കിനാവിന്റെ തീരത്ത്... 💛🦋: ഭാഗം 3

kinavinte theerath

രചന: റിൻസി പ്രിൻസ്

" നീ എന്താ ഈ പറയുന്നത് ഏതെങ്കിലും ഒരു അമ്മ സമ്മതിക്കുന്ന കാര്യമാണോ അത്...  ഒരാൾ വന്ന് മോളും അയാളും തമ്മിൽ പ്രണയത്തിലാണെന്ന് പറയുക,  ജോലി ഇല്ലാത്തതുകൊണ്ട് കുറച്ചുകാലം കൂടി വിവാഹം നീട്ടി  വയ്ക്കാൻ ആവശ്യപ്പെടുക, നിന്റെ അമ്മ പിറ്റേന്ന് തന്നെ നിനക്ക് നല്ല ഒരാളെ കണ്ടു പിടിച്ച കല്യാണം നടത്താനേ നോക്കൂ,

" അങ്ങനെ സംഭവിക്കുമോ..?

പേടിയോടെ അവൾ ചോദിച്ചു..

 "പിന്നെ ഇല്ലാതെ...! എനിക്ക് ഒരു ജോലിയുണ്ടായിരുന്ന ശേഷമാണ് നിന്റെ അമ്മയോട് വന്ന് കാര്യങ്ങൾ പറയുന്നത് എങ്കിൽ കുഴപ്പമില്ല... അമ്മ സമ്മതിച്ചില്ലെങ്കിൽ ആ സമയത്ത് തന്നെ നിന്നെ പിടിച്ചിറക്കി കൊണ്ട് പോകാനും നിന്നെ നോക്കാനും എനിക്ക് സാധിക്കും,  യാതൊരു മാർഗ്ഗവുമില്ലാതെ ഞാൻ എന്തു പറഞ്ഞാണ് നിന്റെ വീട്ടിലേക്ക് വരുന്നത്,  ഒന്നുമല്ലെങ്കിലും മോളെ കല്യാണം കഴിക്കാൻ പോകുന്ന ആൾക്ക് ഒരു ജോലി വേണം എന്ന് നിന്റെ അമ്മയ്ക്ക് ആഗ്രഹം കാണില്ലേ...?

"  പേരിന് പോലും ഒരു ജോലി  ഇല്ലാത്ത എന്നെ നിന്റെ അമ്മ അംഗീകരിക്കാൻ ഒന്നും പോകുന്നില്ല.... ഏതായാലും നാളെ കൊണ്ടോ രണ്ടു ദിവസം കൊണ്ടോ ഒന്നും നിന്റെ കല്യാണം നടക്കാൻ പോകുന്നില്ലല്ലോ, കുറച്ചുസമയം എടുക്കില്ലേ അതിനുള്ളിൽ ഞാൻ ഒരു ജോലി കണ്ടുപിടിക്കാം, അത് കഴിഞ്ഞു നീ പറഞ്ഞതുപോലെ മാന്യമായി നിന്റെ വീട്ടിൽ വന്നു ഞാൻ പെണ്ണ് ചോദിക്കും, എന്നിട്ടും നിന്റെ അമ്മ സമ്മതിച്ചില്ലെങ്കിൽ നമുക്ക് എത്ര രജിസ്ട്രാഫീസ് ആണ് കിടക്കുന്നത്....! അവിടേക്ക് പോകും കല്യാണം കഴിക്കും നിന്നെ മാന്യമായി നോക്കും...

അവന്റെ വാക്കുകളിൽ അവൾക്കും അല്പം ആത്മവിശ്വാസം തോന്നിയിരുന്നു..

" സമാധാനം ആയോ നിനക്ക്...?

 അവളുടെ കൈകളിൽ പിടിച്ചു കൊണ്ട് അവൻ ചോദിച്ചു...

"കുറച്ചു സമാധാനമായി.. കഴിച്ചാലോ...?  സമയം 2:00 ആയി

"വേണ്ട അർജുൻ, ആരെങ്കിലും കണ്ടാൽ പിന്നെ പ്രശ്നം ആകും.... ഒരുപാട് സമയം ആയി,
ഇന്ന് ഉച്ചവരെ ഉണ്ടാകൂന്ന് അമ്മക്കറിയാം....!ഞാൻ പോകട്ടെ 

"  ഞാൻ കൊണ്ടു വിടണോ..?

" ഞാൻ പൊക്കോളാം...!

" നീ വെയിലുകൊണ്ട് ബസ് സ്റ്റോപ്പ് വരെ നടക്കേണ്ട..?  ഞാൻ അവിടെ ആക്കി തരാം,

" വൈകിട്ട് വിളിക്കാം....

 രണ്ടുപേരും ബസ്സ്റ്റോപ്പിലേക്ക് യാത്ര തിരിച്ചിരുന്നു....  ബസ്സിൽ അവൾ കയറി ഇരുന്നതിനു ശേഷമാണ് അവൻ സ്റ്റാൻഡിൽ നിന്നും പോയിരുന്നത്,  കുറച്ച് സമയം അവൾക്കും ഒരു ആശ്വാസം തോന്നിയിരുന്നു,  ഈ കാര്യങ്ങൾ ഒന്ന് ശരിയാവണം എന്നു മാത്രമായിരുന്നു അവളുടെ പ്രാർത്ഥന....
 സാമ്പത്തികമായി ഒരുപാട് മുന്നിൽ നിൽക്കുന്ന കുടുംബമാണ് അർജുന്റെ.... അതുകൊണ്ടുതന്നെ അർജുന്റെ കുടുംബത്തിൽ നിന്നും ഒരുപാട് എതിർപ്പുകൾ വരും... ഇത്രയും എതിർപ്പുകളെ താൻ എങ്ങനെയാണ് നേരിടുക എന്ന് അവൾക്ക് അറിയില്ലായിരുന്നു,  അമ്മയ്ക്കും അനുജത്തിമാർക്കും നാണക്കേടുണ്ടാക്കി ഇറങ്ങിപ്പോകേണ്ടി വരുകയാണെങ്കിൽ അക്കാര്യത്തെക്കുറിച്ച് അവൾക്ക് ചിന്തിക്കാൻ പോലും സാധിക്കില്ലായിരുന്നു....  പക്ഷേ എന്തുവന്നാലും അർജുനേ ഉപേക്ഷിക്കാൻ തനിക്ക് സാധിക്കില്ല.... തനിക്ക് അത്രമേൽ പ്രിയപ്പെട്ടവനാണ് അവൻ... ഈശ്വരൻ എല്ലാത്തിനും ഒരു വഴി കണ്ടിട്ടുണ്ടാവും എന്ന് അവൾ മനസ്സിൽ കണക്കുകൂട്ടിയിരുന്നു....

 വീട്ടിലേക്ക് ചെന്നപ്പോൾ ആരും വന്നിട്ടില്ല,സാധാരണ വെക്കാറുള്ള കറ്റാർവാഴ ചെടിയുടെ അടിയിൽ നിന്നും താക്കോലെടുത്ത് അവൾ വാതിൽ തുറന്നു....  അകത്തേക്ക് കയറി,  അതിനുശേഷം ഭദ്രമായി തന്നെ വാതിലടച്ചു മുറിയിൽ കയറി കുറച്ചു നേരം ഒന്നു കിടന്നു,  മനസ്സും ശരീരവും ഒരുപോലെ ക്ഷീണാവസ്ഥയിലാണ്  എന്ന് അവൾക്ക് തോന്നിയിരുന്നു...  മനസ്സിനെ വല്ലാതെ അലട്ടുന്നുണ്ട് കാര്യം അറിയാത്ത എന്തൊക്കെയോ നൊമ്പരങ്ങൾ,  കുറച്ചു സമയം അങ്ങനെ തന്നെ മടിച്ചു കിടന്നു.....  അതിനുശേഷം അലമാരിയിൽനിന്നും ഒരു കോട്ടൺ ചുരിദാറും പാവാടയും എടുത്തു ധരിച്ചു, കുറച്ചു കഴിഞ്ഞപ്പോഴാണ് ബാഗിൽ നിന്നും ഫോൺ ബെല്ലടിച്ചത്....  നോക്കിയപ്പോൾ അർജുനാണ്,  പെട്ടെന്ന് തന്നെ ഫോൺ എടുത്തു

" നീ വീട്ടിൽ എത്തിയോ...?

 ഔപചാരികതകൾ ഒന്നുമില്ലാത്ത സംസാരം,

"കുറച്ചു നേരമായി വന്നിട്ട്....!

" അർജുൻ എവിടെയാ....

"ഞാൻ ഒരു ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ വേണ്ടി കയറിയതാണ്.... അപ്പോഴാണ് നിന്റെ കാര്യം ഓർത്തത്....
 നീ വല്ലതും കഴിച്ചോ..?

"ഇല്ല.... ഞാൻ വന്ന് കുറച്ചു നേരമായി, ഒന്നും കഴിച്ചില്ല...

"സമയം രണ്ടേക്കാലായി പെണ്ണെ..... നീ പോയി കഴിക്കാൻ നോക്ക്.....

"അർജുൻ കഴിക്ക്.... ഞാൻ കഴിക്കാൻ പോവാ...

"എന്നാ വേഗമാവട്ടെ ഞാൻ വീട്ടിൽ ചെന്നിട്ട് വിളിക്കാം,

" നേരെ വീട്ടിലേക്ക് ആണോ...?

" വീട്ടിലേക്ക് പോകാഡീ... ഭയങ്കര വെയില് ആണ്.... അവന്മാരൊക്കെ വൈകുന്നേരത്തേക്ക് എത്തു... എല്ലാം ശരിയാവും...  നീ സമാധാനമായിട്ട് ഇരിക്കു,  മഹേഷിനോട്‌ ഞാൻ അവന്റെ കമ്പനിയിൽ എന്തെങ്കിലും ഒരു ഓഫർ ഉണ്ടേൽ തരണം എന്ന് പറയണം....  ഞാൻ ഇതുവരെ ഫ്രണ്ട്സിനോട് ഒന്നും ജോലിയുടെ കാര്യത്തിൽ ഇങ്ങനെ സഹായം ചോദിച്ചിട്ടില്ല....  ഇപ്പൊൾ നിന്റെ മുഖം വാടിയിരിക്കുന്നത് കണ്ടപ്പോൾ എനിക്കൊരു സമാധാനക്കേട്.... അതുകൊണ്ടാണ് ചോദിച്ചത്, നിനക്ക് സമാധാനം ആകട്ടെന്ന് കരുതിയാണ് ഇപ്പോൾ തന്നെ വിളിച്ചു പറഞ്ഞത്....

അവന്റെ ആത്മാർത്ഥത അവൾക്ക് മനസ്സിലായിരുന്നു.... അവൾക്ക് ഒരു സമാധാനം തോന്നി, പെട്ടെന്നവൾ മുഖം നന്നായി ഒന്ന് കഴുകിയതിനുശേഷം നേരെ അടുക്കളയിലേക്ക് ചെന്നു..... അവിടെ അലൂമിനിയം കലത്തിൽ ഊറ്റി വച്ചിരിക്കുന്ന ചോറ് പ്ളേറ്റ് എടുത്തു അതിൽ നിന്നും ഒരു രണ്ട് തവി ചോറ് സ്റ്റീൽ പ്ലേറ്റിലേക്ക് വിളമ്പി,  ഒപ്പം മൺകുടത്തിൽ കാച്ചി വച്ചിരിക്കുന്ന പുളിശ്ശേരി കൂടി അതിനു മുകളിലേക്ക് ഒഴിച്ചു... ചില്ല് ഭരണിയിൽ ഇരിക്കുന്ന പാവയ്ക്ക അച്ചാറും,  ചീനച്ചട്ടിയിൽ നിന്നും കാബേജ് തോരനും സൈഡിലേക്ക് വെച്ചതിനുശേഷം അവൾ ഉമ്മറത്തേക്ക് പോയി...  വെറുതെ ചോറിൽ കൈയ്യിട്ടു എങ്കിലും വീണ്ടും മനസ്സിൽ എന്തൊക്കെയോ പേരറിയാത്ത നൊമ്പരങ്ങൾ വന്നുകൂടുന്നത് പോലെ.....  അതിന് കാരണം അവൾക്ക് അറിയില്ലായിരുന്നു,  വൈകുന്നേരം എല്ലാവരും വീട്ടിലെത്തിയതോടെ അർജുനെ വിളിക്കുന്ന കാര്യം ഒരു വലിയ കടമ്പ ആയി മാറിയിരിക്കുകയാണ്...  അമ്മ അടുക്കളയിൽ ജോലി ചെയ്യുന്ന സമയം നോക്കി കണ്ണുവെട്ടിച്ച് ആണ് മുറിയിൽ വന്ന് അർജുനെ വിളിച്ചത്,  കുറേസമയം വിളിച്ചിട്ട് എടുക്കാതെ വന്നപ്പോൾ അവൾക്ക് ദേഷ്യം തോന്നിയിരുന്നു.... എത്ര കഷ്ടപ്പാട് സഹിച്ച് ആണ് താൻ വിളിക്കുന്നത്... അത് അവൻ മനസ്സിലാകുന്നില്ലല്ലോ എന്നാണ് അവൾ കരുതിയത്....

 മഹേഷ് ഒഴിച്ചു കൊടുത്ത ഒരു ഗ്ലാസ് ബിയർ കയ്യിലേക്ക് വാങ്ങുന്നതിനിടയിലാണ് കിരൺ അർജുന്റെ മൊബൈൽ കയ്യിലേക്ക് കൊണ്ട് കൊടുത്തത്....

"ദാ.... നിന്റെ ഫോണ് നിന്റെ കക്ഷി ആണെന്ന് തോന്നുന്നു..." കുറെ വട്ടം വിളിച്ചിട്ടുണ്ട്,

 അവൻ പെട്ടെന്ന് ഫോൺ വാങ്ങി നോക്കിയപ്പോൾ അവളുടെ മിസ്ഡ് കോൾ ആണ്.... ഒരു പുഞ്ചിരി അവർക്ക് നൽകി അവൻ പറഞ്ഞു

"അവൾ തന്നെ...! അങ്ങോട്ട് വിളിച്ചപ്പോൾ എടുത്തില്ല,  എന്തെങ്കിലും തിരക്കിലായിരിക്കും...  തിരക്ക് കഴിഞ്ഞപ്പോൾ തിരിച്ചു വിളിച്ചത് ആകും ഇപ്പൊൾ... കുറച്ചു കഴിഞ്ഞു വിളിക്കാം...!ഇപ്പൊ വിളിച്ചാലും കിട്ടില്ല....

"എടാ അജു ഞാനൊരു കാര്യം ചോദിക്കട്ടെ.... ഇപ്പോൾ കുറെ കാലമായല്ലോ ഇത്... ശരിക്കും അവളുടെ കാര്യത്തിൽ സീരിയസ് ആണോ...?

മഹേഷിന്റെ ചോദ്യം കേട്ട് എന്ത് പറയണം എന്ന് ഒരു നിമിഷം അർജുനും അറിയില്ലായിരുന്നു...

 കയ്യിലിരുന്ന ബിയർ നന്നായി ഒന്ന് സിപ്പ് ചെയ്തതിനുശേഷം അവൻ മെല്ലെ പറഞ്ഞു....

" നിങ്ങൾക്ക് അറിയാമല്ലോ ഞാൻ എന്റെ വീട്ടിലെ ഒറ്റ മോന് ആണ് എന്ന്... അപ്പനാര് ഉണ്ടാക്കിയതിന്റെ മൊത്തം അവകാശി ഞാൻ മാത്രം....  അപ്പൊൾ ഞാൻ ഒരുഗതിയും പരാഗതിയുമില്ലത്ത ഒരു വീട്ടീന്ന് പെണ്ണിനെ വിളിച്ചു കൊണ്ടുവന്നു അങ്ങേര് സമ്മതിക്കില്ല എന്നുമാത്രമല്ല എന്നോടുള്ള വാശിക്ക് വേണമെങ്കിൽ അതെല്ലാം കൂടെ വല്ല അനാഥാലയത്തിനും എഴുതി വയ്ക്കാൻ പോലും  മടിക്കില്ല,

" അപ്പോ നീ കാര്യം കാണാൻ വേണ്ടിയാണ് അവളോട് ആത്മാർത്ഥത കാണിക്കുന്നത്...?

"പോടാ.... അവളെന്റെ പൊന്നാണ്...!  അങ്ങനെ പറയാൻ പറ്റില്ല മച്ചു,  ഞാൻ വീട്ടിൽ ഒന്നു പറഞ്ഞു നോക്കും... എല്ലാവരും സമ്മതിക്കുകയാണെങ്കിൽ ഞാൻ അവളെ കെട്ടും.... കാരണം അവളെ എനിക്ക് ഭയങ്കര ഇഷ്ടാ, ഇന്നത്തെ കാലത്ത് അവളെ പോലൊരു പെണ്ണിനെ കിട്ടുക എന്ന് പറഞ്ഞത് വലിയ ബുദ്ധിമുട്ടാണ്.....  ഞങ്ങൾ തമ്മിലുള്ള പ്രേമം തുടങ്ങിയിട്ട് ഏതാണ്ട് മൂന്നര വർഷമായി,  ഇതിനിടയിൽ സാധാരണ പെണ്ണുങ്ങളെ പോലുള്ള ഒരു പ്രശ്നങ്ങൾ കാണിച്ചിട്ടില്ല....ചുമ്മാ ഗിഫ്റ്റ് ചോദിക്കുക, പണം ചോദിക്കുക, വേറൊരുത്തനേ ഇതുവരെ അവളൊന്ന് നോക്കിയിട്ട് പോലും.....  ഇത്രയും നല്ല ക്വാളിറ്റി ഉള്ള ഒരു പെണ്ണിനെ ഞാൻ എന്തിനാ കളയുന്നത്....  അവളോട് എനിക്ക് സീരിയസ് ആയിട്ട് തന്നെ ഇഷ്ടമാണ്.... പക്ഷേ അച്ഛൻ....  ധിക്കരിച്ച് ഞാനൊന്നും ചെയ്യില്ല.... മൂപ്പിലാൻ സമ്മതിക്കുമെന്ന്  പ്രതീക്ഷിക്കാം,  അപ്പൻ സമ്മതിച്ചില്ലെങ്കിൽ  എന്ത് ചെയ്യും എന്നാണ്... അവളെ എനിക്ക് ജീവനാഡാ....  ഇന്നോ നാളെയോ അവളുടെ കാര്യങ്ങൾ അച്ഛനോട് പറയണം,  എന്നിട്ട് അച്ഛന്റെ റിയാക്ഷൻ അറിഞ്ഞിട്ട് വേണം ബാക്കി കാര്യങ്ങളെ പറ്റി ചിന്തിക്കാൻ.... അവൾ കോളേജ് കഴിഞ്ഞു,  ഇപ്പോൾ വീട്ടിൽ കല്യാണം ആലോചന തുടങ്ങി....അവളെ എനിക്ക് വിട്ടുകളയാൻ പറ്റില്ല..!

" പൊന്നുമോനേ പെണ്ണുങ്ങളുടെ ശാപം വാങ്ങി വയ്ക്കല്ലേ...?

 മഹേഷിന്റെ ഉപദേശം അവൻ കേട്ടില്ലെന്ന് നടിച്ചു,  വീണ്ടും ഫോൺ  അടിച്ചു....  എല്ലാവരെയും നോക്കി ഒരു ചിരി പാസ്സാക്കി അവൻ ഫോണുമായി പുറത്തിറങ്ങി.......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story