ക്‌ കഴിയൂ.... അതുകൊണ്ട് മോളാണ് തീരുമാനമെടുക്കേണ്ടത്..... " അയാളുടെ സ്വരത്തിൽ വേദന നിറഞ്ഞിരുന്നു. ആ വാക്കുകൾ ജ്യോതിയുടെ നെഞ്ചിൽ തറയ്ക്കുന്നതായിരുന്നു.. പക്ഷേ അവളൊന്ന് തേങ്ങാൻ പോലും ഭയന്നങ്ങനെയിരുന്നു.

അപ്പോഴത്തെ അവളുടെ അവസ്ഥയൂഹിച്ച കൃഷ്ണകുമാറും ക്ഷമയോടെ അവൾക്കായ് കാത്തിരുന്നു. " ഞാൻ..... ഞാൻ പിന്നെ വിളിക്കാം അച്ഛാ.... " നിമിഷങ്ങൾ കടന്നുപോകവേ അവൾ പെട്ടന്ന് പറഞ്ഞിട്ട് ഫോൺ കട്ട് ചെയ്തു. " എന്തുപറ്റി ഏട്ടാ....??? " അതുവരെ അക്ഷമയോടെ അവളുടെ മറുപടിയെന്താണെന്നറിയാൻ കാത്തുനിന്നിരുന്ന ശ്രീജ ആധിയോടെ ചോദിച്ചു. " എന്താവാൻ.... പിന്നെ വിളിക്കാമെന്ന് പറഞ്ഞ് വച്ചു. " അയാൾ വേദനയും നിരാശയുമൊരുപോലെ നിറഞ്ഞ സ്വരത്തിൽ പറഞ്ഞു. പിന്നെ ഫോൺ താഴെവച്ച് ഏതോ ചിന്തകളിലേക്കൂളിയിട്ടു. ഫോൺ കട്ട് ചെയ്ത് കുറച്ച് സമയം അതേയിരുപ്പ് തുടർന്നശേഷം പൊടുന്നനെ എന്തോ ഓർത്തത് പോലെ ജ്യോതി ധൃതിയിൽ മുറിക്ക് പുറത്തേക്ക് നടന്നു. അവൾ ചെല്ലുമ്പോൾ പ്രതീക്ഷിച്ചത് പോലെ അമൃത് മുകളിലെ ബാൽക്കണിയിൽ തന്നെയുണ്ടായിരുന്നു. സോപാനത്തിണ്ണയിൽ ചാരിയിരുന്ന് ഫോണിൽ കുത്തുകയായിരുന്നു അവൻ. " അമൃത്....... " അവനെ കണ്ടതും നിയന്ത്രണം നഷ്ടപ്പെട്ട് അവളുച്ചത്തിൽ വിളിച്ചു. ഒട്ടും പ്രതീക്ഷിക്കാതിരുന്നത് കൊണ്ട് തന്നെ ആ വിളിയിൽ അവൻ ഞെട്ടിത്തിരിഞ്ഞു.

കയ്യിലിരുന്ന ഫോൺ വഴുതി നിലത്തേക്ക് വീണു. പക്ഷേ അമൃതതൊന്നും ശ്രദ്ധിക്കാതെ അവളെത്തന്നെ നോക്കിയിരിക്കുകയായിരുന്നു. കണ്ണൊക്കെ നിറഞ്ഞ് വല്ലാത്തൊരു ഭാവത്തിൽ വിതുമ്പി നിൽക്കുകയായിരുന്ന ആ പെണ്ണിനെ കാണെ അവന്റെ നെഞ്ച് ഏതൊക്കെയോ വികാരങ്ങളാൽ പിടഞ്ഞു. " ജ്യോതി..... " ആർദ്രമായി അവൻ വിളിച്ചു. " മിണ്ടരുത് നീ..... എന്റെ പേര് പോലും നീ വിളിക്കരുത്. " അവളുടെയാ മാറ്റത്തിൽ നിന്നുതന്നെ വ്യക്തമായിരുന്നു അവളെല്ലാം അറിഞ്ഞുവെന്ന്. അതുകൊണ്ട് തന്നെ അമൃതിന്റെ ശിരസ് പതിയെ കുനിഞ്ഞു. " നീ.... നീയെന്ത് ധൈര്യത്തിലാ അമൃത് എന്റെ വീട്ടിൽ പോയത്....??? എല്ലാമറിഞ്ഞിട്ടും എന്തിനാ എന്നോട് നീ.....??? എന്റെ പാവം അച്ഛനും അമ്മേം നിന്നോടെന്ത് തെറ്റ് ചെയ്തിട്ടാ നീയവരെ മോഹിപ്പിച്ചത്.....???? " അലറിക്കരഞ്ഞുകൊണ്ടായിരുന്നു അവളുടെ ചോദ്യം.

" ജ്യോതി ഞാൻ..... " " മിണ്ടരുത് നീ..... ചങ്ക് പൊട്ടിയ എപ്പോഴോ ഞാൻ നിന്നോട് കുറച്ച് അടുത്തുപെരുമാറിയിട്ടുണ്ട്.. അപ്പോഴും ഞാൻ പറഞ്ഞതല്ലേ അമൃത് നിന്നോട് വൈശാഖ് എന്റെ ആരാണെന്ന്....???? എന്നിട്ടും..... എന്നിട്ടും എന്തിനാ എന്നോടിങ്ങനെ....??? " സ്വയം തലക്കാഞ്ഞടിച്ച് അവൾ പൊട്ടിക്കരഞ്ഞു. " ജ്യോതി..... " അവൾ സ്വയം നോവിക്കുന്നത് കണ്ട് നിൽക്കാൻ കഴിയാതെ അമൃത് പാഞ്ഞുവന്നവളുടെ ഇരുകൈകളിലും കടന്നുപിടിച്ചു. " വിടെടാ എന്നേ.... തൊടരുതെന്നെ. ഞാൻ ജീവിച്ചിരുന്നതല്ലേ നിങ്ങൾക്കൊക്കെ പറ്റാത്തത്. ഞാൻ മരിച്ചോളാം.... " പറഞ്ഞതും അവനെ വെട്ടിച്ച് അവൾ തന്റെ തല ചുവരിലേക്ക് ആഞ്ഞിടിച്ചു. " ജ്യോതി.... " വിളിയോടൊപ്പം തന്നെ അവനവളെ ഉറുമ്പടക്കം പുണർന്നു.. " എന്നേ..... എന്നേ വിട്ടേക്കമൃത്.... ഞാൻ..... ഞാൻ നിനക്ക് ചേരില്ല. ഞാനൊരു വിധവയാ..... " അവന്റെ പിടിയിൽ കിടന്ന് കുതറിക്കൊണ്ട് അവളലറി. " എല്ലാം അറിഞ്ഞിട്ട് തന്നെയാ ഞാൻ ഇറങ്ങി പുറപ്പെട്ടത്. വിധവയെന്നല്ല നീയിനിയെന്തായാലും കൈ വിട്ട് കളയാൻ വയ്യെനിക്ക്..... "

പറഞ്ഞുകൊണ്ട് ബലമായവളെ തന്റെ മാറോട് ചേർത്തമർത്തി ആ നെറുകയിൽ അവൻ ചുംബിച്ചു. " അമൃത്..... " തളർന്നസ്വരത്തിൽ വിളിച്ചുകൊണ്ട് ഒരു വാടിയ ചേമ്പിൻതണ്ട് പോലവളവന്റെ കയ്യിലേക്ക് തന്നെ തളർന്നുവീണു. ജ്യോതി കണ്ണ് തുറക്കുമ്പോൾ ഹോസ്പിറ്റലിലായിരുന്നു ഉണ്ടായിരുന്നത്. ബെഡിൽ കിടക്കുകയായിരുന്ന തനിക്ക് ചുറ്റും ദേവരാഗത്തിൽ എല്ലാർക്കുമൊപ്പം തന്റെ അച്ഛനമ്മമാരുമുണ്ടെന്ന് തളർന്ന മിഴികളാലവൾ കണ്ടു. " മോളേ ജ്യോതി..... " അവൾ കണ്ണ് തുറന്നത് കണ്ടതും ശ്രീജ വേപഥുവോടെ വിളിച്ചു. പക്ഷേ അവൾ വിളി കേട്ടില്ല. പകരം എല്ലാവരെയും മാറി മാറി നോക്കിയതേകിടപ്പ് തുടർന്നു. " ആഹ് ജ്യോതി എങ്ങനെയുണ്ട്..... പേടിക്കണ്ട കേട്ടോ.... ബിപി ലോ ആയതാ. സാരമില്ലാട്ടോ. ടെൻഷനെന്തെങ്കിലും ഉണ്ടായിരുന്നോ....??? " അങ്ങോട്ട് വന്ന ഡോക്ടർ ചോദിച്ചെങ്കിലും അവളതിനും മറുപടിയൊന്നും പറഞ്ഞില്ല.

അവർ നേർത്തൊരു പുഞ്ചിരിയവൾക്ക് സമ്മാനിച്ചിട്ട് കേസ് ഷീറ്റിൽ ഡിസ്ചാർജ് എഴുതി ശ്രീജയ്ക്ക് കൊടുത്തു. " എനിവേ.... ഇപ്പോ കുഴപ്പമൊന്നുമില്ല. ഡ്രിപ്പ് തീർന്നിട്ട് പോകാം. മാക്സിമം ടെൻഷനൊക്കെ അവോയ്ഡ് ചെയ്യാൻ നോക്കണം. " മറ്റുള്ളവരോടായി പറഞ്ഞിട്ട് ഡോക്ടർ പുറത്തേക്ക് പോയി. അതോടെ എല്ലാവരുടെയും നോട്ടം വീണ്ടും ജ്യോതിയിലേക്കായി. അവളുടെ മിഴികളും പതിയെ ഓരോരുത്തരിലേക്കും തെന്നി നീങ്ങി. ഇടയ്ക്കെപ്പോഴോ അവളുടെ നോട്ടം ഒരു സൈഡിലായി നിന്നിരുന്ന അമൃതിലേക്കും പാളി വീണു. അവന്റെ ശിരസ് കുനിഞ്ഞിരുന്നു. മിഴികൾ കലങ്ങിയിരുന്നു. മുഖമുയർത്തി അവളെയൊന്ന് നോക്കാൻ പോലും തുനിയാതെ നിന്നിരുന്ന അവനെ നോക്കി കിടക്കവേ ഒരു നിമിഷം ജ്യോതിയുടെ ഉള്ളിലെവിടെയോ ഒരു നോവനുഭവപ്പെട്ടു..... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക..

Share this story