കിനാവിന്റെ തീരത്ത്... 💛🦋: ഭാഗം 2

kinavinte theerath

രചന: റിൻസി പ്രിൻസ്

ഇരുവരും സംസാരിച്ച് നിൽക്കുന്നതിനിടയിൽ ആണ് അർജുന്റെ ബൈക്ക് അവിടേക്ക് വരുന്നത് കണ്ടത്.......

അവനെ കണ്ടപ്പോൾ തന്നെ നന്ദനയുടെ മുഖം വാടിയിരുന്നു....

" നീ വിളിക്കില്ലേ....?

അവനെ കണ്ട ഉടനെ പോകാൻ തുടങ്ങിയവളുടെ കൈകളിൽ പിടിച്ചു കൊണ്ട്  മീര ചോദിച്ചു...

"പിന്നെ വിളിക്കാതെ.....! വിളിക്കും, നിനക്ക് കറക്കം ഉണ്ടാവുമല്ലോ....  അതുകൊണ്ട് ഞാൻ നിൽക്കുന്നത് കൊണ്ടു കാര്യമില്ല,  ഞാൻ പോട്ടെ നമുക്ക് നാളെ കാണാം....

" നാളെയോ...?നാളെ എങ്ങനെ കാണും....?

" ഞാൻ നാളെ നിന്റെ വീട്ടിലേക്ക് വരുന്നുണ്ട്....

" വീട്ടിലേക്കോ...

"ആഹ്..! നാളെ ഞാൻ വീട്ടിലേക്ക് വരുന്നുണ്ട്, നിന്നോട് ഞാൻ പറഞ്ഞില്ലേ സൗപർണിക ചേച്ചിയുടെ കല്യാണം, ഏകദേശം ഉറപ്പിച്ചു.... അതുകൊണ്ട്  ഞാനും അമ്മയും കൂടി അവിടേക്ക് വരുന്നുണ്ട്.... അപ്പൊൾ അമ്മ അവരോട് സംസാരിക്കുന്ന സമയത്ത് ഞാൻ നിന്റെ വീട്ടിലേക്ക് വരാം,  അവിടുന്ന് കുറച്ചല്ലേ ഉള്ളൂ നിന്റെ വീട്ടിലേക്ക്,  വരുമ്പോൾ വിളിക്കാം... ഞാൻ വരുന്നു എന്ന് കരുതി പ്രത്യേകിച്ചൊന്നും ഒരുക്കാൻ നിൽക്കേണ്ട, എനിക്ക് നിങ്ങളുടെ ബുദ്ധിമുട്ടൊക്കെ മനസ്സിലാക്കാൻ പറ്റും.....

നന്ദന പറഞ്ഞു.... മീര ചിരിയോടെ തലയാട്ടി...

അർജുനെ ഒന്ന് നോക്കാതെ നന്ദന ബസ്സ്റ്റോപ്പിലേക്ക് പോയിരുന്നു....  വണ്ടി കൊണ്ട് നിർത്തിയതും ഹെൽമറ്റ് ഊരി മീരയുടെ മുഖത്തേക്ക് നോക്കി ഒരു നല്ല ചിരി പാസാക്കിയിരുന്നു അർജുൻ....

"  നിന്റെ കൂട്ടുകാരി എന്താ പിണങ്ങി പോവാണോ..?

 പുച്ഛത്തോടെ ചോദിച്ചു...

" അല്ല അവൾക്ക് എന്തോ അത്യാവശ്യമുണ്ട്.....! അതുകൊണ്ട് പോയത്,

" അല്ലെങ്കിലും  പോയത് നന്നായി.....  നമുക്കിടയിൽ അവൾ നിൽക്കുന്നത് എനിക്കിഷ്ടമല്ല.... നിന്നോടൊന്ന് സ്വസ്ഥമായിട്ട് സംസാരിക്കാൻ പോലും സമ്മതിക്കില്ല.....

" അത് അവൾക്ക് എന്നോടുള്ള സ്നേഹം കൊണ്ട് ആണ് അജു...

"സ്നേഹമോ നല്ല  ഒന്നാന്തരം കുശുമ്പ്  ആണ്....! അങ്ങനെ ആണ്  ഇതിന് പറയുന്നത്.....

" എന്തു കുശുമ്പ്...?

"  എന്തിനൊക്കെ കുശുമ്പ് ഇല്ലാത്തത്...  നിന്നെ കാണാൻ അവളെക്കാളും  സൗന്ദര്യമുണ്ട്, അവളെക്കാളും പഠിക്കുന്നു,നല്ലൊരു ചെറുക്കനും ആയിട്ട് ബന്ധമുണ്ട്... ഇതൊക്കെ ഏത് പെണ്ണും ആഗ്രഹിക്കുന്ന കാര്യങ്ങൾ ആണ്.... അങ്ങനെ വരുമ്പോൾ അവൾക്ക് സ്വാഭാവികമായിട്ടും നിന്നോട് ഒരു കുശുമ്പ് ഉണ്ടാവും....

 അർജുൻ ചെറുചിരിയോടെ അവളുടെ മുഖത്തേക്ക് നോക്കി പറഞ്ഞു,

" പിന്നെ ഒരു നല്ല ചെറുക്കൻ....

അവൾ അൽപ്പം പരിഭവത്തോടെ പറഞ്ഞു.....

" എനിക്കെന്താടി ഒരു കുഴപ്പം....  പെണ്ണുങ്ങൾ ക്യൂ നിൽക്കുവാണ്.... അപ്പോഴാണ് ഞാൻ ഇവിടെ നിന്നെ മാത്രം മതി എന്നും പറഞ്ഞു ഇങ്ങനെ ഒറ്റക്കാലിൽ തപസ്സ് ചെയ്യുന്നത്...

"  എന്റെ അജു, അവൾക്ക് കുശുമ്പ് ഒന്നും അല്ല, അവൾക്ക് ഒരു പേടി എന്റെ കാര്യത്തിൽ...

"അതാണ് ഞാൻ പറഞ്ഞത് കുശുമ്പ് ആണെന്ന്....

"ദേ എന്റെ ബെസ്റ്റ് ഫ്രണ്ടിനെ പറയുന്നത് എനിക്കിഷ്ടമല്ല...

മീര ചൊടിച്ചു...

"  അല്ലെങ്കിലും ബെസ്റ്റ് ഫ്രണ്ട്സും വീട്ടുകാരും ഒക്കെ കഴിഞ്ഞു ഏറ്റവും ലാസ്റ്റിലെ പ്രയോറിറ്റി ആണല്ലോ  നിനക്ക് ഞാൻ..

"ലാസ്റ്റോ...? എന്താണ് പറയുന്നത്....  അങ്ങനെയാണോ എനിക്ക്  അജു...? അജു അല്ലേ എനിക്ക് എല്ലാം....

" അതൊക്കെ വാക്കിൽ മാത്രമേ ഉള്ളൂ, അത് പോട്ടെ, നമ്മൾ തമ്മിൽ വഴക്ക് ഉണ്ടാക്കണ്ട...  നല്ലൊരു ദിവസമായിട്ട്, നീ കേറ്....

 അവൾ പെട്ടെന്ന് തലയിൽ ഷോൾ ഒക്കെ ഇട്ടതിനുശേഷം അവന്റെ ബൈക്കിന് പിന്നിലേക്ക് കയറി.... രണ്ടുപേരും നേരെ പോയത് പാർക്കിലേക്ക് ആണ്,

" ഇനിയെന്നാ നിന്റെ പ്ലാൻ.....

അവളുടെ കൈകളിൽ പിടിച്ചു അവൻ ചോദിച്ചു...

 "  എന്റെ ആഗ്രഹം അജുന് അറിയാലോ... ടീച്ചർ ആകണം ... അതിനുവേണ്ടി ഞാൻ പ്ലസ് ടു മുതലേ സ്വരുക്കൂട്ടി വയ്ക്കുന്ന ചെറിയൊരു സമ്പാദ്യം ഉണ്ട്,  എന്താണെങ്കിലും ബി എഡിന് സീറ്റ്  കിട്ടുമായിരിക്കും...

" സീറ്റ്  ഒക്കെ കിട്ടും..... നിനക്ക് നല്ല മാർക്ക് ഉണ്ടല്ലോ, 

"മാർക്ക് മാത്രം പോരല്ലോ....

" കിട്ടുമെടി പെണ്ണെ....!

" അത് പോട്ടെ നീ അത്യാവശ്യമായി കാണണം എന്ന് പറഞ്ഞത് എന്താണ്....?

"അപ്പോൾ അജുവിന് എന്നെ കാണാൻ താൽപര്യമില്ലായിരുന്നോ....?

" അതുകൊണ്ടല്ല...! നീ അങ്ങനെ പറയാറില്ലല്ലോ അതുകൊണ്ടാ,

അജു ചിരിയോടെ പറഞ്ഞു...

 "കാര്യം ഉണ്ട്...! ഒന്നാമത്തെ കാര്യം നാളെ മുതൽ ഞാൻ കോളേജിൽ വരില്ലല്ലോ,  ഇനി നമ്മൾ കാണുന്നത് എങ്ങനെ ആണെന്ന് അറിയില്ല...

"  അതാണോ അതിനൊക്കെ വഴിയുണ്ടാക്കാം,  എന്താണെങ്കിലും നമുക്ക് കാണാതിരിക്കാൻ പറ്റില്ലല്ലോ....  നിന്റെ അമ്മ രാവിലെ ജോലിക്ക് പോകില്ലേ അനിയത്തിമാരും കോളേജിലും സ്കൂളിലും ആയി പോകില്ലേ...?   ആ സമയത്ത് നീ പറഞ്ഞാൽ ഞാൻ നിന്റെ വീടിന്റെ അടുത്ത് വരാം..... അപ്പോൾ നമുക്ക് ആരുമില്ലാതെ  കുറെ സമയത്ത് സംസാരിക്കാം....

" ബെസ്റ്റ്...!  അജു എന്താ വിചാരിച്ചത് അവിടെയുള്ളവർക്ക് ഒക്കെ ചുറ്റും കണ്ണാ.... ആരെങ്കിലും ഒന്ന് വന്നു കണ്ടാൽ അതു മതി, പിന്നെ നാട്ടിൽ ഓരോ കഥകൾ ഇറങ്ങാൻ തുടങ്ങും....

" അങ്ങനെ എന്തെങ്കിലും കഥകൾ ഇറങ്ങിയാൽ ഞാൻ നിന്നെ കെട്ടുന്നതോടെ ആ കഥകളൊക്കെ അങ്ങ് പഴങ്കഥകളുമാകും.... അത്രയേ ഉള്ളൂ, 

"എങ്കിൽ പിന്നെ അജു എന്നെ വേഗം കെട്ട്.... പിന്നെ കുഴപ്പമില്ലല്ലോ,

" ഓ ഇതുവരെ ആണോ നീ പെട്ടെന്ന് വിളിച്ചത്...!

"ഇതും കൂടി പറയാനാണ് ഞാൻ വിളിച്ചത്....

" അർജുൻ  എന്തെങ്കിലും ഒരു ജോലി നോക്കണം,  അമ്മ എനിക്ക് കല്യാണം ആലോചിക്കാൻ ഉള്ള തയ്യാറെടുപ്പിൽ ആണ്.... കഴിഞ്ഞ ദിവസം ഞാൻ കോളേജ് കഴിഞ്ഞ് വീട്ടിലേക്ക് ചെല്ലുമ്പോൾ ഒരു ബ്രോക്കർ ഉണ്ട് വീട്ടില്,  അയാളുടെ കയ്യിൽ ഫോട്ടോ ഒക്കെ കൊടുത്തിട്ടുണ്ട്....  എന്തെങ്കിലും നല്ല ആലോചന വന്നാൽ പറയണം എന്നാണ് പറഞ്ഞിരിക്കുന്നത്....  അമ്മ പറയുന്നത് ഞാൻ ഇനി കല്യാണം കഴിക്കാൻ താമസിക്കുന്തോറും മീനൂട്ടിയുടെ കാര്യം, ഞങ്ങൾ തമ്മിൽ വലിയ വ്യത്യാസം ഒന്നും ഇല്ലല്ലോ....

"  അതിന് ഇപ്പോൾ നിന്റെ കല്യാണം നടത്താൻ മാത്രമുള്ള സാമ്പത്തികമൊക്കെ  നിന്റെ അമ്മയുടെ കൈയ്യിൽ ഉണ്ടോ...?

" അങ്ങനെ വലിയ സാമ്പത്തിക ഒന്നുമില്ല, ചെറിയ രീതിയിൽ എന്തെങ്കിലും ചെയ്യാനാ അമ്മ ഉദ്ദേശിക്കുന്നത്....
 അങ്ങനെയുള്ള ആലോചന മതിയെന്ന് അയാളോട് പറഞ്ഞത്,

"  ചെറിയ രീതിയിൽ പറയുമ്പോൾ സ്ത്രീധനം കൊടുക്കാതെ...  അങ്ങനെയാണെങ്കിൽ വല്ല രണ്ടാംകെട്ടുകാരനോ ചട്ടനോ പൊട്ടനോ  ഒക്കെ ആയിരിക്കും കിട്ടുക....

 പരിഹാസ രൂപത്തിൽ അവൻ പറഞ്ഞപ്പോൾ ഒരു നിമിഷം അവളുടെ ഹൃദയത്തിൽ ഒരു മുള്ള് കൊള്ളുന്നത് പോലെ തോന്നിയിരുന്നു....  താൻ ചെറുതായി പോകുന്നത് പോലെ അവൾക്ക് തോന്നി....

"അപ്പോൾ സ്ത്രീധനം ഇല്ലെങ്കിൽ അർജ്ജുനന്നെ വിവാഹം കഴിക്കല്ലേ...? 

അവളുടെ ചോദ്യത്തിൽ അവനും ഒന്നു പതറി.....

 " ഞാൻ കല്യാണം കഴിക്കുന്ന കാര്യം അല്ലല്ലോ...  ഇപ്പൊൾ കല്യാണം മാർക്കറ്റിലെ ഒരു ഇതുവച്ച് ഞാൻ പറഞ്ഞതാ... ബ്രോക്കർമാർ കൊണ്ടുവരുമ്പോൾ ഇങ്ങനെയുള്ള ആലോചനകൾ ആയിരിക്കും കൊണ്ടിരുന്നത് എന്നാണ് ഉദ്ദേശിച്ചത്.....കാടുകയറി ചിന്തിക്കേണ്ട കാര്യമില്ല,

"  അർജുൻ എന്നെ കല്യാണം കഴിക്കാൻ തീരുമാനിച്ചിട്ടുണ്ടോ...?

അപ്രതീക്ഷിതമായിരുന്നു അവളുടെ ചോദ്യം.... ഒരു നിമിഷം അർജുൻ ഒന്ന് ഞെട്ടി, അവളുടെ മുഖത്തേക്ക് തന്നെ അവൻ നോക്കി....

"  അതെന്താ നിനക്ക് ഇപ്പൊൾ അങ്ങനെ ഒരു സംശയം....?

" അല്ല അർജുന്റെ രീതികളൊക്കെ കണ്ടതുകൊണ്ട് ചോദിച്ചതാ.....

"  ഞാൻ  നിന്നോട് ഒരു വാക്ക് പറഞ്ഞിട്ടുണ്ടെങ്കിൽ അത് പാലിക്കാൻ എനിക്കറിയാം....  പിന്നെ എനിക്കൊരു ജോലി കിട്ടാതെ ഞാൻ  നിന്നെ എങ്ങനെ നോക്കുന്നത്...,? അതുകൊണ്ടല്ലേ ഞാൻ ഇങ്ങനെ മടിച്ചുമടിച്ച് നിൽക്കുന്നത്...

" എങ്കിൽ എത്രയും പെട്ടെന്ന് ഒരു ജോലിക്കുവേണ്ടി അർജുൻ ശ്രമിക്കണം...  എന്നിട്ട് അമ്മയെ ഒന്ന് കാണണം,  ഇനി ജോലി ആയില്ല എങ്കിലും അമ്മയെ വന്ന് ഉടനെ തന്നെ അർജുൻ ഒന്ന് കാണണം.... നമ്മൾ തമ്മിലുള്ള ബന്ധത്തെപ്പറ്റി പറയണം,  ഇല്ലെങ്കിൽ അമ്മ എനിക്ക് വേറെ കല്യാണം ആലോചിക്കും..

അവളുടെ മറുപടിയിൽ ശരിക്കും അർജുൻ പെട്ട് പോയിരുന്നു...!....കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story