കിനാവിന്റെ തീരത്ത്... 💛🦋: ഭാഗം 8

kinavinte theerath

രചന: റിൻസി പ്രിൻസ്

സതി താല്പര്യം ഇല്ലാതെ പറഞ്ഞു...

 " കഴിഞ്ഞ കാര്യങ്ങൾ ഒക്കെ അവിടെ നിൽക്കട്ടെ  സതി... ഏതായാലും ഈ 
 വരവിന് തന്നെ അവന്റെ കല്യാണം നടക്കണം... നടത്തും ഞാൻ.

" അത് സന്തോഷമുള്ള കാര്യമാണ് ചേട്ടാ....അവൻ ഇഷ്ടപ്പെട്ട ഒരു പെൺകുട്ടിയെ കിട്ടിയാൽ മതി എന്നേയുള്ളൂ....

"  അത് ഓർത്തു വിഷമിക്കേണ്ട,  നമ്മുടെ കസ്റ്റഡിയിൽ ഇഷ്ടം പോലെ പിള്ളേരുണ്ട്,  എങ്ങനെയുള്ള പെൺകുട്ടികൾ വേണമെന്ന് മാത്രം ചേച്ചി പറഞ്ഞാൽ മതി... ജോലി ഉള്ളത് വേണോ ജോലിയില്ലാത്തത് വേണോ, വെളുത്തത് വേണോ ഇരുനിറം വേണോ അങ്ങനെ ഏത് വേണമെന്ന് പറഞ്ഞാൽ മതി.....

ബ്രോക്കർ പെട്ടന്ന് വാചാലനായി...

"  സുധി വന്നതിനുശേഷം നമുക്ക് കൂടി പറ്റുന്ന ഏതെങ്കിലും നോക്കാം...

 അത് പറഞ്ഞു ഇരുവർക്കും ചായ എടുക്കാനായി അകത്തേക്ക് പോയിരുന്നു സതി....

വൈകുന്നേരത്തോടെ ശ്രീജിത്തും രമ്യയും അകത്തേക്ക് കയറി വരുന്നത്. ആലോചനയിൽ ആയിരിക്കുന്ന സതിയെ കണ്ടുകൊണ്ട് ശ്രീജിത്ത് മനസ്സിലാവാതെ രമ്യയുടെ മുഖത്തേക്ക് നോക്കി...!

"കുഞ്ഞു എവിടെ അമ്മേ....!
 രമ്യയാണ് ചോദിച്ചത്....

"കുഞ്ഞ് ഉറക്കമാണ്....

" അമ്മ എന്നിട്ട് ഇവിടെ വന്നിരിക്കുകയാണോ.. കുഞ്ഞു കട്ടിലിൽ നിന്നും താഴെ വീണാൽ എന്ത് ചെയ്യും....

രമ്യ അനിഷ്ടത്തോടെ ചോദിച്ചു.

"കട്ടിലിൽ അല്ലടി തൊട്ടിലിൽ...
 താൽപര്യമില്ലാതെ സതി പറഞ്ഞു...

 ശ്രീജിത്തിനെ ഒന്ന് നോക്കിയതിനുശേഷം അകത്തേക്ക് നടന്നു രമ്യ.... രണ്ടുപേരും ബാങ്കിൽ ജോലി ചെയ്യുന്നവരാണ്... സതിയെ കുഞ്ഞിനെ ഏൽപ്പിച്ചിട്ട് ആണ് രണ്ടുപേരും ജോലിക്കായി പോകുന്നത്,

"  അമ്മയെന്താണ്  ആലോചിച്ചു കൊണ്ടിരിക്കുന്നത്...?

 ശ്രീജിത്ത് അവർക്കരികിലേക്ക് ഇരുന്നുകൊണ്ട് ചോദിച്ചു...

"  ഏട്ടൻ വന്നിട്ടുണ്ടായിരുന്നു....

"  എന്നിട്ട് പോയോ....

"ഉം...  വന്നത് സുധിയുടെ കല്യാണ കാര്യം പറയാനാ...

"കല്യാണക്കാര്യമോ...? അതെന്താ സുധിയേട്ടൻ അമ്മാവനെ വിളിച്ചുപറഞ്ഞൊ...? സുധിയേട്ടന് ആരെയെങ്കിലും താല്പര്യമുണ്ടോ....?

ഒരു നിമിഷം തന്നെ പല ചോദ്യങ്ങൾ ആണ് ശ്രീജിത്തിൽ നിന്നും ഉയർന്നത്....

"  അതിന് നിന്റെ സ്വഭാവമല്ല അവന്...  അങ്ങനെ അവൻ പ്രേമിക്കുവോ പ്രേമിച്ച പെണ്ണിനെ കൊണ്ട് ഇവിടെ  വരുകയോ ഒന്നും ചെയ്യില്ല... ഏട്ടൻ നേരിട്ട് വന്നതാ,  അവന്റെ കാര്യത്തിൽ നമ്മൾ എന്തെങ്കിലും ഉത്തരവാദിത്വം കാണിക്കണം എന്ന് പറയാൻ.... ഈ പ്രാവശ്യം വരുമ്പോൾ വിവാഹം നടത്തണമെന്ന്  ആണ് അമ്മാവൻ പറയുന്നത്...

"അതെങ്ങനെ ശരിയാകും...? അമ്മ വീടിന്റെ കാര്യം അമ്മാവനോട് പറഞ്ഞില്ലേ...?

ശ്രീജിത്തിന് നിരാശ തോന്നി...

" പിന്നെ പറയാതെ...!  പറഞ്ഞപ്പോഴേക്കും എന്നെ കടിച്ചു തിന്നാൻ വന്നില്ലെന്നെയുള്ളൂ അമ്മാവൻ,   സുധീക്ക്  ഇപ്പോൾ 32 വയസ്സ് ആണ് 32 കഴിഞ്ഞിട്ടും ഞാൻ ആണത്രെ അവനെ കല്യാണം കഴിക്കാൻ സമ്മതിക്കാത്തത്.... നിനക്കറിയാലോ നമ്മളെത്ര കല്യാണ ആലോചന കൊണ്ടുവന്നത് ആണ്...അവന് താൽപര്യമില്ലാത്തത് ആരുടെ കുഴപ്പമാണ്... ഇനിയിപ്പോൾ വീടിന്റെ കാര്യം ഒന്നും നോക്കണ്ട....  ഏട്ടൻ പറഞ്ഞതുപോലെ സുധിക്ക് പ്രായം കൂടാ, അവനും കൂടി അങ്ങനെ വല്ലതും തോന്നിയ എന്താ ചെയ്യാ....

ശ്രീജിത്തിന് ദേഷ്യം വന്നുവെങ്കിലും അത് പുറത്തു കാണിച്ചില്ല...

"  ഈ പഴഞ്ചൻ വീട് ഒന്നു മാറ്റാത്തതുകൊണ്ടല്ലേ ഞാൻ ഈ പറയുന്നത്..... ബാങ്കിൽ നിന്ന് ലോൺ കിട്ടും, നമ്മുക്ക് മാത്രേ ഉള്ളു ഈ പഴയവീട്....

" എങ്കിൽ പിന്നെ  നീ ബാങ്കിൽ നിന്നും ലോൺ എടുക്കു, എന്നിട്ട് നീയും നിന്റെ പെണ്ണും കൂടി തീർക്ക്...

ശ്രീജിത്തിന്റെ മുഖം വാടി...

" അമ്മ എന്താ ഈ പറയുന്നത്.... ഞങ്ങൾക്ക് കിട്ടുന്നത് ചെറിയ വരുമാനം അല്ലേ.... ഏട്ടനെ പോലെ വലിയ ശമ്പളം ഒന്നും ഞങ്ങൾക്കില്ല,

" നിന്റെ ചേട്ടന് എത്ര രൂപ ശമ്പളം എന്ന് ആണ് നിന്റെ വിചാരം...? അവന് നിന്നെ പോലെ ബാങ്ക് ഉദ്യോഗസ്ഥൻ അല്ല പന്ത്രണ്ടാം ക്ലാസുകാരൻ മെക്കാനിക്ക് ആണ്... അവിടെ ഉണ്ണാതെ ഉറങ്ങാതെ ഒക്കെയാണ് ഇത്രയും രൂപ ഓരോ മാസവും ഇങ്ങോട്ട് അയച്ചു തരുന്നത്... അവൻ ഉള്ളതുകൊണ്ട് നീയും നിന്റെ ഭാര്യയും ഒന്നും അറിയുന്നില്ല...

"  അമ്മ എന്തായാലും ഏട്ടൻ വരുമ്പോൾ വീടിന്റെ കാര്യം ഒന്ന് പറഞ്ഞു നോക്ക് ഏട്ടൻ സമ്മതിക്കുകയാണെങ്കിൽ നമുക്ക് നല്ലൊരു വീട് വയ്ക്കലോ...?

ശ്രീജിത്ത്‌ മയപെട്ടു...

" അതൊക്കെ എനിക്ക് ആഗ്രഹമുണ്ട്,  പക്ഷേ സുധിയുടെ കാര്യം കൂടി നമ്മൾ ചിന്തിക്കേണ്ട...  ഏതായാലും അവൻ വരട്ടെ, അതിനുശേഷം എന്താണെന്നുവെച്ചാൽ തീരുമാനിക്കാം പിന്നെ നീ കുറച്ച് കാശ് തരണം... മറ്റന്നാൾ അവൻ വരില്ലേ,  ഇഷ്ടപ്പെട്ടത് ഒക്കെ വാങ്ങി ഉണ്ടാക്കണ്ടേ, 

" ഏട്ടൻ കഴിഞ്ഞമാസം അയച്ച കാശ് അമ്മയുടെ കൈയ്യിൽ കാണുമല്ലോ, അതിൽ നിന്ന് കുറച്ച് എടുക്ക്,  എനിക്ക് ശമ്പളം വരുന്ന സമയം ആയിട്ടില്ല....

"ഞാൻ ഒന്നും കാണുന്നില്ലല്ലോ നീ വിചാരിക്കല്ലേ ജിത്തു, വീട്ടുചെലവിന് നീ ഒരു രൂപ തരുന്നില്ല...  അതിന്റെ കൂടെ എന്തെങ്കിലും അത്യാവശ്യത്തിന് ചോദിക്കുമ്പോഴും നീ ഒന്നും തരുന്നില്ല,  അവൻ തരുന്ന പൈസയ്ക്ക് ഞാൻ ചിട്ടിയും പാട്ടവും ഒക്കെ അടയ്ക്കുന്ന കാര്യം നിനക്ക് അറിയാവുന്നതല്ലേ...?  കുടുംബശ്രീയില് തന്നെ എനിക്ക് മൂന്നു ചിട്ടി ഉണ്ട്. അതിന് എല്ലാം കൂടി ഞാൻ ഈ പൈസ ആണ് എടുക്കുന്നത്....  നീ എന്താണെങ്കിലും എനിക്ക് കുറച്ച് കാശ് തരണം,

"  ശരി ഞാൻ നാളെ രാവിലെതേക്ക് അറേഞ്ച് ചെയ്തു തരാം...

 അതും പറഞ്ഞു അവൻ മുറിയിലേക്ക് ചെന്നിരുന്നു,

പിറ്റേ ദിവസം അവിടെ ഒരു ഉത്സവം തന്നെയായിരുന്നു...  ശ്രീജിത്ത് വരുന്നതിന്റെ ഭാഗമായി അവന് ഇഷ്ടമുള്ളത് എല്ലാം തന്നെ ഉണ്ടാക്കിയിരുന്നു...  ഉച്ചയോടെ അടുപ്പിച്ച് സുരഭി യും മക്കളും എത്തി.

"അജയൻ വരില്ലേഡി....

 തേങ്ങ ചിരവി കൊണ്ടിരുന്ന സുരഭിയുടെ മുഖത്തേക്ക് നോക്കി ചോദിച്ചു,

" അജേട്ടൻ നാളെ വരും... സുധിയേട്ടൻ വിളിച്ചപ്പോൾ ചേട്ടൻ പറഞ്ഞിട്ടുണ്ട് കുപ്പിയൊക്കെ  കൊണ്ടിരുന്നത്,  അതുകൊണ്ട് എന്താണെങ്കിലും നാളെ ഇവിടെ കാണും.... അല്ല ഇവിടുത്തെ തമ്പുരാട്ടിയെ കാണുന്നില്ലല്ലോ....?
ഇവിടെ ഇല്ലേ...?

ശബ്ദംതാഴ്ത്തി അമ്മയോട് ആയിട്ട് സുരഭി ചോദിച്ചു...

"  ഇന്ന് ലീവ് എടുക്കാൻ ഞാൻ പറഞ്ഞത്  ആണ്...  എന്നെ ഒന്ന് സഹായിക്കാൻ, അപ്പോൾ ഇന്നുച്ചയ്ക്ക് കണ്ട ബാങ്കിൽ ഏതാണ്ട് മീറ്റിംഗ് ഉണ്ടെന്നു പറയുന്നു... അല്ലെങ്കിലും എന്നെ സഹായിക്കാൻ അവൾക്ക് താല്പര്യം ഇല്ലല്ലോ... വരുന്നത് അവളുടെ ഭർത്താവിന്റെ ചേട്ടനാണ് എന്ന  ചിന്തകളും അവൾക്ക് ഇല്ലല്ലോ....

സതി ദേഷ്യത്തോടെ പറഞ്ഞു..

 " സുധി ചേട്ടൻ വന്നിട്ട് വേണം എന്റെ ഒടിഞ്ഞിരിക്കുന്ന വള ഒന്ന് മാറി വാങ്ങാൻ...  സുധിയേട്ടൻ വരാൻ വേണ്ടി കാത്തിരിക്കുകയായിരുന്നു ഞാൻ...

സുരഭി അമ്മയോട് പറഞ്ഞു..

" അതിപ്പോൾ കുറെനാൾ ആയില്ലേ...?അജയനോട് നീ പറഞ്ഞില്ലേ...?

"  നല്ല കഥയായി പറഞ്ഞാലുടനെ ചെയ്തു തരും...അപ്പോൾ തന്നെ ചോദിക്കും... നിനക്ക് രണ്ട് ആങ്ങളമാരില്ലേ...? അവരോട് പറഞ്ഞു കൂടെ എന്നൊക്കെ,

"  ഒരു കാര്യം ചെയ്യ് വന്നിട്ട് ഞാൻ പറയാം,  അത് മാറി  ഒരു പവൻ കൂടെ കൂട്ടി  നിനക്ക് ഒരെണ്ണം വാങ്ങാൻ...എങ്ങനെയെങ്കിലും നമുക്ക് സൂധിയെകൊണ്ട് അത് എടുക്കാം.... നീ അജയന് കൊടുക്കരുത്... കയ്യിൽ തന്നെ ഇട്ടേക്കണം,

"  ഇനി ഞാൻ പണയം വെക്കാൻ കൊടുക്കുന്ന പരിപാടി ഇല്ല.... പിന്നെ എനിക്ക് ഉറപ്പാ ഈ വട്ടം സുധിയേട്ടൻ വരുമ്പോ അമ്മയ്ക്ക് എന്തെങ്കിലും കൊണ്ടുവരും,  ചിലപ്പോൾ വളയോ മാലയോ ആയിരിക്കും....  അപ്പൊൾ അമ്മയുടെ ആ പഴയ വള എനിക്ക് തരുമോ...?

 സുരഭി അമ്മയുടെ മുഖത്തേക്ക് നോക്കി ചിരിയോടെ ചോദിച്ചു...

" എനിക്ക് തന്നാൽ എന്റെ കയ്യിൽ ഇരിക്കും, മരുമകൾക്ക് ആണ് കൊടുക്കുന്നത് പിന്നെ അത് കണികാണാൻ പോലും കിട്ടില്ല....  ഏതായാലും മരുമകളെകാളും ഭേദം അല്ലേ മക്കൾ...

" ഹാ ആലോചിക്കാം...

 സതി ജോലി തുടർന്നു...

 പിറ്റേന്ന് രാവിലെ സുധി വരുമെന്നുള്ളതുകൊണ്ട് തന്നെ അവൻ ഏറെ ഇഷ്ടപ്പെട്ട ഗോതമ്പ് പുട്ടും കടലക്കറിയുമായിരുന്നു സതി ഉണ്ടാക്കിയിരുന്നത്...  രാവിലെ ഏഴോടെ ഒരു ഇന്നോവ കാർ മുറ്റത്ത് കൊണ്ടുവന്ന് നിർത്തിയിരുന്നു,  അതിൽനിന്നും ചിരിയോടെ പുറത്തേക്കിറങ്ങി ആളെ കണ്ടു സതി മുറ്റത്തേക്ക് ഇറങ്ങി വന്നിരുന്നു....    ലൈറ്റ്  പീച്ച് കളറിലെ ഒരു ഷർട്ടും ബ്ലാക്ക് ജീൻസും ആയിരുന്നു അവന്റെ വേഷം...  പ്രവാസ ജീവിതത്തിനു ശേഷം അവൻ കുറച്ചുകൂടി നിറം വച്ചിട്ടുണ്ടെന്ന് സതിക്കു തോന്നി.....  കുറച്ച് തടിക്കുകയും ചെയ്തിട്ടുണ്ട്... തന്നെ കൊണ്ട് പലപ്പോഴും തലോടിക്കാറുള്ള ആ ഇടതൂർന്ന മുടിയ്ക്ക് ഒരുപാട് കുറവ് വന്നിരിക്കുന്നു... പ്രവാസജീവിതം അവന് സമ്മാനിച്ചതാണ് ആ മുടികൊഴിച്ചിൽ എന്ന് അവർക്ക് മനസ്സിലാക്കാൻ സാധിച്ചിരുന്നു....

 സാധാരണ എല്ലാ അമ്മമാരെയും പോലെ തന്നെ ഓടിവന്ന് അവനെ സതി കെട്ടിപ്പിടിച്ച് കരയുകയായിരുന്നു... അവനും അമ്മയെ ചേർത്തുപിടിച്ചു.... ഒപ്പംതന്നെ സുരഭിയും പുറകെ വന്ന് അവനെ കെട്ടിപ്പിടിച്ചു....

"  ഏട്ടാ...! എത്രകാലമായി ചേട്ടനെ കണ്ടിട്ട്, മക്കളെ മാമൻ വന്നു...

 സുരഭി അകത്തേക്ക് നോക്കി വിളിച്ചു പറഞ്ഞപ്പോൾ അഞ്ചും മൂന്നും വയസ്സുള്ള രണ്ട് കുട്ടികളും ഓടി വന്നിരുന്നു... ഇളയെ കുട്ടിയെ കയ്യിൽ കോരിയെടുത്തു നെറുകയിലൊരു മൊത്തവും ചാർത്തി  അവൻ...

" സുധി വൈകിട്ട് കാണാം...

 കാറിലിരുന്ന കൂട്ടുകാരൻ  വിനയൻ വിളിച്ചു പറഞ്ഞപ്പോൾ  കുഞ്ഞിനെ എടുത്തു കൊണ്ട് തന്നെ കാറിന് അരികിലേക്ക് നടന്നു  സുധി...

" നീ ഇറങ്ങുന്നില്ലേ...?  ഭക്ഷണം കഴിച്ചിട്ട് പോകാടാ...

" വേണ്ടടാ... വീട്ട്ടുകാർ  നിന്നെ കണ്ണുനിറച്ച് കാണട്ടെ..  വൈകിട്ടത്തെക്ക് ഇറങ്ങാം,  അല്ലെങ്കിൽ നീ വിളിച്ചാൽ മതി...

  കാറിൽ നിന്നും ഇറങ്ങി ഡിക്കിയിൽ ഉള്ള പെട്ടികൾ പുറത്തേക്ക് വെച്ചിരുന്നു  അവൻ... ഒപ്പം ശ്രീജിത്തും അകത്തു നിന്നും ഇറങ്ങിവന്ന് പെട്ടികൾ എടുക്കാൻ സഹായിച്ചു....  ഒരു കൈയാൽ അമ്മയെ ചേർത്തുപിടിച്ചു കൊണ്ടാണ് സുധി അകത്തേക്ക് കയറിയിരുന്നത്...  അപ്പോഴേക്കും പുറത്ത് സുരഭിയുടെ ഭർത്താവ് അജയനും എത്തിയിരുന്നു...  കണ്ണുനീർ തോളിൽ കിടന്ന തോർത്തെടുത്ത് എടുത്തു തുടയ്ക്കുകയായിരുന്നു സതി...

"കരയാതെ അമ്മേ...

സുധി ആശ്വസിപ്പിച്ചു സതിയെ..

"എത്രനാൾ കൂടിയാണ് എന്റെ കുട്ടിയെ ഒന്ന് കാണുന്നത്....

സതി പറഞ്ഞു...

 " എത്ര മാസം ഉണ്ട് ഏട്ടാ ലീവ്.....

പെട്ടെന്ന് സുരഭി ചോദിച്ചപ്പോൾ സുധിയുടെ മുഖത്തെ തെളിച്ചം കുറഞ്ഞിരുന്നു.........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story